കേരളവും സിനിമക്കാരുടെ പിറകെ
text_fieldsഅയല്‍സംസ്ഥാനമായ തമിഴ്നാട് രാഷ്ട്രീയത്തെ പതിറ്റാണ്ടുകളായി അടക്കിഭരിക്കുന്നതു ചലച്ചിത്രലോകത്തെ പ്രതിനിധാനംചെയ്യുന്നവരാണെന്നത് വസ്തുതയാണ്. എം.ജി.ആര്‍, കലൈഞ്ജര്‍ കരുണാനിധി, ജയലളിത, വിജയ്കാന്ത് എന്നിവരൊക്കെ സിനിമാപശ്ചാത്തലത്തിലൂടെ ജനപ്രിയരായി ഉയര്‍ന്നുവന്നവരാണ്. ഒടുവില്‍ പറഞ്ഞ മൂന്നുപേരും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലും നിര്‍ണായകശക്തികളാണ്. സി. രാജഗോപാലാചാരി, എം. ഭക്തവത്സലം, കെ. കാമരാജ്, ടി.ടി. കൃഷ്ണമാചാരി, സി. സുബ്രഹ്മണ്യം, മൂപ്പനാര്‍ തുടങ്ങി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ മുന്‍നിരനേതാക്കള്‍ വാണരുളിയ തമിഴ്നാട്ടില്‍ ഇന്നവരുടെ പിന്‍ഗാമികളായി എടുത്തുപറയാവുന്ന ആരും രംഗത്തില്ളെന്നുതന്നെ പറയാം. യു.പി.എ സര്‍ക്കാറില്‍ നമ്പര്‍ ടുവോ ത്രീയോ ആയിരുന്ന ചിദംബരംപോലും തമിഴ്നാട്ടില്‍ ഇന്നാരുമല്ല.
അങ്ങനെയായിരുന്നില്ല പ്രബുദ്ധകേരളത്തിന്‍െറ കഥ. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രസിദ്ധ സംവിധായകന്‍ രാമു കാര്യാട്ട് തൃശൂരിലെ ഒരു മണ്ഡലത്തില്‍നിന്ന് ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചുകയറിയെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ സഭ പിരിച്ചുവിടേണ്ടിവരുകയായിരുന്നു. അന്നു രാമു കാര്യാട്ടിന്‍െറ പ്രചാരണവേദിയിലത്തെിയ ജനപ്രിയ നടി ഷീലയെ പ്രേക്ഷകര്‍ കൂവിവിട്ടതാണ് ചരിത്രം. സിനിമ വേറെ, രാഷ്ട്രീയം വേറെ എന്നായിരുന്നല്ളോ അന്ന് കേരളീയന്‍െറ മനോഗതം.
പഴയ സിനിമാഭാഷയില്‍, കാലചക്രം ഒരുപാട് തിരിഞ്ഞ് 21ാം ശതകത്തിന്‍െറ രണ്ടാം ദശകത്തിലൂടെ കടന്നുപോവുമ്പോള്‍ കേരളത്തിന്‍െറ സ്ഥിതി എന്താണ്? നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്ന മൂന്നു പ്രധാന മുന്നണികളും മത്സരക്കളരിയിലിറക്കാന്‍ സിനിമക്കാരെ തെരയുന്നു. നടന്‍ ഇന്നസെന്‍റിനെ ലോക്സഭയിലേക്ക് മത്സരിപ്പിച്ച് വിജയിപ്പിച്ച ഇടതുമുന്നണിയുടെ അനുഭവം ഒരു പ്രേരണയാവാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മുകേഷിനെ കൊല്ലത്തും നടി കെ.പി.എ.സി ലളിതയെ വടക്കാഞ്ചേരിയിലും രംഗത്തിറക്കാന്‍ ഇടതുപക്ഷത്തെ മുഖ്യ പാര്‍ട്ടിയായ സി.പി.എം തീരുമാനിച്ചുകഴിഞ്ഞു. (അനാരോഗ്യം കാരണമായി പറഞ്ഞാണെങ്കിലും പ്രാദേശിക എതിര്‍പ്പുകളെ തുടര്‍ന്ന് ലളിത പിന്മാറിയത് വേറെ കാര്യം). നേരത്തേ സജീവ രാഷ്ട്രീയക്കാരനായ ഗണേഷ്കുമാര്‍ പത്തനാപുരത്ത് ഇത്തവണയും ഇടതുപിന്തുണയോടെ ജനവിധിതേടുന്നത് ഈ പട്ടികയില്‍പെടുത്തണ്ടതില്ളെന്നുവെക്കാം. കഴിഞ്ഞ തവണതന്നെ ഒരു കൈ നോക്കാനൊരുങ്ങിയ നടന്‍ ജഗദീഷിനെ ഇത്തവണയാണ് ഭാഗ്യം (അതോ നിര്‍ഭാഗ്യമോ!) തുണച്ചിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടേതാണ് അദ്ദേഹത്തിന്‍െറ വേഷം. നടന്മാരായ സുരേഷ്ഗോപി, കൊല്ലം തുളസി, ദേവന്‍, ഭീമന്‍ രഘു തുടങ്ങിയവരുടെയൊക്കെ പേരുകളാണ് ബി.ജെ.പി പട്ടികയില്‍ പറഞ്ഞുകേള്‍ക്കുന്നത്.
മാധ്യമ, സാഹിത്യ മേഖലകളിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാമെങ്കില്‍ സിനിമാ കലാകാരന്മാര്‍ക്കും അതാവാം എന്നത് ലളിതയുക്തി. പക്ഷേ, രാഷ്ട്രീയത്തെ ഗൗരവമായെടുക്കാതെ ചലച്ചിത്രലോകത്ത് വിഹരിച്ചവര്‍ക്ക് ജനകീയപ്രശ്നങ്ങള്‍ കൈയാളാനും പരിഹാരംതേടാനും എത്രത്തോളം സാധ്യമാവും? വിശിഷ്യാ ആയുഷ്കാലം മുഴുവന്‍ പാര്‍ട്ടികള്‍ക്കുവേണ്ടി കൊടുംചൂടിലും പെരുമഴയത്തും കൊടിപിടിച്ചുനടന്നവരെ അരികിലേക്കുമാറ്റി അവരെ പരിഹസിച്ച് പടങ്ങള്‍ നിര്‍മിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സീറ്റ് കൊടുക്കുന്നത് പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നത് സ്വാഭാവികമല്ളേ? 1977ല്‍ അധികാരത്തിലേറിയ ജനതാസര്‍ക്കാറില്‍ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നര്‍ത്തകി രുക്മിണി അരുണ്ഡേലിന്‍െറ പേര് നിര്‍ദേശിച്ചപ്പോള്‍, അന്നത്തെ സര്‍ക്കാറിനെ പിന്തുണച്ചിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍െറ പ്രതികരണം: രാഷ്ട്രപതിപദവി അരാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കില്ല. നമ്പൂതിരിപ്പാടിന്‍െറ ബുദ്ധിപൂര്‍വമായ എതിര്‍പ്പിനെ ഇന്നദ്ദേഹത്തിന്‍െറ പാര്‍ട്ടി എങ്ങനെ വിലയിരുത്തുന്നു എന്നറിയാന്‍ കൗതുകമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.