Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightജീവന്‍ പതിയിരിക്കുന്ന...

ജീവന്‍ പതിയിരിക്കുന്ന അപരഭൂമികള്‍

text_fields
bookmark_border
ജീവന്‍ പതിയിരിക്കുന്ന അപരഭൂമികള്‍
cancel

ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന മൂന്ന് അന്യഗ്രഹങ്ങളെക്കൂടി നാം തിരിച്ചറിഞ്ഞിരിക്കുന്നു. 40 പ്രകാശ വര്‍ഷം അകലെ, കുംഭം നക്ഷത്ര രാശിയിലുള്ള ട്രാപ്പിസ്റ്റ് 1 എന്ന ചെറുനക്ഷത്രത്തെ  പരിക്രമണം ചെയ്യുന്നവയാണ് ഈ ഗ്രഹങ്ങള്‍. സൂര്യന്‍െറ എട്ടിലൊന്നുമാത്രം വലുപ്പമുള്ള നക്ഷത്രമാണ് ട്രാപ്പിസ്റ്റ് 1. അതായത്, ഏകദേശം വ്യാഴത്തിന്‍െറ അത്ര വലുപ്പം. ചിലിയിലെ ലാ സില്ല ഒബ്സര്‍വേറ്ററിയിലെ ട്രാപ്പിസ്റ്റ് ദൂരദര്‍ശിനിയിലൂടെ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തന്നെ ഗവേഷകര്‍ ഈ നക്ഷത്രത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൃത്യമായ ഇടവേളകളില്‍ ഏതാനും സമയത്തേക്ക് ഈ നക്ഷത്രത്തിന്‍െറ നിറം മങ്ങുന്നത് ഇവര്‍ ശ്രദ്ധിച്ചു. കൂടുതല്‍ നിരീക്ഷിച്ചപ്പോഴാണ് ഈ നക്ഷത്രത്തിന് മുന്നിലൂടെ ഗ്രഹങ്ങള്‍ കടന്നുപോകുമ്പോഴാണ് ഈ മങ്ങലുണ്ടാകുന്നതെന്ന് വ്യക്തമായത്.

തുടര്‍ന്നാണ്, നിരീക്ഷണം ഗ്രഹങ്ങളിലേക്കുകൂടി പതിഞ്ഞത്. മാതൃനക്ഷത്രത്തെ ഒരുതവണ പരിക്രമണം ചെയ്യാന്‍ ഈ ഗ്രഹങ്ങള്‍ക്ക് യഥാക്രമം, 1.5, 2.4, 73 ദിവസം വേണമെന്ന് നിരീക്ഷണത്തില്‍നിന്ന് വ്യക്തമാകുന്നു. എന്നുവെച്ചാല്‍, ആദ്യ രണ്ടു ഗ്രഹങ്ങളും മാതൃനക്ഷത്രത്തിന് ഏറെ അകലത്തിലല്ലാതെയാണ്. അഥവാ, നക്ഷത്രത്തില്‍നിന്നുള്ള വികിരണങ്ങള്‍ അപകടകരമല്ലാത്ത രീതിയില്‍ ഇവക്ക് ലഭിക്കുന്നുണ്ടാകാം. ഒരു ഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഘടകങ്ങളില്‍ ഒന്നാണിത്. ഈ മൂന്നു ഗ്രഹങ്ങളെക്കുറിച്ച് ശാസ്ത്രലോകം ചര്‍ച്ച ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണവും അതുതന്നെയാണ്.
സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ തിരിച്ചറിയുക എന്നത് ശാസ്ത്രലോകത്തെ സംബന്ധിച്ച് ഇന്നൊരു വാര്‍ത്തയേ അല്ല. കാരണം, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ഭൗമേതരഗ്രഹങ്ങളെ നാം കണ്ടത്തെിയിട്ടുണ്ട്.

2009ല്‍ കെപ്ളര്‍ എന്ന നിരീക്ഷണോപഗ്രഹം വിക്ഷേപിച്ചതോടെ ഈ കണ്ടത്തെല്‍ കൂടുതല്‍ സജീവമായി. ഇവയില്‍ ജീവനുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചാണ് ഇപ്പോള്‍ കാര്യമായ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്. 2011ല്‍, ഭൂമിയില്‍നിന്ന് 600 പ്രകാശവര്‍ഷമകലെ ‘കെപ്ളര്‍ 22 ബി’ എന്ന ഗ്രഹത്തെ തിരിച്ചറിഞ്ഞത് കെപ്ളറിന്‍െറ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്. ഈ ഗ്രഹത്തില്‍  ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഭൗമസമാനമായ വേറെയും ഗ്രഹങ്ങളെ ഇതിനകം കണ്ടത്തെിയിട്ടുണ്ടെങ്കിലും അവിടെ ജീവന്‍ നിലനില്‍ക്കുന്നുവോ എന്ന് കൃത്യമായി പറയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നിലവില്‍ ഈ ഗ്രഹങ്ങളില്‍ ജീവനുണ്ടോ അല്ളെങ്കില്‍, ജീവന്‍ നിലനില്‍ക്കാനാവശ്യമായ സാഹചര്യം  അവിടെയുണ്ടോ എന്നീ ചോദ്യങ്ങളാണ് പ്രധാനമായും ഗവേഷകരുടെ അന്വേഷണവിഷയം.

ഒരു ഗ്രഹത്തില്‍ ജീവന്‍ നിലനില്‍ക്കണമെങ്കില്‍ അല്ളെങ്കില്‍, ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യമുണ്ടാകണമെങ്കില്‍  ആ ഗ്രഹത്തിനും അതിന്‍െറ സ്ഥാനത്തിനും ചില സവിശേഷതകള്‍ ഉണ്ടായിരിക്കണം. ഇതില്‍ ഏറ്റവും പ്രധാനം അതിന്‍െറ സ്ഥാനംതന്നെയാണ്്. ഗ്രഹം നക്ഷത്രത്തില്‍നിന്ന് ഏറെ അകലെയായാല്‍, അവിടെ ജലമുണ്ടെങ്കില്‍ അത് ഐസായിത്തീരും. നക്ഷത്രത്തിന്‍െറ സമീപമാണെങ്കില്‍ ജലം ബാഷ്പമാവുകയും ചെയ്യും. അതിനാല്‍ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമായ ജലം ദ്രാവകരൂപത്തില്‍ അവിടെയുണ്ടോ, അതിനു പറ്റിയ അകലത്തിലാണോ അവയുടെ സ്ഥാനം തുടങ്ങിയ അന്വേഷണങ്ങളും ആവശ്യമാണ്. ഇപ്പോള്‍ കണ്ടത്തെിയിരിക്കുന്ന ഗ്രഹങ്ങളുടെ സ്ഥാനം നമുക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഈ ഗ്രഹങ്ങളിലെ താപനില ഏതാണ്ട് ഭൂമിയുടേതിന് സമാനമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന മിഖായേല്‍ ഗില്ലന്‍ പറയുന്നു. എന്നല്ല, ഈ താപനിലയില്‍ ഗ്രഹോപരിതലത്തില്‍ ജലസാന്നിധ്യത്തിനുവരെ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്‍െറ അഭിപ്രായം.

ഗുരുത്വാകര്‍ഷണംമൂലം, മൂന്നു ഗ്രഹത്തിന്‍െറയും ഒരേ ഭാഗംതന്നെയാണ് എല്ലായ്പോഴും നക്ഷത്രത്തിന് അഭിമുഖമായിരിക്കുന്നത് (ഭൂമിക്ക് ചന്ദ്രന്‍ അഭിമുഖമായിരിക്കുന്നതുപോലെ). അഥവാ, ഗ്രഹത്തിന്‍െറ ഒരുഭാഗം എല്ലാകാലത്തും പകലും മറുഭാഗം രാത്രിയുമായിരിക്കും. ഇതുകാരണം ഗ്രഹാന്തരീക്ഷത്തിന്‍െറ താപനിലയിലും വ്യത്യാസമുണ്ടായിരിക്കും. മാതൃനക്ഷത്രത്തോട് ഏറ്റവും അടുത്തുള്ള ഗ്രഹത്തില്‍ 100 ഡിഗ്രിയും തൊട്ടടുത്ത ഗ്രഹത്തില്‍ 70 ഡിഗ്രിയും പുറംഗ്രഹത്തില്‍ 30 ഡിഗ്രിയുമായിരിക്കും താപനിലയെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആദ്യമായാണ് ഭൂമിയുടെ താപനിലയുമായി സമാനത പുലര്‍ത്തുന്ന ഭൗമേതരഗ്രഹത്തെ തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ, ഗ്രഹാന്തര ജീവനെത്തേടിയുള്ള അന്വേഷണം ഈ ഗ്രഹങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.

പക്ഷേ, പരിമിതമായ നിരീക്ഷണത്തിലൂടെ ലഭിച്ച ഈ അറിവുകൊണ്ടൊന്നും അവിടെ ജീവനുള്ള സാധ്യതയെ നമുക്ക് ഉറപ്പിക്കാനാവില്ല. ജീവന്‍െറ നിലനില്‍പിന് ആവശ്യമായ ഓര്‍ഗാനിക് തന്മാത്രകളുടെ സാന്നിധ്യത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. പ്രാഥമിക നിരീക്ഷണത്തില്‍ അതൊരു ഖരാവസ്ഥയിലുള്ള ഗ്രഹമാണെങ്കിലും അതിന്‍െറ ഘടനയെക്കുറിച്ച് വേണ്ടത്ര വിവരമില്ല. ഒന്നുകില്‍ അവ  ബുധനെപ്പോലെ ഇരുമ്പ് സമ്പുഷ്ടമാകാം. അല്ളെങ്കില്‍, സിലിക്കേറ്റ് പാറകളാകാം. അതുമല്ളെങ്കില്‍ വ്യാഴത്തിന്‍െറ ഉപഗ്രഹങ്ങളെപോലെ മഞ്ഞുഗ്രഹങ്ങളുമാകാം.

ട്രാപ്പിസ്റ്റ് 1നെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ഗില്ലന്‍ പറയുന്നു. നിലവില്‍, ട്രാപ്പിസ്റ്റ് എന്ന ഇന്‍ഫ്രാറെഡ് ദൂരദര്‍ശനിയിലൂടെ ലഭിച്ച വിവരങ്ങള്‍ മാത്രമാണ് ഈ ഗവേഷകരുടെ കൈവശമുള്ളത്. ഹബ്ള്‍ ദൂരദര്‍ശിനിയുടെയും മറ്റും സഹായത്തോടെ ഇതര തരംഗദൈര്‍ഘ്യത്തിലുള്ള (എക്സ് റേ, അള്‍ട്രാവയലറ്റ്...) നിരീക്ഷണംകൂടി സാധ്യമാക്കാനാണ് ഇവരുടെ പദ്ധതി. ഗ്രഹാന്തരീക്ഷത്തെക്കുറിച്ചുള്ള പഠനത്തില്‍ വിവിധ തരംഗദൈര്‍ഘ്യത്തിലുള്ള നിരീക്ഷണം ഏറെ പ്രസക്തമാണ്. അടുത്തുതന്നെ പ്രവര്‍ത്തിച്ചുതുടങ്ങുന്ന യൂറോപ്യന്‍ എക്സ്ട്രീമിലി ലാര്‍ജ് ടെലിസ്കോപ്പും 2018ല്‍ നാസ വിക്ഷേപിക്കുന്ന ഇന്‍ഫ്രാറെഡ് ദൂരദര്‍ശിനിയായ ജെയിംസ് വെബ് ടെലിസ്കോപ്പും കാര്യമായി നിരീക്ഷിക്കുക ട്രാപ്പിസ്റ്റ് 1നെയാകും. ഇവ രണ്ടും പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ, അന്യഗ്രഹങ്ങളിലെ ജൈവ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാകും. അന്യഗ്രഹജീവികളെക്കുറിച്ചുള്ള അന്വേഷണത്തില്‍ മറ്റൊരു കുതിച്ചുചാട്ടമാകും അത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ian sympol
Next Story