തേൻ പോലൊരു സൗഹൃദം
text_fieldsകേരളോത്സവ ചടങ്ങുകൾ തൃശൂരിൽ വെച്ച് സംഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ആയിരുന്നു സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറിയായി നിയമിതനായപ്പോൾ ആദ്യം എനിക്ക് ലഭിച്ച ചുമതല. നിലവിലുള്ള രീതിയിൽ നിന്ന് അത് മാറണമെന്നും കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്‍റെ പ്രതിഫലനം അതിനുണ്ടാകണമെന്നും ഒരു സാർവദേശീയ പങ്കാളിത്തം കൂടി ആയാൽ കൂടുതൽ ആകർഷകമാകുമെന്നും ചർച്ചകളിൽ അഭിപ്രായങ്ങൾ ഉണ്ടായപ്പോൾ എനിക്ക് അടുത്തു പരിചയമുള്ള ജർമൻ യുവജന സംഘടനകളുമായി സംസാരിക്കുവാൻ വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണൻ എന്നെ ചുമതലപ്പെടുത്തി. ചർച്ചക്ക് ശേഷം മനസിലായത് ഇത്തരം അന്താരാഷ്ട്ര സന്ദർശന നടപടികൾ അംഗീകരിക്കുന്നത് ജർമൻ സർക്കാർ നേരിട്ടാണെന്നും അതനുസരിച്ചു ഞാൻ കേരളത്തിന്‍റെ പ്രത്യേകതകളും സാംസ്കാരിക പാരമ്പര്യങ്ങളും ഒക്കെ ഉൾപ്പെടുത്തിക്കൊണ്ട് ജർമൻ ചാൻസലർ ആംഗല മെർക്കലിന് വ്യക്തിപരമായ ഒരു കത്ത് അവരുടെ ഭാഷയിൽത്തന്നെ ഞാൻ അയച്ചു, അവരുടെ ഒരു യുവജന പ്രതിനിധിസംഘത്തെ കേരളോത്സവത്തിനു നിയോഗിക്കണം എന്ന അഭ്യർഥനയോടെ. തൃശൂർകാരുടെ സാംസ്കാരിക മികവ് പ്രകടമാക്കിക്കൊണ്ടു കേരളോത്സവം ഗംഭീരമായിത്തന്നെ നടന്നു, ജർമൻ കാരുടെ പങ്കാളിത്തം ഇല്ലാതെ തന്നെ.
ജനുവരിയിലെ തിരക്കിട്ട ഒരു ഓഫീസ് ദിനം, എന്‍റെ ഡ്രൈവർ ബാബു പെട്ടെന്ന് ചേംബറിൽ കടന്നുവന്നു പറഞ്ഞു നാല് വിദേശികൾ സാറിനെ കാണുവാൻ വന്നിരിക്കുന്നു. അവരെ കൂട്ടിക്കൊണ്ടു വരുവാൻ ഞാൻ ബാബുവിന് നിർദേശം നൽകി. അവർ നേരിട്ടി മുറിയിലേക്ക് കടന്നുവന്നു രണ്ട് യുവതികളും രണ്ട് യുവാക്കളും ആറര അടിയിലധികം ഉയരമുള്ള ഒരു അഭ്യാസിയുടെ ഭാവമുള്ള ഒരാൾ ഭവ്യതയോടെ ഒരു കത്ത് എന്നെ ഏൽപ്പിച്ചു ജർമൻ ചാൻസലർ മെർക്കലിന്‍റെ പ്രൈവറ്റ് സെക്രട്ടറി ബോയിമ്മ് എഴുതിയതായിരുന്നു അത്. കേരളോത്സവത്തിൽ പങ്കെടുക്കുവാൻ പ്രതിനിധി സംഘത്തെ അയക്കുവാൻ കഴിയാത്തതിലുള്ള ഖേദ പ്രകടനത്തോടെ ആയിരുന്നു അത് തുടങ്ങിയിരുന്നത്. ഫീച്ചർ ഫോർ ജർമൻ കിൻഡർ ആൻഡ് യൂത്ത് എന്ന സംഘടനയുടെ പ്രതിനിധികളെ തുടർ ചർച്ചകൾക്കും നടപടികൾക്കും ആയി നിയോഗിക്കുന്നു. അവരുടെ സെക്രട്ടറി സ്വെൻ ആൽബ് കാര്യങ്ങൾ വിശദീകരിക്കും വിസ്മയിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. നേരത്തെ പറഞ്ഞ ആറര അടിക്കാരൻ പറഞ്ഞത് ദൈവത്തിന്‍റെ സ്വന്തം നാടുമായി ദീർഘ നാളത്തെ ഒരു യുവജന സൗഹൃദ സാംസ്കാരിക വിനിമയ പരിപാടിക്ക് അവർ തയാറാണ്. വർഷത്തിൽ രണ്ടുതവണ അവരുടെ കലാ സാംസ്കാരിക കായിക പ്രതിഭകൾ കേരളം സന്ദർശിക്കുകയും തിരിച്ചു അതുപോലെ നമ്മുടെ പ്രതിഭകളെ അവരും സ്വീകരിക്കും.
വിശ്വസിക്കാനാകാതെ അപ്പോൾ തന്നെ ഞാൻ അവരെയും കൂട്ടി സ്പോർട്സ്, യുവജനകാര്യ വകുപ്പ് മന്ത്രി എം. വിജയകുമാറിനെ കാണാൻപോയി. ഹൃദയത്തോട് ചേർത്തു നിർത്തിയായിരുന്നു അദ്ദേഹം അവരെ സ്വീകരിച്ചത്. അപ്പോൾത്തന്നെ സാംസ്കാരിക വിനിമയ പദ്ധതിക്ക് അദ്ദേഹം അനുമതിയും നൽകി. തുടർന്ന് അവരെ നമ്മുടെ അതിഥികളായി സ്വീകരിച്ചു കൊണ്ട് മലബാറിലെ സാംസ്കാരിക പൈതൃകം കാണുവാൻ അയച്ചു. അന്നായിരുന്നു നിളയുടെ തീരത്തു കെ.ടി ജലീൽ എം.എൽ.എയുടെ ശ്രമഫലമായി മാമാങ്ക സ്മൃതി അനുസ്മരണച്ചടങ്ങുകൾ തുടങ്ങിയത്. അവിടെ വിശിഷ്ടാതിഥികൾ ആയിട്ടെത്തിയ ഈ ജർമൻ നാൽവർ സംഘം കണ്ണഞ്ചിപ്പിക്കുന്ന മെയ്യഭ്യാസം കാഴ്ചവെച്ചു നിളയുടെ തീരങ്ങളെപ്പോലും അന്ന് ആഹ്ലാദിപ്പിച്ചു. നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്തായിരുന്നു അവരെ തിരൂരിൽ നിന്നും തിരുനാവായിൽ എത്തിച്ചത്.
മലബാറിന്‍റെ ആതിഥ്യം ആസ്വദിച്ചു മടങ്ങിയ ജർമൻ സംഘം നാട്ടിൽ തിരിച്ചെത്തിയ ഉടനെ യൂത്ത് എക്സ്ചേഞ്ച് കരാർ തയാറാക്കി സർക്കാർ അംഗീകരിക്കുകയാണെങ്കിൽ അത് ഒപ്പിടുവാനായി അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തു. സർക്കാർ അനുമതിയോടെ ഞാൻ ജർമനിയിലേക്ക് തിരിച്ച് ആദ്യമെത്തിയത് അവിടുത്തെ എന്‍റെ ഇടത്താവളമായി ഡ്യുസ്സൽഡോർഫ് നഗരത്തിലെ പാർപ്പിടത്തിലായിരുന്നു. നിനച്ചിരിക്കാത്തതും അവിശ്വസനീയവും ആയ ഒരു വിസ്മയം ആയിരുന്നു അവിടെ എന്നെ കാത്തിരുന്നത്. 2008ലെ ആസ്ട്രിയ സ്വിറ്റ്സർലൻഡ് യൂറോകപ്പിനുള്ള അക്രെഡിറ്റേഷൻ അനുവദിച്ചിരിക്കുന്നു. ഈ കത്തുമായി മത്സരം നടക്കുന്ന ഏതെങ്കിലും ഒരു വേദിയിലെത്തി അക്രെഡിറ്റേഷൻ പാസ് സ്വീകരിക്കുക. ആറുമാസം മുൻപ് ഞാൻ അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും നിരസിച്ചോ സ്വീകരിച്ചോ എന്നുള്ള അറിയിപ്പ് കാണാത്തതു കൊണ്ട് ഞാൻ അക്കാര്യം ഉപേക്ഷിച്ച മട്ടിലായിരുന്നു. അവിശ്വാസവും ജിജ്ഞാസയും മുൻ കരുതൽ ഇല്ലാത്ത വരവായതു കൊണ്ടും എന്‍റെ സമനില തന്നെ തെറ്റിയ അവസ്ഥ. എന്തായാലും ലോകക്കപ്പിന് ശേഷം ലഭിച്ചിരിക്കുന്ന അസുലഭമായ ഒരു അവസരവും ഭാഗ്യവും ആണിത്. ആദ്യം ഞാൻ എന്‍റെ ആതിഥേയരെ വിളിച്ചു വിവരമറിയിച്ചപ്പോഴാണ് ഇതൊരു നിയോഗമായിരുന്നു എന്ന് മനസിലായത്. വീണ്ടും ആവിശ്വസനീയമായ മറ്റൊരു യാഥാർഥ്യം എന്നെ കീഴ്പ്പെടുത്തുന്നു. യൂറോകപ്പിലെ മത്സരവേദികളിൽലൊന്നായ ബാസലും എനിക്ക് കരാർ ഉടമ്പടി ഒപ്പിടുവാനുള്ള "യൂക്കിയുടെ" ഹെഡ് ക്വർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന ജർമനിയിലെ ഫ്രയ്ബുർഗിലെ റാപ്പൻഹോഫും തമ്മിൽ 45 കിലോമീറ്ററിലും കുറഞ്ഞ ദൂരമേയുള്ളു.
പന്തുകളി പ്രാന്തനായ സ്വെൻ ആൽബിനുണ്ടായ സന്തോഷം ഫോണില്ലാതെ തന്നെ ഇങ്ങേത്തലക്കൽ മുഴങ്ങിക്കേട്ടു. വേഗം ഇങ്ങോട്ടുവാ നമുക്ക് വഴിയുണ്ടാക്കാം. അവരുടെ ഗസ്റ്റ് ഹൗസിൽ താമസിച്ചു കൊണ്ട് യൂറോകപ്പ് കവർ ചെയ്യാം. ഒപ്പം ഒരു ഉപാധിയും ഡ്രൈവർ ആയിട്ടെങ്കിലും ആശാനെ ഒപ്പം കൂട്ടണം. 'മാധ്യമ'ത്തിൽ ഞാൻ അറിയിച്ചത് അസൈൻ കാരന്തൂരിനെ വിളിച്ചായിരുന്നു. അദ്ദേഹം അപ്പോൾത്തന്നെ എൻ.എസ് നിസാറിന് വിവരം കൈമാറി. അതോടെ 2008 യൂറോ 'മാധ്യമ'ത്തിന്‍റെ എക്സ്ക്ലൂസീവും ആയി. പിന്നെ രണ്ടു ദിവസമേയുള്ളൂ യൂറോ കപ്പ് തുടങ്ങാൻ. അതിനു മുൻപേ യൂത്ത് എക്സേഞ്ച് സംബന്ധിച്ച നടപടിക്രമങ്ങൾ പൂറത്തുയാക്കണം. ഞാൻ നേരെ സ്റ്റുട്ട്ഗാർട്ട് നഗരത്തിലേക്ക് പുറപ്പെട്ടു. റെയിൽവേ സ്റ്റേഷനിൽ സ്വെൻ ആൽബും മോണിക്കയും കാത്തുനിൽപ്പുണ്ടായിരുന്നു. ആൽബ് 11 എന്ന നമ്പറുള്ള അവരുടെ ഫോൾക്സ് വാഗൺ ടിയുറക്കിൽ അവർ എന്നെ ജർമൻ സ്വിസ് അതിർത്തിയിലുള്ള ഫ്രെയ്ബുർഗിലെ റാപ്പൻഹോഫിലേക്കു കൂട്ടികൊണ്ടുപോയി. വിശാലമായ കളിക്കളങ്ങളും മനോഹരമായ പാർപ്പിടങ്ങളും കുട്ടികൾക്കായുള്ള വിനോദ കേന്ദ്രങ്ങളും ഒന്നും കണ്ട് ആസ്വദിക്കുവാൻ എനിക്കു കഴിഞ്ഞില്ല.
മനസ് നിറയെ ജൂൺ 7നു ബാസലിൽ ആരംഭിക്കുന്ന സ്വിസ്, ചെക്ക് റിപ്പബ്ലിക്ക് മത്സരങ്ങൾക്ക് അക്രെഡിറ്റേഷൻ നടപടികൾ പൂർത്തിയാക്കി ചെന്നെത്തുവാൻ കഴിയുമോ വാർത്തകൾ അയക്കുവാനുള്ള സൗകര്യങ്ങൾ എങ്ങിനെകണ്ടെത്തും തുടങ്ങിയ കാര്യങ്ങൾ ഓർത്തപ്പോഴുണ്ടായ ആധിയും വ്യാഥിയുമായിരുന്നു. എന്‍റെ മുഖഭാവം കണ്ട സ്വെൻ ഒക്കെ മനസിലാക്കിയ മട്ടിൽ പറഞ്ഞു. ഒരു വിഷമവും വേണ്ട മത്സരം കഴിയും വരെ ഈ കാർ നിങ്ങൾക്കായിട്ടുണ്ടാകും. തിയോയോ ഞാനോ ഡ്രൈവർമാരായും ഉണ്ടാകും. പറഞ്ഞതു പോലെ മത്സര ദിവസം രാവിലെ തിയോക്ക് ഒപ്പം ഞാൻ ബാസലിൽ ചെന്നെത്തി. നിമിഷ നേരം കൊണ്ട് അക്രഡിറ്റേഷൻ നടപടികൾ പൂർത്തിയാക്കി വൈകുന്നേരം മത്സരവും കണ്ടു ഞങ്ങൾ റാപ്പൻഹോഫിലേക്കു തന്നെ മടങ്ങി. തിയോക്ക് സങ്കടമടക്കുവാൻ കഴിഞ്ഞിരുന്നില്ല. അയാളുടെ ഇഷ്ട ടീം ആതിഥേയർ കൂടിയായ സ്വിറ്റ് സർലൻഡ് ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനോട് തോറ്റു പോയിരുന്നു. തുടർന്ന് സ്വിറ്റ് സർലൻഡിൽ നടന്ന എല്ലാ മത്സരങ്ങൾക്കും നൂറുകണക്കിന് കിലോമീറ്ററുകൾ കാറോടിച്ചു തിയോയും സ്വെൻ ആൽബും കൃത്യ സമയത്തുതന്നെ എന്നെ എത്തിച്ചിരുന്നു. 'മാധ്യമം' ഡെസ്കിലെ എന്‍റെ കൂട്ടുകാർക്ക് നിമിഷം തെറ്റാതെ കളിവിവരങ്ങളും കൗതുക വാർത്തകളും എത്തിക്കുവാനും ഇരുവരും മത്സരിച്ചുതന്നെ സഹായിച്ചിരുന്നു. ബാസലിൽെവച്ചു തന്നെയായിരുന്നു ജർമനിയും പോർട്ടുഗലും തമ്മിലുള്ള ആദ്യ ക്വർട്ടർ.
അത്യാവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ജർമനി ജയിച്ചു സെമിയിലെത്തിയ ആവേശത്തിൽ തിയോ എന്നെ തിരിച്ചു കൊണ്ടുപോയി. ബാസലിലെ എന്‍റെ അവസാന ദിവസമായിരുന്നത് അടുത്ത ദിവസം മടക്കയാത്രയും. കാർ യാത്രക്കിടയിൽ തിയോ സ്വകാര്യമായി അറിയിച്ചു, ഇതൊരു സർപ്രൈസ് യാത്രയാണ്. ചെന്നെത്തിയിട്ടു അറിയുന്നതാകും സസ്പെൻസ്. 200 കിലോമീറ്ററിലധികം കൊടുംവനത്തിലൂടെ സഞ്ചരിച്ചു ഞങ്ങൾ ചെന്നെത്തിയത് ജർമനിയിലെ ബാഡൻ വ്യുറ്റൻബർഗിലെ വനമേഖലയിലുള്ള യൂക്കി എന്ന ഫ്യുച്ചർ ഫോർ ജർമൻ ചിൽഡ്രൻ ആൻഡ് യൂത്തിന്‍റെ സർക്കസ് പഠന കേന്ദ്രത്തിലായിരുന്നു. ജർമനിയിലെ എല്ലാ സ്കൂളുകളിലെയും കുട്ടികൾക്ക് വർഷത്തിൽ നാലാഴ്ച വീതമുള്ള മെയ്യഭ്യാസ പരിശീലന സംവിധാനമിവിടെയുണ്ട്. ഇതിനായി ഇവിടെ എത്തിയ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളും അവരെ അനുഗമിച്ചിരുന്നു അധ്യാപകരുമായും സംസാരിക്കുവാനും അന്താരാഷ്ട്ര വിനിമയത്തെകുറിച്ച് യൂക്കി അധികൃതരുമായും ചർച്ച നടത്തുവാനും ആ യാത്ര ഉപയോഗപ്പെട്ടു. തുടർന്ന് അന്ന് ക്യാമ്പ് അവസാനിച്ചു മടങ്ങുന്നവർക്കുള്ള യാത്രയയപ്പിലെ മുഖ്യാതിഥിയും ഞാനായി.
അതൊരു കുടുംബ സംഗമമാക്കി മാറ്റിക്കൊണ്ട് സ്വെൻ ആൽബിന്‍റെയും മോണിക്കയുടെയും മാതാപിതാക്കന്മാരും ചടങ്ങിന് എത്തിയിരുന്നു. സ്വകാര്യമായി എനിക്കുള്ള യാത്ര അയപ്പായിരുന്നു അതെന്ന് അപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല. ചടങ്ങ് കഴിഞ്ഞു അടുത്ത ദിവസം അതിരാവിലെ തന്നെ എനിക്ക് സ്റ്റൂറ്റ്ഗാർട്ടിൽ നിന്ന് നേരെ വിയന്നയിലേക്കു പോകേണ്ടതുണ്ടായിരുന്നു, അവിടെ നടക്കുന്ന തുർക്കി ക്രൊയേഷ്യ മത്സരത്തിന്. രണ്ടു ദിവസത്തെ ഉറക്കവും ബാക്കി. വേഗം കാര്യങ്ങൾ അവസാനിപ്പിച്ചു ഞാൻ മുറിയിലേക്ക് മടങ്ങാൻ നേരം ആൽബിന്‍റെ പിതാവ് ആന്ദിറിയാസ് ആൽബു ചെറിയ ഭംഗിയുള്ള ഒരു ഭരണി എടുത്തു എനിക്ക് തന്നുകൊണ്ടു പറഞ്ഞു, ഇത് ഞങ്ങളുടെ ക്യാമ്പസിലെ തേനാണ് ഞാനും കുട്ടികളും കൂടി സംഭരിച്ചത് ഇതിനു മധുരം ഏറെയാണ്. ഞാനത് വാങ്ങി തീൻമേശയിൽ തന്നെ വെച്ചു. എല്ലാവരും വന്നു യാത്ര പറഞ്ഞ് ഒരു നല്ല കളി എഴുത്ത് ആശംസിച്ചു കൊണ്ട് അവർ കടന്നുപോയി. സ്വെൻ ആൽബു എന്നെ സ്റ്റേഷനിലും എത്തിച്ചു. കാർ കുതിച്ചു പായുമ്പോഴായിരുന്നു ഞാൻ അവരുടെ സ്നോഹോപഹാരമായിരുന്ന തേൻ ഭരണിയെക്കുറിച്ചു ഓർത്തതു. അത് അവിടെത്തന്നെ വെച്ചു മറന്നിരുന്നു.
വിയന്നയിലെ കളിയും അവിടെെവച്ചു തന്നെയുള്ള സ്പെയിൻ-ജർമനി ഫൈനലും കഴിഞ്ഞു ഞാൻ തിരിച്ചു പോകാനായി എന്‍റെ ഇടത്താവളമായ ഡ്യുസ്സൽഡോർഫിൽ എത്തിയപ്പോഴാണ് യൂക്കിയിലെ പാട്രിക്ക് എന്ന യുവാവ് എന്നെക്കാണാൻ എത്തിയത്. അതിശയത്തോടെ ഞാൻ അവനെ അകത്തേക്ക് ക്ഷണിച്ചപ്പോൾ കൈയിൽ പൊതിഞ്ഞുവെച്ചിരുന്ന ചെറിയ ഒരു ജാർ എടുത്തു കാണിച്ചു അവൻ പറഞ്ഞു, തേനായിരുന്നു.... അത് താങ്കൾ മറന്നു. അത് കേട്ട് എന്‍റെ കണ്ണുകൾ നിറഞ്ഞുപോയി ഇത്രയധികം വികാരാധീതനായ അപൂർവം. നിമിഷങ്ങളെ എന്‍റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ. ഒരു കുപ്പി തേൻ എത്തിക്കുവാൻ നൂറുകണക്കിന് കിലോമീറ്റർ കാറോടിച്ചു വന്ന ആ ചെറുപ്പക്കാരന്‍റെ സ്നേഹവും ആത്മാർഥതയും ഓർത്ത് അവനെ നോക്കി വിസ്മയിച്ചു നിന്നുപോയി ഞാൻ, വാക്കുകളില്ലാതെ. തേൻ പോലുള്ള ആ സൗഹൃദമായിരുന്നു എന്‍റെ യൂറോകപ്പ് റിപ്പോർട്ടിങ്ങിന്‍റെ ബാക്കി പത്രം.
ഇനി ഇതിനൊരു ആന്‍റീ ക്ലൈമാക്സ് കൂടിയുണ്ട്. കരാറൊപ്പിട്ട ശേഷം 14 പേരുള്ള നമ്മുടെ പ്രതിനിധി സംഘം ജർമനി സന്ദർശിക്കുകയും അവിടെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് അവരുടെ സ്‌കൂൾ കുട്ടികളുടെ ഒരു സംഘം കേരളത്തിലെത്തുകയും തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള വിവിധ സ്‌കൂളുകളിൽ കലാ കായിക പരിപാടികൾ അവതരിപ്പിച്ചു നിത്യ സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകങ്ങൾ ആവുകയും ചെയ്തു. എന്നാൽ, ശ്രീമതി പി.കെ ജയലക്ഷ്മി യുവജനകാര്യ മന്ത്രി ആയി ചുമതല ഏറ്റെടുത്തപ്പോൾ ആ സമയത്തു ജർമനി സന്ദർശിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട കേരളോത്സവ വിജയികളായ 14 പേരുടെ യാത്രാനുമതി നിഷേധിച്ചു. രസകരമായിരുന്നു പറഞ്ഞ കാര്യം, മെമ്പർ സെക്രട്ടറിക്ക് സർക്കാർ ചെലവിൽ ജർമനി സന്ദർശിക്കുവാൻ ഉണ്ടാക്കിയതാണ് ഈ യൂത്ത് എക്സ്ചേഞ്ച്. അത് പറഞ്ഞുകൊടുത്തത് അന്നത്തെ വകുപ്പ് സെക്രട്ടറിയും. അതോടെ അസുലഭമായ ആ അവസരം എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തു. മെമ്പർ സെക്രട്ടറിയുടെ അതുവരെയുള്ള യാത്രകൾ ഒക്കെ സ്വന്തം ചെലവിൽ ആയിരുന്നോ എന്ന് തിരക്കാനും മന്ത്രി അന്ന് ശ്രമിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.