ആധാര്‍: ബഹിഷ്കൃത ശരീരങ്ങളും ലിബറല്‍ വ്യക്തിവാദവും
text_fieldsസ്വന്തം ശരീരത്തിനുമേല്‍ വ്യക്തിക്ക് പൂർണാവകാശം ഉണ്ടെന്നത് ഒരു മിഥ്യാബോധമാണ് എന്ന് സര്‍ക്കാര്‍ നിയമിച്ച അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ആധുനിക ഭരണകൂടത്തിനു കീഴില്‍ നാം ജീവിക്കുന്നത് ഒരു കേവലജീവിതമാണ് (bare life), നമ്മുടേത് ഒരു ബഹിഷ്കൃത ജീവിതവുമാണ്. നിയമവാഴ്ച എന്നത് ഭരണകൂടത്തിനു എപ്പോഴും അനന്തമായി മാറ്റിവെക്കാവുന്ന, സ്വേച്ഛാപരമായി വ്യാഖ്യാനിക്കാവുന്ന ഒന്നാണ്. ഹോമോസാസേര് എന്ന പുസ്തകത്തില്‍ ഇറ്റാലിയന്‍ ചിന്തകനായ അഗാമ്പന്‍ ബഹിഷ്കൃത ശരീരങ്ങളുടെ നിയമ-അനുഷ്ഠാനപദവിയെക്കുറിച്ച് പറയുന്നുണ്ട്. റോമന്‍ നിയമത്തിലെ ഒരു പരികല്പന ആയിരുന്നു ബഹിഷ്കൃത മനുഷ്യന്. കുറ്റവാളി ആയി പ്രഖ്യാപിക്കപ്പെട്ടു നഗരത്തില്‍നിന്ന് പുറത്താക്കപ്പെടുന്ന വ്യക്തിക്ക് പിന്നെ പൗരാവകാശങ്ങള്‍ ഇല്ല. അയാളെ/അവളെ ആര്‍ക്കു വേണമെങ്കിലും കൊല്ലുകകൂടിചെയ്യാം. അതിനു കേസില്ല. പക്ഷേ, അവരെ അനുഷ്ഠാനപരമായി ഉപയോഗിക്കാന്‍ പാടില്ല. അതായതു, കൊല്ലാം, പക്ഷേ, ബലികൊടുക്കാന്‍ പാടില്ല.
കാരണം, ബഹിഷ്കൃത ശരീരത്തിന് ഉപയോഗമൂല്യം ഇല്ല. മൂല്യരഹിതമായ ഒന്ന് പവിത്രവുമല്ല. ആധുനികസമൂഹങ്ങളിലെ ഭരണകൂടങ്ങള്‍ കൂടുതല്‍ കൂടുതല്‍ അടിസ്ഥാനമാക്കുന്നത് ഈ പരികല്പനയാണ്. വ്യക്തിസ്വാതന്ത്ര്യം എന്നത് ഒരു മിഥ്യയാണ്. ആധുനിക മുതലാളിത്തം കെട്ടിപ്പടുത്ത ലിബറല്‍ വ്യക്തിവാദത്തിെൻറകൂടി അടിസ്ഥാനത്തിൽ ആയിരുന്നുവെങ്കിലും പുതിയ ലോകക്രമത്തില്‍ വ്യക്തികൾ ഭരിക്കപ്പെടുന്ന കേവല ശരീരങ്ങള്‍ മാത്രമാണ് എന്ന സമീപനം സ്വീകാര്യത നേടുകയാണ്. നാം നമ്മുടെ യാഥാസ്ഥിതിക രാഷ്ട്രമീമാംസയില്‍ അനിതരസാധാരണമായത് എന്ന് കരുതുന്ന പലതും -ഉദാഹരണത്തിന് അടിയന്തരാവസ്ഥ, കോണ്സെന്ട്രേഷൻ ക്യാമ്പുകള്‍, പൗരാവകാശനിഷേധങ്ങള്‍, അപൗരത്വം (non-citizenship), കര്‍ഫ്യൂ, പട്ടാള നിയമം, ജൈവരാഷ്ട്രീയം, വ്യക്തിനിരീക്ഷണം എന്നിവയൊക്കെ -യഥാർഥത്തില്‍ ഇടക്കുണ്ടാവുന്ന അപവാദങ്ങളല്ലെന്നും, മറിച്ച്, മുതലാളിത്ത ലിബറല്‍ ജനാധിപത്യത്തില്‍ അന്തർലീനമായിരിക്കുന്നതാണ് എന്നും കാണിച്ചുതരുന്ന ശ്രമകരമായ പഠനങ്ങള്‍ അഗമ്പന്‍ നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ‘ശരീരത്തിെൻറ ഉപയോഗങ്ങള്‍’ എന്ന പുസ്തകത്തിൽ അദ്ദേഹം ഭരണകൂടങ്ങള്‍ക്ക് വ്യക്തികളുടെ കേവല ജീവിതങ്ങള്‍ക്കുമേലുള്ള ഉടമസ്ഥാവകാശത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പരിചിന്തിക്കുന്നുണ്ട്.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഇന്‍കം ടാക്സ് ആക്ട് സെക്ഷന്‍ 139-AAയുടെ ഭരണഘടനാ സാധുതയെ ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹരജികള്‍ പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു ഈ നിലപാട് ഉന്നയിച്ചത്. പൗരന്മാര്ക്ക് തങ്ങളുടെ ശരീരത്തില്‍ പൂർണാവകാശമുണ്ട് എന്നത് അർഥരഹിതമായ വാദമാണ് എന്നാണു രോഹതഗി സര്ക്കാറിെൻറതായ നിലപാട് വ്യക്തമാക്കിയത്. ആധാര്‍ രജിസ്ട്രേഷനു വേണ്ടി ഒരു വ്യക്തിയുടെ ഏറ്റവും മൗലികമായ അടിസ്ഥാന ജൈവവിവരങ്ങള്‍ -വിരലടയാളങ്ങളുടെയും നേത്രപടലങ്ങളുടെയും വിവരങ്ങള്‍- ശേഖരിക്കുന്നത് നിയമവിരുദ്ധമാണ് എന്നുപറയാന്‍ കഴിയില്ല എന്നും രോഹതഗി പ്രസ്താവിച്ചിരുന്നു. സ്വന്തം ശരീരത്തിനുമേല്‍ ഒരു പൗരനോ പൗരിക്കോ പൂർണാവകാശമുണ്ടെന്നത് ഒരു വ്യാജവാദം ആണെന്നതായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. അത്തരമൊരു സമ്പൂർണമായ അവകാശം ആധികാരികമല്ലെന്നും ശരീരത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവിധ നിയമങ്ങള്‍ ഇപ്പോള്‍ത്തന്നെ നിലനില്‍ക്കുന്നുണ്ടെന്നും രോഹതഗി വ്യക്തമാക്കിയിരുന്നു.
അദ്ദേഹത്തിെൻറ ഉദാഹരണങ്ങള്‍ ശ്രദ്ധേയമായിരുന്നു. ആത്മഹത്യ ചെയ്യുന്നതു നിയമവിരുദ്ധമാണ്. സ്ത്രീകള്‍ ഗര്‍ഭധാരണം അലസിപ്പിക്കുന്നത് നിയമം മൂലം നിയന്ത്രിക്കുന്നത് ഒരു വ്യക്തിക്കും തങ്ങളുടെ ശരീരത്തിന്മേൽ പൂർണാവകാശമില്ലാത്തതിനാലാണ്. ലൈംഗികത്തൊഴില്‍ കുറ്റകരമാണ്. അവയവങ്ങളുടെ ക്രയവിക്രയം നിയമംമൂലം നിയന്ത്രിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ കൂട്ടത്തില്‍ കുട്ടികളെ ദത്തെടുക്കല്‍, വാടക ഗര്‍ഭം തുടങ്ങി പലതും ചേര്‍ക്കാവുന്നതാണ്. അതിനാല്‍ത്തന്നെ സ്വന്തം ശരീരംകൊണ്ട് പൂർണമായും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ട് എന്ന് നിയമത്തില്‍ ഇപ്പോള്‍തന്നെ അംഗീകരിച്ചിട്ടില്ലെന്ന വാദമായിരുന്നു മുഖ്യമായും അദ്ദേഹം മുന്നോട്ടുെവച്ചത്. ക്രിമിനല്‍ കേസുകളിലും മറ്റും പ്രതികളുടെ രക്തക്കറയും വിരലടയാളവും ഒന്നും ശേഖരിക്കാന്‍ സമ്മതമൊന്നും ആവശ്യമില്ല. അതുപോലെ നികുതിവെട്ടിപ്പുകാരെ കണ്ടെത്തുന്നതിനു ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് അത്യാവശ്യമാണ് എന്നും അറ്റോണി ജനറല്‍ പറഞ്ഞു. അതായത് വ്യക്തി, എപ്പോഴും ബഹിഷ്കൃതാസ്തിത്വത്തില് ആണ്. കുറ്റവാളി ആകാനുള്ള സാധ്യതാമേഖലയിലാണ് ഓരോ വ്യക്തിയേയും ഭരണകൂടം നിരന്തരം പ്രതിഷ്ഠിക്കുന്നത്. കുറ്റവാളിക്കുള്ള അവകാശങ്ങളെ യഥാർഥത്തില്‍ ആധുനിക ഭരണകൂടത്തില്‍ ഏതൊരു പൗരനും പൗരിക്കുമുള്ളു.
ആധാര്‍ നിര്‍ബന്ധിതമല്ലെന്നും വിവിധ സാമൂഹികക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള സവിശേഷ സംവിധാനം എന്ന നിലക്കാണ് ഇത് വിഭാവനം ചെയ്യുന്നതെന്നുമുള്ള ആദ്യകാല നിലപാട് ഭരണകൂടം ഉപേക്ഷിച്ചുകഴിഞ്ഞു. ആധാര്‍ ആക്ടിലെ ഏഴും അമ്പത്തിനാലും സെക്ഷനുകൾ അനുസരിച്ച് പക്ഷേ, ആധാര്‍ കാര്‍ഡിനുവേണ്ടി രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന വാദം കൂടി രോഹതഗി കോടതിയെ അറിയിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പ് തടയുക കള്ളപ്പണം ഇല്ലാതാക്കുക തുടങ്ങിയ ധനകാര്യ മാനേജ്മെൻറ് ആവശ്യങ്ങള്‍ക്കാണ് പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടതുണ്ട് എന്ന് നിര്ബന്ധിക്കുന്നതത്രേ. ആധാര്‍ നിര്‍ബന്ധമാക്കുമ്പോള്‍ ജനങ്ങള്‍ സര്‍ക്കാരിെൻറ സമ്പൂർണ നിരീക്ഷണത്തിലാവുന്നു എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആധാറിനെപ്പോലൊരു തിരിച്ചറിയല്‍ രേഖയോട് ആരും മുഖംതിരിഞ്ഞു നില്‍ക്കരുത് എന്നാണ് അദ്ദേഹം ഓർമിപ്പിക്കുന്നത്. “നിങ്ങള്‍ ഇത് മറന്നുപോകുകയാണെങ്കിലും, നിങ്ങളെ മറക്കാന്‍ ഭരണകൂടം തയാറല്ല” എന്നാണു അസന്ദിഗ്ധമായി രോഹതഗി വ്യക്തമാക്കിയത്.
സുപ്രീംകോടതി ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത് എന്നാണു വാര്‍ത്തകളില്‍നിന്ന് മനസ്സിലാവുന്നത്. അറ്റോണി ജനറലിെൻറ വാദങ്ങളൊന്നും നീതീകരിക്കാവുന്നതല്ലെന്നും ഇവക്ക് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ തീരുമാനവുമായുള്ള ബന്ധം വ്യക്തമല്ലെന്നും കോടതിയും മറുപടി പറഞ്ഞിട്ടുണ്ട്. കൂടാതെ വ്യക്തിസ്വാതന്ത്ര്യവും ഗവണ്‍മെൻറിെൻറ സമീപനങ്ങളും തമ്മില്‍ പൊരുത്തം ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, തുടര്‍ന്ന് മാധ്യമങ്ങളില്‍,- സമൂഹ മാധ്യമങ്ങളില്‍ അടക്കം- വിപുലമായ പ്രതികരണമാണ് ഉണ്ടായത്. രോഹതഗിയുടെ നിലപാടിനെ കര്‍ക്കശമായി എതിര്‍ത്തുകൊണ്ടാണ് ബഹുഭൂരിപക്ഷം പേരും പ്രതികരിച്ചത് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ സര്‍ക്കാറിന് സ്വീകരിക്കാവുന്ന നിലപാടായിരുന്നില്ല രോഹതഗിയിലൂടെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അവതരിപ്പിച്ചത് എന്ന വിമര്‍ശനം ശക്തമായിതന്നെ ഉയര്‍ന്നുവന്നു.
ഈ എതിര്‍പ്പുകളും വിമര്‍ശനവും സംഗതമായിരിക്കുമ്പോള്തന്നെ രോഹതഗി ഉന്നയിച്ചത് ഒറ്റപ്പെട്ടതോ ആധുനിക ഭരണകൂടവ്യവസ്ഥകൾക്ക് തികച്ചും അന്യമോ ആയ ഒരു കാര്യമല്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. വ്യക്തികളെ ഭരണകൂടത്തിെൻറ അടിമകള്‍ മാത്രമായി തരംതാഴ്ത്തുന്ന, സ്വന്തം ശരീരങ്ങൾക്കുമേല്‍ വ്യക്തികള്‍ക്കുള്ള സ്വാതന്ത്ര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ പരിമിതമാക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. രാജ്യസുരക്ഷയുടെ പേരിലായാലും, ഭരണകൂടത്തിെൻറ പരമാധികാരത്തിെൻറ പേരിലായാലും, ഭരണകൂടത്തിെൻറ മുന്നിൽ സ്വന്തം ശരീരം നിരന്തരം നഗ്നമാക്കപ്പെടാന് വ്യക്തികൾ നിര്‍ബന്ധിക്കപ്പെടുകയാണ്. ഏറ്റവും അടിസ്ഥാനപരമായ ജൈവവിവരങ്ങളാല് വ്യക്തികള്‍ തിരിച്ചറിയപ്പെടുക എന്നത് ഭരണപരമായ സാധാരണത്വമായിമാറണം എന്നതാണ് ഭരണകൂടങ്ങള്‍ ആഗ്രഹിക്കുന്നത്. ആധാർ ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് വ്യക്തി ശരീരങ്ങളുടെ മേലുള്ള ഭരണകൂടത്തിെൻറ ആത്യന്തികമായ ജൈവാധികാരമാണ്. എത്രകാലം കോടതിക്കുപോലും ഇത് ചെറുത്തുനില്ക്കാന് കഴിയും എന്നത് കണ്ടറിയേണ്ടതാണ്.
ഈ കുറിപ്പ് തയാറാക്കുന്ന സമയത്താണ് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളെ വസ്ത്രമഴിച്ചു പരിശോധിക്കുകയും അടിവസ്ത്രം പോലും മാറ്റാന്‍ നിര്‍ബന്ധിക്കുകയും വസ്ത്രത്തിെൻറ ഭാഗങ്ങള്‍ മുറിച്ചുമാറ്റുകയും ഒക്കെ ചെയ്തു എന്ന വാര്‍ത്ത കാണാന്‍ ഇടയായത്. നീറ്റ് പരീക്ഷക്കെത്തുന്ന മുസ്ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്രത്തെക്കുറിച്ചുള്ള വ്യാജമായ ഒരു വേവലാതിയില്‍നിന്ന് എല്ലാ പെണ്‍കുട്ടികളും നഗ്നത മറക്കുന്നതിലെ അപാകത്തിലേക്ക് എത്ര വേഗമാണ് ഭരണകൂട വേവലാതി പടര്‍ന്നുകയറിയത് എന്നത് നമ്മെ അദ്ഭുതപ്പെടുത്തേണ്ടതില്ല. മുന്‍കാല ചരിത്രത്തിലെ ഒരു പ്രബല സാമൂഹികചാലകശക്തിയായിരുന്ന ലിബറൽ വ്യക്തിവാദത്തെ കൂടുതല്‍ കൂടുതല്‍ പ്രതിരോധത്തിലാക്കിക്കൊണ്ടുള്ള വ്യക്തിസ്വാതന്ത്ര്യ നിഷേധങ്ങളിലേക്ക് ഭരണകൂടങ്ങള്‍ നീങ്ങുകയാണ്. ഭരണകൂടത്തിെൻറ ചലിക്കുന്ന ഉപകരണങ്ങള്‍ എന്നതുമാത്രമായി പൗരത്വം തന്നെ പുനർനിര്‍വചിക്കപ്പെടുകയാണ്. ഇപ്പോൾ സിവിൽ സമൂഹം നേരിടുന്ന അടിസ്ഥാന രാഷ്ട്രീയ വെല്ലുവിളി ഇതിനെതിരെയുള്ള സമരം എവിടെനിന്ന് തുടങ്ങാന്‍ കഴിയുമെന്നുപോലും നിശ്ചയമില്ല എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.