പ്രളയാനന്തര കേരളത്തിെൻറ രോഗപ്രതിരോധത്തിന്
text_fieldsപ്രളയം കഴിഞ്ഞെങ്കിലും എല്ലാം നോർമലാകാൻ ഇനിയും സമയമെടുക്കും. പ്രളയക്കെടുതികൾ വ് യത്യസ്ത രീതികളിൽ ഏതാനും വർഷങ്ങൾകൂടി നമ്മെ സ്വാധീനിച്ചുകൊണ്ടിരിക്കും. 1924ലെ പ്രളയത്തെ കുറിച്ചുള്ള ഓർമകളും ഭയാശങ്കകളും വളരെക്കാലം അന്നത്തെ തലമുറയെ പിന്തുടർന്നിരുന്നുവെന്നത് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അനുമാനിക്കാവുന്നതാണ്. ഇത്തവണയും കാര്യങ്ങൾ വിഭിന്നമായിരിക്കില്ല.
ആരോഗ്യം, പരിസ്ഥിതി, സാമ്പത്തികാവസ്ഥ എന്നിവയിൽ ഏൽക്കുന്ന ആഘാതങ്ങളാണ് സമൂഹത്തിെൻറ പൊതുസ്മൃതിയിൽ ദുരന്തമായും ഭീതിയായും നിലകൊള്ളുന്നത്. ഇവയോരോന്നും നാം തുടരെ ചർച്ചചെയ്യേണ്ടതുണ്ട്. അങ്ങനെ മാത്രമേ ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടിക്കാണാനും കണ്ടെത്തുന്നവ പരിഹരിക്കാനുള്ള മാർഗങ്ങൾ ആരായാനും സാധ്യമാകൂ.
പ്രളയാനന്തരം ആഴ്ചകൾക്കുള്ളിൽ വരാൻ സാധ്യതയുള്ള പകർച്ചവ്യാധി ലെപ്റ്റ പനി രോഗമാണ്. സസ്തനികളായ മൃഗങ്ങളിലൂടെ ഇത് മനുഷ്യനിൽ എത്തിപ്പെടുന്നു. ദുഃഖകരമായ കാര്യം ലെപ്റ്റ പനിരോഗം, ദുരന്തനിവാരണത്തിൽ പങ്കുചേർന്ന് മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിച്ചവർ രോഗബാധിതരാകുന്നു എന്നതാണ്. കേരളത്തിലും ഏതാണ്ട് അപ്രകാരം തന്നെയാണ് സംഭവിച്ചത്. സെപ്റ്റംബർ ആദ്യവാരം വരെ 900 പേരെങ്കിലും ലെപ്റ്റ പനി ലക്ഷണവുമായി ആശുപത്രികളിൽ എത്തിയിട്ടുണ്ട്. മരിച്ചവരിൽ ഏതാനും പേരൊഴികെ ആരും പ്രതിരോധ നടപടികളോ മരുന്നോ എടുത്തിരുന്നില്ല.
ഇത് വളരെ ഗൗരവത്തോടെ നാം കാണേണ്ടതുണ്ട്. രോഗം പിടിപെട്ട് ആരും മരിക്കാതിരിക്കുക എന്നത് സ്റ്റേറ്റിെൻറ കൂടി ആവശ്യമാണ്; അതോടൊപ്പം രോഗസാധ്യതയുള്ളവർ രോഗം തടയാനുള്ള നടപടി സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. ഒരു വ്യക്തിക്ക് രോഗം വരാതിരിക്കാനും വന്നാൽ തന്നെ അതിൻെറ വ്യാപനം നിയന്ത്രിച്ചുനിർത്തി സമൂഹത്തെ സുരക്ഷിതമാക്കാനും ഇത് കൂടിയേ തീരൂ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രളയാനന്തരം ലെപ്റ്റ രോഗം വ്യാപിക്കുകയുണ്ടായി; ബ്രസീൽ, റഷ്യ, സാൻറഫെ (അമേരിക്ക), ഒഡിഷ, തായ്ലൻഡ്, നികരാഗ്വ എന്നിവിടങ്ങളിൽ ലെപ്റ്റ രോഗം പടർന്നുപിടിച്ചിട്ടുണ്ട്. അവിടെയെല്ലാം പരീക്ഷിച്ചു ഫലപ്രദമെന്നുകണ്ട നടപടികൾ തന്നെയാണ് ഇവിടെയും ശിപാർശ ചെയ്തത്. എന്നാൽ, മരുന്നുകൾക്കെതിരെ ശാസ്ത്രവിരുദ്ധവും അപകടകരവുമായ നിലപാടെടുത്തു ചില ചികിത്സകർ രംഗത്തെത്തിയത് പ്രളയത്തോടൊപ്പം കാണേണ്ട മറ്റൊരു ദുരന്തമാണ്. ഇല്ലാത്തതും തെളിയിക്കപ്പെടാത്തതുമായ ചികിത്സ നിർദേശങ്ങളുമായി മുന്നോട്ടുവന്ന ഹോമിയോ, പ്രകൃതിവൈദ്യ ചികിത്സകർ എന്നിവർ ഏറ്റവും ചുരുങ്ങിയത് രോഗസാധ്യതയുള്ളവരുടെ മനുഷ്യാവകാശത്തെ ചോദ്യംചെയ്യുകയാണ്. ആയിരത്തിലധികം പേർക്ക് രോഗസാധ്യതയുള്ളതായും അറുപതിലധികം പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ശാസ്ത്രവിരുദ്ധതക്കെതിരെ സമൂഹം നിലപാടെടുക്കേണ്ടതാണ്.
ലെപ്റ്റ രോഗം കഴിഞ്ഞ രണ്ടു ദശകങ്ങളായി കേരളത്തിൽ കണ്ടുവരുന്നുണ്ട്. പ്രതിവർഷം അമ്പതോളം പേർ ഇങ്ങനെ മരിക്കാറുമുണ്ട്. 2017ൽ 80 പേരും 2018 ജൂലൈ 31 വരെ 28 പേരും ലെപ്റ്റ രോഗത്താൽ മരിച്ചു. ഭാരതീയ വൈദ്യശാസ്ത്ര കൗൺസിൽ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ലെപ്റ്റ രോഗം വലിയ പ്രളയാനന്തര വിപത്തായി മാറിയിട്ടില്ല എന്നാണ്. തികച്ചും നിയന്ത്രണവിധേയമാകുന്ന പ്രശ്നം മാത്രമേയുള്ളൂ എന്നുകരുതാം. അപ്പോഴും കൃത്യമായ പ്രതിരോധ നടപടികൾ കൂടിയേ തീരൂ.
സെപ്റ്റംബർ രണ്ടാം വാരമായപ്പോഴേക്കും ഡെങ്കി രോഗം അധികമായി റിപ്പോർട്ട് ചെയ്തുതുടങ്ങി. ഡെങ്കി പകരാനും അനുകൂലമായ സാഹചര്യമാണ് പ്രളയത്തിനുശേഷം നിലനിൽക്കുന്നത്. വെള്ളമിറങ്ങിയ പ്രദേശങ്ങളിൽ മാലിന്യം അടിഞ്ഞുകൂടിയതും മണ്ണിലെ ഊഷ്മാവ്, ജലാംശം എന്നിവയിലെ മാറ്റവും കൊതുകുകൾ പെരുകാൻ കാരണമാകും. ഡെങ്കിയോടൊപ്പം മറ്റു കൊതുകുജന്യ രോഗങ്ങളും വന്നുകൂടായ്കയില്ല. പലപ്പോഴും വർഷങ്ങളായി ഒളിഞ്ഞുകിടന്ന രോഗങ്ങൾ പ്രളയാനന്തര കാലത്ത് വ്യാപിക്കാറുണ്ട്. ഉദാഹരണത്തിന് ഹെയ്തിയിൽ 2010ൽ ഭൂചലനവും സൂനാമിയും സംഭവിച്ചു; മൂന്നു മാസങ്ങൾ കഴിഞ്ഞ് അവിടെ കോളറ വൻ പകർച്ചവ്യാധിയായി വ്യാപിക്കുകയുണ്ടായി. കഴിഞ്ഞ 100 വർഷമായി കോളറ റിപ്പോർട്ട് ചെയ്യപ്പെടാത്ത രാജ്യമാണ് ഹെയ്തി. തലമുറകളായി ജനങ്ങളുടെ ഓർമയിൽപോലും ഇല്ലാത്ത പകർച്ചവ്യാധി പെട്ടെന്ന് പൊട്ടിമുളക്കും എന്നാരും ചിന്തിച്ചിരുന്നില്ല. അതിനാൽ അടുത്ത ആറുമാസത്തോളം ആരോഗ്യസേവന വിഭാഗം പ്രത്യേക ശ്രദ്ധകാട്ടേണ്ടതായുണ്ട്.
പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ മനുഷ്യജീവിതത്തെയും സാമൂഹികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് നാം ഓർക്കണം. പ്രളയം മണ്ണിെൻറ ഘടനാപരമായ സുസ്ഥിതിയെ വ്യത്യാസപ്പെടുത്തും. ആദ്യകാലങ്ങളിൽ വർധിച്ച ജലാംശം നിലനിൽക്കുകയും പി.എച്ച് സൂചിക മാറുകയും ചെയ്യും. ജൈവരസതന്ത്ര പഠനങ്ങളിലൂടെ വേണം ഇത് കണ്ടെത്താൻ. ഓക്സിജൻ, നൈട്രജൻ, ഫോസ്ഫേറ്റ് എന്നിവയുടെ പ്രതിപ്രവർത്തനങ്ങൾമൂലം ചെടികൾ നശിക്കാൻ ഇത് കാരണമാകുന്നു. ചെടികൾ വേരറ്റുപോകുന്നത് അനേക മാസങ്ങൾകൊണ്ടാണ് എന്നതിനാൽ ഇപ്പോൾ അതിെൻറ സൂചനകൾ സൂക്ഷ്മമായി പഠിച്ചാൽ മാത്രമേ ലഭ്യമാകൂ. മണ്ണിൽ ജീവിക്കുന്ന ബാക്ടീരിയ അതിെൻറ സൂക്ഷ്മപരിസ്ഥിതി നിലനിർത്താൻ അവശ്യം വേണ്ടതാണ്. ഇതിൽ വരുന്ന വ്യതിയാനം സമയോചിതമായി കണ്ടെത്താനായില്ലെങ്കിൽ കൃഷി, മൃഗപരിപാലനം എന്നീ മേഖലകൾ സമ്മർദത്തിലാകും. ലക്ഷക്കണക്കിന് ജനങ്ങൾ ചെറിയ ഇടങ്ങളിൽ പ്രളയകാലത്തു താമസിച്ചിരുന്നതിനാൽ മനുഷ്യജന്യ മാലിന്യങ്ങളും പലേടങ്ങളിൽ മണ്ണിലേക്ക് എത്തപ്പെടും. ഇതും മണ്ണിെൻറ ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ സൃഷ്ടിക്കും. സാമൂഹികാരോഗ്യത്തെ ദീർഘകാലം പ്രതികൂലമായി ബാധിക്കാൻ ഇതൊക്കെ ധാരാളം.
കേരളത്തിൽ മണ്ണിൽ അപ്രതീക്ഷിത മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രധാനമായും ഭൂമി വിണ്ടുകീറുന്നതും ജലത്തിൻെറ പ്രതലം താഴ്ന്നുപോകുന്നതും ഗൗരവമുള്ള കാര്യമാണ്. പലേടത്തും മണ്ണിൽ ഇതൊരു നിർജലതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. മണ്ണിെൻറ ഊഷ്മാവ് മാറാൻ കാരണമാകുന്നതിനാൽ പല ചെറുജീവികൾക്കും ജീവിതം അസാധ്യമായി മാറും. ഇപ്പോൾ തന്നെ മണ്ണിരകൾ വ്യാപകമായി മരിക്കുന്നത് നമ്മുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സാവധാനം വികസിക്കുകയും ഇപ്പോൾ മറവിൽ നിൽക്കുകയും ചെയ്യുന്ന ആവാസവ്യവസ്ഥ ദുരന്തമായി നമുക്കിതിനെ കാണാം. നമ്മുടെ ശാസ്ത്രസമൂഹവും ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ച് അറിവുള്ള സാധാരണക്കാരും ഒപ്പംനിന്നാൽ മാത്രമേ പരിഹാരങ്ങൾ കണ്ടെത്താനാകൂ. ഇതിനകം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആഘാതപഠനങ്ങൾ നടത്താനും സാമൂഹിക ഇടപെടലുകൾ കണ്ടെത്താനും മുന്നോട്ടുവന്നിട്ടുണ്ട്.
സത്യത്തിൽ നമുക്കു വേണ്ടത് കുറേക്കൂടി വിശാലമായ ബൗദ്ധിക കൂട്ടായ്മയാണ്. നമ്മുടെ കലാശാലകൾ, വൈജ്ഞാനിക കേന്ദ്രങ്ങൾ, ഗവേഷകർ, പരിചയസമ്പന്നരായ മറ്റുള്ളവർ എന്നിവർക്ക് സംഭാവനകൾ ചെയ്യാൻ സാധിച്ചേക്കും. കേരള പ്ലാനിങ് ബോർഡ് പോലുള്ള പ്രഫഷനൽ സ്ഥാപനങ്ങൾക്ക് ഇത് രൂപപ്പെടുത്താൻ സാധിക്കും. ‘വിസ്കോൺസൻ ആശയം’ എന്ന രൂപത്തിലാണ് ഇത് വികസിച്ചുവരേണ്ടത്. വിജയകരമായാൽ ഭാവിയിലേക്ക് ഈ തത്ത്വം ഒരു മുതൽക്കൂട്ടാകും എന്നതിലും സംശയം വേണ്ട. അമേരിക്കയിലെ വിസ്കോൺസൻ സർവകലാശാലയാണ് ഒരു നൂറ്റാണ്ടു മുമ്പ് ഇത്തരം ഒരാശയം മുന്നോട്ടുെവച്ചത്. കലാശാലയിലെ ഗവേഷണങ്ങളും അന്വേഷണങ്ങളും സമൂഹത്തിൻെറ ആരോഗ്യം, ജീവിതഗുണമേന്മ, പരിസ്ഥിതി, കൃഷി എന്നീ മേഖലകളിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുക എന്നതാണ് വിസ്കോൺസൻ ആശയത്തിെൻറ അടിസ്ഥാനം. ഇതുപ്രകാരം സംസ്ഥാനമാകെ കലാശാലയുടെ ലബോറട്ടറിയാണ്; ‘ജനാധിപത്യത്തിനായുള്ള പഠനകേന്ദ്രം’ എന്ന് വിവക്ഷ.
കേരളത്തിലെ എല്ലാ പഠനകേന്ദ്രങ്ങളും പ്രളയാനന്തര കാലത്ത് എന്തെല്ലാം ചെയ്യാം എന്ന് പറയേണ്ടതുണ്ട്. ബ്യൂറോക്രസി ഇല്ലാതെ പ്ലാനിങ് ബോർഡുമായി ചേർന്ന് ഇത് സാധ്യമാക്കാവുന്നതത്രെ. പ്രകൃതിക്ഷോഭത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ടൺകണക്കിന് മാലിന്യം ഏതെങ്കിലും വിധത്തിൽ ഉപയോഗപ്പെടുത്താമോ എന്നന്വേഷിക്കുന്ന സാമൂഹിക പ്രവർത്തകർ ഇപ്പോൾ തന്നെയുണ്ട്. പുതിയ വീടുകൾ പണിയുമ്പോൾ അവ പ്രകൃതിക്കനുയോജ്യമാകണം എന്ന തീരുമാനമുണ്ടായത് പുതിയ ആശയങ്ങൾ മുന്നോട്ടു കൊണ്ടുവരും. ആശയങ്ങൾ കൊണ്ടുവരുന്നവർക്ക് കൈത്താങ്ങാകാൻ സർക്കാർ കൂടിയുണ്ടെങ്കിൽ ഇതെല്ലാം ഒരു സിസ്റ്റമായി പരിണമിക്കും. കേരളത്തിൽ വൈദ്യശാസ്ത്ര പുനരധിവാസ വകുപ്പുകൾ എല്ലാ മെഡിക്കൽ കോളജുകളിലും ജില്ല ആശുപത്രികളിലും നിലവിലുണ്ട്. പ്രളയാനന്തര പ്രവർത്തനങ്ങളിൽ നൂതനമായ എന്തെല്ലാം ആശയങ്ങൾ അവർക്ക് മുന്നോട്ടുവെക്കാനുണ്ട് എന്നുചോദിക്കാൻ സമയമായിരിക്കുന്നു.
മനുഷ്യജന്യ മാലിന്യസംസ്കരണം, എലികളുടെ സംഖ്യാനിയന്ത്രണം എന്നിവയും പുതിയ കണ്ടെത്തലുകൾക്കായി കാത്തുനിൽക്കുന്നു. നാട്ടിൽ വ്യാപകമായ സാനിറ്ററി പിറ്റ് എന്ന സങ്കേതം മാറ്റേണ്ടത് ആരോഗ്യത്തിനും എലിനിയന്ത്രണത്തിനും അനിവാര്യമായിവരുന്നു. വളരെ ആഴത്തിൽ താമസിക്കാനും വഴികളൊരുക്കാനും അതിദൂരം നീന്താനും കെൽപുള്ള ജീവിയാണ് എലി. സാനിറ്ററി പിറ്റുകളിൽ കടന്നു അവ കേടാക്കുകയും അവയിൽനിന്ന് മാലിന്യങ്ങളും അണുക്കളെയും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും എലികൾക്ക് പ്രത്യേക താൽപര്യമുള്ളതുപോലെ തോന്നുന്നു. അതിനാൽ തന്നെ മനുഷ്യജന്യ മാലിന്യം പരിസ്ഥിതിക്കനുയോജ്യമായ രീതിയിൽ മാനേജ് ചെയ്യാൻ വിസ്കോൺസൻ ആശയത്തിനായി നാം കാത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.