കുടിയേറ്റവിരുദ്ധതയുടെ നൈതിക ശൂന്യതകള്‍
text_fieldsസിറിയന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ഉത്തരവ് ഭാഗികമായി തടഞ്ഞ് അമേരിക്കയിലെ ബ്രൂക്ലിന്‍ ജില്ല കോടതി ജഡ്ജി വിധിപറഞ്ഞിട്ടുണ്ടെങ്കിലും അത് പ്രശ്നത്തിന്‍െറ കാതലായ വശങ്ങളെ സ്പര്‍ശിക്കുന്ന വിധിന്യായമല്ല. പ്രവേശനത്തിനുള്ള സമ്മതിമുദ്ര ഇതിനകംതന്നെ ലഭിച്ചവരെ തടയരുത് എന്നതു മാത്രമാണ് അതിന്‍െറ അര്‍ഥം.
സിറിയന്‍ അഭയാര്‍ഥികളുടെ പ്രവേശനം തടയുന്നതിനും ഭീകരപ്രവര്‍ത്തകരെ അമേരിക്കയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിനുമുള്ള ഉത്തരവ് എന്നതിലുപരി മതപരമായ മാനങ്ങള്‍ നിസ്സംശയം വെളിവാക്കുന്ന നയമാണ് ട്രംപിന്‍േറത്. ഭാവിയില്‍ അമേരിക്കയില്‍ അഭയംനല്‍കുന്ന സിറിയക്കാരില്‍ ക്രിസ്ത്യാനികള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് ട്രംപ് പ്രഖ്യാപിച്ചത് പുതിയ സമീപനത്തിലെ മതതാല്‍പര്യങ്ങള്‍ വ്യക്തമാക്കുന്നതാണ്. ഈ ഉത്തരവ് രണ്ടാം ലോകയുദ്ധത്തിനുശേഷം നിലവില്‍വന്ന, അലിഖിതമെങ്കിലും ചരിത്രപരമായ നൈതികതയാല്‍ സര്‍വസമ്മതമാക്കപ്പെട്ട കുടിയേറ്റനയങ്ങളില്‍നിന്നുള്ള വ്യതിയാനവും അതുകൊണ്ടുതന്നെ ലോകജനതക്ക് തികച്ചും അസ്വീകാര്യവുമാണ്.
ആഗോളതലത്തില്‍ ചരിത്രപരമായിത്തന്നെ കുടിയേറ്റനിയമങ്ങളിലും വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതിലും താരതമ്യേന ലഘുവായ സമീപനം കൈക്കൊണ്ടുവന്നിരുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. സമാന സമീപനമുള്ള മറ്റു രാജ്യങ്ങള്‍ കാനഡ, ന്യൂസിലന്‍ഡ്, ആസ്ട്രേലിയ, സിംഗപ്പൂര്‍ എന്നിവയാണ്. എന്താണ് ഈ രാജ്യങ്ങള്‍ക്കുള്ള സവിശേഷത എന്നത് ചിന്തിക്കേണ്ട വിഷയമാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത് ആധുനികലോകത്തില്‍ തദ്ദേശീയര്‍ക്ക് ജനസംഖ്യയില്‍ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളാണ് എന്നുള്ളതാണ്. ഇവിടങ്ങളില്‍ അധിവസിക്കുന്നതില്‍ ഭൂരിപക്ഷവും മറ്റു രാജ്യങ്ങളില്‍നിന്നുവന്ന് കുടിയേറിപ്പാര്‍ത്തവരാണ്. ഇതില്‍ സിംഗപ്പൂര്‍ ഒഴികെയുള്ള രാജ്യങ്ങള്‍ ഹിംസാത്മകമായ യൂറോപ്യന്‍ കുടിയേറ്റത്തിന്‍െറ ചരിത്രമാണ് പറയുന്നത്.
യൂറോപ്യന്‍ യൂനിയനിലെ ചില രാജ്യങ്ങള്‍ കൊളോണിയല്‍ ചരിത്രത്തിന്‍െറ ഭാഗമായി കുടിയേറ്റം അനുവദിക്കുന്നുണ്ടെങ്കിലും അതിന്‍െറ രാഷ്ട്രീയ-നൈതിക പരിസരം ഈ രാജ്യങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. തദ്ദേശവാസികള്‍ക്ക് ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങളാണ് അവ. പൗരത്വത്തിന്‍െറ കാര്യത്തില്‍ അവരെടുക്കുന്ന നയങ്ങളെ മേല്‍പറഞ്ഞ രാജ്യങ്ങളിലെ നയവുമായി താരതമ്യം ചെയ്യാനാവില്ല.
സിംഗപ്പൂരാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ചെറിയ രാജ്യം. അവിടെ ഭൂരിപക്ഷം ചൈനീസ് വംശജരാണ്. ഈ നഗരരാഷ്ട്രം രൂപംകൊള്ളുന്നത് കൊളോണിയല്‍ ഭരണം അവസാനിച്ച ഘട്ടത്തില്‍ മലേഷ്യന്‍ ഫെഡറേഷനില്‍നിന്ന് സിംഗപ്പൂര്‍ പുറത്താക്കപ്പെട്ടതുകൊണ്ടാണ്. ഇതിനുള്ള കാരണം വംശീയ വിദ്വേഷമായിരുന്നു. ചൈനീസ് ഭൂരിപക്ഷപ്രദേശം തങ്ങള്‍ക്കൊപ്പം വേണ്ടെന്ന നിലപാടുള്ളവര്‍ ഏറെയായിരുന്നു മലേഷ്യയില്‍. മലേഷ്യയില്‍ ചൈനീസ് വംശജര്‍ക്കെതിരെ നിരവധി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. സിംഗപ്പൂരില്‍ തദ്ദേശ ജനതയായ മലായ് വംശജര്‍ ന്യൂനപക്ഷമാണ്. അവിടെ കുടിയേറിപ്പാര്‍ത്തിട്ടുള്ള ഇന്ത്യക്കാരെക്കാള്‍ അധികമുണ്ട് മലായ് വംശജര്‍ എന്നേയുള്ളൂ. ചൈനീസ് വംശജരാണ് ജനസംഖ്യയിലെ എഴുപതു ശതമാനവും.
സിംഗപ്പൂരിലെ കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമല്ല. എന്നാല്‍, അവിടത്തെ ചൈനീസ് ഭൂരിപക്ഷത്തിലെ യാഥാസ്ഥിതിക വിഭാഗം എപ്പോഴും ഈ സമീപനത്തെ എതിര്‍ത്തുപോന്നു. ജനസംഖ്യ കുറവാണ് എന്നതിനാല്‍ തൊഴില്‍ വിപണിയിലെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തികമായ കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് കുടിയേറ്റത്തിന്‍െറ കാര്യത്തില്‍ യാഥാസ്ഥിതിക ശാഠ്യങ്ങള്‍ക്ക് അവിടത്തെ സര്‍ക്കാര്‍ വഴങ്ങാത്തത്. ഞാന്‍ അവിടെയുണ്ടായിരുന്ന സമയത്ത് ഏതാണ്ട് മൂന്നുതവണ പൗരത്വത്തിന്‍െറ മുന്നോടിയായുള്ള സ്ഥിരവാസ പെര്‍മിറ്റ് എടുക്കാന്‍ പ്രലോഭിപ്പിച്ചുകൊണ്ടുള്ള കത്തുകള്‍ എമിഗ്രേഷന്‍ വകുപ്പില്‍നിന്ന് ലഭിച്ചിരുന്നു. സിംഗപ്പൂര്‍ പൗരത്വം സ്വീകരിക്കുന്നതിലെ ആകര്‍ഷണങ്ങള്‍ അതില്‍ അക്കമിട്ടുനിരത്തിയിരുന്നു. ഫലത്തില്‍ ‘ഏകകക്ഷി ജനാധിപത്യം’ പുലരുന്ന സിംഗപ്പൂരില്‍ നാമമാത്രമായ പ്രതിപക്ഷം ഇത്തരം കാര്യങ്ങളില്‍ ഭരണകക്ഷിയെക്കാള്‍ വലിയ യഥാസ്ഥിതികത്വമാണ് വെച്ചുപുലര്‍ത്തുന്നത്.
അമേരിക്കന്‍ ഐക്യനാടുകള്‍ രൂപംകൊണ്ടതിന്‍െറ കഥകള്‍ നമുക്കറിയാം. മൂറുകളുടെ രാജ്യം കൊള്ളചെയ്ത് കിട്ടിയ പണത്തില്‍നിന്നാണ് സ്പെയിനിലെ ഇസബെല്ല രാജ്ഞി കൊളംബസിന് കപ്പലോട്ടത്തിനുള്ള സഹായം ചെയ്യുന്നത്. കൊളംബസ് ആദ്യം സമീപിച്ചത് പോര്‍ചുഗല്‍ രാജാവിനെയായിരുന്നു. അയാള്‍ ആ ഇന്ത്യായാത്ര ഒരു അസംബന്ധമായി കരുതി കൊളംബസിനെ തിരിച്ചയച്ചു. ഇതൊരു വിഡ്ഢിത്തമായിപ്പോയി എന്ന് തോന്നിയതിനാലാണ് കാപ്പാട് വന്ന നീചനായ കടല്‍ക്കൊള്ളക്കാരന്‍ വാസ്കോഡഗാമക്ക് പിന്നീട് പോര്‍ചുഗല്‍ രാജാവ് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്.
വാസ്കോഡഗാമ കേരളത്തില്‍ വന്നതും കൊളംബസ് അമേരിക്കയില്‍ ചെന്നതും രണ്ടുതരത്തിലുള്ള കോളനിവത്കരണത്തിനാണ് വഴിവെച്ചത്. അവിടെ കൊളംബസ് തദ്ദേശവാസികളെ ഉന്മൂലനംചെയ്ത് ആ ഭൂമിയാകെ സ്വന്തമാക്കാനാണ് ശ്രമിച്ചത്. അതിനായി ചെയ്ത കൊടുംക്രൂരതകള്‍ അവിടത്തെ ജനതതിയുടെ മാത്രമല്ല, മനുഷ്യവംശത്തിന്‍െറ ചരിത്രംതന്നെ മാറ്റിയെഴുതി. ആദിമജനതകളുടെയും ഗോത്രങ്ങളുടെയും നേര്‍ക്ക് നടത്തിയ ഹീനമായ ആക്രമണങ്ങള്‍ അവിടെ ഒരു യൂറോപ്യന്‍ കുടിയേറ്റ കോളനി സ്ഥാപിക്കുന്നതിനായിരുന്നു; ആ ഭൂമിയും പ്രകൃതിവിഭവങ്ങളും കൈയടക്കുന്നതിനായിരുന്നു.
ഏഷ്യയിലെ കുറേക്കൂടി സങ്കീര്‍ണമായ ഫ്യൂഡല്‍സമൂഹങ്ങളെ ഇങ്ങനെ പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് അവിടങ്ങളില്‍ സൈനികമായ മേല്‍ക്കൈ നേടുകയും തദ്ദേശീയരെ നേരിട്ടോ അല്ലാതെയോ ഭരിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ അത്തരം പ്രദേശങ്ങളില്‍ പില്‍ക്കാലത്ത് വലിയ കൊളോണിയല്‍വിരുദ്ധ സമരങ്ങള്‍ ഉയര്‍ന്നുവരുകയും യൂറോപ്യന്‍ ശക്തികള്‍ക്ക് ആത്യന്തികമായി രാഷ്ട്രീയാധികാരം കൈയൊഴിയേണ്ടിവരുകയും ചെയ്തു.
എന്നാല്‍ അമേരിക്ക, കാനഡ, ആസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ കുടിയേറ്റം വെള്ളക്കാരെ അവിടങ്ങളില്‍ ഭൂരിപക്ഷമാക്കി മാറ്റി. ആസ്ട്രേലിയയിലെആദിമജനതകളെ നിഗ്രഹിച്ചതുപോലെ ക്രൂരമായി ന്യൂസിലന്‍ഡിലെ മാവോറികളെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. അവര്‍ സായുധമായിത്തന്നെ ചെറുത്തുനിന്നു. ആ യുദ്ധങ്ങളുടെ സ്മാരകങ്ങളില്‍ ചിലത് ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മാവോറി സംസ്കാരത്തെ ഉള്‍ക്കൊള്ളാനുള്ള ശ്രമങ്ങളിലൂടെ അധിനിവേശചരിത്രത്തിന് മറയിടാന്‍ അവിടത്തെ സര്‍ക്കാര്‍ ശ്രദ്ധിച്ചുപോരുന്നു.
കാനഡയിലും അമേരിക്കയിലും വന്‍ ചെറുത്തുനില്‍പുകള്‍ പലഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആത്യന്തികമായ വിജയം യൂറോപ്യന്‍ അധിനിവേശകര്‍ക്കായിരുന്നു. എന്നാല്‍, രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായ അപകോളനീകരണത്തിന്‍െറ കാലഘട്ടത്തില്‍ അയവേറിയതും ജനാധിപത്യപരവുമായ ഒരു കുടിയേറ്റനയം സ്വീകരിക്കാന്‍ ഈ രാജ്യങ്ങള്‍ക്ക് തയാറാവേണ്ടിവന്നു. ഇത് അവരുടെ ഒൗദാര്യമായിരുന്നില്ല. മറിച്ച് തദ്ദേശവാസികള്‍ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യത്ത് കുടിയേറ്റക്കാരായ ഭൂരിപക്ഷത്തിന് രാഷ്ട്രീയമായ അര്‍ഥത്തില്‍ ‘ദേശീയത’ അവകാശപ്പെടാന്‍ കഴിയില്ളെന്ന യാഥാര്‍ഥ്യത്തോടുള്ള അവരുടെ പൊരുത്തപ്പെടലായിരുന്നു.
ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് ചരിത്രപരമായ അര്‍ഥത്തില്‍ പുതിയ ആളുകള്‍ അവിടങ്ങളില്‍ പ്രവേശിക്കുന്നതിനെ തടയാനുള്ള ധാര്‍മികമായ അവകാശമില്ല. ഇതാണ് യൂറോപ്യന്‍ കുടിയേറ്റ നിയമങ്ങളില്‍നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. കോളനിവത്കരണത്തിന്‍െറ അന്ത്യത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് യൂറോപ്യന്‍ അധിനിവേശകര്‍ക്ക് പിന്മാറേണ്ടി വന്നെങ്കില്‍ ഈ രാജ്യങ്ങളിലെ സ്ഥിതി അതായിരുന്നില്ല.
തദ്ദേശവാസികളെ ഏതാണ്ട് പൂര്‍ണമായും ഇല്ലാതാക്കി അവരുടെ ആകാശവും ഭൂമിയും അധിനിവേശകര്‍ സ്വന്തമാക്കിയതാണ്. അങ്ങോട്ട് ഇനിയാരും ചെല്ളേണ്ട എന്ന് അവര്‍ പറയുന്നത്, ലോകം അംഗീകരിക്കാത്തത്, അതുകൊണ്ടാണ്. ഈ പ്രദേശങ്ങള്‍ വെള്ളക്കാരുടെ സ്വന്തമല്ല. കാനഡ ഒരര്‍ഥത്തില്‍ ഈ യാഥാര്‍ഥ്യം അമേരിക്കയെക്കാള്‍ നന്നായി ഉള്‍ക്കൊള്ളുന്നതായാണ് ഈ രാജ്യങ്ങളില്‍ പോകുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത്.
രണ്ടാം ലോകയുദ്ധത്തിനുശേഷം രൂപംകൊണ്ട സമവായങ്ങള്‍, കുടിയേറ്റവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എല്ലാ ദേശരാഷ്ട്രങ്ങള്‍ക്കും അവസരം നല്‍കുന്നതാണ്. എന്നാല്‍, അതിന്‍െറമാത്രം അടിസ്ഥാനത്തില്‍ ഇപ്പോള്‍ ട്രംപ് ചെയ്യുന്നതുപോലെ കടുത്ത തീരുമാനങ്ങളെടുക്കാന്‍ തദ്ദേശീയര്‍ക്ക് ഭൂരിപക്ഷമില്ലാത്ത പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ തുനിയുന്നത് യഥാര്‍ഥത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ചര്‍ച്ചയാവേണ്ടതാണ്.
വമ്പിച്ച പ്രക്ഷോഭമാണ് ഇതിനെതിരെ അമേരിക്കയില്‍ ഉണ്ടായിരിക്കുന്നത്. ആ പ്രക്ഷോഭത്തെ സര്‍വാത്മനാ പിന്തുണക്കാനുള്ള ബാധ്യത ഇന്ത്യപോലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കുമുണ്ട്. അധിനിവേശത്തിന്‍െറ രക്തസ്നാതമായ ഹീനചരിത്രത്തെ നിസ്സാരവത്കരിക്കുന്ന ട്രംപിന്‍െറ സമീപനം അമേരിക്കന്‍ വര്‍ണവെറിയുടെ ഭൂത-വര്‍ത്തമാനങ്ങളും അതിന്‍െറ നൈതിക ശൂന്യതകളും മറയില്ലാതെ വെളിവാക്കുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.