രണ്ടു പതിറ്റാണ്ടില്‍, അല്‍ജസീറ താണ്ടിയ വഴികള്‍
text_fieldsഎണ്‍പതുകളുടെ മധ്യം. ഫാറൂഖ് കോളജ് കാമ്പസിലും ഉണ്ടായിരുന്നു പുറംവാസികളായ ഏതാനും മനുഷ്യര്‍. പലപ്പോഴും അവര്‍ അവരുടെതായ ലോകത്തുതന്നെയായിരുന്നു. ഫലസ്തീന്‍, ജോര്‍ഡന്‍ എന്നിവിടങ്ങളില്‍നിന്ന് ഉപരിപഠനം തേടി വന്നവരാണിവര്‍. രാജാഗേറ്റിനോട് ചേര്‍ന്ന പഴയ പി.ജി ഹോസ്റ്റലിലും ചേക്കേറിയിരുന്നു അവരില്‍ ചിലര്‍. മലയാളി സൗഹൃദങ്ങള്‍ ഈ അറബ് പുറംവാസികള്‍ക്ക് അത്രയൊന്നും ഉണ്ടായിരുന്നതായി അറിവില്ല. നഷ്ടപ്പെട്ട നാടിന്‍െറയും ബന്ധങ്ങളുടെയും അറിയാ നോവുകള്‍ പക്ഷേ, ആ മുഖരേഖകളില്‍ ആര്‍ക്കും വായിച്ചെടുക്കാം. കാമ്പസിന്‍െറ ആരവങ്ങളില്‍നിന്ന് ആകുംവിധമൊക്കെ ഒഴിഞ്ഞുനിന്ന അവരില്‍ ചിലര്‍ വൈകീട്ട് കാല്‍പന്തുകളി സംഘത്തില്‍ സജീവമായിരുന്നു.
ഫാറൂഖ് വിട്ടതോടെ ആ ഫലസ്തീന്‍ സംഘവും ഓര്‍മയില്‍നിന്ന് മാഞ്ഞു. പിന്നീടെപ്പോഴോ, അല്‍ജസീറയെന്ന പുതുചാനലില്‍ കണ്ടെടുത്തു, കൂട്ടത്തില്‍ ഒരാളുടെ മുഖം. സുഹൃത്താണ് പറഞ്ഞത്, ഫാറൂഖ് കോളജില്‍ പഠിച്ചിരുന്ന താരിഖ് അയ്യൂബ് ആണ് അതെന്ന്. അല്‍ജസീറയുടെ ഗസ്സ റിപ്പോര്‍ട്ടറായി അവന്‍ നല്‍കുന്ന വാര്‍ത്തകള്‍ക്കുള്ള കാത്തിരിപ്പായിരുന്നു പിന്നെ. ഓരോ വാര്‍ത്ത കാണ്‍കെയും ഉള്ളില്‍ സങ്കടത്തിന്‍െറ കടലിരമ്പം. കൂട്ടത്തില്‍ ഉണ്ടായിട്ടും ആര്‍ക്കും ആ പ്രതിഭയെ തിരിച്ചറിയപ്പെടാതെ പോയതിന്‍െറ ലജ്ജയും നിരാശയും. ഗസ്സയുടെ വഴിയോരങ്ങളില്‍, ആഞ്ഞുതറക്കുന്ന വികാരപടര്‍പ്പില്‍ സ്വന്തം ജനതയുടെ പൊള്ളുന്ന നോവുകള്‍ പങ്കുവെക്കുന്ന താരിഖ് അയ്യൂബ്. നിന്നു ജ്വലിക്കുകയായിരുന്നു അവന്‍ പലപ്പോഴും. ഉള്ളില്‍ നിന്നുയരുന്ന വാക്കുകള്‍ക്ക് പരുക്കന്‍ ദ്രുതതാളം.
2003 മാര്‍ച്ചില്‍ യാങ്കിയുടെ ഇറാഖ് അധിനിവേശം റിപ്പോര്‍ട്ട് ചെയ്യാന്‍ അല്‍ജസീറ ബഗ്ദാദില്‍ നിയോഗിച്ചതും അവനെത്തന്നെ. ‘എംബഡഡ്’ അശ്ലീലത തൊട്ടുതീണ്ടാതെ, ഇറാഖ് മണ്ണില്‍ യാങ്കി ക്രൂരതയുടെ നേര്‍സാക്ഷ്യങ്ങളായിരുന്നു അവന്‍െറ ഇറാഖ് റിപ്പോര്‍ട്ടുകള്‍. യു.എസ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന ഭവനത്തില്‍ ചിതറിയ കുഞ്ഞുടലുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യവേ, മാധ്യമദൗത്യം മറന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുകയാണോ അവന്‍ എന്നും തോന്നിച്ചു (അല്ലേലും, കംഫര്‍ട്ട് സോണില്‍ കഴിയുമ്പോള്‍ നമുക്ക് ഇങ്ങനെ പലതും തോന്നാം).
ബഗ്ദാദില്‍ അവനുമായി ഒരുഅഭിമുഖം ഉള്ളില്‍ ഉറപ്പിച്ചിരുന്നു. പഴയ കാമ്പസ് അനുഭവങ്ങളും പോരാട്ടത്തിന്‍െറ മാധ്യമവഴികളും ഫലസ്തീന്‍ ജനതയുടെ സങ്കടപര്‍വവും ചോദ്യങ്ങളായി ഉള്ളില്‍ ശരിപ്പെടുത്തുകയും ചെയ്തു. പക്ഷേ, ബഗ്ദാദിലേക്കുള്ള വഴിമധ്യേ അറിഞ്ഞു, യു.എസ് മിസൈല്‍ ആക്രമണത്തില്‍ അല്‍ജസീറ കെട്ടിടത്തിനൊപ്പം താരീഖ് അയ്യൂബും എന്നന്നേക്കുമായി അവസാനിച്ചിരിക്കുന്നുവെന്ന്. ബഗ്ദാദില്‍ കണ്ടത്, തകര്‍ന്ന അല്‍ജസീറ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍, അവന്‍െറ വരണ്ടുണങ്ങിയ ചോരപ്പാടുകള്‍മാത്രം. നിറഞ്ഞ കണ്ണോടെ, ഉള്ളില്‍ ഇരമ്പുന്ന പ്രാര്‍ഥനയോടെ തെല്ലിട അവിടെ നിന്നു. അല്‍ജസീറയുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തൈസീര്‍ അലുനിക്കും അന്ന് സങ്കടംകൊണ്ട് വാക്കുകള്‍ മുറിഞ്ഞു.
പ്രിയസുഹൃത്തിന്‍െറ ചിതറിത്തെറിച്ച മാംസത്തുണ്ടുകള്‍ കീറച്ചാക്കില്‍ തൂക്കിയെടുത്തത് തൈസീര്‍ ആയിരുന്നലല്ലോ. അല്‍ജസീറ ഇപ്പോള്‍ ഇരുപതാം വാര്‍ഷിക നിറവില്‍. ദോഹയില്‍ നടന്ന ആഘോഷച്ചടങ്ങില്‍ യാത്രാവഴിയില്‍ പിടഞ്ഞുവീണ താരിഖ് അയ്യൂബ് ഉള്‍പ്പെടെ ഒരു ഡസനോളം മാധ്യമപ്രവര്‍ത്തകരെ കണ്ണീരോടെ സഹപ്രവര്‍ത്തകര്‍ ഓര്‍മിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ചടങ്ങിനത്തെിയിരുന്നു.
ജേണലിസത്തില്‍ എന്നും രണ്ട് വഴികളുണ്ട്- കംഫര്‍ട്ട് സോണും കോണ്‍ഫ്ളിക്ട് സോണും (comfort and conflict zones). തുടക്കം മുതല്‍ അല്‍ജസീറയും അതിന്‍െറ മാധ്യമപ്രവര്‍ത്തകരും രണ്ടാമത്തെ, അതായത് സംഘര്‍ഷ സോണിലാണ് നിലയുറപ്പിച്ചത്. അതുകൊണ്ടു തന്നെ ഭീഷണിയും മരണവും അപായവും അവര്‍ക്കൊപ്പം എന്നുമുണ്ട്. അറിഞ്ഞുകൊണ്ട് തെരഞ്ഞെടുത്തതാണ് ഈ വഴി. ചാനല്‍ നടത്തിപ്പിന്‍െറ പേരില്‍ ഖത്തര്‍ ഭരണകൂടം കേട്ട പഴിക്ക് കണക്കില്ല. നിരോധനവും അറസ്റ്റും നിര്‍ബാധം നടന്നു. തീവ്രവാദബന്ധം ചാര്‍ത്തി പലരെയും തടങ്കലില്‍ അടച്ചു. അപ്പുറത്തും ഇപ്പുറത്തുമുള്ള സൗഹൃദരാഷ്ട്രങ്ങള്‍പോലും ഖത്തറിനെ ഒറ്റപ്പെടുത്തുകയായിരുന്നു. എന്നിട്ടും പക്ഷേ, ഖത്തര്‍ തളര്‍ന്നില്ല.
കംഫര്‍ട്ട് സോണിന്‍െറ സുരക്ഷിതകവചം അവര്‍ വേണ്ടെന്നുവെച്ചു. എന്തിനും ഏതിനും വിധേയത്വം പുലര്‍ത്താന്‍ വിധിക്കപ്പെട്ട അറബ് പൊതുവികാരത്തിന് കുറുകെയുള്ള സാഹസിക വഴിനടത്തം തന്നെയായിരുന്നു അത്. അതുകൊണ്ടുതന്നെ ഒരു ധീരബദല്‍ മാധ്യമം എന്ന ക്ളീഷേയില്‍ ഒതുങ്ങുന്നില്ല ഈ ചാനല്‍. ഗള്‍ഫില്‍ പിറവികൊണ്ട രാഷ്ട്രീയ, മാധ്യമ, നൈതിക ബദല്‍ എന്ന വിശാലത ഒരുപക്ഷേ, നന്നായിണങ്ങും അല്‍ജസീറക്ക്. പകരം വെക്കാന്‍ ഇന്നും മറ്റൊന്നില്ലാതിരിക്കെ, വിശേഷിച്ചും.
രാഷ്ട്രനേതാക്കളുടെ പോക്കുവരവ് മാത്രമാണ് മാധ്യമധര്‍മം എന്നു കരുതിയിടത്തുനിന്നാണ് അല്‍ജസീറ ആദ്യം കുതറിമാറിയത്. ആരും ചെന്നത്തൊന്‍ ആഗ്രഹിക്കാത്ത സംഘര്‍ഷസ്ഥലികളിലേക്കായിരുന്നു തുടര്‍യാത്രകള്‍. അഫ്ഗാന്‍ അധിനിവേശം ലോകത്തെ അറിയിക്കാന്‍ മറ്റാരും തന്നെ ഇല്ലായിരുന്നു. ആഫ്രിക്കയുടെ ഗദ്ഗദങ്ങളും അതിജീവനവും പരുക്കന്‍ ദൃശ്യങ്ങളില്‍ ആദ്യമായി കാണുകയായിരുന്നു ലോകം; അല്‍ജസീറയിലൂടെ. ഇന്നും അതില്‍ മാറ്റമില്ല. പത്തു വര്‍ഷം മുമ്പ് അല്‍ജസീറയുടെ ഇംഗ്ളീഷ് ചാനലും യാഥാര്‍ഥ്യമായി.
അല്‍ജസീറ ഓണ്‍ലൈന്‍, ഡോക്യുമെന്‍ററി വിഭാഗങ്ങള്‍ക്ക് പകരംവെക്കാനും മറ്റൊന്നില്ല, ലോകത്തിന്‍െറ കൈയില്‍. ഒന്നും കൂസാതെ ഇറങ്ങിത്തിരിക്കാന്‍ ചങ്കുറപ്പുള്ള കുറേ മാധ്യമപ്രവര്‍ത്തകര്‍. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ സദാ സന്നദ്ധമായ ചാനല്‍ നടത്തിപ്പുകാര്‍. ഒപ്പം പുതുകാലത്തിന്‍െറ മികച്ച സാങ്കേതിക വൈദഗ്ധ്യവും. വെറുതെയല്ല, അല്‍ജസീറയെ ഇന്നും ലോകം പ്രണയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.