നവോത്ഥാന വിരുദ്ധതയുടെ നാള്‍വഴികള്‍
text_fieldsനവജനാധിപത്യത്തിെൻറ മുന്നേറ്റംകുറിച്ച സമരങ്ങൾ കേരളത്തിൽ സജീവമാകുന്നത് എൺപതുകളിലാണ്. എഴുപതുകളിലെ രാഷ്ട്രീയ ചലനങ്ങളുടെ ചുവടുപിടിച്ചാണ് ആ സമരങ്ങൾ ശക്തമായ നൈതിക-രാഷ്ട്രീയമാനങ്ങൾ കൈവരിച്ചത്. ജനാധിപത്യസങ്കൽപങ്ങളിൽ ലോകമെമ്പാടുമുണ്ടായ മാറ്റങ്ങൾ അതിൽ ഒരു പ്രധാന പങ്കുവഹിച്ചിരുന്നു. മുതലാളിത്തവ്യവസ്ഥയുടെ സാമ്പത്തിക പ്രതിസന്ധികൾ ഒാരോന്നും ഒരേസമയം പാവപ്പെട്ട തൊഴിലാളികളെയും പാർശ്വവല്കൃതരെയും കൂടുതൽ പാപ്പരീകരിക്കുകയും എന്നാൽ അതിനു സമാന്തരമായി വിപ്ലവശക്തികൾ ബദൽ സാമ്പത്തിക മാതൃകകൾ മുന്നോട്ടുെവച്ചുകൊണ്ട് ഉയര്ന്നുവരാതിരിക്കുകയുംചെയ്ത ലോകസാഹചര്യം അറുപതുകളിലും എഴുപതുകളിലും വലിയ നിരാശകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ, ആ നിരാശകളെയും വ്യാകുലതകളെയും ഒരു പരിധിവരെ മറികടക്കാൻ ജനാധിപത്യവിശ്വാസികളെ പ്രേരിപ്പിച്ചത് ആഗോളതലത്തിൽ ശക്തമായ സാന്നിധ്യമായി മാറിയ നവസാമൂഹിക പ്രസ്ഥാനങ്ങൾ ആയിരുന്നു. പരിസ്ഥിതിവാദത്തിെൻറയും മനുഷ്യാവകാശത്തിെൻറയും ലിംഗനീതിയുടെയും വർണ/ജാതി സമത്വത്തിെൻറയും രാഷ്ട്രീയം മുതലാളിത്ത ലിബറൽ ജനാധിപത്യഘടനക്കുള്ളിൽ ആവശ്യമായ പരിഷ്കരണങ്ങളിൽ ഉൗന്നുന്നതും പാർശ്വവൽകൃതസമൂഹങ്ങൾ ദേശരാഷ്ട്രത്തിെൻറ അതിരുകള്‍ക്കുള്ളിലും പുറത്തേക്കും തിരിച്ചുമുള്ള വഴികളിലും വിവിധതലങ്ങളിൽ നേരിടുന്ന നീതിരഹിതമായ തമസ്കരണങ്ങളെയും വർഗേതരമായ ചൂഷണങ്ങളെയും തുറന്നുകാട്ടുന്നതുമായിരുന്നു. സമഗ്രമായ സാമൂഹിക-സാംസ്കാരിക പരിവര്‍ത്തനത്തിെൻറ വിശാലമായ ഒരു മുന്നണി തന്നെയായിരുന്നു അങ്ങനെ ഉയര്‍ന്നുവന്നത്. ആ രാഷ്ട്രീയം കേരളത്തിെൻറ പൊതുബോധത്തില്ഏൽപിച്ച ആഘാതം വളരെ വലുതായിരുന്നു.
അതിെൻറ ഫലമായി കേരളത്തിലെ സാംസ്കാരികരാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമായിത്തീര്‍ന്ന നിരവധി സംവാദങ്ങൾ രൂപപ്പെട്ടു. എല്ലാം വർഗരാഷ്ട്രീയത്തിന് കീഴ്പ്പെട്ടിരിക്കുന്നു എന്നും അതാണ് പ്രാഥമികമായ വിശകലന പരിപ്രേക്ഷ്യമെന്നുമുള്ള സൈദ്ധാന്തിക ദുഃശ്ശാഠ്യം ജനാധിപത്യപരമായ പരിഷ്കരണങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നു എന്നത് യാഥാസ്ഥിതികർ അംഗീകരിക്കാൻ കൂട്ടാക്കിയില്ലെങ്കിലും ജനസാമാന്യത്തിനിടയില്‍, അവരുടെ ചിന്തയിലും ഇടപെടലുകളിലും, ആശയപരമായി വേരോട്ടം നേടുക തന്നെചെയ്തു. കക്ഷിരാഷ്ട്രീയത്തിെൻറ കേവലമായ അജണ്ടകളിൽ കുടുങ്ങി ചരിത്രപരമായ മറ്റൊരു മുന്നേറ്റം നഷ്ടമാവുമായിരുന്ന ആ സന്ദര്‍ഭത്തെ ജനാധിപത്യപരമായി വീണ്ടെടുക്കാൻ കേരളം നടത്തിയ ധീരമായ ചെറുത്തുനില്‍പ്പായിരുന്നു നവസാമൂഹികതയുടെ ഉള്ളടക്കത്തിെൻറ കാതല്‍.
മുതലാളിത്തത്തിനും അധീശശക്തികള്ക്കും നവ ലിബറൽ ആഗോളവത്കരണത്തിെൻറ അർഥവും വ്യാപ്തിയും മനസ്സിലാക്കാൻ കഴിയാതെവന്ന കാലത്ത് അതിെൻറ രാഷ്ട്രീയമാനങ്ങൾ ആഴത്തിൽ ഉള്‍ക്കൊണ്ടുകൊണ്ടാണ് കേരളത്തിൽ സിവിൽ സമൂഹ സമരങ്ങൾ കരുത്തുനേടിയത്. സ്ത്രീപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും മനുഷ്യാവകാശ പ്രശ്നങ്ങളും സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് അധികാരവുമായി നേരിട്ട് ഏറ്റുമുട്ടിയ സിവിൽ സമൂഹ പ്രസ്ഥാനങ്ങള്‍ക്കും അതിെൻറ മുന്നണിയിൽ പ്രവര്‍ത്തിച്ച നിരവധി സമാനമനസ്കര്‍ക്കും പൊലീസിെൻറയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കടുത്ത സമ്മർദങ്ങളും ആക്രമണങ്ങളും നേരിടേണ്ടിവന്നു എന്നത് ഒരു ചരിത്ര വസ്തുതയാണ്. ഒരു സമൂഹത്തിെൻറ നിലനിൽപിനെക്കുറിച്ചും അതിെൻറ ജനാധിപത്യപരമായ പുനര്നിർമിതിയെക്കുറിച്ചും ഓർമിപ്പിക്കുകയും അതിനുവേണ്ടി ആശയപരമായി നേതൃത്വം കൊടുക്കുകയുംചെയ്ത സിവിൽ സമൂഹ രാഷ്ട്രീയത്തെ അവമതിപ്പെടുത്താൻ ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയം നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു എന്നത് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അവിശ്വസനീയമായി തോന്നുകയാണ്. ലോകത്തിലെ ഏറ്റവും പുരോഗമനോന്മുഖമായ രാഷ്ട്രീയബോധത്തെ കേരളത്തിൽ ഉയര്‍ത്തിപ്പിടിക്കാൻ ശ്രമിച്ചവരെയാണ് പ്രതിലോമകാരികളും വികസനവിരുദ്ധരും പുരുഷവിരുദ്ധരും കേവല ജാതി സ്വത്വവാദികളും ഒക്കെയായി ചിത്രീകരിച്ചുകൊണ്ട് ഇല്ലാതാക്കാൻ ശ്രമിച്ചത്.
എന്നാൽ, ഇൗ എതിര്‍പ്പുകളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് നവസാമൂഹികത കേരളത്തിൽ ശക്തിപ്രാപിക്കുക തന്നെയാണ് ഉണ്ടായത്. ആ കാലഘട്ടത്തിൽ കേരളത്തിൽ ആരംഭിച്ച രാഷ്ട്രീയധ്രുവീകരണത്തിന് മറ്റൊരു മുഖംകൂടി ഉണ്ടായിരുന്നു. എൺപതുകളുടെ തുടക്കത്തിലാണ് കേരളത്തില്ഹിന്ദുത്വ രാഷ്ട്രീയം ശക്തമാവുന്നത്. അടിയന്തരാവസ്ഥയുടെ വിമര്‍ശനങ്ങളില്‍നിന്ന് മുതലെടുത്തുകൊണ്ടും പ്രാദേശികരാഷ്ട്രീയത്തിൽ നവജനാധിപത്യത്തിെൻറ അനുരണനങ്ങൾ സൃഷ്ടിക്കുന്ന പരിവര്‍ത്തനങ്ങളിൽ അക്ഷമപൂണ്ടും കേരളത്തിെൻറ രാഷ്രീയ മണ്ഡലത്തിൽ ചുവടുറപ്പിക്കാനുള്ള ശ്രമമാണ് ഹിന്ദുത്വശക്തികൾ ആരംഭിച്ചത്. അതിന് വേരോട്ടം ഉണ്ടാകേണ്ട സാഹചര്യമായിരുന്നു അന്ന് കേരളത്തിൽ ഉണ്ടായിരുന്നത് എങ്കിലും അത് സാധ്യമാവാതെവന്നതിനുള്ള പ്രധാന കാരണം ആശയപരമായി കേരളസമൂഹത്തിൽ നവസാമൂഹികതയുടെ രാഷ്ട്രീയം ശക്തമായിക്കൊണ്ടിരുന്നു എന്നതായിരുന്നു. കേരളത്തിെൻറ ഇരുപതുകളും മുപ്പതുകളും എങ്ങനെയാണോ രാഷ്ട്രീയമായി നവീനാശയങ്ങളുടെ പരീക്ഷണവേദിയായി മാറിയത് അതുപോലെ എണ്‍പതുകളും തൊണ്ണൂറുകളും മറ്റൊരു ജനാധിപത്യ പരീക്ഷണത്തിന്കൂടി കേരളീയ സമൂഹത്തെ പ്രാപ്തമാക്കുന്നതാണ് കാണുവാൻ കഴിഞ്ഞത്. മുമ്പ് കാണാത്തവിധം പരിസ്ഥിതി സമരങ്ങളുടെയും മുന്നറിയിപ്പുകളുടെയും കരുതലുകളുടെയും പ്രവാഹംതന്നെ ആ കാലത്തുണ്ടായി. ദലിത്രാഷ്ട്രീയം ഇടക്കാലത്തെ നിർജീവാവസ്ഥയും പിന്നോട്ടടികളും പഴംകഥയാക്കി എല്ലാ അധീശവ്യവഹാരങ്ങളിലെയും ജാതിബോധത്തെ കണ്ടെത്തുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പ്രക്രിയയെ കൂടുതൽ ഉയര്‍ന്ന പടവുകളിലേക്ക് കൊണ്ടുപോയി. സ്ത്രീവാദ രാഷ്ട്രീയം രാഷ്ട്രീയപ്പാര്ട്ടികള്ക്കുള്ളില്വരെയുള്ള ലിംഗപരമായ അസമത്വങ്ങളെ മറയില്ലാതെ വിമര്‍ശിച്ചും സ്ത്രീസ്വാതന്ത്ര്യത്തിന് അനുപേക്ഷണീയമായ ഘടനാപരമായ നിയമ-ഭരണ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകൾ വികസിപ്പിച്ചും പൊതുബോധത്തെ നവീകരിക്കാൻ ശ്രമിച്ചു. ജയില്പരിഷ്കരണം മുതൽ ലോക്കപ്പ് മർദനങ്ങള്വരെയുള്ള പ്രശ്നങ്ങൾ ഏറ്റെടുത്ത് മനുഷ്യാവകാശ പ്രവര്‍ത്തകർ ജനാധിപത്യ രാഷ്ട്രീയത്തിെൻറ അതിരുകൾ വിശാലമാക്കി. ഇതെല്ലാം മാറിമാറിവന്ന സര്‍ക്കാറുകളെ വിറളിപിടിപ്പിച്ചിരുന്നുവെങ്കിലും കേരളസമൂഹത്തിന് ഈ രാഷ്ട്രീയം സ്വീകരിക്കുകയല്ലാതെ സ്വയം നവീകരണത്തിന് മറ്റൊരു വഴിയുണ്ടായിരുനില്ല എന്നതാണ് വസ്തുത.
ഈ രാഷ്ട്രീയത്തിന് പക്ഷേ, തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. അതില്ഏറ്റവും പ്രധാനം ദലിത് ആദിവാസി ഭൂസമരങ്ങൾ ലക്ഷ്യം കണ്ടില്ല എന്നതാണ്. കേരളത്തിെൻറ പുനര്‍നിർമാണത്തിന് അത്യന്താപേക്ഷിതമായിരുന്ന രണ്ടാം ഭൂപരിഷ്കരണത്തിെൻറ അജണ്ട ഉള്‍ക്കൊള്ളാനും നടപ്പാക്കാനും കഴിയുന്ന രാഷ്ട്രീയ നേതൃത്വം ഉണ്ടായിരുന്നില്ല എന്നതും കക്ഷിരാഷ്ട്രീയത്തിെൻറ എല്ലാ തലങ്ങളിലും നവയാഥാസ്ഥിതികത്വം പിടിമുറുക്കിയിരുന്നു എന്നതും മറക്കാൻ കഴിയുന്ന കാര്യമല്ല. ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കണം എന്ന സുപ്രീംകോടതി വിധിയെ മറികടക്കാൻ ലജ്ജ തൊട്ടുതീണ്ടാതെ മുടന്തൻ നിയമനിർമാണത്തിന് മുതിര്‍ന്ന രാഷ്ട്രീയനേതൃത്വം എത്ര നീചവും മനുഷത്വരഹിതവുമായ ജാതിബോധത്തിെൻറ ഉടമകളായിരിക്കും എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
ആദിവാസി-ദലിത് ഭൂസമരങ്ങളെ തകര്‍ക്കാൻ നടത്തിയ ഈ നിയമനിർമാണവും അതിെൻറ കാപട്യങ്ങളും യഥാർഥത്തിൽ ചതിച്ചത് കേരളത്തിെൻറ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന നവോത്ഥാനചരിത്രത്തെ ആയിരുന്നു. കേരളത്തിെൻറ ആധുനികതയുടെ ഏറ്റവും പുരോഗമനപരമായ മുഖത്താണ് ഈ നിയമനിർമാണം പ്രഹരിച്ചത്. സ്വാതന്ത്ര്യാനന്തര കേരളത്തിൽ ഏറ്റവും വലിയ നവോത്ഥാനവിരുദ്ധ പ്രവര്‍ത്തനം ആദിവാസി സമൂഹത്തിന് അനുകൂലമായുണ്ടായ സുപ്രീംകോടതിവിധി അട്ടിമറിച്ച വഞ്ചനയായിരുന്നു. നവസാമൂഹികത കേരളത്തിൽ ശക്തമായി ചെറുത്തുപോന്ന ഹിന്ദുത്വരാഷ്ട്രീയത്തിന് കരുത്തായത് നവോത്ഥാനവിരുദ്ധവും ആദിവാസി-ദലിത് വിരുദ്ധവുമായ ഈ സമീപനമായിരുന്നു. കൊളോണിയൽ ആധുനികതയും ജനാധിപത്യവുമായി കേരളസമൂഹം ഉണ്ടാക്കിയ സമര്‍ത്ഥമായ അനുരഞ്ജനങ്ങളെ ഈ നിയമനിർമാണം കടപുഴക്കിയെറിഞ്ഞു. പിന്മടങ്ങിക്കൊണ്ടിരുന്ന ജാത്യാധീശത്വവും ബ്രാഹ്മണ്യവ്യവസ്ഥയും കേരളത്തിെൻറ പൊതുമണ്ഡലത്തിലേക്ക് തിരിച്ചുകയറിയ അനവധി ഇരുള്വഴികളിലൊന്ന് ചെന്നുനില്ക്കുന്നത് ആദിവാസി വിരുദ്ധതയുടെയും രണ്ടാം ഭൂപരിഷ്കരണ അജണ്ടയുടെ തിരസ്കരണത്തിെൻറയും രാഷ്ട്രീയത്തിലാണ്. ഭരണഘടനാ പ്രമാണങ്ങളുടെ കൂടി ലജ്ജാകരമായ ലംഘനമായിരുന്നു ആദിവാസി വിരുദ്ധനിയമം പാസാക്കാന്കുറുക്കുവഴികള്തേടിയ രാഷ്ട്രീയനേതൃത്വം നടത്തിയത് എന്നത് ഇപ്പോഴും പൂർണമായും ഉള്ക്കൊള്ളാന്കഴിയുന്നില്ല.
ഇതോടെ കേരളം മുറുകെപ്പിടിക്കുന്നു എന്ന് ഉപരിപ്ലവമായെങ്കിലും ഉരുവിട്ടുകൊണ്ടിരുന്ന നവോത്ഥാനപാരമ്പര്യത്തോട് യാതൊരു പ്രതിബദ്ധയും ഇവിടുത്തെ രാഷ്ട്രീയസമൂഹത്തിനില്ല എന്നത് വ്യക്തമാക്കപ്പെട്ടു. സുപ്രീംകോടതിവിധി പോലും കാറ്റില്പറത്താവുന്ന ഒന്നാണ് എന്ന ധാരണയാണ് അത് അവശേഷിപ്പിച്ചത്. കേരളത്തിെൻറ ആധുനികതയുടെ പ്രഘോഷണങ്ങള്എത്രമാത്രം പൊള്ളയും അടിയുറപ്പില്ലാത്തതുമാണ് എന്നും ആത്യന്തികമായ വിജയം ശൂദ്ര-ബ്രാഹ്മണ്യ രാഷ്ട്രീയത്തിനായിരിക്കുമെന്നും അത് കാട്ടിത്തരുകയായിരുന്നു. നവോത്ഥാനം എന്നത് വെറും വാചാടോപം ആണെന്നും ശൂദ്ര-ബ്രാഹ്മണ്യ രാഷ്ട്രീയത്തിന് ഇവിടെ ആഴത്തില്വേരോട്ടമുണ്ടെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാവുകയായിരുന്നു. നവോത്ഥാന പാരമ്പര്യവും ഭരണഘടനാ പ്രമാണങ്ങളും ലംഘിക്കുന്ന ആ ആദിവാസി-ദലിത്വിരുദ്ധ രാഷ്ട്രീയത്തിെൻറ യുക്തിപരമായ മറ്റൊരു കടന്നുകയറ്റമാണ് ശബരിമലസമരത്തിലും കാണുവാന്കഴിയുന്നത്.
കൊളോണിയല്കാലത്തെ ആധുനികതയുടെ ജനാധിപത്യപരമായ മുന്നേറ്റങ്ങളെ മാത്രമല്ല, അടിയന്തരാവസ്ഥക്കുശേഷം കേരളത്തില്ഉയര്ന്നുവന്ന നവസാമൂഹികതയുടെ ജനാധിപത്യവല്ക്കരണങ്ങളോടും കടുത്ത ശത്രുതയും വെറുപ്പുമാണ് ഈ പുതിയ ഹിന്ദുത്വരാഷ്ട്രീയത്തിെൻറ മുഖമുദ്ര. ഇതിനെ ചെറുക്കാന്‍ കടംകൊണ്ട വാക്കുകള്‍കൊണ്ടുള്ള വാചാടോപങ്ങൾ മതിയാവില്ല എന്നതാണ് കേരളത്തിെൻറ ദലിത് ആദിവാസി-സ്ത്രീ വിരുദ്ധ സമീപനങ്ങളുടെ സമീപകാല ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.