എരിതീയിൽ എണ്ണപകരുന്ന സേന
text_fieldsഏതാനും മാസമായി ശാന്തി കളിയാടിയിരുന്ന കശ്മീർ താഴ്വരയിൽ വീണ്ടും അശാന്തി പിടിമുറുക്കുമെന്ന ആശങ്ക ശക്തിപ്രാപിച്ചിരിക്കുന്നു. മാർച്ച് അന്ത്യത്തിൽ ചദൂറ മേഖലയിലെ ദാർബഗ് ഗ്രാമത്തിലെ വെടിവെപ്പാണ് ഇൗ ആശങ്കക്ക് നിദാനം. തീവ്രവാദിയെന്ന് കരുതുന്ന ഒരു യുവാവിനെ ഗ്രാമത്തിൽ സുരക്ഷവിഭാഗം മാർച്ച് 28ന് തോക്കിനിരയാക്കുകയുണ്ടായി. അമർത്തിവെക്കപ്പെട്ട അമർഷവുമായി കഴിയുന്ന യുവജനങ്ങൾ ദക്ഷിണ കശ്മീരിലും വടക്കൻ മേഖലകളിലും പരിമിതമല്ലെന്ന സൂചനയാണ് ദാർബഗ് സംഭവം നൽകുന്നത്. പൊട്ടിത്തെറിക്കാൻ പാകത്തിൽ നിൽക്കുന്ന അഗ്നിപർവത സമാനമായ സ്ഥിതിവിശേഷം ചദൂറ മേഖലയിൽപോലും പ്രതീക്ഷിക്കാമെന്ന് പുതിയ സംഭവം മുന്നറിയിപ്പ് നൽകുന്നു. ആരിലും അമർഷമുളവാക്കുന്ന രീതിയിലായിരുന്നു ചദൂറയിലെ സൈനിക ഒാപറേഷൻ. ഗ്രാമത്തിൽ പുതുതായി പണികഴിപ്പിച്ച ഒരു കെട്ടിടം വെളുപ്പിന് ആറുമണിക്ക് സൈന്യം വളഞ്ഞു. കെട്ടിടത്തിനുള്ളിലുള്ളവരെ ഒന്നടങ്കം ഒഴിപ്പിച്ചു. പിസ്റ്റളുമായി ഒരു യുവാവ് കെട്ടിടത്തിൽ കടന്നുകൂടിയ കാര്യം അന്തേവാസികളിൽ ചിലർ സ്ഥിരീകരിച്ചു. നിർണായക ഘട്ടങ്ങളിൽ അന്തേവാസികളുടെ അവകാശവാദങ്ങൾ വേദവാക്യംപോലെ ഗണിക്കപ്പെടാറില്ലെന്നതാണ് യാഥാർഥ്യം.
സൈന്യം 10 മണിക്കൂറോളം കെട്ടിടം ഉപരോധിച്ചു. ആ ഒറ്റയാൻ തീവ്രവാദിക്കുവേണ്ടി കണക്കിലേറെ സ്ഫോടകവസ്തുക്കളും തിരകളും ഉപയോഗിച്ച് ഒടുവിൽ സുരക്ഷാസേന ആ കെട്ടിടം തകർത്ത് നിലംപരിശാക്കുകയും ചെയ്തു. ഇത്തരം ഘട്ടങ്ങളിൽ വിദേശികളല്ലാത്ത തീവ്രവാദികൾക്ക് കീഴടങ്ങാൻ സൈന്യം സാവകാശം അനുവദിക്കുമെന്ന് ഏതാനും ദിവസം മുമ്പായിരുന്നു മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ജനങ്ങൾക്ക് മുമ്പാകെ പ്രഖ്യാപിച്ചത്. എന്നാൽ, ചദൂറയിലെ തീവ്രവാദിക്ക് ഇത്തരം വിട്ടുവീഴ്ചകളൊന്നും അനുവദിക്കപ്പെടുകയുണ്ടായില്ല.
കെട്ടിടത്തിനുനേരെ സൈനിക ഉപരോധം ആരംഭിച്ച വാർത്ത കേട്ടതോടെ വൻ ജനാവലി സംഭവസ്ഥലത്ത് തടിച്ചുകൂടിയത് സൈന്യത്തിനുണ്ടാക്കിയ അലോസരവും ശക്തമായിരുന്നു. ക്ഷോഭംമുറ്റിനിന്ന ആ അന്തരീക്ഷം വിവേകപൂർവം കൈകാര്യം ചെയ്യുന്നതിൽ സൈന്യം പരാജയപ്പെടുകയായിരുന്നു. ഫലമോ, മൂന്ന് യുവാക്കൾ പട്ടാളക്കാരുടെ വെടിയേറ്റു മരിച്ചു. ജനങ്ങളെ വിരട്ടിയോടിക്കാൻ ആകാശത്തേക്ക് വെടിവെക്കേണ്ടതിന് പകരം കൊല്ലാൻവേണ്ടി ജനങ്ങൾക്കുനേരെതന്നെ സൈന്യം നിറയൊഴിക്കുകയായിരുന്നു. ഭാഗ്യവശാൽ ഒരു കൂട്ടക്കുരുതിയിൽനിന്ന് കശ്മീർ രക്ഷപ്പെട്ടുവെന്ന് പറയാം.
നീരാവി ബഹിർഗമിക്കുന്ന വാൽവ് പ്രവർത്തിക്കാത്തപക്ഷം പ്രഷർകുക്കർ പൊട്ടിത്തെറിക്കുമെന്ന കാര്യം തീർച്ച. അത്തരം ഘട്ടങ്ങളിൽ തീജ്വാല അണച്ചശേഷം നാം കുക്കറിനുമീതെ തണുത്ത വെള്ളമൊഴിച്ചാകും സ്ഥിതി നിയന്ത്രണവിധേയമാക്കുക. കശ്മീരിൽ ഇത്തരം ശീതീകരണവിദ്യകൾ അവലംബിക്കാൻ സർക്കാർ തയാറല്ല. അഗ്നികുണ്ഠമാകെട്ട കനത്ത ജ്വാലകളുമായി നിർബാധം എരിഞ്ഞുകൊണ്ടിരിക്കുന്നു. സമാനമായ സംഭവവികാസമായിരുന്നു മാർച്ച് എട്ടിന് പദ്ഗംപുരയിൽ അരങ്ങേറിയത്. ഇവിടെയും യുവ തീവ്രവാദി കെട്ടിടത്തിൽ കയറി ഒളിച്ചതായി സൈന്യത്തിന് വിവരം ലഭിച്ചു. എന്നാൽ, അയാൾക്ക് രക്ഷപ്പെടാൻ ജനക്കൂട്ടം അവസരം നൽകി. ജനക്കൂട്ടത്തിനുനേർക്ക് സൈന്യം നടത്തിയ വെടിവെപ്പിൽ 15കാരനായ ബാലൻ കൊല്ലപ്പെട്ടു. എന്നാൽ, ജനക്കൂട്ടത്തിൽനിന്ന് വഴിതെറ്റി എത്തിയ ബുള്ളറ്റായിരുന്നു മരണകാരണമെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. എന്നാൽ, ചദൂറയിലെ വെടിവെപ്പ് ജനങ്ങൾ നടത്തിയതാണെന്ന് ആരോപിക്കാൻ സാധ്യമാകുമായിരുന്നില്ല. കാരണം, ഒാപറേഷൻ സമയത്ത് ജനങ്ങളും സൈന്യവും ഇടകലർന്ന നിലയിലായിരുന്നു ചദൂറയിൽ.
പ്രതിഷേധിക്കുന്ന ജനങ്ങളുടെ ആത്മവീര്യം തകർക്കാനുള്ള സൈനികതന്ത്രമായിരുന്നു ചദൂറ, പദ്ഗംപുര ഒാപറേഷനുകൾ. നിരായുധരായ മനുഷ്യപ്പറ്റങ്ങൾ സൈനികർക്കു മുന്നിൽ കൂസലില്ലാതെ നിലയുറപ്പിക്കുന്നതിെൻറ മനഃശാസ്ത്രം ഇതോടൊപ്പം പഠനവിധേയമാക്കപ്പെടുകയും വേണം. ആത്മഹത്യയുടെ വക്കോളമെത്തുന്ന സാഹസങ്ങളിലേക്ക് ജനക്കൂട്ടം എടുത്തുചാടിക്കൊണ്ടിരിക്കുന്നു. അവ ഇപ്പോൾ വ്യാപകമായ പ്രവണതയായി പരിണമിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട വസ്തുത. ഇത്തരം വികാരവിക്ഷോഭങ്ങൾ അമർച്ചചെയ്യാൻ ജനങ്ങൾക്കുനേരെ തോക്ക് തിരിക്കുകയല്ല വേണ്ടത്. ചിലപ്പോൾ തന്ത്രപരമായ പിന്മാറ്റങ്ങൾപോലും അനിവാര്യമാകും. അത്തരം സംയമനരീതികൾ അവലംബിക്കാൻ സൈന്യം തയാറാകുമോ?
സമാശ്വാസകരമായ സ്ഥിതിവിശേഷത്തിെൻറ ശുഭസൂചനകളല്ല ഇപ്പോൾ താഴ്വരയിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തീവ്രവാദവിരുദ്ധ ഒാപറേഷനുകൾക്ക് വിഘ്നം സൃഷ്ടിക്കുന്ന ജനക്കൂട്ടങ്ങളെ തീവ്രവാദികളെ കൈകാര്യം ചെയ്യുന്നതുപോലെ നേരിടുമെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. എന്നാൽ, ജനഹൃദയങ്ങളിലെ പ്രതിഷേധജ്വാല അണയ്ക്കാൻ ഇത്തരം ശാഠ്യങ്ങൾ മതിയാകില്ലെന്ന് വിദഗ്ധരായ സൈനിക ഒാഫിസർമാർതന്നെ സമ്മതിക്കുന്നു. ജനസമ്പർക്കം വ്യാപകമാക്കുന്ന പദ്ധതികൾക്കേ സ്ഥിതിഗതികളിൽ മാറ്റം സൃഷ്ടിക്കാനാകൂ എന്ന് അനുഭവസമ്പന്നരായ അവർ സ്വകാര്യ ചർച്ചകളിൽ ഉറച്ച് പ്രഖ്യാപിക്കുന്നുമുണ്ട്. ഡൽഹിയിലെ രാഷ്ട്രീയ നേതൃത്വത്തിെൻറ അജണ്ടകൾ അതേപടി നടപ്പാക്കുന്ന സേനാമേധാവിയുടെ സമീപനം ബി.ജെ.പിക്ക് വൻതോതിൽ ഗുണംചെയ്യുന്നു. കല്ലെറിയുന്ന കശ്മീർ യുവാവിനെ ഭീകരവ്യക്തിയായി മുദ്രകുത്തി വേട്ടയാടുന്നതും ഒരു തീവ്രവാദിക്കുവേണ്ടി ഒരു കെട്ടിടംതന്നെ തകർക്കുന്നതും ബി.ജെ.പി അണികളെ ആവേശഭരിതമാക്കുന്നു.
കശ്മീരിലെ രണ്ട് പാർലമെൻറ് മണ്ഡലങ്ങൾ ഉപതെരഞ്ഞെടുപ്പിന് തയാറെടുക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. വെടിവെപ്പുകളുടെ ഘോരശബ്ദങ്ങൾക്കിടയിൽ ജനാധിപത്യത്തിെൻറ മൃദുസ്വരങ്ങൾ നിശ്ചലമാകാതിരിക്കെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.