ആയുഷിന് ബ്രിഡ്ജ് കോഴ്സ്; അനുബന്ധ പ്രശ്നങ്ങൾ ഏറെ
text_fieldsവൈദ്യശാസ്ത്ര പ്രാക്ടിസ് നിയന്ത്രണം, വിദ്യാഭ്യാസം എന്നിവ പരിഷ്കരിക്കാൻ കൊണ്ടുവന്ന ബിൽ പലതരം വിവാദങ്ങൾക്കും ആശങ്കകൾക്കും തിരികൊളുത്തിയിരിക്കുന്നു. ബിൽ പാർലമെൻറിൽ എത്തിയെങ്കിലും എന്തെല്ലാം മാറ്റങ്ങളോടെയാണ് പുറത്തുവരുകയെന്നു പ്രവചിക്കാൻ എളുപ്പമല്ല. ബില്ലിലെ നിർദേശങ്ങളിൽ ഇതിനകം തന്നെ വളരെയധികം ആക്ഷേപങ്ങൾ നേരിടേണ്ടിവന്നത് ആയുഷ് ബിരുദധാരികളെ ആറുമാസത്തെ നൈപുണ്യവർധന (bridge course) പരിശീലനത്തിലൂടെ ഗ്രാമങ്ങളിൽ ആധുനികവൈദ്യ ചികിത്സക്ക് പ്രാപ്തരാക്കാം എന്നതാണ്. മെഡിക്കൽ കൗൺസിലിനു പകരം മറ്റൊരു നിയന്ത്രണ സ്ഥാപനം വേണ്ടിയിരിക്കുന്നുവെന്ന് സമ്മതിക്കുന്നവർപോലും ദേശീയ മെഡിക്കൽ കമീഷൻ ബില്ലിൽ തന്നെ ആയുഷ് ബിരുദധാരികളെ നൈപുണ്യവികസന പരിശീലനം വഴി എം.ബി.ബി.എസിന് തുല്യരാക്കി ഗ്രാമീണമേഖലയിൽ വിന്യസിപ്പിക്കാം എന്ന ആശയത്തെ ആശങ്കയോടെ കാണുന്നു. അതിനാൽ വിശദമായ ചർച്ച വേണ്ടുന്ന വിഷയമാണിത്.
ലോകാരോഗ്യ സംഘടനയുടെ ശിപാർശയനുസരിച്ചു നാട്ടിൽ ആയിരം പേർക്ക് ഒരു ഡോക്ടർ എന്ന അനുപാതം ഉണ്ടായിരിക്കണം. കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിലവിലുള്ളത് 1:1674 എന്ന അനുപാതമാണ്. ആയുസ്സ് വർധിക്കുകയും അണുബാധകൾ കുറയുകയും ചെയ്യുന്ന ഘട്ടത്തിൽ മറ്റു രോഗങ്ങൾ പ്രതിരോധിക്കാനും ചികിത്സിക്കാനും ഈ അനുപാതം പോരാ. ലഭ്യമായ കണക്കുപോലും കൃത്യതയില്ലാത്തതാണ് താനും. രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്ത ഡോക്ടർമാരുടെ സംഖ്യവെച്ചുള്ള കണക്കാണിത്. പ്രാക്ടിസ് ഉപേക്ഷിച്ചവരും നാട്ടിൽനിന്നു പോയവരും പട്ടണത്തിൽ മാത്രം പ്രവർത്തിക്കുന്നവരും ഇതിൽ ഉൾപ്പെടും; മരിച്ചവർപോലും കൗൺസിൽ ലിസ്റ്റിൽനിന്ന് സമയോചിതം ഒഴിവാക്കപ്പെട്ടിട്ടില്ല. പാർലമെൻറ് സമിതിയുടെ അന്വേഷണത്തിൽ ഇന്ത്യൻ ഗ്രാമങ്ങളിൽ ഡോക്ടർമാർ കണക്കുകൾ സൂചിപ്പിക്കുന്നതിലും എത്രയോ താഴെയാണ് യഥാർഥത്തിൽ ഉള്ളതെന്ന് മനസ്സിലാക്കുകയും ചെയ്തു.
ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്നത്. അലോപ്പതി എന്നപേരിൽ (ആധുനിക വൈദ്യശാസ്ത്രത്തിന് ഗ്രാമങ്ങളിലെ പേര് ഇങ്ങനെയാണ്) പ്രാക്ടിസിൽ ഏർപ്പെട്ടിരിക്കുന്നവരിൽ 57.3 ശതമാനം പേർ ഒരു വൈദ്യശാസ്ത്ര പരിശീലനവും ഇല്ലാത്തവരാണ്. മാത്രമല്ല, 30 ശതമാനം പേർക്ക് സ്കൂൾതല വിദ്യാഭ്യാസമേ സിദ്ധിച്ചിട്ടുള്ളൂ. ആയുഷ് ചികിത്സകരും ആധുനിക ചികിത്സകരും ചേർന്ന് രാജ്യത്തിപ്പോൾ 1000ത്തിന് 0.797 എന്ന അനുപാതത്തിലാണ് ഏതെങ്കിലും തരം ചികിത്സയുടെ ലഭ്യത. ലോകരാജ്യങ്ങളിൽ അന്തസ്സുളവാക്കുന്ന കണക്കുകളല്ല ഇവ. ഇതിൽ ഒരു മാറ്റം വേണമെന്ന് സർക്കാർ ചിന്തിക്കുന്നതിൽ എന്താണ് തെറ്റ് എന്ന ചോദ്യമാണ് ആയുഷ് ഡോക്ടർമാരുടെ നൈപുണ്യവികസന പരിശീലനത്തിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്.
ആരോഗ്യ നിക്ഷേപത്തിൽ ഇന്ത്യ പിന്നിൽ
പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ഗ്രാമങ്ങളിൽപോലും ജനങ്ങൾക്ക് ഇഷ്ടപ്പെട്ട ചികിത്സാരീതി ആധുനിക വൈദ്യശാസ്ത്രമാണ്. എല്ലാ പഠനങ്ങളും ഇതുതന്നെയാണ് കാണിക്കുന്നത്. അപ്പോൾ ആധുനിക വൈദ്യബിരുദം നേടിയവർ ഗ്രാമത്തിലെത്തിയാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. ഇതു സാധ്യമാകാൻ വളരെ വേഗം മെഡിക്കൽ ബിരുദധാരികൾ ഉണ്ടാകണം. ആരോഗ്യമേഖലയിൽ സർക്കാർ നിക്ഷേപം പരിമിതമായി തുടരുന്നു. പൊതുജനാരോഗ്യത്തിൽ സർക്കാർ മുതൽ മുടക്കിയാൽ മാത്രമേ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയുള്ളൂ. ഇന്ത്യയിൽ ആരോഗ്യത്തിനുവേണ്ടി സർക്കാർ ചെലവാക്കുന്നത് ജി.ഡി.പിയുടെ ഒരു ശതമാനം മാത്രമാണ്; ആഗോളതലത്തിൽ 5.99 ശതമാനമാണ് ഇന്നത്തെ അനുപാതം. ലോകശരാശരിയിൽനിന്ന് നാമെത്ര പിന്നിലാണെന്ന് ഇത് സൂചിപ്പിക്കുന്നു. ആരോഗ്യമേഖലയിലെ സിംഹഭാഗവും സ്വകാര്യസ്ഥാപനങ്ങൾ കൈയടക്കിക്കഴിഞ്ഞു. പണമില്ലാത്തവരുടെ ഇടയിൽ ചികിത്സലഭ്യത നാമമാത്രമായി മാറുകയും ചെയ്തു.
ഇന്നത്തെ നിലയിൽ ഒരു മെഡിക്കൽ കോളജ് പ്രവർത്തിപ്പിക്കാൻ 300 മുതൽ 400 കോടി വരെ നിക്ഷേപം ആവശ്യമാണ്. സർക്കാറിന് ഇനി 100 മെഡിക്കൽ കോളജുകൂടി സ്ഥാപിക്കുന്നത് ചിന്തിക്കാനാകുന്നതിലും അപ്പുറമാണ്. വെറും ഒരു ശതമാനം ജി.ഡി.പി നിക്ഷേപത്തിൽ സാധ്യമല്ലാത്ത കാര്യമാണിത്. സ്വകാര്യ സ്ഥാപനങ്ങളെ മെഡിക്കൽ വിദ്യാഭ്യാസത്തിലേക്കാകർഷിക്കുക എന്ന പോംവഴിയാണ് കൂടുതൽ എളുപ്പം. പുതിയ സംരംഭകരെ ആകർഷിക്കുന്നതിൽ നിലവിലുള്ള മെഡിക്കൽ കൗൺസിൽ നിബന്ധനകൾ തടസ്സമായി നിൽക്കുന്നു. അതിനാൽ സ്വകാര്യ സംരംഭകരുടെ മേലുള്ള നിയന്ത്രണങ്ങൾ പുതിയ ബില്ലിൽ ഉദാരമാക്കിയിട്ടുണ്ട്. മെഡിക്കൽ ബിരുദധാരിയെ സൃഷ്ടിക്കുന്നതിന് കാലതാമസവും ഏറെയാണ്. ഉദ്ദേശം ആറു വർഷത്തെ പരിശീലനമാണ് മെഡിക്കൽ ബിരുദത്തിന് വേണ്ടത്. മെഡിക്കൽ ബിരുദധാരിയുടെമേൽ കർശന നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ എന്തെങ്കിലും വിദഗ്‌ധ ചികിത്സ ആവശ്യമുള്ള വേളയിൽ മറ്റു കേന്ദ്രങ്ങളിലേക്ക് രോഗിയെ റഫർ ചെയ്യേണ്ടിയുമിരിക്കുന്നു. ഇതിനു സജ്ജമായ ആംബുലൻസ് സൗകര്യങ്ങൾ ദുർലഭമായതിനാൽ അടിസ്ഥാന ചികിത്സ ചെറുകേന്ദ്രങ്ങളിൽ പരിമിതമായിരിക്കും. നാട്ടിൽ കാണപ്പെടുന്ന ഡോക്ടറും സമൂഹവുമായുള്ള സംഘർഷങ്ങൾ ആധുനിക ചികിത്സകരുമായി ബന്ധപ്പെട്ടാണല്ലോ.
വിദേശ മെഡിക്കൽ ബിരുദങ്ങൾ
വലിയ ചെലവില്ലാത്ത മെഡിക്കൽ ഡോക്ടർമാരുടെ വർധനയുണ്ടാക്കാനുള്ള മറ്റുമാർഗങ്ങളും സർക്കാർ പരിഗണനയിലുണ്ട്. ഇതിലൊന്നാണ് വിദേശത്തു പഠിച്ച മെഡിക്കൽ ബിരുദധാരികളുടെ മേലുള്ള നിയന്ത്രണങ്ങളിൽ ഇളവ്. ഇതുമൂലം നമുക്ക് മുതൽമുടക്കില്ലാതെ വിദ്യാർഥികൾ കുറഞ്ഞ ചെലവിൽ മറ്റിടങ്ങളിൽനിന്ന് മെഡിക്കൽ ബിരുദവുമായി നാട്ടിലെത്തും. ഇവർക്ക് പ്രാക്ടിസ് ചെയ്യാനുള്ള വിലക്കുകൾ മാറ്റിയാൽ കുറെ ഡോക്ടർമാരെ ലഭിക്കും. ബിസിനസ് ലൈൻ ജൂലൈ 2017 കണ്ടെത്തിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽനിന്ന് പ്രതിവർഷം 10,000 വിദ്യാർഥികൾ 300 വ്യത്യസ്ത വിദേശ മെഡിക്കൽ കോളജുകളിൽ പഠിക്കാൻ പോകുന്നു. ഉദ്ദേശം 50 കോടി ഡോളറാണ് ഇതിനുവേണ്ടി ചെലവാക്കുന്നത്. ഇവർക്ക് ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ മെഡിക്കൽ കൗൺസിൽ നിഷ്കർഷിക്കുന്ന യോഗ്യതപരീക്ഷ പാസാകേണ്ടതുണ്ട്. ഈ വർഷം 6950 വിദ്യാർഥികൾ പരീക്ഷയെഴുതി; അതിൽ 480 പേർക്കു മാത്രമാണ് പാസാകാനായത്. യോഗ്യതപരീക്ഷയിൽ അയവുണ്ടാക്കുകയാണെങ്കിൽ പ്രതിവർഷം 6000 പേർകൂടി നാട്ടിൽ ചികിത്സാരംഗത്തെത്തും. പരീക്ഷ ഉദാരവത്കരിക്കുന്ന മുറക്ക് വിദ്യാർഥികളുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ടാകും.
കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച മറ്റൊരാശയമാണ് മൂന്നുവർഷത്തെ ഗ്രാമീണ വൈദ്യശാസ്ത്ര കോഴ്സ്. മെഡിക്കൽ സംഘടനകളുടെ എതിർപ്പുമൂലം ഇത് നടപ്പാക്കാനായില്ല. അസമിലും ഛത്തിസ്ഗഢിലും കോഴ്സ് ആരംഭിച്ചെങ്കിലും കോടതിയിടപെടലും വിവാദങ്ങളും കാരണം നടപ്പാക്കാനായില്ല. എന്തായാലും കുറഞ്ഞ ചെലവിൽ ചികിത്സാരംഗത്തു മാനവശേഷി വർധിപ്പിക്കുകയെന്നത് അത്യാവശ്യമായി സർക്കാർ കാണുന്നു. അതിനുള്ള പുതിയ ആശയമാണ് ബ്രിജ് കോഴ്സ് എന്നറിയപ്പെടുന്ന നൈപുണ്യവികസന പരിശീലനം. ഇങ്ങനെയൊരു പദ്ധതി തങ്ങൾക്കാവശ്യമില്ലെന്ന് ചില ആയുഷ് ഡോക്ടർമാർ അഭിപ്രായപ്പെട്ടുകഴിഞ്ഞു. അതിൽ കാര്യമില്ല. ആയുഷ് ഡിഗ്രികളിൽ വലിയ അളവിൽ ആധുനിക വൈദ്യശാസ്ത്രം കാലക്രമേണ ഉൾപ്പെടുത്തിവരുന്നു. ആയുഷ് കൗൺസിൽ തന്നെ ചെയ്യുന്ന ഇത്തരം പരിഷ്കാരത്തെ ഏവരും സ്വാഗതം ചെയ്യുകയാണുണ്ടായത്.
ആയുഷ് പ്രാക്ടിഷനർമാർ ഇപ്പോൾ 7.7 ലക്ഷത്തിലധികമുണ്ട്. ഇവരിൽ വലിയ വിഭാഗം പേർ ആധുനിക വൈദ്യശാസ്ത്ര പ്രാക്ടിസിനോട് ആഭിമുഖ്യമുള്ളവരാണ്. ആയുഷ് കൗൺസിൽ രേഖകളും വിവിധ കോടതികളിൽ നിലവിലുള്ള കേസുകളുടെ സ്വഭാവവും മറ്റൊന്നല്ല കാണിക്കുന്നത്. ഇതിൽ നാലു ലക്ഷം പേരെ ആധുനിക വൈദ്യചികിത്സ രംഗത്തേക്ക് കൊണ്ടുവരാനായാൽ ഗ്രാമീണാരോഗ്യരംഗത്തെ മാനവശേഷി വലിയൊരളവിൽ വികസിപ്പിക്കാനാകും. ബ്രിഡ്ജ് കോഴ്സ് എന്ന ചെലവ് മാത്രം മതി അതിന്. നിലവിലെ ഒരു ശതമാനം ജി.ഡി.പി നീക്കിയിരിപ്പിൽ കാര്യമായ മാറ്റമില്ലാതെ നടത്താവുന്ന ആരോഗ്യ പരിഷ്കാരം എന്നനിലയിൽ ഇത് ആകർഷകവുമാണ്.
പക്ഷേ, പ്രശ്നം അവിടെയല്ല. ഇന്ത്യയിൽ സാമൂഹിക മേഖല, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിൽ നിക്ഷേപം യഥാക്രമം 7, 2.9, 1 ശതമാനം എന്നിങ്ങനെയാണ്. ഇതെല്ലാം പൊതുവെ അപര്യാപ്തമായതിനാൽ അതിവേഗ നഗരവത്കരണം നടന്നുകൊണ്ടിരിക്കും. പണം ചെലവാക്കാൻ കഴിവുള്ളവർ ക്രമേണ പട്ടണങ്ങളിലേക്ക് താമസം മാറും. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന മാറ്റം ഇങ്ങനെയായതിനാൽ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ മൂലധന നിക്ഷേപം സ്വകാര്യമേഖലയിൽ ആയിരിക്കും. അതിനാൽ പുതുതായി ആധുനിക വൈദ്യം പ്രാക്ടിസ് ചെയ്യാൻ ലൈസൻസ് ലഭിക്കുന്ന ആയുഷ് ഡോക്ടർമാർ തങ്ങളുടെ ബോണ്ട് കാലാവധി കഴിയുന്ന മുറക്ക് അടുത്തുള്ള പട്ടണങ്ങളിലേക്ക് മാറും എന്നത് ഉറപ്പാണ്. പട്ടണങ്ങളിലെ ആശുപത്രികളിൽ ഇപ്പോൾ എം.ബി.ബി.എസ് ബിരുദധാരികളുടെ ക്ഷാമം രൂക്ഷമാണ്; ആയുഷ് ഡോക്ടർമാർ വ്യാപകമായി സ്വകാര്യ സ്ഥാപനങ്ങളിൽ വിന്യസിക്കപ്പെടും. പ്രധാന സ്വകാര്യ ആശുപത്രികൾ ഇന്ത്യൻ കമ്പനി നിയമങ്ങൾ അനുസരിച്ചു സൃഷ്ടിക്കപ്പെട്ടതായതിനാൽ മെഡിക്കൽ കൗൺസിലിന് അവരെ നിയന്ത്രിക്കാനാവില്ല. ഒരു കമ്പനി ചെലവുകുറഞ്ഞ മാനവശേഷിക്കുവേണ്ടി കരാറിൽ ഏർപ്പെട്ടാൽ അതിലെന്താണ് തെറ്റ്? ബ്രിഡ്ജ് കോഴ്സ് നൽകും എന്ന് നാം കരുതുന്ന സാധ്യതകൾക്കപ്പുറം മറ്റു പ്രശ്നങ്ങൾ കാണാതെയും ചർച്ചചെയ്യപ്പെടാതെയും പോകരുത്. അങ്ങനെയായാൽ മെഡിക്കൽ കമീഷൻ ബിൽ ഏറെ വിവാദത്തിൽ പെടും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.