ക്ഷുഭിത കാലത്തെ നാട്ടുമനുഷ്യർ
text_fieldsഅംബേദ്കർ ജയന്തിയുടെ ഭാഗമായി യു.എ.ഇയിലും പോയവാരം വിവിധ പരിപാടികൾ. ദുബൈയിലെ ചടങ്ങിൽ സംബന്ധിക്കെ, അംബേദ്കർ ചിന്തകളിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിൽ വന്ന ഒരാൾ ഒാർമയിൽ. അയാളുടെ പേര് കാൻഷിറാം. എൺപതുകളുടെ മധ്യത്തോടെയാണ് ബഹുജൻ സമാജ്വാദി പാർട്ടിയുടെ പിറവി. ‘ബാംസെഫ്’ ആയിരുന്നു ബി.എസ്.പിയുടെ ആദിരൂപം.
ദലിത് സ്വത്വരാഷ്ട്രീയവും അതിന്റെ സാധ്യതകളുമായിരുന്നു കാൻഷിറാം മുന്നിൽകണ്ടത്. അധികവും സൈക്കിളിൽതന്നെയായിരുന്നു യാത്ര. ദലിത് ഗ്രാമങ്ങളിൽ ഉൗരുചുറ്റൽ. ഇടിമുഴക്കംപോലെയായിരുന്നു ആദ്യമൊക്കെ വാക്കുകൾ: ‘‘ബ്രാഹ്മണരുടെയും പട്ടികളുടെയും വോട്ട് ഞങ്ങൾക്കു വേണ്ട.’’
മേൽജാതി മേധാവിത്വം നിശിതമായി ചോദ്യംചെയ്തു. ദലിതുകളിൽ അതു വലിയ പ്രതീക്ഷ പടർത്തി. ബാബരി മസ്ജിദ് തകർച്ചയെ തുടർന്നുള്ള ക്ഷുഭിതരാഷ്ട്രീയ കാലം. അപ്പോഴാണ് കാൻഷിറാമിന്റെ അടുത്ത് അഭിമുഖത്തിനായി ചെല്ലുന്നത്. ബി.എസ്.പി അനുഭാവിയായ തമിഴ്നാട്ടുകാരൻ രാജൻ ആയിരുന്നു അഭിമുഖം തരപ്പെടുത്തിത്തന്നത്. ഞാൻ ശ്രദ്ധിച്ചു, എന്തു പറയുേമ്പാഴും ആ മുഖത്ത് വലിയ വികാരപ്രകടനങ്ങളില്ല.
പോക്കറ്റിൽനിന്ന് പേനയെടുത്ത് കുത്തനെ നിർത്തി അന്ന് കാൻഷിറാം പറഞ്ഞു ‘‘നോക്കൂ, ഇവിടെ സിസ്റ്റം ഇങ്ങനെയാണ്. ഇതിൽ ചെറിയൊരു ശതമാനമെങ്കിലും ചരിവ് വരുത്തണം. അത്രമതി. എങ്കിൽ പോലും വിപ്ലവസമാനമായിരിക്കും രാഷ്ട്രീയത്തിൽ കാര്യങ്ങൾ.
വ്യക്തിതാൽപര്യങ്ങൾ മറികടക്കാതെ മാറ്റം സാധ്യമല്ലെന്നും കാൻഷിറാം വിധിയെഴുതി. അതുകൊണ്ടാവും ബി.എസ്.പിയുടെ ആരംഭകാലത്ത് മൂന്നിന അജണ്ടയും അദ്ദേഹം പ്രഖ്യാപിച്ചു.
ഒന്ന്: വിവാഹം കഴിക്കില്ല.
രണ്ട്: സ്വന്തമായി ഒരുതുണ്ട് ഭൂമിയോ ബാങ്ക് അക്കൗേണ്ടാ ഉണ്ടാകില്ല.
മൂന്ന്: വിരുന്നുസൽക്കാരങ്ങളിൽ പെങ്കടുക്കില്ല. കേട്ടാൽ ചിരിവരും. ഞാനും ചിരിച്ചു. പേക്ഷ, കാൻഷിറാം ചിരിച്ചില്ല.
അഴിമതിയോട് ആഭിമുഖ്യം തോന്നുമാറുള്ള എല്ലാ ഘടകങ്ങളും നിരാകരിക്കുക. അതിന് ചില നിഷ്ഠകൾ ഉണ്ടായേ തീരൂ. കാൻഷിറാം പറഞ്ഞു.
എതിരാളികളെപ്പോലെ നമുക്കും ചോദിക്കാം, കാൻഷിറാം അതിലൊക്കെ എത്രകണ്ട് വിജയിച്ചുവെന്ന്.
അറിയില്ല. വിടവാങ്ങിയ കാൻഷിറാമിനും മായാവതിയുടെ ബി.എസ്.പിക്കും അതിന്റെ നടപ്പുഗതികേടിനും അതിന്റെ ഉത്തരം വിടാം. വീണ്ടും ദുബൈ വേദിയിലേക്ക്. അംബേദ്കറും ദലിത് രാഷ്ട്രീയവും പ്രസംഗകരിലൂടെ തുടരുകയാണ്. കാൻഷിറാം വിജയിച്ചാലും ഇല്ലെങ്കിലും ചില നിഷ്ഠകൾ ആവശ്യമാണെന്ന് തോന്നിയിട്ടുണ്ട്, രാഷ്ട്രീയത്തിലും ജീവിതത്തിലും. അടുത്ത ഒരു സുഹൃത്തുണ്ടായിരുന്നു, മുമ്പ് ഖത്തറിൽ. ഭേദപ്പെട്ട ജോലി. പേക്ഷ, അഞ്ചു വർഷം മാത്രം പ്രവാസം എന്ന് വിമാനം കയറുംമുേമ്പ പുള്ളി ഉറപ്പിച്ചിരുന്നു.
നിശ്ചിത തീയതി തികഞ്ഞതും രാജികൊടുത്ത് നാട്ടിലേക്ക് മടക്കം. ആ ജോലിയിൽ ഇനിയും എത്രയോ കാലം ഉയർന്ന ശമ്പളം വാങ്ങി തുടരാമായിരുന്നു. എന്നിട്ടും അതൊന്നും ഭ്രമിപ്പിച്ചില്ല. നാട്ടിലെ ചെറിയ ജോലിയിൽ ആഹ്ലാദത്തോടെ ഇന്നും ആൾ തുടരുന്നു. നമുക്കൊക്കെ അന്യമായ ചില തീരുമാനങ്ങളുടെ ശക്തിസൗന്ദര്യം.
പ്രവാസം എന്നത് സാമൂഹിക, രാഷ്ട്രീയ പ്രവർത്തനംപോലെ കൊണ്ടുനടക്കുന്ന ചിലരെയും കാണാം, എല്ലാ ഗൾഫ് നഗരങ്ങളിലും. അതിലൊരാൾ തിരക്കുകൾക്കിടയിൽ നാട്ടിലെത്താൻപോലും മറന്നു, നീണ്ട ഒന്നര പതിറ്റാണ്ടുകാലം. പേര് തെന്നല മൊയ്തീൻകുട്ടി. സൗദിയിൽ സമയവും ജീവിതവും മറ്റുള്ളവർക്കായി മാറ്റിവെച്ച ഏറനാടൻ നന്മമരം. റിയാദിലെ ബത്ഹയാണ് പ്രവർത്തന മണ്ഡലം. നാട്ടിലെത്തിയ മൊയ്തീൻകുട്ടിയെ തേടി ചോദ്യങ്ങൾ ഇരമ്പി. എന്തുകൊണ്ട് വരാൻ ഇത്ര വൈകി?
ഇനിയെങ്കിലും ഒരു വിവാഹം കഴിക്കണ്ടേ?
കുറച്ചു കാലം ഇനി നാട്ടിൽ കഴിഞ്ഞിട്ടു മടങ്ങിയാൽ പോരേ?
ദാർശനികത ഒട്ടും കലരാതെ എല്ലാത്തിനും ഒറ്റ മറുപടി മാത്രം:
‘‘ഒന്നും ഉണ്ടായിട്ടല്ല. വരാനൊത്തില്ല. അത്രയേ ഉള്ളൂ.’’
നാട്ടിലെത്തിയിട്ടും രക്ഷയില്ല. സൗദിയിലെ ഉറ്റവരുടെ ബന്ധുക്കളുടെ വരവ്. അവരുടെ ചോദ്യം മറ്റൊന്ന്:
എപ്പോൾ മടങ്ങും?
കാരണം, മൊയ്തീൻകുട്ടി തിരിച്ചു ചെന്നിട്ടുവേണം, പൊതുമാപ്പിലൂടെ പ്രിയപ്പെട്ട ആർക്കൊക്കെയോ നാടണയാൻ.ഇതൊക്കെതന്നെയാണ് തെന്നല.
ഒന്നുറപ്പ്, ഇങ്ങനെ ചിലരുള്ളതുകൊണ്ടാണ് പ്രവാസലോകം ഇവ്വിധം ബാക്കിയാകുന്നത്. ‘‘സേതുവിന് സേതുവിനെ മാത്രമേ ഇഷ്ടമുള്ളൂ’’ എന്ന് നോവലിസ്റ്റിന്റെ വാക്കുകൾ. അതൊന്നും ഇക്കൂട്ടർ കേട്ടിട്ടില്ല. കേട്ടാലും ഇളകില്ല. ജിദ്ദയിൽ മുെമ്പാരു സാമൂഹിക പ്രവർത്തകൻ ഉണ്ടായിരുന്നു. മറ്റുള്ളവർക്ക് രേഖകൾ ശരിപ്പെടുത്താനുള്ള പാച്ചിലായിരുന്നു അയാൾക്ക് ജീവിതം. അതിനിടെ, സ്വന്തം വിസപോലും കാലഹരണപ്പെട്ട വിവരം അറിയാതെ പോയി. എന്നിട്ടും അതിന്റെ പേരിൽ ഒട്ടും സങ്കടം തോന്നാത്ത ആൾ.
ഒാർക്കുക, ഇൗ മനുഷ്യർക്കിടയിലാണ് നാം ആ വാക്കുകൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്:
‘‘ഇവിടെ, ഗൾഫിൽ വന്നത് നാല് കാശ് ഉണ്ടാക്കാനല്ലേ?’’
ചോദ്യം ഉള്ളിൽ മുഴങ്ങുന്നു- അല്ലേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.