ഫാഷിസ രാഷ്ട്രീയത്തിന് ഒരു പ്രഹരം
text_fieldsമോഹഭംഗങ്ങളുടെ വർത്തമാന കാലത്ത് നിസ്സാരമല്ല, ഫ്രഞ്ച് ജനവിധി പകരുന്ന സമാശ്വാസം. ഫാഷിസവും തീവ്ര ദേശീയ ചിന്താഗതിയും യൂറോപ്പിനെ ഒന്നടങ്കം വിഴുങ്ങുമെന്ന ആശങ്കകൾക്ക് വിരാമമിട്ട് മിതവാദ രാഷ്ട്രീയ പ്രസ്ഥാനമായ ഒാൻ മാർഷിെൻറ അധ്യക്ഷൻ ഇമ്മാനുവൽ ഫ്രെഡറിക് മാക്രോണിനെ ഫ്രഞ്ച് ജനത രാഷ്ട്രസാരഥിയായി തെരഞ്ഞെടുത്തിരിക്കുന്നു. വിവേകവും ഉത്തരവാദിത്ത ബോധവും കൈവിടാത്ത ഭരണമാവും ഫ്രാൻസിൽ കാഴ്ചവെക്കപ്പെടുക എന്ന പ്രത്യാശയെ ഇൗ ജനവിധി ശക്തിപ്പെടുത്തുന്നു. ഭാഗ്യഹീനരായ തൊഴിൽ രഹിതരെയും കുടിയേറ്റക്കാരെയും ആട്ടിപ്പുറത്താക്കാൻ ഫ്രാൻസ് തയാറാകില്ല എന്ന സന്ദേശവും പുതിയ ജനവിധി ലോക ജനതക്ക് നൽകിയിരിക്കുന്നു.
എല്ലാറ്റിനുമുപരി സാർവദേശീയ രാഷ്ട്രീയത്തിൽ ആധിപത്യം നേടാൻ വെമ്പൽകൊള്ളുന്ന ഫാഷിസ രാഷ്ട്രീയത്തിന് ഫ്രാൻസിലെ ജനവിധി കനത്ത പ്രഹരം നൽകി എന്നതാണ് മർമപ്രധാനമായ കാര്യം. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിലും ഫലപ്രഖ്യാപനത്തിെൻറ ആദ്യഘട്ടത്തിലും തീവ്രവലതുപക്ഷക്കാരിയായ മരീൻ ലീപെൻ വലിയ മാർജിൻ നേടുമെന്ന സൂചനകളായിരുന്നു ലഭ്യമായത്. അമിത ദേശീയവാദത്തിലൂന്നുന്ന തെൻറ സമീപനങ്ങൾക്ക് പിന്തുണ ലഭിക്കാതെ പോയാൽ ഫ്രാൻസ് പരാജയപ്പെടുമെന്ന പ്രതീതി സൃഷ്ടിച്ച് ജനങ്ങളെ ധ്രുവീകരിക്കുന്ന പ്രചാരണ തന്ത്രമായിരുന്നു മരീൻ ലീപെൻ പുറത്തെടുത്തത്. എന്നാൽ, സമത്വാദർശത്തിൽ ഉൗന്നുന്ന രാഷ്ട്രീയ നിലപാടുകളിലൂടെ ശ്രദ്ധേയനായ മാക്രോണിനു പിന്നിൽ അണിനിരക്കാൻ ജനങ്ങൾ തീരുമാനിച്ചതോടെ ഫ്രഞ്ച് ജനത ഫാഷിസ്റ്റ് ചിന്താഗതികളുടെ മഹാപ്രവാഹത്തെ ചിറകെട്ടി തടയുകയായിരുന്നു.
ബാങ്കർ ടെക്നോക്രാറ്റ് എന്നീ നിലകളിലുള്ള നൈപുണികൾ മാക്രോണിെൻറ വ്യക്തിപ്രഭാവത്തിന് തിളക്കം പകർന്നു. യൂറോപ്പിലെ ജനപ്രീണന രാഷ്ട്രീയത്തിെൻറ കുെത്താഴുക്കിനെ പ്രതിരോധിക്കാൻ പ്രാപ്തനായ ഏക നേതാവ് താനാണെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം. ‘ദേശീയവാദികളുടെ ഭീഷണികൾക്കെതിരെ ദേശസ്നേഹികളായ സർവരുടെയും പ്രസിഡൻറായിതീരാനാണ് ഞാൻ അഭിലഷിക്കുന്നത്’ എന്ന ഇൗ 39കാരെൻറ പ്രസ്താവനകളാണ് സമീപകാലത്ത് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച രാഷ്ട്രീയ ആദർശ മുദ്രാവാക്യം. അദ്ഭുതകരമായ തെൻറ തെരഞ്ഞെടുപ്പ് വിജയത്തോടൊപ്പം അനുരാഗ നിർഭരമായ അദ്ദേഹത്തിെൻറ വ്യക്തിജീവിതവും നമ്മെ അതിശയിപ്പിക്കുന്നു.
തന്നേക്കാൾ 24 വയസ്സിൽ കൂടുതലുള്ള തെൻറ നാടകാധ്യാപിക ബ്രിജറ്റുമായി 15ാം വയസ്സിലാണ് മാക്രോൺ അനുരാഗബദ്ധനായത്. മിലൻ കുന്ദേരയുടെ നാടകത്തിലെ നായകവേഷത്തിൽ അഭിനയിക്കുന്ന സന്ദർഭത്തിലായിരു മാക്രോൺ ഭാവി വധുവുമായി അടുപ്പത്തിലായത്. വർഷങ്ങൾ അടുത്തിടപഴകിയ അവർ 2007ൽ മിന്നുചാർത്തി സംതൃപ്ത കുടുംബ ജീവിതത്തിലേക്ക് ചുവടുവെച്ചു.ഇൗ തീവ്രാനുരാഗത്തിെൻറ പൊരുൾ എന്നെ ഇപ്രകാരം എഴുതാൻ പ്രേരിപ്പിക്കുന്നു. തന്നേക്കാൾ 24 വയസ്സിനു മൂത്ത ഒരു സ്ത്രീയോട് പൂർണ കൂറ് പ്രകടിപ്പിക്കുന്ന ഇൗ യുവാവിന് തെൻറ മാതൃരാജ്യത്തെയും സ്േനഹിക്കാൻ സാധിക്കും. അദ്ദേഹത്തിെൻറ ബലിഷ്ഠകരങ്ങളിൽ ആ രാജ്യം ഭദ്രമായി നിലകൊള്ളും.
ഇന്ത്യൻ രാഷ്ട്രീയവും കെജ്രിവാളും
ഫ്രഞ്ച് രാഷ്ട്രീയത്തെ ഇന്ത്യൻ രാഷ്ട്രീയവുമായി താരതമ്യം ചെയ്യുക അസാധ്യം. നുണകളും വഞ്ചനയും കാപട്യവുമാണ് ഇന്ത്യയിൽ തഴച്ചുവളരുന്നത്. പ്രമുഖരുടെ വ്യക്തിജീവിതത്തിലും ഒൗദ്യോഗിക ജീവിതത്തിലും അഴിമതിയുടെയും വഞ്ചനയുടെയും മാലിന്യങ്ങൾ നിറയുകയാണെന്നതാണ് നിർഭാഗ്യകരമായ യാഥാർഥ്യം. റൊമാൻസ്, പ്രണയം തുടങ്ങിയവ ഇന്ത്യയിലിപ്പോൾ അശ്ലീലപദമായി മാറിയിരിക്കുന്നു. പ്രണയങ്ങളെ അടിച്ചുതകർക്കാൻ ആൻറിറോമിയോ സ്ക്വാഡുകൾപോലും രൂപവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ലൈംഗികത മുതൽ ഭോജനം വരെ സർക്കാർ നിയന്ത്രണത്തിലാകണമെന്ന ശാഠ്യം രാജ്യത്തുടനീളം അംഗീകാരം നേടുേമ്പാൾ നാം മൂന്നാംകിട പൗരന്മാരയി തരംതാഴുന്നു.
ഇൗ പശ്ചാത്തലത്തിൽ ഡൽഹിയിലെ തേദ്ദശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിനും അദ്ദേഹം നയിക്കുന്ന ആം ആദ്മി പാർട്ടിക്കും സംഭവിച്ച ദയനീയ പരാജയം അമ്പരപ്പ് ഉളവാക്കുന്നതായിരുന്നു. ആം ആദ്മി എം.എൽ.എമാർ അറസ്റ്റ് ചെയ്യപ്പെട്ടത് പാർട്ടിക്ക് നേരേത്തതന്നെ കളങ്കം ചാർത്തി. കെജ്രിവാളിനുനേരെ ഉയർന്ന അഴിമതി ആരോപണം ആ പാർട്ടിയുടെ നില കൂടുതൽ വഷളാക്കിയിരിക്കുന്നു. അതേസമയം, കെജ്രിവാളിെൻറ വ്യക്തിവിശുദ്ധിയെക്കുറിച്ചും അറിയാവുന്നവർ ഇത്തരം ആരോപണങ്ങളെ പൂർണമായും നിരാകരിക്കുന്നു.
വലതുപക്ഷ ഫാഷിസ്റ്റ് ശക്തികൾക്കു മുന്നിൽ ധീരമായ വെല്ലുവിളികൾ ഉയർത്താൻ പ്രാപ്തിയുള്ള ഏക ഇന്ത്യൻ നേതാവ് കെജ്രിവാൾ മാത്രമാണ്. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിലെ കൃത്രിമങ്ങൾക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന കെജ്രിവാളിനെ വൻ ഭീഷണി എന്ന നിലയിൽ ഒറ്റപ്പെടുത്താനുള്ള കരുനീക്കങ്ങൾ ബി.ജെ.പി-ആർ.എസ്.എസ് സംഘങ്ങൾ പൂർവാധികം ശക്തിപ്പെടുത്തിയിരിക്കുന്നു. പാർട്ടിക്കകത്ത് രൂപപ്പെടുന്ന ധ്രുവീകരണങ്ങൾക്കു പിന്നിലെ കരങ്ങൾ ആരുടേതാണെന്ന് സംശയിക്കേണ്ടതില്ല. പ്രമേഹരോഗിയായ കെജ്രിവാളിെൻറയും അേദ്ദഹത്തിെൻറ പാർട്ടിയുടെയും ആരോഗ്യത്തെ ഇപ്പോഴത്തെ സന്ദിഗ്ധ ഘട്ടം ബാധിക്കില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.