എന്തിന് വലതുപക്ഷ ഭീകരതക്കു നേരെ കണ്ണടക്കുന്നു?
text_fieldsഫാഷിസ്റ്റ് നയങ്ങൾക്കെതിരെ പ്രതികരിച്ച ഉൽപതിഷ്ണുക്കളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുടെ പ്രവർത്തകർ ഇൗയിടെ അറസ്റ്റിലായത് കണ്ടപ്പോൾ ഇൗ വിഷയത്തിൽ ആത്മപരിശോധന വേണമെന്ന് തോന്നിപ്പോയി. വലതുപക്ഷ തീവ്രവാദം നമ്മുടെ രാജ്യത്തും പാശ്ചാത്യനാടുകളിലും വിപത്കരമായ യാഥാർഥ്യമായി നിലനിൽക്കുേമ്പാൾ എന്തുകൊണ്ട് ഇത്തരക്കാരെ നിയന്ത്രിക്കാൻ ഇന്ത്യയിലെ ഭരണകൂടം ൈവകുന്നു എന്നതാണ് ചോദ്യം. ഇൗ വിഷയം കൈകാര്യംചെയ്യുന്നതിൽ നാം പിന്തുടരുന്ന രീതിയും പാശ്ചാത്യരാജ്യങ്ങളിൽനിന്ന് ഭിന്നമാണ്.
2011ൽ നോർവെയിലെ ഒാസ്ലോയിൽ 32കാരനായ വലതുപക്ഷ തീവ്രവാദി 92 പേരെ കൊലപ്പെടുത്തിയത് ഒാർമവരുന്നു. ഒാസ്ലോ കൂട്ടക്കൊല ഞെട്ടിപ്പിച്ചുവെന്ന് മാത്രമല്ല വലതുപക്ഷ തീവ്രവാദത്തിെൻറ ഭീതിജനകമായ വ്യാപ്തിയും തന്ത്രങ്ങളും ഒാർമപ്പെടുത്തുകയും ചെയ്യുന്നു. ഇൗ സംഭവത്തോട് നോർവെയിലെ ജനങ്ങൾ പ്രതികരിച്ചതും ഭരണകൂടവും രാഷ്ട്രീയ നേതാക്കളും കൈക്കൊണ്ട നിലപാടുകളും എങ്ങനെയാണെന്ന് നോക്കുക. പരസ്പരം കുറ്റപ്പെടുത്തലുകളോ വെറുപ്പിെൻറ മുദ്രാവാക്യങ്ങളോ ഇല്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായി സംഭവത്തിൽ ദുഃഖം പ്രകടിപ്പിക്കുന്നതു കാണാനായി. സംഭവം നടന്നയുടൻ നോർവെയിലെ ഉന്നത രാഷ്ട്രീയ നേതൃത്വം ടെലിവിഷൻ ചാനലുകളിലേക്ക് ഇരച്ചുകയറുകയോ രാഷ്ട്രീയം കലർത്തിയ പ്രസ്താവനകൾ പുറപ്പെടുവിക്കുകയോ ഉണ്ടായില്ല. അക്രമിയുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിടാൻ അവർ അൽപം കാത്തുനിന്നു. പരിഷ്കൃതമായ രീതിയായിരുന്നു ഇത്. കൂട്ടക്കൊല നടത്തിയ ആൻഡേഴ്സ് ബ്രെവിക്കിനെ സംസാരിക്കാൻ അവർ അനുവദിച്ചു. കുറ്റസമ്മതം മാത്രമായിരുന്നില്ല, എന്തുകൊണ്ട് ഭീകരാക്രമണം നടത്തി എന്നതിനെകുറിച്ച് വിശദീകരിക്കാനും അയാൾക്ക് അവസരം നൽകി.
നോർവെയിൽ നടന്നതും നമ്മുടെ രാജ്യത്ത് നടക്കുന്നതും താരതമ്യം ചെയ്തുനോക്കുക. ഇന്ത്യയിൽ ഭീകരാക്രമണം ഉണ്ടാകുേമ്പാൾ നേതാക്കൾ ഉടൻതന്നെ ചാനൽ ഒാഫിസുകളിലെത്തി രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നു. അന്വേഷണത്തിനു മുമ്പുതന്നെ കുറ്റവാളികൾ ആരാണെന്നതിൽ ഉരുണ്ടുകളിക്കുന്നു. ഇൗയിടെയായി വലതുപക്ഷ തീവ്രവാദം നമ്മുടെ ചർച്ചകളിൽ കടന്നുവരുന്നേയില്ല. ഭീകരത മുസ്ലിംകളുടെ സൃഷ്ടിയാണെന്ന ഫാഷിസ്റ്റ് സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഏതെങ്കിലും മുസ്ലിം തീവ്രവാദ ഗ്രൂപ്പ് ആസൂത്രണം ചെയ്ത സ്ഫോടനമോ മറ്റോ ഉണ്ടായാൽ നൂറുകണക്കിന് നിരപരാധികളെ ജയിലിലടക്കുന്നു. പലരും ഇപ്പോഴും പീഡിപ്പിക്കപ്പെടുകയാണ്. നിരപരാധികളെ ജയിലിൽനിന്ന് പുറത്തുകൊണ്ടുവരുന്നതിലോ നഷ്ടപരിഹാരം നൽകുന്നതിലോ അവരോട് മാപ്പുപറയുന്നതിലോ ആർക്കും താൽപര്യമില്ല. ഇത്തരം അന്യായങ്ങളെ ആരെങ്കിലും ചോദ്യംചെയ്താൽ അവരെ ദേശവിരുദ്ധരായി മുദ്രകുത്തും. സാധ്വി പ്രജ്ഞയെ കുറ്റവാളിയായി കണ്ടെത്തിയ ഘട്ടത്തിൽ മാത്രമാണ് വലതുപക്ഷ ഭീകരതയെ അംഗീകരിക്കാനുള്ള ചെറിയ മനസ്സെങ്കിലും നമുക്കുണ്ടായത്.
ഭീകരപ്രവർത്തനങ്ങളുടെ അന്വേഷണങ്ങളിൽ രാഷ്ട്രീയ മാഫിയയുടെ ഇടപെടൽ ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്ത് വലതുപക്ഷ ഭീകരത വളരുന്നതിനെകുറിച്ച് ആക്ടിവിസ്റ്റുകൾ ഉറക്കെ പറയുന്നത് ആരും ചെവിെക്കാള്ളില്ലെന്നതാണ് വസ്തുത.
രാജ്യത്ത് വലതുപക്ഷ ഭീകരത വളരുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഞാൻ ആദ്യമായി കേൾക്കുന്നത് ഒരു ദശകം മുമ്പ് ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വെച്ചാണ്. വലതുപക്ഷ ഭീകരതയെ കുറിച്ച് സുരക്ഷ ഏജൻസികൾക്ക് വേവലാതിയില്ലാത്തത് എന്തുകൊണ്ടാണെന്ന ആശങ്ക ജസ്റ്റിസ് ബി.ജി. കോൽസെ, ആർ.ബി.ശ്രീകുമാർ, ടീസ്റ്റ സെറ്റൽവാദ് തുടങ്ങിയ ആക്ടിവിസ്റ്റുകൾ പങ്കുവെക്കുകയുണ്ടായി. 2006ലെ നന്ദേഡ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 2008ൽ ചുമത്തിയ കുറ്റപത്രത്തിൽ സംഭവത്തിൽ ആർ.എസ്.എസിെൻറയും വി.എച്ച്.പിയുടെയും ബജ്റംഗ് ദളിെൻറയും പങ്ക് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇൗ സംഘടനകൾ യുവാക്കളെ സ്ഫോടക വസ്തുക്കൾ നിർമിക്കുന്നതിന് പരിശീലനം നൽകുന്നുണ്ടെന്നും മുസ്ലിംകൾക്കെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്നും മഹാരാഷ്ട്ര എ.ടി.എസ് നൽകിയ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രഭനി മുഹമ്മദിയ മസ്ജിദ്(2003), ജൽന ഖാദിരിയ്യ മസ്ജിദ്(2004 ആഗസ്റ്റ്), പുർണ മിഅ്റാജുൽ ഉലൂം മദ്രസ(2004 ആഗസ്റ്റ്) എന്നിവിടങ്ങളിൽ മുസ്ലിം വേഷം ധരിച്ചെത്തി സ്ഫോടനം നടത്തിയ സംഭവങ്ങളിൽ മഹാരാഷ്ട്ര എ.ടി.എസ് ആരോപണ വിധേയരായ ഹിന്ദുത്വ തീവ്രവാദികളെ ഒഴിവാക്കിക്കൊണ്ടാണ് 2006ൽ കുറ്റപത്രം നൽകിയത്. താണെയിലെ പനവേൽ സ്ഫോടനത്തിൽ സനാതൻ സൻസ്ത, ഹിന്ദു ജന ജാഗരൺ സമിതി, ഗുരുകൃപ പ്രതിഷ്ഠാൻ എന്നീ സംഘടനകൾക്ക് പങ്കുണ്ടെന്ന് മഹാരാഷ്ട്ര എ.ടി.എസ് കണ്ടെത്തിയിരുന്നു. കാൺപൂരിൽ ബജ്റങ് ദൾ ഒാഫിസ് ഭാരവാഹികളുടെ വീടുകളിൽനിന്ന് ബോംബുകൾ കണ്ടെത്തിയ കാര്യവും ഒാർക്കുക.
മുസ്ലിംകളെ ഒന്നടങ്കം ആക്ഷേപിക്കുന്ന വിധത്തിലാണ് ആർ.എസ്.എസിെൻറ പുസ്തകങ്ങളും ലഘുലേഖകളും. ഇവയുടെ രൂപഘടനതന്നെ ഇസ്ലാമിനെയും മുസ്ലിംകളെയും വിമർശിക്കുന്ന വിധത്തിലാണ്. സംഘടനയുടെ പുതിയ അജണ്ടയാവെട്ട തെറ്റായ വിവരങ്ങളും പുതിയ നിർവചനങ്ങളും നൽകി ഒരു സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്നു.
പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച പ്രഫ. ജ്യോതിർമയ ശർമയുടെ ‘ടെറിഫയിങ് വിഷൻ-എം.എസ്. ഗോൾവാൾക്കൾ, ദ ആർ.എസ്.എസ് ആൻഡ് ഇന്ത്യ’ എന്ന പുസ്തകത്തിലെ ഭാഗം ഉദ്ധരിക്കെട്ട. ‘തീവ്ര ഹിന്ദു ദേശീയതയിൽ അധിഷ്ഠിതമായ എം.എസ്. ഗോൾവാൾക്കറുടെ പ്രതിലോമ ആശയം രാജ്യത്ത് മുന്നോട്ടു കുതിക്കുകയാണെന്നതിെൻറ ഉദാഹരണങ്ങളാണ് രാമജന്മഭൂമി പ്രസ്ഥാനം, ബാബരി മസ്ജിദ് തകർക്കൽ, ഗുജറാത്ത് വംശഹത്യ തുടങ്ങിയവ.
ഗോൾവാൾക്കറുടെ മാനസിക പ്രപഞ്ചത്തിൽ രണ്ട് സ്ഥിര ശത്രുക്കളേ ഉള്ളൂ; മുസ്ലിംകളും രാഷ്ട്രീയവും. രാജ്യത്ത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പ്രധാന തടസ്സം ഇവ രണ്ടുമാണ്. പാകിസ്താെൻറ ലഘുരൂപമായ നിരവധി മുസ്ലിം പോക്കറ്റുകൾ രാജ്യത്തുണ്ടെന്നും അവിടെ അധിവസിക്കുന്നവർ ട്രാൻസ്മിറ്റർ വഴി പാകിസ്താനുമായി നിരന്തരം ബന്ധപ്പെട്ടുവരുകയാണെന്നും ഗോൾവാൾക്കർ സമർഥിക്കുന്നു. ഇന്ത്യയുമായി സായുധ സംഘട്ടനത്തിന് പാകിസ്താൻ തീരുമാനമെടുക്കുേമ്പാൾ അവർക്കുവേണ്ടി ആളുകളെ സുസജ്ജമാക്കാനും ആയുധം ഒരുക്കാനും വിനാശകരമായ പദ്ധതികൾ തയാറാക്കാനും ഡൽഹി മുതൽ രാംപൂർ വരെയുള്ള സ്ഥലങ്ങളിൽ മുസ്ലിംകൾ തിരക്കിട്ട തയാറെടുപ്പിലാണെന്നുമാണ് അദ്ദേഹത്തിെൻറ വാദം’.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.