സ്വപ്നാടനം വിട്ട് കാമ്പസുകൾ
text_fieldsനരേന്ദ്ര മോദിയെ ആരാധനയോടെ തോളേറ്റിയ യുവാക്കൾക്ക് പണ്ടത്തെ ആവേശമില്ല. അവരുടെ അഭിലാഷങ്ങൾക്കുമേൽ ചാരം മൂടിയിരിക്കുന്നു. നവമാധ്യമങ്ങളിൽ ഉന്മാദക്കൂട്ടമായി അവർ ഇപ്പോൾ പടപൊരുതുന്നില്ല. മൂന്നര വർഷത്തിനിടയിൽ കാവിക്കമ്പമുള്ള യുവതലമുറയിൽ അത്തരമൊരു മാറ്റം വന്നിരിക്കുന്നു. ഭരണത്തിെൻറയും രാഷ്ട്രീയത്തിെൻറയും സിരാകേന്ദ്രമായ ഡൽഹിയിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലെയും ഡൽഹി യൂനിവേഴ്സിറ്റിയിലെയും യൂനിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബി.ജെ.പിയും ആ തിരിച്ചറിവിലാണ്. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ കലാലയ തെരഞ്ഞെടുപ്പിലും തിരിച്ചടിയേറ്റിരിക്കുന്നു.
ജെ.എൻ.യു വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ഇടതു സഖ്യം വലിയ വിജയം നേടി. എല്ലാ സീറ്റുകളിലും വിജയിച്ച് െഎസ, എസ്.എഫ്.െഎ, ഡി.എസ്.എഫ് കൂട്ടുകെട്ട് സർവകലാശാലയിൽ ആധിപത്യം ഉറപ്പിച്ചു. പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ജോയൻറ് സെക്രട്ടറി സീറ്റുകളിൽ ജയിച്ചത് ഇടതുസഖ്യമാണ്. എല്ലാ സീറ്റിലും രണ്ടാം സ്ഥാനംകൊണ്ടുമാത്രം എ.ബി.വി.പിക്ക് തൃപ്തിപ്പെടേണ്ടിവന്നു. ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ എൻ.എസ്.യു.െഎ മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. ആർ.എസ്.എസ് പിന്തുണയുള്ള എ.ബി.വി.പിയുടെ മേൽക്കോയ്മ തകർന്നു. തുടർച്ചയായി യൂനിയൻ പിടിച്ചടക്കിയിരുന്ന എ.ബി.വി.പിക്ക് ഇക്കുറി അടിയറവ് പറയേണ്ടിവന്നു.
പഞ്ചാബിലും രാജസ്ഥാനിലും പ്രതീക്ഷകൾ തകർന്നതിനു പുറമെ, ത്രിപുരയിൽനിന്ന് ബി.ജെ.പിക്കു കിട്ടിയ വാർത്തയും മോഹഭംഗത്തിേൻറതായി. 22 സർക്കാർ കോളജുകളിലെ വിദ്യാർഥി കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ ജയിച്ചത് ഇടതാണ്. 778 സീറ്റുകളിൽ എസ്.എഫ്.െഎയും ട്രൈബൽ സ്റ്റുഡൻറ്സ് യൂനിയനും ചേർന്ന് 751 സീറ്റും പിടിച്ചപ്പോൾ എ.ബി.വി.പിക്ക് 27 സീറ്റിെൻറ ദയനീയ തോൽവിയാണ് നേരിട്ടത്. ത്രിപുരയിൽ കാലുറപ്പിക്കാൻ ബി.ജെ.പി നടത്തിവരുന്ന ശ്രമങ്ങൾക്കിടയിൽ തന്നെയാണിത്. ഡൽഹി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബവാന മണ്ഡലത്തിൽ ബി.ജെ.പിയെ പിന്തള്ളി ആം ആദ്മി പാർട്ടി സീറ്റ് നിലനിർത്തി ആഴ്്ചകൾക്കകമാണ് കലാലയ വളപ്പുകളിൽനിന്ന് കാവിരാഷ്ട്രീയത്തെ ഉത്കണ്ഠയിലാക്കുന്ന തെരഞ്ഞെടുപ്പു ഫലങ്ങൾ വരുന്നത്.
രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങേളാടുള്ള രോഷം, ജെ.എൻ.യുവിൽ കനയ്യ കുമാറിെൻറ ഉദയം എന്നിങ്ങനെ നീളുന്ന സംഭവവികാസങ്ങളിലൂടെ കലാലയ വളപ്പുകൾ മാറ്റത്തിെൻറ സന്ദേശം നേരേത്തതന്നെ നൽകിത്തുടങ്ങിയിരുന്നു. അതിനിടയിലും കഴിഞ്ഞ വർഷം ഡൽഹി സർവകലാശാലയിലും മറ്റും നേടിയ ജയം ബി.ജെ.പി മുന്നോട്ടുവെക്കുന്ന ഇനം ദേശീയതയുടെ വിജയമെന്ന നിലയിലാണ് കഴിഞ്ഞ വർഷം സംഘ്പരിവാർ കൊട്ടിഘോഷിച്ചത്. ഏതാനും വർഷങ്ങളായി രാജ്യത്തെ കാമ്പസുകളിൽ നടന്നുവരുന്നത് സ്വതന്ത്ര ചിന്തയുടെയും കപട ദേശീയതയുടെയും ഏറ്റുമുട്ടലുകളാണ്. അത് പലപ്പോഴും അക്രമങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. ദലിതനോടുള്ള സമീപനവും എന്തു കഴിക്കണമെന്നുപോലും അക്രമാസക്തമായി നിർദേശിക്കുന്ന അസഹിഷ്ണുതയും കപട ധാർമികതയുടെ ജാഗ്രതാസംഘങ്ങളുമൊക്കെ കാമ്പസിെൻറ ചിന്തയെ നന്നായി സ്വാധീനിച്ചു.
മോദി സർക്കാറിൽനിന്ന് കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ വൻകിട വായ്ത്താരികൾക്കപ്പുറം എന്തു കിട്ടിയെന്ന ചോദ്യം പൊതുസമൂഹത്തിൽ ശക്തമായി ഉയർന്നുവരുേമ്പാൾ തന്നെയാണിത്. ആധാറും പാൻകാർഡും, വേറെ കുറെ ബന്ധനങ്ങളുമായി വന്നതല്ലാതെ സമാശ്വാസത്തിെൻറ തരിമ്പും സാധാരണക്കാർക്ക് അനുഭവപ്പെടുന്നില്ല. തൊഴിലവസരങ്ങളില്ല, കൃഷിയും വ്യവസായവുമൊക്കെ മുരടിച്ചു, സ്വാതന്ത്ര്യത്തിനുതന്നെ വിലക്കുകളായി. വലിയ മാറ്റങ്ങളെക്കുറിച്ച് പറഞ്ഞവർ, അസമാധാനത്തിെൻറ അസ്വസ്ഥ അന്തരീക്ഷം ഉണ്ടാക്കിവെച്ചിരിക്കുന്നതിൽ രോഷം പടരന്നു. ‘അച്ഛേ ദിൻ’ വാഗ്ദാനം വായുവിൽ അലിഞ്ഞുപോയി. പുതിയ കുപ്പിയിലാക്കിയ പഴയ പദ്ധതികൾ മുതൽ ശുചിത്വ ഇന്ത്യ പദ്ധതി വരെ, എല്ലാം വേദി കുലുക്കുന്ന പ്രഖ്യാപനങ്ങൾ മാത്രമാണ് പ്രായോഗിക തലത്തിൽ.
ജനത്തിെൻറ ഇൗ തിരിച്ചറിവും രോഷവും യുവാക്കളുടെ മോഹഭംഗവും സ്വന്തം ചേരിക്ക് അനുകൂലമാക്കി മാറ്റാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിയുന്നുണ്ടോ എന്നത് ഇതിനിടയിൽ കാതലായ വിഷയം. ഭരണക്കാരുടെ പ്രചാരണതന്ത്രങ്ങളെ അതിജീവിച്ച് അതൃപ്തരായ ജനങ്ങളെ സംഘടിപ്പിക്കുക എന്നതാണ് എക്കാലവും പ്രതിപക്ഷ പാർട്ടികൾ ചെയ്തുവരുന്നത്. നേതൃദാരിദ്ര്യവും അനൈക്യങ്ങളും മൂടിനിൽക്കുന്ന പ്രതിപക്ഷം അത്തരമൊരു കരുത്ത് ഇനിയും കാട്ടിയിട്ടുവേണം. മോദിസർക്കാറിെൻറ ഏറ്റവും വലിയ നേട്ടവും അതുതന്നെ. ജനവികാരം സ്വയമേവ തങ്ങൾക്ക് അനുകൂലമായി രൂപപ്പെട്ടുവരുന്നതിനുവേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുക മാത്രമാണ് പ്രതിപക്ഷം. സ്വയം സംഘടിക്കാനും ജനത്തെ സംഘടിപ്പിക്കാനും അവർക്ക് സാധിക്കുന്നില്ല. അതേസമയം, ഇനിയും സഹിക്കാൻ കഴിയില്ലെന്ന മട്ടിലേക്ക് പൊതുവികാരം രൂപപ്പെടുന്നുവെന്നത് ശ്രദ്ധേയം.
വിമുഖത ഉപേക്ഷിച്ച് അടുത്ത തെരഞ്ഞെടുപ്പിനുമുമ്പായി പാർട്ടിയിൽ പ്രധാന റോൾ ഏറ്റെടുക്കാനോ പ്രധാനമന്ത്രി സ്ഥാനാർഥി തന്നെയാകാനോ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഏറക്കുറെ സന്നദ്ധത പറഞ്ഞു പ്രകടിപ്പിച്ചതാണ് പ്രതിപക്ഷ കൂട്ടായ്മയിലെ ഏറ്റവുമൊടുവിലത്തെ മുളപൊട്ടൽ. ഇനിയും വൈകിയാൽ കളം കൈവിട്ടുപോകുമെന്ന് രാഹുലും കോൺഗ്രസും തിരിച്ചറിഞ്ഞ മട്ടുണ്ട്. എന്നാൽ, പ്രതിപക്ഷത്തിെൻറ ദൗർബല്യവും അനൈക്യവും അങ്ങേയറ്റം പ്രകടമായി നിൽക്കുന്നതാണ് ചുറ്റുപാട്. കോൺഗ്രസ് നയിച്ചാൽ ആരൊക്കെയുണ്ട്, മറ്റേതെങ്കിലും പാർട്ടി നേതാവ് നയിച്ചാൽ കോൺഗ്രസിെൻറ നിലപാടെന്ത്, പ്രതിപക്ഷ െഎക്യത്തിന് ആരൊക്കെ സഹകരിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം അവ്യക്തം. കലാലയവളപ്പിലെ വിജയം, നിലവിലെ ഭരണരീതിയോടും രാഷ്ട്രീയശൈലിയോടും യുവാക്കൾക്കുള്ള എതിർപ്പിെൻറ പ്രകടനമാണെന്ന വിശാല കാഴ്ചപ്പാടുതന്നെ പ്രതിപക്ഷം കാണിക്കുന്നില്ല. ജെ.എൻ.യുവിൽ ഇടതുമുന്നേറ്റവും ഡൽഹി യൂനിവേഴ്സിറ്റിയിൽ കോൺഗ്രസ് മുന്നേറ്റവുമെന്ന നിലയിൽ അവരവരുടെ പാർട്ടികളുടെ തിരിച്ചുവരവായി മാത്രം കാണാനാണ് ഇഷ്ടം.
പ്രതിപക്ഷ ദൗർബല്യത്തിനിടയിൽതന്നെ, അസഹിഷ്ണുതയുടെ രാഷ്ട്രീയം വളർന്നുനിൽക്കുന്ന ഇന്ത്യയിൽ ഉദാര നിലപാടുകളുടെ സ്വാധീനശക്തിയും നേതാവുമായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാണിക്കാൻ കോൺഗ്രസ് വേറിെട്ടാരു ശ്രമം തന്നെ നടത്തുന്നുണ്ട്. പതിവ് അവധിക്കാല യാത്രകളിൽനിന്ന് വ്യത്യസ്തമാണ് രാഹുൽ ഇക്കുറി നടത്തിയ അമേരിക്കൻ സന്ദർശനം. പുതിയ സുഹൃത്തുക്കളെയും സ്വാധീന കേന്ദ്രങ്ങളെയും കണ്ടെത്താനുള്ള അന്വേഷണയാത്ര കൂടിയായി അത്. ബർക്കലിയിലും പ്രിൻസ്ടണിലും വിദ്യാർഥിസമൂഹവുമായി അദ്ദേഹം സംസാരിച്ചു. സിലിക്കൺവാലി സന്ദർശിച്ചു. വാഷിങ്ടണിൽ, അമേരിക്കൻ കോൺഗ്രസ് അംഗങ്ങളും ബുദ്ധികേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തി. ഷികാഗോ കേന്ദ്രമായുള്ള മറുനാടൻ കോൺഗ്രസ് വിഭാഗത്തിെൻറ നേതാവ് സാം പിത്രോഡയുടെ മുൻകൈയിലാണ് ഇൗ യാത്ര നടന്നത്.
ഇന്ത്യക്ക് ഒറ്റ നേതാവ് എന്ന മട്ടിൽ മോദി അടിക്കടി വിദേശയാത്രകൾ നടത്തുന്നതിനിടയിൽ, അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ള ഇന്ത്യൻ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയെ അവതരിപ്പിക്കാനുള്ള ശ്രമംകൂടിയാണ് നടന്നത്. ഇന്ത്യയിൽ വർധിച്ചുവരുന്ന അസഹിഷ്ണുതയോടും അതിക്രമങ്ങളോടും പ്രവാസിസമൂഹത്തിനും ലോകജനതക്കുതന്നെയുമുള്ള അതൃപ്തി മുൻനിർത്തി തെൻറയും കോൺഗ്രസിെൻറയും നിലപാട് ഉയർത്തിക്കാട്ടാൻ രാഹുൽ ശ്രമിച്ചു. മൂന്നര വർഷമായി ഇന്ത്യയെക്കുറിച്ച് വിദേശത്ത് ഏകപക്ഷീയമായ വിവരങ്ങളാണ് കിട്ടുന്നതെന്ന കാര്യവും രാഹുൽ എടുത്തുകാട്ടി. ആൾക്കൂട്ട കൊല, എതിർശബ്ദങ്ങൾ അടിച്ചൊതുക്കൽ, മാധ്യമങ്ങൾക്കുനേരെയുള്ള ആക്രമണം, റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കാനുള്ള നീക്കം എന്നിവയെല്ലാം ഇന്ത്യയോടുള്ള കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നുണ്ട്. അതിനെല്ലാമിടയിൽ ഉദാരമുഖമുള്ള നേതാവായി രാഹുലിനെ ഉയർത്തിക്കാട്ടാനാണ് കോൺഗ്രസ് ശ്രമിച്ചത്. രാജ്യാന്തരതലത്തിൽ കോൺഗ്രസ് നടത്തിയ ഇൗ നീക്കത്തിെൻറ മർമം ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നുണ്ട്. രാഹുലിെൻറ യാത്രയെ വിമർശിക്കാൻ നിരവധി കേന്ദ്രമന്ത്രിമാരാണ് കളത്തിലിറങ്ങിയത്. ബി.ജെ.പി നേതാവിൽനിന്ന് ഉപരാഷ്ട്രപതി കസേരയിലേക്ക് മാറിയെങ്കിലും, വെങ്കയ്യ നായിഡുവും അതിൽ പങ്കാളിയായി.
അന്താരാഷ്ട്രതലത്തിൽ ഇന്ത്യയെക്കുറിച്ച് വളരുന്ന കാഴ്ചപ്പാടിെൻറ പ്രതിഫലനങ്ങൾകൂടി അഭിലാഷങ്ങൾക്ക് തിരിച്ചടിയേറ്റ യുവസമൂഹത്തിെൻറ പ്രതികരണങ്ങളിൽ നിഴലിക്കുന്നുണ്ട്. ആഗോളതലത്തിലെ പ്രവണതകൾ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നവരാണ് കലാലയ വളപ്പുകളിലുള്ളത്. അതിനൊപ്പം, വലിയൊരു മാറ്റവും പുതിയൊരു ഇന്ത്യയുമെന്ന സ്വപ്നാടനത്തിലേക്കു വീണുപോയ യുവാക്കളുടെ നിരാശയാണ് കലാലയ വളപ്പുകളിൽ പ്രതിഫലിച്ചത്. ഒന്നര വർഷം മാത്രമാണ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു ബാക്കി. ചെറുപ്പക്കാരുടെ മനോഭാവത്തിൽ വന്നിരിക്കുന്ന മാറ്റം അപകടസൂചനയായി കാണാതിരിക്കാൻ ബി.ജെ.പി നേതൃത്വത്തിന് കഴിയില്ല.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 15 കോടിയോളം വരുന്ന പുതിയ വോട്ടർമാരിൽ ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് ബി.ജെ.പിയെയായിരുന്നു. മോദിക്കാലത്തെക്കുറിച്ച യുവാക്കളുടെ സങ്കൽപലഹരി നിലനിർത്താൻ ദേശീയതയെക്കുറിച്ച കപടേബാധത്തിന് പിന്നീട് പലവിധ വിഷയങ്ങൾ അടിക്കടി എടുത്തിടുകയും ചെയ്തു. എന്നിട്ടും 2019െല തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടുചെയ്യാൻ പോകുന്ന 13 കോടിയിൽപരം പുതിയ വോട്ടർമാരുടെ ചിന്താഗതി ബി.ജെ.പി ഉദ്ദേശിക്കുന്ന വിധത്തിൽ വളയുന്നില്ല. അസഹിഷ്ണുതയുടെ ഇന്നത്തെ അന്തരീക്ഷത്തിനപ്പുറം, ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയെക്കുറിച്ച സങ്കൽപങ്ങൾ ദീപ്തമാക്കി നിർത്താൻ പൊതുസമൂഹത്തിന് ആ യുവശക്തി ഉത്തേജനം പകരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.