ജാതി സമൂഹത്തിന്‍െറ ശബ്ദകോശം
text_fieldsസാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ ആദിവാസി മരണങ്ങളെക്കുറിച്ചുള്ള സബ്മിഷന് മറുപടിയായി കേരള നിയമസഭയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ അതുപറഞ്ഞ രീതിയിലെ നിര്‍മര്യാദകൊണ്ടും ഉപയോഗിച്ച ഭാഷയിലെ പരിഹാസ സൂചനകള്‍കൊണ്ടും വിവാദമായി മാറിയിരുന്നു. കടുത്ത ജാതി/വര്‍ണ ദുര്‍ബോധത്തിന്‍െറ കറപുരണ്ട മനസ്സില്‍ മാത്രം ഉണ്ടാവുന്ന ചിന്തകളായിരുന്നു അദ്ദേഹത്തിന്‍െറ വാക്കുകളില്‍ നിറഞ്ഞിരുന്നത്. കൂടുതലും അത് ഞെട്ടിപ്പിക്കുന്നതായത് മന്ത്രി ബാലന്‍ ദലിത് സമൂഹത്തില്‍നിന്ന് വരുന്ന നേതാവായതുകൊണ്ടു കൂടിയാണ്. മാത്രമല്ല, അദ്ദേഹം സി.പി.എമ്മിന്‍െറ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന അധികാരഘടകത്തിലെ -സെക്രട്ടേറിയറ്റിലെ -അംഗം കൂടിയാണ് എന്നാണ് അറിയുന്നത്.
കേരള സംസ്ഥാനം രൂപംകൊണ്ട 1957 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ ദലിത് വിഭാഗങ്ങളില്‍നിന്ന് ഭൂരിപക്ഷം വോട്ടുകളും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും പിന്നീട് സി.പി.എമ്മിനുമാണ് കിട്ടുന്നത്. ഇക്കാര്യം നിരവധി തവണ ചര്‍ച്ചചെയ്തിട്ടുണ്ട് എന്നു മാത്രമല്ല, കേരളത്തിലെ ദലിത് സ്വത്വരാഷ്ട്രീയത്തിന്‍െറ പ്രതിഫലനാത്മക ഇടപെടലുകളെ ത്വരിതപ്പെടുത്തിയ ഒരു വസ്തുതകൂടിയാണത്. ഇത് എടുത്തുപറയാതെ ഒരു ദലിത് രാഷ്ട്രീയ ചര്‍ച്ചയും ഉണ്ടാവാറില്ല. തെരഞ്ഞെടുപ്പു വിശകലനങ്ങളുമായി ബന്ധപ്പെട്ട എന്‍െറ കുറിപ്പുകളിലും സ്വാഭാവികമായും ഈ വസ്തുത പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ദലിത് പിന്നാക്കാവസ്ഥകള്‍ ചര്‍ച്ചചെയ്യപ്പെടുന്നതുതന്നെ ‘എന്നിട്ടുമെന്തേ?’ എന്ന ഈ അടിസ്ഥാന പരിസരത്തിലാണ്.
ഇത്രയും പിന്തുണയുണ്ടായിട്ടും ദലിത്-ആദിവാസി സമൂഹങ്ങളില്‍നിന്ന് കമ്യൂണിസ്റ്റ്് പാര്‍ട്ടിയുടെ നേതൃതലത്തിലേക്ക് ഉയര്‍ന്നു വരാന്‍ അധികം പേരെ അനുവദിച്ചിട്ടില്ല എന്നതും ആദിവാസി-ദലിത് വിഭാഗങ്ങളുടെ യഥാര്‍ഥ സാമ്പത്തിക മുദ്രാവാക്യമായ ‘കൃഷി ചെയ്യാന്‍ ഭൂമി’ എന്ന നിലപാടിനോട് തികച്ചും നിഷേധാത്മക നിലപാടാണ് പാര്‍ട്ടികള്‍ എടുത്തിട്ടുള്ളത് എന്നതും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ദലിത്-ഇടതുപക്ഷ ബന്ധംകൂടി കേരളത്തിലെ അംബേദ്കറിസ്റ്റ് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുന്നത്. ഇ.എം.എസിന്‍െറ ചരിത്രപുസ്തകത്തില്‍ അയ്യങ്കാളിയെക്കുറിച്ചുള്ള പരാമര്‍ശംപോലും കടന്നുവരാതിരുന്നതടക്കമുള്ള കാര്യങ്ങള്‍ ആഴത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഭൂപരിഷ്കരണത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച്, സമൂഹത്തിന്‍െറ ഓരങ്ങളിലെ കോളനികളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടതിനെക്കുറിച്ച്, സംവരണ തത്ത്വങ്ങള്‍ പാലിക്കപ്പെടാതിരിക്കുന്നതിനെക്കുറിച്ച്, ജാതിയുടെ പേരില്‍ അപമാനിക്കപ്പെടുന്നതിനെക്കുറിച്ച്, നായനാരെപ്പോലുള്ള നേതാക്കളുടെ ജാതിപരാമര്‍ശങ്ങളെക്കുറിച്ച്, അതിന്‍െറ പിന്നിലെ സവര്‍ണബോധത്തെക്കുറിച്ച് ഒക്കെ ചര്‍ച്ചകള്‍ ഉണ്ടാവുന്ന സ്ഥിതി വന്നു. പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു വന്ന നേതാക്കളെക്കാള്‍ ഇക്കാര്യത്തില്‍ ഇടപെടലുകള്‍ നടത്തിയത് സ്വതന്ത്ര ദലിത് ബുദ്ധിജീവികളും സിവില്‍സമൂഹ സംഘങ്ങളുമായിരുന്നു. നിരന്തരമായ ആശയസമരത്തിലൂടെ കേരളത്തിലെ പുതിയ ദലിത് രാഷ്ട്രീയം ഉയര്‍ത്തിയ ചോദ്യങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിലെപ്പോലെ തെരഞ്ഞെടുപ്പില്‍ നിന്നാല്‍ കെട്ടിവെച്ച കാശുപോയിട്ട് നാലക്ക വോട്ടുകള്‍പോലും ലഭിക്കാത്ത സാഹചര്യമല്ല കേരളത്തില്‍ സി.പി.എമ്മിന്‍േറത്. തങ്ങള്‍ക്കു സ്വാധീനമുള്ള കേരളത്തില്‍ ഇത്രയും വലിയ ജനസമൂഹത്തിന്‍െറ പിന്തുണ കാലാകാലങ്ങളായി ലഭിച്ചിട്ടും അവരുടെ അടിസ്ഥാനപ്രശ്നങ്ങള്‍ എങ്ങനെ അവഗണിക്കപ്പെട്ടുവെന്നത് ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നത് സ്വാഭാവികമാണ്. മറ്റു സ്ഥലങ്ങളില്‍ സി.പി.എമ്മിനെക്കുറിച്ച് വിമര്‍ശാത്മകമായി ചിന്തിക്കേണ്ട കാര്യമില്ല. അധികാരംകൊണ്ട് എന്തുചെയ്തു എന്ന ചോദ്യമല്ല അവിടങ്ങളില്‍ പ്രധാനം. ഡല്‍ഹിയില്‍ തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്ലാ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും കൂടി 10,000 വോട്ട് തികച്ചുകിട്ടാത്ത അവസ്ഥയാണു കണ്ടത്.
ഇന്ത്യയിലെ ഏറ്റവും ശക്തമായ ഭൂസമരങ്ങള്‍ കഴിഞ്ഞ മൂന്നര ദശാബ്ദക്കാലത്ത് ഉയര്‍ന്നുവന്നിട്ടുള്ളത് കേരളത്തിലെ ദലിത്-ആദിവാസി സമൂഹങ്ങളില്‍നിന്നാണ്. കേരളത്തിലെ ആദിവാസി-ദലിത് സമൂഹങ്ങളുടെ രണ്ടാം ഭൂപരിഷ്കരണ സമരത്തെ രാഷ്ട്രീയ പിത്തലാട്ടങ്ങളിലൂടെ അട്ടിമറിക്കാന്‍ സി.പി.എം അടക്കമുള്ള ഭരണവര്‍ഗ പാര്‍ട്ടികള്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ സമാനമായ സമരങ്ങള്‍ -ജിഗ്നേഷ് മേവാനിയുടേതടക്കം- ഉയര്‍ന്നുവരുകയാണ്. എന്നാല്‍, ഇവിടത്തെ ദലിത് ഭൂസമരങ്ങളെ തള്ളിക്കളയുമ്പോഴും മറ്റിടങ്ങളില്‍ ആ സമരങ്ങളെ പിന്തുണക്കുകയല്ലാതെ വേറെ മാര്‍ഗമില്ളെന്ന് ഇടതുപാര്‍ട്ടികളടക്കം എല്ലാവരുംതന്നെ മനസ്സിലാക്കിവരുന്ന കാലമാണിത്. തങ്ങള്‍ക്ക് ആളില്ലാത്ത സ്ഥലങ്ങളില്‍ ദലിത് നേതൃത്വവുമായി ചങ്ങാത്തവും തങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ദലിത് സമരങ്ങളെ അവഗണിക്കുന്നതുമായ ഇരട്ടസമീപനം ഇനി ഏറെക്കാലം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തുടരാനാവില്ല എന്നാണു തോന്നുന്നത്. ബി.ജെ.പി പോലും ഒരുവശത്ത് വര്‍ണവ്യവസ്ഥയുടെ ത്രിശൂലവുമായി നടക്കുമ്പോള്‍തന്നെ ദലിത്-ആദിവാസി സമൂഹങ്ങളുടെ യഥാര്‍ഥ സുഹൃത്തുക്കള്‍ തങ്ങളാണെന്ന് വരുത്താന്‍ ശ്രമിക്കുന്നുണ്ട്.
ഇന്ത്യയിലെ ദലിത് ഭൂരിപക്ഷം ഒരു കാലത്ത് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനാണ് വോട്ടുചെയ്തിരുന്നത്. ഇന്ന് അവിടെ അവര്‍ ആരുടെയും വോട്ടുബാങ്കല്ല. ജിഗ്നേഷ് മേവാനിയെ പോലുള്ള പുതിയ ദലിത് നേതൃത്വം ഇപ്പോള്‍ മാതൃകയാക്കുന്നത് കേരളത്തിലെ ദലിത്-ആദിവാസി സമരങ്ങളെയാണ്. ഇവിടത്തെ മുദ്രാവാക്യങ്ങളാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഉത്തരേന്ത്യയിലെ ദലിത് പ്രതിരോധങ്ങള്‍ക്ക് കേരളത്തില്‍ കാണുന്നതുപോലെ ഒരു സാമ്പത്തിക ദിശാബോധം ശക്തമാവുന്നത് ഇപ്പോഴാണ്. അഖിലേന്ത്യാ ദലിത് പ്രതിരോധ രാഷ്ട്രീയത്തില്‍ ഭൂമിയുടെ പ്രശ്നം ശക്തമായ അജണ്ടയാവുന്നത് കേരളത്തിലെ സമരങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം ദേശീയതലത്തില്‍ സ്വീകാര്യമാവുന്നു എന്നതിന്‍െറകൂടി സൂചനയാണ്. ദലിത് മര്‍ദനങ്ങളുടെ കേവലമായ ഇരവാദത്തില്‍നിന്ന് അവകാശസമരങ്ങളുടെ തലത്തിലേക്ക് ഉയര്‍ന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ ദലിത് ചരിത്രത്തില്‍നിന്നും ഇരുപതാം നൂറ്റാണ്ടിന്‍െറ രണ്ടാം പകുതിയില്‍ ആരംഭിച്ച ഭൂസമരങ്ങളില്‍നിന്നും ഉണ്ടായ ഉണര്‍വിന്‍െറ സമന്വയമാണ്.
കേരളത്തില്‍ കൂലിവര്‍ധനക്കായുള്ള സമരങ്ങള്‍ക്കപ്പുറം വലിയൊരു വിഭാഗം ദലിത്-ആദിവാസി പ്രവര്‍ത്തകര്‍ കൃഷിഭൂമിക്കായുള്ള സമരം ആരംഭിക്കുന്നതും കമ്യൂണിസ്റ്റ്് പാര്‍ട്ടികളുടെ നിലപാടുകളുടെ വിമര്‍ശം അവതരിപ്പിക്കുന്നതും ഇപ്പോള്‍ അഖിലേന്ത്യാ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഭൂമി നിഷേധിച്ചതടക്കമുള്ള നിലപാടുകള്‍ക്കെതിരെ നടക്കുന്ന കേരളത്തിലെ സമരങ്ങളും അഖിലേന്ത്യാതലത്തില്‍ ഉയരുന്ന സമരങ്ങളും കൈകോര്‍ക്കുകയാണ്. എന്നാല്‍, കേരളത്തിലെ ദലിത്-ആദിവാസി മുന്നേറ്റങ്ങള്‍ കേവലം സാമ്പത്തിക പ്രശ്നങ്ങളില്‍ ഒതുങ്ങുന്നതല്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ ജാതിവിരുദ്ധ സമരങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഭാഷയുടെയും സംസ്കാരത്തിന്‍െറയും തലത്തിലെ സജീവമായ ഇടപെടലുകളിലൂടെയാണ് അത് വികസിച്ചുവന്നത്. ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്‍െറയും വംശീയതാവിരുദ്ധ പ്രസ്ഥാനത്തിന്‍െറയും അതേ മാതൃകയില്‍ ഭാഷയിലെയും സംസ്കാരത്തിലെയും ജാത്യാധീശത്വ പ്രവണതകളെ ചൂണ്ടിക്കാണിച്ചും വെല്ലുവിളിച്ചും നടത്തിയ പോരാട്ടങ്ങള്‍ക്ക് സാമ്പത്തിക സമരങ്ങളോളമോ അല്ളെങ്കില്‍ ചരിത്രപരമായ അര്‍ഥത്തില്‍ അതിനെക്കാളേറെയോ പ്രാധാന്യമുണ്ട്. ഭാഷയിലെ ജാതിസമരം അതിപ്രധാനമാണ്. ജാതിസമൂഹത്തിന്‍െറ ശബ്ദകോശം അധീശത്വത്തിന്‍െറ ഘടനകളെ പഴഞ്ചൊല്ലുകളില്‍, നാട്ടുവര്‍ത്തമാനങ്ങളില്‍, കവിതയില്‍, കഥയില്‍, പാട്ടുകളില്‍, നിത്യജീവിത വ്യവഹാരങ്ങളില്‍ ഒക്കെ അതിസൂക്ഷ്മമായി സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതാണ്. അതിനെതിരെയുള്ള സമരം ആരംഭിച്ചതും ഇന്നും തുടരുന്നതും ഫെമിനിസ്റ്റുകളും ദലിത്-മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ്. ഒൗദ്യോഗിക ഇടതുപക്ഷം അതിന്‍െറ അടിയേല്‍ക്കുമ്പോള്‍ മുരളുന്ന ആഢ്യസംഘമായി ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ തിരുത്തേണ്ടത് അവരാണ്.
ദലിത്-ഫെമിനിസ്റ്റ്-മനുഷ്യാവകാശ ഇടപെടലുകളിലെ ഈ സാംസ്കാരിക സമരപാരമ്പര്യമാണ് ഇപ്പോള്‍ എ.കെ. ബാലന്‍െറ അനുചിതമായ പരാമര്‍ശങ്ങളെ ചോദ്യംചെയ്യാന്‍ കേരളത്തിലെ പൊതുസമൂഹത്തത്തെന്നെ പ്രാപ്തമാക്കിയത്. ദലിത് സമൂഹത്തില്‍നിന്ന് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവരുന്ന അപൂര്‍വം നേതാക്കള്‍ക്കുപോലും ജാതിബോധത്തിന്‍െറ പിടിയില്‍നിന്ന് മുക്തിനേടാന്‍ കഴിയുന്നില്ളെന്ന് അത് ഓര്‍മിപ്പിച്ചു. അവരുടെ ശബ്ദകോശം ഇപ്പോഴും ഇ.കെ. നായനാരുടേതുതന്നെ എന്ന്, അവരുടെ ചരിത്രബോധം ഇ.എം.എസ്സിന്‍േറതുതന്നെ എന്ന് അത് ഒരിക്കല്‍ക്കൂടി വിളിച്ചുപറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്തു വളരുന്ന ജാത്യാധീശത്വ വിരുദ്ധ സാംസ്കാരിക രാഷ്ട്രീയധാരയുടെ വര്‍ധിക്കുന്ന പ്രസക്തിയിലേക്ക് അത് ഒരിക്കല്‍ക്കൂടി കണ്ണുതുറപ്പിച്ചു. ഇത് കേവലം പി.കെ. ബാലകൃഷ്ണന്‍ സൂചിപ്പിച്ച ജാതിശ്രേണീബോധത്തിന്‍െറ മാത്രം പ്രശ്നമല്ല. ജനാധിപത്യം ശക്തിപ്പെടുമ്പോഴും ആ ജാതിശ്രേണീബോധം മാറ്റമില്ലാതെ തുടരുന്നുവെന്നതിന്‍െറ പ്രശ്നമാണ്. ബാലനില്‍ തുടങ്ങി ബാലനില്‍ അവസാനിക്കുന്ന പ്രശ്നമല്ല ഇത്. ജാതിബോധത്തിന്‍െറ ശബ്ദകോശം എളുപ്പത്തില്‍ മാഞ്ഞുപോകുന്നതല്ല. അതിനെതിരെ നിരന്തര സമരങ്ങള്‍ ആവശ്യമുണ്ട്. നിശിതമായ സാംസ്കാരിക വിമര്‍ശങ്ങള്‍ നിര്‍ദയമായി തുടരുക എന്നതുതന്നെയാണ് ഇതിനുള്ള രാഷ്ട്രീയ പരിഹാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.