വിനയവും പാണ്ഡിത്യവും സമ്മേളിച്ച അപൂർവ വ്യക്തിത്വം
text_fieldsചെറിയമുണ്ടം അബ്ദുൽഹമീദ് മദനിയുടെ മരണവാർത്ത മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. കേരളത്തിലെ ഇസ്ലാമിക പണ്ഡിതരിൽ മതവിഷയങ്ങളിലും ഭൗതികവിഷയങ്ങളിലും അവഗാഹമുള്ള വ്യക്തിത്വമായിരുന്നു ചെറിയമുണ്ടം അബ്്ദുൽ ഹമീദ് മദനി. വിനയവും പാണ്ഡിത്യവും സമ്മേളിച്ചാൽ ഒരാൾക്ക് എത്രത്തോളം ഉയരാമെന്നതിെൻറ മകുടോദാഹരണമായിരുന്നു ആ സംസാരവും പ്രവർത്തനവും.
വളരെ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം മതപ്രബോധനരംഗത്തേക്ക് കടന്നുവന്നു. ഗഹനമായ വായനയും അതിെൻറ ഉപോൽപന്നമായ രചനാപാടവവും ചെറിയമുണ്ടത്തിനെ മറ്റുള്ളവരിൽനിന്ന് വ്യതിരിക്തനാക്കി. യുക്തിവാദികളുടെ ഇസ്ലാം വിമർശനം അതിെൻറ പാരമ്യതയിലെത്തിയ സമയത്താണ് അദ്ദേഹം പ്രഭാഷണ രംഗത്ത് സജീവമാകുന്നത്. ഗഹനമായ ചിന്തകൾ കൊണ്ടും കൂർമബുദ്ധി കൊണ്ടും എതിരാളികളെ വൈജ്ഞാനികമായി അദ്ദേഹം നിലംപരിശാക്കി. ശരീഅത്ത് വിവാദം കത്തിനിൽക്കുമ്പോൾ കേരളീയ മുസ്ലിം ധിഷണക്ക് വൈജ്ഞാനിക നേതൃത്വം നൽകാൻ ചെറിയമുണ്ടം അബ്്ദുൽ ഹമീദ് മദനി മുമ്പന്തിയിലുണ്ടായിരുന്നു.
1944 സെപ്റ്റംബർ എട്ടിന് മലപ്പുറം ചെറിയമുണ്ടം ഗ്രാമത്തിൽ മുത്താണിക്കാട്ട് ഹൈദർ മുസ്ലിയാരുടെയും ആയിശുമ്മയുടെയും മകനായാണ് ജനിച്ചത്. പള്ളി ദർസുകളിൽ പഠനം തുടങ്ങിയ അദ്ദേഹം ഇർശാദുൽ മുസ്ലിമീൻ അറബികോളജിൽ ഉപരിപഠനം നടത്തി. പുളിക്കൽ മദീനത്തുൽ ഉലൂമിലായിരുന്നു മതപഠനം പൂർത്തിയാക്കിയത്. മദീനത്തുൽ ഉലൂമിലെ പഠനസമയത്ത് തന്നെ ലൈബ്രറിയിലെ ഏതാണ്ടെല്ലാ ഗ്രന്ഥങ്ങളിലും അദ്ദേഹത്തിെൻറ കരസ്പർശമേറ്റിരുന്നു.
പഠനശേഷം ദീർഘകാലം അധ്യാപകനായി ജോലിചെയ്തു. വളവന്നൂർ അൻസാർ അറബിക് കോളജ്, പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ്, ജാമിഅ സലഫിയ്യ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സേവനമനുഷ്ഠിച്ചു. അറബി അധ്യാപകനായി ജോലിചെയ്തു കൊണ്ടിരിക്കെ, തെൻറ ഭാര്യാ പിതാവ് നടത്തിയിരുന്ന തിരൂരിലെ ബുക്സ്റ്റാളിൽ വൈകുന്നേരങ്ങളിലും ഒഴിവു സമയങ്ങളിലും ഇരിക്കാറുണ്ടായിരുന്ന അദ്ദേഹം, ഇതിലൂടെയാണ് വായനാലോകത്തിന് തുടർച്ച കണ്ടെത്തിയത്. അറബി ^മലയാള നിഘണ്ടുക്കൾ തയാറാക്കി. അറബി ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തു.
1985ൽ കെ.പി. മുഹമ്മദ് മൗലവി യു.എ.ഇ ഇന്ത്യൻ ഇസ്ലാഹീ സെൻററിനു വേണ്ടി ഖുർആൻ ഓഡിയോ കാസറ്റ് തയാറാക്കാൻ എന്നെയും അബ്ദുൽഹമീദ് മൗലവിയെയും ചുമതലപ്പെടുത്തി. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ അടിസ്ഥാനമാക്കി ഞങ്ങൾ ഹ്രസ്വപരിഭാഷ തയാറാക്കി. ഒരുവർഷം കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. ഈ പരിഭാഷ ആദ്യന്തം കെ.പിയെ വായിച്ചുകേൾപ്പിച്ചു തിരുത്തൽ കഴിഞ്ഞ ശേഷമാണ് ഓഡിയോ ചെയ്തത്. പിന്നീട് യു.എ.ഇ ഇന്ത്യൻ ഇസ്ലാഹീ സെൻറർ ഇത് 30 ഓഡിയോ കാസറ്റുകളിലായി റെക്കോഡ് ചെയ്ത് മലയാളികൾക്കിടയിൽ വിതരണം ചെയ്തു. അതോടൊപ്പം റാസൽഖൈമ റേഡിയോയിൽ എല്ലാ ദിവസവും 15 മിനിറ്റ് പ്രക്ഷേപണവും തുടങ്ങി.
പിന്നീട് കെ.എൻ.എം സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ കോഴിക്കോട് പാളയത്ത് ബുക്സ്റ്റാൾ ആരംഭിച്ചപ്പോൾ ഈ പരിഭാഷ അടിക്കുറിപ്പുകളോടെ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ‘യുവത’യും ‘നിച്ച് ഓഫ് ട്രൂത്തു’മടക്കം പല പ്രസിദ്ധീകരണശാലകളും ഇത് പിന്നീട് അച്ചടിച്ചു. സൗദി അറേബ്യയിലെ കിങ് ഫഹദ് കോംപ്ലക്സിെൻറ കീഴിൽ മലയാളത്തിലുള്ള ഒറ്റവാല്യ പരിഭാഷയായി കെ.പി. മുഹമ്മദ് മൗലവിയുടെ അപേക്ഷ പ്രകാരം ഇത് തെരഞ്ഞെടുക്കപ്പെട്ടു. മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ അധ്യാപകനും മലയാളിയും കൂടിയായി ഡോ. മുഹമ്മദ് അഷ്റഫ് മൗലവിയുടെ പുനർവായനക്ക് ശേഷം 1996ൽ കിങ് ഫഹദ് പ്രിൻറിങ് പ്രസിെൻറ കീഴിൽ പ്രസിദ്ധീകരിച്ച ഇൗ പരിഭാഷ ഹജ്ജ് ഉംറ തീർഥാടകർക്കും മലയാളികൾക്കും സൗജന്യമായി വിതരണം ചെയ്തു വരുന്നു.
ഖുർആൻ പരിഭാഷക്ക് പുറമെ, കോഴിക്കോട് ‘യുവത’ പബ്ലിക്കേഷൻസ് പുറത്തിറക്കിയ അഞ്ചു വാല്യങ്ങളായുള്ള ഇസ്ലാം പരമ്പരയുടെയും ഹദീസ് വിവർത്തന സമാഹാരത്തിെൻറയും മുഖ്യപത്രാധിപരും ‘ശബാബ്’ വാരികയുടെ ചീഫ് എഡിറ്ററുമായിരുന്നു ചെറിയമുണ്ടം. അല്ലാമ യൂസുഫലിയുടെ ഇംഗ്ലീഷ് ഖുർആൻ പരിഭാഷ വിവർത്തനം, ഖുർആനും യുക്തിവാദവും, അറേബ്യൻ ഗൾഫിലെ സംസാര ഭാഷ, മനുഷ്യാസ്തിത്വം വിശുദ്ധ ഖുർആനിലും ഭൗതികവാദത്തിലും ഇതര മതസ്ഥരോടുള്ള മുസ്ലിമിെൻറ സമീപനം, ഇസ്ലാം വിമർശകരും അവരുടെ തലക്ക് വിലപറയുന്നവരും ദഅ്വത്ത് ചിന്തകൾ(അഞ്ച് വാല്യങ്ങൾ), ഇസ്ലാം വിമർശനങ്ങൾക്ക് മറുപടി, ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം, ഇസ്ലാമിെൻറ ദാർശനിക വ്യതിരിക്തത തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിേൻറതായി പുറത്തിറങ്ങിയിട്ടുണ്ട്.
മുജാഹിദ് പ്രസ്ഥാനത്തിൽ ദൗർഭാഗ്യകരമായ ഭിന്നതയുണ്ടായപ്പോൾ ഒന്നിലും പക്ഷംപിടിക്കാതെ മധ്യസ്ഥെൻറ റോളിലായിരുന്നു അദ്ദേഹം. കാര്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കണ്ട് പ്രായോഗികപരിഹാരങ്ങൾ നിർദേശിക്കുന്നതിൽ അദ്ദേഹവും അത് സ്വീകരിക്കുന്നതിൽ വ്യത്യസ്ത കക്ഷികളും വൈമനസ്യം കാണിച്ചില്ല എന്നത് തന്നെ അദ്ദേഹത്തിെൻറ ജനകീയത ബോധ്യപ്പെടുത്തുന്നു. പുതിയ പിളർപ്പിലും ഐക്യത്തിലുമെല്ലാം തേൻറതായ ഒരിടം കണ്ടെത്തി ഉൗർജസ്വലമായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. മുജാഹിദ് പ്രസ്ഥാനത്തിലെ എല്ലാ കക്ഷികളുടെയും വേദിയിലേക്ക് ക്ഷണിക്കപ്പെടാനും പ്രസക്തമായ ഒരു ക്ഷണംപോലും നിരസിക്കാതിരിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഈ സ്വഭാവഗുണം തന്നെയായിരുന്നു. അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ ഗ്രഹിക്കാനും വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങൾക്കും സലഫുകൾ നൽകിയ വിശദീകരണങ്ങളിൽനിന്ന് ഒരിഞ്ചുപോലും മാറാതെ നയം രൂപവത്കരിക്കാൻ നിലപാട് സ്വീകരിക്കാൻ കാണിച്ച അദ്ദേഹത്തിെൻറ സൂക്ഷ്മതക്കും സ്ൈഥര്യത്തിനും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.
● (വിസ്ഡം ഇസ്ലാമിക് ഒാർഗനൈസേഷൻ വൈസ് ചെയർമാനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.