തെളിച്ചമുണ്ട്; കലക്കം കഴിഞ്ഞ്
text_fieldsഏഴു പതിറ്റാണ്ടുകൾ കടന്നുപോയിരിക്കുന്നു. ഇന്ത്യ സ്വതന്ത്രയാവുക മാത്രമല്ല, വിഭജിക്കപ്പെടുകകൂടിയാണ് 1947ൽ നടന്നത്. ഭൂമിക്ക് പുതിയ അതിർത്തി വരക്കൽ മാത്രമായിരുന്നില്ല വിഭജനം. മനസ്സുകളിൽകൂടിയാണ് വിഭജനം തീർത്തത്. ദേശീയതയുടെ അടിസ്ഥാനത്തിലല്ല, മതത്തിെൻറ അടിസ്ഥാനത്തിലുള്ള വിഭജനമാണ് നടന്നത്. 10 ലക്ഷം പേരെ കൊന്നൊടുക്കിയ വിഭജനം. ഹിന്ദുവും മുസ്ലിമുമായി വേർതിരിഞ്ഞവർ സ്വാതന്ത്ര്യത്തിനൊപ്പം ഇന്ത്യക്കൊപ്പം പാകിസ്താനെയും സൃഷ്ടിച്ചു. അക്കാലത്ത് വെറുമൊരു ബിരുദത്തിെൻറ സർട്ടിഫിക്കറ്റുമായി പലർക്കുമൊപ്പം സിയാൽക്കോട്ടിൽനിന്ന് ‘പുതിയ’ ഇന്ത്യയിലേക്ക് വരാൻ നിർബന്ധിക്കപ്പെട്ട ചെറുപ്പക്കാരനായിരുന്നു ഞാൻ. വിഭജിക്കപ്പെട്ടത് എെൻറ മാത്രമല്ല, എത്രയെത്ര കുടുംബങ്ങൾ. വീണ്ടുമൊരിക്കൽ പുനഃസമാഗമമില്ലാതെ പോയവർ എത്ര? അതിനെല്ലാമിടയിലും രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നടന്നപ്പോൾ, കരുത്തുള്ള ഇന്ത്യയുടെ ഭാഗമായിത്തീരുന്നുവെന്ന അഭിമാനബോധമുണ്ടായിരുന്നു മനസ്സിൽ. 70 വർഷം പിന്നിട്ടശേഷം നോക്കുേമ്പാൾ, വിഭജിത ഇന്ത്യയാണ് ഇന്നും കൺമുന്നിൽ. മനസ്സുകളുടെ വിഭജനമാണ് ഇന്നത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നവർ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നത്. അതാണ്, ഇന്ത്യയുടെ വർത്തമാനം.
ഇന്ത്യക്ക് ശക്തമായ ജനാധിപത്യ സംവിധാനമുണ്ട്. ആശയപരമായ നിലപാടുകളുണ്ട്. രാജ്യത്ത് ഭരണഘടന സ്ഥാപനങ്ങൾ ശക്തമായി നിലനിൽക്കുന്നു; സംശയമില്ല. എന്നാൽ, അവയോടുള്ള വിശ്വാസം നശിക്കുകയാണ്. തെരഞ്ഞെടുപ്പുണ്ട്; സമ്മതിദാന പ്രക്രിയയുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഉന്നതശീർഷരായ നേതാക്കൾ നമുക്കുണ്ടായിരുന്നു. നെഹ്റു, മൗലാന ആസാദ്, പേട്ടൽ... എന്നാൽ, ഇന്ന് ആദർശമുഖമുള്ള നേതാക്കളില്ല. അതിനിടയിലൂടെ ഹിന്ദുത്വം ശക്തിപ്പെട്ട് മേൽക്കോയ്മ നേടിയിരിക്കുന്നു. ഒരാളുടെ ആശയങ്ങൾ മേൽക്കൈ നേടിയിരിക്കുന്നു. മോദി ഇന്ത്യയുടെ മൂല്യങ്ങൾ നശിപ്പിക്കുകയാണ്. മോദിയെ തടഞ്ഞുനിർത്താൻ കഴിയാത്ത കാലത്തോളം മോദിയുടെ നാടായി ഇന്ത്യ നിലനിൽക്കും. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിെൻറ സ്ഥിതിയെന്താണ്? സോണിയഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ചെറുത്തുനിൽക്കാൻ സാധിക്കുന്നില്ല. പ്രാദേശികകക്ഷികളും മതാധിഷ്ഠിത രാഷ്ട്രീയത്തിനിടയിൽ ദുർബലരായി മാറുന്നു. മോദിയുടെ തത്ത്വമാണ് മേൽക്കൈ നേടുന്നത്. നേരത്തേയും ഹിന്ദുത്വത്തിെൻറ മുന്നേറ്റമുണ്ടായിട്ടുണ്ട്. എന്നാൽ, അത് വേഗം കെട്ടടങ്ങി. കാരണം, അതിനെ യോജിച്ച് എതിർക്കാനും ഇന്ത്യയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും അന്ന് കഴിഞ്ഞു. എന്നാൽ ഇപ്പോൾ ഹിന്ദുത്വ അജണ്ടയുടെ നേട്ടം കൊയ്യാൻ അവർക്ക് സാധിക്കുന്നു. ജനങ്ങളെ ഹിന്ദുവെന്നും മുസ്ലിമെന്നും ഭിന്നിപ്പിച്ചുനിർത്തുന്നു. ഇന്ത്യൻ മുസ്ലിംകളെ പാകിസ്താനികളായി കാണാൻ പ്രേരിപ്പിക്കുകയാണ്. നമ്മൾ പുലർത്തിപ്പോന്ന മൂല്യങ്ങൾ ഇല്ലാതായിരിക്കുന്നു. എന്താണോ, ഇന്ത്യയെക്കുറിച്ച് നമ്മൾ സ്വപ്നം കണ്ടത്, അത് ഇന്ത്യയിൽ ഇന്നില്ല. ഇന്ന് രാജ്യത്തെ മുസ്ലിംകളുടെ സ്ഥിതി സങ്കടകരമായിരിക്കുന്നു. അവരെ ആരും കണക്കിലെടുക്കുന്നില്ല. മൂന്നു കൊല്ലംകൊണ്ട് എല്ലാ തസ്തികകളും ഹിന്ദുമയം. മന്ത്രിസഭയിൽ ഒരു മുസ്ലിം മാത്രമാണുള്ളത്. അതൊക്കെ വിഷയത്തിെൻറ ചില ഭാഗങ്ങൾ മാത്രം.
നേരിടാൻ പ്രതിപക്ഷത്തിന് എന്തുകൊണ്ട് കഴിയുന്നില്ല എന്നത് സുപ്രധാനമായൊരു ചോദ്യമാണ്. എന്നാൽ, പ്രതിപക്ഷത്തെ കടത്തിവെട്ടുന്ന തന്ത്രമാണ് ബി.ജെ.പി പുറത്തെടുക്കുന്നത്. നമുക്കൊരു അയൽക്കാരനുണ്ട്. അത് പാകിസ്താനാണ്. അത് മതാടിസ്ഥാനത്തിൽ നിർമിച്ചതാണ്. അവിടേക്കു ചൂണ്ടി, എന്തുകൊണ്ട് നമുക്ക് ഹിന്ദുത്വം ആയിക്കൂടാ എന്നാണ് വർത്തമാനകാല ഭരണാധികാരികളും അവരെ നിയന്ത്രിക്കുന്ന സംഘടനാ സംവിധാനവും ചോദിക്കുന്നത്. ആ ചിന്തയിലേക്കാണ് യുവാക്കൾ പ്രേരിപ്പിക്കപ്പെടുന്നത്. മതേതരത്വത്തിൽ യുവാക്കൾക്ക് ബോധ്യമുണ്ട്. എന്നാൽ, ഇന്ന് അവരിൽ ഒരുവിഭാഗം മറ്റൊരു വഴിയിലാണ്. ഇന്ന് വിറ്റുപോകുന്നത് ഹിന്ദുത്വമാണ്. ജെ.എൻ.യു അടക്കം മാറിയിരിക്കുന്നു.
അധികാരം ബി.ജെ.പിയുടെ പക്കലുണ്ട്. അത് ഏറ്റുമുട്ടലുകൾക്ക് പ്രേരകമാവുന്നു. ഇതിനിടയിൽ ഒരു രാഹുലിനോ ഒരു മമതക്കോ ഉണ്ടാക്കാവുന്ന ചലനങ്ങൾ തൽക്കാലം നാമമാത്രമായിരിക്കും. രാജ്യത്തെ ചിന്താഗതി മറ്റൊരു വിധത്തിലാണ്. ആ ചിന്താഗതി അതിെൻറ പരമകോടിയിലേക്കു നീങ്ങുന്നതാണ് കാണാൻ കഴിയുന്നത്. അതിന് മോദിക്ക് സാധിക്കുന്നു. മുമ്പ് ഹിറ്റ്ലർക്കും ഇങ്ങനെ ചിന്താധാരയെ ഏകോപിപ്പിക്കാൻ, സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോഴത്തെ സ്ഥിതി ഇന്നെത്ത നിലയിൽത്തന്നെ കുറെക്കൂടി മുന്നോട്ടുപോകുമെന്ന് കാണേണ്ടിയിരിക്കുന്നു. ഹിന്ദുത്വത്തിെൻറ മേധാവിത്തം തുടരും. എന്നാൽ, അതിനെതിരായ ഒരു ചെറുത്തുനിൽപ് പ്രതീക്ഷിക്കണം; പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽനിന്ന്. ഒരുഘട്ടം കഴിയുേമ്പാൾ ഭരണഘടന മൂല്യങ്ങളിലേക്ക് ഇന്ത്യ തിരിച്ചുപോവുകതന്നെ ചെയ്യും. ഹിന്ദുവോ മുസ്ലിമോ അല്ല, വ്യക്തിക്ക് പ്രാധാന്യം ലഭിക്കുന്ന സ്ഥിതി വരും. അതിന് എത്രസമയം വേണ്ടിവരുമെന്നതാണ് വിഷയം. ഹിന്ദുത്വം അതിെൻറ പരമകോടിയിലേക്ക് പോകാൻ ശ്രമിക്കും. അവിടേക്ക് നമ്മൾ എത്തിയിട്ടില്ല. അതിനുശേഷം അതിെൻറ തകർച്ചയും ഇടർച്ചയും തുടങ്ങും.
അതിന് ദീർഘകാലം വേണ്ടിവരുമെന്ന് കാണേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, മൂന്നുനാലു പതിറ്റാണ്ടുകൾതന്നെ വേണ്ടിവരാം. ഹിന്ദുത്വത്തിെൻറ ആശയമാണ് ഇന്ന് വിറ്റുപോകുന്നത്. എന്നാൽ, ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ, നമ്മൾ മുസ്ലിം സഹോദരന്മാരോട് എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കുന്ന ഒരു കാലം വരും. അന്ന് നമുക്ക് രാജ്യത്തിെൻറ മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ കഴിയും. പക്ഷേ, അപ്പോഴും പറയേണ്ടിയിരിക്കുന്നു, ഹിന്ദുത്വം അതിെൻറ പരമകോടിയിലേക്ക് നടക്കുന്നതേയുള്ളൂ. ഇന്നത്തെ തലമുറ അതിനെതിരെ പോരാടേണ്ടിയിരിക്കുന്നു. ആ പോരാട്ടത്തിെൻറ തീവ്രത എത്രത്തോളം ശക്തിപ്പെടുന്നുവോ, ആ വേഗത്തിലാണ് നമുക്ക് നമ്മുടെ മുല്യങ്ങളെ തിരിച്ചുപിടിക്കാൻ കഴിയുക.
(തയാറാക്കിയത് എ.എസ്. സുരേഷ്കുമാർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.