സ്വതന്ത്ര ഗവേഷണത്തിന് മരണമണി
text_fieldsഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലെ നിഷേധാത്മക പ്രവണതകളെക്കുറിച്ച വേവലാതികൾ കോത്താരി കമീഷെൻറ കാലം മുതൽ കേള്‍ക്കുന്നതാണ്. എന്നാൽ, ഏതെങ്കിലും ഒരു കാലഘട്ടത്തിൽ ഒരു സര്‍ക്കാർ അധികാരമേറ്റ ദിവസം മുതൽ വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിവന്നിട്ടുണ്ടെങ്കിൽ അത് മോദി സര്‍ക്കാർ അധികാരത്തിൽ എത്തിയശേഷമാെണന്ന് നിസ്സംശയം പറയാൻ കഴിയും. വിദ്യാഭ്യാസ മേഖലയോട് തികഞ്ഞ അവഗണന ഒരുവശത്ത്, മറുവശത്ത് ആ മേഖലയിലെ ഗുണപരമായ അംശങ്ങൾ ഇല്ലാതാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളുംകൊണ്ട് കലുഷിതമായ ഒരന്തരീക്ഷം സൃഷ്ടിക്കാൻ ഇൗ സര്‍ക്കാർ തുടക്കം മുതൽ ശ്രമിച്ചുപോന്നിട്ടുെണ്ടന്നു കാണാം. ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിെൻറ പോരായ്മകൾ പരിഹരിച്ച് അതിനെ കൂടുതൽ ജനാധിപത്യവത്കരിക്കുകയും ഗുണമേന്മ വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഒരു സര്‍ക്കാറിൽനിന്ന് നാം പ്രതീക്ഷിക്കുന്നതെങ്കിൽ അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് തുടക്കംമുതൽ കാണാൻ കഴിഞ്ഞത്. അപ്രതീക്ഷിതമായിരുന്നു ഇതെന്നു പറയാൻ കഴിയുകയില്ല. ബി.ജെ.പിയും ആർ.എസ്.എസും നേതൃത്വം കൊടുക്കുന്ന ഒരു സര്‍ക്കാർ ഇൗ മേഖലയിൽ ഇടപെടാൻ സാധ്യതയുള്ള രീതികളെക്കുറിച്ച് തീര്‍ച്ചയായും ചില സാമാന്യ ധാരണകൾ എല്ലാവർക്കുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാഠപുസ്തകങ്ങളിൽ തിരുത്തലുകൾ വരുത്തുക, തികച്ചും ചരിത്രവിരുദ്ധമായ സമീപനം സ്വീകരിച്ച് വിദ്യാഭ്യാസത്തെ വിഭാഗീയ പരീക്ഷണങ്ങളുടെ വേദിയാക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയിൽ താക്കോൽസ്ഥാനങ്ങൾ പ്രത്യയശാസ്ത്രപരമായി ഹിന്ദുത്വ നിലപാടുകൾ ഉള്ളവരിലേക്ക് കൈമാറുക തുടങ്ങി നിരവധി ഇടപെടലുകൾ ഉണ്ടാവും എന്നത് തീര്‍ച്ചയായിരുന്നു. എന്നാൽ, യഥാർഥത്തിൽ ഇത്തരം ഏറ്റവും അപകടകരമായ ഇടപെടലുകളെപ്പോലും നിസ്സാരമാക്കുന്ന തരത്തിലുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള നയസമീപനങ്ങളാണ് ഒന്നൊന്നായി പുതിയ സര്‍ക്കാർ മുന്നോട്ടുെവച്ചത്.
അതിലേറ്റവും പ്രധാനം ഉന്നതവിദ്യാഭ്യാസ മേഖലയിലെ അങ്ങേയറ്റം സ്വേച്ഛാപരമായ ഇടപെടലുകളായിരുന്നു. വ്യവസ്ഥാപരമായതിനെ എല്ലാം പൊളിച്ചുമാറ്റി പകരം അസ്ഥിരത്വം ചൂഴ്ന്നുനിൽക്കുന്ന ഒരു സംവിധാനമായി ഈ മേഖലയെ ഇതിനുള്ളിലെ വിവിധ വിഭാഗങ്ങൾ മനസ്സിലാക്കുകയും അങ്ങനെ അവർ ആശങ്കാകുലരായി കഴിയുകയും ചെയ്യട്ടെ എന്ന ദുര്വിചാരത്തോടെയാണ് പല പുതിയ നയങ്ങള്‍ക്കും രൂപംകൊടുത്തത്. ഇതിനായി ആദ്യം തെരഞ്ഞെടുത്തത് ഗവേഷണമേഖലയെ ആയിരുന്നു എന്നത് യാദൃച്ഛികമല്ല. ഒറ്റയടിക്ക് സർവകലാശാലകളിലെ ഗവേഷണ ഫെലോഷിപ്പുകളും, എന്തിന് പ്രവേശനം തന്നെയും വെട്ടിക്കുറച്ച് ഒരു തീരുമാനം ഏതെങ്കിലും ആധുനിക ഭരണകൂടം കൈക്കൊള്ളുമെന്നത് പ്രതീക്ഷിക്കാൻ കൂടി കഴിയാത്തതായിരുന്നു. മധ്യകാല ഫ്യൂഡൽ രാജഭരണങ്ങൾപോലും ഇതുപോലൊരു തീരുമാനം കൈക്കൊള്ളുമായിരുന്നോ എന്ന് സംശയമാണ്. ഇതുണ്ടാക്കിയ അനിശ്ചിതത്വവും അമ്പരപ്പും മാറുന്നതിനുമുേമ്പ അധ്യാപകരുടെ പ്രമോഷൻ മാനദണ്ഡങ്ങളിൽനിന്ന് ഗവേഷണരംഗത്തെ സംഭാവനകൾ എടുത്തുകളയുന്നതായി പ്രസ്താവനയുണ്ടായി. പകരം എന്താണ് എന്നുള്ളതിനെക്കുറിച്ച് ഒരു വ്യക്തതയും നൽകിയതുമില്ല. തുടരത്തുടരെ ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളും പ്രസ്താവനകളും നൽകപ്പെെട്ടങ്കിലും ഈ നിലപാടും അതിെൻറ അടിസ്ഥാനത്തിൽ സ്വീകരിച്ച ഭരണപരമായ പ്രായോഗിക നടപടികളും സൃഷ്ടിച്ച അനിശ്ചിതാവസ്ഥ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. രാഷ്ട്രപുരോഗതിക്കും രാജ്യത്ത് വിമര്‍ശനാത്മക-സർഗാത്മക അന്വേഷണങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും അത്യന്താപേക്ഷിതമായ ഗവേഷണരംഗത്തോട് ശത്രുതാപരമായ സമീപനം കൈക്കൊള്ളുന്ന ഒരു സര്‍ക്കാറിനെ എങ്ങനെയാണ് തലക്കു വെളിവുള്ള സര്‍ക്കാറായി മനസ്സിലാക്കുക എന്നതാണ് സങ്കടകരമായ അവസ്ഥ.
സാമ്പത്തിക നവലിബറൽ നയങ്ങളും വിദ്യാഭ്യാസരംഗത്തെ പരിഷ്കരണങ്ങളും തമ്മിലുള്ള അനിഷേധ്യമായ ബന്ധത്തെക്കുറിച്ച് ’80കളിൽ ചര്‍ച്ചചെയ്തു തുടങ്ങിയതാണ്. 1986ലെ നവവിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ചര്‍ച്ചകളിൽ ഇൗ പ്രശ്നം സജീവമായി ഉയര്‍ന്നുവന്നിരുന്നു. അതിനുശേഷം ’90കളിലും പുതിയ നൂറ്റാണ്ട് പിറന്നശേഷവും നിരവധി ഭരണകൂട ഇടപെടലുകൾ ഇൗ മേഖലയിലുണ്ടായത് നവലിബറൽ യുക്തിയുടെ ചുവടുപിടിച്ചായിരുന്നുവെന്ന് കാണാൻ സാധിക്കും. അതിെൻറ ഒരു തീവ്രരൂപം ബി.ജെ.പി സര്‍ക്കാറിൽനിന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിദ്യാഭ്യാസ മേഖലയെ പാടെ തകര്‍ക്കുന്ന, സമ്പദ്വ്യവസ്ഥയുടെ ഭാവിയെയും രാഷ്ട്രത്തിെൻറ സാമൂഹിക താൽപര്യങ്ങളെയും ബലികൊടുക്കുന്ന, ഇത്രയും സ്വേച്ഛാപരമായ നിലപാട് നവലിബറൽ നയത്തിെൻറ മാത്രം ഭാഗമായുള്ളതാെണന്നു പറയാൻ കഴിയില്ല. അതിെൻറ പിന്നിലുള്ളത് വ്യക്തമായ സാംസ്കാരിക-ദേശീയ ഫാഷിസ്റ്റ് രാഷ്ട്രീയം കൂടിയാണ്. വിമര്‍ശനാത്മക-സർഗാത്മക ഗവേഷണം സിവിൽ സമൂഹത്തിെൻറ വിശാല താൽപര്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുകയെന്ന് ചരിത്രപരമായി ചിന്തിച്ചാൽ മനസ്സിലാകും -അതിെൻറ മുതലാളിത്തമുഖത്തിെൻറ എല്ലാ സ്വകാര്യസ്വത്തവകാശങ്ങള്ക്കുമപ്പുറം അത്തരമൊരു കടമ അത് നിര്‍വഹിക്കുന്നുണ്ട്. ഈ സാമൂഹിക പ്രതിബദ്ധത വികസിച്ചത് എന്തൊക്കെ പരിമിതികളുണ്ടെങ്കിലും നെഹ്റു മുന്നോട്ടുെവച്ച ഒരു ദേശീയ നവാന്വേഷണ വ്യവസ്ഥയുടെ (National Innovation System) ചട്ടക്കൂടിനുള്ളിലായിരുന്നു. ഇതിെൻറ മുഖ്യസവിശേഷത ഭരണകൂടവും സര്‍വകലാശാലകളും തമ്മിലുള്ള ഒരു ഉഭയബന്ധത്തിലൂടെ ഗവേഷണ മേഖലയെ ശക്തിപ്പെടുത്തുക എന്ന സമീപനമായിരുന്നു. നവലിബറൽ കാലഘട്ടത്തിൽ അതിലേക്കു വ്യവസായ മേഖലയെക്കൂടി കടത്തിവിട്ടു. അതോടെ, സര്‍വകലാശാലകൾ ഭരണകൂടത്തിനൊപ്പം വ്യവസായ മേഖലയുടെയുംകൂടി ആശ്രിതത്വത്തിലേക്കു നീങ്ങാൻ തുടങ്ങി. ഗവേഷണത്തിനുള്ള വിഭവസമാഹരണത്തിനു വ്യവസായങ്ങളെ ആശ്രയിക്കുമ്പോൾ സ്വാഭാവികമായും അവർ അതിനു നൽകുന്ന നിര്‍വചനം ഗവേഷണം കൂടുതൽ വിപണി താൽപര്യങ്ങള്ക്ക് ഉതകുന്നതായിരിക്കണം എന്നതായിരുന്നു. സിവിൽ സമൂഹത്തിൽനിന്നു വിപണിയിലേക്ക് ഗവേഷണത്തിെൻറ നൈതികതലം മാറ്റി പ്രതിഷ്ഠിക്കുന്നതിന് ഈ മാറ്റം കാരണമായി. എന്നാൽ, ഭരണകൂടം പൂര്‍ണമായും പിന്മാറിയിരുന്നില്ല എന്നതിനാൽ ചില സന്തുലിതത്വങ്ങൾ പരിമിതമായെങ്കിലും പാലിക്കപ്പെട്ടുപോന്നിരുന്നു. ഇത് വ്യവസായത്തിനും അനുകൂലമായ ഒരു സാഹചര്യമായിരുന്നു. അടിസ്ഥാന ഗവേഷണങ്ങൾക്ക് ഭരണകൂടവും പ്രായോഗിക വിപണികേന്ദ്രിത ഗവേഷണങ്ങൾക്ക് വ്യവസായങ്ങളും പണം നൽകുക എന്നത് പൊതുവിൽ ഗവേഷണ മേഖലയിൽ അരക്ഷിതത്വം സൃഷ്ടിെച്ചങ്കിലും സര്‍വകലാശാലകൾ അതുമായി പൊരുത്തപ്പെട്ടിരുന്നു. യു.ജി.സിപോലുള്ള സ്ഥാപനങ്ങൾ വിപണി താൽപര്യങ്ങൾ നോക്കാതെ ഗവേഷണങ്ങളുടെ ഗുണപരവും സൈദ്ധാന്തികവും രീതിശാസ്ത്രപരവുമായ സാധ്യതകൾ മാത്രം കണക്കിലെടുത്താണ് ഫണ്ടിങ് നൽകിയിരുന്നത്.
ഇപ്പോൾ യു.ജി.സിയെ ഇല്ലായ്മ ചെയ്ത് ഒരുവിധ ഫണ്ടിങ് ചുമതലകളും ഇല്ലാത്ത ഹയർ എജുക്കേഷൻ കമീഷൻ ഒാഫ് ഇന്ത്യ (HECI) രൂപവത്കരിക്കുമ്പോൾ ഭരണകൂടം ഏതാണ്ട് പൂർണമായും സര്‍വകലാശാല ഗവേഷണമേഖലയിൽനിന്ന് പിൻവാങ്ങുന്നുവെന്ന ശക്തമായ സൂചനയാണ് നൽകിയിരിക്കുന്നത്. അടിസ്ഥാന ഗവേഷണത്തെ സാരമായി ബാധിക്കുകമാത്രമല്ല, അതിനെ പൂര്‍ണമായും തകര്‍ക്കുകകൂടി ചെയ്യുന്ന ഒന്നാണ് ഈ നീക്കമെന്നത് കാണാതിരുന്നുകൂടാ. വിമര്‍ശനാത്മക-സര്‍ഗാത്മക ഗവേഷണത്തെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്ന സാംസ്കാരിക-ദേശീയ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രമാണ് ഈ നിയമനിർമാണം നിസ്സംശയം പുറത്തുകൊണ്ടുവരുന്നത്. നവലിബറൽ സാമ്പത്തിക തീവ്രവാദത്തില്പോലും ഇത്രയും നഗ്നമായി ഭരണകൂട ഇടപെടൽ വേണ്ടെന്നുവെക്കുന്ന സമീപനത്തിന് പ്രസക്തിയില്ല. ലെയ്സെ ഫെയര്‍ (laissez faire - റെഗുലേഷന്, സവിശേഷ പ്രചോദനങ്ങള്‍, താരീഫുകള്‍, നികുതികള്‍, സബ്സിഡികൾ എന്നിവയൊക്കെ ഒഴിവാക്കി വിപണിയെ ഭരണകൂടമുക്തമാക്കണം എന്ന സിദ്ധാന്തം) നയത്തിെൻറ ഏറ്റവും ശക്തനായ വക്താവായിരുന്ന ബൂര്‍ഷ്വാ ധനശാസ്ത്രജ്ഞൻ ആദം സ്മിത്ത് പോലും വിദ്യാഭ്യാസ മേഖലയിൽ ഭരണകൂടത്തിെൻറ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന അഭിപ്രായക്കാരനായിരുന്നു. തൊഴിലാളികളുടെ മക്കള്‍ക്കും അടിസ്ഥാനവിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശമുണ്ടെന്നും അതുകൊണ്ട് ഭാഗികമായെങ്കിലും ഭരണകൂടത്തിനും പൊതുസമൂഹത്തിനും വിദ്യാഭ്യാസ മേഖലയിൽ വലിയ കടമകൾ നിര്‍വഹിക്കാനുണ്ടെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
സര്‍വകലാശാലകള്‍ക്ക് സ്വയംഭരണം നൽകുന്നു എന്ന പേരിൽ ഇപ്പോൾ െകാണ്ടുവരുന്ന ഈ പുതിയ നിയമനിർമാണം യഥാർഥത്തിൽ രാജ്യത്തെ സ്വതന്ത്ര ഗവേഷണത്തിന് മരണമണി മുഴക്കിയിരിക്കുകയാണ്. കുറെയൊക്കെ പരിമിതമായെങ്കിലും ഗവേഷണ മേഖലയിൽ നിലനിന്നിരുന്ന ചിന്താസ്വാതന്ത്ര്യത്തിെൻറ കടക്കലാണ് കത്തിെവച്ചിരിക്കുന്നത്. മനുഷ്യ-വിഭവ വകുപ്പിെൻറ, കേന്ദ്ര സര്‍ക്കാറിെൻറ, രാഷ്ട്രീയ താൽപര്യങ്ങളും വിപണിയുടെ ലാഭ താൽപര്യങ്ങളും സംരക്ഷിക്കപ്പെടുന്ന ഗവേഷണത്തിന് മാത്രമേ ഇനിയുള്ള കാലം ഫണ്ടിങ് ഉണ്ടാവൂ എന്ന യാഥാർഥ്യം മറ്റെല്ലാ പ്രതിലോമ പ്രത്യാഘാതങ്ങള്‍ക്കും മുകളിൽ ഇൗ പുതിയ പരിഷ്കാരത്തിെൻറ ഭാഗമായി ഉയര്ന്നുനിൽക്കുന്നു. വിദ്യാഭ്യാസമേഖലയിൽ അനൽപമായ അനിശ്ചിതത്വവും അരക്ഷിതത്വവും സൃഷ്ടിക്കുന്ന ഈ നിയമനിർമാണത്തെ ശക്തമായി എതിര്‍ത്ത് തോൽപിക്കാൻ സിവിൽ സമൂഹത്തിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. ആ ബാധ്യത അവർ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.