കോവിഡും പ്ലാറ്റ്ഫോം മുതലാളിത്തവും
text_fieldsപുറമേ സൗമ്യശാന്തവും എന്നാല്‍, സൂക്ഷ്മപരിശോധനയില്‍ സംഭ്രമജനകവുമായ മാറ്റങ്ങളാണ് കോവിഡ്കാലത്ത് സാമൂഹിക-സാമ്പത്തികമേഖലകളില്‍ കോര്‍പറേറ്റുകളും ഭരണകൂടങ്ങളും പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ടാറ്റ കൺസൾട്ടൻസി (TCS) എന്ന ഇന്ത്യന്‍ ഐ.ടി കമ്പനി കോവിഡ് കാലത്തിനുശേഷം അടുത്ത രണ്ടു വർഷത്തേക്ക് എഴുപത്തഞ്ചു ശതമാനം തൊഴിലാളികളെയും വീട്ടിലിരുത്തി ജോലിചെയ്യിക്കുന്ന സംവിധാനത്തിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് അത്തരമൊരു തീരുമാനമാണ്. ഇതൊരു പക്ഷേ, ഒരു ആഗോള പ്രവണതയാവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. പ്രവൃത്തി, പഠന, സേവനമേഖലകൾ വലിയ മാറ്റങ്ങൾക്കു വിധേയമാകാന്‍ പോകുന്നു എന്ന സൂചനകള്‍ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിക്കുന്നുണ്ട്. കോവിഡ് സുരക്ഷയുടെ ഭാഗമായി സ്വീകരിച്ച പല നടപടികളും ദീർഘകാലാടിസ്ഥാനത്തില്‍ തങ്ങൾക്ക് ഗുണംചെയ്യുന്നതാണ് എന്ന് ഭരണകൂടങ്ങളും കോർപറേറ്റുകളും മനസ്സിലാക്കിയിട്ടുണ്ട്. അവ നിലനിർത്താന്‍ നിയമപരമായും പ്രായോഗികമായും അവര്‍ പരിശ്രമിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കോർപറേറ്റുകള്‍ വിഭാവനം ചെയ്യാന്‍പോകുന്ന പ്രധാന പരിവർത്തനങ്ങള്‍ പലതും അവർക്ക് കൂടുതല്‍ ലാഭകരവും തൊഴിലാളികൾക്ക് നിരവധി ഗുപ്തവ്യയങ്ങള് (hidden costs) അടങ്ങിയിട്ടുള്ളവയും ആയിരിക്കും. ഇതുപോലെ തന്നെയാണ് ഓണ്‍ലൈന്‍ പഠനങ്ങളുടെ കാര്യത്തിലും ഉണ്ടാവുക. ഇപ്പോള്‍ തന്നെ യു.ജി.സി അടുത്ത സെമസ്റ്ററിലെ പഠനം 25 ശതമാനം ഓണ്‍ലൈന്‍ വഴി ആയിരിക്കണം എന്ന് സര്‍വകലാശാലകളോട് നിർദേശിച്ചു കഴിഞ്ഞു.
ഡിജിറ്റല്‍ വിഭജനത്തിേൻറതായ സന്ദർഭം മൊബൈല്‍ ഫോണുകളുടെ വരവോടെ, വിശേഷിച്ചു സ്മാർട്ട് ഫോണുകളുടെ വരവോടെ, അവസാനിച്ചിരിക്കുന്നു എന്നു സൗകര്യപൂർവം കരുതുന്നവരുണ്ട്. എന്നാല്‍, പല സര്‍വകലാശാലകളും സ്വതന്ത്രമായി നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് വലിയൊരു ശതമാനം കുട്ടികൾക്കും ഇൻറർനെറ്റ് സൗകര്യങ്ങള്‍ സാങ്കേതികമായും വിഭാവരാഹിത്യം കൊണ്ടും അപ്രാപ്യമായിരിക്കാനുള്ള സാധ്യത വളരെ വലുതാണ് എന്നു തന്നെയാണ്. ഉപയോഗിക്കാന്‍ കഴിയുന്നവര്‍ വിപണിയില്‍ വിലകൊടുത്തു വാങ്ങിത്തന്നെയാണ് അതുപയോഗിക്കുക. ഡിജിറ്റല്‍ വിഭജനം അവസാനിക്കുകയല്ല, പുതിയ രീതികളില്‍ പ്രകാശനം ചെയ്യപ്പെടുകയാണ് ചെയ്യുന്നത് എന്നത് തർക്കമില്ലാത്തവിധം വ്യക്തമാണ്. ഇതിനോട് മുഖംതിരിഞ്ഞുനിന്നുള്ള ഒരു ഇടപെടലിനും യഥാർഥത്തില്‍ വിദ്യാർഥികളെ സഹായിക്കാന്‍ കഴിയില്ല.
തൊഴിലാളികളിലും ഉപഭോക്താക്കളിലും ഗുപ്തവ്യയങ്ങള് അടിച്ചേല്‍പ്പിച്ചും മറ്റു രീതിയില്‍ തൊഴിലിനെ പുറന്തള്ളി പ്രത്യക്ഷവ്യയങ്ങള് കുറച്ചും ലാഭനിരക്ക് ഉയർത്തിനിർത്താനുള്ള കോർപറേറ്റ് നയങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികൾക്കും വളരെ മുമ്പുതന്നെ ആരംഭിച്ചതാണ്. കോർപറേറ്റ് മുതലാളിത്തം നമ്മുടെ സാമൂഹികജീവിതത്തില്‍ സമൂലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നത് നാം ശ്രദ്ധിച്ചാലും ഇല്ലെങ്കിലും നമ്മുടെ കണ്മുന്നില് തന്നെയാണ്. പലപ്പോഴും നമ്മുടെ അനുമതിയോടെ തന്നെയാണ്. ഇത്തരം അനുമതികള്‍ അവര്‍ നേടുന്ന മാർഗങ്ങള്‍ ഇപ്പോള്‍ സുപരിചിതവുമാണ്. ജോലിക്ക് തൊഴിലാളികളെ ആവശ്യമില്ല, അല്ലെങ്കില്‍ എങ്ങനെ തൊഴിലാളികളെ പരമാവധി കുറക്കാം എന്ന ഒരു മനുഷ്യവിഭവ സമീപനമാണ് മിക്ക കമ്പനികളിലും കാണാന്‍ കഴിയുക. ഇതൊരു അതിശയോക്തിയാണെന്നു തോന്നാം. എന്നാല്‍ യാഥാർഥ്യം നമ്മുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ്. മാധ്യമബകനായ ഫേസ്ബുക്ക് ജോലിക്കു നിയമിച്ചിരിക്കുന്നത് ഏതാണ്ട് 50,000 പേരെ മാത്രമാണ്. ലക്ഷക്കണക്കിനു തൊഴിലാളികളെ ജോലിക്ക് നിർത്തിയിരുന്ന പഴയ മുതലാളിത്ത സ്ഥാപനങ്ങളിൽനിന്ന് വേറിട്ട് ഗൂഗ്ളിലും ഏതാണ്ട് 55,000 പേർ മാത്രമേ ‘സ്ഥിരം തൊഴിലാളികൾ’ ആയിട്ടുള്ളൂ. വാട്ട്സ്ആപ് എന്ന പ്ലാറ്റ്ഫോം ഫേസ്ബുക്ക് വാങ്ങുമ്പോൾ അതിൽ 12 തൊഴിലാളികളേ ഉണ്ടായിരുന്നുള്ളൂവത്രേ. 22 കോടി ഡോളറിനാണ് ഫേസ്ബുക്ക് വാട്ട്സ്ആപ് വാങ്ങിച്ചത്.
മുതലാളിത്തവ്യവസ്ഥയുടെ ഈ സമൂലമാറ്റം മനസ്സിലാക്കാതെ മാറുന്ന ലോകസമ്പദ്വ്യവസ്ഥയെ വിശദീകരിക്കുക സാധ്യമല്ല. ഇന്ന് രാജ്യാന്തര തലത്തില്‍ നികുതി ഒഴിവാക്കുന്ന (വെട്ടിക്കുന്ന) സ്ഥാപനങ്ങളിൽ ഏറ്റവും പ്രമുഖമായവ ആപ്പിളും ഗൂഗ്ളും ഫേസ്ബുക്കും പോലെയുള്ള നവമാധ്യമ കോർപറേറ്റുകളാണ്. ഇവർ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ആയതുകൊണ്ട് അവർക്ക് ഒരു രാജ്യത്തുനിന്ന് മൂലധനം മറ്റൊരു രാജ്യത്തേക്ക് അനായാസമായി മാറ്റാൻ സാധിക്കുന്നു. മൂലധനം ഇങ്ങനെ ദേശരാഷ്ട്രങ്ങളുടെ അതിരുകള്‍ അപ്രസക്തമാക്കി അനായാസം മാറ്റാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനാണ് എണ്‍പതുകളില്‍ ലോകവ്യാപരസംഘടന ഉറുഗ്വായ് ചര്‍ച്ചകള്‍ക്കായി ഡങ്കല്‍ ഡ്രാഫ്റ്റ് (Dunkal Draft) അവതരിപ്പിച്ചതും ഒടുവില്‍ മൂന്നാംലോകരാജ്യങ്ങളുടെ കടുത്ത എതിർപ്പോടെ തൊണ്ണൂറുകളില്‍ അത് ആഗോളകരാറാക്കി മാറ്റിയതും. ആപ്പിൾ നികുതി ഒഴിവാക്കി സംഭരിച്ചിട്ടുള്ള സമ്പത്തുമാത്രംകൊണ്ട് പഴയ മുതലാളിത്ത ഭീമന്മാരായ ജനറല്‍ ഇലക്ട്രിക്കൽസും സീമെൻസും അവർക്ക് വിലക്കു വാങ്ങാന്‍ കഴിയുമെന്നു കണക്കാക്കപ്പെടുന്നു എന്നു പറയുമ്പോള്‍ അത് പഴയ മുതലാളിത്തം എവിടെ നിൽക്കുന്നു, നവമാധ്യമമുതലാളിത്തം എവിടെ എത്തിയിരിക്കുന്നു എന്നതിെൻറ സൂചന കൂടിയായി മനസ്സിലാക്കാന്‍ കഴിയും.
കോർപറേറ്റുകള്‍ ഇപ്പോള്‍ പ്രവർത്തിക്കുന്നത് പ്ലാറ്റ്ഫോം കാപിറ്റലിസം എന്ന പാരസ്പര്യ സംവിധാനത്തിലൂടെയാണ്. എല്ലാ ജോലികളും ഔട്ട്സോഴ്സ് ചെയ്ത്, അല്ലെങ്കിൽ മറ്റുള്ളവരുടെ പ്ലാറ്റ്ഫോമുകളെ ആശ്രയിച്ച് ഉൽപാദനം നിർവഹിക്കുക. കഴിയുന്നത്ര കുറച്ച് അധ്വാനശേഷി വിലക്കുവാങ്ങുക. ഉദാഹരണത്തിന് നമ്മൾ ഊബർ എന്ന സംവിധാനത്തെ പലപ്പോഴും വിമര്‍ശിക്കുന്നത് നാട്ടിലുള്ള ടാക്സിഡ്രൈവർമാരുമായും ഓട്ടോറിക്ഷക്കാരുമായുമുള്ള സംഘർഷങ്ങളുടെ പേരിലാണ്. എന്നാൽ, യഥാർഥത്തിൽ ഊബറിെൻറ അടിസ്ഥാനസംവിധാനത്തിലുള്ള സാമൂഹികഭീകരതയുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് വളരെ നിസ്സാരമാണ്. ഊബർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ഊബർ മാപ്പിനായി ഗൂഗ്ളിനെ ആശ്രയിക്കുന്നു, അതിെൻറ ടെക്സ്റ്റിനായി റ്റിലിയോയെ ആശ്രയിക്കുന്നു, പേയ്മെൻറ് നടത്താൻ ബ്രെയ്ൻട്രീയെ ആശ്രയിക്കുന്നു, ഇ-മെയിൽ അയക്കാൻ സെൻഡ്ഗ്രിഡിനെ ആശ്രയിക്കുന്നു. ഇതൊന്നും ഊബറിെൻറ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളല്ല. ഇവരൊെക്കയും സ്വന്തംരീതിയില്‍ മറ്റു പ്ലാറ്റ്ഫോമുകളെയും ആശ്രയിക്കുന്നു. തൊഴിലാളി എല്ലായിടത്തും അധികപ്പറ്റാവുന്നു. ആധുനിക മുതലാളിത്തത്തിലെ നവമാധ്യമ കോർപറേറ്റുകൾ ഇത്തരത്തിൽ അന്യോന്യം പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഒരു സാങ്കേതിക ആഗോള കോർപറേറ്റ് പാരസ്പര്യം ഉണ്ടാക്കുകയാണ്. ആപ്പിൾ സിരി എന്ന കമ്പനിയെ ഉപയോഗിക്കുന്നു. ഇവരുടെ സേവനം ആപ്പിൾ സ്റ്റീവ് ജോബ്സിെൻറ കാലത്ത് വിലക്കുവാങ്ങിയതാണ്.
അടുത്ത രണ്ടുവര്‍ഷത്തേക്ക് തങ്ങളുടെ 75 ശതമാനം തൊഴിലാളികളും വീട്ടിലിരുന്നു ജോലിചെയ്യും എന്നു പറയുന്ന കമ്പനികള്‍ ഇവരില്‍ എത്ര പേർക്ക് നേരിട്ടുള്ള ജോലി ഉണ്ടാവും ഒരു വർഷം കഴിയുമ്പോള്‍ എന്നുകൂടി പറയേണ്ടതാണ്. നിങ്ങളുടെ ജോലി നിങ്ങളുടെ കമ്പനിയുമായുള്ള ഒരു രഹസ്യക്കരാര്‍ മാത്രമായി മാറുന്ന ഒരു ലോകം കോവിഡിനുശേഷം വിഭാവനം ചെയ്യുകയാണ് കോര്‍പറേറ്റ് മേൽക്കോയ്മകള്. മാര്ക്സിെൻറയൊക്കെ കാലത്ത് ‘വീടു’കളില്‍നിന്ന് ഫാക്ടറികളിലേക്ക് മുതലാളിത്തം കൂട്ടിക്കൊണ്ടുവന്ന ആധുനിക തൊഴിലാളിവർഗത്തെ അവരിപ്പോള്‍ വീടുകളിലേക്ക് തിരിച്ചയക്കുകയാണ്. പ്ലാറ്റ്ഫോം മുതലാളിത്തം എത്ര അനായാസമായി കോവിഡിെൻറ സാഹചര്യത്തെ തങ്ങളുടെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ ലാഭലക്ഷ്യങ്ങള്ക്കുവേണ്ടി ഉപയോഗിക്കാന്‍ പോകുന്നു എന്നതിെൻറ ഒരു പ്രത്യക്ഷോദാഹരണമാണ് ഞാനിതില്‍ കാണുന്നത്. തൊഴിലാളികളെ ഇങ്ങനെ കൂട്ടത്തോടെ ‘വീട്ടിൽ ജോലി’ ചെയ്യുന്നവരായി മാറ്റുന്നതോടെ എസ്റ്റാബ്ലിഷ്മെൻറ് വ്യയങ്ങള്‍ കുറക്കാം എന്ന (അത്ര നിഷ്കളങ്കമല്ലാത്ത) ലക്ഷ്യം മാത്രമാണ് ഉള്ളതെന്ന് കരുതാന്‍ കഴിയില്ല. അത് തൊഴില്‍വിപണിയുടെ ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ഇടപെടല്‍ തന്നെയാണ്. ആരെ നിയമിക്കുന്നു, പിരിച്ചയക്കുന്നു, എന്തൊക്കെ മാനദണ്ഡങ്ങള്‍ ഇക്കാര്യങ്ങളില്‍ പാലിക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ അപ്രസക്തമാവുകയാണ്. ആ അർഥത്തില്‍ ഭരണകൂടങ്ങളുമായി ഇക്കാര്യത്തില്‍ ട്രേഡ് യൂനിയനുകള്‍ സംവദിക്കേണ്ടിയിരിക്കുന്നു. ഇതിനെ ഇന്നത്തെ നിയോലിബറല്‍ വ്യവസ്ഥയില്‍ പൂർണമായും തടയാന്‍ കഴിയും എന്ന് കരുതുന്നതില്‍ അർഥമില്ല. എങ്കിലും ഈ ഘട്ടത്തില്‍ ട്രേഡ് യൂനിയനുകളും സിവില്‍സമൂഹവും ഇതിനെ ചോദ്യംചെയ്യുക എന്നത് അനിവാര്യമാണ്. കുറഞ്ഞപക്ഷം ‘വീട്ടില്ജോലി’ എന്നത് മൊത്തം തൊഴിലാളികളില്‍ എത്ര ശതമാനത്തെക്കൊണ്ട് ഏതൊക്കെ വ്യവസ്ഥകളില്‍ ചെയ്യിക്കാം എന്നതിനെക്കുറിച്ച് നിയമപരമായ നിർദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് സമ്മർദം ചെലുത്തുകയെങ്കിലും ചെേയ്യണ്ടതുണ്ട്. ഇത്തരം അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഒരു നിയമ-സാമൂഹിക നിയന്ത്രണങ്ങളുമില്ലാതെ സ്വേച്ഛാപരമായി നടപ്പിലാക്കാന്‍ കോർപറേറ്റുകൾക്ക് കഴിയുന്ന ആഗോള ഗ്രാമം എന്ന ബനാന റിപ്പബ്ലിക്കായി ലോകം ഇപ്പോഴും പൂർണമായും മാറിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.