കോവിഡ് ഇവിടെയുണ്ട് പ്രതിരോധം ശാസ്ത്രീയമാവണം
text_fields1987 ഏപ്രിലിൽ ലണ്ടൺ മിഡിൽസെക്സ് ആശുപത്രിയിൽ എയ്ഡ്സ് വാർഡ് തുറക്കുന്ന ചടങ്ങിൽ ഡയാന രാജകുമാരി അടുത്തുണ്ടായിരുന്ന എയ്ഡ്സ് രോഗിക്ക് ഹസ്തദാനം നൽകി, കൈയുറകളില്ലാതെ. അടുത്തുനിന്നാലോ, സംസാരിച്ചാലോ, തൊട്ടാലോ എയ്ഡ്സ് രോഗം പകരില്ലെന്ന അറിവ് അക്കാലത്തുണ്ടായിരുന്നു. എങ്കിലും സമൂഹം അവരെ ഒറ്റപ്പെടുത്താനും തള്ളിക്കളയാനും ശ്രമിച്ചുകൊണ്ടിരുന്ന കാലം. ഇതിനെതിരായ കലാപമായി മാറിയ, രാജകുമാരിയുടെ ഹസ്തദാനം ലോകമെമ്പാടും ചർച്ചകളിൽ ഇടം പിടിക്കുകയും മാറ്റത്തിലേക്കുള്ള ചുവടുവെപ്പായി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു.
ഇപ്പോൾ നാം മറ്റൊരു മഹാമാരിയെ നേരിടുമ്പോൾ ഇതോർക്കേണ്ടിയിരിക്കുന്നു. കോവിഡ് രോഗനിയന്ത്രണത്തിന് അധികാരപ്പെട്ടവർ പൊതു ഇടങ്ങളിൽ ഹസ്തദാനം ചെയ്യുമ്പോൾ അത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തും. എയ്ഡ്സ് പോലല്ല കോവിഡ്. ഇവിടെ ചേർത്തുനിർത്തലല്ല, അകലം പാലിക്കലും സ്പർശനവും ഒത്തുകൂടലും ഉപേക്ഷിക്കലുമാണ് സാമൂഹിക സന്ദേശം. എന്നാൽ, പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും ദിനേന കാണുന്നത് പരസ്പരദൂരം പാലിക്കാതെ, മാസ്ക്കില്ലാതെ പ്രത്യക്ഷപ്പെടുന്ന വി.ഐ.പികളെയാണ്. ഇപ്രകാരം ചെയ്യുമ്പോൾ അവർ നൽകുന്നത് പൊതുബോധത്തിനെതിരായ സന്ദേശംതന്നെ.
എന്തുകൊണ്ടായിരിക്കും ഇവരെല്ലാം ഇങ്ങനെ ചെയ്യുന്നത്? രണ്ടു കാരണങ്ങളാവാം. ഒന്ന്, തങ്ങൾ നിയമത്തിനും സർവസമ്മത ധാരണകൾക്കും അതീതരാണെന്ന ബോധം. നിയമം എന്തുതന്നെയായാലും സിസ്റ്റം നമ്മെ സംരക്ഷിക്കുമെന്ന വ്യക്തമായ അറിവ് ഇതുണ്ടാക്കുന്നു. സിസ്റ്റം നിയമത്തെക്കാൾ ശക്തവുമാണ്. രണ്ട്, ശാസ്ത്രത്തെക്കുറിച്ച് നിലനിൽക്കുന്ന അജ്ഞത. ശാസ്ത്രത്തെ അവിശ്വസിക്കുന്നത് ഏറ്റവും താഴേക്കിടയിലുള്ളവരുടെ ഒരേയൊരു പ്രതിരോധമാർഗം അട്ടിമറിക്കുന്നതിന് തുല്യമാകും. ശാസ്ത്രനിഷേധത്തിലൂടെ രോഗം കിട്ടുന്നവർ മറ്റുള്ളവരിലേക്ക് പകർന്നുനൽകുമെന്നതും രോഗം പകർന്നുകിട്ടുന്നവർ കുറ്റം ചെയ്യാത്തവരാണെന്നതും പരിഗണിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. നിയമത്തിെൻറയും നൈതികതയുടെയും ദൃഷ്ടിയിൽ രോഗം പകർത്തുന്നവർ തെറ്റു ചെയ്യുന്നു. വി.ഐ.പി, സെലിബ്രിറ്റി പദവിയൊക്കെ കോവിഡ് തീവ്രപരിചരണ വിഭാഗത്തിൽ എത്തും വരെ മാത്രം. അവിടെമുതൽ ഓക്സിജന് വേണ്ടിയുള്ള പരിശ്രമം അവർക്കും മറ്റുള്ളവർക്കും ഒരുപോലെ. മരിക്കുന്നവർ വെറും നമ്പറുകളായി ചുരുങ്ങുകയും ചെയ്യും.
കേരളത്തിൽ ഇപ്പോഴും ഭയപ്പെടാൻതക്കവണ്ണം കോവിഡ് ബാധിതരെ കണ്ടെത്തിയിട്ടില്ല. സമ്പർക്കംമൂലം ദിനേന കോവിഡ് ബാധിതരായി കണ്ടെത്തുന്നത് പത്തുപേരെ മാത്രം. അതുപോലെ, ഇന്ത്യയിൽ രോഗമിരട്ടിക്കൽ സമയം മാർച്ചിൽ മൂന്നുദിവസമായിരുന്നത് ഇപ്പോൾ 17 ദിവസമായിട്ടുണ്ട്. രോഗവർധന ആശങ്കയുണ്ടാക്കുന്നുവെങ്കിലും വർധന ക്രമാതീത രീതിയിലല്ല എന്നത് തൽക്കാലത്തേക്കെങ്കിലും ആശ്വാസം തരുന്നു. ഏതുനിമിഷവും മാറാവുന്ന സ്ഥിതിയാണിത്. ശാസ്ത്രീയമായ രോഗപ്രതിരോധ തന്ത്രങ്ങളും എല്ലാവരുടെയും പങ്കാളിത്തവും ഉറപ്പാക്കുകവഴി മാത്രമേ രക്ഷപ്പെടാൻ കഴിയൂ.
ഒരു സംസ്ഥാനത്തോ, രാജ്യത്തോ അതതുനാൾ പുറത്തുവിടുന്ന രോഗികളുടെ സംഖ്യ പരിശോധന നടത്തിയതിൽ ഇത്ര രോഗികളെ കണ്ടെത്തിയിരിക്കുന്നു എന്നാണ്. എല്ലാ രോഗികളെയും കണ്ടെത്താനാകുമോ? അതില്ല, എന്നാണുത്തരം. അതായത്, 2000 രോഗികളെ കണ്ടെത്താനായനാളിൽ അതിനേക്കാൾ എത്രയെങ്കിലും ഇരട്ടി വ്യക്തികൾ രോഗികളായി ശ്രദ്ധിക്കപ്പെടാതെയുണ്ടാകും. ഇതിൽ രോഗലക്ഷണമില്ലാത്തവരുണ്ട്. അവരെ ടെസ്റ്റ് ചെയ്യുന്നില്ലല്ലോ. രോഗലക്ഷണമുള്ളവരേക്കാൾ ലക്ഷണങ്ങൾ ഇല്ലാത്തവരുണ്ടാകുമെന്ന് ഇപ്പോൾ ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ആദ്യകാലങ്ങളിൽ 40 ശതമാനം പേരുണ്ടാകുമെന്ന് കരുതിയിരുന്നത് ഇപ്പോൾ 70 ശതമാനവും ലക്ഷണമില്ലാത്തവർതന്നെ. നൂറുപേരെ രോഗികളായി കണ്ടെത്തിയാൽ ആ സമൂഹത്തിൽ കുറഞ്ഞത് മുന്നൂറു രോഗികളുണ്ടായിരിക്കും. അപ്പോൾ രോഗവ്യാപനം നടക്കുകതന്നെ ചെയ്യും. ടെസ്റ്റ് പോലും 95 ശതമാനം കൃത്യതയാണ് അവകാശപ്പെടുക; അഞ്ചു ശതമാനം രോഗികളെ കണ്ടെത്താനായില്ലെങ്കിൽ അവരും സമൂഹത്തിൽ വ്യാപനത്തിന് കാരണമാകും. ടെസ്റ്റ് എടുത്തിട്ട് ഫലം വരാനുള്ള സമയവും പ്രധാനമാണ്. ടെസ്റ്റിനും ഫലത്തിനുമിടയിൽ ഒന്നോ രണ്ടോ ദിവസമുണ്ടെങ്കിൽ കിടപ്പുരോഗിയല്ലാത്തവരിൽനിന്ന് സമൂഹത്തിലേക്കു വ്യാപിക്കും.
ടെസ്റ്റ് ചെയ്യാനുള്ള സമയദൈർഘ്യമല്ല താമസത്തിന് ഹേതു. പലപ്പോഴും സപ്ലൈ ചെയിനിലുണ്ടാകുന്ന ഏകോപനത്തിലെ പോരായ്മകളാണ് പിന്നിൽ. നൂറിൽ രണ്ടുപേർ മാത്രം രോഗികളാണ് എന്ന തോതെത്തുന്ന അളവിൽ ടെസ്റ്റ് ചെയ്യണമെന്ന് ഐ.സി.എം.ആർ ശിപാർശ ചെയ്യുന്നു. കേരളം ഈ നില എത്തിയിരുന്നു. ഇന്ത്യയിലിപ്പോൾ നൂറിൽ അഞ്ചുപേർ രോഗികളാണ്. അതായത് ഇന്ത്യയിൽ ടെസ്റ്റിങ് തോത് രണ്ടരയിരട്ടിയെങ്കിലും വർധിപ്പിക്കണം. അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങൾ നമ്മേക്കാൾ 12 മുതൽ 15 ഇരട്ടി ടെസ്റ്റിങ്ങിൽ മുന്നിൽ പോകുന്നു. ജൂൺ ഒന്നാം തീയതിയിലെ കണക്കനുസരിച്ച് 10,000 ടെസ്റ്റുകൾ ചെയ്യാൻ കഴിവുള്ള മുംബൈയിൽ ദിനേന വെറും 4000 ടെസ്റ്റുകളേ ചെയ്യുന്നുള്ളൂ. അപ്പോൾ ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തുന്നവരിൽ രോഗസാധ്യത വളരെ വലുതാണ്. അതിൽ എല്ലാവരേയും കണ്ടെത്താനാകില്ല എന്നതിനാൽതന്നെ കുറേപ്പേരെങ്കിലും രോഗവുമായി, എന്നാൽ ലക്ഷണങ്ങളില്ലാതെ സമൂഹത്തിൽ സജീവമായിരിക്കും.
ഈ പശ്ചാത്തലത്തിൽ ശക്തമായ സാമൂഹിക പെരുമാറ്റ രീതികൾതന്നെയാണ് കേരളം നടപ്പാക്കേണ്ടത്. അതിൽ നേർപ്പിക്കൽ പാടില്ല. രോഗവ്യാപനത്തെക്കുറിച്ച് പുതിയ അറിവുകൾ വന്നുകൊണ്ടിരിക്കുന്നു. സാധാരണ പരുത്തി/തുണി മാസ്കുകൾ നല്ല രീതിയിൽ പരസ്പര ദൂരം സ്ഥാപിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ മാത്രമേ കാര്യമുള്ളൂ എന്ന് രണ്ടുനാൾ മുമ്പ് ലോകാരോഗ്യ സംഘടന പറഞ്ഞു. സാധാരണ മാസ്കുകളാണെങ്കിൽ അവക്ക് മൂന്നു പാളികളെങ്കിലും വേണമെന്ന് അവർ ഉപദേശിക്കുന്നു. രോഗവ്യാപനത്തിെൻറ ഗൗരവം വർധിക്കുന്നുവെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം.
കേരളത്തിൽ രോഗസാധ്യത നിയന്ത്രിക്കാൻ പരസ്പരദൂരവും എതിർ സുരക്ഷിതജീവനവും (reverse quarantine) നടപ്പാക്കണം. ഇവ രോഗവ്യാപനം തടയാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനകം പെട്ടെന്ന് രോഗം വ്യാപിക്കുന്ന ഇടങ്ങൾ മനസ്സിലാക്കാനായി. അകമിടങ്ങൾ, സ്കൂളുകൾ, ഓഫിസ് മുറികൾ, പൊതുശുചിമുറികൾ, സമ്മേളനങ്ങൾ, ആഘോഷങ്ങൾ, ഒത്തുചേരലുകൾ, ആരാധനാലയങ്ങൾ, സിനിമാശാലകൾ, ഹോട്ടലുകൾ എന്നിവയിലൂടെ വളരെ വേഗം വ്യാപനം നടക്കും. അവിടെ രോഗികൾ ഉണ്ടാകണമെന്നില്ല; രോഗലക്ഷണമില്ലാത്ത വൈറസ് വാഹകരുണ്ടായാൽ മതി. സിംഗപ്പൂരിൽ സ്കൂളുകൾ തുറന്ന് ഒരുവാരത്തിനുള്ളിൽ വ്യത്യസ്ത ഇടങ്ങളിൽനിന്ന് അഞ്ചു കുട്ടികളിൽ കോവിഡ് കണ്ടെത്തി. അവിടെത്തന്നെ പള്ളിയിൽ കോവിഡ് ബാധിതർ ഇരുന്ന കസേരകളിൽ തുടർ ശുശ്രൂഷയിൽ പങ്കെടുത്തവർ മറ്റൊരു ചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ് പകർന്നുകൊടുത്തു. ഇതെല്ലാം കാണിക്കുന്നത് അനുയോജ്യമായ സാഹചര്യത്തിൽ വ്യാപനം എളുപ്പമാണെന്നുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.