Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_right14ാം വയസിൽ തുടങ്ങിയ...

14ാം വയസിൽ തുടങ്ങിയ പ്രവാസം

text_fields
bookmark_border
14ാം വയസിൽ തുടങ്ങിയ പ്രവാസം
cancel
camera_alt???????? ?????? ????

തീക്ഷ്​ണമായ അനുഭവങ്ങളും താണ്ടിയ കനൽപാതകളും തിളക്കമാർന്ന വിജയകഥകളും പ്രവാസ ജീവിതങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നതിനുള്ള ചില ഘടകങ്ങളാണ്​. പൊലിമനിറഞ്ഞതോ സംഭവബഹുലമോ ആയ ജീവിതമല്ലെങ്കിലും ചില അസാധാരണത്വങ്ങളും ചിലരെ ആൾക്കൂട്ടത്തിൽനിന്ന്​ വേറിട്ടുനിർത്തും. അത്തരമൊരാളാണ്​ തൃശൂർ തളിക്കുളം  സ്വദേശി അബ്​ദുൽ ഖാദർ. 14ാം വയസ്സിൽ നിക്കറിട്ട്​ ദുബൈയിൽ വന്നിറങ്ങിയ മനുഷ്യനെക്കുറിച്ചാണ്​ പറയാൻ പോകുന്നത്​. പാസ്​പോർട്ടും വിസയുമില്ലാത്ത യാത്ര. ഉമ്മയെ തനിച്ചാക്കി ഏകമകൻ കടലിനക്കരക്ക്​ യാ​ത്ര പുറപ്പെടാൻ കാരണം ഒന്നുമാത്രം- കഷ്​ടപ്പാട്​. കൂടെയുണ്ടായിരുന്നത്​ മുഷിഞ്ഞ ഏതാനും നോട്ടും കുറച്ചു നാണയവും പിന്നെ ആവശ്യത്തിലേറെ ​ധൈര്യവും. അതുകൊണ്ട്​  സ്​കൂളിലേക്ക്​ പോകുന്ന ലാഘവത്തിൽ  ഏഴാം ക്ലാസിലെ പഠനം ഉപേക്ഷിച്ച്​ കുഞ്ഞുഖാദർ വീട്ടിൽനിന്നിറങ്ങി, ദുബൈയിലേക്ക്​.

തൃശൂരിൽ നിന്ന്​ ബോംബെക്ക്​ തീവണ്ടിയാത്രക്ക്​ അന്ന്​ നിരക്ക്​ 32 രൂപയാണ്​.  ഖാദറിന്​ ഹാഫ്​ ടിക്കറ്റ്​ മതി. 16 രൂപ. ബോംബെയിൽ ജോലി ചെയ്യുന്ന അമ്മാവ​​ന്‍റെ മകനോടൊപ്പമാണ്​ യാ​ത്ര. ബോംബെയിൽ 15 ദിവസം തങ്ങിയശേഷം പുറംകടലിൽനിന്ന്​ ​ഗൾഫ്​ മോഹവുമായി ലോഞ്ചിൽ കയറി. യാത്ര പുറപ്പെട്ട തീയതി ഒരു പ്രവാസിയും മറക്കില്ല. ഖാദറിന്‍റെ ഒാർമയിൽ അത്​ 1967 മാർച്ച്​ 16 ആണ്​.​ ടിക്കറ്റ്​ 240 രൂപ. കുട്ടിയായതിനാൽ സഹയാത്രക്കാരിൽനിന്നും​ ലോഞ്ച്​ ജീവനക്കാരിൽ നിന്നും പ്രത്യേക പരിഗണന. 14ാം ദിവസം  ഖോർഫക്കാൻ തീരം കണ്ടു. കടലിൽ ചാടി നീന്തിവേണം കരപിടിക്കാൻ. കുട്ടിയായതിനാൽ അതിനും സഹായം കിട്ടി.

രാത്രി കരയിലെത്തിയപ്പോൾ പലരും പല വഴിക്കു പോയി. ഖാദർ നാട്ടുകാരായ ഏതാനും  പേർക്കൊപ്പം കൂടി. തെരുവുവിളക്ക്​ നോക്കി നടക്കുകയാണ്​. ​കുറെ നടന്നപ്പോൾ ഒരു ചായക്കട കണ്ടു. അപ്പോഴേക്കും നേരം  വെളുത്തിരുന്നു. ചായ കുടിക്കു​മ്പോൾ ഷാർജ പൊലീസ്​ എത്തി. ​ലോഞ്ചിൽ ആളുകൾ വരുന്ന കാര്യം അവർക്കറിയാം. ഖാദറിനെ കണ്ടപ്പോൾ പൊലീസുകാർക്കൊരു പ്രയാസം. എല്ലാവരെയും വണ്ടിയിൽ കയറ്റി ഷാർജയിലെ പ്രധാന കേന്ദ്രമായ റോളയിലെ ​പൊലീസ്​ സ്​റ്റേഷനിൽ കൊണ്ടുവന്നു. അൽ​പം ​പ്രായമുള്ള പൊലീസ്​ ഉദ്യോഗസ്​ഥൻ ഖാദറിനെ തന്നെയാണ്​ നോക്കുന്നത്​. പിന്നെ അദ്ദേഹം സംഘത്തിന്​ ഏഴു രൂപ കൊടുത്തു. എന്നിട്ട്​ പറഞ്ഞു, ഇവിടെ ജോലിയൊന്നും കിട്ടില്ല ദുബൈയിലേക്ക്​ ​പൊയ്​ക്കൊള്ളാൻ. ഷാർജ-​ദുബൈ ടാക്​സി നിരക്ക്​ അന്ന്​ ഏഴു രൂപയാണ്​. അക്കാലത്ത്​ ഇന്ത്യൻ രൂപയാണ്​ പ്രചാരത്തിൽ.

ദുബൈയിലെത്തി​യപ്പോഴും എല്ലാവരുടെയും ശ്രദ്ധ കുട്ടിപ്രവാസിയിലാണ്​. ചുട്ടുപൊള്ളുന്ന ചൂടിൽ ചെരിപ്പില്ലാതെ വിഷമിക്കുന്നത്​ കണ്ട്​ ഒരു മലയാളി ചെരിപ്പ്​ വാങ്ങിക്കൊടുത്തു. ഉമ്മയുടെ നാട്ടുകാരനായ വലപ്പാ​െട്ട ഹരിദാസിനെ ക​​ണ്ടെത്തുകയാണ്​ ഖാദറി​ന്‍റെ ലക്ഷ്യം. ദുബൈയിൽ ബാർബറായി ജോലിചെയുന്ന കാര്യം അറിയാം​. അങ്ങനെ അന്വേഷിച്ച്​  നായിഫ്​ റോഡിൽനിന്ന്​ ഹരിദാസിനെ കണ്ടെത്തി. ഹരിദാസും ആദ്യം അമ്പരന്നു. പിന്നെ മുറിയിലേക്ക്​ കൊണ്ടുപോയി. ഖാദർ എത്തിയ വിവരം ഹരിദാസ്​ തന്നെ നാട്ടിലേക്ക്​ എഴുതി. വണ്ടി കയറിയ മകനെക്കുറിച്ച്​ ഒരു വിവരവുമില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ഉമ്മ മറിയുമ്മ. കമ്പിയടിച്ചാൽ തന്നെ നാട്ടിലെത്താൻ ദിവസങ്ങളെടുക്കുന്ന കാലമാണ്​. കഷ്​ടപ്പാടാണ്​ കുഞ്ഞുപ്രായ​ത്തിലേ മണൽനാട്ടിലെത്തിച്ചതെന്ന്​ ഖാദർ പറയുന്നു. ഉപ്പ കുഞ്ഞുബാപ്പു നന്നേചെറുപ്പത്തിലേ മരിച്ചു. ഏക മകനായിരുന്നു. ഉമ്മയും മകനും കൂടി മറ്റുള്ളവരുടെ കാരുണ്യത്തിൽ പട്ടിണിയില്ലാതെ പിടിച്ചുനിന്നു. വീട്ടുജോലി​ക്ക്​ പോയി തളരുന്ന ഉമ്മയെ കണ്ടപ്പോൾ കുടുംബഭാരം കൊച്ചു ചുമലിലേറ്റാൻ ഖാദർ അധികം ആലോചിച്ചില്ല.

​ദുബൈയിൽ അധികം അലയേണ്ടി വന്നില്ല. ആദ്യ ജോലി ക്ലോക്ക്​ ടവറിന്​ സമീപം ഹോട്ടലിൽ റൂംബോയി ആയിട്ടായിരുന്നു. 100 രൂപ ശമ്പളം. അടുത്തമാസം തന്നെ ഒാഫിസ്​ ബോയിയായി മറ്റൊരിടത്തേക്ക്​ മാറി. യു.എ.ഇ രൂപവത്​കൃതമായപ്പോൾ തൊഴിൽ വകുപ്പിന്‍റെ ആദ്യ അണ്ടർ സെക്രട്ടറിയായ ഖാനം ഉബൈദ്​ ഗബാഷി​ന്‍റെ ഒാഫിസായിരുന്നു അത്​. സിനിമാ വിതരണമാണ്​ അദ്ദേഹ​ത്തി​​​െൻറ ​പ്രധാന ബിസിനസ്​.  ഉമ്മയെ കാണാത്ത ആറു വർഷത്തിനുശേഷം 1973ലായിരുന്നു ആദ്യ മടക്കയാത്ര. വീട്ടിലേക്ക്​ പണം മുടങ്ങാതെ അയച്ചു കൊടുത്തിരുന്നു. നാട്ടിൽ പഴയൊരു വീടും സ്​ഥലവും വാങ്ങുകയും ചെയ്​തു. മടക്കയാത്രയുടെ ലക്ഷ്യങ്ങളിലൊന്ന്​ പാസ്​പോർട്ട്​ കരസ്​ഥമാക്കലായിരുന്നു. ബോംബെയിൽ​ ലോഞ്ചിറങ്ങി പാസ്​പോർട്ടിന്​ അപേക്ഷിച്ചു. 20 ദിവസം ബോ​ംബെയിൽ തങ്ങേണ്ടിവന്നു. അതുകൊണ്ട്​ നാട്ടിൽ നിൽക്കാനായത്​ വെറും 15 ദിവസം. അപ്പോഴേക്കും മുതലാളി ലേബർ വകുപ്പി​​െൻറ ഉന്നത തസ്​തികയിലെത്തിയിരുന്നു. അതുകൊണ്ട്​ എളുപ്പം വിസ കിട്ടി. വീഴാറായ വീട്​ നന്നാക്കാൻ നിൽക്കാതെ വീണ്ടും ദുബൈയിലെത്തി. വീട്​ നന്നാക്കുന്ന കാര്യം പറഞ്ഞപ്പോൾ മുതലാളി പണത്തിന്​ പകരം കൊടുത്തത്​ 13 വിസകൾ. അതിൽനിന്ന്​ കിട്ടിയ പണംകൊണ്ടാണ്​ വീടു നന്നാക്കിയത്​. 

അതിനിടെ ദുബൈ​ ഡ്രൈവിങ്​​ ലൈസൻസെടുത്തിരുന്നു. 77ൽ വിവാഹം കഴിഞ്ഞ്​ തിരിച്ചെത്തി അധികം കഴിയും മുമ്പ്​ മുതലാളിക്ക്​ അപകടത്തിൽപെട്ട്​ ശരീരശേഷി നഷ്​ടപ്പെട്ടു. അതോടെ ബിസിനസ്​ മോശമായി. റോയിട്ടർ ബുള്ളറ്റിനിൽ നോക്കിയപ്പോൾ യൂത്ത്​ മോ​ട്ടോർ ഡ്രൈവിങ്​ സ്​കൂളിൽ പരിശീലകനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടു. അവിടെ 1200 ദിർഹം ശമ്പളത്തിന്​ ​ചേർന്നു. പിന്നീട്​ ആയിരക്കണക്കിനാളുകൾക്ക്​ ദുബൈയിൽ വളയം പിടിക്കാൻ പഠിപ്പിച്ച ദൗത്യത്തി​​​​െൻറ തുടക്കമായിരുന്നു അത്​. ദുബൈ പൊലീസിലെ ഉദ്യോഗസ്​ഥനായിരുന്ന അലി അൽ അബാദിയാണ്​ സ്​ഥാപന ഉടമ. രണ്ടുമാസം കഴിഞ്ഞപ്പോൾ സ്​ഥാപനം ഖാദറിനോട്​ നടത്തിക്കൊള്ളാൻ ഉടമ പറഞ്ഞു. 

14 കാറും 14  ജോലിക്കാരുമുണ്ടായിരുന്നു ഖാദർ സ്​ഥാപനം ഏറ്റെടുക്കു​മ്പോൾ. ഡ്രൈവിങ്​ പഠിക്കാൻ മലയാളികൾ ഉൾപ്പെടെ വരുമായിരുന്നു. മണിക്കൂറിന്​ എട്ടു ദിർഹമായിരുന്നു അന്ന്​ നിരക്ക്​. രണ്ടുപതിറ്റാണ്ട്​ പിന്നിട്ട്​ തൊഴിലിൽ നന്നായി തഴക്കം വന്നതോടെ 2000മാണ്ടിൽ ആറു കാറുമായി സ്വന്തമായി മറ്റൊരു ഡ്രൈവിങ്​ സ്​കൂളും തുടങ്ങി. അൽസൈൻ  ഇൻസ്​റ്റിറ്റ്യൂട്ട്​.  പച്ചപിടിച്ചുവരുന്ന കാലത്ത്​ പുതിയ നിയമത്തി​ന്‍റെ രൂപത്തിൽ ഖാദറിന്​ മുന്നിൽ തടസ്സമെത്തി. ​2003ൽ. ചെറിയ ഡ്രൈവിങ്​ ഇൻസ്​റ്റിറ്റ്യൂട്ടുക​ളെല്ലാം പൂട്ടണമെന്ന നിയമമായിരുന്നു അത്​. എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ വലിയ സ്​ഥാപനങ്ങൾക്കേ അനുമതിയുള്ളൂ. വലിയ തിരിച്ചടിയായി അത്​. അതുവരെ സ്വരുക്കൂട്ടിയ സമ്പാദ്യത്തിന്‍റെ വലിയൊരു ഭാഗം നഷ്​ടമായി. അങ്ങ​​നെ എന്തുചെയ്യണമെന്നറിയാതെ നിൽക്കു​​​േമ്പാൾ ഒരു ദിവസം പെട്രോൾപമ്പിൽ​ വെച്ച്​ ഒരാളെ കണ്ടുമുട്ടി. പണ്ട്​ താൻ​ ​ഡ്രൈവിങ്​ പഠിപ്പിച്ച അറബിയാണ്​. കാര്യങ്ങളെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു.

ദുബൈ ഡ്രൈവിങ്​ സ​െൻററിലേക്ക്​ വരാൻ പറഞ്ഞു. അവിടെ ചെന്നപ്പോഴാണ്​ അറിയുന്നത്​ അദ്ദേഹം അതിന്‍റെ ജനറൽ മാനേജറാണ്​. അപ്പോൾതന്നെ അവിടെ നിയമിതനായി. പുതിയ നിയമമനുസരിച്ച്​ സ്​ഥാപിച്ച  ഇൻസ്​റ്റിറ്റ്യൂട്ട്​. അവിടെ പുതിയ വി.​െഎ.പി വിഭാഗം തുടങ്ങിയപ്പോൾ അതി​ലേക്ക്​ ഖാദറിനെ മാറ്റി. 64ാം വയസ്സിലും ഖാദർ ഇവിടെ തുടരുന്നു. പഠിക്കാൻ വരുന്നവർ മുഴുവൻ പ്രമുഖർ. വിവിധ നാട്ടുകാർ. മമ്മൂട്ടി ഉൾപ്പെടെ  സിനിമക്കാർ, വ്യവസായികൾ. ഗതാഗത നിയമം പറഞ്ഞുകൊടുക്കലാണ്​ പ്രധാനം. അങ്ങനെ ഖാദർ അറബി, ഇംഗ്ലീഷ്​, ജർമൻ, ഫ്രഞ്ച്​, ഇറാനി, ബലൂചി തുടങ്ങി ഒരു ഡസനോളം ഭാഷകൾ  പഠിച്ചു. 77 മുതൽ വണ്ടിയോടിക്കാൻ തുടങ്ങിയെങ്കിലും ഇതുവരെ ട്രാഫിക്​ നിയമലംഘനങ്ങൾക്ക്​ പിഴ അടക്കേണ്ടി വന്നിട്ടില്ലെന്ന്​ ഖാദർ പറഞ്ഞു. ദുബൈയിൽ തീർച്ചയായും അഭിമാനകരമായ കാര്യമാണത്​.

ജീവിതത്തിന്‍റെ വലിയൊരു കാലം പ്രവാസമണ്ണിലായിരുന്നു. ദുബൈ ക്രീക്കി​ന്‍റെ ഇരു കരകളായ ദേരയിലും ബർദുബൈയിലുമായിരുന്നു ആദ്യ കാലത്തെ​ പ്രധാന ജനവാസകേന്ദ്രം. പിന്നെയങ്ങോ​െട്ടല്ലാം മരുഭൂമിതന്നെ. ഇവിടത്തെ ഒാ​േരാ തെരുവും കെട്ടിടങ്ങളും ഖാദറിന്​ കൈവെള്ളപോലെ പരിചിതം. വന്നകാലത്ത്​ ഇൗ  തീരത്ത്​​ കടലാസ്​ വിരിച്ച്​ കിടന്നുറങ്ങിയിട്ടുണ്ട്​. വ്യക്​തികളുടെയും സ്​ഥാപനങ്ങളുടെയും ഉയർച്ചക്കും വീഴ്​ചക്കും ഖാദർ സാക്ഷിയായി; ഒ​േട്ടറെ ചരിത്രസംഭവങ്ങൾക്കും. 1971 ഡിസംബർ രണ്ടിന്​ യു.എ.ഇ രൂപവത്​കൃതമായ ദിവസത്തെ ആഘോഷമേളം  ഇ​േപ്പാഴും മനസ്സിലുണ്ട്​. അറബികളേക്കാൾ ഏറെ സന്തോഷം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കായിരുന്നെന്ന്​ ഖാദർ ഒാർക്കുന്നു. ദുബൈ ഭരണാധികാരിയും രാഷ്​ട്രശിൽപികളി​െലാരാളുമായ ശൈഖ്​ റാശിദി​​െൻറ കൊട്ടാരത്തിലേക്ക്​ ദേശീയ പതാകയും വഹിച്ച്​ ആളുകൾ ഒഴുകിയപ്പോൾ അക്കൂട്ടത്തിൽ ഖാദറുമുണ്ടായിരുന്നു. അതുപോലെ മറക്കാനാകാത്ത മറ്റു രണ്ടു ആഘോഷവേളകൾ ശൈഖ്​ റാശിദിന്‍റെ മക്കളായ ശൈഖ്​ മക്​തൂമിന്‍റെയും  ശൈഖ്​ മുഹമ്മദിന്‍റെയും വിവാഹങ്ങളായിരുന്നു. ദിവസങ്ങൾ നീണ്ട പരിപാടികളായിരുന്നു. അവിടെ ചെന്ന്​ അറബന മുട്ടിയിട്ടുണ്ട്​. ​

മലയാളം പ​ത്രങ്ങളോ ചാനലുകളോ എഫ്​.എം റേഡിയോ സ്​റ്റേഷനുകളോ യു.എ.ഇയിലില്ലാത്ത കാലത്തും ​ പ്രവാസികൾ താമസിക്കുന്ന മുറികളിൽ റേഡിയോ നിർബന്ധവസ്​തുവായിരുന്നു. ശ്രീലങ്കൻ റേഡിയോയിൽനിന്നും മോസ്​കോ റേഡിയോയിൽനിന്നും കേൾക്കുന്ന മലയാള പാട്ടുകൾ വലിയ ആശ്വാസമായിരുന്നു. അതുപോലെ നാട്ടിൽ പോകു​േമ്പാൾ ടേപ്​ റെക്കോഡറുകൾ കൊണ്ടു പോകാനും ആരും മറന്നില്ല. ഒരുപാട്​ തിയറ്ററുകളിൽ ഫിലിംപെട്ടി എത്തിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയും ജീവിതത്തിൽ ഇതുവരെ പൂർണമായി കണ്ടിട്ടി​ല്ല ഖാദർ. 1979ൽ ഭാര്യ റംലത്തി​െന കൊണ്ടുവന്നു.  മൂന്നു പെൺമക്കളും ഒരു ആൺകുട്ടിയും ഇവിടെയും നാട്ടിലുമായി പിറന്നു. ഉമ്മക്ക്​ വാർധക്യമായതോടെ ഭാര്യയെ നാട്ടിലേക്കയച്ചു. ഏഴു വർഷംമുമ്പ്​ ഉമ്മ മരിച്ചു. ജീവകാരുണ്യരംഗത്ത്​ ഉമ്മയെ മാതൃകയാക്കി ഉള്ളതിൽനിന്ന്​ ചെയ്യുന്നുണ്ട്​. നാട്ടിൽ ജീവകാരുണ്യപ്രവർത്തനത്തിൽ സജീവമാണ്​. സാന്ത്വനം തളിക്കുളം എന്ന സംഘടനയിലൂടെയാണ്​ പ്രവർത്തനം. 

പണ്ടേ കോൺഗ്രസുകാരനാണ്​. ദുബൈയിലെത്തിയപ്പോൾ  വീക്ഷണം ഫോറം എന്ന സംഘടനയിൽ സജീവമായി. 20 വർഷത്തോളം അതി​ന്‍റെ ഭാരവാഹിയായിരുന്നു. ഏറ്റവും ഇഷ്​ടമുള്ള നേതാവ്​ എ.കെ. ആൻറണിയാണ്​. നാട്ടിലുള്ളപ്പോഴാണ്​ ആൻറണിയു​െട അമ്മ മരിച്ച വാർത്ത പത്രത്തിൽ കാണുന്നത്​. അപ്പോൾതന്നെ ടാക്​സി വിളിച്ച്​ ചേർത്തലക്ക്​ പോയി. നേതാക്കളുമായി ഇന്നും നല്ല ബന്ധമാണ്​​. ബർദുബൈയിലെ ഒറ്റമുറി മാത്രമുള്ള ചെറിയ ഫ്ലാറ്റിലിപ്പോൾ അബ്​ദുൽ ഖാദറും ഭാര്യയുമുണ്ട്​. അരനൂറ്റാണ്ട്​ നീണ്ട പ്രവാസത്തിൽ വലിയ പണക്കാരനാകാത്തതിലൊന്നും വിഷമമില്ല.  എഴാം ക്ലാസുകാരന്​  ഇത്രയെങ്കിലൂം സാധിച്ചല്ലോ എന്ന സംതൃപ്​തിയാണ്​ തനിക്കെന്ന്​ ഖാദർ പറയുന്നു. ത​​​െൻറ മുന്നിലൂടെ ഒരുപാട്​ പേർ ഉയരങ്ങൾ താണ്ടുന്നത്​ കണ്ടു. അതിൽ സന്തോഷമേയുള്ളൂ. എല്ലാം ദൈവനിശ്ചയമാണ്​. കിട്ടുന്നതിനനുസരിച്ച്​ ജീവിച്ചു. ഒരു വായ്​പയും എടുത്തില്ല. നാട്ടിൽ ജീവിച്ചുപോകാനുള്ള സ്വത്തുണ്ട്​. ഭാവിയിൽ മക്കൾക്ക്​ ബാധ്യത വരുത്തുന്ന ഒന്നും ചെയ്​തിട്ടില്ല. അവരെയെല്ലാം ഡിഗ്രി വരെ പഠിപ്പിച്ചു. എല്ലാവരുടെയും  വിവാഹം കഴിഞ്ഞു.

തിരിച്ചുപോകണമെന്ന്​ പലതവണ വിചാരിച്ചു. രണ്ടു വർഷത്തേക്കു കൂടി വിസ നീട്ടിത്തന്നിരിക്കയാണ്​ കമ്പനി. പ​േക്ഷ, അടുത്തവർഷം എന്തായാലും ദുബൈയോട്​ വിടപറയണം. മക്കളായ രേഷ്​മ, റമീന, റിയാസ്​, റനീഷ എന്നിവരും ഏഴു പേരക്കുട്ടികളും നാട്ടിലാണ്​. അവരും പിറന്ന മണ്ണും  മാടിവിളിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdul khadardubai nripravasi malayalee
News Summary - dubai nri abdul khadar
Next Story