പ്രവാസികളുടെ സാമ്പത്തിക ഉപദേഷ്ടാവ്
text_fieldsമ്യൂച്വൽ ഫണ്ടുകളുടെയും വിവിധ കമ്പനി ഒാഹരികളുടെയും അപേക്ഷ ഫോറവും ഫയലിലാക്കി ഫ്ലാറ്റുകളിലും ഒാഫിസുകളിലു കയറിയിറങ്ങി നടന്ന ഒരു കാലമുണ്ട് കെ.വി. ഷംസുദ്ദീന് ഒാർക്കാൻ. ആളുകളെ നിക്ഷേപത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കി അവർക്കുവേണ്ടി ഫോറം അദ്ദേഹംതന്നെ പൂരിപ്പിച്ച് ഒപ്പിട്ടുവാങ്ങും. അത് വീട്ടിലെത്തിച്ച് ബാക്കി പണിയെല്ലാം തീർത്ത് കവറിലാക്കി രാത്രി കൊറിയർ കമ്പനിയിലെത്തിക്കും. 1970കളിലായിരുന്നു അത്. ഇന്ന് വലിയ കോർപറേറ്റ് സ്ഥാപനത്തിെൻറ അമരത്തിരിക്കുേമ്പാൾ താങ്കളെ ഇവിടെയെത്തിച്ചത് എന്തെന്ന് ചോദിച്ചാൽ മൂന്നു കാരണങ്ങളാണ് ഷംസുക്ക പറയുക: കഠിനാധ്വാനം, വിശ്വാസ്യത, എല്ലാറ്റിലുമുപരി ദൈവ സഹായം.
ഗൾഫിൽ കെ.വി. ഷംസുദ്ദീനെ അറിയാത്തവരോ കേൾക്കാത്തവരോ ഉണ്ടാകില്ല. പ്രവാസികളിൽ സമ്പാദ്യശീലം വളർത്താനും അവർക്ക് നിക്ഷേപമാർഗങ്ങൾ പറഞ്ഞുകൊടുക്കാനും ജീവിതം ഉഴിഞ്ഞുവെച്ച ചാവക്കാട്ടുകാരൻ. പ്രഭാഷണങ്ങളും ക്ലാസുകളും റേഡിയോ^ടെലിവിഷൻ പരിപാടികളുമായി പതിനായിരക്കണക്കിനാളുകളുടെ ജീവിതം താൻ മാറ്റിയെടുത്തതായി അദ്ദേഹം പറയുന്നു. അതിെൻറ സന്തോഷം അറിയിച്ചുള്ള സന്ദേശങ്ങൾ ലഭിക്കാത്ത ദിവസം കുറവ്. അതോടൊപ്പം ഇതേ മേഖലയിലെ തെൻറ സ്ഥാപനത്തെ ഉന്നതിയിലെത്തിക്കാനായതിെൻറ ചാരിതാർഥ്യവും ഇൗ കുറിയ മനുഷ്യനിൽ നിറയുന്നുണ്ട്.
പ്രവാസം ഷംസുദ്ദീെൻറ രക്തത്തിലലിഞ്ഞതാണ്. ഉപ്പയും അദ്ദേഹത്തിെൻറ സഹോദരങ്ങളും ശ്രീലങ്കയിലും ഉമ്മയുടെ സഹോദരന്മാർ മലേഷ്യയിലുമൊക്കെയായിരുന്നു. അവർ നാട്ടിൽ വരുേമ്പാഴുള്ള സന്തോഷവും തിരിച്ചുപോകുേമ്പാഴുള്ള ദുഃഖവുമെല്ലാം കണ്ടാണ് ഷംസുദ്ദീൻ വളർന്നത്. പക്ഷേ, ഷംസുദ്ദീെൻറ ജീവിതദൗത്യം േവറെയായിരുന്നു. ചാവക്കാട് സർക്കാർ സ്കൂളിൽ പഠിക്കുേമ്പാൾ തുടങ്ങിയതാണ് ധനകാര്യ നിക്ഷേപ മേഖലയിലുള്ള താൽപര്യം. 13ാം വയസ്സിൽ സ്കൂളിൽ ഭാരത് സേവക് സമാജം അംഗമായിരിക്കെ ദേശീയ സമ്പാദ്യപദ്ധതിയിൽ ആളെ ചേർത്താണ് തുടക്കം. 10 പൈസയുടെ സ്റ്റാമ്പ് വിൽക്കാൻ കുട്ടികളെ ഏൽപിക്കും. ഉമ്മയോട് 10 രൂപ വാങ്ങിയാണ് ആദ്യ നിക്ഷേപം നടത്തിയത്. സ്റ്റാമ്പ് വിറ്റ് കിട്ടുന്ന തുക നിക്ഷേപിക്കാൻ പോസ്റ്റ്ഒാഫിസിൽ അക്കൗണ്ടും തുറന്നു. ഇക്കാര്യത്തിൽ ഉമ്മ നഫീസുമ്മ ആയിരുന്നു മാതൃക. ബാപ്പ കെ.സി. അബൂബക്കർ ഹാജി പണമെല്ലാം ഏൽപിച്ചിരുന്നത് ഉമ്മയെയായിരുന്നു. അവരത് വളരെ സൂക്ഷിച്ച് ചെലവാക്കും. 96ാം വയസ്സിൽ മരിക്കുന്നതിന് ഏതാനും വർഷം മുമ്പുവരെ കുടുംബത്തിെൻറ സാമ്പത്തികകാര്യങ്ങൾ നോക്കിയിരുന്നത് ഉമ്മയായിരുന്നു.
കഷ്ടപ്പാടൊന്നുമില്ലാതെ വളരുേമ്പാഴാണ് ഷംസുദ്ദീൻ 24ാം വയസ്സിൽ മുംബൈ വഴി ദുബൈയിലേക്ക് പുറപ്പെടുന്നത്. 1970 ജൂലൈ 21ന്. അക്കൗണ്ടൻറായി ജോലി തുടങ്ങി. അധികം കഴിയും മുമ്പ് പ്രവാസി ജീവിതത്തിെൻറ നേർകാഴ്ചകൾ കണ്ടു. അന്ന് ബന്ധുവിെൻറ മുറിയിലുണ്ടായിരുന്ന രണ്ടു ചാവക്കാട്ടുകാർ നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുക്കാൻ കാശില്ലാതെ ഇരിക്കുന്ന ചിത്രം ഇന്നും മനസ്സിലുണ്ട്. 15 വർഷം ഷാർജയിലും മുമ്പ് ശ്രീലങ്കയിലും ജീവിച്ചവരാണ്. എന്നിട്ടും നാട്ടിൽപോകാൻ കാശില്ല. 186 ദിർഹമാണ് അന്ന് മുംബൈക്ക് വിമാനത്തിന്. സമ്പാദ്യശീലമില്ലാത്തതിെൻറ മികച്ച ഉദാഹരണം. അന്ന് മിക്ക പ്രവാസികളുടെയും അവസ്ഥയായിരുന്നു അത്.
പണമിടപാട് സുതാര്യവും ശരിയായ രീതിയിലുമാകണമെന്നാണ് കപ്പൽ കയറുംമുമ്പ് മകന് ബാപ്പ നൽകിയ ഉപദേശം. അതനുസരിച്ച് ആദ്യ ശമ്പളം കിട്ടി പണമയക്കാൻ ബാങ്കിൽ പോയപ്പോൾ അവിടത്തെ ഉദ്യോഗസ്ഥർക്ക് അദ്ഭുതം. പ്രവാസികൾ പണമയക്കാൻ ബാങ്കിൽ വരാറില്ലായിരുന്നു. കുഴലാണ് മാർഗം. കൂടെ പണിയെടുക്കുന്നവരെയും പരിചയക്കാരെയും ബാങ്ക് വഴി പണമയക്കാൻ ഷംസു പ്രേരിപ്പിച്ചു. അക്കൗണ്ടുകൾ ഒാപൺ ചെയ്യിച്ചു. ഇതുകാരണം കുഴൽപ്പണക്കാരിൽനിന്ന് ഭീഷണിയുമുണ്ടായി. പണം ബാങ്കിലൂടെ അയച്ചവർക്ക് ഒരു ഗുണം കിട്ടി. നേരത്തെ കൈയിൽകിട്ടിയ പണമെല്ലാം ചെലവായിരുന്നെങ്കിൽ ബാങ്കിലൂടെയായപ്പോൾ അക്കൗണ്ടിൽ മിച്ചം കാണാൻ തുടങ്ങി. പക്ഷേ, നിക്ഷേപിക്കാൻ മറ്റു കാര്യമായ മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് യൂനിറ്റ് ട്രസ്റ്റ് ഒാഫ് ഇന്ത്യയുടെ യു.എസ് 64 എന്ന മ്യൂച്വൽ ഫണ്ടായിരുന്നു. അതിൽ ആളെ ചേർക്കലായി ഷംസുദ്ദീെൻറ അടുത്ത പണി. അപേക്ഷാഫോറം മുംബൈയിൽനിന്ന് വരുത്തും.
1974ൽ ഡിഫൻസിൽ ജോലി കിട്ടിയിട്ടും ഷംസുദ്ദീൻ ദൗത്യം തുടർന്നു. ഡിഫൻസിൽ നല്ല ശമ്പളമാണെങ്കിലും മലയാളികൾക്കുൾപ്പെടെ അവിടെയുണ്ടായിരുന്നവർക്ക് സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ഡിഫൻസിലായിരുന്ന 19 വർഷവും വിശ്രമമില്ലാതെ നിക്ഷേപ പ്രചാരണമായിരുന്നു. ഇത് മനസ്സിലാക്കിയ യു.ടി.െഎ അദ്ദേഹത്തെ ഏജൻറായി നിയമിച്ചു. ഗൾഫിലെ തന്നെ ആദ്യ യു.ടി.െഎ ഏജൻറ്. അതോടെ ആളെ ചേർത്താൽ ചെറിയൊരു വരുമാനവുമായി. സാമ്പത്തികകാര്യങ്ങളിൽ തെൻറ ഗുരു എഴുത്തുകാരൻ എം.പി. നാരായണപ്പിള്ളയായിരുന്നുവെന്ന് ഷംസുദ്ദീൻ പറയുന്നു. തോന്നുന്നതെന്തും എഴുതാനും ആവശ്യങ്ങളെല്ലാം എഴുതിത്തയാറാക്കി നിരന്തരം സർക്കാറിനും പത്രങ്ങൾക്കുമയക്കാനും ഉപദേശം നൽകിയത് അദ്ദേഹമായിരുന്നു. ഒരിക്കൽ അതിെൻറ ഫലം കിട്ടുമെന്ന് നാണപ്പൻ പറഞ്ഞത് പിന്നീടെത്രയോ തവണ ശരിയായി. ‘ഗൾഫ് മലയാളി’ എന്ന മാഗസിൻ നാരായണപ്പിള്ള തുടങ്ങിയപ്പോൾ അതിൽ ഷംസുദ്ദീൻ സ്ഥിരമായി എഴുതി. ഗൾഫ് മലയാളി ഫോറവും അദ്ദേഹത്തിെൻറ നിർദേശപ്രകാരം തുടങ്ങി.
പ്രവാസികളുടെ ആവശ്യങ്ങളെക്കുറിച്ച് ഗൾഫ് മലയാളി ഫോറത്തിെൻറ പേരിൽ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും നിരന്തരം എഴുതി. ഇപ്പോഴും തുടരുന്നു. നാരായണപിള്ളയുടെ മരണശേഷം പ്രവാസിബന്ധു വെൽഫയർ ട്രസ്റ്റുണ്ടാക്കി അതിെൻറ അധ്യക്ഷപദവിയിലിരുന്നാണ് എഴുത്തുകുത്തുകൾ. കേരളത്തിലും കേന്ദ്രത്തിലും ഏതു സർക്കാർ അധികാരത്തിൽ വന്നാലും ആദ്യ ആഴ്ചയിൽ ഷംസുദ്ദീെൻറ നിവേദനം ലഭിക്കും. പ്രവാസികൾക്ക് കമ്പനികളുടെ പ്രഥമ ഒാഹരി വിൽപന (െഎ.പി.ഒ)യിൽ നിക്ഷേപിക്കാനുള്ള അനുമതി ലഭിച്ചത് ഷംസുദ്ദീെൻറ എഴുത്ത് യുദ്ധത്തിലൂടെയാണ്. 1979ൽ ടാറ്റ മോേട്ടാസിെൻറ െഎ.പി.ഒ ആയിരുന്നു ആദ്യത്തേത്. പിന്നെ തുടർച്ചയായി െഎ.പി.ഒകളായിരുന്നു. ടാറ്റ പവർ, ഏഷ്യൻ പെയിൻറ്സ്, റിലയൻസ്, ഡോ. റെഡീസ് ലാബ് തുടങ്ങിയ കമ്പനികൾ ഒാഹരിയിറക്കി. പ്രവാസികൾ എല്ലാറ്റിലും നിക്ഷേപിക്കാൻ തുടങ്ങി. മർച്ചൻറ് ബാങ്കായ ജെ.എം ഫൈനാൻസ് ഇതിനിടെ ഷംസുദ്ദീനെ ഒാഹരി ഇടപാട് നടത്താനുള്ള സബ് ബ്രോക്കറായി നിയമിച്ചിരുന്നു.
അന്നത്തെ ഒാഹരി ഇടപാടുകളെക്കുറിച്ച് ഷംസുദ്ദീൻ പറയുന്നത് കേൾക്കുക: ഷാർജയിലെ വില്ലയിലായിരുന്നു ഇതിെൻറയെല്ലാം കേന്ദ്രം. വീട് നിറയെ ഒാഹരി സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസുകളുമായിരുന്നു. എല്ലാം മുംബൈയിൽനിന്ന് തപാൽ വഴി വരുത്തിക്കുന്നത്. നിക്ഷേപകരെ പറഞ്ഞുമനസ്സിലാക്കലാണ് പ്രധാന ജോലി. നൂറുകൂട്ടം സംശയങ്ങൾ തീർക്കണം. പണം നിക്ഷേപിക്കുന്ന കാര്യമായതിനാൽ വിശ്വാസ്യത പ്രധാനമാണ്. താൻ നിക്ഷേപിക്കുന്ന ഒാഹരികളെ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കൂ. ഫോറം പൂരിപ്പിക്കാനും തരംതിരിക്കാനുമെല്ലാം ഭാര്യയും സഹായിക്കും. ഇതെല്ലാം കണ്ടും കേട്ടുമാണ് രണ്ടു ആൺമക്കളും വളർന്നത്. ഒാഹരി വിൽക്കാൻ ട്രാൻസ്ഫർ ഫോറത്തിനൊപ്പം ഒാഹരി സർട്ടിഫിക്കറ്റ് വെച്ച് മുംബൈയിലേക്ക് അയക്കണം. അത് അവിടെ കിട്ടിയാലേ വിൽപന നടക്കൂ. വിറ്റ വില പിന്നീട് ബ്രോക്കർ അറിയിക്കും. പണം അക്കൗണ്ടിലേക്ക് വരണമെങ്കിൽ മാസത്തിലേറെ കഴിയും. ഇന്ന് ഒാൺലൈനിൽ തത്സമയ ഇടപാടാണ്. വിറ്റാൽ നാലാം ദിവസം പണംകിട്ടും.
1990ൽ ഡിഫൻസ് ജോലി രാജിവെക്കാൻ തീരുമാനിച്ചു. ഷാർജയിൽ ഒാഹരി ബ്രോക്കിങ് കമ്പനി തുടങ്ങുകയായിരുന്നു ലക്ഷ്യം. അതിനിടയിൽ ഹജ്ജിന് പോയി. മടങ്ങിവരുേമ്പാൾ താൻ ബ്രോക്കിങ് ഏജൻസി എടുക്കാൻ കണ്ടുവെച്ച സ്ഥാപനത്തിെൻറ ഉടമ ഭൂപൻ ദലാൽ ഒാഹരി കുംഭകോണത്തിൽപ്പെട്ട വിവരമാണ് കേട്ടത്. ഷാർജയിൽ തിരിച്ചെത്തിയപ്പോൾ മറ്റൊരു ആശ്വാസ വാർത്തയും കിട്ടി. ഡിഫൻസ് തെൻറ രാജിക്കത്ത് നിരസിച്ചിരിക്കുന്നു. നാലുമാസം കഴിഞ്ഞ് കരാർ കാലാവധി തീർന്നശേഷം മികച്ച ജീവനക്കാരനുള്ള സർട്ടിഫിക്കറ്റും വാങ്ങിയാണ് ഡിഫൻസിനോട് വിടപറഞ്ഞത്.
ജനറൽ ട്രേഡ് സെൻറർ എന്നപേരിൽ 1991ൽ സ്വന്തമായി സ്ഥാപനം തുടങ്ങി മുന്നോട്ടുപോകുേമ്പാഴാണ് മറ്റൊരു വഴിത്തിരിവുണ്ടാകുന്നത്. 1995ൽ കേരളത്തിൽ സി.ജെ. ജോർജ് ജിയോജിത് സെക്യൂരിറ്റീസ് ഒാഹരി വിപണിയിലിറങ്ങാൻ തീരുമാനിക്കുന്നു. അന്ന് മലയാളികളുടെ നിക്ഷേപമെല്ലാം കൂടുതൽ ബ്ലേഡു കമ്പനികളിലും ചിട്ടികളിലുമായിരുന്നു. ബ്ലേഡുകൾ കൂട്ടത്തോടെ പൊട്ടാൻ തുടങ്ങിയ ശേഷമാണ് ഒാഹരിവിപണിയിലേക്ക് അവർ തിരിയുന്നത്. ആ സമയത്താണ് കേരള സർക്കാറിെൻറ 21 ശതമാനം ഒാഹരിപങ്കാളിത്തത്തോടെ ജിയോജിത് സെക്യൂരിറ്റീസ് വരുന്നത്. അതിൽ എൻ.ആർ.െഎ പ്രമോട്ടറാക്കിയത് ഷംസുദ്ദീനെയായിരുന്നു. 2002 വരെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. അന്ന് ഷംസുദ്ദീെൻറ പ്രേരണയിൽ യു.എ.ഇയിൽനിന്ന് ജിയോജിത്തിൽ കുറെപേർ നിക്ഷേപിച്ചു. 1995ൽ 10,000 രൂപ നിക്ഷേപിച്ചവർക്ക് ഇപ്പോഴതിെൻറ മൂല്യം 26 ലക്ഷത്തിലേറെ രൂപയാണ്. കേരളത്തിലെ ഒരു കമ്പനിയാണിതെന്നോർക്കണം.
2001ൽ ജനറൽ ട്രേഡിങ് പൂട്ടി ബർജീൽ ജിയോജിത് തുടങ്ങി. ധനകാര്യമേഖലയിൽ ഇന്ത്യ-യു.എ.ഇ സംയുക്ത സംരംഭമാണ് ബർജീൽ ജിയോജിത്. ഷാർജ രാജകുടുംബാംഗമായ ശൈഖ് സുൽത്താൻ ബിൻ സൗദ് ആൽ ഖാസിമി, ഷംസുദ്ദീൻ, ജിയോജിത് എന്നിവരാണ് പാർട്ണർമാർ. സ്റ്റോക് മാർക്കറ്റിൽ നിക്ഷേപിക്കാൻ അനുമതികിട്ടിയ ശേഷവും പ്രവാസികൾ ധാരാളം പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇവയെല്ലാം സർക്കാറിന് എഴുതി. ഇതിെൻറ അടിസ്ഥാനത്തിൽ നിരവധി പരിഷ്കാരങ്ങൾ അധികാരികൾ നടപ്പാക്കി. ബർജീൽ ജിയോജിത്തിന് യു.എ.ഇയിൽ നാലു ശാഖകളും 60ലേറെ ജീവനക്കാരുമുണ്ട്. ലക്ഷത്തോളം ഇടപാടുകാരും. മലയാളികളാണ് കൂടുതൽ.
*** *** *** ***
ഷാർജയിൽ ഷംസുദ്ദീെൻറ ഒാഫിസിൽ നിറെയ ഫയലുകളാണ്. അലമാരയിലും മേശപ്പുറത്തും നിലത്തുമെല്ലാം കൂറ്റൻ ഫയലുകൾ നിരത്തിവെച്ചിരിക്കുന്നു. 1978 മുതലുള്ള എഴുത്തുകുത്തുകളും എഴുതിയ ലേഖനങ്ങളും ഒരുഭാഗത്ത്. മറ്റൊരു ഫയൽക്കൂട്ടം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ‘ഇത് നിറയെ കത്തുകളാണ്. ഇതിലോരോന്നും കഥന കഥകളാണ്. സാമ്പത്തിക വിഷമങ്ങളും പ്രയാസങ്ങളും പറഞ്ഞ് പ്രവാസികളെഴുതിയ കണ്ണീർ കഥനങ്ങൾ. സ്നേഹ നിരാസത്തിെൻറ കഥ. ഉയർന്നു പറക്കുേമ്പാൾ പടുകുഴിയിൽ വീണവരുടെ ആത്മകഥകൾ. ഇതെല്ലാം ചേരുന്നതാണ് പ്രവാസിയുടെയും പ്രവാസത്തിെൻറയും ചരിത്രം’.
ഷംസുദ്ദീൻ മറ്റൊരു പ്രധാന കർമമേഖലയെക്കുറിച്ചാണ് പറയുന്നത്. പ്രവാസത്തോടൊപ്പം തുടങ്ങിയ സാമ്പത്തിക മാനേജ്മെൻറ് ബോധവത്കരണം ഇന്നും തുടരുന്നു. സമൂഹത്തിന് വേണ്ടിയുള്ള ഇൗ പ്രവർത്തനമില്ലെങ്കിൽ പിന്നെ താനില്ലെന്നാണ് അദ്ദേഹം പറയുക. കഴിഞ്ഞയാഴ്ച കഴിഞ്ഞത് 408 ാമത്തെ ക്ലാസായിരുന്നു. തുടക്കം 2001 നവംബറിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിലായിരുന്നു. അത് മാത്രമേ താനായിട്ട് സംഘടിപ്പിച്ചിട്ടുള്ളൂവെന്ന് ഷംസുദ്ദീൻ. സംഘടനകളും കൂട്ടായ്മകളും ക്ഷണിച്ചാണ് ബാക്കി പരിപാടികളെല്ലാം നടത്തിയത്. പ്രതിഫലം വാങ്ങിക്കാറില്ല. നാട്ടിൽ 58 ക്ലാസ് കഴിഞ്ഞു. 2001ൽ ഏഷ്യാനെറ്റ് റേഡിയോയിൽ പ്രതിവാര റേഡിയോ പ്രഭാഷണം തുടങ്ങി. ഇപ്പോഴും തുടരുന്നു. ദുബൈയിലെ എൻ.ടി.വിയിൽ ഏഴുവർഷമായി പ്രതിവാര പരിപാടിയുണ്ട്. മറ്റു മാധ്യമങ്ങളിലും സജീവമാണ്. ആർക്കും ഗ്രഹിക്കാവുന്ന ലളിതമായ ക്ലാസിൽ ഒരുതവണ പെങ്കടുത്താൽ മാറ്റം ഉറപ്പാണെന്ന് അനുഭവസ്ഥർ പറയുന്നു.
പ്രവാസികളിൽ സാമ്പത്തിക അച്ചടക്കവും സമ്പാദ്യശീലവും വളർത്തി നാട്ടിൽ തിരിച്ചെത്തുേമ്പാൾ സന്തോഷത്തോടെയും മാന്യമായും ജീവിക്കാൻ സൗകര്യമൊരുക്കണമെന്നാണ് തെൻറ ശിൽപശാലകളുടെ ലക്ഷ്യമെന്നും ഇതിനെ തെൻറ ബിസിനസുമായി ബന്ധപ്പെടുത്താറില്ലെന്നും ഷംസുദ്ദീൻ പറയുന്നു. ഒരു തുക പ്രതിമാസം മാറ്റിവെച്ചാൽ 10 വർഷം കഴിഞ്ഞ് നാട്ടിൽപോയാൽ തുകയുടെ ഇരട്ടി പ്രതിമാസം കിട്ടുമെന്ന് അദ്ദേഹം പതിറ്റാണ്ടുകളുടെ അനുഭവം മുൻനിർത്തി പറയുന്നു. ഉദാഹരണത്തിന് 10,000 രൂപ പ്രതിമാസം മാറ്റിവെക്കാൻ തയാറാണെങ്കിൽ 10 വർഷം കഴിഞ്ഞ് തിരിച്ചുപോയാൽ പ്രതിമാസം 20,000 രൂപ വരുമാനം കിട്ടും. പ്രതിമാസ ഒാഹരി സമ്പാദ്യരീതിയായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ (എസ്.െഎ.പി) ആണ് ഷംസുദ്ദീൻ പ്രധാനമായുംശിപാർശ ചെയ്യുന്നത്. ഇത്ര അപകടരഹിതമായ നിക്ഷേപരീതി വേറെയില്ലെന്നാണ് അദ്ദേഹത്തിെൻറ പക്ഷം.
കുടുംബത്തിെൻറ ജീവിത നിലവാരം ഉയർത്താനാണ് എല്ലാവരും പ്രവാസികളാകുന്നത്. പ്രവാസത്തിൽ വലിയൊരു ശതമാനവും ആ ലക്ഷ്യം കൈവരിക്കുന്നുമുണ്ട്. എന്നാൽ , നാട്ടിൽ തിരിച്ചുപോകേണ്ടിവന്നാൽ അതേ നിലവാരത്തിൽ ജീവിക്കാനാകുമെന്ന് ഉറപ്പുള്ളവർ അഞ്ചു ശതമാനം പോലുമില്ല. അതായത് ആർക്കും കാര്യമായ സമ്പാദ്യമില്ല. കിട്ടുന്ന വരുമാനം എത്രയായാലും 20 ശതമാനം മിച്ചംപിടിക്കുക എന്നതാണ് പരിഹാരം . അതിന് കുടുംബ ബജറ്റ് വേണം. ഒാരോ ചെലവും എഴുതിവെക്കണം. അനാവശ്യ ചെലവുകൾ കണ്ടെത്താനാണിത്. പ്രവാസികളോട് അദ്ദേഹം പറയുന്ന മറ്റൊരു കാര്യം കുടുംബത്തിന് പണമയച്ചാൽ മാത്രം േപാരെന്നാണ്. അവർക്ക് സ്നേഹവും പകരണം. അതേ തിരിച്ചുകിട്ടൂ. അധ്വാനിച്ചുണ്ടാക്കിയ കാശും സമ്പത്തും അവരവരുടെ കൈയിലും പേരിലും തന്നെ വേണമെന്നാണ് മറ്റൊരു ഉപദേശം. കാലം മാറിയിരിക്കുന്നു. മക്കൾക്ക് നല്ല വിദ്യാഭ്യാസവും മൂല്യങ്ങളും പകർന്നുനൽകുകയാണ് വേണ്ടത്. അതിൽനിന്ന് അവർ സ്വയം വളരും.
ദിവസേന നിരവധിപേർ ഷംസുക്കയെ വിളിക്കും. നേരിലോ യൂട്യൂബിലോ കേട്ടവർ, റേഡിയോ ശ്രോതാക്കൾ, ഉപദേശം ജീവിതത്തിൽ പകർത്തി വിജയിച്ചവർ, കരകയറാനാകാത്തവർ, പ്രയാസമനുഭവിക്കുന്നവർ അങ്ങനെ ഒരുപാട് പേർ. ദിവസം 100 മെസേജെങ്കിലും വരും. എല്ലാത്തിനും മറുപടി നൽകും. ഒന്നും ഒരു ഭാരമായി തോന്നിയിട്ടില്ല. ഇൗ തിരക്കും ക്ലാസും സംശയനിവാരണവുമെല്ലാം അേദ്ദഹത്തിന് ആനന്ദമാണ്. 71ാം വയസ്സിൽ അദ്ദേഹത്തിെൻറ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. തെൻറ കാലശേഷവും ഇൗ കർമം നിൽക്കരുത്. അതുകൊണ്ടു പുതിയ ആളുകളെ ഇൗ ക്ലാസെടുക്കാൻ പരിശീലിപ്പിക്കുകയാണ്. ഗൾഫിൽ ബിസിനസ് ആരംഭിക്കാൻ നിരവധി മലയാളികൾക്ക് അദ്ദേഹം മാർഗനിർദേശം നൽകിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് കൊച്ചി ചേംബർ ഒാഫ് കോമേഴ്സ് അദ്ദേഹത്തിന് പുരസ്കാരം നൽകി. അറേബ്യൻ ബിസിനസ് മാഗസിെൻറ ജി.സി.സിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുെട പട്ടികയിൽ മൂന്നുവർഷം ഷംസുദ്ദീൻ ഉണ്ടായിരുന്നു. സാമ്പത്തിക ബോധവത്കരണത്തിന് സി.എൻ.ബി.സി ഇന്ത്യ ചാനലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സി.ഇ.ഒ മിഡിലീസ്റ്റ് മാഗസിനും അദ്ദേഹത്തെ ആദരിച്ചു.
കോഴിക്കോട്ടുകാരി സമിയ്യയെ 1976ലാണ് വിവാഹം ചെയ്യുന്നത്. സ്ത്രീധനം മഹാശാപമായി നിൽക്കുന്ന കാലമാണ്. സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് പത്രപരസ്യം നൽകിയാണ് ഷംസുദ്ദീെൻറ വിവാഹം. അങ്ങനെയാണ് കോഴിക്കോെട്ടത്തിയത്. അടുത്തവർഷം തന്നെ നാലുമാസം പ്രായമുള്ള കുഞ്ഞുമായി ഭാര്യ ഷാർജയിലെത്തി. രണ്ടു ആൺ മക്കൾ. മൂത്ത മകൻ സമീഷ് ഷംസുദ്ദീൻ മശ്രിഫ് ബാങ്കിൽ ഉദ്യോഗസ്ഥനാണ്. രണ്ടാമത്തെ മകൻ ഷാമിൽ ഷംസുദ്ദീൻ എൻജിനീയറാണ്. നാട്ടിൽ വർഷത്തിൽ രണ്ടുമൂന്നു വട്ടം പോകും. ഉമ്മയുള്ളപ്പോൾ ചാവക്കാട്ട് ഇടക്കിടെ പോകുമായിരുന്നു. ഇപ്പോൾ കോഴിക്കോട് നഗരത്തിൽ ഫ്ലാറ്റുണ്ട്.
*** *** *** ***
പണവും പ്രശസ്തിയും ജീവിത സംതൃപ്തിയും എല്ലാമായി. ഇനിയെന്ത് എന്ന് ചോദിച്ചാൽ ചില പദ്ധതികൾ മനസ്സിലുണ്ടെന്ന് ഷംസുക്ക പറയും. അത് പൂർണമായും സമൂഹത്തിന് വേണ്ടിയുള്ളതാകും. പുറത്തുപറയാനായിട്ടില്ല. സമൂഹത്തിനുവേണ്ടി ചെലവാക്കുന്നതിനനുസരിച്ച് അല്ലാഹു വരുമാനം കൂട്ടിത്തന്നതാണ് തെൻറ അനുഭവമെന്ന് അദ്ദേഹം പറയുന്നു. ജീവകാരുണ്യ രംഗത്ത് സഹായിക്കാൻ സന്നദ്ധരായ എത്രയോ പേർ പ്രവാസ ലോകത്തുണ്ട്. ചിലരുടെ വേദനകൾ മനസ്സിനെ അലട്ടുേമ്പാൾ ഒരു ഫോൺകാൾ മതി, അല്ലെങ്കിൽ ഒരു എഫ്.ബി പോസ്റ്റ്. സഹായം ഒഴുകിയതിെൻറ എത്രയോ അനുഭവമുണ്ട്. എങ്ങനെയാണ് ഇതിനെല്ലാം നന്ദി പറയുക. സന്തോഷത്തോടെയാണ് ജീവിച്ചത്. തെൻറ പ്രവർത്തനംകൊണ്ട് പതിനായിരക്കണക്കിനാളുകൾ സന്തോഷത്തോടെ ജീവിക്കുന്നു എന്നറിയുന്നതാണ് സംതൃപ്തി. എല്ലാം എഴുതണമെന്നും അതിന് തുടക്കംകുറിച്ചതായും ആറു കൊച്ചുമക്കളുടെ വല്യുപ്പ പറയുന്നു.
mfiroskhan@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.