നാടോടി ജീവിതവും കടന്ന്...
text_fieldsമൊയ്തീൻ മുളിയത്തിൽ തെൻറ സഞ്ചാരങ്ങളെക്കുറിച്ച് പറയുേമ്പാൾ ഒരുപാട് നാടുകളും ഭാഷകളും സംഭവങ്ങളും കൂടെ കടന്നുവരും. കുഞ്ഞുനാളിൽ തന്നെ നാടോടിയുടെ മട്ടിൽ ഗ്രാമങ്ങളും പട്ടണങ്ങളും താണ്ടിയുള്ള ചുട്ടുപൊള്ളുന്ന ഏകാന്ത യാത്രകൾ. ഒടുവിൽ അഞ്ചു പതിറ്റാണ്ടോളം മുമ്പ് അൽെഎനിൽ നങ്കൂരമിടുന്നതോടെ ഇൗ നാലാം ക്ലാസുകാരെൻറ ജീവിതം മാറിമറിഞ്ഞു.
ഇൗ പംക്തിയിൽ ജീവിതങ്ങൾ അവതരിപ്പിക്കുേമ്പാൾ ഒരു കാലഘട്ടത്തിലെ നാടിെൻറ കഥയും അവിടത്തുകാരുടെ അതിജീവന ശ്രമങ്ങളും കൂടി ഉൾചേരുന്നുണ്ട്. 1960കളിലെ ഉൗഷരതയാണ് മൊയ്തീനെന്ന തിരൂർകാരനിലൂടെ അറിയാനാവുക. മലപ്പുറത്തെ മുസ്ലിംകൾ വിദ്യഭ്യാസത്തിൽ വളരെ പിന്നിലായിരുന്നു. തൊഴിലില്ല. കൃഷിയായിരുന്നു മുഖ്യ വരുമാന മാർഗം. മലബാർ കലാപം പോലുള്ള സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും അവരെ പിന്നോട്ടടിപ്പിച്ചു. അങ്ങനെ സിലോണിലേക്കും മലേഷ്യയിലേക്കും ബർമയിലേക്കുമെല്ലാം മലപ്പുറത്തെ പുരുഷന്മാർ ഉപജീവന മാർഗം തേടി പുറപ്പെട്ടു. ഇന്ത്യക്കകത്ത് മദിരാശി, ബോംബെ, കൽക്കത്ത തുടങ്ങിയ വൻനഗരങ്ങളിലേക്കും കുടിയേറി.
പാവപ്പെട്ട കുടുംബത്തിലാണ് 1951ൽ മൊയ്തീെൻറ ജനനം. റേഷൻ ഷാപ്പ് നടത്തി പൊളിഞ്ഞതോടെ ദാരിദ്ര്യം മറികടക്കാൻ ആദ്യം ബാപ്പ കുഞ്ഞാലൻ കുട്ടിയാണ് നാടുകടന്നത്. കുറേ അലച്ചിലിന് ശേഷം ആന്ധ്രയിലെത്തി. ചിറ്റൂർ ജില്ലയിലെ പാക്കാലയിൽ മീൻ കച്ചവടം തുടങ്ങി. പിന്നീട് ഹോട്ടലും മറ്റു ചില ബിസിനസുകളും നടത്തി. അതോടെ ബാപ്പ മൊയ്തീനെയും ജ്യേഷ്ഠനെയും ചിറ്റൂരിലേക്ക് വിളിപ്പിച്ചു. അന്ന് മൊയ്തീന് 12 വയസ്സ് മാത്രം. ഉമ്മാമയുടെ തീരുമാനം പേരക്കുട്ടിയെ മുസ്ലിയാരാക്കാനായിരുന്നു. ഭക്ഷണമെങ്കിലും കഴിഞ്ഞുകിട്ടുമല്ലോ എന്നതായിരുന്നു പ്രധാന കാരണം.
നാടുമായി ബാപ്പക്ക് ഒരു അകൽച്ചയുണ്ടായിരുന്നു. മക്കളെ ആന്ധ്രയിൽ പഠിപ്പിക്കാമെന്ന് കരുതിയാണ് വിളിപ്പിച്ചത്. അവിടെ തെരുവുപിള്ളേരോെടാപ്പമായിരുന്നു കളിയും ജീവിതവും. മലയാളം തെലുങ്കിന് വഴിമാറി. പക്ഷേ, അധികം വൈകാതെ തന്നെ ബാപ്പയുമായി പിണങ്ങി മൊയ്തീൻ നാടുവിട്ടു. 1960കളുടെ തുടക്കത്തിലാണ്. നാട്ടുകാർ പിടികൂടി വീണ്ടും ബാപ്പയുടെ അടുത്തെത്തിച്ചതോടെ അടുത്ത യാത്ര അൽപം ദൂരേക്കാക്കി. ബാംഗ്ലൂരിലേക്ക് കള്ളവണ്ടി കയറി. നാടുവിടുന്ന കുട്ടികൾക്ക് എന്നും ജോലി ഹോട്ടലിലായിരിക്കും. 1963 ഇന്ത്യ^ചൈന യുദ്ധം നടക്കുേമ്പാൾ ബാംഗ്ലൂരിലുണ്ടെന്ന് മൊയ്തീൻ.
എവിടെ ചെന്നാലും വീട്ടിൽ ഉമ്മ ഉമ്മയ്യക്ക് കത്തയക്കും. പക്ഷേ, മറുപടി വരുേമ്പാഴേക്ക് അവിടം വിട്ടിട്ടുണ്ടാകും. അടുത്ത കേന്ദ്രം കോയമ്പത്തൂരായിരുന്നു. അവിടെ മീൻപെട്ടി തലയിലേറ്റി നടന്നു വിൽപനയായിരുന്നു. അമ്മാവൻ അവിടെയുണ്ടായിരുന്നു. ബാപ്പ കോയമ്പത്തൂരിലെത്തി മകനെ വീണ്ടും ആന്ധ്രയിലേക്ക് കൊണ്ടുപോയി. പക്ഷേ, 15കാരന് അവിടെ അടങ്ങിയിരിക്കാനായില്ല. ബോംബെയിലേക്ക് വെച്ചുപിടിച്ചു. എത്തിയത് ഭീവണ്ടിയിൽ. ഭീവണ്ടിയിൽ വർഗീയ കലാപമുണ്ടായപ്പോൾ കഷ്ടിച്ചാണ് ജീവൻ രക്ഷിച്ചത്. ജോലിചെയ്ത ഹോട്ടൽ ആക്രമിസംഘം കൈയേറിയപ്പോൾ മേശക്കടിയിൽ ഒളിച്ചാണ് ജീവൻ കാത്തത്.
നേരെ ഒാടിയത് സമീപപ്രദേശമായ കല്യാണിലേക്ക്. അവിടെ വെച്ചാണ് ദുബൈയെക്കുറിച്ച് ആദ്യമായി കേട്ടത്. പുറത്ത് ചായ വിൽക്കുന്ന ബാർവാലയായിരുന്നു അന്ന്. ലോഞ്ചിൽ വന്ന് പൊലീസ് പിടിയിലായ അയൽ നാട്ടുകാരായ രണ്ടുപേരെ പരിചയപ്പെട്ടു. ഭക്ഷണം കടം വാങ്ങിയ വകയിൽ കുറച്ച് പണം അവർ തരാനുണ്ടായിരുന്നു. നാട്ടിൽ പോയ അവർ തരാനുള്ള പണത്തിന് പകരം ദുബൈയിലേക്ക് പോകാൻ ബന്ധപ്പെടാനായി ഒരു ഒാഫിസ് വിലാസം അയച്ചുകൊടുത്തു.
അങ്ങനെ ലോഞ്ചിെൻറ ഒാഫിസിലെത്തി. ആദ്യം പോകാൻ തീയതി പറഞ്ഞ ലോഞ്ചുകാർ പിന്നീട് സ്വരം മാറ്റി. 100രൂപ കൂടി തരണമെന്നായി. തെൻറ കൂടെ വന്നയാൾ ബഹളമുണ്ടാക്കി. അതോടെ ഏജൻറ് പണം തിരിച്ചുകൊടുത്തു. ഇനിയെന്തുചെയ്യുമെന്ന് വിചാരിച്ച് വർളി കടൽത്തീരത്തേക്ക് നടന്നു. അവിടെയുള്ളവരോട് പ്രശ്നം പറഞ്ഞപ്പോൾ അവരിലൊരാളിൽനിന്നാണ് ആ വഴി കിട്ടിയത്. ദുബൈയിൽ പോകാൻ ആദ്യം കൽക്കത്തയിൽ പോവുക. അവിടെ നിന്ന് ചിറ്റഗോങ്, പിന്നെ കറാച്ചി. അവിടെ നിന്ന് ദുബൈ. അത് മനസ്സിൽ തറച്ചു.
കൈയിലുള്ള 350 രൂപയിൽ 50 രൂപ വെച്ച് ബാക്കി തുക കൂടെയുള്ളയാളെ ഏൽപിച്ച് കൽക്കത്തവരെ പോയി നോക്കാമെന്ന് പറഞ്ഞ് 16കാരൻ ഇറങ്ങി. അന്ന് 25 രൂപക്ക് ഒരു സെൻറ് ഭൂമി കിട്ടുന്ന കാലമാണ്. 60 രൂപക്ക് ഒരു പവൻ സ്വർണം കിട്ടും. ടിക്കറ്റില്ലാതെയാണ് തീവണ്ടിയാത്ര. ഇംഗ്ലീഷ് വായിക്കാൻ അറിയാം. തമിഴ്, ഹിന്ദി, തെലുങ്ക് നന്നായി സംസാരിക്കും. ആദ്യം നാഗ്പുരിലേക്ക് വിട്ടു. അവിടെ പൊലീസിെൻറ പിടിയിലായെങ്കിലും ഒാടി രക്ഷപ്പെട്ടു. വീണ്ടും വണ്ടികയറി കൽക്കത്തയിലെത്തി.
യാത്രകളെ ഹരമാക്കിയത് പേടിയില്ലായ്മയാണ്. ഹൗറ പാലത്തിലൂടെ നടന്ന് രാത്രി മലയാളികളുള്ള ഒരു പ്രദേശത്തെത്തി. ഇന്ത്യ-പാക് യുദ്ധം കഴിഞ്ഞ് ഇരുരാജ്യങ്ങളും കടുത്ത ശത്രുതയിൽ കഴിയുന്ന കാലം. കിഴക്കൻ പാകിസ്താനിലെ ചിറ്റഗോങ്ങിലേക്കുള്ള വഴി ചോദിച്ചപ്പോൾ ചീത്തയാണ് കേട്ടത്. നാടോടി ജീവിതമായിരുന്നു അക്കാലത്ത്. വെള്ളം കുടിച്ചും പത്രക്കടലാസിൽ കിടന്നുറങ്ങിയും ഭക്ഷണമില്ലാതെയുമുള്ള യാത്രകൾ. കൈയിലെ കവറിൽ ഒരു കൂട്ടം വസ്ത്രങ്ങളുണ്ട്. കുളങ്ങളിൽനിന്ന് കുളിയും അലക്കലും. അവസാനം ഒരു അന്ധ യാചകനു മുന്നിലെത്തി. ഒരു ദിവ്യനെപോലെ തോന്നിച്ചിരുന്നു. അദ്ദേഹത്തോട് വഴി ചോദിച്ചു.
അദ്ദേഹം പറഞ്ഞ വഴിയിലൂടെയായി പിന്നെയാത്ര. ആദ്യ ഡംഡമിലേക്ക് പോയി. അവിടെ നിന്ന് ബസിൽ രായ്ഗഞ്ചിലേക്ക്. ഉച്ചക്കാണ് അവിടെയെത്തുന്നത്. ആളുകളെല്ലാം തുറിച്ചുനോക്കുന്നു. കാരണം, പാൻറ്സായിരുന്നു. മറ്റാരുമിടാത്ത വേഷം. മുന്നോട്ടു നടന്നെങ്കിലും കുറച്ച് റിക്ഷക്കാർ വളഞ്ഞു. ശരീരം മുഴുവൻ പരിശോധിച്ചു. പണമാണ് അവർ പരതുന്നത്. അവസാനം ഒരു ബെൽറ്റ് മാത്രം കിട്ടി. പിന്നെയും നടന്നു. വഴിയിൽ കണ്ട താറുടുത്ത ആളോട് വഴി ചോദിച്ചു. തനിക്ക് വട്ടാണോ എന്നായിരുന്നു മറുചോദ്യം. കാരണം, അത് ശത്രുരാജ്യം. മുന്നിൽ അതിർത്തിയും പട്ടാളവുമാണ്. മാത്രമല്ല അതിർത്തിയിലെത്താൻ തന്നെ പുഴയും ചതുപ്പും കാടുമെല്ലാമടങ്ങിയ ദുർഘടമായ പാത. തെറ്റായ ദിശയിലാണ് പോകുന്നതെന്ന് പിന്നീടാണ് മനസ്സിലായത്. ദുബൈ ഇന്ത്യയുടെ പടിഞ്ഞാറാണ്. മൊയ്തീൻ പോകുന്നത് കിഴക്കോട്ടും. അതോടെ യാത്ര വഴിമാറ്റി. അത് ദുബൈ വഴി അൽെഎനിൽ ചെന്നാണ് അവസാനിച്ചത്.
l l l
1968ലെ ഡിസംബറിൽ നോമ്പുകാലത്താണ് റാസൽഖൈമക്ക് സമീപം ലോഞ്ചിറങ്ങുന്നത്. പാസ്പോർട്ടും വിസയും പണവുമൊന്നുമില്ല. അതുകൊണ്ടുതന്നെ ഒന്നും നോക്കാനില്ല. ഇവയെല്ലാം ഉള്ളവർക്കായിരുന്നു കഷ്ടപ്പാടെന്ന് മൊയ്തീെൻറ തമാശ. അവരെ എളുപ്പം തിരിച്ചറിയാം. കൈയിൽ ചെറിയൊരു ബാഗുണ്ടാകും.
കടയുടെ ബോർഡ് വായിച്ചാണ് റാസൽഖൈമയിലാണ് എത്തിയതെന്ന് മനസ്സിലായത്. ദൈവം എപ്പോഴും കൂടെയുണ്ടാകുമെന്ന വിശ്വാസം തെറ്റിയില്ല. അവിടെ വെച്ച് ഒരു ബന്ധു തന്നെ തിരിച്ചറിഞ്ഞു. അദ്ദേഹമാണ് ദുബൈയിൽ എത്തിച്ചത്. അന്ന് ദുബൈയിൽ തുറമുഖത്തിെൻറ പണി നടക്കുകയാണ്. അവിടത്തെ ജോലിക്കാർക്ക് വേണ്ടി ഒരു പാകിസ്താനി കുറെ കഫ്തീരിയകൾ നടത്തിയിരുന്നു. അതിലൊന്നിലായിരുന്നു ജോലി. ദുബൈയിൽ മൂന്നു മാസം ജോലി ചെയ്ത ശേഷം 18കാരൻ പുതിയ മേച്ചിൽപുറം തേടി അൽെഎനിലെത്തി. അബൂദബിയുടെ ഭാഗമായ അൽെഎനിലേക്ക് ദുബൈയിൽ നിന്ന് എളുപ്പം എത്താനാവില്ല. റോഡില്ല. വഴിയിൽ ചെക്പോസ്റ്റുകൾ. ഏതുപാതയിലും സഞ്ചരിക്കാവുന്ന ലാൻഡ് റോവർ വണ്ടിയിൽ വലിയ തുക കൊടുത്താണ് അൽെഎനിലേക്ക് വരുന്നത്.
കുന്നും മലകളുമെല്ലാം താണ്ടി ഒമാൻ വഴിയായിരുന്നു ആ ‘കള്ള’യാത്ര. വഴിയിൽ പിടിക്കപ്പെട്ടാൽ അതിർത്തിയിൽ കൊണ്ടുവിടും. ശൈഖ് സായിദായിരുന്നു അന്ന് അബൂദബിയുടെ ഭരണാധികാരി. അദ്ദേഹത്തിെൻറ ജന്മനാടാണ് അൽെഎൻ. പക്ഷേ, അൽെഎനിൽ ഒന്നുമില്ലായിരുന്നു. മോശമായിരുന്നു സ്ഥിതി. ജനങ്ങളും കുറവ്. ഇൗത്തപ്പന കൃഷിയാണ് മുഖ്യ വരുമാനം. വന്നയുടനെ മൂന്നു ജോലി ചെയ്യുമായിരുന്നു മൊയ്തീൻ. രാവിലെ വെള്ള വിതരണം. ഉച്ചക്ക് പഴങ്ങളും ബിസ്കറ്റുമെല്ലാം തലയിലേറ്റി വിൽക്കാൻ നടക്കും. സിനിമ കൊട്ടകയുണ്ടായിരുന്നു അന്ന് അൽെഎനിൽ. സിനിമ കാണുന്നവരും അല്ലാത്തവരുമെല്ലാം രാത്രി അവിടെയാണ് ഒത്തുകൂടുക. ഒാപൺ തിയറ്ററാണ്. അതിന് മുന്നിലൊരു കാൻറീനുണ്ട്. രാത്രി മൊയ്തീന് അവിടെയാണ് ജോലി. ഇടക്ക് ഗായകൻ മുഹമ്മദ് റഫി അൽെഎനിൽ വന്നത് മൊയ്തീന് മറക്കാനാവില്ല. ഗാനമേളക്കിടെ റഫിക്ക് കുടിക്കാൻ ചുടുവെള്ളം കൊണ്ടുകൊടുത്തത് മൊയ്തീനായിരുന്നു.
അൽെഎൻ ചെറിയ അങ്ങാടിയായിരുന്നു അന്ന്. പക്ഷേ, കഠിനാധ്വാനം മൊയ്തീെൻറ കീശയിൽ പണമെത്തിച്ചു. തിയറ്റർ കാൻറീൻ നടത്തിയിരുന്ന ആൾക്ക് ബേക്കറിയുമുണ്ടായിരുന്നു. ഒരു അപ്പക്കൂട്. അപ്പവും റൊട്ടിയും സൈക്കിളിലാക്കി വിൽക്കലായിരുന്നു മൊയ്തീെൻറ ജോലി. പക്ഷേ, ഒരു മാസം കഴിഞ്ഞപ്പോൾ ബേക്കറി നടത്താനാകാതെ ഉടമ ഒളിച്ചോടി. ബേക്കറിയുടെ അറബി ഉടമ തൊഴിലാളികളെ വിളിച്ചുകൂട്ടി കട നടത്തിപ്പ് അവരെ ഏൽപിച്ചു. അങ്ങനെ മൊയ്തീനും കൃഷ്ണനും കുഞ്ഞാവയും നടത്തിപ്പുകാരായി. കടങ്ങളെല്ലാം വീട്ടി. മറ്റു രണ്ടുപേർ പങ്കാളിത്തം ഒഴിഞ്ഞ് നാട്ടിൽപോയതോടെ ബേക്കറി മൊയ്തീേൻറതായി. 1971 ലായിരുന്നു അത്. അൽെഎൻ ബേക്കറി എന്നായിരുന്നു പേര്.
ലൈസൻസില്ലാത്തതിനാൽ എന്തുപേരുമിടാം. അധികം വൈകാതെ കെട്ടിടം മാറി. 1973ൽ അൽ അമീൻ ബേക്കറി എന്ന പേരിൽ ലൈസൻസെടുത്തു. പാസ്പോർട്ടും വിസയുമില്ലാത്തതിനാൽ വേറെ ആളുടെ പേരിലായിരുന്നു ൈലസൻസ്. അന്ന് അറബികൾ കൂടുതലും വാഹനമായി ഉപയോഗിച്ചത് കഴുതയെയും ഒട്ടകത്തെയുമായിരുന്നു. പണക്കാർ കാർ ഉപയോഗിച്ചിരുന്നെങ്കിലും നല്ല റോഡുകൾ ഉണ്ടായിരുന്നില്ല. കഴുതപ്പുറത്താണ് കടയിൽ സാധനങ്ങൾ വാങ്ങാൻ വരുക. കഴുതയെ കെട്ടിയിടാൻ കടകൾക്ക് മുന്നിൽ മരക്കമ്പുകൾ കുഴിച്ചിട്ടുണ്ടാകും.
’73ൽ ദുബൈ കടലിലുണ്ടായ ലോഞ്ച് അപകടത്തിൽ ഒരുപാട് പേർ മരിച്ചു. ഒൗദ്യോഗിക രേഖകൾ ഇല്ലാത്തവരാണ് ലോഞ്ചിൽ യാത്ര ചെയ്യുന്നതെന്ന് മനസ്സിലാക്കിയ രാഷ്ട്ര ശിൽപികളായ ൈശഖ് റാശിദും ശൈഖ് സായിദും വിദേശ എംബസികൾക്കൊരു നിർദേശം നൽകി. രേഖയില്ലാതെ കഴിയുന്നവർക്കെല്ലാം ഞങ്ങൾ വിസ നൽകാം. നിങ്ങൾ പാസ്പോർട്ട് അനുവദിക്കണം. അങ്ങനെയാണ് മൊയ്തീൻ ഉൾപ്പെടെയുള്ളവർക്ക് പാസ്പോർട്ടും വിസയും കിട്ടുന്നത്. അബൂദബി ഇന്ത്യൻ എംബസിയിൽ പാസ്പോർട്ടിന് അപേക്ഷ നൽകാൻ അന്ന് വലിയ തിരക്കായിരുന്നു. അന്ന് അപേക്ഷകരിൽനിന്ന് അബൂദബി ഇന്ത്യൻ സ്കൂളിനുവേണ്ടി വലിയ തോതിൽ പണംപിരിച്ചതായി മൊയ്തീൻ ഒാർക്കുന്നു. ’74ലാണ് പാസ്പോർട്ട് കിട്ടിയത്. പിന്നെ വിസയും. തൊട്ടടുത്ത വർഷം തന്നെ നാട്ടിൽ പോയി. അപ്പോഴേക്ക് നാടുവിട്ട് 13 വർഷം കഴിഞ്ഞിരുന്നു. നാട്ടിൽ വലിയ സ്വീകരണമായിരുന്നു. ഏതാനും ദിവസത്തിനകം എടപ്പാൾ താജുദ്ദീൻ സാഹിബിെൻറ മകൾ മാജിദയെ നിക്കാഹ് കഴിച്ചു. വിവാഹം കഴിഞ്ഞ് ആറാം മാസം ഭാര്യയെ അൽെഎനിലേക്ക് കൊണ്ടുവന്നു. അപ്പോഴേക്കും കച്ചവടം പച്ചപിടിച്ചിരുന്നു. മക്കളെല്ലാം ജനിച്ചത് ഇവിടെയാണ്.
ഇന്ന് മൊയ്തീെൻറ നേതൃത്വത്തിൽ അൽെഎനിലും ഒമാനിലെ ബുറൈമയിലുമായി മൂന്നു ബേക്കറിയുണ്ട്. 160 ഒാളം ജീവനക്കാർ. ഖുബൂസ്, ഫിങർ റോൾ, റൊട്ടി, കേക്ക് തുടങ്ങി 45 ഒാളം ഉൽപന്നങ്ങൾ. യു.എ.ഇയിൽ 1500 ഒാളം കടകളിൽ അൽഅമീൻ ഉൽപന്നങ്ങൾ ദിവസേന എത്തുന്നുണ്ട്. ഇടക്ക് ബിസിനസിൽ മത്സരം മുറുകിയപ്പോൾ രണ്ടു ബേക്കറികൾ യോജിച്ചു ഒന്നായി. ഇപ്പോൾ നാലു പേർ ചേർന്നാണ് അൽഅമീൻ ബേക്കറി നടത്തുന്നത്. അൽെഎനിൽ നാലു റസ്റ്റാറൻറുകളും മൊയ്തീൻ മുഖ്യ പങ്കാളിയായി പ്രവർത്തിക്കുന്നുണ്ട്. പ്രമുഖമായ അബ്ദുൽ അസീസ് റസ്റ്റാറൻറുകൾ. സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവം. സുഹൃത്തുക്കളെ നിക്ഷേപകരായി ചേർത്താണ് റസ്റ്റാറൻറുകൾ നടത്തുന്നത്. അവർക്ക് കൃത്യമായ ലാഭവിഹിതം നൽകുന്നു. അൽെഎൻ ഒയാസിസ് സ്കൂൾ സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിലും ചെറിയതോതിൽ കൈവെച്ചു. പ്രിൻറിങ് പ്രസുമുണ്ട്.
കൈക്കൂലി ചോദിച്ച ഹെൽത്ത് ഇൻസ്പെക്ടറെ കുടുക്കിയ വീര കഥയിലെ നായകനാണ് മൊയ്തീൻ. 1981ലാണ് സംഭവം. സുഡാനിൽ അണ്ടർ സെക്രട്ടറിയായിരുന്നയാളെ അൽെഎനിലെ ഭക്ഷ്യരംഗം നന്നാക്കിയെടുക്കാനായി ഭരണകൂടം പ്രത്യേകം താൽപര്യമെടുത്ത് കൊണ്ടുവന്നതാണ്. പാവങ്ങളായ ഇന്ത്യക്കാരും പാകിസ്താനികളും ലബനാൻകാരും ഇൗജിപ്തുകാരുമായിരുന്നു ബേക്കറികളും കഫ്തീരിയകളും റസ്റ്റാറൻറുകളും നടത്തിയിരുന്നത്. പരിശോധനയുടെ പേരിൽ നിരന്തരം പീഡനമായിരുന്നു. നിരവധി കടകൾ അടപ്പിച്ചു. പക്ഷേ, ആരോടും പരാതി പറയാനാവില്ലായിരുന്നു.
ഒരിക്കൽ മൊയ്തീനെ നേരിൽ കാണണമെന്ന് പറഞ്ഞ ഇൗ ഉദ്യോഗസ്ഥൻ സംസാരത്തിൽ നയം വ്യക്തമാക്കി. 10,000 ദിർഹം നൽകിയാൽ ഇനി പ്രശ്നമുണ്ടാക്കില്ല. മാത്രമല്ല, മറ്റുള്ളവർക്കും പ്രശ്നങ്ങളുണ്ടാക്കില്ല. മൊയ്തീൻ മധ്യസ്ഥനായി നിന്നാൽ രണ്ടുപേർക്കും ഗുണമുണ്ടാക്കാം. അതായിരുന്നു ഒാഫർ. തലകുലുക്കിയ മൊയ്തീൻ നേരെ പോയത് സി.െഎ.ഡി ഒാഫിസിലേക്കാണ്. പ്രശസ്തനായ ഇൗ ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചെന്ന് അറിഞ്ഞപ്പോൾ അവർക്ക് വിശ്വസിക്കാനായില്ല. പിന്നെ പൊലീസ് മേധാവിയെ ചെന്നു കണ്ടു. അങ്ങനെ കൈക്കൂലി നൽകുേമ്പാൾ സി.െഎ.ഡി പിടികൂടി. കുറേകാലം തടവിലിട്ടശേഷം സുഡാനിയെ നാടുകടത്തുകയും ചെയ്തു.
1992ൽ അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ചപ്പോൾ അൽെഎനിലെ പാകിസ്താനി പഠാണികൾ അക്രമം അഴിച്ചുവിട്ടത് വലിയ സംഭവമായിരുന്നു. പട്ടാളം ഇറങ്ങിയാണ് സ്ഥിതി ശാന്തമാക്കിയത്. രേഖകളില്ലാതെ താമസിക്കുന്നവരെയെല്ലാം അന്ന് അധികൃതർ നാടുകടത്തി. മൂത്ത മകൻ അമീൻ അഹ്സൻ ലണ്ടനിൽ പഠിച്ച് കോഴിക്കോട്ട് സ്ട്രാറ്റജിക് കൺസൾട്ടൻറാണ്. മറ്റു മൂന്നു ആൺമക്കളാണ് -സോഫ്റ്റ്വെയർ എൻജിനീയറായ മുഹ്സിൻ, ചാർേട്ടഡ് അക്കൗണ്ടൻറായ താഹ, ഹാറൂൺ എന്നിവരാണ് ഇപ്പോൾ പിതാവിെൻറ ബിസിനസ് നോക്കിനടത്തുന്നത്. പെൺകുട്ടികൾ ത്വയ്യിബ, ബുഷ്റ, ഹുസ്ന എന്നിവർ കുടുംബിനികളായി കഴിയുന്നു.
ബിസിനസെല്ലാം മക്കളെ ഏൽപിച്ചതോടെ മൊയ്തീൻ നാട്ടിലേക്കുള്ള യാത്ര കൂട്ടി. എങ്കിലും തനിക്ക് ജീവിതം തന്ന ഉദ്യാന നഗരത്തെ പൂർണമായി വിടാനാവുന്നില്ല. ഇൗ നാടും ഇവിടത്തെ ജനങ്ങളും വളരെ നല്ലവരാണ്. അറബികളും മലയാളികളോട് ഏറെ സ്നേഹം കാണിക്കുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് താൻ കഷ്ടപ്പാടൊന്നും അനുഭവിച്ചിട്ടില്ലെന്നാണ് മൊയ്തീൻ പറയുക. ഉമ്മയുടെ പ്രാർഥന ദൈവം കേട്ടതായിരിക്കും. കുട്ടിക്കാലത്തെ ആ യാത്രകൾ നൽകിയ തീക്ഷ്ണ അനുഭവങ്ങളാണ് ഇപ്പോഴും പുഞ്ചിരിയോടെ നടന്നു നീങ്ങാൻ ഇൗ 66 കാരന് തുണയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.