ആകാശ സ്വപ്നങ്ങളിൽ പറയുന്നുയർന്ന്...
text_fieldsകുഞ്ഞുനാളിലേ ആകാശത്തായിരുന്നു മുരളികൃഷ്ണെൻറ കണ്ണ്. കൊല്ലേങ്കാട് രാജാസ് സ്കൂളിന് മുകളിലുടെ എപ്പോഴെങ്കിലും വിമാനത്തിെൻറ ഇരമ്പൽ കേൾക്കുേമ്പാൾ മുരളി ക്ലാസ് വിട്ടിറങ്ങി മുകളിലോട്ടങ്ങ് നോക്കിനിൽക്കും. വിമാനം കണ്ണിൽ നിന്ന് മറയും വരെ. ചിറ്റൂർ കോളജിൽ ബിരുദത്തിന് ചേർന്നപ്പോഴും ഇൗ ശീലം മാറിയില്ല. ആകാശം അന്നേ വിളിക്കുന്നുണ്ട് മുണ്ടാറത്ത് മുരളീകൃഷ്ണൻ നായരെ. എത്തിയതാകെട്ട അതുമായി ബന്ധപ്പെട്ട മേഖലയിൽ തന്നെ. ദുബൈ വിമാനത്താവളം ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി അദ്ഭുതവളർച്ചയിലേക്ക് കുതിച്ച നാലു പതിറ്റാണ്ടിലേറെ കാലത്ത് നിർണായക പങ്ക് വഹിച്ച് എം.എം.കെ. നായരും അവിടെ ഉണ്ടായിരുന്നു. പൈലറ്റ് ആകാനുള്ള വലിയ ആഗ്രഹം നടന്നില്ലെങ്കിലും പൈലറ്റുമാരെ സൃഷ്ടിക്കുന്ന സ്ഥാപനത്തിെൻറ മാനേജിങ് ഡയറക്ടറായി 67ാം വയസ്സിൽ അദ്ദേഹം ദുബൈയുടെ ആകാശത്തിൻ ചോട്ടിൽ തന്നെയുണ്ട്.
പാലക്കാട് ജില്ലയിൽ കൊല്ലേങ്കാടിനടുത്ത് പലശ്ശന എന്ന സാധാരണ ഗ്രാമത്തിൽ നിന്നാണ് മുരളീകൃഷ്ണൻ ജീവിതയാത്ര തുടങ്ങുന്നത്. യഥാസ്ഥിതിക കുടുംബത്തിലായിരുന്നു ജനനം. പിതാവ് ശങ്കരനാരായണ മേനോൻ വില്ലേജ് ഒാഫിസറായിരുന്നു. ഏഴു മക്കളിൽ മൂന്നാമനായിരുന്നു മുരളി. അമ്മാവന്മാരെല്ലാം സ്കൂൾ അധ്യാപകർ. സർക്കാർ ഉദ്യോഗങ്ങൾക്ക് പുറമെ കുടുംബത്തിന് വലിയ തോതിൽ നെൽകൃഷിയൊക്കെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിന് മുട്ടുണ്ടായില്ല. കടുത്ത അച്ചടക്കത്തിലും ചിട്ടയിലുമാണ് ശങ്കരനാരായണ മേനോൻ മക്കളെ വളർത്തിയത്. വീട്ടിൽ നിന്ന് ആറു മൈൽ നടക്കണം സ്കൂളിലേക്ക്. നഗ്നപാദനായി തിരിച്ചും നടക്കണം. ചെരിപ്പ് അന്ന് ആർഭാട വസ്തുവാണ്. കൈയിൽ റബർബാൻറിട്ട് കെട്ടിയ പുസ്തകങ്ങളും ചോറ്റുപാത്രവും. മഴ വരുേമ്പാൾ ഒരു കൈയിൽ കുടപിടിക്കാനായി പുസ്തകത്തെ തലയിലേക്ക് മാറ്റും 10 മണിക്കുള്ള സ്കൂളിന് എട്ടു മണിക്ക് വീട്ടിൽ നിന്നിറങ്ങണം. തിരിച്ചെത്തുേമ്പാൾ ആറു മണിയാകും. വഴിയിൽ ഒരു പുഴയുണ്ട്. അന്ന് പാലമില്ല. അതിലിറങ്ങി നടക്കണം. മഴക്കാലത്ത് പുഴയിൽ വെള്ളം കൂടിയാൽ സ്കൂളിൽ പോകില്ല. ആറാം ക്ലാസിൽ പഠിക്കുേമ്പാഴാണ് പാലം വന്നത്.
ജന്മി കുടുംബത്തിലായിരുന്നെങ്കിലും ധാരാളിത്തം അറിഞ്ഞിട്ടില്ല. കാക്കിട്രൗസറും വെള്ള ഷർട്ടുമാണ് വീട്ടിലെ കുട്ടികളുടെയെല്ലാം വേഷം. പത്താം ക്ലാസ്വരെ അങ്ങനെതന്നെ. സ്കൂൾ തുറക്കാറാകുേമ്പാൾ എലവഞ്ചേരിയിലെ മാധവൻ ടൈലറുടെ അടുത്ത് പോയി അളവുകൊടുത്ത് പോരും. ചോദ്യവും പറച്ചിലൊന്നുമില്ല. നിറമേതെന്ന് ടൈലർക്കറിയാം. അക്കാലത്ത് മുരളിയടക്കം വീട്ടിലെ കുട്ടികൾക്ക് വർഷത്തിൽ ആെക ലഭിക്കുന്ന പണം 12 അണയാണ്. അതായത് 75 പൈസ. വിഷുവിന് അച്ഛനും രണ്ട് അമ്മാവന്മാരും നൽകുന്ന നാലണ വീതം. അച്ഛനെ പേടിയാണ്. കൂടുതൽ പണത്തിന് ആവശ്യം വന്നാൽ അമ്മ രുഗ്മിണിഅമ്മയോടാണ് ചോദിക്കുക.
അന്നത്തെ ചിട്ടയായ ജീവിതം പിന്നീട് തനിക്ക് ഗുണം ചെയ്തെന്നാണ് എം.എം.കെ നായർ പറയുന്നത്. സ്വയം പര്യാപ്തതയുടെയും പങ്കുവെക്കലിെൻറയും കരുതലിെൻറയും പ്രാധാന്യം ആ ജീവിതത്തിൽ നിന്ന് കിട്ടിയ പാഠങ്ങളാണ്. അച്ഛൻ പകർന്നുതന്ന ചില മൂല്യങ്ങളും ഏറെ ഗുണം ചെയ്തു. ആരോടെങ്കിലും ദേഷ്യം തോന്നിയാൽ തല്ലിക്കോ പേക്ഷ മനസ്സിൽ വെച്ചിരിക്കരുത് എന്നതായിരുന്നു അച്ഛെൻറ ഉപദേശം. മറ്റാരെക്കുറിച്ചും മോശം ചിന്തകൾ പാടില്ല. ബി.കോം പഠനം കഴിഞ്ഞ് ആദ്യം മുബൈയിലേക്കാണ് പുറപ്പെട്ടത്. ജ്യേഷ്ഠൻ ചന്ദ്രശേഖരൻ അവിടെ സ്റ്റേറ്റ് ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. മുബൈയിൽ വന്നപ്പോഴാണ് ജീവിതം എന്താണെന്ന് മനസ്സിലായത്. എട്ടു മാസം അവിടെയുണ്ടായിരുന്നതിൽ ഏഴു മാസവും ജോലിയില്ല. ഭക്ഷണത്തിെൻറ ബുദ്ധിമുട്ടടക്കം അനുഭവിച്ചറിഞ്ഞു. അവസാനം കൊളാബിയിൽ ആണവോർജ കമീഷൻ ഒാഫിസിൽ എൽ.ഡി ക്ലർക്കായി കയറി. അവിടെ അന്ന് വിഖ്യാത ശാസ്ത്രജ്ഞൻ വിക്രം സാരാഭായി ഉണ്ടായിരുന്നു. അസാമാന്യ വ്യക്തിത്വമുള്ള മനുഷ്യൻ. ആ മുഖത്തെ തിളക്കം കാണാൻ അദ്ദേഹം വരുേമ്പാൾ ഒാഫിസ് വരാന്തയിൽ പോയി നിൽക്കുമായിരുന്നെന്ന് നായർ. അവിടെ നാലു മാസമേ ജോലി ചെയ്തുള്ളൂ.
1970 മാർച്ച് 20നാണ് ദുബൈയിലെത്തുന്നത്. ബ്രിട്ടീഷ് എൻ.ഒ.സിയുമായി 21 ാം വയസ്സിൽ കപ്പലിലായിരുന്നു വരവ്. ഷാർജയിൽ മൂത്ത ചേച്ചിയും ഭർത്താവ് കെ.എസ്.മേനോനും ഉണ്ടായിരുന്നു. അദ്ദേഹം അന്നത്തെ ട്രൂഷ്യൽ ഒമാൻ സൈനിക ക്യാമ്പിലായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ ദുബൈ വിമാനത്താവളത്തിനടുത്ത് ഒരു ഒാേട്ടാമൊബൈൽ സ്ഥാപനത്തിൽ ക്ലർക്കായി ജോലി കിട്ടി. 300 ഖത്തർ ദുബൈ റിയാലാണ് ശമ്പളം. ഒരു മാസം കഷ്ടിയേ അവിടെ ജോലി ചെയ്തുള്ളൂ. പഴയ ശീലം മുരളീകൃഷ്ണൻ അവിടെയും തുടർന്നു. വിമാനത്തിെൻറ ശബ്ദം കേട്ടാൽ ഇരിപ്പുറക്കില്ല. ആകാശത്ത് മുരൾച്ച കേട്ടാൽ നായർ ഒാഫിസിൽ നിന്ന് ഇറങ്ങും. എങ്ങനെയെങ്കിലും വിമാനത്താവളത്തിൽ ഒരു ജോലി കിട്ടണമെന്ന ആഗ്രഹം കൂടിക്കൂടി വന്നു. അന്ന് വിമാനത്താവളം നടത്തിയിരുന്നത് െഎ.എ.എൽ എന്ന ബ്രിട്ടീഷ് കമ്പനിയാണ്. അവിടെ ഇൻറർവ്യു ഉണ്ടെന്ന് കേട്ടു ചെന്നു. ഇംഗ്ലീഷുകാരെൻറ ചോദ്യങ്ങളൊന്നും മനസ്സിലായില്ല. ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. പേക്ഷ ഭാഗ്യംകൂടെ നിന്നു. 400 ദിർഹം ശമ്പളത്തിന് നിയമിതനായി. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നായർ. 1970 ഏപ്രിലിൽ അക്കൗണ്ട്സ് ക്ലർക്കായി ജോലിക്ക് കയറിയ നായർ 2011ൽ വിരമിച്ചത് ഫൈനാൻസ് ഡയറക്ടറായിട്ടാണ്. ദുബൈ വിമാനത്താവളത്തിലെ ഒാേരാ കല്ലും തനിക്ക് തിരിച്ചറിയാമെന്ന് പറയുന്നു ഇൗ പാലക്കാട്ടുകാരൻ. തെൻറ കൺമുമ്പിലാണ് വിമാനത്താവളം വളർന്നുകൊണ്ടിരുന്നത്.
1971 ൽ യു.എ.ഇ നിലവിൽ വന്നശേഷം വ്യോമയാന അതോറിറ്റി രൂപവത്കരിച്ചു. ഇടക്ക് എയർപോർട്ട് ഫൈനാൻസ് ആൻഡ് ഇക്കണോമിക്സിൽ ഡിപ്ലോമയെടുക്കാൻ അധികാരികൾ ഇംഗ്ലണ്ടിൽ പറഞ്ഞയച്ചു. പിന്നെ അടിക്കടി ഉദ്യോഗക്കയറ്റം കിട്ടി. അവസാനം ചെക്ക് ഒപ്പുവെക്കാൻ അധികാരമുള്ള ഏക ഇന്ത്യക്കാരനായി നായർ വളർന്നു. 11 വിമാനത്താവള ഡയറക്ടർമാരിൽ ബാക്കിെയല്ലാവരും അറബികളായിരുന്നു. കഠിനാധ്വാനവും സമർപ്പണബുദ്ധിയുമാണ് തന്നെ ഇവിടെവരെ എത്തിച്ചതെന്ന് നായർ പറയുന്നു. പിന്നെ ദൈവാനുഗ്രഹവും. തന്നേക്കാൾ കഴിവും പ്രാപ്തിയുമുള്ളവർ കൂടെ ഉണ്ടായിരുന്നു. ‘ഏതു ജോലിയാണെങ്കിലൂം നിങ്ങളുടെ 100 ശതമാനവും നൽകുക. പൂർണമായും ആത്മാർഥതയോടെ പണിയെടുക്കുക. ഇതിൽ കുറഞ്ഞ അളവ് ഇല്ല. പാതി സംതൃപ്തിയോടെ ജോലി ചെയ്യുക എന്ന അവസ്ഥ പാടില്ല’- തെൻറ വിജയം ചൂണ്ടിക്കാട്ടി എല്ലാവരോടും നായർക്ക് പറയാനുള്ളത് അതാണ്.
ചെറിയ ഒരു കെട്ടിടമായിരുന്നു അന്നത്തെ ദുബൈ വിമാനത്താവളം. വിരലിലെണ്ണാവുന്ന വിമാന സർവിസുകൾ മാത്രം. രാവിലെ 8.45ന് മുബൈയിൽ നിന്നുള്ള ബ്രിട്ടീഷ് വിമാനമാണ് ആദ്യം എത്തുക. ജീവനക്കാരെല്ലാം വിമാനവും കാത്തുനിൽക്കും. അന്ന് സുരക്ഷ സംവിധാനങ്ങളൊന്നുമില്ല, പൊലീസുമില്ല. വിമാനമെത്തി യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞാൽ അകത്ത് ചെല്ലും. പത്രമെടുക്കാനാണ് ആ യാത്ര. ‘ടൈംസ് ഒാഫ് ഇന്ത്യ‘യും ‘ഇന്ത്യൻ എക്സ്പ്രസും’ എടുക്കും. അന്ന് ദുബൈയിൽ റോയിേട്ടഴ്സിെൻറ സൈക്ലോസ്റ്റൈൽ പേജുകൾ പിൻ ചെയ്ത ബുള്ളറ്റിൻ മാത്രമാണ് വാർത്തയറിയാനുള്ള മാർഗം. വിമാന ജീവനക്കാരെ ദിവസവും കാണുന്നതിനാൽ നല്ല പരിചയമാണ്. ഒാഫിസ് സ്റ്റാഫാണ് വിമാനത്തിൽ കയറി പത്രമെടുത്തുവരുന്നത് എന്നോർക്കണം. ചിലപ്പോൾ ഭക്ഷണവും കിട്ടും. പിന്നെ റിഗ്ഗിലേക്ക് പോകുന്ന ഒമാെൻറ വിമാനം എത്തും. അതുകഴിഞ്ഞ് ബഹ്റൈനിൽ നിന്ന് വരുന്ന ഗൾഫ് ഏവിയേഷെൻറ എഫ് 27 എന്ന ചെറിയ വിമാനം ഇറങ്ങും. ഇൗ കമ്പനിയാണ് പിന്നീട് ഗൾഫ് എയർ ആയത്. രാത്രി എയർ ഇന്ത്യയുടെ ബോംബെ വിമാനമെത്തും. രാത്രി പത്തിന് ലബനാനിൽ നിന്നുള്ള വിമാനമാണ് അവസാനത്തെ വിമാനം. അതോടെ വിമാനത്താവളം അടക്കും.
2011 വരെയുള്ള ദുബൈ വിമാനത്താവളത്തിെൻറ എല്ലാ വികസന പദ്ധതികളിലും നായരുടെ കൈയൊപ്പുണ്ടായിരുന്നു. പുതിയ റൺവേ, ടെർമിനൽ കെട്ടിടങ്ങൾ, കാർഗോ വില്ലേജ്, കാർഗോ കോംപ്ലക്സ്, ഏവിയേഷൻ ക്ലബ്, ഏവിയേഷൻ കോളജ്, ഡ്യൂട്ടി ഫ്രീ തുടങ്ങിയവയെല്ലാം നായരുടെ ധനകാര്യ മേൽനോട്ടത്തിൽ വന്നതാണ്. എൻ.ബി.ഡി ബാങ്ക് വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങിയത് നായർ വലിച്ചിട്ടു നൽകിയ അവിടത്തെ ടീ ഷോപ്പിെല ഒരു മേശയിലായിരുന്നു. ശിവരാമകൃഷ്ണൻ എന്ന ഉദ്യോഗസ്ഥൻ രാവിലെ കാശുനിറച്ച ബ്രീഫ്കേസുമായി അവിടെ വന്നിരിക്കും.
1980 കളിലാണ് വിമാനത്താവളം വികസന പദ്ധതികൾക്ക് വേഗം കൂടിയതെന്ന് അദ്ദേഹം ഒാർക്കുന്നു. അക്കാലത്ത് മിക്ക ദിവസവും രാവിലെ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ആൽ മക്തൂം തെൻറ ലാൻഡ് റോവർ കാറിൽ വരും നിർമാണ പ്രവർത്തനങ്ങൾ കാണാൻ. പല തവണ അദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ട്.
ദുബൈയുടെ ആകാശം വിശാലമാണ്. അതിെൻറ വളർച്ചക്ക് പിന്നിൽ ശൈഖ് റാശിദിെൻറയും അദ്ദേഹത്തിെൻറ മകനും ഇപ്പോഴത്തെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറയും കാഴ്ചപ്പാടും ധിഷണയുമാണ് ചാലകശക്തി. യു.എ.ഇയുടെ ആകെ ജനസംഖ്യ 92 ലക്ഷമാണ്. ഇതിൽ 28 ലക്ഷം മാത്രമാണ് ദുബൈയിലേത്. പേക്ഷ എട്ടു കോടിയിലേറെ യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തിലൂടെ വർഷം യാത്ര ചെയ്യുന്നത്. ഇത് എങ്ങനെ സംഭവിക്കുന്നു. ലോകമെങ്ങും നിന്നുള്ള സഞ്ചാരികൾ 365 ദിവസവും ദുബൈയിലെത്തുന്നു. ശൈഖ് മുഹമ്മദിെൻറ മാത്രം കഴിവാണിത്. അനധികൃത യാത്രക്കാരോടും കുടിയേറ്റക്കാരോടും പോലും മോശമായി പെരുമാറരുതെന്ന് തങ്ങൾക്ക് അദ്ദേഹം നൽകിയ ശക്തമായ മുന്നറിയിപ്പാണ്. എല്ലാവരെയും മനുഷ്യരായി കാണുക. നിയമലംഘനത്തിന് അതിനനുസരിച്ചുള്ള നടപടിയെടുക്കാം, ശിക്ഷ നൽകാം. പേക്ഷ പെരുമാറ്റം എല്ലാവരോടും ഒരുപോലെയായിരിക്കണം ^ശൈഖ് മുഹമ്മദിെൻറ കർശന നിർദേശമാണ്.
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഇന്ന് ദുബൈ. ദിവസവും ലക്ഷകണക്കിന് യാത്രക്കാർ. രണ്ടു റൺവേയുണ്ട്. ഒാരോ അഞ്ചു മിനിറ്റിൽ വിമാനം വരുകയും പോവുകയും ചെയ്യുന്നു. ദുബൈയുടെ സ്വന്തം വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈനിന് 260 വിമാനങ്ങളുണ്ട്. ഫ്ലൈദുബൈക്ക് വേറെയും.
വിമാനത്താവളത്തിൽ നിന്ന് വിരമിച്ച ശേഷം നായർക്ക് എമിറേറ്റ്സ് ഏവിയേഷൻ സർവിസസിെൻറ ചുമതല നൽകി. പൈലറ്റ് പരിശീലനം നൽകുന്ന സ്ഥാപനമാണിത്. പൈലറ്റ് പഠനത്തിെൻറ ആദ്യ ഘട്ടമാണ് ഇവിടെ പരിശീലിപ്പിക്കുന്നത്.പണ്ട് പൈലറ്റാകാൻ മോഹിച്ചിരുന്ന ആൾ ഇപ്പോൾ പൈലറ്റുമാരെ സൃഷ്ടിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിെൻറ മേധാവിയാണ്. 1978ലായിരുന്നു വിവാഹം. അമ്മാവെൻറ മകൾ സുധ. മൂന്നു മാസത്തിനകം അവരെ ദുബൈയിലേക്ക് കൂട്ടി. ഏക മകൻ സുമേഷ് നായർ എമിേററ്റ്സ് എയർലൈനിൽ ജോലി ചെയ്യുന്നു. മകനും കുടുംബവും എം.എം.കെ. നായർക്കൊപ്പം ഒരേ വില്ലയിൽ തന്നെയാണ് താമസം.
ഒാഫിസും വീടും വിമാനത്താവളത്തിെൻറ പരിസരത്താണ്. ദുബൈയിൽ വന്നത് മുതൽ അങ്ങനെതന്നെ.
സംഗീതമീ ജീവിതം
കഥകളിയും സംഗീതവുമില്ലാതെ എം.എം.കെ നായർക്ക് ജീവിതമില്ല. എല്ലാ തിരക്കിനിടയിലും കർണാടക സംഗീതം മനസ്സിനെ തണുപ്പിച്ചുനിർത്തി. ചെറുപ്പത്തിൽ വീട്ടിലെ റേഡിയോയിൽ മദ്രാസ് വാനൊലി നിലയത്തിൽ നിന്നുള്ള കർണാടക സംഗീത കച്ചേരി കേട്ടാണ് തുടക്കം. പല്ലശ്ശന പഴയകാവ് ക്ഷേത്രത്തിൽ എല്ലാ വർഷവും ഉത്സവത്തിന് അഞ്ചു ദിവസം കഥകളിയുണ്ടാകും. കഥകളി ഭ്രാന്തനായ അമ്മാവനൊപ്പം അത് കാണാൻ പോകും. അങ്ങനെ രണ്ടിലും ഭ്രമമായി.
ഇപ്പോഴും അവധിയുണ്ടാക്കി എല്ലാ വർഷവും നാട്ടിൽ മുടങ്ങാതെ പോകുന്ന രണ്ടു പരിപാടികളുണ്ട്. േകാട്ടക്കൽ പി.എസ്.വി നാട്യസംഘത്തിൽ നടക്കുന്ന കഥകളി ഉത്സവത്തിനും ചെൈന്ന മ്യൂസിക് അക്കാദമിയിലെ സംഗീതോത്സവത്തിനും.
ഡിസംബറിൽ ചെന്നൈയിലെ മാർഗഴിമാസം സംഗീതോത്സവത്തിൽ കഴിഞ്ഞ 10 വർഷമായി മുടങ്ങാതെ പെങ്കടുക്കുന്നു. നൂറിലേറെ സംഗീത സഭകളിൽ ആ സമയത്ത് കച്ചേരി നടക്കും. ചെന്നൈ മ്യൂസിക് അക്കാദമിയാണ് ഇതിൽ ഏറ്റവും പ്രധാനം. ക്രിക്കറ്റിെൻറ മക്ക ലോർഡ്സാണെങ്കിൽ സംഗീതത്തിേൻറത് ചെന്നൈ മ്യൂസിക് അക്കാദമിയാണ്. എല്ലാ ഡിസംബറിലും മൂന്നാഴ്ച നായർ അവിടേക്ക് മാറ്റിവെച്ചതാണ്. രാവിലെ ഒമ്പത് മണിക്ക് ഹാളിൽ കയറിയാൽ തിരിച്ചുപോരാൻ രാത്രി ഒമ്പതുമണി കഴിയും. പരിമിതമായ സീറ്റുകളേയുള്ളൂ. ടിക്കറ്റ് കിട്ടുക വളരെ പ്രയാസമാണ്. പേക്ഷ കഴിഞ്ഞ അഞ്ചു വർഷമായി മുൻനിരയിൽ തന്നെ നായർക്ക് സീറ്റുണ്ട്. അവിടെയിരുന്നു സംഗീതം ആസ്വദിക്കുന്നത് വല്ലാത്തൊരു അനുഭവമാണെന്നും തനിക്ക് ഇത് മ്യൂസിക് തെറപ്പിയാണെന്നും അദ്ദേഹം പറയുന്നു.
കർണാടക ശാസ്ത്രീയ സംഗീതം മാത്രമേ കേൾക്കൂ. സിനിമ പാട്ട് കേൾക്കാറേയില്ല. സിനിമാ രംഗത്തെ ഗായകരെ പലരെയും അറിയുകയുമില്ല. ദിവസവും രാത്രി ഒരു കച്ചേരിയെങ്കിലും കേൾക്കാതെ ഉറങ്ങില്ല. പതിറ്റാണ്ടുകളായുള്ള ശീലമാണ്. വീട്ടിലും യാത്രയിലുമെല്ലാം സംഗീതമാണ് പ്രധാനം. ജോലിയുടെ സമ്മർദത്തിൽ അയവുവരുത്താൻ ഇതിലും നല്ലൊരു വഴിയില്ല. കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും ഹാർഡ്ഡിസ്കിലുമെല്ലാമായി ആയിരകണക്കിന് കച്ചേരികളുടെ ശേഖരം തന്നെ നായർക്കുണ്ട്. എം.എസ്. സുബ്ബലക്ഷ്മി, ശെമ്മങ്കുടി ശ്രീനിവാസ അയ്യർ, എം.ടി. രാമനാഥൻ തുടങ്ങിയ പ്രമുഖരുടെ കച്ചേരി നിരവധി തവണ നേരിൽ കേട്ടിട്ടുണ്ട്. അവരുമായി വ്യക്തിപരമായ ബന്ധമുണ്ടാക്കാനുമായി.
1980കളിൽ യു.എ.ഇയിൽ കഥകളിക്കാരെ ആദ്യമായി കൊണ്ടുവന്നത് നായരുടെ നേതൃത്വത്തിലായിരുന്നു. കലാമണ്ഡലം രാമൻകുട്ടി നായർ, കോട്ടക്കൽ ശിവരാമൻ, കലാമണ്ഡലം ഹൈദരാലി, കലാമണ്ഡലം കേശവൻ, അപ്പുക്കുട്ടി പൊതുവാൾ തുടങ്ങിയ കലാകാരന്മാരെല്ലാം ദുബൈയിൽ ആദ്യമായെത്തുന്നത് നായരുടെ ശ്രമഫലമായാണ്. ഇന്ത്യൻ ഫൈൻ ആർട്സ് എന്ന കൂട്ടായ്മ അക്കാലത്ത് നായരുടെ നേതൃത്വത്തിൽ രൂപവത്കരിച്ചിരുന്നു. എല്ലാ മാസവും പുറമെ നിന്ന് ഗായകരെയും നർത്തകരെയും കൊണ്ടുവന്ന് പരിപാടി നടത്തുമായിരുന്നു. മുംബൈ സഹോദരിമാരും മധുരൈ ശേഷഗോപാലനും ടി.വി. ശങ്കരനാരായണനും ഇങ്ങനെ ദുബൈയിൽ വന്നിട്ടുണ്ട്. സംഘടന ഇപ്പോഴുമുണ്ടെങ്കിലും നായർ സജീവമല്ല. സംഗീതത്തിലും കഥകളിയിലുമല്ലാതെ മറ്റൊന്നിലും കമ്പമില്ല. ഭാര്യക്ക് ഇതിൽ രണ്ടിലും താൽപര്യമില്ലെങ്കിലും നായരുടെ ഇഷ്ടത്തിന് എതിര് പറയാറില്ല. അറബ് സംഗീതവും ആസ്വദിക്കാറുണ്ട്.
ദുബൈ ദുബൈ മാത്രം
ദുബൈയെക്കുറിച്ച് പറയുേമ്പാൾ നായർക്ക് ആയിരം നാവാണ്. ഇതുപോലെ സുരക്ഷിതവും സമാധാനവുമുള്ള സ്ഥലം വേറെ ഏതാണുള്ളത്. ദൈവം അനുഗ്രഹിച്ച നാടാണിത്. ഏറ്റവും നല്ല കേരള ഭക്ഷണം ലഭിക്കുന്നത് ദുബൈയിലാണെന്ന് പറയാം. നായർ വരുന്ന കാലത്ത് ദുബൈയിൽ ഇന്ത്യൻ ഭക്ഷണം ലഭിക്കുന്ന റസ്റ്റാറൻറുകൾ കുറവായിരുന്നു. പിന്നീട് ഇന്ത്യൻ ഭക്ഷണ ശാലകൾ വന്നു. തുടർന്ന് വടക്കേ ഇന്ത്യൻ, തെക്കേ ഇന്ത്യൻ ഭക്ഷണമായി. പിന്നെ സംസ്ഥാനങ്ങളുടെ പേരിലുള്ള ഭക്ഷണങ്ങൾ ലഭിക്കുന്ന ഭോജന ശാലകൾ വന്നു. ആന്ധ്ര, പഞ്ചാബി, കേരള ഭക്ഷണങ്ങൾ എന്നിങ്ങനെ. ഇപ്പോൾ വന്ന് വന്ന് പാലക്കാെട്ട രാമശ്ശേരി ഇഡ്ഡലി വരെ ദുബൈയിൽ കിട്ടും.
മനസ്സമാധാനമല്ലെ വേണ്ടത്.അത് ധാരാളമുണ്ട്. അതുകൊണ്ട് തന്നെ മറ്റു ബിസിനസുകളിലൊന്നും ഇറങ്ങിയില്ല. കുറേപേർക്ക് ജോലി വാങ്ങിെകാടുത്തു. അവരിൽ പലരും ഉന്നത തസ്തികകളിൽ ഇരിക്കുന്നത് കാണുേമ്പാൾ സന്തോഷം. കുറെ കഥകളിക്കാർക്കും മക്കൾക്കും ബന്ധുക്കൾക്കും ഇങ്ങനെ ജോലി വാങ്ങിക്കൊടുക്കാനായി. തെൻറ ജീവിതം മഹാഭാഗ്യവും ദൈവ കടാക്ഷവുമാണെന്നാണ് നായർ പറയുന്നത്. താൻ ഇത്രയൊന്നും അർഹിക്കുന്നില്ല. പ്രതീക്ഷിച്ചതിലും കൂടുതൽ ദൈവം തമ്പുരാൻ തന്നു. നാട്ടിൽ പോയാൽ എന്തു ചെയ്യാനാണ്. പാലക്കാട് ടൗണിൽ വീടുവെച്ചിട്ടുണ്ട്. മാതാപിതാക്കൾ മരിച്ചു. തറവാട്ടിൽ പെങ്ങളുണ്ട്. സഹോദരെൻറ താൽപര്യത്തിൽ കൃഷിയും നടക്കുന്നുണ്ട്. ഇവിടെ പോകുന്നിടത്തോളം പോകെട്ട. പ്രമുഖ വിമാനക്കമ്പനികളിൽ നിന്നും നിരവധി ജോലി ഒാഫറുകൾ വന്നിരുന്നു. പേക്ഷ പോയില്ല. എല്ലാ െഎശ്വര്യവും തന്ന നാടിനെ എങ്ങനെയാണ് കൈവിടുക -മുരളീകൃഷ്ണൻ നായർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.