വെങ്കടങ്ങിൽ നിന്ന് ദുബൈയോളം
text_fieldsതൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ വെങ്കടങ് എന്ന ഗ്രാമത്തിൽനിന്നാണ് ആ യാത്ര തുടങ്ങുന്നത്. ബാപ്പ പരീത് 44 വർഷം ബോംബെയിൽ തുണി വ്യാപാരിയായിരുന്നു. ബോംബെയിൽനിന്ന് ബി.എസ്സി പഠനം കഴിഞ്ഞ് നിൽക്കുേമ്പാഴാണ് ബാപ്പ മദ്രാസിൽ ഹോട്ടൽ നടത്തുന്ന അമ്മാവനരികിലേക്ക് വിടുന്നത്. കാര്യങ്ങളെല്ലാം മനസ്സിലാക്കി അവിടെ ഹോട്ടൽ തുടങ്ങാനായിരുന്നു നിർദേശം. ഒരു മാസത്തോളം അവിടെ താമസിച്ചു. കരീമിെൻറ താമസകേന്ദ്രത്തിെൻറ തൊട്ടടുത്ത് സിനിമക്കാരുടെ താവളമായിരുന്നു. അവരുമായി അടുത്തതോടെ റസ്റ്റാറൻറ് പദ്ധതി മാറ്റി സിനിമ നിർമാണത്തിലേക്ക് തിരിഞ്ഞു. അസീസ് എന്നയാളുമായി ചേർന്ന് ‘വിരുന്നുകാരി’ എന്ന സിനിമ നിർമിക്കാൻ തീരുമാനിച്ചു. പ്രാരംഭ ജോലികൾ ഏതാണ്ട് പൂർത്തിയാക്കുകയും ചെയ്തു. നസീറും ഷീലയും സത്യനും കെ.പി. ഉമ്മറും ഉൾപ്പെടെ പ്രമുഖ താരനിരയാണ് സിനിമക്ക് കണ്ടുവെച്ചത്. ഒരുലക്ഷം രൂപയുടെ ‘ബിഗ്’ ബജറ്റ് ചിത്രം.
ആ സമയത്താണ് പിതാവ് നേരെത്ത അപേക്ഷിച്ചിരുന്ന ഗൾഫ് വിസ വരുന്നത്. ആ കൺഫ്യൂഷനാണ് കെ.പി. ഉമ്മർ പരിഹരിച്ചത്. വിസയും പാസ്പോർട്ടുമില്ലാതെ ലോഞ്ചിൽ അതിസാഹസികമായി ആളുകൾ ഗൾഫിൽ പോയിരുന്ന അക്കാലത്ത് വിസ കിട്ടുക വലിയ കാര്യം തന്നെയായിരുന്നു. അന്ന് ചാവക്കാട് മിനി ഗൾഫായി വരുകയാണ്. പേർഷ്യയിൽ പോവുകയെന്നതാണ് ചാവക്കാെട്ട ഏതു ചെറുപ്പക്കാരെൻറയും ആഗ്രഹം. പേർഷ്യയിൽനിന്ന് വന്നവരുടെ പകിട്ടും പത്രാസും കണ്ടാൽ ആരും മോഹിച്ചുപോകും ഒന്നു പോകാൻ. തീരെ പഠിപ്പില്ലാത്തവർ പോലും ഗൾഫിൽ പോയിവന്നാൽ പിന്നെ ആർഭാട ജീവിതമാണ്. അതുകണ്ട് മോഹമുദിച്ച് കരീമും വീട്ടിൽ വാശിപിടിച്ചപ്പോഴാണ് ബാപ്പ വിസക്ക് അപേക്ഷിച്ചത് തന്നെ.
അങ്ങനെ പരീത്^ആമിന ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമനായ കരീം 1970 അവസാനത്തിൽ 23ാം വയസ്സിൽ ബോംബെയിൽനിന്ന് കപ്പലിൽ ദുബൈക്ക് പുറപ്പെട്ടു. 1971 ജനുവരിയിലാണ് ചൂടുമണലിൽ കാലുകുത്തുന്നത്. അന്ന് കരീമിെൻറ കുഞ്ഞിപ്പ ദുബൈയിൽ റസ്റ്റാറൻറ് നടത്തുന്നുണ്ട്. ഫിർദൗസ് ഹോട്ടൽ. ലോഞ്ചിലെത്തുന്ന പ്രവാസികളുടെ അഭയേകന്ദ്രം ഖാദർ ഹോട്ടലും ഫിർദൗസ് ഹോട്ടലുമായിരുന്നു. ഭാഗ്യാന്വേഷികൾക്ക് ഭക്ഷണവും താമസവുമെല്ലാം ഇവിടെ സൗജന്യം. എന്നെങ്കിലും ജോലി കിട്ടുേമ്പാൾ തിരിച്ചുനൽകിയാൽ മതി. ദുബൈ വിമാനത്താവളത്തിലായിരുന്നു ജോലി. ആദ്യ ശമ്പളം 240 ഖത്തർ ദുബൈ റിയാൽ. പുതിയ വിമാനത്താവളത്തിെൻറ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ആഴ്ചയേ ആയുള്ളൂ. രാത്രി ഡ്യൂട്ടിയാണ്. കാര്യമായി വിമാനങ്ങളൊന്നുമില്ല. ബ്രിട്ടീഷ് എയർവേസിെൻറ ഒരു വിമാനം ലണ്ടനിൽനിന്ന് വരും. രാത്രി മറ്റു വിമാനമൊന്നുമില്ല. പിന്നെ രാവിലെ എയർ ഇന്ത്യയുടെ വിമാനം. രാത്രി വൈകി ദുബൈയുടെ ശിൽപി ശൈഖ് റാശിദ് മക്കളുമായി വിമാനത്താവളത്തിൽ വരുന്ന പതിവുണ്ട്. കുറെ നേരം അവിടെ തങ്ങും.
1972ൽ അൽ ഘൈത് ആൻഡ് അൽ മൂസ ട്രാവൽ ഏജൻസിയിലേക്ക് ജോലി മാറി. ഇന്നും അവിടെത്തന്നെ. അന്ന് ആകെ നാലു ജീവനക്കാർ മാത്രം. സൗദിയ, സിറിയൻ എയർ, ചെക്ക് എയർലൈൻ എന്നീ വിമാനകമ്പനികളുടെ ദുബൈയിലെ ഏജൻസിയുമായി ഇന്ന് യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ ട്രാവൽ കമ്പനികളിെലാന്നാണ്. ആ വളർച്ചക്ക് പിന്നിൽ കരീമിെൻറ അധ്വാനം അറിയാൻ ക്ലർക്കായി തുടങ്ങിയയാളെ 1984ൽ കമ്പനി ജനറൽ മാനേജറാക്കിയത് എന്തുകൊണ്ടായിരിക്കുമെന്ന് ഉൗഹിച്ചാൽ മതി. ഇപ്പോൾ 18 ഒാഫിസും 130 ജീവനക്കാരുമുണ്ട് ഇൗ യു.എ.ഇ കമ്പനിക്ക്.
തെൻറ ഇഷ്ടമേഖലയും തന്നെ താനാക്കിയതും സാമൂഹിക പ്രവർത്തനമാണെന്ന് കരീം പറയുന്നു. 1976 ആഗസ്റ്റിൽ ദുബൈ കൈരളി കലാകേന്ദ്രം എന്ന സംഘടനയുടെ രൂപവത്കരണം അതിലെ നാഴികക്കല്ലാണ്. കരീമിെൻറ വീടായിരുന്നു അതിെൻറ പ്രവർത്തനകേന്ദ്രം. കൈരളിയുടെ ഒന്നാം വാർഷികത്തിന് നൃത്തം അവതരിപ്പിക്കാൻ കുട്ടികളെ കിട്ടാൻ ഒരുപാട് ഒാടിയ കാര്യം കരീം ഒാർക്കുന്നു. കാരണം, അന്ന് മലയാളി കുടുംബങ്ങൾ വളരെ കുറവായിരുന്നു. അവസാനം ബാങ്കുദ്യോഗസ്ഥനായ കരുണാകരെൻറ ഏഴു വയസ്സുള്ള മകളെ വേദിയിലെത്തിക്കാൻ ഒരുപാട് വിയർത്തു. മന്ത്രിമാരായിരുന്ന സി.എച്ച്. മുഹമ്മദ് കോയയെയും ബേബിജോണിനെയും ദുബൈയിൽ കൊണ്ടുവന്നു സ്വീകരണം നൽകി. അന്ന് വിസയും പാസ്പോർട്ടുമില്ലാത്തവരായിരുന്നു മലയാളികളിൽ കൂടുതൽ. അവർക്ക് പാസ്പോർട്ട് വാങ്ങിയെടുക്കാൻ കൈരളി കലാകേന്ദ്ര മുൻകൈയെടുത്തു. മന്ത്രിമാരും സഹായിച്ചു. കേരള^കേന്ദ്രസർക്കാറുകൾക്ക് കത്തെഴുതി. അവസാനം ഇവർക്ക് പാസ്പോർട്ട് നൽകാൻ കേന്ദ്രം തീരുമാനിച്ചു.
അന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ആകെ മൂന്നു ജീവനക്കാർ മാത്രം. കൈരളിയാണ് അന്ന് 10,000 അപേക്ഷാഫോറം അച്ചടിച്ച് വിതരണം ചെയ്തത്. ഫോറം വാങ്ങാൻ നായിഫിൽ നീണ്ട ക്യൂ ആയിരുന്നു. ഇതിെൻറ തുടർജോലികൾ കോൺസുലേറ്റിൽ ചെയ്തതും കൈരളി പ്രവർത്തകർ തന്നെ. ഇന്ത്യയിൽനിന്ന് പാസായി വരുന്ന അപേക്ഷകളിൽ പാസ്പോർട്ട് ഇഷ്യൂ ചെയ്യുന്നതടക്കം കൈരളി പ്രവർത്തകരായിരുന്നെന്ന് കരീം ഒാർക്കുന്നു. മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും കൈരളി ഏറ്റെടുത്തു നടത്തി. ആദ്യ പ്രസിഡൻറ് ഡോ. അലിയായിരുന്നു. രണ്ടാംവർഷം കരീം ജന.സെക്രട്ടറിയായി. തുടർന്ന് 18 തവണ സംഘടനയുടെ പ്രസിഡൻറ് സ്ഥാനത്ത് കരീമായിരുന്നു. ഇപ്പോഴും രക്ഷാധികാരിയായി തുടരുന്നു. ഇപ്പോൾ എട്ടു മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഉമ (യുനൈറ്റഡ് മലയാളി അസോസിയേഷൻസ്)യുടെ കൺവീനറും ഇന്ത്യൻ റിലീഫ് കമ്മിറ്റി പ്രസഡൻറുമാണ്.
ഒരു മലയാളിയെ വധശിക്ഷയിൽനിന്ന് രക്ഷിച്ച കഥ അഭിമാനത്തോടെയാണ് കരീം പറഞ്ഞത്. ഷാർജ ജയിലിൽ കൊലക്കേസിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളിയുടെ കത്ത് ഒരുദിവസം കരീമിന് ലഭിക്കുന്നു. മലയാളി യുവതിയെ കൊന്ന കേസാണ്. അബദ്ധത്തിൽ സംഭവിച്ചതാണെന്നും വീട്ടിൽ അമ്മ തനിച്ചായതിനാൽ തനിക്ക് ജീവിക്കാൻ താൽപര്യമുണ്ടെന്നും സഹായിക്കണമെന്നുമായിരുന്നു കത്തിെൻറ ഉള്ളടക്കം. പരമാവധി ശ്രമിച്ചുനോക്കാൻ തീരുമാനിച്ചു. കോൺസുലേറ്റ് ജനറലിനും അംബാസഡർക്കും കേന്ദ്ര^സംസ്ഥാന സർക്കാറുകൾക്കുമെല്ലാം കരീം കത്തെഴുതി. നാട്ടിൽ ഇയാളുടെ വീട്ടിൽപോയി. ചെറ്റക്കുടിലിൽ വൃദ്ധയായ അമ്മയും അനുജനും കണ്ണീരുമായി കഴിയുന്നു.
എ.കെ. ആൻറണിയാണ് മുഖ്യമന്ത്രി. ആർക്കും കാര്യമായി ഒന്നും ചെയ്യാനില്ല എന്നതായിരുന്നു അവസ്ഥ. യു.എ.ഇ നിയമമനുസരിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ സമ്മതിച്ചാൽ മാത്രം ശിക്ഷയിൽ ഇളവ് കിട്ടും. അങ്ങനെ കൊല്ലപ്പെട്ട യുവതിയുടെ തിരുവനന്തപുരത്തെ വീട്ടിൽ പോയി. അമ്മ വഴങ്ങുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ശ്രമിച്ചു. അവസാനം കരീം സുഹൃത്തുകൂടിയായ സംവിധായകൻ ലെനിൻ രാജേന്ദ്രനൊപ്പം ഇവരുടെ വീട്ടിലെത്തി. ഒരുപാട് സംസാരിച്ച് അമ്മയെകൊണ്ട് മാപ്പ് നൽകാൻ സമ്മതിപ്പിച്ചു.
15 ലക്ഷം രൂപയാണ് ആവശ്യം. സംസാരിച്ച് ഏഴുലക്ഷത്തിന് ധാരണയായി. നിരാക്ഷേപപത്രം ഒപ്പിട്ടു വാങ്ങി കോടതിയിൽ ഹാജരാക്കി യുവാവിനെ വധശിക്ഷയിൽനിന്ന് രക്ഷിച്ചു. പക്ഷേ, 16 വർഷം തടവ് അനുഭവിക്കണം. വീണ്ടും നിയമസഹായം തേടി. നാലുവർഷം അതിനകം പൂർത്തിയാക്കിയിട്ടുണ്ട്. മാനസികപ്രശ്നത്തിന് മരുന്നുകഴിക്കുന്നത് ചൂണ്ടിക്കാട്ടി വീണ്ടും കോടതിയിലെത്തിയപ്പോൾ തടവുശിക്ഷയും മാറിക്കിട്ടി. ജയിൽ മോചിതനായ പിറ്റേന്ന് തന്നെ നാട്ടിലേക്കയച്ചു. അന്ന് അഞ്ചുലക്ഷം കരീം സ്വന്തം കൈയിൽനിന്നെടുത്തു. രണ്ടുലക്ഷം മറ്റു പലരും തന്നു. തിരുവനന്തപരും മസ്കത്ത് ഹോട്ടലിൽവെച്ചാണ് തുക കൈമാറിയത്. രണ്ടുവർഷം കഴിഞ്ഞ് നടന്ന യുവാവിെൻറ വിവാഹത്തിലും കരീം പെങ്കടുത്തു. ഇപ്പോൾ കുടുംബസമേതം അദ്ദേഹം നാട്ടിൽ സുഖമായി കഴിയുന്നു. ഇതുപോലെ നിരവധിപേർക്ക് കൈരളിയുടെയും കരീമിെൻറയും നേതൃത്വത്തിൽ നിയമസഹായവും സാമ്പത്തികസഹായവും നൽകിയിട്ടുണ്ട്.
ഇത്രയും കാലത്തിനിടയിൽ നാട്ടുകാരും ബന്ധുക്കളുമെല്ലാമായി ആയിരത്തോളം പേരെ താൻ യു.എ.ഇയിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് കരീം പറഞ്ഞു. ഒരു നയാപൈസയും ആരോടും വാങ്ങിയിട്ടില്ല. യു.എ.ഇയിലെ സ്വന്തം നാട്ടുകാരെ ചേർത്ത് കരീം ഉണ്ടാക്കിയതാണ് വെങ്കടങ്ങ് എക്സ്പാറ്റ്സ് അസോസിയേഷൻ. അതിെൻറ ഗ്ലോബൽ ചെയർമാനാണ് കരീം. യു.എ.ഇയിൽ മാത്രം 2000ത്തിലേറെ വെങ്കടങ്ങുകാരുണ്ട്. ഒരു വീട്ടിലെ ഒരാളെങ്കിലും ഗൾഫിലായിരിക്കും. ഇന്ത്യയിൽ ആദ്യത്തെ സ്വകാര്യ വിമാനകമ്പനി തുടങ്ങിയതിെൻറയും ഇന്ത്യയിലേക്ക് ആദ്യ കപ്പൽ സർവിസ് നടത്തിയതിെൻറയുമെല്ലാം സാഹസിക അനുഭവങ്ങൾ കരീമിന് പറയാനുണ്ട്. ഏഴുപേർ ചേർന്നാണ് 1990ൽ മദിരാശി ആസ്ഥാനമായി എയർ ഏഷ്യാറ്റിക് വിമാനകമ്പനി തുടങ്ങിയത്. ദുബൈയിൽനിന്ന് കരീം ഉൾപ്പെടെ മൂന്നുപേർ. ഒരുവർഷം നന്നായി നടത്തി. പിന്നീട് പാർട്ണർമാരിലെ തർക്കം കാരണം നിർത്തേണ്ടിവന്നു. ആദ്യമായി ബോയിങ് സർവിസ് നടത്തിയ സ്വകാര്യ കമ്പനി എയർ ഏഷ്യാറ്റിക്കാണ്.
ഇത്രയുംകാലം ട്രാവൽ മേഖലയിൽ പ്രവർത്തിച്ചയാളെന്ന നിലയിൽ പ്രവാസികളെ വിമാനകമ്പനികൾ അമിതനിരക്ക് ടിക്കറ്റിന് ഇൗടാക്കി ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചാൽ കരീം മറ്റൊരു പരിഹാരമാണ് നിർദേശിക്കുക. കപ്പൽ. വെറുതെ പറയുന്നതല്ല. സ്വന്തമായി ഗൾഫിനും കേരളത്തിനുമിടയിൽ കപ്പൽ സർവിസ് നടത്തിയിട്ടുണ്ട് കരീം. നമ്മൾ എത്ര കരഞ്ഞിട്ടും ടിക്കറ്റ് കാശ് കുറക്കാൻ വിമാനക്കമ്പനികൾ തയാറാവില്ലെന്ന് കരീം പറയുന്നു. നല്ല തിരക്കുള്ള സമയത്ത് ഉയർന്ന നിരക്കും തിരക്ക് കുറഞ്ഞ സമയത്ത് കുറഞ്ഞനിരക്കും എന്നതാണ് കമ്പനികളുടെ നയം. ഇതിെൻറ ശരാശരിയിൽ പിടിച്ചാണ് വിമാനകമ്പനികൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ തിരക്കേറിയ സമയത്ത് കുടുംബസമേതം നാട്ടിൽ പോകാൻ ലക്ഷങ്ങൾ വേണ്ടിവരും. അങ്ങനെയാണ് കപ്പലിൽ പോയാലോ എന്ന ചിന്ത ഉയർന്നത്. 2001ൽ ആ ചരിത്രം പിറന്നു.
ബഹ്റൈൻ-ദുബൈ-കൊച്ചി കപ്പൽ സർവിസ് തുടങ്ങി. മുന്നിൽനിന്നത് കരീമും അദ്ദേഹത്തിെൻറ കമ്പനിയും. അദ്ദേഹത്തിെൻറ ബഹ്റൈനിലെ അറബി സുഹൃത്താണ് ഇൗജിപ്തിൽനിന്ന് വാടകക്ക് കപ്പൽ സംഘടിപ്പിച്ചത്. എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ കപ്പലായിരുന്നു. 1500 പേർക്ക് കയറാം. കപ്പൽ പുറപ്പെടുന്ന തീയതി പ്രഖ്യാപിച്ചതോടെ ദുബൈ ക്ലോക് ടവറിന് സമീപത്തെ കരീമിെൻറ ഒാഫിസിന് മുന്നിൽ നീണ്ട ക്യൂവായിരുന്നു. പൊലീെസത്തിയാണ് നിയന്ത്രിച്ചത്. ചുരുങ്ങിയ ടിക്കറ്റ് നിരക്ക് അഞ്ചുദിവസത്തെ ഭക്ഷണമടക്കം ഒരാൾക്ക് 400 ദിർഹം മാത്രം. മുന്തിയ ക്ലാസിൽ ടിക്കറ്റ് നിരക്ക്800 ദിർഹം. 200 കിലോ സാധനങ്ങളും കൂടെ കൊണ്ടുപോകാം എന്നതായിരുന്നു ഏറ്റവും വലിയ ആകർഷണം. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളായിരിക്കും കപ്പലിലെത്തുക എന്നാണ് കരുതിയത്. പക്ഷേ, വന്നത് കൂടുതലും കുടുംബങ്ങളായിരുന്നു. അഞ്ചംഗ കുടുംബത്തിന് 1000 കിലോ കൊണ്ടുപോകാമെന്നായതോടെ വലിയ ട്രക്കുകളിൽ കൊണ്ടുവന്നാണ് ആളുകൾ സകല സാധനങ്ങളും വലിച്ചുകയറ്റിയതെന്ന് കരീം ഒാർക്കുന്നു. ദുബൈ തുറമുഖത്തിനും ഉദ്യോഗസ്ഥർക്കുമെല്ലാം പുതിയ അനുഭവമായിരുന്നു. തുറമുഖത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പ് അരമണിക്കൂറിനകം കാലിയായി.
കൊച്ചിയിൽ ഇത്രയും യാത്രക്കാരുടെ കസ്റ്റംസ് പരിശോധനക്ക് സൗകര്യമുണ്ടായിരുന്നില്ല. ബാർജ് പുതുതായി നിർമിച്ചുനൽകി. വലിയ പന്തലിട്ടു. 40 കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇതിനായി കൊണ്ടുവരാനുള്ള ചെലവ് വഹിച്ചതും കപ്പൽ നടത്തിപ്പുകാർ തന്നെ. രണ്ടാമത്തെ കപ്പലും നിറയെ യാത്രക്കാരുമായാണ് പോയത്. അതോടെ വിമാനകമ്പനികൾ പാരവെപ്പ് തുടങ്ങി. പാലിക്കാൻ സാധിക്കാത്ത ഒരുപാട് നിയന്ത്രണങ്ങൾ സർക്കാറിനെക്കൊണ്ട് വെപ്പിച്ചു. അങ്ങനെ ഗൾഫിലെങ്ങും പ്രതീക്ഷയുടെ ഒാളംതീർത്ത കപ്പൽ സർവിസ് നിലച്ചപ്പോൾ ആരും ഇടപ്പെട്ടില്ലെന്ന സങ്കടം കരീമിനുണ്ട്. അത് കേന്ദ്ര സർക്കാറിെൻറ നടപടിയാണെന്ന് പറഞ്ഞ് കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും തലയൂരി.
കപ്പലിലെ അനുഭവവും രസകരമായിരുന്നു. എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കാൻ പോയതോടെ റസ്റ്റാറൻറ് നിറഞ്ഞു. ദിവസം രണ്ടും മൂന്നും നേരം മലയാളികൾ കുളി തുടങ്ങിയതോടെ വെള്ളവും തീർന്നു. ദിവസം ഒരു കുളി മാത്രമേ പാടുള്ളൂവെന്ന നിബന്ധനവെച്ചാണ് രണ്ടാമത്തെ കപ്പൽ സർവിസ് നടത്തിയത്. കപ്പൽ യാത്രക്കായി കരീമിെൻറ നേതൃത്വത്തിൽ ഇപ്പോഴും ശ്രമം നടക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇതുസംബന്ധിച്ച് വിശദമായ ഫയൽതന്നെ സമർപ്പിച്ചു. ഇനി മുഖ്യമന്ത്രി പിണറായിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് കരീമും കൂട്ടരും. അനുവാദവും പിന്തുണയും മാത്രം മതി. നടത്തിപ്പ് തങ്ങളായിക്കൊള്ളാം. പ്രവാസികളുടെ യാത്രാപ്രശ്നത്തിന് പരിഹാരം ഇതുമാത്രമേയുള്ളൂവെന്നും കരീം പറയുന്നു. യു.എ.ഇയിലെ സ്വദേശി അറബികളുമായി ഏറെ അടുപ്പം പുലർത്തുന്നയാളാണ് കരീം. ദിബ്ബ, ഫുജൈറ, റാസൽഖൈമ തുടങ്ങിയ വിദൂര പ്രദേശങ്ങളിലെ തനത് അറബികളുടെ സ്നേഹവും ഒരുപാട് അനുഭവിക്കുന്നു.
സൗദിയിൽ ഉംറക്കും ഹജ്ജിനും പോകാൻ ഒരുകാലത്ത് സൗദി എയർലൈൻസ് മാത്രമായിരുന്നു ആശ്രയം. അക്കാലത്തുണ്ടായ ആത്മബന്ധമാണ് ഇപ്പോഴും തുടരുന്നത്. അറബ് സമൂഹ തലവന്മാർ വീട്ടിലേക്ക് ക്ഷണിക്കും, സൽക്കരിക്കും. അറബി വീടുകളിൽ എത്രയോ വട്ടം കുടുംബസമേതം താമസിച്ചിട്ടുണ്ട്. മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ടവരായതുകൊണ്ട് നല്ല മീൻ ലഭിച്ചാൽ ദുബൈയിലേക്ക് കൊടുത്തയക്കും. ശുദ്ധമനസ്കർ. ഇഷ്ടപ്പെട്ടാൽ നമുക്കുവേണ്ടി എന്തും ചെയ്യും. ഏതു സമയത്തും തന്നെ വിളിക്കാനും എന്തു സഹായം ആവശ്യപ്പെടാനുള്ള അധികാരം കരീമും അവർക്ക് നൽകിയിട്ടുണ്ട്. മക്കയിൽ അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ കരീം സഹായിക്കും. തനത് അറബി നന്നായി കരീം സംസാരിക്കുന്നതും സ്വദേശികളുടെ ഇഷ്ടത്തിന് കാരണമാണ്.
പ്രായമായവരോട് അറബ് സമൂഹത്തിെൻറ കരുതലും സ്നേഹവും മലയാളികൾക്ക് ഉൾപ്പെടെയുള്ളവർക്ക് വലിയ പാഠമാണെന്നാണ് കരീം പറയുന്നത്. ലോകത്തെവിടെയും കാണില്ല ഇത്ര സ്നേഹബന്ധം. ഒരു പാത്രത്തിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് വെറുതെയല്ല. വൃദ്ധ മാതാപിതാക്കളെ പരിചരിക്കുന്നതും ശുശ്രൂഷിക്കുന്നതും കാണണം. വീട്ടിലേക്ക് വരുേമ്പാഴും പുറത്തുപോകുേമ്പാഴും ചെറിയ കുട്ടികൾപോലും വീട്ടിലുള്ള വൃദ്ധ മാതാപിതാക്കളുടെ കൈ മുത്തും. ഇൗ നാടിന് ദൈവം െഎശ്വര്യം കൊടുക്കുന്നതിന് ഒരു കാരണം വൃദ്ധരോടുള്ള ഇൗ സ്നേഹമാെണന്നാണ് കരീമിെൻറ പക്ഷം. 71 വയസ്സായി വെങ്കടങ്ങിൽ പോയി വിശ്രമ ജീവിതത്തിലേക്ക് മാറണമെന്നുണ്ട്. അഞ്ചു വർഷം മുമ്പ് അങ്ങനെയൊരു തീരുമാനമെടുത്തതാണ്. കമ്പനിയും ദുബൈയും പിടിച്ചുനിർത്തുന്നു. നാലു മക്കളും ദുബൈയിലാണ്. അവരും വിടുന്നില്ല. കമ്പനി മുതലാളി പറയുന്ന ന്യായം നാട്ടിൽ പോയാൽ പെെട്ടന്ന് വയസ്സാകുമെന്നാണ്.
1972ൽ ആദ്യത്തെ നാട്ടിലേക്കുള്ള പോക്കിലാണ് നാട്ടുകാരി സൗദയെ വിവാഹം കഴിച്ചത്. 1974 മുതൽ അവർ ദുബൈയിലുണ്ട്. മക്കൾ ജനിച്ചതും പഠിച്ചതുമെല്ലാം ദുബൈയിൽതന്നെ. മൂത്തമകൻ ഫൈസൽ ബിസിനസുകാരനാണ്. മറ്റൊരു മകൻ ഫഹദ് സൗദി എയർൈലൻസ് ഉദ്യോഗസ്ഥനാണ്. മൂത്ത മകൾ റഷീന അറബി അധ്യാപികയും ഇളയവർ ആലിയ ഡോക്ടറുമാണ്. പത്തു പേരക്കുട്ടികൾ. ഒരാളുടെ വിവാഹവും കഴിഞ്ഞു. ദുബൈയിലും നാട്ടിലുമായി വേറെയും ബിസിനസ് നടത്തുന്നുണ്ട് കരീം. പ്രധാനമായും വിദ്യാഭ്യാസ മേഖലയിലാണ്. ദുബൈ ഗൾഫ് മോഡൽ സ്കൂൾ എം.ഡിയാണ്. നാട്ടിലും കോളജുകളും സ്കൂളുകളും നടത്തുന്നുണ്ട്. മദ്രാസിൽ ഉപേക്ഷിച്ച സിനിമാ ശ്രമം നാലു പതിറ്റാണ്ടിന് ശേഷം ‘മഴ’ എന്ന സിനിമ നിർമിച്ച് കരീം തിരിച്ചുപിടിക്കുകയും ചെയ്തു. ലെനിൽ രാജേന്ദ്രനായിരുന്നു സംവിധായകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.