Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightജോർജ്​ ഫ്ലോയ്​ഡ്​:...

ജോർജ്​ ഫ്ലോയ്​ഡ്​: അവസാനിക്കാത്ത നിലവിളിയുടെ മുഴക്കം

text_fields
bookmark_border
George Floyd
cancel

കേവലമായ വർണവെറിയുടെ മാത്രം പേരില്‍ ജോർജ് ഫ്ലോയ്​ഡ് എന്ന നിരായുധനായ ആഫ്രിക്കൻ വംശജനെ അമേരിക്കയിലെ മിനിയപൊളിസ് നഗരത്തില്‍ വെള്ളക്കാരനായ പൊലീസുദ്യോഗസ്ഥന്‍ അടിച്ചുവീഴ്ത്തി പൊലീസ് വാഹനത്തി​​െൻറ അടിയിലിട്ട്‌ നിരവധി പേര്‍ നോക്കിനില്‍ക്കെ കഴുത്തില്‍ മുട്ടുകാലമര്‍ത്തി ശ്വാസംമുട്ടിച്ച്​ പരസ്യമായി കൊലപ്പെടുത്തിയ സംഭവം അമേരിക്കന്‍ നഗരങ്ങളില്‍ വലിയ കലാപങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ഇത്തരം ക്രൂരമായ പൊലീസ് അതിക്രമങ്ങള്‍ക്ക് നിരന്തരം നമ്മള്‍ സാക്ഷ്യംവഹിക്കുന്ന കേരളത്തില്‍നിന്ന്, ഇന്ത്യയില്‍നിന്ന് നോക്കുമ്പോള്‍പോലും അൽപം ദാഹജലത്തിനായി അപേക്ഷിച്ച്, കൊല്ലരുതേ എന്ന് കേണുപറഞ്ഞ്​ അവസാനശ്വാസവും വേര്‍പെട്ടുപോയ നിർഭാഗ്യവാനായ ആ 45കാര​​െൻറ വേദന കണ്ടുനില്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല.

അക്ഷരാർഥത്തില്‍തന്നെ സ്വന്തം  പ്രാണന്‍ പിടഞ്ഞുപിടഞ്ഞ്​ പുറത്തുവന്ന ആ മനുഷ്യ​​െൻറ ജീവനുവേണ്ടിയുള്ള അവസാനത്തെ യാചനകള്‍ എ​​െൻറ സമൂഹമാധ്യമച്ചുവരില്‍ ഇന്നലെ വിവര്‍ത്തനംചെയ്തു ചേര്‍ക്കുമ്പോള്‍ എനിക്ക് കണ്ണീര്‍ പൊടിയുന്നുണ്ടായിരുന്നു. അമേരിക്കയിലെ പച്ചയായ വംശീയവിവേചനത്തി​​െൻറ നിരവധി ഇരകളില്‍ ഒരാള്‍ മാത്രമാണ് ജോർജ്​ ഫ്ലോയ്​ഡ് എന്ന വസ്തുത  അറിയാഞ്ഞിട്ടല്ല. ഇത് അവിടെ ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നും അറിയാതെയല്ല. ജീവന്‍ നിലനിര്‍ത്താനുള്ള കേവല യാചനകളിലേക്ക് പാര്‍ശ്വവത്​കരിക്കപ്പെടുന്ന മനുഷ്യജീവിതങ്ങളെ എങ്ങനെ ഇത്തരം കടുത്ത വിവേചനങ്ങള്‍ നിസ്സഹായരാക്കുന്നു എന്നതി​​െൻറ ഒരു മുഴക്കംകൂടിയായി അദ്ദേഹത്തി​​െൻറ അന്ത്യവചനങ്ങള്‍ മാറുകയായിരുന്നു എന്നതുകൊണ്ടുകൂടിയാണ് ഈ സംഭവം ഹൃദയത്തി​​െൻറ വലിയ മുറിവായി അകംനീറ്റുന്നത്.  

വർണത്തി​​െൻറയോ ജാതിയുടെ​യോ  പേരിലുള്ളതായാലും ചരിത്രത്തിലെ മനുഷ്യത്വരഹിതമായ അനീതികളെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍, അവയുടെ ആവിര്‍ഭാവത്തിനുപിന്നിലെ വിപുലമായ സംഘാടനാസംവിധാനങ്ങളെ വിസ്മരിക്കാന്‍ കഴിയില്ല. ആ സംവിധാനങ്ങള്‍ക്ക് സാമൂഹികമണ്ഡലത്തിലുണ്ടായ അനന്യമായ വേരുറപ്പുകള്‍തന്നെയാണ് അധീശപ്രത്യയശാസ്ത്രമായി സാമൂഹികമനസ്സില്‍ പടര്‍ന്നുനിൽക്കാന്‍ അവയെ സഹായിക്കുന്നത്. എത്ര എതിര്‍ത്താലും നിയമങ്ങള്‍ കൊണ്ടുവന്നാലും, ‘നിർമാർജനം ചെയ്തു’ എന്ന് നൂറുവട്ടം കൊട്ടിഘോഷിച്ചാലും പിന്നെയും പിന്നെയും ആ ദുര്‍വ്യവസ്ഥകള്‍ തലപൊക്കുകയും നമ്മളെ ആഞ്ഞുകൊത്തുകയും ചെയ്യാറുണ്ട്. ഇത്തരം നീതിരഹിതമായ, യുക്തിരഹിതമായ വിവേചനസംവിധാനങ്ങളോട് നിലക്കാത്ത പോരാട്ടം ആവശ്യമാകുന്നത് അതുകൊണ്ടാണ്.  

ലോകചരിത്രത്തിലെ ഏറ്റവും ഹിംസാത്മകമായ വെള്ളഭരണത്തി​​െൻറ അവസാനിക്കാത്ത വിവേചനങ്ങള്‍ സൃഷ്​ടിക്കുന്ന ആഴമേറിയ അന്യവത്​കരണത്തി​​െൻറ പിടിയില്‍നിന്ന് മുക്തിനേടാന്‍ കഴിയാതെ അമേരിക്കയിലെ സാമൂഹികമണ്ഡലത്തില്‍ നിരന്തരസമരത്തി​​െൻറ ജീവിതവ്യഥയുമായി പൊരുതി ജീവിക്കുന്നവരാണ് അവിടത്തെ ന്യൂനപക്ഷങ്ങള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ അനീതികള്‍ ചരിത്രത്തില്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ളത് തദ്ദേശീയരായ ആദിമ ജനതകള്‍ക്കും പിന്നീട് ട്രാന്‍സ്-അറ്റ്​​ലാൻറിക് അടിമവ്യാപാരത്തി​​െൻറ സാമ്രാജ്യത്വ നിഷ്ഠുരതക്ക്​ ഇരകളായിത്തീര്‍ന്ന ആഫ്രിക്കന്‍ വംശജർക്കുമാണ്. 

ആഫ്രിക്കയില്‍നിന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ പണിനിലങ്ങളിലേക്ക് ആഫ്രിക്കന്‍വംശജരെ അടിമപ്പണിക്കുവേണ്ടി കടത്തിക്കൊണ്ടുപോയ ക്രൂരമായ മനുഷ്യവേട്ടയുടെ കഥയാണ് ഇന്ന് അമേരിക്കയില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വർണവിഭാഗം വേരുറക്കാന്‍ ഇടയാക്കിയത്.  16ാം നൂറ്റാണ്ടില്‍ തുടങ്ങിയതാണ് ട്രാന്‍സ്-അറ്റ്​ലാൻറിക്​ അടിമക്കച്ചവടം എന്ന് ഓര്‍ക്കേണ്ടതുണ്ട്. യൂറോപ്പിലെ വലിയ കുടുംബമഹിമകളില്‍ അഭിരമിച്ചിരുന്ന പലരും ഇന്ന് തങ്ങളുടെ പൂര്‍വികര്‍ കേവലം മനുഷ്യക്കടത്തുകാരായിരുന്നു എന്നറിഞ്ഞ് നടുങ്ങുന്നുണ്ട്. 

അടിമത്തം എല്ലാ കാലത്തും ഉണ്ടായിരുന്നു. പുരാതന ഗ്രീക്​ ജനാധിപത്യംതന്നെ അടിമത്ത വ്യവസ്ഥിതിക്കു മുകളിലെ വരേണ്യമായ ഏച്ചുകെട്ടായിരുന്നു. ഇന്ത്യയിലെ കീഴാള സ്വത്വാസ്തിത്വം വ്യത്യസ്തമായ ഒരു അടിമ-ഉടമ ഘടനയില്‍ ബ്രാഹ്​മനിക്കല്‍ വ്യവസ്ഥിതി നിലനിര്‍ത്തിയിരുന്നതാണ്. എന്നാല്‍, ഇതെല്ലാം സാമൂഹികജീവിതത്തി​​െൻറ തനതായ സംവിധാനങ്ങള്‍ക്കുള്ളില്‍ ചരിത്രപരമായി രൂപംകൊണ്ട നീതിവിരുദ്ധതകളായിരുന്നു. മറിച്ച്, ട്രാന്‍സ്-അറ്റ്​ലാൻറിക് അടിമത്തം സാമ്രാജ്യത്വത്തി​​െൻറ അധിനിവേശമോഹങ്ങള്‍ തളിരിട്ടുനിര്‍ത്താൻ നടത്തിയ ലക്ഷക്കണക്കിന്‌ മനുഷ്യരുടെ നരബലിതന്നെയായിരുന്നു. 

ഏഷ്യയിലെ തോട്ടങ്ങളില്‍ അധിനിവേശക്കാര്‍ അടിച്ചേൽപിച്ച കൂലിയടിമത്തത്തി​​െൻറ വേറിട്ട ചരിത്രസന്ദര്‍ഭങ്ങളെക്കുറിച്ച് ‘പലായനങ്ങള്‍’ എന്ന എ​​െൻറ പുസ്തകത്തില്‍ (പ്രസക്തി, 2019)  വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. 16ാം നൂറ്റാണ്ടില്‍ തുടങ്ങിയ അമേരിക്കന്‍ അടിമവ്യാപാരം നിര്‍ത്തലാക്കാന്‍ 19ാം നൂറ്റാണ്ടില്‍ എബ്രഹാം ലിങ്ക​​െൻറ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ സൃഷ്​ടിച്ച അമേരിക്കയിലെ ആഭ്യന്തരയുദ്ധവും അതില്‍ പൊലിഞ്ഞ ആറുലക്ഷം മനുഷ്യജീവനും ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയുടെ പിന്നീടുള്ള മനുഷ്യാവകാശ സമരങ്ങളുമെല്ലാം ചേര്‍ന്ന് സംഘര്‍ഷഭരിതമായ തുടര്‍ചരിത്രമായി. അതാണ് ഇനിയും വിവേചനത്തി​​െൻറ, വംശീയാധിക്ഷേപത്തി​​െൻറ പ്രത്യയശാസ്ത്ര മേധാവിത്വത്തെ മുറിച്ചുകടക്കാന്‍ കഴിയാത്ത ഭൂതകാലമായി, കുടഞ്ഞുകളയാനാവാത്ത വര്‍ത്തമാനകാല ഭാരമായി, ആഫ്രിക്കന്‍-അമേരിക്കന്‍ ജനത പേറേണ്ടിവരുന്നത്. 

അമേരിക്കയില്‍തന്നെ ആഫ്രിക്കൻ-അമേരിക്കന്‍ വംശജരുടെ മോചനത്തി​​െൻറ പേരില്‍ പ്രകീർത്തിക്കപ്പെടുന്ന എബ്രഹാം ലിങ്കൻപോലും രാഷ്​ട്രീയമായല്ലാതെ ഈ പ്രശ്നത്തെ കണ്ടിരുന്നോ എന്നത് സംശയമാണ്. തദ്ദേശീയരായ ആദിമനിവാസികള്‍ക്ക് വലിയ ദുരന്തങ്ങള്‍ നല്‍കിയ ഭരണാധികാരിയാണ് അദ്ദേഹവും. ന്യൂമെക്സിക്കോയില്‍ സംഭവിച്ചത് അദ്ദേഹത്തി​​െൻറ സമീപനത്തെ മറ്റൊരു പരിപ്രേക്ഷ്യത്തില്‍കൂടി മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ്. അവിടെ ലിങ്കൻ ഭരണകൂടത്തി​​െൻറ വികസനനയങ്ങളുടെ പേരില്‍ സ്വന്തം ഭൂമിയില്‍നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട് നൂറുകണക്കിനു മൈലുകള്‍ അകലെ ബോസ്ക് റെഡാണ്ടോയിലേക്ക്  ഓടിപ്പോകേണ്ടിവന്നവരില്‍ ഏതാണ്ട് 2000ത്തിലധികംപേര്‍ വഴിയില്‍ മരിച്ചുവീണത്​ അന്ന് വലിയ സംഭവമായിരുന്നില്ല.

അതുപോലെ ആഭ്യന്തര യുദ്ധക്കുറ്റവാളികളായി പിടിക്കപ്പെട്ട വെള്ളക്കാരെ ആരെയും തൂക്കിലിടാതെ വെറുതെവിട്ട ആ മനുഷ്യസ്നേഹി കലാപകാരികളായിരുന്ന 38 തദ്ദേശവാസികളെ നൂറുകണക്കിന് വെള്ളക്കാരെ സാക്ഷിനിര്‍ത്തി തൂക്കിലേറ്റി. അദ്ദേഹത്തിനും വിലയുള്ള ജീവന്‍ വെള്ളക്കാരുടേതുമാത്രമായിരുന്നു. അദ്ദേഹം അടിമവേല നിർത്തലാക്കിയതി​​െൻറ പിന്നിലെ രാഷ്​ട്രീയത്തെ മനസ്സിലാക്കാനുതകുന്നതാണ്​ അടിമത്ത നിർമാർജനത്തിലൂടെ സ്വന്തം ‘ആസ്തി’ ‘പരിത്യജി’ക്കേണ്ടിവരുന്ന ഉടമകള്‍ക്ക് അദ്ദേഹം നല്‍കാമെന്നു പറഞ്ഞ ‘നഷ്​ടപരിഹാരം’. എബ്രഹാം ലിങ്കൻ  എന്ന ചരിത്രവ്യക്തിത്വത്തി​​െൻറ അപൂര്‍വ രാഷ്​ട്രീയ തീരുമാനങ്ങളുടെ മാറ്റു കുറച്ചുകാട്ടാനല്ല, എത്ര വലിയ മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും അമേരിക്കന്‍ സാമൂഹികമണ്ഡലത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വംശീയവെറിയുടെ വേരുകള്‍ എത്ര ആഴത്തിലുള്ളതാണ് എന്ന് വ്യക്തമാക്കാനാണ് ലിങ്കനെത്തന്നെ ഉദാഹരണമാക്കുന്നത്. 

ഞാന്‍ ഒരിക്കലും ഒബാമയെ ഉദാഹരിക്കാറില്ല. കാരണം, അദ്ദേഹം ഒരിക്കലും വ്യവസ്ഥയുടെ വിമര്‍ശകനായിരുന്നില്ല. അയഥാർഥമായ ‘അമേരിക്കന്‍ സ്വപ്ന’ത്തി​​െൻറ മൊത്തവ്യാപാരികളായ വെള്ളക്കാരെപ്പോലും കടത്തിവെട്ടിയ അതി​​െൻറ പ്രഘോഷകനായിരുന്നു; അമേരിക്കന്‍ നന്മകളുടെ പ്രവാചകനായിരുന്നു. ആ നിലപാട് അദ്ദേഹത്തെപ്പോലെ ഉന്നതമായ ഒരു വ്യക്തിത്വത്തെ പ്രസിഡൻറ്​ സ്ഥാനംവരെ എത്തിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ, അദ്ദേഹത്തി​​െൻറ നേട്ടങ്ങൾക്കു പിന്നില്‍ വിമര്‍ശക​​െൻറ സ്ഥാനംവിട്ട്​ വ്യവസ്ഥയുടെ വക്താവുകൂടിയായി പ്രത്യക്ഷപ്പെടുന്ന സമീപനത്തി​​െൻറ സ്വീകാര്യതയുണ്ട് എന്നത് വിസ്മരിച്ചുകൂടാ. 

ഒബാമയും ജോർജ് ഫ്ലോയ്​ഡും ഒരേ വർണവിവേചന സംവിധാനത്തി​​െൻറ രണ്ടറ്റങ്ങളാണ്. ജാതിയുടെ, വർണത്തി​​െൻറ, ദേശീയതയുടെ, വർഗത്തി​​െൻറ മതന്യൂനപക്ഷാവസ്ഥയുടെ സ്വത്വാസ്തിത്വങ്ങള്‍ അർഥരഹിത വിവേചനങ്ങളുടെ ഇരകളായി മാറുന്നത്​ ചരിത്രത്തില്‍നിന്ന് തുടച്ചുമാറ്റാനെളുപ്പമല്ലെന്നും അവയെല്ലാം പലപ്പോഴും ഘടനാപരമായ അടിത്തറയില്‍ അധിഷ്ഠിതമാണെന്നും ഓർമിപ്പിക്കുന്ന സൂചനാഫലകങ്ങളായി അവരുടെ ജീവിതം മുന്നിൽ നില്‍ക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleGeorge FloydUSA Racism
News Summary - George Floyd USA Racism -Malayalam Article
Next Story