ഗൾഫിന്ത്യയുടെ നല്ല തിരിച്ചറിവുകൾ
text_fieldsതൊണ്ണൂറിന്‍െറ തുടക്കം. അന്ന് അലീഗഢില്‍ വിദ്യാര്‍ഥി. റിപ്പബ്ളിക് ദിന പരേഡ് വീക്ഷിക്കാന്‍ ആദ്യമായി ലഭിച്ച അവസരം. തലേന്നുതന്നെ ഡല്‍ഹിയിലത്തെി സുഹൃത്തിന്‍െറ കൂടെ തങ്ങി. തണുത്ത വെളുപ്പാന്‍ കാലം. സുരക്ഷനടപടി കാരണം എത്രയോ കാതം നടന്നാണ് രാജ്പഥിലെ ഗാലറിയില്‍ ഇടം ലഭിച്ചത്. ഇന്ത്യയുടെ സൈനിക പ്രൗഢി നോക്കിലും വാക്കിലും ജ്വലിപ്പിച്ചു നിര്‍ത്തുന്ന പരേഡ്. രാജ്യത്തിന്‍െറ സമ്പന്ന വൈവിധ്യം നിറഞ്ഞ ഫ്ളോട്ടുകളുടെ പരമ്പര. ഓരോ ഘട്ടത്തിലും ആള്‍ക്കൂട്ടത്തിന്‍െറ നിറഞ്ഞ കൈയടി. അതിനൊപ്പം നമ്മളും അറിയാതെ പങ്കുചേര്‍ന്നു പോകും. പരേഡ് മാത്രമല്ല, രണ്ടുനാള്‍ കഴിഞ്ഞുള്ള ബീറ്റിങ് റിട്രീറ്റും മനസ്സില്‍ തൊടുന്ന ഒന്നാണ്. സായന്തനത്തില്‍ നിറപ്പകിട്ടാര്‍ന്ന വസ്ത്രം ധരിച്ച സൈനിക ബാന്‍ഡ്വാദ്യ സംഘങ്ങളുടെ ചുവടുവെപ്പ്. അവര്‍ രൂപപ്പെടുത്തുന്ന സംഗീതധാരക്കൊപ്പം നിറഞ്ഞുകത്തുന്ന പ്രകാശവര്‍ഷം. ഡല്‍ഹിയെ കുറിച്ച ഏതൊരു ഓര്‍മയിലും എപ്പോഴും ബാക്കിയുണ്ടാകും, പരേഡും ആ ബീറ്റിങ് റിട്രീറ്റും.
ഇന്ത്യയുടെ 68ാം റിപ്പബ്ളിക് ദിന പരേഡ് ഇക്കുറി പുറവാസികളുടെ മനസ്സിനെയും വല്ലാതെ സ്പര്‍ശിച്ചു. ദേശീയതയുടെ സൈനിക പൊലിമകൊണ്ട് മാത്രമായിരുന്നില്ല അത്. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനായിരുന്നു പരേഡിലെ മുഖ്യാതിഥി. ഇതാദ്യമായല്ല ഒരു അറബ് നേതാവ് മുഖ്യാതിഥിയാകുന്നത്. സൗദി ഭരണാധികാരിയായിരിക്കെ, അബ്ദുല്ല രാജാവിനും ഇതേ പദവി ലഭിച്ചിരുന്നു. മന്‍മോഹന്‍ സിങ്ങായിരുന്നു അന്ന് പ്രധാനമന്ത്രി.
ഇത്തവണ മറ്റൊരു പുതുമ കൂടി കൈവന്നു. യു.എ.ഇ സൈന്യം പരേഡില്‍ ചുവടുവെച്ചതായിരുന്നു അത്. ഇന്ത്യന്‍ സൈനിക റെജിമെന്‍റുകള്‍ക്കൊപ്പം തല ഉയര്‍ത്തി യു.എ.ഇ സൈന്യം മുന്നേറി. അപ്പോള്‍ ഉയര്‍ന്ന കരഘോഷമുണ്ടല്ളോ, അതുപോലും ഉഭയകക്ഷി ബന്ധത്തിനു ലഭിച്ച നിറഞ്ഞ പിന്തുണയായിതന്നെ കാണണം. പരേഡ് കടന്നുവരുന്ന സൗത്ത് ബ്ളോക്കിനു സമീപം നിന്നപ്പോള്‍ സത്യം പറയാമല്ളോ, ഉള്ളില്‍ ചില സങ്കടചിന്തകളും ഉയര്‍ന്നു. സൗത്ത് ബ്ളോക്കില്‍ ആണല്ളോ നമ്മുടെ വിദേശകാര്യ മന്ത്രാലയം. ഇന്ത്യ പുറത്ത് ഏതു ദിശയില്‍ നീങ്ങണമെന്ന് നിര്‍ണയിക്കുന്ന നയതന്ത്ര ആസ്ഥാന മന്ദിരം. പലതുകൊണ്ടും നമുക്ക് ചേര്‍ന്നു നില്‍ക്കാന്‍ പറ്റുന്ന മികച്ച ഇടംതന്നെയായിരുന്നു ഗള്‍ഫ്. പക്ഷേ, ആ മുന്‍ഗണന പലപ്പോഴും നാം കൈവിട്ടു. അമേരിക്കയും മറ്റു വന്‍ശക്തി രാജ്യങ്ങളുമായിരുന്നു നമ്മെ വല്ലാതെ ഭ്രമിപ്പിച്ചത്. ഇന്നും അതില്‍ വലിയ മാറ്റമൊന്നുമില്ല. എങ്കിലും ഗള്‍ഫ് അത്ര ചെറുതല്ളെന്ന തിരിച്ചറിവെങ്കിലും ഉണ്ടായല്ളോ. അത്രയും നല്ലത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ ഏറ്റവും അടുത്ത തന്ത്രപ്രധാന മേഖലയാണ് ഗള്‍ഫ്. ഒരേ താല്‍പര്യങ്ങള്‍. ഒരേ പാരമ്പര്യത്തിന്‍െറ തുടര്‍ച്ച. മേഖലയിലെ മികച്ച സാമ്പത്തിക ബ്ളോക്. അതൊന്നും പക്ഷേ, സൗത്ത് ബ്ളോക്കിന്‍െറ പരിഗണനയില്‍ വരാതെ പോയി. മന്‍മോഹന്‍ സിങ്ങിന്‍െറ അവസാന രണ്ടുവര്‍ഷവും മോദി പിന്നിട്ട രണ്ടു വര്‍ഷവും ഇന്ത്യ-ഗള്‍ഫ് ബന്ധത്തില്‍ അടിസ്ഥാന മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടു. മൂന്നു പതിറ്റാണ്ടിന്‍െറ ഇടവേളക്ക് വിരാമം കുറിച്ച് പ്രധാനമന്ത്രി മോദി യു.എ.ഇയില്‍ എത്തിയതും സൗദിയിലും ഖത്തറിലും തുടര്‍ സന്ദര്‍ശനം നടന്നതും അടുപ്പത്തിന് ആക്കം കൂട്ടി.
ഉപജീവനം തേടി ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ചേക്കേറിയ മണ്ണാണിത്. ആ നിലക്ക് വൈകിയാണെങ്കിലും ഉണ്ടായ ഈ നല്ല മാറ്റത്തെ നാം പിന്തുണക്കുക. ഗള്‍ഫ് പഴയ ഗള്‍ഫല്ല. സിറിയയും യമനും ഇറാഖും തുറന്നുവിട്ട കാലുഷ്യം പടരുന്നു. അതിനിടയിലാണ് റഷ്യ-ഇറാന്‍ അടുപ്പം ഉയര്‍ത്തുന്ന ഭീഷണിയുടെ വ്യാപ്തി. ട്രംപിന്‍െറ അമേരിക്കയുമായി വല്ലാതെയൊന്നും ചേര്‍ന്നു പോകാന്‍ പറ്റാത്ത സാഹചര്യം. ബ്രെക്സിറ്റോടെ യൂറോപ്യന്‍ യൂനിയനും ഉലഞ്ഞിരിക്കുന്നു. അപ്പോള്‍ പിന്നെ ചേര്‍ന്നുനില്‍ക്കാന്‍ പുതിയ ഈടുള്ള ബദല്‍ വേണം. ഗള്‍ഫ് രാജ്യങ്ങള്‍ നോക്കുമ്പോള്‍, ഇന്ത്യ തലയെടുപ്പോടെ നില്‍ക്കുന്നു, തൊട്ടപ്പുറം. എങ്കില്‍ പിന്നെ മറ്റൊന്നിനെ തിരയേണ്ടതില്ല.
അവര്‍ ഉറപ്പിക്കുന്നു. ഇന്ത്യക്കും ഈ കൂട്ടുകെട്ടിലുണ്ട്, കൃത്യമായ താല്‍പര്യങ്ങള്‍. രാജ്യത്തിന്‍െറ വളര്‍ച്ചക്കു വേണ്ട സമ്പത്തും എണ്ണയും നല്‍കാന്‍ ഗള്‍ഫ് ഭൂമിക റെഡിയാണ്. ഗള്‍ഫ് പ്രതിരോധ വിപണിയുടെ സാധ്യതയാണ് ഭ്രമിപ്പിക്കുന്ന മറ്റൊരു ഘടകം. ആഭ്യന്തര രാഷ്ട്രീയത്തിലാണെങ്കില്‍ അറബ് സൗഹൃദം മറയാക്കി പഴയ കളങ്കം കുറെയൊക്കെ മായ്ച്ചുകളയാമെന്ന ഗുണവും. ഇന്ത്യക്ക് ഏറ്റവുമടുത്ത തന്ത്രപ്രധാന മേഖലതന്നെയാണ് ഗള്‍ഫ്. സാമ്പത്തികനിക്ഷേപ അജണ്ടക്കപ്പുറംതന്നെയാണ് ഇന്ത്യ ഇപ്പോള്‍ ഉന്നംവെക്കുന്നതും. കുറ്റം പറയാനാകില്ല. ഇതുതന്നെയാണ് ഏറ്റവും നല്ല അവസരം.
ഈ ബന്ധവൈപുല്യത്തില്‍ പുറംലോകത്തെ ഇന്ത്യക്കാരും ഏറെ ആഹ്ളാദത്തിലാണ്. പക്ഷേ, അവരുടെ ഉള്ളില്‍ അപ്പോഴും ചില സങ്കടങ്ങള്‍ ബാക്കി. ഉഭയകക്ഷി ചര്‍ച്ചകളിലും കരാറുകളിലും തങ്ങളുടെ ക്ഷേമം ഇടംപിടിക്കാതെ പോകുന്നു എന്നതാണ് വേദന. പുറവാസികളുടെ ക്ഷേമം എന്തുകൊണ്ട് അജണ്ടയില്‍ ഉള്‍പ്പെടാതെ പോകുന്നു? പ്രധാനമന്ത്രി യു.എ.ഇയിലും സൗദിയിലും ഖത്തറിലും വന്നപ്പോള്‍ അവര്‍ പ്രതീക്ഷിച്ചതാണ് എന്തെങ്കിലും ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന്. യു.എ.ഇ നേതാക്കള്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍ അജണ്ടയില്‍ പ്രവാസിക്ഷേമം ഉള്‍പ്പെടുമെന്ന് സ്വപ്നം കണ്ടു. അതും ഉണ്ടായില്ല. ഉഭയകക്ഷി ബന്ധത്തില്‍ ഇതൊന്നും വലിയ കാര്യമായി ഭരിക്കുന്നവര്‍ക്ക് തോന്നണമെന്നില്ല. വേണമെങ്കില്‍ പലതും നടക്കുമായിരുന്നു. വ്യോമയാന മേഖലതന്നെ ഉദാഹരണം. അവിടെയും ഉഭയകക്ഷി സഹകരണമുണ്ട്. അയ്യായിരം കിലോമീറ്റര്‍ ദൂരപരിധിയില്‍ ഓപണ്‍ സ്കൈ പോളിസിക്ക് സാധുത നല്‍കാന്‍ നാം ഒരുക്കമല്ല. ഗള്‍ഫ് വിമാന കമ്പനികളുടെ കടന്നുകയറ്റം തടയാനുള്ള നമ്മുടെ തന്ത്രം. ഈ വിലക്ക് ഉപയോഗിച്ചാണ് സീസണ്‍ കൊള്ളക്ക് അരങ്ങ് രൂപപ്പെടുന്നത്. ഓപണ്‍ സ്കൈ പോളിസി നിയന്ത്രണം എടുത്തുകളഞ്ഞാല്‍ അതോടെ നില്‍ക്കും, സീസണ്‍ കൊള്ളയും.
പക്ഷേ, ഭരിക്കുന്നവര്‍ അതിനൊന്നും ഒരുക്കമല്ല. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരിയെ വിശാഖപട്ടണത്തില്‍ കണ്ടിരുന്നു. അപ്പോള്‍ നല്ല മൂഡ് നഷ്ടപ്പെടുത്താന്‍ ആ ‘അനാവശ്യ’ ചോദ്യം വീണ്ടും നാവിലത്തെി. പ്രവാസിക്ഷേമം എന്തുകൊണ്ട് ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇടംപിടിക്കാതെ പോകുന്നു? സ്ഥാനപതിയുടെ മുഖഭാവം മാറി. മാധ്യമപ്രവര്‍ത്തകരുടെ സിനിക്കല്‍ രീതിയെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞത് ഇത്രമാത്രം: ‘എന്തൊക്കെ നല്ല കാര്യങ്ങള്‍ നടക്കുന്നു. അതൊക്കെ കാണാതെ പോകുന്നത് ശരിയാണോ?’ വിശാഖപട്ടണത്തുനിന്ന് മടങ്ങവെ, ആ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നു ‘ശരിയാണോ’?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.