ഒരേ കമ്പനിയിൽ 46ാം വർഷം
text_fieldsഒാരോ പ്രവാസിയുടെയും ജീവിതകഥയിലൂടെ സഞ്ചരിക്കുേമ്പാൾ ഒരു കാര്യം വ്യക്തമാകും. അവരെ മണൽക്കാട്ടിലേക്ക് നയിച്ച ദുരിതങ്ങളിലും പ്രാരാബ്ധങ്ങളിലും കുടുംബ സാഹചര്യങ്ങളിലും യാത്രകളിലും വരെ ചില സമാനതകൾ കാണാമെങ്കിലും ഒാരോ ജീവിതവും സൂക്ഷ്മമായി പരതിയാൽ വ്യത്യസ്തമാണ്. പലതരം വഴികളിലൂടെയാണ് ഒാരോ പ്രവാസിയുടെയും ജീവിതം മുന്നോട്ടുപോകുന്നത്. നാലര പതിറ്റാണ്ടിലേറെ നീണ്ട മരുഭൂ ജീവിതത്തിെൻറ പിന്നിട്ട വഴികളിലേക്കുള്ള മടക്കയാത്രകൾ അതുകൊണ്ടുതന്നെ വൈവിധ്യത്തിെൻറ ചരിതങ്ങളാണ് അനാവരണം ചെയ്യുന്നത്.
തിരുവനന്തപുരം വെഞ്ഞാറമൂട് ഒാട്ടുകുന്നം സ്വദേശി അബൂബക്കർ അബ്ദുൽ മനാഫിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിെൻറ കർമരംഗമാണ്. 46 വർഷം മുമ്പ്, ദുബൈയിലെത്തിയതിെൻറ 12ാം ദിവസം ജോലിയിൽ പ്രവേശിച്ച മനാഫ് ഇന്നും അതേ സ്ഥാപനത്തിൽ തുടരുന്നു. ഒട്ടും മടുപ്പില്ലാതെ, ആഹ്ലാദഭരിതനായി. കമ്പനി അനുവദിക്കുന്നിടത്തോളം ഇനിയും തുടരാൻ സന്നദ്ധനുമാണ് ഇൗ 65കാരൻ. സമ്പന്നകുടുംബത്തിൽ പിറന്ന മനാഫിെൻറ പ്രവാസഭൂമിയിലേക്കുള്ള യാത്ര കഠിനമായിരുന്നു. മരണം മുന്നിൽ കണ്ടിട്ടും പിന്മാറാൻ കൂട്ടാക്കാതെ തിരമാലകളെ കീറിമുറിച്ചെത്താൻ േപ്രരിപ്പിച്ചത് തറവാട്ടിലെ കൃഷിഭൂമിയിൽ ജീവിതം തളയ്ക്കപ്പെടുമെന്ന സന്ദേഹമായിരുന്നു. ഒമ്പത് സഹോദരിമാരും നാലു സഹോദരങ്ങളുമടങ്ങുന്ന വലിയൊരു കുടുംബമായിരുന്നു അത്. പിതാവ് അബൂബക്കർ നാട്ടിലെ ഭൂപ്രമാണിയായിരുന്നു. നീണ്ടു പരന്നുകിടക്കുന്ന വയലും തെങ്ങിൻതോട്ടവും കശുമാവിൻ േതാട്ടവും കുരുമുളക് കൃഷിയുമെല്ലാം ഉണ്ടായിരുന്നു.
എസ്.എസ്.എൽ.സി കഴിഞ്ഞപ്പോൾ മനാഫ് ഒരുകാര്യം മനസ്സിലാക്കി. നാട്ടിൽ തുടർന്നാൽ കൃഷിപ്പണിക്കിറങ്ങേണ്ടിവരും. അങ്ങനെ ബോംബെക്ക് പോകാൻ തീരുമാനിക്കുന്നു. വീട്ടുകാർ ആദ്യം എതിർത്തെങ്കിലും പിന്നീട് അനുവാദം കൊടുത്തു. കാരണം, ബന്ധുക്കൾ അവിടെയുണ്ടായിരുന്നു. 19 വയസ്സായി കാണും. പാസ്പോർട്ടിന് അപേക്ഷ നൽകിയാണ് ബോംബെക്ക് വണ്ടി കയറിയത്. ഗൾഫ് അന്ന് മനസ്സിലുണ്ടായിരുന്നില്ല. ബോംബെയിൽ നാലുമാസത്തോളം പിന്നിട്ടപ്പോൾ അവിടെ ലോഞ്ചിൽ ആളുകളെ ഗൾഫിലെത്തിക്കുന്ന സംഘമുണ്ടെന്ന് മനസ്സിലായി. പാസ്പോർട്ടും വിസയുമൊന്നും വേണ്ട. 500 രൂപയുണ്ടെങ്കിൽ പോകാം. ബന്ധുതന്നെ പണം തന്നു.
50ഒാളം പേരുണ്ടായിരുന്നു ലോഞ്ചിൽ. ഒരു രാത്രി കഴിഞ്ഞപ്പോഴേക്ക് നടുക്കടലിൽ ലോഞ്ചിെൻറ എൻജിൻ പണിമുടക്കി. പിന്നെ ഏഴു ദിവസത്തോളം കാറ്റിെൻറ ഗതിക്കനുസരിച്ച് നടുക്കടലിൽ അലഞ്ഞും ആടിയുലഞ്ഞും കരിക്കപ്പലെന്ന് വിളിക്കുന്ന ഉരു. കാറ്റിെൻറ ഗതിപിടിക്കാൻ പായ ഉയർത്തിയെങ്കിലും കര കാണാനായില്ല. വെള്ളവും ഭക്ഷണവുമൊന്നുമില്ലാത്ത ആറു ദിനരാത്രങ്ങൾ. കടലിൽ തുണിയിട്ട് അതിൽ ജലം ശേഖരിച്ച് പിഴിഞ്ഞാണ് കുടിച്ചിരുന്നത്. ഉപ്പുസ്വാദ് കുറക്കാനാണ് തുണിയിൽ ശേഖരിക്കുന്നത്. നാലുദിവസം കൊണ്ട് ദുബൈയിലെത്തുമെന്നതിനാൽ അതിനുള്ള വിഭവങ്ങളേ ലോഞ്ചിലുണ്ടായിരുന്നുള്ളൂ. കരക്കെത്താൻ എത്രദിവസം എടുക്കുമെന്ന് ഒരു നിശ്ചയവുമില്ലാത്തതിനാൽ വെള്ളവും ഭക്ഷണവും ജീവനക്കാർ തന്നില്ല. പലരും ഛർദിച്ചും ക്ഷീണിച്ചും അവശരായി. അവസാനം ഒരു മത്സ്യബന്ധന ബോട്ടിെൻറ ശ്രദ്ധയിൽപെട്ട് അവരാണ് ലോഞ്ച് വലിച്ചുകെട്ടി വീണ്ടും ബോംബെ തീരത്തെത്തിച്ചത്.
അറ്റകുറ്റപ്പണി നടത്തി വീണ്ടും അതേ ഉരുവിൽ യാത്ര. പക്ഷേ, മറ്റൊരു കടൽപരീക്ഷണത്തിന് ധൈര്യമില്ലാതെ ആദ്യയാത്രയിലുള്ളവരെല്ലാം പിന്മാറിയിരുന്നു. മനാഫും മറ്റു രണ്ടുപേരും ഒഴിച്ച്. ഒരു പിതാവും മകനുമായിരുന്നു ആ രണ്ടുപേരെന്ന് മനാഫ് ഒാർക്കുന്നു. കുറേ പുതിയ യാത്രക്കാരും. മൊത്തം 29 പേർ. ഭയാനകം തന്നെയായിരുന്നു ആ യാത്രയും. ഉയർന്നുപൊന്തിയ കൂറ്റൻ തിരമാലകളിൽ ചെറിയ ഉരു ആടിയുലഞ്ഞെങ്കിലും മുൻനിശ്ചയിച്ച പ്രകാരം അഞ്ചാം ദിവസം കരകണ്ടു.
ഉരു ജീവനക്കാർ ദൂരെ കര കാണിച്ച് ഇറക്കിവിട്ടു. കരയിലെത്തിയപ്പോഴാണ് അത് ദുബൈയല്ല ഒമാനാണെന്ന് മനസ്സിലായത്. തീരത്തിലൂടെ നടന്നെത്തിയത് ഒമാൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മുന്നിൽ. ബോംബെയിൽനിന്ന് ദുബൈയിലേക്ക് വന്നതാണെന്നും മറ്റു നടന്ന കാര്യങ്ങളും പറഞ്ഞപ്പോൾ അവർ കസ്റ്റംസിെൻറ െറസ്റ്റ്ഹൗസിൽ കൊണ്ടുപോയി താമസിപ്പിച്ചു. ഭരണാധികാരിയെ വിവരം അറിയിച്ചു. ഭക്ഷണവും തന്നു. രണ്ടുദിവസത്തിന് ശേഷം ഒമാൻ കസ്റ്റംസിെൻറ ബോട്ടിൽ ദുബൈ അതിർത്തിയിൽ കൊണ്ടുവിടുകയായിരുന്നു.
ഹത്ത ഭാഗത്താണ് ബോട്ടടുത്തത്. അവിടെ നിന്ന് റോഡുമാർഗം ടാക്സിയിൽ ദുബൈയിലേക്ക്. ആരുടെ കൈയിലും കാശില്ലായിരുന്നു. ദുബൈയിലെത്തുന്ന പ്രവാസികളുടെെയല്ലാം ആദ്യ അത്താണി അന്ന് ചില ഹോട്ടലുകളായിരുന്നു. ബോംബെയിൽനിന്ന് പുറപ്പെടുേമ്പാഴേ ഏജൻറുമാർ പറഞ്ഞുകൊടുക്കും ലക്ഷ്യം. ഒന്നുകിൽ ഖാദർ ഹോട്ടൽ അല്ലെങ്കിൽ ഡീലക്സ് ഹോട്ടൽ. അങ്ങനെ നായിഫ് റോഡിലെ ഡീലക്സ് ഹോട്ടലിലെത്തി. മഹാമനസ്കരായിരുന്നു അതിെൻറ ഉടമകൾ. ഹോട്ടലുകാരോട് കാര്യം പറഞ്ഞപ്പോൾ ടാക്സിക്കാരന് കാശ് കൊടുക്കുക മാത്രമല്ല, വന്നവർക്കെല്ലാം ഭക്ഷണവും താമസസൗകര്യവും നൽകി. ജീവനക്കാരുടെ താമസകേന്ദ്രത്തിനടുത്ത വില്ലയായിരുന്നു വിശ്രമിക്കാൻ നൽകിയത്. വൈകുന്നേരമാകുേമ്പാൾ ജോലിയുള്ളവരും ഇല്ലാത്തവരുമായ ധാരാളം മലയാളികൾ അവിടെ ഒത്തുകൂടുമായിരുന്നു. ഇങ്ങനെ വന്നവരിൽ പരിചയക്കാരെയോ നാട്ടുകാരെയോ തിരയും എല്ലാവരും. ഒരു ദിവസമേ മനാഫിന് അവിടെ നിൽക്കേണ്ടിവന്നുള്ളൂ. രണ്ടാം ദിവസം ബന്ധുവായ വഹാബിനെ കണ്ടു.
1971 നവംബർ 16ന് ദുബൈയിലെത്തിയ മനാഫിന് 28ന് തന്നെ ജോലി കിട്ടി. അതൊരു ഭാഗ്യം തന്നെയായിരുന്നു. ദുബൈ കസ്റ്റംസിലുണ്ടായിരുന്ന ബന്ധുവാണ് ജോലി വാങ്ങിക്കൊടുത്തത്. അൻവർ അൽ യാഫി എൽ.എൽ.സി എന്ന കമ്പനിയിൽ. ഉടമയായ ലബനാൻ സ്വദേശിയുടെ പേരു തന്നെയായിരുന്നു കമ്പനിക്ക്. േജാലിയിൽ ചേരുേമ്പാൾ ഉടമയടക്കം ആറു ജീവനക്കാർ മാത്രം. കയറ്റുമതി^ഇറക്കുമതി മേഖലയിലെ ക്ലിയറിങ്, ഫോർവേഡിങ്, ഗതാഗതം തുടങ്ങിയവയാണ് കമ്പനിയുടെ പ്രവർത്തനരംഗം. ഇപ്പോഴും അതേ സ്ഥാപനത്തിൽതന്നെയാണ് മനാഫ്. മകനെപ്പോലെയായിരുന്നു അൻവർ അൽ യാഫിക്ക് മനാഫ്. കസ്റ്റംസിലും മറ്റു ഒാഫിസുകളിലുമെല്ലാം രണ്ടുപേരും ഒന്നിച്ചായിരുന്നു പോക്ക്. പത്തുവർഷം മുമ്പ് അദ്ദേഹം മരിച്ചതോടെ രണ്ടാമത്തെ മകൻ ഹാദി അൽ യാഫി സ്ഥാപന നടത്തിപ്പ് ഏറ്റെടുത്തു. പക്ഷേ, മനാഫില്ലാത്ത സ്ഥാപനം അദ്ദേഹവും ആലോചിച്ചില്ല.
ക്ലിയറിങ് ക്ലർക്കായാണ് മനാഫ് തുടങ്ങിയത്. ദേരയിൽ അന്നത്തെ ഏറ്റവുംവലിയ കെട്ടിടമായ പത്തു നിലയുള്ള ശൈഖ് ലത്തീഫ ബിൽഡിങ്ങിലായിരുന്നു ഒാഫിസ്. ആദ്യ ശമ്പളം 200 ദിർഹം. അന്ന് 40ഒാളം പേർ ഒന്നിച്ചാണ് താമസിച്ചിരുന്നത്. പല നാട്ടുകാർ, മതക്കാർ, രാഷ്ട്രീയക്കാർ ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞ അക്കാലത്തെക്കുറിച്ച് ഏറെ ഗൃഹാതുരത്വത്തോടെയാണ് മനാഫ് സംസാരിച്ചത്. ജോലിയുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രം. പക്ഷേ, അവരുടെ ചെലവിൽ എല്ലാവരും സന്തോഷത്തോടെ കഴിഞ്ഞിരുന്നു. ഒന്നിച്ച് അരിയും സാധനങ്ങളും വാങ്ങും. പണിക്ക് പോകാത്തവർ പാചകം ചെയ്യും.
പലരും വണ്ടി കഴുകിയും മറ്റും ചെറിയ വരുമാനമുണ്ടാക്കിയിരുന്നു. ഇന്ത്യൻ രൂപയും കടകളിൽ സ്വീകരിക്കുന്ന കാലമായിരുന്നു അത്. സാധനങ്ങൾക്കെല്ലാം വളരെ വിലക്കുറവ്. ചൂടുകാലത്ത് എല്ലാവരും ഒന്നിച്ച് ടെറസിന് മുകളിലായിരിക്കും കിടക്കുക. അല്ലാത്തപ്പോൾ മുറിയിൽ പായവിരിച്ച്. നാടുമായുള്ള ബന്ധം കത്തിലൂടെ മാത്രം. താമസകേന്ദ്രത്തിന് സമീപത്തെ പോസ്റ്റ് ബോക്സുള്ള ഏതെങ്കിലും സൂപ്പർമാർക്കറ്റിെൻറ വിലാസമാണ് വീട്ടുകാർക്ക് നൽകുക. വിവിധ നാട്ടുകാർ വെള്ളിയാഴ്ചകളിൽ ഒരിടത്ത് ഒത്തുച്ചേർന്ന് വിശേഷങ്ങൾ പങ്കുവെക്കും. അന്ന് വെഞ്ഞാറമൂടുകാരും പരിസരത്തുള്ളവരും സംഗമിച്ചിരുന്നത് നായിഫ് പാർക്കിലായിരുന്നു. വർക്കലക്കാർ വേറൊരിടത്ത്. മലബാറുകാർക്ക് വേറെ ഇടം. പിന്നെ നാട്ടുകാരെ കാണുക സിനിമ തിയറ്ററിലും പരിസരത്തും വെച്ചായിരിക്കും.
ആദ്യം നാട്ടിൽ പോകുന്നത് ഒമ്പതുവർഷത്തിന് ശേഷമാണ്^1980ൽ. അതിനുമുമ്പ് തന്നെ ജ്യേഷ്ഠനുൾപ്പെടെ ഏതാനും ബന്ധുക്കളെയും നാട്ടുകാരെയും മനാഫ് ദുബൈയിലെത്തിച്ചിരുന്നു. ശേഷവും കൊണ്ടുവന്നു നിരവധിപേരെ. അവർക്കെല്ലാം ജോലിയാക്കി കൊടുക്കുകയും ചെയ്തു. ആദ്യ പോക്കിൽതന്നെ വിവാഹം കഴിച്ചു. അധികംവൈകാതെ ഭാര്യ കൊല്ലം സ്വദേശിനി സീനത്തും ദുബൈയിലെത്തി. കുറേകാലം കൂട്ടുകുടുംബമായായിരുന്നു ദുബൈയിലും ജീവിതം. രണ്ടു സഹോദരിമാരും ജ്യേഷ്ഠനും കുടുംബസമേതം മനാഫിെൻറ കൂടെ ഒന്നിച്ചായിരുന്നു. ദേരയിൽ രണ്ടുനില വീടെടുത്തായിരുന്നു താമസം.
1992ൽ ഗൾഫ് യുദ്ധകാലത്ത് ഭാര്യയെയും മക്കളെയും നാട്ടിലേക്കയച്ചു. ഒമ്പതുവർഷത്തിന് ശേഷമാണ് തിരിച്ചുവന്നത്. മൂന്നു പെൺമക്കളും സീബി, സെറിൻ, സുമി^ഇവിടെയാണ് ജനിച്ചത്. മൂന്നുപേരുടെയും വിവാഹം കഴിഞ്ഞു. എല്ലാവർക്കും വീട് പണിതുനൽകുകയും ചെയ്തു. ജീവിതത്തിലെ പ്രധാന നേട്ടങ്ങളായി മനാഫ് പറയുന്നത് ഇവയാണ്. സെറിൻ ഒഴിച്ച് രണ്ടുപേർ നാട്ടിലാണ്. ആറു പേരക്കുട്ടികളുണ്ട് മനാഫിനും സീനത്തിനും. ദുബൈയിലേക്കുള്ള പ്രവാസികളുടെ പ്രവാഹത്തിന് സാക്ഷിയാണ് മനാഫ്. വന്ന സമയത്ത് ജനസംഖ്യ വളരെ കുറവായിരുന്നു. ദുബൈ, ക്രീക്കിെൻറ ഇരു കരകളിലുമായി ഒതുങ്ങിനിന്ന ചെറിയൊരു പട്ടണം മാത്രം. ദേരയിലെ അൽനാസർ സ്ക്വയറായിരുന്നു അന്ന് ദുബൈയുടെ ഹൃദയം. പിന്നീട് ആളുകളും തെരുവുകളും കെട്ടിടങ്ങളും പെരുകി.
നഗരം കൂടുതൽ വലുതായിക്കൊണ്ടിരുന്നു. സിനിമയായിരുന്നു ആശ്വാസം. തിയറ്ററുകളിൽ കൂടുതലും മലയാളം, ഹിന്ദി സിനിമകളായിരുന്നു. ടെലിവിഷനോ റോഡിയോേയാ ഉണ്ടായിരുന്നില്ല. 10 വർഷത്തോളം പത്രംപോലും വായിച്ചിട്ടില്ലെന്ന് മനാഫ്. നാട്ടിൽ മരണം നടന്നാൽ വരെ വളരെ വൈകിയാണ് അറിയുക. അറിഞ്ഞാൽതന്നെ പെെട്ടന്ന് നാട്ടിൽ പോകാനൊന്നും ഇന്നത്തെ പോലെ കഴിയില്ലായിരുന്നു. പ്രവാസിയുടെ വലിയ ദുഃഖങ്ങളിലൊന്നായിരുന്നു അത്. മനാഫിനും ഭാര്യ സീനത്തിനും തന്നെ അങ്ങനെയൊരു അനുഭവമുണ്ട്. 1982ൽ സീനത്തിെൻറ പിതാവ് നാട്ടിൽ ഹൃേദ്രാഗം ബാധിച്ച് മരിച്ചിട്ട് കാണാൻ പറ്റിയില്ല. വിവരമറിഞ്ഞപ്പോൾ വൈകി. നാട്ടിൽ പെെട്ടന്ന് പോകാൻ അന്ന് വിമാനവുമില്ലായിരുന്നു. ദുബൈയിൽ നിന്ന് വിമാനമില്ലാത്തതിനാൽ അബൂദബിയിൽ ചെന്നാണ് നാട്ടിലേക്ക് തിരിച്ചത്. അപ്പോഴേക്ക് ഖബറടക്കം കഴിഞ്ഞിരുന്നു.
1981ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ യു.എ.ഇ സന്ദർശനം വലിയ സംഭവമായിരുന്നു. പ്രസിഡൻറ് ശൈഖ് സായിദ് ബിൻ സുൽത്താെൻറയും പ്രധാനമന്ത്രി ശൈഖ് റാശിദ് ബിൻ സഇൗദിെൻറയും നേതൃത്വത്തിൽ വൻ സ്വീകരണമായിരുന്നു ഇന്ദിരക്ക് നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ അന്നത്തെ കരാറനുസരിച്ചാണ് അന്ന് ഒൗദ്യോഗിക രേഖകളില്ലാത്ത പതിനായിരങ്ങൾക്ക് പാസ്പോർട്ടും വിസയും അനുവദിച്ചത്. ഒരേ സ്ഥാപനത്തിൽതന്നെ നീണ്ട കാലം ജോലി ചെയ്തതുകൊണ്ട് താൻ ഏറെ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്ന് മനാഫ്. ശമ്പളത്തിലും മറ്റു സൗകര്യങ്ങളിലും സംതൃപ്തനാണ്. അതുകൊണ്ട് തന്നെ വേറെ ജോലി നോക്കിയില്ല. തിരിച്ചുപോകാൻ കമ്പനി അനുവദിക്കുന്നില്ല. ആരോഗ്യമുള്ളിടത്തോളം കാലം ഇതേ കമ്പനിയിൽ തുടരാനാണ് താൽപര്യം. വിരമിക്കൽ പ്രായം 60 ആണെങ്കിലും 65 വയസ്സിലും തുടരുകയാണ്. ഒാപറേഷൻസ് മാനേജറാണ് ഇപ്പോഴത്തെ തസ്തിക.
വന്ന കാലഘട്ടത്തിൽ ജോലിസംബന്ധമായി കസ്റ്റംസ് ഒാഫിസിൽ പോകാറുണ്ടായിരുന്നു. കസ്റ്റംസ് ഒാഫിസ് റൂളേഴ്സ് ഒാഫിസിലാണ്. അതിനോട് ചേർന്നായിരുന്നു ദുബൈ ഭരണാധികാരി ശൈഖ് റാശിദിെൻറ മജ്ലിസ്. അവിടെവെച്ച് അദ്ദേഹത്തെ പലതവണ കണ്ടിട്ടുണ്ട്. മനുഷ്യത്വമുള്ള ഭരണാധികാരികളാണ് എല്ലാകാലത്തും യു.എ.ഇയുടേത്. ഇൗ രാജ്യത്തിെൻറ വികസനത്തിലും വിജയത്തിലും അത് വലിയ ഘടകമാണ്. ഇത്രയും കാലത്തെ യു.എ.ഇ അനുഭവങ്ങൾ പഠിപ്പിച്ച ഒരുപാട് കാര്യങ്ങളുണ്ട്. ചെയ്യുന്നത് നിയമപരവും ശരിയുമാണെങ്കിൽ ആരുടെ മുന്നിലും തല ചൊറിയേണ്ട. കൈക്കൂലി ഇല്ല. സർക്കാർ കാര്യങ്ങളെല്ലാം അതിവേഗത്തിലാണ്. എത്ര വലിയ ഉദ്യോഗസ്ഥരോടും കാര്യങ്ങൾ സംസാരിക്കാം, പ്രശ്നങ്ങൾ പറയാം. അറബികളുടെ കാരുണ്യവും സ്നേഹവും പലതവണ നേരിൽ അനുഭവിച്ചിട്ടുണ്ട്. നമ്മുടെ വണ്ടി മണലിൽ കുടുങ്ങിയോ ഇന്ധനം തീർന്നോ നിൽക്കുന്നത് കണ്ടാൽ അതുവഴി പോകുന്ന അറബികൾ വാഹനം നിർത്തി അന്വേഷിക്കും. പിന്നെ വേണ്ട എല്ലാ സഹായവും ചെയ്തിേട്ട അവർ പോകൂ.
സാമൂഹികപ്രവർത്തന രംഗത്തോ അതുമായി ബന്ധപ്പെട്ട കൂട്ടായ്മകളിലോ സജീവമായിരുന്നില്ല മനാഫ്. ഒാഫിസും വീടുമായിരുന്നു ജീവിത ചംക്രമണത്തിലെ രണ്ടു അറ്റങ്ങൾ. ഇതിനിടെ 1981ൽ ജ്യേഷ്ഠനുമായി ചേർന്ന് ഒരു സൂപ്പർമാർക്കറ്റ് തുടങ്ങിയിരുന്നു. തുടക്കത്തിൽ നന്നായി പോയെങ്കിലും പിന്നീട് നഷ്ടത്തിലായി. കുറേ പണം അതിൽ പോയി. രണ്ടു വർഷത്തിലൊരിക്കലാണ് നാട്ടിൽ പോകാറ്. അതുകൊണ്ട് തന്നെ നാട്ടിൽ ചെലവഴിച്ച കാലം വളരെ കുറവാണ്. ഇതുവരെ വോട്ടുചെയ്യാനായിട്ടില്ല എന്നത് ഒരു സങ്കടമാണ്. കഴിഞ്ഞ പോക്കിൽ ആധാർ കാർഡെടുത്തു. എന്നായാലും തിരിച്ചുപോകണമല്ലോ അപ്പോൾ ആവശ്യംവരും എന്ന മനാഫിെൻറ ആത്മഗതത്തിൽ പെറ്റനാടിെൻറ മടക്കിവിളി മുഴങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.