നയതന്ത്ര രീതികൾ തിരുത്തിയ മനുഷ്യസ്നേഹി
text_fieldsപഴയ കോളജ് മാഗസിനുകളിലെ ആദ്യപേജ് ഒാർമയുേണ്ടാ? ഫോൺ കൈയിലെടുത്ത് നിസ്സംഗതയോടെ ഇരിക്കുന്ന ഒരാളുടെ ചിത്രം. അടിയിൽ പ്രിൻസിപ്പൽ എന്ന അടിക്കുറിപ്പ് കാണും. ചിലപ്പോൾ പേരും. എല്ലാ മാഗസിനുകളിലും പ്രിൻസിപ്പൽമാരുടെ ചിത്രം അങ്ങനെ തന്നെ വേണമെന്ന് വല്ല അലിഖിത നിയമവും ഉണ്ടായിരുന്നോ എന്നൊന്നും അറിയില്ല. ആരും പതിവ് തെറ്റിച്ചില്ല. തൊണ്ണൂറുകളോടെയാണ് അതിൽ കുറച്ചൊക്കെ മാറ്റം കണ്ടത്. ഒരുപേക്ഷ, മൊബൈൽ ഫോൺ വ്യാപകമായതോടെ പ്രിൻസിപ്പൽ ചിത്രവും മാറിയതാകാം.
കോളജ് കാലം കഴിഞ്ഞ് ഗൾഫിലെത്തിയപ്പോൾ വീണ്ടും കണ്ടു, പഴയ ചിത്രത്തിെൻറ സ്ഥാനത്ത് പുതിയ ചില അവതാരങ്ങൾ. മുഖത്ത് അതേ നിസ്സംഗഭാവം. അധികാരത്തിെൻറ കടുപ്പിച്ച നോട്ടം. പ്രിൻസിപ്പലുടെ സ്ഥാനത്ത് അടിക്കുറിപ്പായി അംബാസഡർ, കോൺസുൽ ജനറൽ എന്നീ നാമമാറ്റങ്ങൾ മാത്രം. ലുക്കിൽ എന്തിരിക്കുന്നു എന്നാകും. ലുക്കിൽ മാത്രമല്ല, നോക്കിലും വാക്കിലും ഒക്കെ അനുഭവിച്ചറിഞ്ഞു, അതേ നിസ്സംഗത. പല ഗൾഫ് രാജ്യങ്ങളിൽ, പല സ്ഥാനപതിമാർ വന്നു പോയി. ഒാർമയിൽ പലരും ബാക്കിയാകുന്നില്ല. ചിലപ്പോൾ സ്വമേധയാ ചോദിച്ചു േപാകും-ഇതൊരു അസുഖമാണോ ഡോക്ടർ?
ഉടൻ ഉത്തരം കിട്ടും. പ്രശ്നം നമ്മുടേതല്ല. സ്ഥാനപതിമാരുടേതും അല്ല. സിസ്റ്റത്തിേൻറതാണ്. അതങ്ങനെ മാത്രമേ പോകാവൂ എന്നുറപ്പിച്ചാണ് അവരിൽ പലരും ഗൾഫിലേക്ക് വിമാനം കയറുന്നത്. സുഖിപ്പിക്കലിെൻറയും ആദരിക്കലിെൻറയും ആത്മരതിയുടെയും വിളഭൂമിയിൽ ഒരു മൂന്നാണ്ട് സുഖജീവിതം. അതുകഴിഞ്ഞാൽ അടുത്ത മേച്ചിൽപുറം. അത്രയേ ഒരു സ്ഥാനപതി കൊതിക്കുന്നുള്ളൂ. അവർ മാത്രമല്ല, സിസ്റ്റവും. എന്നിട്ടും എന്തുകൊണ്ട് ഒരു മുൻ സ്ഥാനപതി വിടവാങ്ങിയ വാർത്ത ഉള്ളിൽ തേങ്ങൽ ഉയർത്തി? അവിടെയാണ് ഡോ. ജോർജ് േജാസഫിെൻറ മികവ്. ദുബൈയിലും സൗദിയിലും ഖത്തറിലും ബഹ്റൈനിലും സാധാരണ മനുഷ്യർ വല്ലാതെ സങ്കടം കൊള്ളുന്നു. അതുകാൺകെ, മനസ്സ് പറയുന്നു, ആ ജീവിതം എത്ര ധന്യം.
കൂട്ടത്തിൽ ഒരാൾ മാത്രമായിരുന്നില്ല ഡോ. ജോർജ് ജോസഫ്. എന്തുകൊണ്ട്? ഉത്തരം: മറ്റു പലരിൽ നിന്നും അയാൾ തികച്ചും വ്യത്യസ്തനായിരുന്നു. െഎ.എഫ്.എസ് എന്നതു പോലും സിസ്റ്റത്തിെൻറ വാർപ്പുരൂപം. അതിന് പാകപ്പെടുത്തുന്നവർ കൃത്യമായ ചില നിഷ്ഠകളും പ്രകൃതങ്ങളും സൂക്ഷിക്കണം. ഒൗപചാരികതയുടെ കർശന ചട്ടക്കൂട്. പുറം രാജ്യങ്ങളിൽ അതു പ്രശ്നമല്ല. എന്നാൽ, ഗൾഫിടങ്ങളിൽ സ്ഥിതി ഭിന്നം. തുച്ഛവരുമാനക്കാരുടെ, അസ്ഥിര ഉപജീവനം നയിക്കുന്നവരുടെ ആധിക്യമാണ് ഗൾഫ് തൊഴിലിടങ്ങളിൽ. അതിൽ ഇന്ത്യക്കാർ തന്നെ കൂടുതൽ. പരാതികളും സങ്കടവൃത്താന്തങ്ങളും ഒഴിഞ്ഞ ദിനങ്ങൾ ഉണ്ടാകില്ല. ഉള്ളിൽ അലിവുള്ള ഒരു സ്ഥാനപതിക്ക് ഇതൊന്നും തെൻറ ജോലിയല്ലെന്ന് പറഞ്ഞ് ഒഴിയാനുമാകില്ല. 2010ൽ ബഹ്റൈൻ സ്ഥാനപതി ആയിരിക്കെ, വിരമിച്ച ആളാണ് ഡോ. ജോർജ് ജോസഫ്. വർഷങ്ങൾ കഴിഞ്ഞിട്ടും ആ മനുഷ്യനെ ഗൾഫ് മറന്നില്ല. ഒാരോ വേളയിലും അങ്ങനെ ഒരു സ്ഥാനപതി ഇനിയും വന്നെങ്കിൽ എന്നവർ പരസ്പരം മൊഴിഞ്ഞു. ഒരു െഎ.എഫ്.എസുകാരന് ലഭിക്കാൻ ഇതിലപ്പുറം ഇനിയെന്തു വേണം?
ആർക്കും ബുദ്ധിമുട്ടില്ലാതെ ഉൗഴം പൂർത്തിയാക്കുക. പരമാവധി ഉദ്ഘാടന പരിപാടികളിൽ മുഖം കാണിക്കുക. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് നാളിലും എംബസി വളപ്പിൽ പതാക ഉയർത്തി രാഷ്ട്രപതിയുടെ പ്രസംഗം വായിക്കുക. സത്യത്തിൽ ഇത്രയേ ഉള്ളൂ നിയോഗം. എന്നാൽ, മുന്നിൽ വന്നു പിടയുന്ന പരാതിക്കത്തുകളും വാർത്താ മാധ്യമങ്ങളിൽ നിറയുന്ന സങ്കടമുഖങ്ങളും േഡാ. ജോർജ് ജോസഫിനെ പുതുവഴി വെട്ടാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് എംബസിയുടെയും കോൺസുലേറ്റിെൻറയും പുറത്തേക്ക് അയാൾ വന്നത്. അതിലൂടെ ഇടപെടലിെൻറ സാധ്യതകൾ വികസിപ്പിച്ചെടുത്തത്. ഒരു സ്ഥാനപതിക്ക് ഇത്രയൊക്കെ ചെയ്യാൻ കഴിയുമോ? പലരും അദ്ഭുതപ്പെട്ടു. ‘എക്സലൻസി’ വിളിപ്പേരിെൻറ അധികാര ധാർഷ്ട്യത്തെയും ജോർജ് ജോസഫ് കുടഞ്ഞെറിഞ്ഞു.
സ്വന്തം നാട്ടിലെ ഏറ്റവും ദരിദ്രനായ മനുഷ്യർ. അവർക്കു വേണ്ടിയാകണം എംബസിയും േകാൺസുലേറ്റുമെന്ന് ഇരിക്കുന്ന കസേരയുടെ മരം തലയിൽ കയറിയ ഉദ്യോഗസ്ഥരെ അദ്ദേഹം നിരന്തരം ഒാർമിപ്പിച്ചു. അതിന് പ്രായോഗികത പകർന്നു. ‘ഒാപൺ ഹൗസ്’ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അതിെൻറ തെളിവായി. തുച്ഛവരുമാനക്കാരായ മനുഷ്യരോടുള്ള അർപ്പണമുദ്രയായി മാറുകയായിരുന്നു അത്തരം വേദികൾ.
ഗൾഫ് തൊഴിൽ വിപണിയിലെ അരക്ഷിത നാളുകൾ കൂടിയായിരുന്നു അത്. ശമ്പളനിഷേധവും സ്പോൺസർമാരുടെ പീഡനങ്ങളും തുടർക്കഥകളായി മാറിയ നാളുകൾ. എന്നിട്ടും സ്വാധീനമുള്ള ഇന്ത്യൻ തൊഴിലുടമകൾക്ക് സ്ഥാനപതി വഴങ്ങിയില്ല. പ്രശ്നപരിഹാരത്തിന് സാധ്യമായതൊക്കെയും ചെയ്തു. സാമൂഹിക പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും നയതന്ത്ര കേന്ദ്രങ്ങളിൽ കൂടുതൽ ഇടം നൽകി. മാധ്യമങ്ങളിൽ വരുന്ന ദുരിതവാർത്തകളിൽ കൃത്യമായ ഇടപെടൽ നടത്തി. അനാരോഗ്യം തളർത്തിയ ഘട്ടത്തിലും കണ്ണീർജന്മങ്ങളുടെ മോചനത്തിന് കാവലിരുന്നു.
സന്നദ്ധ പ്രവർത്തകർക്ക് ഉൗർജം പകർന്നു. സൗജന്യ നിയമ സഹായ സംരംഭങ്ങൾക്കും ആദ്യമായി തുടക്കം കുറിച്ചു. പരദേശ ജന്മങ്ങളുടെ കഠിനജീവിത വഴികളെ കുറിച്ച് അദ്ദേഹം നിരന്തരം സങ്കടം കൊണ്ടു. ശാശ്വത പരിഹാരം. അതിന് നയതന്ത്രത്തേക്കാൾ ചില രാഷ്ട്രീയ തീരുമാനങ്ങൾ കൂടിയേ തീരൂ എന്നായിരുന്നു േഡാ. ജോർജ് ജോസഫിെൻറ പക്ഷം. എന്തുകൊണ്ട് എന്ന ചോദ്യം ഉന്നയിച്ചപ്പോൾ ഉടൻ ലഭിച്ചു, ഉത്തരം ഡൽഹിയിൽനിന്ന് ഗൾഫിലേക്കുള്ള അകലം പ്രശ്നം തന്നെയാണെന്ന്. എല്ലാം ആ പറഞ്ഞതിൽ അടങ്ങിയിരുന്നു.
ഗൾഫ് ഭരണ നേതൃത്വവുമായി ഡൽഹിക്ക് അടുപ്പം കൂടിയിട്ടുണ്ട്. ശരിതന്നെ. പക്ഷേ, പരദേശി ജീവിതങ്ങളുടെ വീണ്ടെടുപ്പിന് കാര്യമായ നീക്കം ഇനിയും ഉണ്ടായില്ലെന്നു മാത്രം. ഒന്നുറപ്പിച്ചു പറയാം. നമ്മുടെ വിദേശകാര്യ സർവിസിെൻറ നല്ലൊരു ഉൽപന്നം. അതായിരുന്നു ഡോ. ജോർജ് ജോസഫ്. വിടവാങ്ങിയാലും ആ മുഖം അത്രയെളുപ്പം ഗൾഫ് മറക്കില്ലെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.