ഗള്‍ഫ് ഒളിജീവിതങ്ങളും പൊതുമാപ്പിന്‍െറ സാന്ത്വനവും
text_fieldsബഹ്റൈനിലെയും യു.എ.ഇയിലെയും പൊതുമാപ്പ് കാലമാണ് ഓര്‍മയില്‍. ഇത്രയേറെ മനുഷ്യര്‍ ‘ഒളിജീവിതം’ നയിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ ആദ്യമൊക്കെ ശരിക്കും ഞെട്ടി. നോക്കിനില്‍ക്കെ, എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും മുന്നില്‍ ക്യൂ നീളുകയായിരുന്നു. അതില്‍ നിരന്ന മനുഷ്യര്‍ക്കെല്ലാം ഒരേ മുഖഭാവം. അനധികൃതരായി വര്‍ഷങ്ങള്‍ പിന്നിട്ട വിവരം പലരും അറിഞ്ഞതു പോലുമില്ല. പറഞ്ഞിട്ടു കാര്യമില്ല. തുച്ഛവരുമാനക്കാരന്‍െറ നിത്യദുരിത ഭൂമികയില്‍ കാലം തന്നെയും നിശ്ചലമായിരുന്നു. ഒടുക്കം നിയമപരിരക്ഷയില്‍ മടങ്ങുമ്പോള്‍ ഒന്നും നേടിയില്ലല്ളോ എന്ന ബോധ്യത്തില്‍ ആ കണ്ണുകളില്‍ തളംകെട്ടി നിന്നതും നിറഞ്ഞ നിശ്ചലത തന്നെ.
കോഴിക്കോട് സ്വദേശി കുഞ്ഞുമുഹമ്മദ് അവരില്‍ ഒരാള്‍. യു.എ.ഇയില്‍ നീണ്ട 12 വര്‍ഷം അനധികൃതന്‍. കാര്‍ കഴുകിയും അല്ലറചില്ലറ തൊഴിലുകളില്‍ ഏര്‍പ്പെട്ടുമായിരുന്നു ജീവിതം. ആഗ്രഹിച്ചിട്ടല്ല, വിസ പുതുക്കാനുള്ള മിച്ചം പോലും ഉണ്ടായിരുന്നില്ല. ഒടുവില്‍ ആരോ വെച്ചുനീട്ടിയ വിമാനടിക്കറ്റിലായിരുന്നു നാട്ടിലേക്കുള്ള മടക്കം. യൗവനത്തില്‍ നല്ളൊരു പങ്കും മണല്‍ നഗരത്തിന് നല്‍കിയ ഇതേ പോലെ എത്രയെത്ര മനുഷ്യജന്മങ്ങള്‍. എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഇടക്ക് നല്‍കുന്ന പൊതുമാപ്പ് ഉദാരതയുടെ ഏറ്റവും മികച്ച പ്രതീകം തന്നെയാണ്.
‘നിയമാനുസൃത’ ജീവിതം നയിക്കുന്ന നമുക്കറിയില്ല, അതില്ലാത്തവന്‍െറ സങ്കടവേവലാതികള്‍. ഗള്‍ഫ് രാജ്യങ്ങളെ സമ്മതിക്കണം. പൊതുമാപ്പിലൂടെ അവര്‍ വേണ്ടെന്നു വെക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് തുണയാകേണ്ട വന്‍തുകയാണ്. സാമ്പത്തിക പിരിമുറുക്കത്തിനിടയില്‍ പോലും ഖത്തറില്‍ സമാപിച്ച പൊതുമാപ്പ് നല്‍കുന്ന സന്ദേശവും ചെറുതല്ല. വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയിട്ടും എവിടെയും എത്താതെ പോയ മനുഷ്യരുടെ സങ്കടസമസ്യകള്‍ തന്നെയായിരുന്നു ഖത്തര്‍ പൊതുമാപ്പ് വേളയിലും കണ്ടത്. മലയാളികളുള്‍പ്പെടെ ആയിരങ്ങളുണ്ട് അനധികൃത കുടിയേറ്റക്കാരായി ഖത്തറില്‍. അവരില്‍ എത്രപേര്‍ ഇപ്പോള്‍ അവസാനിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി എന്നറിയില്ല. തങ്ങള്‍ക്കു വേണ്ടി ഇനിയും പൊതുമാപ്പ് വന്നത്തെുമെന്ന പ്രതീക്ഷയില്‍ മുഖം കൊടുക്കാതെ തിരിഞ്ഞു നടന്ന പലരും ഇനിയുമുണ്ടാകും.
തങ്ങള്‍ക്കായി അധികൃതര്‍ കാലാവധി നീട്ടുമെന്നും അതല്ളെങ്കില്‍ മറ്റൊരു പൊതുമാപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നും പ്രതീക്ഷിച്ച് ഉള്‍വലിഞ്ഞവരും ധാരാളം. ഖത്തര്‍ പൊതുമാപ്പ്, കൈവശാവകാശ രേഖകള്‍ ഇല്ലാത്ത പതിനായിരം പേര്‍ക്കെങ്കിലും ഉപകരിച്ചുവെന്നത് നേര്. ഇന്ത്യക്കു പുറമെ നേപ്പാള്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു അവര്‍. നിസ്സഹായ മനുഷ്യരുടെ പതിവ് ഘോഷയാത്ര തന്നെയായിരുന്നു പൊതുമാപ്പു വേളയില്‍ ദോഹയില്‍ കണ്ടത്. പതിറ്റാണ്ടിലേറെയായി ഒളിവില്‍ കഴിഞ്ഞ് വിവിധ ജോലികള്‍ ചെയ്തുവന്ന കണ്ണൂരിലെ പരമേശരന്‍, 12 വര്‍ഷം ഗദ്ദാമയായി കഴിഞ്ഞ പത്തനംതിട്ട സ്വദേശിനി സഫിയ, ആട്ടിടയനായി മണലാരണ്യത്തില്‍ കഴിഞ്ഞ തമിഴ്നാട് സ്വദേശി. ചിത്രം പഴയതു തന്നെ. ഏറെ പ്രതീക്ഷിച്ചു വന്നത്തെി, ഒന്നും നേടാതെ മടങ്ങിയവരുടെ പരമ്പരയിലേക്കുള്ള പുതിയ കണ്ണികള്‍. വ്യാഴവട്ടം മുമ്പായിരുന്നു നേരത്തെ ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇത്തവണ പുതിയ തൊഴില്‍ നിയമം വരുകയാണ്. അതിന്‍െറ മുന്നോടിയായുള്ള തൊഴില്‍ വിപണി ശുദ്ധീകരണം കൂടിയായിരുന്നു മൂന്നു മാസം നീണ്ട പൊതുമാപ്പ്.
കുവൈത്തില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണം. എംബസി കണക്കു പ്രകാരം 29,000 ഇന്ത്യക്കാരുണ്ട് അനധികൃത പട്ടികയില്‍. കുവൈത്ത് താമസകാര്യ വകുപ്പ് മേധാവി തലാല്‍ മഅ്റഫിയെ, അദ്ദേഹത്തിന്‍െറ ഓഫിസില്‍ അടുത്തിടെ കണ്ടു. മറ്റു ചില മാധ്യമപ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് പ്രശ്നത്തിന്‍െറ വ്യാപ്തി ബോധ്യപ്പെട്ടത്. എന്നിട്ടും ഉദാരതയുടെ മൃദുഭാഷ കൈവിടാന്‍ അദ്ദേഹവും സഹപ്രവര്‍ത്തകരും ഒരുക്കമല്ളെന്നത് അദ്ഭുതപ്പെടുത്തി. എങ്കിലും ഒരുകാര്യം അദ്ദേഹം ഉണര്‍ത്തി: ‘‘രേഖകളില്ലാതെ കഴിയുന്നവര്‍ സ്വമേധയാ മുന്നോട്ടുവരണം. അനാവശ്യ ഭീതിയൊന്നും വേണ്ട. പിഴയടക്കാന്‍ പണമില്ലാത്തവര്‍ക്കും തിരിച്ചു പോകാം. പുതിയ വിസയില്‍ പക്ഷേ, അവര്‍ക്ക് മടങ്ങിവരാന്‍ കഴിയില്ളെന്നു മാത്രം’’.
ഒരു രാജ്യത്തിന്‍െറ കെട്ടുറപ്പിനു പോലും ഭീഷണി ഉയര്‍ത്തുന്നതാണ് അനധികൃത കുടിയേറ്റം. എന്നിട്ടും പക്വവും പ്രായോഗികവുമായ പരിഹാരം തേടുകയാണ് അവര്‍. അവിടെനിന്നിറങ്ങുമ്പോള്‍, ഞങ്ങള്‍ മാധ്യമങ്ങള്‍ കൂടി പങ്കുചേര്‍ന്ന ഐ.എസ്.ആര്‍.ഒ ചാരക്കേസ് സംഭവപരമ്പരകളായിരുന്നു മനസ്സു മുഴുവന്‍. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞ് രണ്ടാഴ്ച കൂടുതല്‍ തങ്ങിയെന്നതായിരുന്നല്ളോ, മാലി വനിതകളെ നീണ്ട കാലം ജയിലിലടക്കാനും ഭേദ്യം ചെയ്യാനും പ്രബുദ്ധ കേരളത്തെ പ്രേരിപ്പിച്ചത്?
ഓര്‍മകള്‍ ഉണ്ടായിരിക്കണം. പക്ഷേ, പലപ്പോഴും അത് ഒരു ഭാരംതന്നെയാണ്. എന്തിനും ഏതിനും ഗള്‍ഫ് രാജ്യങ്ങളെ കുറ്റപ്പെടുത്താന്‍ നമുക്ക് എന്തൊരുത്സാഹമാണ്? നന്നെ ചുരുങ്ങിയത്, അന്യദേശങ്ങളിലെ പൗരസമൂഹത്തോട് ഇവര്‍ പുലര്‍ത്തുന്ന അനുഭാവ നിലപാട് മാത്രം മതിയാകും അവരുടെ മറ്റെല്ലാ പോരായ്മകളും റദ്ദ് ചെയ്യപ്പെടാന്‍. കുവൈത്തില്‍ നിയമവിരുദ്ധമായി തുടരുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചത് മന്ത്രി വി.കെ. സിങ് ആയിരുന്നു. മാസം രണ്ട് കഴിഞ്ഞിട്ടും മന്ത്രിയും എംബസിയും മൗനത്തിലാണ്.
തുടര്‍നടപടിയാണ് വേണ്ടത്. പക്ഷേ, സാമ്പത്തികബാധ്യത പേടിച്ച് പിന്‍വാങ്ങിയതാകണം കേന്ദ്രം. ഒന്നുകില്‍ താമസം നിയമവിധേയമാക്കുക, അതല്ളെങ്കില്‍ രാജ്യം വിടുക. ഗള്‍ഫ് നാടുകള്‍ ഇടക്കിടെ ഏര്‍പ്പെടുത്തുന്ന പൊതുമാപ്പുകളുടെ പൊരുള്‍ ഇതാണ്. ഉദാരതയുടെ ആ ഇലയനക്കം അതിനി ഏറെക്കാലം ഉണ്ടാകുമെന്നും കരുതാന്‍ വയ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.