റോഹിങ്ക്യൻ ചോരയുടെ ദേശീയ ചരിത്രം
text_fieldsവംശീയ വിഭാഗീയതയുടെ പേരില്‍ ലോകത്ത് നടക്കുന്ന അറുകൊലകള്‍ മനസ്സ് മരവിപ്പിക്കുന്നവയാണ്. ലോകചരിത്രത്തില്‍ ഉടനീളം ഈ പ്രതിഭാസം ചോരച്ചാലുകള്‍ ഒഴുക്കിയിട്ടുണ്ട്. മത-രാഷ്ട്രീയ- ദേശീയ സ്പർധകള് മാത്രമല്ല വലിയ പലായനങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും മനുഷ്യക്കുരുതികള്‍ക്കും കാരണമായിട്ടുള്ളതെന്ന് നമുക്കറിയാം. കൊളോണിയലിസം പോലൊരു ഹിംസാത്മകമായ പ്രക്രിയ അതിെൻറ തുടക്കംമുതല്‍ കേവലമായ മുതലാളിത്ത വ്യാപനംകൊണ്ട് മാത്രമല്ല, മറിച്ചു വംശീയവിഭ്രാന്തി ബാധിച്ച യൂറോപ്യൻ സംസ്കാരത്തിെൻറ ഏറ്റവും ഹീനമായ അധിനിവേശത്വരയില്നിന്നുകൂടി ഉത്ഭവിച്ചതാണ്. അത് കൊന്നൊടുക്കിയ ഇതര ദേശീയതകള്‍ക്കും സംസ്കാരങ്ങള്‍ക്കും കണക്കില്ല. നിരവധി ചെറു ജനതകള്‍ക്കും ഭാഷകള്‍ക്കും ജീവിതരീതികള്‍ക്കും കൊളോണിയലിസം കൊലക്കളമായി മാറിയത് ചരിത്രത്തില്‍ നാം ദര്‍ശിച്ചതാണ്. മുതലാളിത്തം ലോക വൈവിധ്യങ്ങളെ ഇല്ലാതാക്കി സ്വന്തം പ്രതിച്ഛായയിൽ ലോകത്തെ പുനര്‍നിര്‍മിക്കാൻ ശ്രമിക്കുന്ന കാര്യം മാര്‍ക്സ് പറയുന്നുണ്ട്. പക്ഷേ, അതിനു അകമ്പടിയായതോ മുന്നിൽനയിച്ചതോ കേവലമായ ഇതരവംശനിന്ദയും സ്വവംശ മേന്മകളുടെ അടിസ്ഥാനത്തില്‍ പാകപ്പെടുത്തിയ സവിശേഷാധികാര ബോധവും കൂടിയായിരുന്നു. വിപണിയുടെ ആവശ്യങ്ങള്‍ക്കപ്പുറം പോയ കൂട്ടക്കൊലകളില്‍ ഇതിനുള്ള പങ്കുകൂടി നാം ഓര്‍ത്തുവെക്കേണ്ടതുണ്ട്. ഈ രണ്ടു സാമ്പത്തിക-, വംശീയ താല്പര്യങ്ങള് ചരിത്രത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം ഇഴചേര്‍ന്നു നടത്തിയ എണ്ണമില്ലാത്ത ചോരക്കുരുതികളാണ് കൊളോണിയല്‍ വാഴ്ചയെ മുന്‍കാല യുദ്ധങ്ങളില്‍നിന്നും അധിനിവേശങ്ങളില്‍നിന്നും പടയോട്ടങ്ങളില്നിന്നും വ്യത്യസ്തമാക്കുന്നത്. മാത്രമല്ല, അതിെൻറ പിന്മാറ്റത്തിനു ശേഷവും അധിനിവേശ പ്രദേശങ്ങളില്‍ ഇപ്പോഴും ഉണങ്ങാത്ത മുറിവുകള്‍ അവശേഷിക്കുന്നു. ഭരണസൗകര്യത്തിനുവേണ്ടി അത് സൃഷ്ടിച്ച തദ്ദേശ ജനങ്ങള്‍ക്കിടയിലെ ശത്രുതകള്‍ ആ പ്രദേശങ്ങളെ നിരന്തരമായ പരസ്പര മത്സരങ്ങള്‍ക്കും വിദ്വേഷങ്ങള്‍ക്കും ഇപ്പോഴും കാരണമാക്കുന്നു.
അതുപോലെ ഒരു നിഴൽപ്പാടില്നിന്നാണ് ഇന്നിപ്പോൾ ലോകത്തിെൻറ മനഃസാക്ഷിയെ നടുക്കുന്ന റോഹിങ്ക്യന്‍ ജനതക്കെതിരെയുള്ള ബര്‍മീസ് അതിക്രമങ്ങളും ആരംഭിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്ന് ഈ പ്രദേശത്തേക്കുള്ള യാത്രകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മനുഷ്യചരിത്രം തന്നെ അത്തരം നിരവധി ഭൂഖണ്ഡാന്തര യാത്രകളുടേത് കൂടിയാണ്. എന്നാല്‍, പോർചുഗീസ് കൊളോണിയലിസം ബംഗാള്‍ ആക്രമണത്തിന് ശേഷം അടിമവേലക്കായി അവിടന്ന് ആളുകളെ കൊണ്ടുവരാൻ തുടങ്ങിയ 17ാം നൂറ്റാണ്ട് ഇക്കാര്യത്തില്‍ തീര്‍ച്ചയായും ഒരു പുതിയ തുടക്കത്തിേൻറതായിരുന്നു. ഇപ്പോള്‍ മ്യാന്മറിലെ ഭരണകൂടം റോഹിങ്ക്യന്‍ ജനതയെ ബംഗാളികളെന്ന് വിളിക്കുന്നതിെൻറ മൂലകാരണവും ഇതുതന്നെ.
മ്യാന്മര് എന്ന രാജ്യം ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്, 1962ല്‍ നെവിന് എന്ന പട്ടാളമേധാവി പട്ടാളവിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തശേഷം അത് തൊഴിലാളിവർഗ വിപ്ലവമാക്കി മാറ്റിയതോടെയാണ്. ഏതാണ്ട് ക്യൂബയില്‍ കാസ്ട്രോ ചെയ്തതിനു സമാനമായിരുന്നു അത്. നെവിന് ബര്‍മ സോഷ്യലിസ്റ്റ് പ്രോഗ്രാം പാര്‍ട്ടി സ്ഥാപിച്ച് തെൻറ പട്ടാള ഭരണത്തിന് രാഷ്ട്രീയസാധുത നേടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. സോഷ്യലിസത്തിെൻറ ബര്‍മീസ് പാത എന്ന ഓമനപ്പേരില്‍ വിപ്ലവ കൗണ്‍സില്‍ രൂപവത്കരിച്ച്, അധികാരം ഏക രാഷ്ട്രീയപാര്‍ട്ടിയിലേക്ക് ഒതുക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. കമ്യൂണിസ്റ്റ് പാര്‍ട്ടികൾ അധികാരത്തില്വരുകയോ പട്ടാളവിപ്ലവങ്ങള്ക്ക് ശേഷം അവയെ സോഷ്യലിസ്റ്റ് വിപ്ലവം എന്നപേരില്‍ പരിവര്‍ത്തനം ചെയ്യുകയോ ചെയ്യുന്ന ഇടങ്ങളില്‍ സര്‍വസാധാരണമായ കാര്യമാണ് മറ്റു പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്നത്. മ്യാന്മറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഈ പട്ടാള ഭരണകൂടം തങ്ങള്‍ക്കു ബൂര്‍ഷ്വാ പാര്‍ലമെൻററി നിലപാടുകളില്‍ വിശ്വാസമില്ലെന്നും മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിലാണ് വിശ്വാസമെന്നും പ്രഖ്യാപിച്ചുകൊണ്ടു മറ്റു പാര്‍ട്ടികളെയൊക്കെ നിരോധിക്കുകയും അവരുടെ സ്വത്തു കണ്ടുകെട്ടുകയും ചെയ്തു. ബര്‍മീസ് കമ്യൂണിസ്റ്റ് വിപ്ലവത്തിന് ദേശീയസ്വഭാവം വരുത്തുന്നതിനും സാമാന്യജനങ്ങളുടെ പിന്തുണ ഉറപ്പുവരുത്തുന്നതിനുമായി പാര്‍ട്ടി പരിപാടിയിലും സൈദ്ധാന്തിക പ്രസിദ്ധീകരണങ്ങളിലും ധാരാളം ബുദ്ധിസ്റ്റ് ആശയങ്ങളും ചേര്‍ത്തുെവച്ചു. ഇന്ന് കാണുന്ന വംശീയ ശത്രുതയുടെ മൂലരൂപം ഈ സാര്‍വദേശീയ കമ്യൂണിസ്റ്റ് -ദേശീയ ബുദ്ധിസ്റ്റ് സംയോഗത്തില്‍ കണ്ടെത്താന്‍ കഴിയുന്നതാണ്. മതത്തെ സമർഥമായി ദേശീയതയായി വ്യാഖ്യാനിച്ചു ചേര്‍ക്കുന്ന സമീപനമാണ് അവിടെ കണ്ടത്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രണ്ടുവര്‍ഷത്തോളം യൂനിവേഴ്സിറ്റികള്‍ തന്നെ അടച്ചിട്ടു. ആദ്യമായി ഒരു കമ്യൂണിസ്റ്റ് ഭരണകൂടം വിദ്യാര്‍ഥി പ്രക്ഷോഭത്തെ ചോരയില്‍മുക്കി കൊല്ലുന്നത് ചൈനയിലെ ടിയാന്മന് ചത്വരത്തിലല്ല. അത് റങ്കൂണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിസമരത്തെ തകര്‍ക്കാൻ മ്യാന്മര് ഭരണകൂടം നടത്തിയതാണ്. വിദ്യാർഥികളെ കൂട്ടക്കൊല ചെയ്യുക മാത്രമല്ല, വിദ്യാര്‍ഥി യൂനിയൻ ഒാഫിസ് ഡയനമൈറ്റ് െവച്ച് തകര്‍ക്കുകകൂടി ചെയ്തു.
റോഹിങ്ക്യൻ ജനത പല ഘട്ടങ്ങളിലായി മ്യാന്മറിലെ മുഖ്യധാരയില്‍ പ്രവേശിച്ചിരുന്നതാണ്. സ്വാതന്ത്ര്യത്തിനു ശേഷം പല പ്രധാന സംവിധാനങ്ങളിലും അവര്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്നു. ആദ്യകാലത്ത് പാകിസ്താന് രൂപവത്കരിക്കപ്പെട്ടതുപോലെ ഒരു സ്വയംഭരണ സാധ്യത ഇവിടത്തെ മുസ്ലിംജനതയും ആവശ്യപ്പെട്ടിരുന്നു എങ്കില്‍പോലും അത് തുടര്‍ന്നുള്ള മുഖ്യധാര പ്രവേശനത്തിന് വലിയ തടസ്സമായില്ല എന്നതാണ് ശ്രദ്ധേയം. 40കളില്‍ ഒരു സ്വതന്ത്ര പ്രവിശ്യക്കായുള്ള ശ്രമങ്ങളും സമരങ്ങളും നടന്നിരുന്നു. പാകിസ്താനില്‍ ചേരാനുള്ള ശ്രമത്തിനു തുരങ്കംെവച്ചത് ജിന്ന തന്നെയാണ്. കാരണം, റോഹിങ്ക്യകള്കൂടി ചേരുമ്പോൾ കൂടുതല്‍ ശക്തമാവുക പിന്നീട് ബംഗ്ലാദേശായി മാറിയ കിഴക്കന്‍ പാകിസ്താനാെണന്ന് മുന്‍കൂട്ടിക്കാണാനുള്ള രാഷ്ട്രീയ ദീര്‍ഘവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നത് തന്നെ. എന്തായാലും ഇതിലേതെങ്കിലും ഒന്ന് സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് നടക്കുന്ന ഈ കൂട്ടക്കൊലകളുണ്ടാവുമായിരുന്നില്ല എന്ന്, ചരിത്രത്തിനു മുകളില്‍ നമ്മള് അവകാശവാദങ്ങള്‍ വെക്കുന്നതില്‍ അർഥമില്ലെങ്കില്പോലും സങ്കല്പിക്കുന്നതിനു സാധിക്കും. എന്നാൽ, ഇൗ മുഖ്യധാരാപ്രവേശനം മ്യാന്മര് മതദേശീയ- സോഷ്യലിസ്റ്റ് വിപ്ലവ സര്‍ക്കാര്‍ ഇഷ്ടപ്പെട്ടില്ല എന്നതാണ് വസ്തുത. യാതൊരു പ്രകോപനവും ഇല്ലാതെയാണ് അവര്‍ 1982ൽ റോഹിങ്ക്യകളുടെ വ്യക്തിസ്വാതന്ത്ര്യങ്ങൾ നിഷേധിക്കുന്ന നിയമങ്ങള്‍ നടപ്പാക്കിയത്. അവരുടെ പൗരത്വാവകാശങ്ങള്‍ നിര്‍ദയം എടുത്തുമാറ്റുക ആയിരുന്നു. ഇതോടെയാണ് റോഹിങ്ക്യന്‍ ചരിത്രത്തില്‍ ഒരു പുതിയഘട്ടം, നിത്യപീഡനങ്ങളുടേതായ ക്രൂരചരിത്രം ആരംഭിക്കുന്നത്. ഈ ചരിത്രം വിസ്മരിച്ചുകൊണ്ട് ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിൽ അർഥമില്ല.
ഇന്നിപ്പോള്‍ മതത്തിെൻറ പേരിൽ ലോകത്ത് ഏറ്റവുംകൂടുതല്‍ പീഡിപ്പിക്കപ്പെടുന്നവരെന്നു ഐക്യരാഷ്ട്രസഭ നിര്‍വചിച്ചിട്ടുള്ള ദേശീയവിഭാഗമാണ് മ്യാന്മറിലെ റോഹിങ്ക്യന്‍ ജനത. 1988ലെ ഭരണമാറ്റത്തിനു ശേഷവും 2011ലെ മാറ്റങ്ങള്‍ക്കു ശേഷവും ഈ സ്ഥിതി മാറ്റമില്ലാതെ തുടരുന്നുവെന്നതാണ് പരമാർഥം. 1988നു ശേഷം 1991-1992, 2012, 2015 കാലഘട്ടങ്ങളിലും അതുകഴിഞ്ഞ് ഇപ്പോൾ ഇൗ 2016--2017 കാലത്തും രൂക്ഷമായ പീഡനമാണ് റോഹിങ്ക്യകള്‍ക്ക് നേരിടേണ്ടിവന്നിട്ടുള്ളത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്നു, തടവിലാക്കപ്പെടുന്നു. ലൈംഗികാതി ക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെടുന്നു. അവര്‍ താമസിക്കുന്ന ഗ്രാമങ്ങളും ചെറുനഗരങ്ങളും കത്തിച്ചു ചാമ്പലാക്കുന്നു. ബുദ്ധിസ്റ്റ് സന്യാസിമാരുടെ വംശീയ ദുർഭാഷണങ്ങള് ഭരണകൂടത്തിെൻറ കൂടി സാമാന്യ ഭാഷയാവുന്നു. ഇത്രയും കാലത്തെ കൊടിയപീഡനങ്ങള്‍ക്ക് ഒടുവിൽ ഇൗ അടുത്ത കാലത്താണ് ഒരു സൈനികസംഘടന ഇതിനെതിരെ രൂപവത്കരിക്കപ്പെടുന്നത്. ശ്രീലങ്കയില്‍ എൽ.ടി.ടി.ഇ രൂപവത്കരിക്കപ്പെട്ട സമാനമായ ഒരു സാഹചര്യത്തിലാണ് എന്നത് നാം മറന്നുപോവരുത്. അടുത്ത കാലത്തുണ്ടായ ഈ ചെറിയ സൈനിക പ്രതിരോധത്തിെൻറ പേരിലാണ് ഇതുവരെ നടന്നതും ഇപ്പോൾ നടക്കുന്നതുമായ വംശീയ ഹിംസകള്‍ മുഴുവന്‍ പലരും നീതീമത്കരിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയും സമാധാനത്തിനുള്ള നൊേബല്‍ സമ്മാനം നേടിയ ഒാങ്സാന്‍ സൂചിയും ഇതാണ് ചെയ്യുന്നത്. മ്യാന്മറിലെ സൈനിക ഭരണകൂടത്തിനെതിരെയുള്ള സമരത്തില്‍ ലോകമനഃസാക്ഷിയുടെ പിന്തുണലഭിച്ച ഏകാന്ത തടവുകാരിയായിരുന്നു ഒാങ്സാന്‍ സൂചി. അവരുടെ പാര്‍ട്ടി അധികാരത്തില്‍വന്നിട്ടും റോഹിങ്ക്യന്‍ ജനതക്ക് പീഡനങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഇതിനിടയില്‍ ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കണമെന്ന് പറഞ്ഞു ഹിന്ദുത്വവാദികള്‍ മുതലെടുപ്പിനു ശ്രമിക്കുന്നുമുണ്ട്. ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ഇന്ത്യന്‍ സിവില്‍സമൂഹം ഈ പ്രശ്നത്തിൽ കൂടുതല്‍ കര്‍ക്കശമായ നിലപാടുകൾ സ്വീകരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.