ഉത്തർപ്രദേശും എച്ച്.െഎ.വി എന്ന ടൈം ബോംബും
text_fieldsദാരുണ സംഭവത്തോടെയാണ് ഫെബ്രുവരി ആദ്യവാരം കടന്നുപോയത്. ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയിൽ 33 പേർക്ക് എച്ച്.െഎ.വി അണുബാധ സ്ഥിരീകരിച്ചിരിക്കുന്നു. ഫെബ്രുവരി എട്ടിനു മുമ്പുതന്നെ ലോകമെമ്പാടും വാർത്ത ശ്രദ്ധിക്കപ്പെട്ടു. ബി.ബി.സി, ന്യൂയോർക്ടൈംസ്, ന്യൂസ് വീക്, വാഷിങ്ടൺ പോസ്റ്റ്, ദ സൺ എന്നീ മാധ്യമങ്ങൾ വലിയ വാർത്തപ്രാധാന്യം നൽകി ഫീച്ചറുകൾ പ്രസിദ്ധീകരിച്ചു. എന്നാൽ, ഇന്ത്യൻ മാധ്യമങ്ങളിൽ ഒരു നാളത്തെ ശ്രദ്ധക്കപ്പുറം നീണ്ടുനിൽക്കാൻ ഈ വാർത്തക്കായില്ല.
ഏതാനും മാസങ്ങൾക്കുമുമ്പ് ബംഗാർമാവ് ഗ്രാമത്തിൽ എച്ച്.െഎ.വി അണുബാധയിൽ അകാരണമായ വർധന ശ്രദ്ധിക്കപ്പെട്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പെട്ടെന്ന് മുപ്പതിലധികം പേരിൽ അണുബാധയുണ്ടാകുമ്പോൾ അതിെൻറ കാരണങ്ങളെക്കുറിച്ചാരായുക സ്വാഭാവികം. ചിക്കൻപോക്സ്, കോളറ തുടങ്ങിയവപോലെ അതിവേഗം പടരുന്ന സാംക്രമിക രോഗമല്ല എച്ച്.െഎ.വി അണുബാധ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, സുരക്ഷിതമല്ലാത്ത രക്തദാനം, കുത്തിവെപ്പുസൂചി പങ്കുവെക്കൽ എന്നീ മാർഗങ്ങളിലൂടെ മാത്രം പകരുന്ന എച്ച്.െഎ.വി അണുബാധ വളരെ പ്രേത്യക സാഹചര്യങ്ങളിൽ മാത്രമേ പടർന്നുപിടിക്കുകയുള്ളൂ. അവിടെ നടത്തിയ താൽക്കാലിക മെഡിക്കൽ ക്യാമ്പുകളിൽ 566 രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ 21 എണ്ണം എച്ച്.െഎ.വി ബാധിച്ചവയായിരുന്നു. തുടർപരിശോധനകളിൽ എത്രപേർകൂടി അണുബാധിതരായെന്ന് ഇനിയും അറിവായിട്ടില്ല.
അന്വേഷണങ്ങൾ ചെന്നെത്തിയത് ഗ്രാമത്തിൽ വന്നുപോകുന്ന വ്യാജഡോക്ടറിലാണ്. ഉത്തർപ്രദേശിൽ വ്യാപകമായി വൈദ്യസഹായം എത്തുന്നത് വ്യാജചികിത്സകരിലൂടെയാണ്. പലർക്കും സ്വന്തം ക്ലിനിക്കുകളോ ചികിത്സാമുറികളോ ഉണ്ടാവാറില്ല. അവർ സഞ്ചിയും തൂക്കി സൈക്കിളിൽ ഗ്രാമങ്ങളിലൂടെ കടന്നുപോകും. രോഗങ്ങളുള്ളവർ അവരുടെ ചുറ്റുംകൂടി പരിഹാരം തേടുകയാണ് ചെയ്യാറ്. സഞ്ചിവൈദ്യർ എന്നറിയപ്പെടുന്ന ഇവർ ഗ്രാമവാസികളുടെ വിശ്വസ്തരും അവർക്ക് ചെലവുകുറഞ്ഞ ചികിത്സ വീട്ടുപടിക്കൽ എത്തിക്കുന്ന സേവകരുമാണ്. വെറും പത്തു രൂപ ഫീസിന് ചികിത്സ; അതും ഒരു കുത്തിവെപ്പ്, അത്രമാത്രം. പനി, വേദനകൾ, ചുമ, വയറിളക്കം, ലഘു അണുബാധകൾ എന്നിങ്ങനെ ഗ്രാമങ്ങളിൽ കാണുന്ന രോഗങ്ങൾക്കെല്ലാം ആശ്വാസം പകരുന്നു അവർ നൽകുന്ന സേവനം. ആശുപത്രികളിലേക്കുള്ള യാത്ര, കാത്തിരിപ്പ്, പരിശോധന സമയം, ടെസ്റ്റുകൾ നടത്താൻ വേണ്ടുന്ന ചെലവ്, യാത്രച്ചെലവ്, വേതനനഷ്ടം എന്നിങ്ങനെ വിവിധ ഇനത്തിലാണ് സൗജന്യ ചികിത്സയുടെ നഷ്ടങ്ങൾ. ഇന്ത്യയിലെ ഏറ്റവും ദരിദ്രർ വസിക്കുന്ന ഇടങ്ങളിൽ സൗജന്യ ചികിത്സക്കുള്ള ചെലവ് ഭാരിച്ചതാണ് എന്നുപറയാതെ വയ്യ. നിരാശജനകമായ ജീവിതാവസ്ഥയിൽ ഉള്ളവർ സാഹസികമായ എന്തു പരിഹാരമാർഗങ്ങളും തേടും. ഇവിടെ സംഭവിച്ചതും മറ്റൊന്നല്ല.
ഉത്തർപ്രദേശിൽ എയ്ഡ്സ് ബാധിതർക്കിടയിൽ പ്രവർത്തിക്കുന്ന റാസ ഹുസൈൻ ചാരിറ്റബ്ൾ ട്രസ്റ്റ് പ്രോജക്ട് മാനേജർ മെഹ്താബ് ആലം പറയുന്നത് വ്യാജചികിത്സകർ ചെലവുചുരുക്കുന്നതിനായി നിരവധി മാർഗങ്ങൾ സ്വീകരിക്കുന്നുവെന്നാണ്. പ്ലാസ്റ്റിക് സിറിഞ്ചുകൾ അവർ ഉപയോഗിക്കാറില്ല; ഇതിനു കാരണം അനവധി കുത്തിവെപ്പുകൾ നൽകാൻ കഴിയില്ല എന്നതാണ്. ഗ്ലാസ് സിറിഞ്ചുകളാണെങ്കിൽ ഒരു സൂചി ഉപയോഗിച്ചുതന്നെ നൂറുകണക്കിന് കുത്തിവെപ്പുകൾ സാധിക്കും. സഞ്ചരിക്കുന്ന വൈദ്യസഹായി എന്നതിനാൽ സഞ്ചിവൈദ്യർക്ക് ഓരോ കുത്തിവെപ്പ് കഴിയുമ്പോഴും സിറിഞ്ചും സൂചിയും തിളപ്പിക്കാനോ കഴുകാൻപോലുമോ സാധിക്കാറുമില്ല. ഒരൊറ്റ സൂചികൊണ്ട് എല്ലാവർക്കും ഊഴമനുസരിച്ച് ഇൻജക്ഷൻ നൽകുക എന്ന ലഘുവായ കാര്യമാണ് അയാൾ ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ് 33 പേർക്ക് എയ്ഡ്സ് അണുബാധ സ്ഥിരീകരിച്ചത്.
എയ്ഡ്സ് ഇന്ത്യയിൽ എത്തിയ എൺപതുകളിൽ തന്നെ ചികിത്സ സുരക്ഷിതമാക്കാനുള്ള പ്രയത്നങ്ങൾ ആരംഭിച്ചിരുന്നു. പിന്നീട് പത്തു വർഷത്തിനകം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സിറിഞ്ചുകൾ നമ്മുടെ ആരോഗ്യകേന്ദ്രങ്ങളിൽ ഉപയോഗിച്ചുതുടങ്ങി. ഇതോടൊപ്പം ഉപയോഗശേഷം ഉപേക്ഷിക്കുന്ന സിറിഞ്ചുകൾ ആരോഗ്യസുരക്ഷയുടെ ഭാഗമാണെന്ന വിശ്വാസം പൊതുധാരയിൽ ശക്തിപ്രാപിക്കുകയും ചെയ്തു. എന്നാൽ, ഉത്തർപ്രദേശിലേതുപോലെ പിന്നാക്കാവസ്ഥയിലുള്ള ഇടങ്ങളിൽ ഇത്തരം അറിവുകൾ കഴിഞ്ഞ 20 വർഷത്തിനുള്ളിലും എത്തിയിട്ടില്ലെന്നു സാരം. ശാസ്ത്രീയ വൈദ്യസഹായം ജനങ്ങളിലെത്തിക്കുന്നതു പോലെ പ്രധാനമാണ് ആരോഗ്യത്തെക്കുറിച്ചുള്ള അറിവുകൾ അവരിൽ എത്തിക്കുന്നതും. ആരോഗ്യത്തിൽ പൊതുനിക്ഷേപം പരിമിതമായ ഇന്ത്യയിൽ ജനങ്ങളുടെ അടിസ്ഥാന പ്രതിരോധമാർഗം ആരോഗ്യശാസ്ത്രത്തിലുള്ള അവരുടെ അറിവുമാത്രമാണ്.
തങ്ങളുടെ (വ്യാജ) ചികിത്സകൻ സൂചിമാറാതെയും കഴുകാതെയും ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്ന ബോധം പിന്നാക്കാവസ്ഥയിൽ ജീവിക്കുന്ന ഗ്രാമവാസികൾക്ക് ഇല്ലായിരുന്നു എന്നതാണ് ആശങ്കാജനകം. ചെറിയൊരു പ്രദേശത്ത് മുപ്പതിലധികം എയ്ഡ്സ് അണുബാധയുണ്ടാകുക എന്നാൽ രോഗവ്യാപനം അവരിൽ മാത്രമൊതുങ്ങും എന്നല്ല. ലൈംഗികബന്ധത്തിലൂടെ പകരുന്നതായതിനാൽ ഇതിനകം എത്രപേരിൽക്കൂടി വൈറസ് എത്തിയിട്ടുണ്ട് എന്നറിയാൻ വളരെക്കാലമെടുക്കും. ഒരു പുതിയ എപിഡെമിക് വികസിച്ചുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇന്ത്യയിലിപ്പോൾ 21 ലക്ഷം എയ്ഡ്സ് ബാധിതരുണ്ട്; കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പുതുതായി എയ്ഡ്സ് ബാധിക്കുന്നവരിൽ 20 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതിലുണ്ടാകാവുന്ന അസന്തുലിതാവസ്ഥ ഗൗരവമുള്ളതായിരിക്കും.
പുതിയ അന്വേഷണങ്ങൾ ആരംഭിക്കേണ്ടതിെൻറ അനിവാര്യത ഇവിടെയാണ്. വ്യാജചികിത്സകർ വ്യാപകമായി നിലവിലുള്ള ഉത്തർപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും എച്ച്.െഎ.വി അണുബാധയുണ്ടായിട്ടുണ്ടോ എന്ന് അേന്വഷിക്കുന്നത് ആരോഗ്യത്തോടെ ജീവിക്കാനുള്ള നമ്മുടെ അവകാശത്തിെൻറ ഭാഗമാണ്. കുത്തിവെപ്പിലൂടെയാണ് അണുബാധയുണ്ടായത് എങ്കിലും അതിെൻറ വ്യാപനം ഏറെയും ലൈംഗിക ബന്ധത്തിലൂടെയായിരിക്കും. അണുബാധയുള്ളവർ തങ്ങളുടെ സ്ഥിരം പങ്കാളിക്കും യാദൃച്ഛിക പങ്കാളികൾക്കും കൈമാറ്റം ചെയ്യും; അവിടെനിന്ന് മറ്റു പങ്കാളികൾക്കും. മറ്റു ദേശങ്ങളിൽ തൊഴിൽ തേടിപ്പോകുന്നവർ തങ്ങളുടെ ആതിഥേയ ദേശങ്ങളിലും രോഗം വ്യാപിപ്പിക്കുന്നതിനു കാരണമാകാം. അതിനാലാണ് അടിയന്തരമായി പ്രശ്നബാധിത പ്രദേശങ്ങളിൽ പൊതുജനാരോഗ്യ ഇടപെടൽ നടത്തേണ്ടതുണ്ട് എന്ന് പറയുന്നത്.
ലോകാരോഗ്യ സംഘടനയുടെ (2005) ബുള്ളറ്റിനിൽ ഗ്രസ്ലി, ഗാർനെറ്റ് എന്നിവർ എഴുതിയ ‘എച്ച്.െഎ.വി പാൻഡെമിക്കിെൻറ ഭാവി’ എന്ന പ്രബന്ധമുണ്ട്. ഇതിൽ പറയുന്ന ശ്രദ്ധേയമായ വസ്തുതകൾ ഇവയാണ്: ഒന്ന്, രോഗാതുരത വർധിക്കുന്നത് സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥയിൽ ജീവിക്കുന്നവരിലാണ്. അവർക്ക് സുരക്ഷിത ലൈംഗിക ബന്ധത്തെക്കുറിച്ചോ ബഹുപങ്കാളിത്ത ലൈംഗിക ജീവിതത്തെക്കുറിച്ചോ വ്യക്തമായ ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ല. രണ്ട്, എച്ച്.െഎ.വി അണുബാധ ഇത്രവേഗം മറ്റുള്ളവരിലേക്ക് പകരുമെന്നും സമൂഹത്തിൽ അതിെൻറ തോത് വർധിക്കുന്നതെങ്ങനെയെന്നും അളക്കാനുള്ള മാതൃകകൾ ഇന്ന് ലഭ്യമാണ്. ഇതുപയോഗിച്ചാൽ ഇപ്പോഴുള്ള അണുബാധയേറ്റവരിൽ നിന്ന് എച്ച്.െഎ.വി വ്യാപനം ഏറക്കുറെ പ്രവചനത്തിനു വഴങ്ങും; മാത്രമല്ല കൃത്യമായി പ്രതിരോധ ഇടപെടലുകൾ നടപ്പാക്കാനും സാധ്യമാകും.
നവംബർ 2016ലെ എയ്ഡ്സ് ജേണലിൽ വസില്യേവ, ഫ്രീഡ്മാൻ തുടങ്ങിയവർ എഴുതിയ ‘പുതുതായി അണുബാധയുണ്ടായവരിൽ നേരിട്ടിടപെടാതെ സൂചിയിലൂടെയുള്ള എച്ച്.െഎ.വി വ്യാപനം കുറക്കാനാവില്ല’ എന്ന പ്രബന്ധമുണ്ട്. ഇതിൽ അതിശ്രദ്ധയർഹിക്കുന്ന കണ്ടെത്തലുകളുണ്ട്. മയക്കുമരുന്നുകൾ കുത്തിവെക്കുന്നവരിൽ നടന്ന പഠനമാണിത്. മറ്റുതടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ അണുബാധിതനായ ഒരാൾ ശരാശരി പത്തുപേർക്ക് അണുബാധയുണ്ടാക്കും. ഇതിൽ പകുതിയും ആദ്യ അണുബാധയുണ്ടായതിന് ഒരുമാസത്തിനുള്ളിൽ തന്നെ നടക്കുന്നു. അതിനാൽ അണുബാധ ഉണ്ടായാലുടൻ ചികിത്സയും പ്രതിരോധവും നടപ്പാക്കുന്നതാണ് അഭികാമ്യം. എന്നാൽ, അടിസ്ഥാന രോഗപ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി നിലവിലില്ലാത്ത മൂന്നാം ലോകരാജ്യങ്ങളിൽ പലപ്പോഴും എച്ച്.െഎ.വി വ്യാപനം ഒളിഞ്ഞിരിക്കുന്ന ടൈം ബോംബാണ്.
ഇത് സത്യമാണ്. ഉത്തർപ്രദേശിനു പിന്നാലെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഘോട് ഇമ്രാന ഗ്രാമത്തിൽ 22 പേരെ എച്ച്.െഎ.വി ബാധിച്ചതായി കണ്ടെത്തി. നാട്ടിലെ വ്യാജചികിത്സകനായ അല്ലാ ദിത്ത ആയിരുന്നു ഇതിനു കാരണം. അയാൾതന്നെ എയ്ഡ്സ് രോഗിയായിരുന്നു; മരിക്കും മുമ്പ് അനേകം പേർക്ക് രോഗം പകർന്നു, അത്രതന്നെ. തുടർനടപടികൾ ഉണ്ടാകുന്നുവെന്നു കരുതണം. ഗ്രാമത്തലവൻ പറയുന്നത് അവിടെ താമസിക്കുന്ന 5000 പേരിൽ 600 പേർക്കെങ്കിലും എച്ച്.െഎ.വി ബാധിച്ചിട്ടുണ്ടെന്നാണ്. അവിടെ ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരെയും എച്ച്.െഎ.വി ടെസ്റ്റിന് വിധേയമാക്കാൻ സർക്കാർ തീരുമാനിച്ചുകഴിഞ്ഞു. ചുരുക്കത്തിൽ വ്യാജചികിത്സകർ ഉള്ളിടത്തെല്ലാം അപ്രതീക്ഷിതമായ ആരോഗ്യപ്രശ്നങ്ങളും കൂട്ടിനുണ്ടാകും.
ഉത്തർപ്രദേശിൽ ഇതിനകം എച്ച്.െഎ.വി ബാധിച്ചവരുടെ എണ്ണം 58 ആയി. ഇവർക്കെല്ലാം ഉടൻതന്നെ കാൺപുരിൽനിന്ന് ആൻറി-റിട്രോ വൈറൽ ഔഷധങ്ങൾ നൽകിത്തുടങ്ങും എന്ന് എയ്ഡ്സ് ചികിത്സക്ക് മേൽനോട്ടം വഹിക്കുന്ന സ്ഥാപനങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്. ഒരുപക്ഷേ, ആരോഗ്യത്തിൽ സർക്കാർ നൽകുന്ന നിക്ഷേപത്തുക വർധിപ്പിക്കുക മാത്രമായിരിക്കും പ്രായോഗികമായ പോംവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.