പലായനത്തിെൻറ അവിശ്രാന്തികള്‍
text_fieldsപ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന് അമിതാവ് ഘോഷിന് ലഭിച്ച ജ്ഞാനപീഠം പുരസ്കാരം ഒരർഥത്തില്‍ അദ്ദേഹം പ്ര തിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ തിരസ്കരിക്കാന്‍ കഴിയാതെയായ കാലത്തിെൻറ സമ്മർദംകൂടിയാണ് വെളിവാക്കുന്ന ത്. അദ്ദേഹത്തിെൻറ രചനകള്‍ സ്വീകരിക്കുന്ന ഒരു ഭൂമിശാസ്ത്രബോധവും ചരിത്രാവബോധവും ഇന്ന് ഇന്ത്യയില്‍ ശക്തിപ് രാപിച്ചിട്ടുള്ള സാംസ്കാരിക ദേശീയതക്കും ഹിന്ദുത്വ ഫാഷിസത്തിനും അപരിചിതവും അവര്‍ ശത്രുസ്ഥാനത്ത് കാണുന്നവയുമ ാണ്. നിരവധി തലങ്ങളിലുള്ള സാംസ്കാരിക വിധ്വംസകതകള്‍ നവീന ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യം പരീക്ഷിച്ചിട്ടുണ്ട്. അതില ് പാരമ്പര്യത്തെയും ചരിത്രത്തെയും ‘ദേശീയത’യുടെ പിടിയില്‍നിന്ന് മുക്തമാക്കുന്ന ഒരു രചനാധാരയുടെ ഏറ്റവും ശക്ത മായ ഉദാഹരണങ്ങളാണ് അമിതാവ് ഘോഷിെൻറ കൃതികള്‍. അത് രേഖീയമായോ ലളിതമായോ നിര്‍വഹിക്കപ്പെടുന്ന ഒരു രാഷ്ട്രീയ കൃത്യമല്ല. മറിച്ച് പോസ്റ്റ് കൊളോണിയല്‍ അനുഭവങ്ങളുടെ അനന്യമായ ചോദനകളെ ഉദ്ദീപിപ്പിച്ചുകൊണ്ട് ദേശ-രാഷ്ട്രത്തിന് അപരിചിതവും ഉള്‍ക്കൊള്ളാന്‍ പ്രയാസവുമായ ഒരു പ്രതി സാംസ്കാരികവ്യവഹാരം ക്ഷമാപൂര്‍വം രൂപപ്പെടുത്തിക്കൊണ്ട്, സാഹിത്യപരമായ നിരവധി ആപച്ഛങ്കകളെയും അപായസാധ്യതകളെയും അവഗണിച്ചുകൊണ്ട് അദ്ദേഹം വിജയിപ്പിക്കുന്നതാണ്.
ഇന്ത്യന്‍ ഇംഗ്ലീഷ് രചനകളുടെ പോസ്റ്റ് കൊളോണിയല്‍ പശ്ചാത്തലം അക്കാദമിക് അർഥത്തില്‍ തെളിഞ്ഞുവന്നതോടെ അതിെൻറ അനേകം അടരുകളെക്കുറിച്ച് കൂടുതല്‍ പുനര്വിചിന്തനങ്ങള് ഉണ്ടായി. ആര്.കെ. നാരായണ്‍, രാജറാവു, ഭബനി ഭട്ടാചാര്യ, മുല്‍ക് രാജ് ആനന്ദ്, നയന്‍താര സേഗാള്‍ തുടങ്ങിയവരുടെ കൃതികള്‍ക്ക് ലഭിക്കാതിരുന്ന അന്താരാഷ്ട്ര സ്വീകരണമാണ് റുഷ്ദി, വിക്രം സേത്, അമിതാവ് ഘോഷ്, ഉപമന്യു ചാറ്റര്‍ജി, അരുന്ധതി റോയ് തുടങ്ങിയ പുതിയ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ക്ക് ലഭിച്ചത്. ഇവരുടെ കോസ്മോപോളിറ്റന്‍ ലൊക്കേഷന്‍- വസ്തുനിഷ്ഠമായ അർഥത്തില്‍ മാത്രമല്ല, ഇവരുടെ വെര്‍ച്വല്‍/റിയല്‍ ആഗോളസ്ഥാനങ്ങള്, റുഷ്ദി, വിക്രം സേത്, അമിതാവ് ഘോഷ് എന്നിവരുടെ കാര്യത്തിലെങ്കിലും സവിശേഷമായൊരു ആധികാരികത ഉറപ്പുവരുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. ഒരു പരിധിവരെ രാജറാവുവിന് നിഷേധിക്കപ്പെട്ടിരുന്ന പരിഗണനകൂടിയാണിത് എന്ന് ഓര്‍ക്കാവുന്നതാണ്. പഴയ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ വായിക്കപ്പെട്ടിരുന്നില്ലെന്നോ പൂർണമായും അവഗണിക്കപ്പെട്ടിരുന്നുവെന്നോ അല്ല. മറിച്ച്, ഭാരതീയ സാഹിത്യത്തിെൻറ വലിയ ആഘോഷങ്ങള്‍ക്ക് പുറത്തായിരുന്നു ഇവരുടെ രചനകള്‍ എക്കാലത്തും. ഭാഷയുടെ അടിസ്ഥാനത്തില്‍ അവയുടെ സർഗാത്മകതയെ സംശയത്തോടെ വീക്ഷിക്കുന്ന ഒരു വിമര്‍ശന/സ്വീകരണ പാരമ്പര്യത്തിന് ഇവിടെ ശക്തമായ വേരുകള്‍ ഉണ്ടായിരുന്നു. ഒരർഥത്തില്‍ പുതിയ ഇന്ത്യന്‍ ഇംഗ്ലീഷ് രചനകള്‍ സ്വീകരിച്ച സംവേദനരീതികള്‍ക്ക് അവയുടെ നവസ്വീകാര്യതയുടെ രൂപവത്കരണത്തില്‍ വലിയ പങ്കാണ് ഉണ്ടായിരുന്നത്. സല്മാന് റുഷ്ദിയുടെ ‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍’, ഉപമന്യു ചാറ്റര്‍ജിയുടെ ‘ഇംഗ്ലീഷ്’, ‘ഒാഗസ്റ്റ്’, അമിതാവ് ഘോഷിെൻറ ‘സര്‍ക്കിള്‍ ഓഫ് റീസണ്‍’ അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്നിവയൊക്കെ അവയിലെ സമകാല ഇന്ത്യന്‍ അവസ്ഥകളുടെ സൂക്ഷ്മവിമര്ശനത്തിെൻറ അനന്യമായ രാഷ്ട്രീയസാന്നിധ്യം കൊണ്ടുകൂടിയാണ് ശ്രദ്ധിക്കപ്പെട്ടത്.
പുതിയ ഇന്ത്യന്‍ ഇംഗ്ലീഷ് രചനകള്‍ ഭാരതീയ ‘ദേശീയസാഹിത്യ’ത്തില്‍നിന്നും ആ ദേശീയ സാഹിത്യത്തിലേക്ക് എത്തിപ്പെടാന്‍ വെമ്പിയിരുന്ന പ്രാദേശിക- ഉപദേശീയ സാഹിത്യങ്ങളിലെ രചനകളില്‍നിന്നും വേറിട്ടുനിന്നിരുന്നത് അവയിലെ അന്വേഷണപരത, ‘ഇന്ത്യ’ എന്ന സങ്കൽപത്തെ ഉള്ളില്‍നിന്നും പുറത്തുനിന്നും വെല്ലുവിളിക്കുന്ന ഒരു രീതിശാസ്ത്രം പിന്തുടർന്നുകൊണ്ട് ദേശം എന്ന നിർമിതിയെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യം നിരന്തരം സൃഷ്ടിച്ചിരുന്നു എന്നതിനാല്‍ കൂടിയായിരുന്നു. ആ നവപാരമ്പര്യത്തെ ശക്തമായി മുന്നോട്ടുവെക്കുന്ന രചനയായിരുന്നു അമിതാവ് ഘോഷിെൻറ ആദ്യ നോവലായ സര്‍ക്കിള്‍ ഓഫ് റീസണ്‍.
1986ല്‍ സര്‍ക്കിള്‍ ഓഫ് റീസൺ പ്രസിദ്ധീകരിക്കുമ്പോള്‍ വിദ്യാര്‍ഥിയായിരുന്ന ഞാന്‍ അത് കൗതുകത്തോടെ വായിക്കാന്‍ രണ്ടു പ്രധാന കാരണങ്ങളുണ്ടായിരുന്നു. ഒന്ന് ഈ നോവല്‍ രചനയുടെ കാലത്ത് അദ്ദേഹം ഞാന്‍ പഠിച്ചിരുന്ന തിരുവനന്തപുരത്തെ സെൻറര്‍ ഫോര്‍ ഡെവലപ്മെൻറ് സ്റ്റഡീസ് (സി.ഡി.എസ്) െഗസ്റ്റ് ഹൗസില്‍ അദ്ദേഹം താമസിച്ചിരുന്നു എന്നതാണ്. ഞാന്‍ അവിടെ ചേരുമ്പോള്‍ പുസ്തകം ഇറങ്ങിക്കഴിഞ്ഞിരുന്നു എന്നതിനാല്‍ പലരും അക്കാര്യം സൂചിപ്പിക്കാറുണ്ടായിരുന്നു. അവിടെ അദ്ദേഹം ഓക്സ്ഫഡ് സര്‍വകലാശാലയിലെ പഠനത്തിനുശേഷം ഫെലോ ആയി പ്രവര്‍ത്തിച്ചിരുന്നു. രണ്ടാമതായി ഞാന്‍ ഓര്‍ക്കുന്ന കാര്യം 1986ല്‍തന്നെ ഈ നോവലിെൻറ സമഗ്രമായ ഒരു റിവ്യൂ സി.പി.എം ആഭിമുഖ്യമുള്ള അക്കാദമിക് ജേണല്‍ ആയ ‘സോഷ്യല്‍ സയൻറിസ്റ്റ്’ പ്രസിദ്ധീകരിക്കുകയും ഞാന്‍ അത് വായിക്കുകയും ചെയ്തു എന്നതാണ് (സോഷ്യല്‍ സയൻറിസ്റ്റ് വാല്യം 15, ഒക്ടോബര്‍ 1986). പി.കെ. ദത്ത എഴുതിയ ആ റിവ്യൂ സമഗ്രവും പില്ക്കാലത്ത് അമിതാവിെൻറ കൃതികളുടെ മുഖമുദ്രയായിത്തീര്‍ന്ന പല സവിശേഷതകളെയും ചൂണ്ടിക്കാണിക്കുന്നതുമായിരുന്നു. അമിതാവ് ഘോഷിെൻറ കൃതികളെക്കുറിച്ചുള്ള നിരവധി പഠനങ്ങള്‍ പിന്നീട് ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും അന്ന് പി.കെ. ദത്തയെ വായിച്ചതിെൻറ സമഗ്രാനുഭവമാണ് മനസ്സില്‍ തങ്ങിനില്ക്കുന്നത്. മനുഷ്യജീവിതത്തിെൻറ അവിശ്രാന്തിയുടെ ഇതിഹാസമാണ് ‘സര്‍ക്കിള്‍ ഓഫ് റീസണ്‍’ എന്നൊരു വാചകം അതില്‍ ഉണ്ടായിരുന്നു. ഞാന്‍ നോവല്‍ വായിക്കുകയും ആ അവിശ്രാന്തി പുതിയ ചരിത്രബോധത്തിെൻറയും സാംസ്കാരികതയുടെയും മാത്രമല്ല, പോസ്റ്റ്-കൊളോണിയല്‍ ഭൂപടത്തോടുള്ള ഉദാത്തമായ അനാദരവിെൻറത് കൂടിയാണെന്ന് മനസ്സിലാക്കുകയും എെൻറതന്നെ സൂക്ഷ്മമായ ചില രാഷ്ട്രീയാഭിമുഖ്യങ്ങളെ ഒരു കണ്ണാടിയില്‍ എന്നപോലെ അതില്‍ കണ്ടെത്തുകയും ചെയ്തു.
കാലത്തിെൻറ രേഖീയതയെ മറികടക്കുന്ന, സ്ഥലത്തിെൻറ സ്ഥാനഭ്രംശങ്ങളെ പലായനങ്ങളുടെ സങ്കീർണതകളില്‍ മനസ്സിലാക്കുന്ന, മനുഷ്യാവസ്ഥയുടെ കീഴാള സന്ദര്‍ഭങ്ങളെ ചരിത്രത്തില്‍നിന്നും സമകാലികസംഭവങ്ങളുടെ ആകസ്മികതകളില്നിന്നും ഒരുപോലെ കണ്ടെത്തുന്ന, ഭൂത-വർത്തമാനങ്ങളെ ഒരേ സമയം വിചാരണചെയ്യുന്ന, അത് മൂലധനത്തിെൻറയും സാമ്രാജ്യത്വത്തിെൻറയും അധീശത്വത്തിെൻറയും സമൂര്‍ത്തമായ വിമര്‍ശനം കൂടിയാക്കി മാറ്റാന്‍ കഴിയുന്ന അതിശക്തമായ ഒരു രചനാരീതി അദ്ദേഹം ഉപയോഗിക്കുന്നുണ്ട് തെൻറ എല്ലാ കൃതികളിലും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാന്‍ ‘പലായനങ്ങള്‍’ എന്ന കോളം എഴുതിയിരുന്ന കാലത്ത് ഇന്ത്യന്‍ ഇംഗ്ലീഷ് രചനകള്‍ക്ക് പുറത്തുനിന്നുള്ള ഉദാഹരണങ്ങളിലൂടെ ആയിരുന്നുവെങ്കിലും നിഗൂഢമായ ഇന്ത്യന്‍ കുടിയേറ്റ വംശീയാനുഭവങ്ങള്‍ കണ്ടെടുക്കാന്‍ പ്രചോദനമായത് അമിതാവ് ഘോഷിെൻറ ‘സര്‍ക്കിള്‍ ഓഫ് റീസണ്‍’, ‘ദ ഷാഡോ ലൈന്‍സ്’, ‘ദ കല്‍ക്കട്ട ക്രോമസോം’, ‘ദ ഗ്ലാസ് പാലസ്’, ‘ദ ഹംഗ്രി ടൈഡ്’ എന്നിവയിലെയും അദ്ദേഹത്തിെൻറ വിഖ്യാതമായ ഇബിസ് ടൃലോളജിയിലെ (Ibis trilogy) ‘സീ ഓഫ് പോപ്പീസ്’, ‘റിവര്‍ ഓഫ് സ്മോക്ക്’, ‘ഫ്ലഡ് ഓഫ് ഫയര്‍’ എന്നിവയിലെയും ഭൂഖണ്ഡാന്തര അനുഭവങ്ങളുടെ സങ്കീർണമായ ചിത്രീകരണങ്ങള്‍ കൂടിയായിരുന്നു.
നവസാമൂഹികതയുടെ വേവലാതികളോട് എക്കാലവും ചേര്‍ന്നുനിന്നിട്ടുള്ള എഴുത്തുകാരനാണ് അമിതാവ് ഘോഷ്. അദ്ദേഹത്തിെൻറ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ‘ദ ഗ്രേറ്റ് ഡീറെയിന്ജ്മെൻറ്’ എന്ന കൃതി നിര്‍വഹിക്കുന്നത് മനുഷ്യവംശവും ഭൂമിയും തമ്മിലുള്ള കരാര്‍ ഇല്ലാത്ത പാരസ്പര്യത്തെ പുനര്‍ നിര്‍വചിക്കുന്നതിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.