Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightനെഹ്​റുനിന്ദയുടെ...

നെഹ്​റുനിന്ദയുടെ ചരിത്രവിരുദ്ധതകള്‍ 

text_fields
bookmark_border
നെഹ്​റുനിന്ദയുടെ ചരിത്രവിരുദ്ധതകള്‍ 
cancel

എന്തുകൊണ്ട് നെഹ്‌റു ഇത്രയും നിന്ദ്യമായ രീതിയിൽ ബി.ജെ.പി നേതാക്കളുടെ പ്രസംഗങ്ങളിൽ ചിത്രീകരിക്കപ്പെടുന്നു എന്നതിന് ലളിതമായ ഒരു ഉത്തരമല്ല ഉള്ളത്. ബി.ജെ.പിയും അതിനുമുമ്പ് ജനസംഘവും നെഹ്​റുവി​​​െൻറ വിമര്‍ശകരായിരുന്നുവെങ്കിലും ന്യൂനപക്ഷപ്രീണനം നടത്തുന്നു, കപട മ​േതതരത്വവിശ്വാസം ​െവച്ചുപുലര്‍ത്തുന്നു തുടങ്ങിയ പ്രത്യയശാസ്ത്രപരമായ ആരോപണങ്ങളും വിമര്‍ശനങ്ങളുമായിരുന്നു കൂടുതലും മുന്നോട്ടു​െവച്ചിരുന്നത്. അതിൽ അത്ഭുതത്തിന് അവകാശമില്ല. ഭരണഘടനാപരമായി ഇന്ന് നിലനില്‍ക്കുന്ന മതേതരത്വംതന്നെ ഹിന്ദുമതവുമായുള്ള ചില സമവായത്തി​​​െൻറ അടിസ്ഥാനത്തില്‍ ഉള്ളതാണെങ്കില്‍പോലും ഹിന്ദുത്വസംഘടനകള്‍ആഗ്രഹിക്കുന്ന മതാധിഷ്​ഠിത ഭരണം ഒരു കാരണവശാലും ഈ ഭരണഘടന അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ അതി​​​െൻറ ശക്തനായ വക്താവ് എന്നനിലയിൽ നെഹ്‌റു അവര്‍ക്ക് അസ്വീകാര്യനായിരുന്നു. ഗാന്ധിയുടെ കാര്യവും ഈ സന്ദര്‍ഭത്തിൽ ഒാര്‍ക്കാവുന്നതാണ്. മതമൗലികവാദി എന്ന് ഇ.എം.എസ്, ഗാന്ധിയെ വിളിച്ചതിനെ പൂർണമായും തള്ളിക്കളയാൻ കഴിയില്ല എന്നുതന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ​ഇ.എം.എസ് വെറുതെ ആക്ഷേപിച്ചതല്ല, മതത്തെ അടിസ്ഥാനമാക്കി ഒരു രാഷ്​ട്രീയപദ്ധതി ആരെങ്കിലും മുന്നോട്ടു​െവച്ചാൽ അവരെ മതമൗലികവാദി എന്ന് വിളിക്കാമെന്ന ഒരു സാമൂഹികശാസ്ത്ര നിര്‍വചനം ഉണ്ടാക്കുകയും ആ നിര്‍വചനത്തി​​​െൻറ കള്ളിയിൽ ഗാന്ധിയെ തളക്കുകയുമാണ് ​ഇ.എം.എസ് ചെയ്തത്. എന്നാൽ, ഗാന്ധിയെ ഹിന്ദുത്വശക്തികൾ നിഗ്രഹിച്ചു. താൽക്കാലികമായെങ്കിലും അദ്ദേഹം സ്വീകരിച്ച ന്യൂനപക്ഷാഭിമുഖ്യമുള്ള സമീപനം അവര്‍ക്ക് താങ്ങാൻ കഴിഞ്ഞി​െല്ലന്നതായിരുന്നു കാരണം. ഈ കൊലപാതകത്തെ പരസ്യമായി നീതിമത്​കരിക്കാനുള്ള ധൈര്യം ഹിന്ദുത്വശക്തികള്‍ക്ക്​ ഈ അടുത്തകാലം വരെ ഉണ്ടായിരുന്നില്ല എന്നത് ശരിയാണ്. പക്ഷേ, അതില്‍നിന്നു കൈകഴുകാൻ അവർ ശ്രമിക്കുമ്പോഴും, അവരുടെ രാഷ്​ട്രീയം ഗാന്ധിയൻ സമീപനമാണ് എന്നൊക്കെ പറയാൻ ശ്രമിക്കുമ്പോഴും ഗാന്ധിയും അവരും തമ്മിലുള്ള വലിയ അകല്‍ച്ചകൾ അവർ വിസ്മരിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും, പൊതുവേ ഹിന്ദുത്വശക്തികൾ ഗാന്ധിയോടും നെഹ്​റുവിനോടും അസഹിഷ്ണുക്കളാ​െണന്നത് ചരിത്രപരമായി ബോധ്യപ്പെട്ട കാര്യമാണ്. 

ഇരുവരോടുമുള്ള കമ്യൂണിസ്​റ്റ്​​ പാര്‍ട്ടിയുടെ അസഹിഷ്ണുതകളും പ്രത്യയശാസ്ത്രപരമായിരുന്നു. ധാരാളം ചര്‍ച്ചകൾ അതെക്കുറിച്ച് നടന്നിട്ടുണ്ട്. അതുപോലെ ഇന്ത്യയിലെ ദലിത്‌ രാഷ്​ട്രീയത്തിനും ഗാന്ധിയെ വിമര്‍ശിക്കുന്നതിനു ഒട്ടേറെ കാരണങ്ങളുണ്ട്. അദ്ദേഹത്തി​​​െൻറ ഇടപെടലുകൾ തീര്‍ച്ചയായും ആ രാഷ്​ട്രീയത്തി​​​െൻറ ആദ്യഘട്ടത്തില്‍ത്തന്നെ അതിനു കൂച്ചുവിലങ്ങിടുന്നവയായിരുന്നു. ഹിന്ദുമതവുമായുള്ള അടിമത്തബന്ധം ഉപേക്ഷിച്ചു രാഷ്​ട്രീയമായി മുന്നേറാനുള്ള ദലിത്‌ സമൂഹത്തി​​​െൻറ ആദ്യകാലശ്രമങ്ങളെ സ്വാതന്ത്ര്യസമരത്തി​​​െൻറ മറവിൽ ഗാന്ധി ബുദ്ധിപൂർവം തല്ലിക്കെടുത്തി. ഗാന്ധിയോ നെഹ്​റുവോ വിമര്‍ശനാതീതർ ആണെന്നോ അവരോടു സ്വാഭാവികമായും പ്രത്യയശാസ്ത്രപരമായ എതിര്‍പ്പുകളുള്ളവര്‍ക്ക് അത് പ്രകടിപ്പിക്കാൻ അവകാശമുണ്ട് എന്ന കാര്യത്തിലോ ആര്‍ക്കും തര്‍ക്കമുണ്ടാവാൻ ഇടയില്ല. എന്നാൽ, ഇൗ അടുത്തകാലത്ത് ബി.ജെ.പി നേതാക്കളായ അമിത്​ ഷായും നരേന്ദ്ര മോദിയും നടത്തുന്ന നെഹ്‌റു ഭർത്സനത്തി​​​െൻറ സാംഗത്യമെന്താണ് എന്നത് ആലോചിക്കേണ്ടതുണ്ട്. അത് കേവലം പ്രത്യയശാസ്ത്രപരമായ കാര്യങ്ങളിൽ ഒതുക്കിനിര്‍ത്താതെ തികച്ചും വാസ്തവവിരുദ്ധമായ പ്രചാരണങ്ങളിലേക്കും അപലപനീയമായ ശകാരങ്ങളിലേക്കും കൂടുതൽ കൂടുതൽ നീങ്ങിക്കൊണ്ടിരിക്കുന്നു. ഒന്നിനു പിറകെ ഒന്നായി നെഹ്​റുവി​​​െൻറ വ്യക്തിത്വത്തെ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നുണകളുടെ പെരുങ്കൂട്ടങ്ങൾതന്നെ കെട്ടഴിച്ചുവിടുന്നു. നെഹ്‌റു ചെയ്ത കാര്യങ്ങളെ വളച്ചൊടിക്കുക, നെഹ്​റുവി​​​െൻറ സംഭാവനകളെ ഒന്നാകെ പുച്ഛിക്കുക, അദ്ദേഹം ചെയ്യാത്തതും പറയാത്തതുമായ  കാര്യങ്ങൾ അദ്ദേഹത്തി​​​െൻറ തലയില്‍കെട്ടി​െവക്കുക, വ്യക്തിജീവിതത്തെ മോശമായി ചിത്രീകരിക്കുക തുടങ്ങി എണ്ണമില്ലാത്ത വ്യാജപ്രചാരണങ്ങൾ നെഹ്​റുവിനെതിരെ ഇടതടവില്ലാതെ പ്രയോഗിച്ചുകൊണ്ട് ജനങ്ങളിൽ അദ്ദേഹത്തെക്കുറിച്ച് അവമതിപ്പ്‌ സൃഷ്​ടിക്കാനുള്ള ബോധപൂർവമായ ഒരു ശ്രമം മോദി^അമിത്​ ഷാ നേതൃത്വത്തിൽ ഇപ്പോൾ നടക്കുകയാണ്. രാഷ്​ട്രത്തി​​​െൻറ രൂപവത്​കരണത്തിന് ഒരുപക്ഷേ ഏറ്റവും വലിയ സംഭാവനകൾ നല്‍കിയ ഒരു വ്യക്തിത്വത്തെ നിന്ദ്യമായ ശൈലിയിലും ഭാഷയിലും നിരന്തരം നിസ്സാരവത്​കരിക്കാനും അവമതിക്കാനും കാണിക്കുന്ന ഈ ധാർഷ്​ട്യം സമാന്തരങ്ങളില്ലാത്ത അശ്ലീലമാ​െണന്ന് പറയാതെ വയ്യ.

നെഹ്‌റു വിവിധ രാഷ്​ട്രീയ പ്രയോഗരീതികളില്‍നിന്ന് കടംകൊണ്ടിട്ടുള്ള നേതാവാണ്‌. മാര്‍ക്സിസവും സോഷ്യലിസവും ഗാന്ധിസവും അതിലുള്‍പ്പെടുന്നു. ഗാന്ധിയില്‍നിന്ന് വ്യത്യസ്തമായി നെഹ്​റുവും അംബേദ്‌കറും തമ്മിലുള്ള ഒരു സാമ്യത മാര്‍ക്സിസത്തില്‍നിന്ന് ചിലതൊക്കെ ആഴത്തിലുള്‍ക്കൊള്ളുമ്പോഴും ഇരുവരും ഇന്ത്യയിലെ വൈരുധ്യങ്ങൾ മനസ്സിലാക്കുന്നതിനും വിശദീകരിക്കുന്നതിനും ഫേബിയൻ സോഷ്യലിസത്തി​​​െൻറ അടിസ്ഥാനങ്ങളാണ് സ്വീകരിച്ചത് എന്നതാണ്. ഇന്ത്യൻരാഷ്​ട്രീയത്തിൽ ഉണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് ഏകാധിപത്യപരമോ സമഗ്രാധിപത്യപരമോ ആയ രാഷ്​ട്രീയ പരീക്ഷണങ്ങള്‍ക്ക് മുതിരുകയോ വഴങ്ങുകയോ ചെയ്യാൻ നെഹ്​റുവിന്​ കഴിയുമായിരുന്നെങ്കിലും ജനാധിപത്യത്തി​​​െൻറ അടിസ്ഥാനപ്രമാണങ്ങളെ മുറുകെപ്പിടിച്ചു പ്രവര്‍ത്തിക്കാനാണ് അവസാന നിമിഷംവരെയും അദ്ദേഹം താൽപര്യം കാട്ടിയത്. അതിനു അനുസൃതമായാണ് സാമ്പത്തികമേഖലയിലെ ത​​​െൻറ വീക്ഷണങ്ങൾ അദ്ദേഹം നടപ്പില്‍വരുത്തിയത്. ശക്തമായ പൊതുമേഖല ഒരുവശത്തും നിയന്ത്രിതമായ സ്വകാര്യമേഖല മറുവശത്തും എന്ന നിലയിലുള്ള മിശ്രസമ്പദ്​വ്യവസ്ഥാ മാതൃക ഈ രാഷ്​ട്രീയരൂപത്തിന് യോജിക്കുന്ന സാമ്പത്തികാടിത്തറയായിരുന്നു. മാത്രമല്ല, ത​​​െൻറ വിദേശനയത്തിലെ ചേരിചേരായ്മ, ഒരർഥത്തിൽ കൂടുതൽ സോവിയറ്റ് ചേരിയുമായുള്ള രാഷ്​ട്രീയമുന്നണി ആയിരുന്നെങ്കിൽ പോലും, ‘ഇറക്കുമതി ബദല്‍ നയ’ത്തിലൂടെ (import substitution policy) സാമ്പത്തികമായ അർഥത്തില്‍തന്നെ അദ്ദേഹം പ്രായോഗികവത്​കരിച്ചിരുന്നു. ഈ നയങ്ങൾ പൂർണമായും ശരിയായിരുന്നു എന്ന് പറയാൻ കഴിയില്ലെങ്കിലും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആഭ്യന്തര രംഗത്തായാലും വിദേശനയത്തി​​​െൻറ കാര്യത്തിലായാലും ത​​​െൻറ രാഷ്​ട്രീയവും സാമ്പത്തികനയങ്ങളും തമ്മിലുള്ള ബന്ധം സുതാര്യമായ ഒന്നായാണ് അദ്ദേഹം ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. അവയോടു പ്രതികരിക്കാനുള്ള ജനങ്ങളുടെ അവകാശമായ തെരഞ്ഞെടുപ്പുകൾ കൃത്യമായുംകൃത്രിമങ്ങൾ ഇല്ലാതെയും നടത്തുന്നതിന് ആവശ്യമായ സ്ഥാപനങ്ങളും നിയമങ്ങളും അദ്ദേഹം നിർമിച്ചുറപ്പിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയായിരുന്ന 16 കൊല്ലവും ജനാധിപത്യവ്യവസ്ഥയോടും അതിനെ നിലനിര്‍ത്തുന്ന സ്ഥാപനങ്ങളോടും അതി​​​െൻറ അടിത്തറയായി വര്‍ത്തിച്ച സാമ്പത്തികനയങ്ങളോടും നെഹ്‌റു കാണിച്ച ആദരവും ആത്മാർഥതയും ചോദ്യംചെയ്യാൻ കഴിയുന്ന താരതമ്യേന നിസ്സാരമായ സംഭവങ്ങളേ ചരിത്രത്തിലുണ്ടായിട്ടുള്ളൂ. ലോകത്തിലെ മറ്റു മൂന്നാം ലോകരാജ്യങ്ങള്‍, ചേരിചേരാസമൂഹത്തിലെതന്നെ മറ്റുരാഷ്​ട്രങ്ങള്‍, കടന്നുപോയ വഴികൾ നോക്കിയാൽ ഇതെത്ര മാത്രം വ്യത്യസ്തവും ജനാധിപത്യബോധത്തിൽ അടിയുറച്ചതുമായിരുന്നുവെന്ന് വ്യക്തമാവു​ം. അദ്ദേഹത്തി​​​െൻറ നയങ്ങൾ ഇന്ത്യൻ ബൂര്‍ഷ്വാവികസനത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടുതന്നെയായിരുന്നു എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, കൊളോണിയൽ ഭരണത്തിൽ തകര്‍ന്നുതരിപ്പണമായിരുന്ന ആഭ്യന്തര സമ്പദ്​വ്യവസ്ഥയെ കേവലമായ മൂലധനതാൽപര്യങ്ങള്‍ക്ക് നിസ്സങ്കോചം വിട്ടുകൊടുക്കുന്നത് ജനസാമാന്യത്തി​​​െൻറ ജീവിതം കൊളോണിയൽ കാലത്തെക്കാൾ ദുസ്സഹമാക്കുമെന്ന തിരിച്ചറിവില്‍നിന്ന് ഉണ്ടായതാണ് അദ്ദേഹത്തി​​​െൻറ സാമ്പത്തികനയങ്ങള്‍. ആഭ്യന്തരവിപണി ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഭരണകൂടത്തിനുള്ള പങ്ക്​ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ഇതി​​​െൻറ ഗുണഭോക്താക്കൾ ഏകപക്ഷീയമായി ഇന്ത്യൻ ബൂര്‍ഷ്വാസി മാത്രമായിരുന്നില്ല. തൊഴിലാളി വർഗത്തിനും പാർശ്വവത്​കൃതര്‍ക്കും അതില്‍നിന്ന് കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. 

ഇന്ത്യൻ മുതലാളിത്തം വേതനമരവിപ്പ് അടക്കമുള്ള ചൂഷണോപാധികൾ മുഴുവൻ പുറത്തെടുത്തിട്ടും1960 മുതല്‍1980 വരെയുള്ള കാലത്ത് ഇന്ത്യൻ ദേശീയവരുമാനത്തിൽ കൂലിവിഹിതം ക്രമാനുഗതമായി കൂടുകയാണ് ചെയ്തിട്ടുള്ളത്. അതിൽ നെഹ്​റുവി​​​െൻറ സാമ്പത്തികനയങ്ങൾ വഹിച്ച പങ്ക് വലുതാ​െണന്ന് മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ, നിയോ ലിബറൽ നയങ്ങൾ ഒന്നൊന്നായി കുമിഞ്ഞുകൂടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കുകയും ഇന്ത്യൻ സമ്പദ്​വ്യവസ്​ഥ വലിയ വളര്‍ച്ചനിരക്കുകൾ ​ൈകവരിക്കുകയും ചെയ്തപ്പോൾ ഇൗ വിഹിതം താഴാൻ തുടങ്ങി. ഉൽപാദനക്ഷമത വർധിക്കുന്നതിന്​ അനുസരിച്ച് കൂലി വർധിക്കുന്ന സാഹചര്യം ഇല്ലാതാവുകയും മൂലധനതാൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന രാഷ്​ട്രീയ-സാമ്പത്തിക സാഹചര്യം സംജാതമാവുകയും ചെയ്തു. അതി​​​െൻറ ഏറ്റവും വികൃതവും സമ്പൂർണമായും ജനവിരുദ്ധവുമായ മുഖമാണ് നരേന്ദ്ര മോദിയുടെ സാമ്പത്തികനയങ്ങള്‍. ഊഹക്കച്ചവട മൂലധനത്തിനും കങ്കാണി മൂലധനത്തിനും രാജ്യത്തെ തീറെഴുതുന്ന സ്വന്തം ദാസ്യവും വിധേയത്വവും മൂടി​െവക്കാനുള്ള വ്യഗ്രതയാണ്, അതി​​​െൻറ മറുപുറത്ത് ജ്വലിച്ചുനില്‍ക്കുന്ന നെഹ്​റുവി​​​െൻറ വ്യക്തിത്വത്തെ താറടിക്കാനുള്ള ജൽപനങ്ങള്‍ക്ക് പിന്നിൽ എന്നത് കാണാതിരുന്നുകൂടാ. സാമൂഹിക-സാമ്പത്തിക നയങ്ങൾ എന്തായാലും, അതി​​​െൻറ പ്രത്യാഘാതങ്ങൾ എത്ര ഭീകരമായാലും, അതെല്ലാം അവഗണിക്കുന്ന, ഹൈന്ദവ മതകേന്ദ്രീകൃത ഫാഷിസ്​റ്റ്​ഭരണം മാത്രം ഇച്ഛിക്കുന്ന, ഒരു പുതിയ ഹിന്ദുജനതതിയെ മാത്രം മുന്നില്‍നിര്‍ത്തി നടത്തുന്ന ഈ നെഹ്‌റുനിന്ദക്ക്​ മറുപടിപറയാന്‍, ഇവിടത്തെ എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും, ഇനിയും മരിച്ചിട്ടി​െല്ലന്ന് കരുതാവുന്ന ഇന്ത്യയിലെ സിവിൽ സമൂഹത്തിനും ബാധ്യതയു​െണ്ടന്നുതന്നെയാണ് എ​​​െൻറ ഉറച്ച അഭിപ്രായം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssJawaharlal Nehruarticlemalayalam news
News Summary - Insult to Nehru - Article
Next Story