ബംഗാൾ ജനത ഉയർത്തിയത് ഉരുക്കുകോട്ട
text_fieldsദേശീയ രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും ഇൗ മാസം പശ്ചിമ ബംഗാൾ നിറഞ്ഞുനിന്നു. മോശപ്പെട്ട ചില സംഭവവികാസങ്ങളുടെ പേരിലായിരുന്നു അതെങ്കിലും ജൂലൈ അവസാനത്തോടെ ആശങ്കകളുടെ കാർമേഘങ്ങൾ ഒഴിഞ്ഞ് അന്തരീക്ഷം ശാന്തമായി. സാമുദായിക മൈത്രിയുടെ പൂർവനില ഒരിക്കൽക്കൂടി സംസ്ഥാനം വീെണ്ടടുത്തിരിക്കുന്നു. ജൂലൈ മൂന്നിന് മധ്യാഹ്നത്തിലായിരുന്നു ബംഗാളിെൻറ പ്രതിച്ഛായയിൽ കളങ്കംചാർത്തിയ വർഗീയാസ്വാസ്ഥ്യങ്ങളുടെ തുടക്കം. കലാപാഗ്നി കൂടുതൽ ദിക്കുകളിലേക്ക് പടരാതെ സൂക്ഷിക്കുന്നതിൽ ബംഗാൾ ജനത വിജയം നേടി. സാമുദായിക സൗഹൃദത്തിെൻറ മുൻകാല പൈതൃകം നിലനിർത്താനുള്ള നിശ്ചയങ്ങളെ ദൃഢീകരിക്കുന്നതിന് ഇൗ സംഭവം പ്രചോദനമായി.
സൗവിക് സർക്കാർ എന്ന പ്ലസ് ടു വിദ്യാർഥി, ഇസ്ലാമിനെ ഇകഴ്ത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്ത സന്ദേശമായിരുന്നു കലാപഹേതു. സൗവിക്കിെൻറ വീടിനു നേർക്ക് ആക്രമണനീക്കമുണ്ടായി. വീട് അഗ്നിക്കിരയാക്കിയതായി ബോധപൂർവം കിംവദന്തികൾ പ്രചരിപ്പിക്കപ്പെട്ടു. നോർത്ത് 24 പർഗാനസ് ജില്ലയിലെ ബാദുരിയ, ബാശിറത് മേഖലകളിൽ പടർന്ന സംഘർഷം പൊലീസ് സ്റ്റേഷനു നേർക്കുള്ള ആക്രമണം വരെയായി കലാശിച്ചതോടെ ഭരണകർത്താക്കളും ഗ്രാമീണരും പ്രകടിപ്പിച്ച നിതാന്തജാഗ്രത വലിയ കലാപത്തിൽനിന്ന് സംസ്ഥാനത്തെ രക്ഷിക്കുകയായിരുന്നു. പൊലീസ് വണ്ടികൾ ഉൾപ്പെടെ ഏതാനും വാഹനങ്ങൾ തകർക്കപ്പെട്ടു. കടകേമ്പാളങ്ങൾക്കുനേരെയും ആക്രമണങ്ങൾ അരങ്ങേറി. ബെലിയാഗഡ, ദേഗാംഗ, ഗോലാബാരി തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകൾ ഉപരോധിക്കപ്പെട്ടു. അതേസമയം, മതവികാരങ്ങൾ ഉദ്ദീപിപ്പിച്ച് ജനങ്ങളെ ധ്രുവീകരിക്കാനുള്ള തന്ത്രങ്ങൾക്കെതിരെ വ്യാപകമായ സമാധാനറാലികൾ നടത്താൻ ജനങ്ങൾ ഒറ്റക്കെട്ടായതോടെ മേഖലയെ സംഘർഷഭരിതമാക്കാനുള്ള പുറത്തുനിന്നുള്ളവരുടെ ഒളിയജണ്ടകൾ തകർന്നു. സാമുദായിക സൗഹാർദവും പരസ്പര െഎക്യവും ഭദ്രമായി നിലനിർത്തുന്നതിന് മതഭേദമില്ലാതെ കൈകോർത്ത ജനങ്ങളുടെ ഇച്ഛാശക്തി ബംഗാളി ജനതയുടെ മുൻകാല പാരമ്പര്യങ്ങളുടെതന്നെ ആവർത്തനമായിരുന്നു.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലയുടെ പല ഭാഗങ്ങളിലും കേന്ദ്രസേനയെ തന്നെ ഇറക്കി. ലഹള പടരാതിരിക്കാൻ സൈന്യത്തിെൻറ റൂട്ട് മാർച്ച് സഹായകമായിട്ടുണ്ടാകാം. സ്കൂളുകളും കടകേമ്പാളങ്ങളും അടച്ചിട്ടു. 144ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞയും പ്രഖ്യാപിക്കപ്പെട്ടു. വർഗീയ സംഘർഷങ്ങൾക്ക് ബംഗാളിൽ ഇടമില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. ഇത്തരം സംഘർഷം പൊറുപ്പിക്കില്ലെന്നും ഫേസ്ബുക്കിലെ വിവാദ പോസ്റ്റ് സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കാൻ ബി.ജെ.പി നടത്തിയ ആസൂത്രിത തന്ത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി. മമതയുടെ വാക്കുകൾ കേവലം വാചകക്കസർത്തല്ലെന്ന് തെളിയാൻ ദിവസങ്ങൾപോലും വേണ്ടിവന്നില്ല. ബംഗാളിൽ ഉടൻ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കണമെന്ന ബി.ജെ.പി ബംഗാൾ ഘടകത്തിെൻറ മുറവിളി ആ കുത്സിത തന്ത്രത്തിലേക്കായിരുന്നു വിരൽചൂണ്ടിയത്. ബംഗാളിൽ ഹിന്ദുക്കൾ അരക്ഷിതത്വം അനുഭവിക്കുകയാണെന്ന പരാതിയും ബി.ജെ.പി നേതാക്കൾ കേന്ദ്രത്തെ ബോധിപ്പിച്ചു. എന്നാൽ, പ്രസിഡൻറ് ഭരണം ആവശ്യമാക്കുന്ന സങ്കീർണ സാഹചര്യം നിലവിലില്ലെന്ന യാഥാർഥ്യബോധത്തോടെയുള്ള നിലപാടായിരുന്നു കോൺഗ്രസും സി.പി.എമ്മും പുറത്തുവിട്ടത്.
ലഹളയെ സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണത്തിന് മമത സന്നദ്ധയായത് ശ്രദ്ധേയ ചുവടുവെപ്പായിരുന്നു. ഹൈകോടതിയിലെ സൗമിത്ര പാലിനാണ് അന്വേഷണ കമീഷെൻറ ചുമതല. കലാപം ആസൂത്രിത നിർമിതിയാണെന്നും ലഹള ഇതരദിക്കുകളിലേക്ക് പടർത്തി രാഷ്ട്രീയലാഭം കൊയ്യാൻ കരുക്കൾ നീക്കിയിരുന്നുവെന്നും സ്ഥാപിക്കുന്ന തെളിവുകൾ പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു. ബംഗ്ലാദേശിലെ കോമിലയിലെ ഒരനിഷ്ട സംഭവത്തിെൻറ വിഡിയോ ചിത്രം പകർത്തി സംഭവം ബംഗാളിൽ അരേങ്ങറിയതാണെന്ന മട്ടിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെട്ടത് ഒരു ഉദാഹരണം. ഗുജറാത്തിലെ 2002ലെ വർഗീയ കുരുതിയുടെ ചിത്രവും ബംഗാളിലെ കലാപമെന്ന അടിക്കുറിപ്പിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് മറ്റൊരു ഉദാഹരണം. ‘ഗുജറാത്ത് വിഡിയോ’ പോസ്റ്റ് ചെയ്ത ബി.ജെ.പി നേതാവ് അരുൺ സെൻഗുപ്ത പൊലീസ് കസ്റ്റഡിയിലാണിപ്പോൾ. വ്യാജ വിഡിയോയുടെയും പ്രകോപനപരമായ േപാസ്റ്ററുകളുടെയും പേരിൽ ബി.ജെ.പി വക്താവ് നൂപുർ ശർമക്കെതിരെ ജാമ്യമില്ലാ കേസും ഫയൽ ചെയ്യപ്പെടുകയുണ്ടായി. സംസ്ഥാനത്ത് ബോധപൂർവം വർഗീയ വികാരം ഇളക്കിവിടാൻ കൃത്രിമ ചിത്രങ്ങൾ പ്രചരിപ്പിച്ചതിെൻറ പേരിൽ മറ്റ് അഞ്ചു പേരെയും അറസ്റ്റ്ചെയ്ത് അന്വേഷണങ്ങൾ തുടരുകയാണ് കൊൽക്കത്ത പൊലീസ്.
പശ്ചിമ ബംഗാളിൽനിന്നുള്ള ബി.ജെ.പി രാജ്യസഭാംഗം രൂപ ഗാംഗുലി കുട്ടിക്കടത്ത് കേസിൽപെട്ടതും ജൂലൈ മാസം സംവാദവേദികളെ മുഖരിതമാക്കി. രണ്ടുദിവസം മുമ്പ് സി.െഎ.ഡി ഉദ്യോഗസ്ഥർ അവരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, മാനഭംഗത്തെ സംബന്ധിച്ച് രൂപ നൽകിയ വിവേകശൂന്യമായ ജൽപനങ്ങളാണ് കൂടുതൽ വലിയ കോളിളക്കങ്ങൾക്ക് വഴിമരുന്നിട്ടത്. ബംഗാളിെല ക്രമസമാധാന നില മോശമാണെന്ന് ചിത്രീകരിക്കുന്നതിെൻറ ഭാഗമായാണ് അവർ അസഭ്യവർഷം ചൊരിഞ്ഞത്. തൃണമൂൽ എം.പിമാരുടെ ഭാര്യമാരോ മക്കളോ കൊൽക്കത്തയിൽ എത്തിയാൽ മാനഭംഗത്തിനിരയാകാൻ രണ്ടാഴ്ചപോലും വേണ്ടിവരില്ലെന്നായിരുന്നു രൂപ ഗാംഗുലിയുടെ വിവാദ പരാമർശം. വിവാദവുമായി ബന്ധപ്പെട്ട് അവർക്കെതിരെ മൂന്ന് എഫ്.െഎ.ആറുകളാണ് ഫയൽ ചെയ്തത്.
വടക്കൻ ബംഗാളിലെ ഡാർജീലിങ് കുന്നുകളിലെ രാഷ്ട്രീയ അസ്വാസ്ഥ്യങ്ങൾ പുനരാരംഭിച്ചതും കനത്ത പ്രഹരമായി. മേഖലയിൽ ഗൂർഖ ജനമുക്തി മോർച്ച പ്രഖ്യാപിച്ച പണിമുടക്ക് അഞ്ചാഴ്ച പിന്നിടുകയാണ്. പ്രശ്നപരിഹാരാർഥം ഗൂർഖാ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി മമത ബാനർജി തയാറായെങ്കിലും അസന്ദിഗ്ധ നിലപാട് തുടരുകയാണ് കേന്ദ്ര ഭരണകർത്താക്കൾ. നിലപാടിൽ കടുകിട മാറ്റമില്ലെന്ന് ഗൂർഖാലാൻഡ് പ്രക്ഷോഭകാരികൾ ആവർത്തിച്ച് വ്യക്തമാക്കുന്നു. ഡാർജീലിങ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മമത ന്യൂഡൽഹി സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശയവിനിമയം നടത്തിയിരുന്നു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ സമീപിക്കുക എന്നാണ് പ്രധാനമന്ത്രി, മമതക്ക് നൽകിയ ഉപദേശം.
ജൂലൈ 21ലെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ 12 ലക്ഷം പ്രവർത്തകർ അണിനിരന്നു. പാർട്ടിയുടെ ഭദ്രമായ അടിത്തറയുടെ ദൃഷ്ടാന്തമായിരുന്നു റാലി. 1993 ജൂലൈ 21ന് കൊൽക്കത്തയിൽ നടന്ന റാലിക്കുനേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ 13 േപർ കൊല്ലപ്പെട്ടതിെൻറ വാർഷികത്തോടനുബന്ധിച്ചായിരുന്നു തൃണമൂൽ റാലി.
വംഗനാടിെൻറ സാമൂഹികാന്തരീക്ഷം തകർക്കാൻ ഫാഷിസ്റ്റ് ശക്തികൾ നടത്തുന്ന ആസൂത്രിത നീക്കങ്ങളെ ചെറുത്തുതോൽപിക്കണമെന്ന് മമത റാലിയിൽ ആഹ്വാനം ചെയ്തു. വർഗീയ അജണ്ടകളുമായി പശ്ചിമ ബംഗാളിലേക്ക് കടന്നുവരാൻ ബി.ജെ.പിക്ക് ധൈര്യം ലഭിക്കാത്തവിധം ഒറ്റക്കെട്ടാവാനും മമത ആഹ്വാനം ചെയ്തു. വർഗീയശക്തികളിൽനിന്ന് ജനങ്ങളെ കാത്തുരക്ഷിച്ച സഹിഷ്ണുതയുടെയും മൈത്രിയുടെയും അഭിമാനകരമായ പൈതൃകമുണ്ട് വംഗനാടിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.