തുറന്ന ലോക്ഡൗൺ തുറക്കാത്ത കശ്മീർ
text_fieldsരണ്ടു മാസത്തെ ലോക്ഡൗൺകൊണ്ട് ഇന്ത്യക്കു മടുത്തു. വല്ലാത്ത വീർപ്പുമുട്ടൽ. അപ്പോൾ എന്തായിരിക്കും കശ്മീരിെൻറ സ്ഥിതി? നീണ്ട 10 മാസം പൂർത്തിയാക്കുകയാണ് അവിടത്തെ ലോക്ഡൗൺ. കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് 370ാം ഭരണഘടന വകുപ്പ് എടുത്തുകളഞ്ഞ് ജമ്മു-കശ്മീർ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വെട്ടിമുറിച്ചതു മുതൽ തുടങ്ങിയതാണ് അടച്ചിടൽ. കോവിഡ് മഹാമാരി വന്നതോടെ, രണ്ടു മാസമായി ഇരട്ട ലോക്ഡൗൺ. പകർച്ചവ്യാധിയുടെ ഉത്കണ്ഠകളിലേക്ക് ലോകത്തിെൻറ മുഴുവൻ ശ്രദ്ധയും തിരിഞ്ഞപ്പോൾ ജമ്മു-കശ്മീരിലെ മനുഷ്യാവകാശവും പൗരസ്വാതന്ത്ര്യവുമൊക്കെ പലരും മറന്നു. കശ്മീരിെൻറ കണ്ണീരിന് വേണ്ടത്ര വില മുമ്പും രാജ്യത്തിനുള്ളിൽ ലഭിച്ചിട്ടില്ല. അതേസമയം, ഭരണകൂടം നട്ടുനനക്കുന്ന ഇസ്ലാമോഫോബിയ മൂലം അന്താരാഷ്ട്ര തലത്തിൽ കശ്മീർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
എന്തിനു വേണ്ടിയാണ് ജമ്മു-കശ്മീരിനെ രണ്ടു തുണ്ടമാക്കിയത്? ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ, ഒരൊറ്റ രാജ്യമെന്ന കണ്ണി മുറുക്കാൻ, തീവ്രവാദം അമർച്ച ചെയ്യാൻ, വിഘടന ശക്തികളെ ഒതുക്കാൻ, വികസനവും പുരോഗതിയും എത്തിക്കാൻ എന്നൊക്കെയാണ് പറഞ്ഞു കേട്ടത്. 10 മാസത്തിനിപ്പുറത്തുനിന്ന് ജമ്മു-കശ്മീരിലേക്ക് നോക്കുേമ്പാൾ, അതൊന്നും അവിടെ സംഭവിച്ചിട്ടില്ല. ഇത്രനാൾ കഴിഞ്ഞിട്ടും ആ മേഖല സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. കശ്മീർ എന്ന് പഴയ പടിയാവുമെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.
തീവ്രവാദ പ്രവർത്തനങ്ങളും അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും വർധിച്ച തോതിൽ തന്നെ. യുവാക്കൾ തീവ്രവാദത്തിലേക്ക് കൂടുതലായി ആകർഷിക്കപ്പെടുന്നു. ഇതിനൊക്കെ അടുത്തകാലത്തൊന്നും മാറ്റമുണ്ടാക്കാൻ കഴിയുന്ന ലക്ഷണമില്ല. അടച്ചിടൽകൊണ്ട് ഒരു പ്രദേശത്തെ അടക്കി ഭരിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, ജനങ്ങളുടെ വിശ്വാസം ആർജിക്കാതെ, അവർക്ക് സാന്ത്വനം നൽകാതെ, രാഷ്ട്രീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾ അനുവദിക്കാതെ ജമ്മു-കശ്മീരിന് സാധാരണ നില കൈവരിക്കാൻ കഴിയില്ല.
സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളെല്ലാം സ്തംഭനത്തിൽ തന്നെ. മുൻമുഖ്യമന്ത്രി അടക്കം നിരവധി രാഷ്ട്രീയനേതാക്കൾ പൊതുസുരക്ഷ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിയുന്നു. പെരുന്നാളിനും അവർ തടങ്കലിൽ തന്നെ. മാധ്യമ പ്രവർത്തകരെ നോട്ടമിട്ട് പീഡിപ്പിക്കുന്നു. അവകാശധ്വംസനത്തിെൻറ ഈ സാമൂഹികാവസ്ഥക്കിടയിൽ വിവിധ രംഗങ്ങളിലെ സ്ഥിതി എന്താണ്? 10 മാസത്തിനിടയിൽ രണ്ടു വിളവെടുപ്പു കാലം കടന്നുപോകുന്നത് കശ്മീരിക്ക് ഒരാദായവും നൽകാതെയാണ്. ആപ്പിളും ചെറിയും പിയറുമൊക്കെ വിളവെടുത്തേടത്തുനിന്ന് മാർക്കറ്റിലെത്താതെ നശിക്കുകയായിരുന്നു കഴിഞ്ഞ സീസണിൽ. പുതിയ സീസണിലും അതുതന്നെ സ്ഥിതി. സഞ്ചാരികളില്ലാതെ രണ്ടാമത്തെ ടൂറിസ്റ്റ് സീസണും കടന്നുപോകുന്നു. ബാങ്ക്, വ്യാപാര, വ്യവസായ, ചികിത്സ മേഖലകളെല്ലാം സ്തംഭനാവസ്ഥയിലാണ്.
വിദ്യാഭ്യാസവും അവതാളത്തിൽ. കോവിഡ് ലോക്ഡൗൺ മൂലം വിവിധ സർവകലാശാലകളിലും കോളജുകളിലുമുള്ള വിദ്യാർഥികൾ സ്വദേശങ്ങളിലാണ്. അനിശ്ചിതാവസ്ഥകൾക്കിടയിൽ വീട്ടിലിരുന്ന് ഓൺലൈൻ പഠനമാണ് പുതിയ രീതി. എന്നാൽ, അതിന് ജമ്മു-കശ്മീരിലെ വിദ്യാർഥികൾക്ക് കഴിയുന്നില്ല. രാജ്യത്തിെൻറ മറ്റെല്ലായിടത്തും 4 ജി സൗകര്യങ്ങൾ കിട്ടുേമ്പാൾ, 2ജി ഇൻറർനെറ്റ് സേവനങ്ങൾ മാത്രമാണ് ജമ്മു-കശ്മീരിൽ പരിമിതമായി ലഭ്യമാകുന്നത്. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനോ അൈസൻമെൻറ് സമർപ്പിക്കാനോ പറ്റുന്നില്ല. ഓൺലൈൻ സെമസ്റ്റർ പരീക്ഷയിൽ പങ്കെടുക്കാനും കഴിഞ്ഞെന്നുവരില്ല. ലോക്ഡൗൺ കണക്കിലെടുത്ത് ആറുമാസത്തെ ബാങ്ക് വായ്പ തിരിച്ചടവ് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ജമ്മു-കശ്മീരുകാർക്ക് അത് ഇല്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കശ്മീരിൽ ജാഗ്രതാപൂർവം നടക്കുന്നില്ല. ലോക്ഡൗൺ കാലത്ത് വിദ്യാർഥികളടക്കം 70,000ത്തോളം പേർ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ, ഇവർക്കിടയിൽ കോവിഡ് പരിശോധനക്കും നിരീക്ഷണത്തിനും സംവിധാനങ്ങളില്ല. ഇരട്ട ലോക്ഡൗണിനൊപ്പം, ഇരട്ട അനീതിയും ഏറ്റുവാങ്ങുകയാണ് താഴ്വര.
അജണ്ടകൾ, അച്ചടക്കത്തോടെ
കോവിഡിനു മുന്നിൽ സാമൂഹിക അകലം സമൂഹം ശീലിക്കുന്നുവെങ്കിൽ, കോവിഡിെൻറ മറവിൽ മാനസിക അകലം ഉറപ്പുവരുത്തുന്ന രാഷ്്ട്രീയ അജണ്ടകളും മുന്നോട്ടു തന്നെ. പൗരത്വ പ്രക്ഷോഭകരെ ഓരോരുത്തരെയായി കുരുക്കുന്ന പ്രവർത്തനങ്ങൾ തുടരുന്നു. ഡൽഹി വംശീയ അതിക്രമത്തിൽ ഉത്തരവാദികളായ ബി.ജെ.പി നേതാക്കൾ രക്ഷപ്പെടുകയും പൗരത്വപ്രക്ഷോഭത്തിൽ സജീവമായിരുന്ന വിദ്യാർഥി നേതാക്കളെയും മറ്റും കലാപവുമായി ചേർത്തുകെട്ടി കേസ് ചമക്കുകയുമാണ്. ബി.ജെ.പി സർക്കാറിനെ ഏറ്റവുമേറെ പ്രയാസത്തിലാക്കിയ പൗരത്വപ്രക്ഷോഭത്തിൽ സജീവമായി ഇറങ്ങിയവരെ വേട്ടയാടി നശിപ്പിക്കുന്ന രാഷ്ട്രീയമാണത്.
ലോക്ഡൗണിെൻറ നാളുകളിൽ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള നിലമൊരുക്കൽ പുരോഗമിക്കുകയാണ്. അതു മാത്രമല്ല സംഭവിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽ മുമ്പ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനുള്ള കൃത്യമായ പ്രചാരണവും ഇതിനൊപ്പം നടക്കുകയാണ്. മാന്തുകയും കുഴിക്കുകയുമൊക്കെ ചെയ്യുന്ന കൂട്ടത്തിൽ ഉടഞ്ഞ വിഗ്രഹങ്ങളും കരിങ്കൽ തൂണുകളുമൊക്കെ കണ്ടെടുത്തതായി വി.എച്ച്.പിയുടെയും ക്ഷേത്ര നിർമാണത്തിന് രൂപവത്കരിച്ച രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിെൻറയും ആളുകൾ പറയുന്നുണ്ട്, തെളിവുകളായി ഓരോന്ന് പുറത്തിറക്കുന്നുണ്ട്. അതേക്കുറിച്ച് വിസ്തരിക്കേണ്ടത് വി.എച്ച്.പിയല്ല. സർക്കാറിനു കീഴിൽ പുരാവസ്തു ഗവേഷണ വകുപ്പുണ്ട്. എന്നാൽ അവർക്കോ, മാധ്യമ പ്രവർത്തകർ അടക്കം മറ്റാർക്കെങ്കിലുമോ പ്രവേശനമില്ല.
കിട്ടിയത് എന്തായാലും പള്ളി പൊളിക്കുന്ന ചിത്രമാണ് ലോകം കണ്ടിട്ടുള്ളത്. മതേതര ഇന്ത്യയുടെ മിനാരങ്ങൾ െപാളിച്ചിടുന്ന ചിത്രം. പൊളിച്ചവരോ പൊളിപ്പിച്ചവരോ ആരും ഇതുവരെ കുരുങ്ങിയിട്ടില്ല. പൊളിച്ചവർക്ക് ആദ്യം ഭരണം കിട്ടി. പിന്നെ ഭൂമി കിട്ടി. ഇനി ക്ഷേത്രം പണിയുന്നു. അതിനൊപ്പമാണ് പുതിയ കണ്ടെടുപ്പ്. പള്ളിക്കും മുേമ്പ ക്ഷേത്രം പൊളിച്ചു എന്ന ചരിത്രം ഉണ്ടാക്കുന്നതിനൊപ്പം, തെരഞ്ഞെടുപ്പുകളിലേക്കുള്ള പ്രചാരണ വിഭവങ്ങൾ കൂടിയാണ് കുഴിച്ചെടുക്കുന്നത്.
പാളിയ ലോക്ഡൗൺ
രാഷ്ട്രീയ അജണ്ടകളിലെ മിടുക്ക് ഭരണനിർവഹണത്തിൽ കാണുന്നില്ല. കോവിഡ് പ്രതിരോധത്തിലും ലോക്ഡൗൺ നടത്തിപ്പിലും കേന്ദ്രസർക്കാറിന് വ്യക്തമായ അജണ്ടയും തന്ത്രവും ഉണ്ടായിരുന്നില്ല. ആദ്യ ലോക്ഡൗണിൽ കടുത്ത കാർക്കശ്യമാണ് സർക്കാർ കാട്ടിയത്. മൂന്നര മണിക്കൂർകൊണ്ട് േലാക്ഡൗൺ പ്രഖ്യാപിച്ചു നടപ്പാക്കിയതിെൻറ കെടുതിക്ക് ഏറ്റവും കൂടുതൽ ഇരയായത് അന്തർസംസ്ഥാന തൊഴിലാളികളാണ്. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ േപാലും ജനങ്ങൾക്ക് സമയം കൊടുക്കാതെ ലോക്ഡൗൺ പ്രാബല്യത്തിൽ കൊണ്ടുവന്നതിന് വ്യക്തമായ കാരണം ഇന്നും സർക്കാറിനു മുന്നിലില്ല.
അത്യാവശ്യക്കാർക്ക് നാടുപിടിക്കുന്നതിനോ യാത്ര ചെയ്യുന്നതിനോ ഉള്ള എല്ലാ പഴുതുകളും അടച്ചു കളഞ്ഞു. നടക്കുന്ന തൊഴിലാളികളെ ഏറ്റവുമടുത്ത പ്രധാന കേന്ദ്രത്തിലെത്തിച്ച് നാട്ടിലേക്കോ സുരക്ഷിത കേന്ദ്രത്തിലേക്കോ എത്തിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുക എന്ന പ്രയോഗിക ബുദ്ധി പോലും സർക്കാറിന് ഇല്ലാതെ പോയപ്പോൾ അപകട മരണങ്ങൾ വരെ സംഭവിച്ചു.
വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന നിർദേശത്തോടെ വാതിൽപ്പടിയിൽ ലക്ഷ്മണ രേഖ വരക്കുന്നതായി പ്രഖ്യാപിച്ചാണ് 21 ദിവസത്തെ ലോക്ഡൗൺ പ്രധാനമന്ത്രി തുടങ്ങിവെച്ചത്. എന്നാൽ, മൂന്നാം ലോക്ഡൗണിൽ തന്നെ പ്രവാസികൾക്കുവേണ്ടി വിമാനങ്ങൾ അയക്കേണ്ടി വന്നു. അന്തർസംസ്ഥാന തൊഴിലാളികൾക്കുവേണ്ടി പ്രത്യേക ട്രെയിനുകൾ ഓടിക്കേണ്ടി വന്നു. തിങ്കളാഴ്ച വിമാന സർവിസുകൾ തുടങ്ങുന്നു. 14 ദിവസം പ്രവാസികളെ വീട്ടിൽ അയക്കാതെ പ്രത്യേക ക്വാറൻറീൻ നടത്തണമെന്ന് കോടതിയിൽ വാദിച്ച കേന്ദ്രസർക്കാർ ദിവസങ്ങൾക്കകം വിശദീകരിക്കുന്നത്, ആഭ്യന്തര വിമാന യാത്രക്കാർക്ക് 14 ദിവസ ക്വാറൻറീൻ നടപ്പുള്ള കാര്യമല്ലെന്നാണ്. ലോക്ഡൗണിൽനിന്നു പുറത്തുകടക്കാനുള്ള വ്യക്തമായ തന്ത്രം ഇല്ലാത്തതിെൻറ ഉദാഹരണങ്ങളാണവ.
ലോക്ഡൗൺ കൊണ്ട് എന്തു നേടിയെന്നു ചോദിച്ചാൽ, അതല്ലെങ്കിൽ കാണാമായിരുന്നു സ്ഥിതി എന്ന് ലളിതമായൊരു മറുപടി മാത്രമാണ് ഉണ്ടാകുന്നത്. അതിനിടയിൽ അനുഭവിക്കേണ്ടവർ അനുഭവിച്ചു. കോവിഡ് ആശങ്കകൾ അവസാനിക്കുന്നുമില്ല. ഇനിയിപ്പോൾ ആരോഗ്യം, ഓരോരുത്തരുടെയും സ്വന്തം ഉത്തരവാദിത്തം മാത്രമാണ്. അതേസമയം, നടപ്പാക്കാൻ പ്രയാസമുള്ള വിവാദ നയങ്ങൾ പലതും കോവിഡിനെ മറയാക്കി നടപ്പാക്കുകയാണ്. കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക ദുഃസ്ഥിതിയിൽ ജനങ്ങളോട് കരുണ കാട്ടുകയാണ് ഏതൊരു സർക്കാറും ചെയ്യുന്നത്. എന്നാൽ, ലോക്ഡൗൺ രണ്ടുമാസം പിന്നിടുേമ്പാൾ അത്തരമൊരു സാന്ത്വന സ്പർശം അനുഭവിക്കാൻ കഴിയുന്നില്ലെന്ന് പാവപ്പെട്ടവർ വിലപിക്കുന്നുവെങ്കിൽ, സർക്കാറിെൻറ പരാജയമാണ് അവർ വിളിച്ചു പറയുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.