കശ്മീരിൻെറ അപരനിർമിതി
text_fieldsകശ്മീര്‍പ്രശ്നത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ‘രക്തം, സെന്‍സര്‍ ചെയ്തത്: കശ്മീരികള്‍ ‘ശത്രുക്ക’ളാവുമ്പോള്’ (Blood, Censured: When Kashmiris Become the Enemies) എന്ന അന്വേഷണ റിപ്പോര്‍ട്ടാണ്. ദിനേശ് മോഹന്‍, ഹര്‍ഷ് മന്ദര്‍, നവശരന്‍ സിങ്, പമീല ഫിലിപ്പോസ്, തപന്‍ ബോസ് എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടായിരുന്നു അത്. 2016 ജൂലൈയില്‍ ബുര്‍ഹാന്‍ വാനി എന്ന ഹിസ്ബുൽ മുജാഹിദീന്‍ നേതാവ് ഇന്ത്യന്‍ സുരക്ഷ ഭടന്മാരാല് കൊല്ലപ്പെട്ട സാഹചര്യത്തില്‍ കശ്മീര്‍ താഴ്വരയില് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭവും അതിനെതിരെ ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ച നടപടികളും പശ്ചാത്തലമാക്കി കശ്മീര്‍ പ്രശ്നത്തിെൻറ പ്രാദേശിക, ദേശീയ, ആഗോളമാനങ്ങള്‍ ചര്‍ച്ചചെയ്യുന്ന റിപ്പോര്‍ട്ടാണ് അത്. അതിെൻറ തുടക്കത്തില്‍ പറയുന്ന ഒരു കാര്യം സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു ജനക്കൂട്ടം നിരന്തര സമരപ്രഖ്യാപനങ്ങളുമായി ദിവസവും തെരുവിലേക്ക് ഇറങ്ങുന്ന അഭൂതപൂർവമായ പ്രശ്നത്തെ ഇന്ത്യന്‍പട്ടാളം അഭിമുഖീകരിച്ചത് പെല്ലറ്റ് തോക്കുകള്‍ കൊണ്ടായിരുന്നു എന്നതാണ്. കൊച്ചുകുട്ടികള്‍ അടക്കം നിരവധിപേരെ അത് അന്ധരാക്കുകയും അവരുടെ തലയോട് പൊട്ടിക്കുകയും മറ്റു മാരകമായ മുറിവുകള്‍ ഏൽപിക്കുകയും ചെയ്തിരുന്നു. അന്ന് കശ്മീരില്‍ പലരും അന്വേഷണ കമീഷന് പ്രതിനിധികളോട് ചോദിച്ചത് കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെങ്കില്‍ പട്ടാളക്കാരെയോ പൊലീസിനെയോ കല്ലെറിഞ്ഞു എന്നു പറഞ്ഞു ഇത്ര മാരകമായ പെല്ലറ്റ് തോക്ക് പ്രയോഗം ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ പൊലീസോ പട്ടാളമോ നടത്താറുണ്ടോ എന്നായിരുന്നുവത്രേ.
പെല്ലറ്റ് തോക്കുകള്‍ കശ്മീരില്‍ ഉപയോഗിച്ച് തുടങ്ങുന്നത് 2010 ലാണ്. അന്ന് 14 വയസ്സുള്ള ഇര്‍ഷാദ് അഹ്മദ് പാരേക്കും 20 വയസ്സുള്ള മുദ്ദസിര് നസീറിനും പെല്ലറ്റ് തോക്കില്‍നിന്ന് മരണം സംഭവിച്ചിരുന്നു. ഇതിനുശേഷം പലസമയത്തായി പെല്ലറ്റ് തോക്ക് പ്രയോഗത്തില്‍ പത്തിലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും നൂറിലധികം പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ആയിരക്കണക്കിനു പേര്‍ക്ക് മാരകമായ അംഗഭംഗങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രശസ്ത മനുഷ്യാവകാശപ്രവര്‍ത്തകനായ രവി നായര്‍ എന്നോട് കഴിഞ്ഞ ദിവസം പറഞ്ഞു. ഇതില്‍ ധാരാളം കൊച്ചുകുട്ടികളും ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാടെ ലംഘിച്ചുകൊണ്ടും സുപ്രീംകോടതിയുടെതന്നെ മാർഗനിർദേശങ്ങള്‍ പാലിക്കാതെയുമാണ് വ്യാപകമായ രീതിയില്‍ കശ്മീരില്‍ െപല്ലറ്റ് തോക്ക് ഉപയോഗിക്കപ്പെടുന്നത് എന്നും ഇതിനെക്കുറിച്ചുള്ള ആദ്യലേഖനങ്ങളിലൊന്ന് തേൻറതാണ് എന്നും രവി നായര്‍ സൂചിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ടിരുന്ന രവി നായര്‍ അങ്ങേയറ്റത്തെ ആകുലതയോടെയാണ് ഈ വിവരങ്ങള്‍ പങ്കുെവച്ചത്. തൊണ്ണൂറുകള്‍ മുതല്‍ കശ്മീര്‍ പ്രശ്നത്തില്‍ സക്രിയമായി ഇടപെടുന്ന മനുഷ്യാവകാശപ്രവര്‍ത്തകനാണ് അദ്ദേഹം.
അപരവത്കരണത്തിെൻറ അനുസ്യൂതമായ ഒരു പ്രക്രിയ കശ്മീരില്‍ നടന്നിട്ടുണ്ട് എന്നത് അവിതര്‍ക്കിതമാണ്. പാകിസ്താനുമായി തൽസ്ഥിതിക്കരാര് (Standstill agreement) ഉണ്ടായിരുന്ന സമയത്താണ് ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാനുള്ള തീരുമാനം കശ്മീര്‍ രാജാവ് ഹരി സിങ് കൈക്കൊള്ളുന്നത് എന്ന് നമുക്കറിയാം. കശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയില്‍ എത്തിച്ചത് നെഹ്റുവാണെന്നും അത് വലിയ മണ്ടത്തം ആയിരുന്നുവെന്നും ഈയിടെ അമിത് ഷാ പറഞ്ഞിരുന്നു. ഇതിലെ സത്യം മറ്റൊന്നാണ്. മൗണ്ട്ബാറ്റനാണ് അന്ന് ഗവര്‍ണര്‍ ജനറല്‍. ഇന്‍സ്ട്രുമെൻറ് ഓഫ് ആക്സഷന് സ്വീകരിച്ചു അദ്ദേഹം പറഞ്ഞത് ഇതില്‍ അന്തിമമായ തീരുമാനം ഹിതപരിശോധനക്കു ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ്. മാത്രമല്ല, 1947 നവംബറില്‍ ലിയാഖത്ത് അലിഖാന് ഡല്‍ഹി സന്ദര്‍ശിച്ച് ഇന്ത്യയുമായി ഉണ്ടാക്കിയ കരാറിൽ മൂന്നു പ്രധാന കാര്യങ്ങളാണുണ്ടായിരുന്നത്. ഒന്ന്, പഖ്തൂൺ പടയാളികൾ കശ്മീരില്‍നിന്ന് പിന്മാറാന് പാകിസ്താന് സ്വാധീനം ചെലുത്തും. രണ്ട്, ഇന്ത്യന്‍ പട്ടാളം കശ്മീരില്‍നിന്ന് പിന്മാറുന്നതിനാവശ്യമായ നടപടികള്‍ ഇന്ത്യ സ്വീകരിക്കും. മൂന്ന്, കശ്മീരിലെ ഹിതപരിശോധന ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ നടത്തും എന്നിവയായിരുന്നു അവ. ഹിതപരിശോധന എന്നതും വകുപ്പ് 370 പ്രകാരമുള്ള മറ്റവകാശങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളവയായിരുന്നു. പാകിസ്താന് ഇക്കാര്യം ഉന്നയിക്കുന്നതിനുമുന്പ് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ഇത് ഉന്നയിക്കണമെന്ന മൗണ്ട്ബാറ്റെൻറ നിർദേശം കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്തു അംഗീകരിക്കുകയായിരുന്നു. ഇത്തരം ചരിത്രവസ്തുതകളോടൊന്നും ഒരു പ്രതിബദ്ധതയും അമിത് ഷാക്ക് ഉണ്ടാവണമെന്നില്ല. പക്ഷേ, അതുകൊണ്ട് വസ്തുത അല്ലാതാവുന്നില്ല.
മാത്രമല്ല, ഐക്യരാഷ്ട്രസഭയില്‍ ഈ പ്രശ്നം ഉന്നയിച്ചു എന്നതല്ലാതെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന കാര്യത്തില്‍ ഇന്ത്യന്‍ ഭരണകൂടം ഒരുകാലത്തും ഒരു വിട്ടുവീഴ്ചക്കും തയാറായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരുവശത്ത് ഹിതപരിശോധനയെക്കുറിച്ച് പറയുന്നുണ്ടായിരുന്നെങ്കിലും കശ്മീരിന് വിട്ടുപോകാനുള്ള അവകാശമുള്ളതായി ഇന്ത്യ ഒരുകാലത്തും നിലപാട് എടുത്തിട്ടില്ല. ഇന്ത്യയില്‍ പൊതുവേയുള്ള സമ്മതി ഈ നിലപാടിന് മാത്രമായിരുന്നു. എന്നാല്‍, കശ്മീരില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി നിലപാടുകള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനം കശ്മീരി ദേശീയവാദത്തിെൻറ സ്വയംനിർണയവാദമായിരുന്നു. ഞാന്‍ നേരത്തെ സൂചിപ്പിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നതിനുമുമ്പ് തൊണ്ണൂറുകളുടെ മധ്യത്തില്‍ പുറത്തിറങ്ങിയ മറ്റൊരു വസ്തുതാന്വേഷണ റിപ്പോര്‍ട്ടുണ്ട്- താഴ്വരയിലെ രക്തം: പ്രോപഗണ്ട തിരശ്ശീലക്കു പിന്നിൽ (Blood in the valley- Kashmir: Behind the propaganda Curtain). കശ്മീരിലെ സ്വയംഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ടു ഞാന്‍ വായിക്കുന്ന മനുഷ്യാവകാശ വീക്ഷണത്തിലുള്ള ആദ്യ പ്രതിപക്ഷരേഖ അതായിരുന്നിരിക്കണം. കാരണം 1987ല്‍ കശ്മീരിലെ സ്വയംഭരണ പ്രക്ഷോഭങ്ങള്‍ സമാധാനമാർഗം വെടിഞ്ഞുതുടങ്ങിയ സാഹചര്യത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ കൃത്യമായി അറിയാന്‍ മാർഗങ്ങള്‍ ഉണ്ടായിരുന്നില്ല. കെ. ബാലഗോപാല്‍, സുധ സീതാരാമന്, അശ്വനികുമാര്‍, ആശിഷ് ഗുപ്ത, സുനന്ദ മുഖർജി, സ്വാതി ഘോഷ്, പി.എ. സെബാസ്റ്റ്യന്‍ തുടങ്ങിയവരൊക്കെ അംഗങ്ങളായുള്ള ഫാക്റ്റ് ഫൈൻഡിങ് സമിതിയായിരുന്നു അത്. രണ്ടു റിപ്പോർട്ടുകള്‍ക്കും ഇടയില്‍ 25 വര്‍ഷത്തെ ഇടവേള ഉണ്ടെങ്കിലും രണ്ടിെൻറയും തലക്കെട്ട് കശ്മീരില്‍ വീഴുന്ന ചോരയെ സൂചിപ്പിച്ചുകൊണ്ടാണ് എന്നത് ഓർക്കാതിരിക്കാന്‍ കഴിയില്ല. ആ റിപ്പോര്‍ട്ട് ഏതാണ്ട് കൃത്യമായിത്തന്നെ സൂചിപ്പിച്ചിരുന്നതുപോലെ സമാധാനപരമായ കശ്മീരി ദേശീയവാദധാരയെ ഇന്ത്യന്‍ ഭരണകൂടം ശത്രുതയോടെ വീക്ഷിക്കുകയും അതുവഴി കൂടുതല്‍ തീവ്രവാദപരമായ നിലപാടുകള്‍ കൈക്കൊള്ളുന്ന സംഘടനകള്‍ അവിടെ ഉയര്‍ന്നുവരുകയും ചെയ്തു. അങ്ങനെയാണ് വിഘടനവാദം മാത്രമാണ് കശ്മീരി സമരത്തിെൻറ ഏകമുഖം എന്ന പൊതുബോധം ഇന്ത്യയില്‍ സൃഷ്ടിക്കുന്നത്. അതിനെതിരെയുള്ള ഇന്ത്യന്‍ പട്ടാളത്തിെൻറ ഇടപെടലുകളോട് ആര്‍ക്കും ഇവിടെ വിയോജിപ്പുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ആ റിപ്പോര്‍ട്ട് അനാവരണം ചെയ്തത് സമാനതകളില്ലാത്ത അടിച്ചമര്‍ത്തല്‍ അവിടെ സംഭവിക്കുന്നു എന്നുതന്നെയായിരുന്നു. കശ്മീരി വിഘടനവാദത്തിെൻറ വക്താക്കളായ സംഘടനകളെ നേരിടുന്നതിെൻറ പേരില്‍ ഉണ്ടായ അതിക്രമങ്ങള്‍ വിവരണാതീതമായിരുന്നു. പള്ളികളും കെട്ടിടങ്ങളും തകര്‍ക്കപ്പെടുകയും സിവിലിയന്‍ ജനതക്കുനേരെ സൈന്യത്തിെൻറ ആക്രമണങ്ങള്‍ ഉണ്ടാവുകയും ചെയ്തു.
കശ്മീരിെൻറ ഈ അപരനിര്‍മിതി എന്ന ഇന്ത്യന്‍ ഭരണകൂടപ്രവര്ത്തനം അതിെൻറ യുക്തിപരമായ പരിസമാപ്തിയില്‍ എത്തിയതാണ് യഥാർഥത്തില്‍ ഇപ്പോള്‍ വകുപ്പ് 370 പിന്‍വലിച്ചുകൊണ്ടും കശ്മീരിനെ കേന്ദ്രഭരണപ്രദേശങ്ങളായി മാറ്റിക്കൊണ്ടുമുള്ള പ്രഖ്യാപനത്തോടെ സംഭവിച്ചിരിക്കുന്നത്. ഒരു അധിനിവേശസര്ക്കാറിനെപ്പോലെ മാത്രമേ അവിടെ ഇടപെടാന്‍ ജനാധിപത്യഭാരതത്തിനു കഴിഞ്ഞിട്ടുള്ളൂ എന്നത് ലജ്ജയോടെമാത്രം ഓര്‍ക്കേണ്ട വസ്തുതയാണ്. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ഞാന്‍ പങ്കെടുത്ത ഒരു സെമിനാറില്‍ ഒരു മുതിർന്ന പത്രപ്രവര്ത്തകന് പ്രഭാഷണത്തില്‍ പറഞ്ഞത് കശ്മീരില്‍ എന്തുനടക്കുന്നു എന്ന് ഇപ്പോള്‍ വസ്തുനിഷ്ഠമായി അറിയാന്‍ ഒരു മാർഗവുമില്ല എന്നും കാത്തിരുന്നുകാണുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു. അപ്പോള്‍ത്തന്നെ കശ്മീരിൽനിന്നുള്ള ഒരു യുവഗവേഷകന് മറുപടിപറഞ്ഞത് കാത്തിരുന്നുകാണുക എന്നത് തീര്‍ച്ചയായും നിങ്ങള്‍ക്കുള്ള ഒരു സാധ്യതയാണ്. പക്ഷേ, കശ്മീരില്‍ വിനിമയബന്ധങ്ങള്‍ മുറിക്കപ്പെട്ട്, ദൈനംദിന ജീവിതംതന്നെ അതീവ ദുസ്സഹമായിരിക്കുന്ന ഞങ്ങള്‍ ഇനി എന്ത് കാത്തിരുന്നു കാണാനാണ് എന്നായിരുന്നു. ഞെട്ടിപ്പിക്കുന്ന ഇടപെടലായി എനിക്കത് അനുഭവപ്പെട്ടു. അയാളും ഇന്ത്യക്കാരനാണ് എന്നു പറഞ്ഞില്ലെങ്കില്‍ അത് രാജ്യദ്രോഹമാകും എന്നിരിക്കെ, ആ വ്യാകുലതക്ക് മറുപടിപറയാന്‍ ആര്‍ക്കും വാക്കുകള്‍ ഉണ്ടായിരുന്നില്ല. കശ്മീരിെൻറ അപരവത്കരണം എല്ലാ അർഥത്തിലും പൂര്‍ത്തിയായിരിക്കുന്നു എന്നത് ആ വാക്കുകളില്‍നിന്നു വ്യക്തമാകുന്നുണ്ടായിരുന്നു. ഏറ്റവും ഹിംസാത്മകമായ ആ അപരനിർമിതിയുടെ മുകളില്‍ കയറിനിന്നാണ് നാം ഗാന്ധിമുതല്ക്കുള്ള സഹനസമര പാരമ്പര്യങ്ങളുടെ പേരില്‍ ആണയിടുന്നത് എന്നത് നമ്മുടെ ഹിപ്പോക്രസിയുടെ പാരമ്യത്തെ നമുക്കുതന്നെ കാട്ടിത്തരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.