ഇഷിഗുറോ: വിശ്ലഥമനസ്സുകളുടെ സ്വപ്നാന്വേഷകന്
text_fieldsനൊേബല്‍ പുരസ്കാരത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്തെങ്കിലും വിധിയെഴുത്ത് മനസ്സിൽ നടത്താൻ എനിക്ക് കഴിയുന്നത് സമ്പദ്ശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിലാണ്. അതുകൊണ്ടുതന്നെ അവ കൂടുതൽ സൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ട്. എല്ലാകാലത്തും ഈ പുരസ്കാരത്തോടുള്ള സമീപനം ഒന്നുതന്നെയാണ്. അതൊരു വംശീയ വലതുപക്ഷ അധികാര സ്ഥാപനമാണ്. അമര്‍ത്യ സെന്നിനു നല്‍കിയോ ടോൾസ്റ്റോയിക്ക് നൽകാതിരുന്നോ എന്നിങ്ങനെ ഓരോ സന്ദര്‍ഭം െവച്ചുനോക്കി നിഗമനങ്ങളില്‍ എത്താറില്ല. എന്നെ സംബന്ധിച്ചിടത്തോളം, സമ്പദ്ശാസ്ത്രത്തിെൻറ കാര്യത്തിൽ വളരെ കൃത്യമായി പറയാൻ കഴിയും, ഏതാനും ചില വര്‍ഷങ്ങളിൽ ഒഴികെ ആ പുരസ്കാരം ബൂര്‍ഷ്വ ധനശാസ്ത്രത്തിെൻറ കൈവഴികളിലുള്ളവര്ക്കാണ് കൂടുതലും ലഭിച്ചിട്ടുള്ളത്.
ആശ്രിത സമ്പദ്വ്യവസ്ഥകളുടെ പഠനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ച നിരീക്ഷണങ്ങള്‍ നടത്തിയ റൗൾ പ്രെബിഷിനും ഹാന്‍സ് സിങ്ങര്ക്കും ഈ സമ്മാനം കൊടുത്തിട്ടില്ല. ഇന്ന് നാം നിരന്തരം ഉപയോഗിക്കുന്ന ഈ സെൻറർ-പെരിഫറി മാതൃക മുതലാളിത്ത വ്യവസ്ഥയുടെ സാമ്പത്തിക-സാമ്രാജ്യത്വ മാനങ്ങള്‍ വിശദീകരിക്കാൻ ഉപയോഗിച്ചത് ഇവരാണ്. ഐക്യരാഷ്ട്ര വ്യാപാര വികസന സമിതിയുടെ (യു.എൻ.സി.ടി.എ.ഡി) സെക്രട്ടറി ജനറൽ വരെയായ പ്രെബിഷിന് ഈ സമ്മാനം കിട്ടിയില്ല എന്നതു പോകട്ടെ, ഈ ആശയം മാര്‍ക്സിസ്റ്റ് പരിപ്രേക്ഷ്യത്തിൽ വികസിപ്പിച്ച പ്രമുഖ ധനശാസ്ത്രജ്ഞനായ പോൾ ബാരന് ഇത് നൽകിയോ? എന്തിന്, ഈ വിചാരധാര ഏറ്റവും ശക്തമായി വികസിപ്പിച്ച ആന്ദ്രെ ഗുണ്ടർ ഫ്രാങ്കിന് നല്‍കിയോ? ഇല്ല. ഗുണര്മിര്ദാല് (സാമ്പത്തിക^സാമൂഹിക ബന്ധം), എലിനീർ ഒസ്ട്രോം (പരിസ്ഥിതി), അമര്‍ത്യ സെന്‍ (ക്ഷേമ ധനശാസ്ത്രം) എന്നിങ്ങനെ അപൂര്‍വമായി രാഷ്ട്രീയ സമ്പദ്ശാസ്ത്ര സമീപനത്തിന് സമീപസ്ഥരായ ചിലര്‍ക്ക് കൊടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ സമ്പദ്ശാസ്ത്രത്തിനുള്ള നൊേബൽ സമ്മാനം മുതലാളിത്ത സമ്പദ്വ്യവസ്ഥയെ പരിഷ്കരിക്കാനും കൂടുതൽ മൂലധന സൗഹൃദപരമാക്കാനും ശ്രമിക്കുന്ന ഗവേഷകര്‍ക്കായി മാറ്റിെവക്കപ്പെട്ടിരിക്കുന്നു.
നൊേബൽ സമ്മാനത്തെക്കുറിച്ചുള്ള ഈ ചിന്തകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് ഇപ്പോൾ എെൻറ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായ കസുവോ ഇഷിഗുറോ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ വാര്‍ത്തയാണ്. ഞാന്‍ ആദ്യമായി ഇഷിഗുറോയെ വായിക്കുന്നത് 1989ൽ ആണ്. വ്യക്തിപരമായി തീക്ഷ്ണമായ വായനയുടെ കാലം കൂടിയായിരുന്നു അത്. ഇഷിഗുറോയുടെ ആദ്യകാല കൃതികള്‍ ഞാൻ വായിച്ചിരുന്നില്ല.1989ല്‍ എത്തിയത് ‘ദ റിമെയ്ൻസ് ഒാഫ് ദ ഡേ’ ആയിരുന്നു. അന്ന് ഇന്ത്യയിൽ ബി.ജെ.പി രഥയാത്രകളും സഞ്ചലനങ്ങളും കര്സേവകളും ഒക്കെയായി അധികാരത്തിലേക്കുള്ള വഴി സുഗമമാക്കാനുള്ള ഫാഷിസ്റ്റ് രാഷ്ട്രീയം അതിെൻറ സര്‍വശക്തിയിലും പ്രയോഗിച്ചുതുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ എന്നെ കൂടുതൽ ആകര്‍ഷിച്ചത് ഇഷിഗുറോ തെൻറ നോവലിൽ ആവിഷ്കരിച്ച സൂക്ഷ്മമായ ഫാഷിസ്റ്റ് വിരുദ്ധതയായിരുന്നു. ഹാരിങ്ടന് എന്ന ഇംഗ്ലീഷ് പ്രഭു 1920 കാലത്ത് ജർമൻ ഫാഷിസത്തിെൻറകുഴലൂത്തുകാരനാവുന്ന ചിത്രമാണ് അയാളുടെ പാചകക്കാരെൻറ പരിപ്രേക്ഷ്യത്തിലൂടെ ഇഷിഗുറോ ആവിഷ്കരിച്ചത്. അതില്‍ ഉപയോഗിച്ച ശൈലിയുടെയും ഭാഷയുടെയും ന്യൂനവൈകാരികത അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇത്രയും ക്ലിനിക്കൽ പരിപൂര്‍ണതയോടെ വരേണ്യരുടെ ഇടയിൽ ഫാഷിസത്തിന് എങ്ങനെ സ്വീകാര്യതയുണ്ടാവുന്നു എന്നത് ഒരു കൃതിക്ക് വരച്ചുകാണിക്കാൻ കഴിയുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങേയറ്റത്തെ ജനാധിപത്യവിരുദ്ധത, ദേശീയ പ്രത്യയശാസ്ത്രത്തിെൻറയും രാഷ്ട്രതന്ത്രത്തിെൻറയും പേരിൽ ഹാരിങ്ടൻ പ്രചരിപ്പിക്കുകയായിരുന്നു. ആ രചനക്ക് ഇഷിഗുറോക്ക് ബുക്കര്‍ സമ്മാനം ലഭിച്ചു. ആ നോവലിലെ ഓരോ സന്ദര്‍ഭവും ഞാന്‍ ഓര്‍ത്തിരിക്കുന്നു. അന്നു മുതൽ ഞാൻ അവയെ എെൻറ ക്ലാസ് മുറികളിലേക്കും സംഭാഷണങ്ങളിലേക്കും നിരന്തരം കൂട്ടിക്കൊണ്ടുപോകുന്നു.
തുടർന്ന് അദ്ദേഹത്തിെൻറ കൃതികളുടെ ഒരു സ്ഥിരം വായനക്കാരനായി ഞാന്‍. എെൻറ ഭാഗത്തുനിന്ന് ഫിക്ഷൻ വായന അൽപം കുറഞ്ഞപ്പോഴും ഇഷിഗുറോ കൃതികള്‍ (നോവലുകള്‍) വായിക്കാതെ വിടാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ‘ദ അൺകൺസോൾഡ്’ പ്രസിദ്ധീകരിക്കുന്നത് 1995ലായിരുന്നു. സ്വപ്നാത്മകതക്ക് പുതിയമാനങ്ങള്‍ നല്കിയ ആ നോവൽ സൃഷ്ടിച്ച അനുഭവലോകത്ത് ഞാൻ ഒരു അപരിചിതനെപ്പോലെയാണ് അലഞ്ഞുനടന്നത്. ഇന്നും പൂർണമായും അതിെൻറ പാഠതലങ്ങൾ എനിക്ക് വെളിവായിട്ടില്ല. യൂറോപ്പിെൻറ സ്വത്വബോധത്തിലെ ആഴമുള്ള വിള്ളലുകള്‍, അതിെൻറ രാഷ്ട്രീയ പ്രതിസന്ധികള്‍, അകലെ ഒരു മൂന്നാംലോക രാജ്യത്തിെൻറ കോണിലിരുന്നു ഞാൻ വായിച്ചെടുക്കാൻ ശ്രമിച്ചു. മനുഷ്യജീവിതത്തിെൻറ നിരാലംബതകള്‍ അവയുടെ ഏറ്റവും ശിഥിലമായ സന്ദര്‍ഭങ്ങളിൽ നമ്മെ കടിച്ചുകുടയുന്നതിെൻറ വ്യക്തിദുരന്തത്തെ വലിയൊരു രാഷ്ട്രീയസന്ദേശം കൂടിയാക്കി മാറ്റാൻ ഇഷിഗുറോ മുതിരുകയാണ്. റൈഡർ എന്ന പിയാനിസ്റ്റാണ് േകന്ദ്ര കഥാപാത്രം. അയാൾ സ്വയംതേടുകയും തെൻറ പല സ്വത്വങ്ങളിൽ വിഭ്രമാത്മകമായി ചെന്നുചേരുകയും പിരിയുകയും ചെയ്യുന്നു. സ്വത്വപരമായ അവ്യക്തതയുടെയും അന്യവത്കരണത്തിെൻറയും ഹതാശമായ യൂറോപ്യൻ കടങ്കഥയായിരുന്നു ‘ദ അൺകൺസോൾഡ്’.
തുടര്‍ന്നുള്ള ഇഷിഗുറോ കൃതികൾ ആശ്ചര്യകരമാംവണ്ണം എെൻറ ധൈഷണിക ജീവിതവുമായി ബന്ധപ്പെട്ടുവന്നു.ഈ യാദൃച്ഛികത ആഹ്ലാദകരമായിരുന്നു.അദ്ദേഹത്തിെൻറ അടുത്ത നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത് ഞാൻ ഹോേങ്കാങ് ശാസ്ത്ര സര്‍വകലാശാലയിലെത്തിയ സമയത്തായിരുന്നു. വോങ് കാർ വായ് സിനിമകളുടെയും ചൈനീസ് സാഹിത്യത്തിെൻറയുമൊക്കെ അത്ഭുതങ്ങളിലേക്ക് കൂടുതല്‍ സാംസ്കാരിക തന്മയീഭാവത്തോടെ ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞ കാലം. അപ്പോഴാണ് ഇഷിഗുറോയുടെ അടുത്ത നോവൽ പ്രകാശനം ചെയ്യപ്പെട്ടത്- ‘വെൻ വി വേർ ഒാർഫൻസ്’. ചെറുപ്പത്തിൽ ചൈനയിലെ ഷാങ്ഹായിയിൽ താമസിച്ചിരുന്ന ക്രിസ്റ്റഫര്‍ ബാങ്ക്സ് എന്ന കുട്ടിയുടെ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോകപ്പെടുകയും അവൻ ഇംഗ്ലണ്ടിൽ തിരിച്ചെത്തി ഒരു കുറ്റാന്വേഷകനായി മാറിയകാലത്ത് തിരിച്ചു മാതാപിതാക്കളെ അന്വേഷിച്ചു തൊള്ളായിരത്തി മുപ്പതുകളിൽ ചൈനയിലെത്തുന്നതുമാണ് ഇതിെൻറ ഇതിവൃത്തം. രണ്ടാം സിനോ-ജാപ്പനീസ് യുദ്ധത്തിെൻറ പശ്ചാത്തലത്തിൽ ചരിത്രവും അധികാരവും മനുഷ്യാവസ്ഥയുടെ അനിശ്ചിതത്വങ്ങളും കൂടിക്കുഴയുന്നത് ഇഷിഗുറോ അദ്ദേഹത്തിെൻറ അബോധശക്തിയെന്ന് ഞാന്‍ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന വൈകാരികരാഹിത്യത്തിെൻറ ന്യൂനഭാഷയിലൂടെ വരച്ചുകാട്ടുന്നു. അദ്ദേഹത്തിെൻറ മൂന്നു നായകന്മാരെ- ‘ദ റിമെയ്ൻസ് ഒാഫ് ദ ഡേ’യിലെ പാചകക്കാരനെ, ‘ദ അൺകൺസോൾഡി’ലെ പിയാനിസ്റ്റിനെ, ‘ദ റിമെയ്ൻസ് ഒാഫ് ദ ഡേ’യിലെ കുറ്റാന്വേഷകനെ- ഞാൻ ഒരുമിച്ചുെവച്ച് അപഗ്രഥിക്കാൻ തുടങ്ങി. യൂറോപ്യൻ രാഷ്ട്രീയത്തിെൻറ അബോധത്തിലെ അന്തര്‍സംഘര്‍ഷങ്ങളുടെ ഘടനകള്‍ അനായാസം ഇവരിലൂടെ, ഇവരുടെ ചരിത്രപരവും സാംസ്കാരിക വിപര്യയങ്ങളുടെ നൈതികപരവുമായ കാഴ്ചപ്പാടുകളിലൂടെ ഇഷിഗുറോ അവതരിപ്പിക്കുന്നതിെൻറ സൂക്ഷ്മചിത്രമാണ് എെൻറ മനസ്സിൽ നിറഞ്ഞുവന്നത്. സാംസ്കാരിക അസുരക്ഷിതത്വങ്ങളുടെ ഒരു യൂറോപ്പിനെ അദ്ദേഹം വ്യക്തിചരിത്രങ്ങളിൽക്കൂടി വിശകലനം ചെയ്യുകയാണ്.
തുടർന്ന് അദ്ദേഹം പ്രസിദ്ധീകരിച്ച ‘നെവർ ലെറ്റ് മി ഗോ’ (2005) മറ്റൊരു ആഹ്ലാദകരമായ അനുഭവമായിരുന്നു. ഞാൻ അപ്പോഴേക്ക് ശാസ്ത്ര-സാങ്കേതിക പഠനങ്ങള്‍ എന്ന വിഷയത്തിൽ ഗവേഷണവും അധ്യാപനവും ആരംഭിച്ചിരുന്നു. സയൻസ് ഫിക്ഷൻ സിനിമകളും നോവലുകളും ധാരാളമായി ചര്‍ച്ചചെയ്യപ്പെടുന്ന ഒരു മേഖലയാണിത്. അതിലേക്കാണ് അപ്രതീക്ഷിതമായി ക്ലോണിങ് എന്ന വിഷയം കേന്ദ്രപ്രമേയമായി വരുന്ന ഈ കൃതിയുമായി ഇഷിഗുറോ എെൻറ വായനമുറിയിലെത്തുന്നത്. ശാസ്ത്രവും മനുഷ്യെൻറ ആത്യന്തികമായ നൈതികസംഘര്ഷങ്ങളും ഇഴപിരിയുന്നത് നിര്‍മമതയുടെ അർഥശക്തി മുഴുവനുപയോഗിച്ച് ഈ നോവൽ കാട്ടിത്തന്നു. ഇത് കേവലം ശാസ്ത്രനോവൽ മാത്രമല്ല. അങ്ങനെ ഇനംതിരിക്കാവുന്ന രചനകളുടെ എഴുത്തുകാരനല്ല ഇഷിഗുറോ. ആ അർഥത്തില്‍ ‘വെൻ വി വേർ ഒാർഫൻസ്’ കേവലം ഒരു കുറ്റാന്വേഷണ കൃതിയുമായിരുന്നില്ല. ദേശീയതയുടെ അങ്ങേയറ്റം ദുര്‍ഗ്രഹമായ ചില അര്‍ഥങ്ങൾ അന്വേഷിക്കുകകൂടി ചെയ്യുന്നുണ്ട് അദ്ദേഹത്തിെൻറ ഏറ്റവും പുതിയ നോവലായ ‘ദ ബറീഡ് ജയൻറ്’ (2015). ചരിത്രവും വിസ്മൃതിയും അപകടകരമാംവിധം ഒരു വൈരുധ്യത്തിൽ നമ്മെ ചൂഴ്ന്നുനില്ക്കുന്നുവെന്ന് വിഭ്രമാത്മകതയുടെ മറ്റൊരു ശിഥിലാഖ്യാനത്തിലൂടെ ഇഷിഗുറോ കാണിച്ചുതരുന്നു. ഞാനിപ്പോള്‍ പോസ്റ്റ് ഹ്യൂമൻ കലയുടെയും തത്ത്വചിന്തയുടെയും വായനക്കാരൻ കൂടിയാണ്. അവിടെ സൈബോര്ഗുകൾ നൃത്തംചെയ്യുന്നു, പാടുന്നു, ഭാവി നൈതികതക്ക് രൂപംകൊടുക്കുന്നു. ആ വഴിയിൽ സൈബോര്‍ഗുകളുടെ അബോധങ്ങളിൽ നിന്നൊരു നടുക്കുന്ന കഥയുമായി ഇഷിഗുറോ അധികം താമസിയാതെ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.