പൊലീസ് മജിസ്ട്രേറ്റ് ആകേണ്ട
text_fieldsഎല്‍.ഡി.എഫ് സര്‍ക്കാര്‍ ആദ്യം ശരിയാക്കാന്‍ ശ്രമിച്ചത് പൊലീസിനെയാണ്. ഡി.ജി.പിയോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ ുകൊണ്ടായിരുന്നു തുടക്കം. പക്ഷേ, ആ ഉദ്യോഗസ്ഥനെ മാറ്റാന്‍ കോടതി സമ്മതിച്ചില്ല. അതുകൊണ്ട് ഇഷ്ടപ്പെട്ടയാളെ കസേര യില്‍ ഉറപ്പിച്ചിരുത്താന്‍ മറ്റേ ഉദ്യോഗസ്ഥന്‍ വിരമിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. നിരന്തരം അഴിച്ചുപണി നടക്കുന്ന ഒരു വകുപ്പാണ് പൊലീസ്. കഴിഞ്ഞയാഴ്ചയും 46 ഐ.പി.എസുകാരുടെ കൂട്ട സ്ഥലംമാറ്റമുണ്ടായി.
ഇത്തവണ അഴിച്ചു പണിക്കൊപ്പം സര്‍ക്കാര്‍ തിരുവനന്തപുരത്തും എറണാകുളത്തും പൊലീസ് കമീഷണറേറ്റുകള്‍ സ്ഥാപിച്ചു. മുഖ്യമന്ത്രി പിണ റായി വിജയനും ഡി.ജി.പി. ലോക്നാഥ് ബെഹ്റയും മുഖ്യമന്ത്രിയുടെ പൊലീസു കാര്യ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും പങ്കെ ടുത്ത യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് കമീഷണര്‍മാരായി നിയമിച്ചിട്ട ുള്ളത്. പൊലീസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നേരത്തെ തന്നെ ഐ.ജിമാരുള്ള സ്ഥലങ്ങളാണ് തിരുവനന്തപുരവ ും എറണാകുളവും. അപ്പോള്‍ കമീഷണറേറ്റുകള്‍ രൂപവത്കരിച്ചത് എന്തിനാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം മുഖ്യമന്ത്രി കഴിഞ ്ഞ ദിവസം നിയമസഭയില്‍ നല്‍കി. സര്‍ക്കാര്‍ കമീഷണർമാര്‍ക്ക് മജിസ്ട്രേറ്റുമാരുടെ അധികാരം നൽകാന്‍ ഉദ്ദേശിക്കുന് നു. ഐ.ജിമാര്‍ക്ക് ആ അധികാരം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. കമീഷണർമാര്‍ക്ക് അത് നല്‍കാന്‍ വ്യവസ്ഥയുണ്ട്.
കമീഷണറേറ്റ് സംവിധാനം വളരെ പഴക്കമുള്ളതാണ്. ബ്രിട്ടീഷുകാര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ അത് ആദ്യമായി മുംബൈയില്‍ ഏര്‍പ്പെടുത്തി. വൻ നഗരത്തിലെ ജനസംഖ്യയും കുറ്റനിരക്കും കണക്കിലെടുക്കുമ്പോള്‍ തലപ്പത്ത് എസ്.പിയേക്കാള്‍ ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥന്‍ ആവശ്യമാണെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് കമീഷണര്‍ പദവി രൂപകല്‍പന ചെയ്യപ്പെട്ടത്. കൊളോണിയല്‍ ഭരണം 1947 ആഗസ്റ്റ് 15ല്‍ അവസാനിക്കുന്നതുവരെ വെള്ളക്കാര്‍ മാത്രമേ ആ സ്ഥാനം വഹിച്ചിരുന്നുള്ളൂ. ഇപ്പോള്‍ ഡല്‍ഹി ഉള്‍പ്പെടെ പല വൻനഗരങ്ങളിലും കമീഷണറേറ്റ് സംവിധാനം നിലവിലുണ്ട്.
വർധിച്ച ജനസംഖ്യയും കുറ്റനിരക്കും നമ്മുടെ വൻനഗരങ്ങളിലെ പൊലീസ് സംവിധാനത്തിെൻറ പരിഷ്കരണം ആവശ്യപ്പെടുന്നെങ്കില്‍ സര്‍ക്കാറിനു അതുമായി മുന്നോട്ടു പോകാവുന്നതാണ്. പക്ഷേ, അതിെൻറ മറവില്‍ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് മജിസ്ട്രേറ്റുമാരുടെ അധികാരങ്ങള്‍ നൽകാനുള്ള തീരുമാനം ദുരുപദിഷ്ടമാണ്. സര്‍ക്കാര്‍ അത് പുനഃപരിശോധിക്കാന്‍ തയാറാകണം.
ഭരണപരമായ (എക്സിക്യൂട്ടിവ്) അധികാരവും നീതിന്യായപരമായ (ജുഡീഷ്യല്‍) അധികാരവും ഒന്നിച്ചു കൊണ്ടുപോകാന്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല. അതേസമയം, നമ്മുടെ നിയമസംവിധാനത്തില്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എന്നൊരു വിഭാഗമുണ്ട്. ബ്രിട്ടീഷുകാര്‍ തയാറാക്കിയ ക്രിമിനല്‍ നടപടിക്രമം സംബന്ധിച്ച നിയമത്തിനു പകരമായി പാര്‍ലമെൻറ് പാസാക്കിയ ക്രിമിനല്‍ പ്രോസീജിയര്‍ കോഡ് (സി.ആര്‍.പി.സി) കൊളോണിയല്‍ നിയമത്തിെൻറ ഒരു പരിഷ്കരിച്ച പതിപ്പാണ്. ഓരോ ജില്ലയിലും വൻ നഗരത്തിലും ഉചിതമെന്നു കരുതുന്നത്ര എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും ഒരു ജില്ലാ മജിസ്ട്രേറ്റിനെയും നിയമിക്കാന്‍ സി.ആര്‍.പി.സിയുടെ 20 ാം വകുപ്പ് സർക്കാറിനു അധികാരം നല്‍കുന്നു.
സാഹചര്യങ്ങള്‍ അടിയന്തരമായി വിലയിരുത്തി പൊതുസമാധാനം, ക്രമസമാധാന പരിപാലനം എന്നിവ സംബന്ധിച്ച് തീരുമാനങ്ങളെടുക്കാനുള്ള അധികാരമാണ് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനുള്ളത്. സംഘര്‍ഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുള്ളപ്പോള്‍ ജില്ല കലക്ടര്‍ സി.ആര്‍.പി.സി 144ാം വകുപ്പ് അനുസരിച്ച് നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത് ജില്ലാ മജിസ്ട്രേറ്റ് എന്ന നിലയിലാണ്. സ്ഥിതിഗതികള്‍ വിലയിരുത്തി ബലപ്രയോഗം സംബന്ധിച്ച് പൊലീസിന് നിർദേശങ്ങള്‍ നല്‍കാന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയോഗിക്കാറുണ്ട്. അവരാണ് വെടിവെപ്പുപോലുള്ള കടുത്ത നടപടികള്‍ ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത്.
പൊലീസ് കമീഷണര്‍മാര്‍ക്ക് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിെൻറ അധികാരങ്ങള്‍ നല്‍കുന്ന രീതി കണക്കിലെടുത്തു അതിനു തടസ്സമില്ലെന്ന് സി.ആര്‍.പി.സി 20 (5) വ്യക്തമാക്കുന്നുണ്ടെങ്കിലും നിയമജ്ഞര്‍ക്കിടയില്‍ അത് ആശാസ്യമല്ലെന്ന അഭിപ്രായം വ്യാപകമാണ്. രാജ്യം ഇപ്പോള്‍ ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ തീർപ്പ് പ്രതീക്ഷിച്ചിരിക്കുകയാണ്. എന്നാല്‍, കോടതിയുടെ തീരുമാനമെന്തായിരിക്കുമെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്ന നിലയില്‍ ഒരു ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലൂടെയാണ് വിഷയം സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. ‘പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായി പ്രവര്‍ത്തിക്കാനാകുമോ?’-ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. അദ്ദേഹം തന്നെ ഉത്തരവും നല്‍കി- ‘തീര്‍ച്ചയായും ഇല്ല’.
അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്, പൊലീസ് ഉദ്യോഗസ്ഥര്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റു പദവി ദുരുപയോഗം ചെയ്ത നിരവധി സംഭവങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പറയാനുള്ളതു കൂടി കേട്ട ശേഷമാകും കോടതി വിധി പ്രസ്താവിക്കുക. പൊലീസുകാരെ മജിസ്ട്രേറ്റ് ആക്കണമെന്ന് കേരള സര്‍ക്കാറിന് കോടതിയോട് പറയാം. പക്ഷേ, ആ ആവശ്യം അംഗീകരിക്കാനുള്ള സാധ്യതയില്ലെന്ന് മുൻ ചീഫ് ജസ്റ്റിസിെൻറ വാക്കുകള്‍ വ്യക്തമാക്കുന്നു.
നിയമതത്ത്വങ്ങളുടെ സാങ്കേതികതയിലേക്ക് കടക്കാതെ തന്നെ, സാമാന്യബുദ്ധി ഉപയോഗിച്ചാല്‍, പൊലീസ് ഉദ്യോഗസ്ഥനെ മജിസ്ട്രേറ്റ് ആക്കുന്നത് അഭികാമ്യമല്ലെന്നു കാണാനാകും. കടുത്ത നടപടികള്‍ എടുക്കാന്‍ തീരുമാനിക്കുന്നതും അത് നടപ്പാക്കുന്നതും ഒരാളാകുന്നത് കാഞ്ചിപ്രിയരുടെ വളര്‍ച്ചയിലേക്ക് നയിക്കും. ഏറ്റുമുട്ടല്‍ വിദഗ്ധര്‍ എന്നൊരു വിഭാഗം പല സംസ്ഥാന പൊലീസ് സേനകളിലും ഉയര്‍ന്നുവന്നിട്ടുണ്ട്.
ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ മരവിപ്പിച്ചതിെൻറ ഫലമായി പൊലീസിെൻറ മേലുള്ള നിയന്ത്രണം അയഞ്ഞ അടിയന്തരാവസ്ഥക്കാലത്തെ അനുഭവം മറക്കാന്‍ മുഖ്യമന്ത്രിയായ പിണറായി വിജയനു കഴിഞ്ഞാലും സാധാരണ ജനങ്ങള്‍ അത് മറക്കാന്‍ പാടില്ല. യു.എ.പി.എ പോലുള്ള നിയമങ്ങളുടെ ദുരുപയോഗം രാഷ്ട്രീയ-പൊലീസ് മനസ്സുകള്‍ ഒന്നിക്കുന്നതിലെ അപകടം വിളിച്ചോതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.