Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഅതിജീവനത്തിന്‍െറ...

അതിജീവനത്തിന്‍െറ ഗള്‍ഫ് മലയാളി മുദ്രകള്‍

text_fields
bookmark_border
അതിജീവനത്തിന്‍െറ ഗള്‍ഫ് മലയാളി മുദ്രകള്‍
cancel

ഗള്‍ഫിന് കേരളവും കേരളത്തിന് ഗള്‍ഫും വേണം. രണ്ടും തമ്മിലെ പാരസ്പര്യം അത്രമേല്‍ ദൃഢം. പറഞ്ഞിട്ടെന്ത്, പലപ്പോഴും നമ്മുടെ മുന്‍ഗണന പട്ടികയില്‍ ഗള്‍ഫ് ചങ്ങാത്തം വരാതെപോകുന്നു. ഇപ്പോള്‍ പക്ഷേ, ചില നല്ല മാറ്റങ്ങള്‍ പ്രകടം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തന്നെയാണ് അതിന് മുന്‍കൈയെടുക്കുന്നതും. സൗത്ത് ബ്ളോക്കും അനന്തപുരിയും ഉണര്‍വ് തേടുമ്പോള്‍ ആഹ്ളാദിക്കുന്നത് മണല്‍നഗരങ്ങളിലെ മലയാളി മനസ്സാണ്. എന്തൊക്കെ കുറവുകളുണ്ടെങ്കിലും മലയാളിക്ക് ഗള്‍ഫ് തൊഴില്‍ ഭൂമികയില്‍ ഇന്നും നല്ല സ്വാധീനമുണ്ട്. മേല്‍ത്തട്ടില്‍ മാത്രമല്ല കീഴ്തലങ്ങളിലും ഇതു കാണാം. ചില ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഗള്‍ഫില്‍ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കെ തന്നെയാണിത്.

മലയാളിക്കു മുമ്പാകെ വാതിലുകള്‍ തുറന്നിടാന്‍ ഗള്‍ഫിനെ പ്രേരിപ്പിക്കുന്നതും വെറുതെയല്ല. ഏല്‍പിച്ചാല്‍ പണി നടന്നുകിട്ടുമെന്ന ഉറച്ച ബോധ്യം കൊണ്ടുകൂടിയാണത്. ഇവിടെയും അപവാദങ്ങള്‍ കണ്ടേക്കാം. എങ്കിലും ഒന്നുണ്ട്, ചില മേഖലകളിലെ വര്‍ധിത മലയാളി സാന്നിധ്യംപോലും അറബ് ഭരണകൂടങ്ങളെയോ തൊഴില്‍ദാതാക്കളെയോ ഒട്ടും അലോസരപ്പെടുത്തുന്നില്ല. നാം നമ്മെക്കുറിച്ച് എന്തൊക്കെ ഇകഴ്ത്തലുകള്‍ നടത്തിയാലും അസാമാന്യമായ മെയ്വഴക്കം, പ്രതിബദ്ധത, അതിജീവനത്വര, സമര്‍പ്പണം ഇത്യാദി ഗുണങ്ങള്‍ പേറുന്ന മറ്റു ജനവിഭാഗം അധികമൊന്നും വേറെയില്ല. ആ ക്രെഡിറ്റ് കുറച്ചുകാലംകൂടി നമുക്കിരിക്കട്ടെ.

ഇനി ഈ നന്മകള്‍ കൈവിടുകയാണെങ്കിലോ? അപ്പോള്‍ തിരിച്ചടി വരമ്പത്തുതന്നെ കിട്ടും. ഗള്‍ഫിലെ കസ്റ്റമര്‍ കെയര്‍ മേഖല മികച്ച ഉദാഹരണം. ഒരുകാലത്ത് മലയാളിക്കായിരുന്നു ഈ രംഗത്ത് അപ്രമാദിത്വം. പതിയെ മലയാളിയെ വെട്ടി ഫിലിപ്പീന്‍സുകാരും മറ്റും അവിടം കൈയടക്കി. പാതിരാവില്‍ അടക്കുന്ന റീട്ടെയില്‍ മാര്‍ക്കറ്റ് കൗണ്ടറില്‍ ചെന്നുനോക്കൂ. ചുണ്ടില്‍ ചിരി നിലനിര്‍ത്തി ക്ഷമാപൂര്‍വം കാത്തിരിക്കുന്ന മുഖങ്ങള്‍ നമുക്കവിടെ കാണാം. അതില്‍ മലയാളി ഇല്ളെന്ന തിരിച്ചറിവും നല്ലതാണ്. എന്നുകരുതി മലയാളി പൂര്‍ണമായി പുറന്തള്ളപ്പെട്ടുവെന്നും പറയാനാവില്ല. ആലോചിച്ചാല്‍ അദ്ഭുതമാണ്. ഇന്ത്യപോലുള്ള വലിയൊരു രാജ്യത്തെ തീര്‍ത്തും ചെറിയ പ്രദേശം. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ തികച്ചും ന്യൂനപക്ഷം. എന്നിട്ടും മറ്റിടങ്ങളെക്കാള്‍ മലയാളിയെ ഉള്‍ക്കൊള്ളാനാണ് ഗള്‍ഫ് തൊഴില്‍ വിപണിയുടെ ഉദാരത. സമ്മതിക്കണം. മലയാളിയും കേരളവും അത്ര ചെറുതല്ളെന്ന ബോധ്യത്തില്‍നിന്നു കൂടിയാണിത്.

മുഖ്യമന്ത്രി പിണറായി വിജയന് രണ്ടു ഗള്‍ഫ് നാടുകളില്‍ ലഭിച്ച സ്വീകരണംകൂടി മുന്നില്‍ക്കണ്ടാണ് ഇത്രയും കുറിച്ചത്. യു.എ.ഇ സന്ദര്‍ശനമായിരുന്നു അതില്‍ ആദ്യം. അന്നുകണ്ടത് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ആല്‍ ഖാസ്മിയെ. ഏറെനേരം അദ്ദേഹം മുഖ്യമന്ത്രിക്കൊപ്പം ചെലവിട്ടു. കേരളത്തിന് അറിയാത്ത മലയാളി മഹത്ത്വം ഷാര്‍ജ ഭരണാധികാരി പൊലിപ്പിച്ചു പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിയത് പിണറായിയും സംഘവും. ലോകസഞ്ചാരപ്രിയനും വായനാഭിമുഖ്യവുമുള്ള അറബ് നേതാവാണ് ഷാര്‍ജ ഭരണാധികാരി. അദ്ദേഹം വെറുതെ പറഞ്ഞതല്ല അതൊന്നും. ഡല്‍ഹി ജാമിഅ മില്ലിയ ഉള്‍പ്പെടെ പല സര്‍വകലാശാലകളും ക്ഷണിച്ചിട്ടും പോകാതിരുന്നതാണ്. പിണറായി ക്ഷണിച്ചപ്പോള്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഡി.ലിറ്റ് സ്വീകരിക്കാന്‍ എത്താമെന്ന് ഉറപ്പുപറഞ്ഞതും ആലോചിച്ചുതന്നെ.

യു.എ.ഇയെപ്പോലും കടത്തിവെട്ടിയ സ്വീകരണമാണ് ബഹ്റൈനില്‍ പിണറായി വിജയന് ലഭിച്ചത്. മൂന്നു ദിവസവും ലഭിച്ചത് ഉയര്‍ന്ന പരിഗണന. ഒൗദ്യോഗിക കോണ്‍വോയ് കാറുകളുടെ അകമ്പടി. ഒരു രാഷ്ട്രനേതാവിന് ലഭിക്കുംപോലെ ഒന്നിനും ഒരു കുറവും വരാത്ത ഗംഭീര വരവേല്‍പ്. വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ബഹ്റൈന്‍ കിരീടാവകാശിയുടെ റോയല്‍ കോര്‍ട്ട് അധ്യക്ഷന്‍ ശൈഖ് ഖലീഫ ബിന്‍ ദെയ്ജ് ആല്‍ ഖലീഫ നേരിട്ടത്തെി. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുമായുള്ള കൂടിക്കാഴ്ച മികച്ചുനിന്നു. ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ പ്രത്യേക വിരുന്നും ഒരുക്കി. ഇതൊന്നും ചെറിയ നേട്ടമല്ല. ഒരു ജനതയുടെ അധ്വാനമുദ്രകളോടുള്ള അറബ് ആഭിമുഖ്യത്തിന്‍െറ വീറുറ്റ തെളിവുകൂടിയാണത്. മനസ്സുവെച്ചാല്‍ കേരളത്തിനും ഗള്‍ഫിനും ഇനിയും ചേര്‍ന്നു നില്‍ക്കാനുള്ള ഇടങ്ങള്‍ ധാരാളം. സ്മാര്‍ട്ട് സിറ്റി പദ്ധതി മാത്രമാണ് സമീപകാല ചരിത്രത്തില്‍ എടുത്തുപറയാവുന്ന നിക്ഷേപനേട്ടം. അതുപോലും അനിശ്ചിതത്വത്തിന്‍െറ കടമ്പകള്‍ കടന്നാണല്ളോ ഇത്രയെങ്കിലും എത്തിയതും.

മലയാളി കുടിയേറ്റം കേരളത്തിന് നല്‍കിയ വന്‍ മുന്നേറ്റത്തെക്കുറിച്ച് മുഖ്യമന്ത്രി ബഹ്റൈനിലും വാചാലനായി. എന്നാല്‍, പ്രവാസികളോട് ഇനിയെങ്കിലും ഏതുനിലക്ക് നീതി ചെയ്യാന്‍ കഴിയുമെന്നായിരുന്നു ചോദ്യം. അതിനുമാത്രം തൃപ്തികരമായ ഉത്തരം ഉണ്ടായില്ല. ആദ്യകാല മലയാളികളും തുടര്‍തലമുറകളും തങ്ങളോട് പുലര്‍ത്തിയ പ്രതിബദ്ധത ബഹ്റൈന്‍ നേതാക്കള്‍ക്ക് നന്നായറിയാം. അവരുടെ മുഖ്യമന്ത്രിക്ക് ഇത്രയും മികച്ച സ്വീകരണം ഒരുക്കാന്‍ ബഹ്റൈനെ പ്രേരിപ്പിച്ച ഘടകവും മറ്റൊന്നാകാന്‍ ഇടയില്ല. പിണറായി വിജയന്‍ പ്രസംഗത്തില്‍ അക്കാര്യം തുറന്നുപറയുകയും ചെയ്തു. പ്രതികൂല സാഹചര്യങ്ങളിലും രാജ്യത്തോടും ജനതയോടും ചേര്‍ന്നുനില്‍ക്കാന്‍ മലയാളികള്‍ എന്നും ശ്രദ്ധിച്ചു.

വന്‍കിട ബിസിനസ് സംരംഭങ്ങള്‍ക്ക് വിത്തുപാകി ബഹ്റൈന് കൈത്താങ്ങാകാന്‍ മലയാളി വ്യവസായ പ്രമുഖരും മറന്നില്ല. ആപദ്ഘട്ടങ്ങളില്‍ ചേര്‍ന്നുനില്‍ക്കുന്നതിലാണ് ത്യാഗം. അതിന്‍െറ ഗുണഫലം പിന്‍തലമുറക്കും ലഭിക്കും. അല്ലാതിരുന്നാല്‍ മറിച്ചാകും ഫലം. ഫലസ്തീന്‍ അഭയാര്‍ഥി സമൂഹത്തിന്‍െറ കുവൈത്ത് പാഠം അതിനുള്ള പ്രത്യക്ഷ തെളിവ്. 1991ല്‍ സദ്ദാമിന്‍െറ കുവൈത്ത് അധിനിവേശം നടന്നപ്പോള്‍ ആ രാജ്യത്തെ ഫലസ്തീന്‍ പ്രവാസികള്‍ മറുപക്ഷത്തായിരുന്നു. സദ്ദാമിനുവേണ്ടി അവര്‍ തെരുവിലിറങ്ങി. കുവൈത്തില്‍ മാത്രമല്ല, മറ്റു ഗള്‍ഫ് രാജ്യങ്ങളിലും അത് ഫലസ്തീന്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി. അന്നു പുലര്‍ത്തിയ വൈകാരിക വിക്ഷോഭത്തിന്‍െറ പേരില്‍ പിന്നിട്ട കാല്‍നൂറ്റാണ്ടായി അവര്‍ വിലയൊടുക്കുകയാണ്. കഴിഞ്ഞ ദിവസം കുവൈത്തില്‍നിന്ന് നല്ളൊരു വാര്‍ത്ത വന്നു. ഫലസ്തീന്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിന് വിരാമം.

കൂട്ടത്തില്‍ ഒന്നുകൂടി. സാമ്പത്തിക, നിക്ഷേപ മേഖല മാത്രമല്ല ഗള്‍ഫ്-കേരള ഇഴയടുപ്പത്തിന് നിദാനം. സാംസ്കാരിക രംഗത്തെ ഇടപെടലിനും ഇതില്‍ ഒട്ടും ചെറുതല്ലാത്ത പങ്കുണ്ട്. ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ എഴുപതാം വാര്‍ഷികാഘോഷ പരിപാടികളുടെ തുടക്കംകുറിക്കാന്‍ കൂടിയായിരുന്നല്ളോ പിണറായി വിജയന്‍ എത്തിയത്. നേരത്തേ, യു.എ.ഇ സന്ദര്‍ശനവേളയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍െറ പ്രധാന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തതാണ്.
പ്രവാസലോകത്തെ ഏറ്റവും മികച്ച രണ്ട് സാംസ്കാരിക കേന്ദ്രങ്ങളാണ് സമാജവും അസോസിയേഷനും. രണ്ടിടങ്ങളും സാംസ്കാരിക സമന്വയത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിവരുന്നു. മിക്കവാറും പരിപാടികളില്‍ അറബ് പ്രമുഖരുടെ സാന്നിധ്യം അവര്‍ ഉറപ്പാക്കുന്നു. ഇരുധാരകള്‍ക്കും പരസ്പരം ചേര്‍ന്നുനില്‍ക്കാനും സംവദിക്കാനും കഴിയുക -അവിടെയാണ് ബന്ധങ്ങള്‍ ഊഷ്മളമാകുന്നതും തളിര്‍ക്കുന്നതും. തൊഴിലിടങ്ങള്‍ക്കൊപ്പം സാംസ്കാരിക വേദികളും ജീവത്താകുമ്പോള്‍ ഭാവിയാത്രകള്‍ കൂടുതല്‍ മികച്ചതാകും. അതോടെ, വരുംതലമുറകള്‍ക്കും പുറവാസം കൂടുതല്‍ സാധ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf malayalees
News Summary - malayalees in gulf countries
Next Story