മെഡിക്കൽ കമീഷൻ ബില്ലിന്റെ പ്രതികൂല പരിസരങ്ങൾ
text_fieldsഉദാരവത്കരണം നടപ്പിലായപ്പോൾ വികസനത്തിലുണ്ടായ ഊർജം ആരോഗ്യരംഗം അതിവേഗം വികസിക്കാനും സ്വകാര്യമേഖലയിൽ നിക്ഷേപം വർധിക്കാനും കാരണമായി. ഇതോടൊപ്പം ആരോഗ്യത്തെപ്പറ്റി നമ്മുടെ കാഴ്ചപ്പാടിലുണ്ടായ ഗുണകരമായ മാറ്റങ്ങളും ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, ആരോഗ്യപരിപാലനം സ്റ്റേറ്റിെൻറ ഉത്തരവാദിത്തമാണെന്നും, ജീവിക്കാനുള്ള അവകാശത്തിനോട് ചേർന്ന് നിൽക്കുന്നുവെന്നും നാം മനസ്സിലാക്കുന്നു. ഇതോടെ ആരോഗ്യരംഗത്തേക്ക് കൂടുതൽ ഡോക്ടർമാർ ആവശ്യമാണെന്ന തിരിച്ചറിവുണ്ടായി. എന്നാൽ പൊതുമേഖലയിൽ നിക്ഷേപിക്കാൻ സർക്കാറിന് പണമില്ലാത്ത അവസ്ഥയിൽ മെഡിക്കൽ കോളജുകൾ സ്വകാര്യമേഖലക്ക് തുറന്നുകൊടുത്തു. എന്നാൽ, വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെയാണ് തുടർന്ന് സംഭവിച്ചത്. പരിഷ്കാരങ്ങൾ ജനസൗഹാർദപരവുമായില്ല. സ്വകാര്യമേഖലയിൽ നിക്ഷേപവുമായി വന്നവർ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിൽ അതികായരാണ് എന്നതുതന്നെ കാരണം.
ഇതിനിടക്ക്, ഇന്ത്യൻ വ്യവസായ സഭ (കോൺഫെഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രി) രണ്ടാവർത്തി അന്താരാഷ്ട്ര പ്രശസ്തിയുള്ള മക്കിൻസി ഗ്രൂപ് മുഖാന്തരം ഇന്ത്യയുടെ ആരോഗ്യരംഗത്തെ നിക്ഷേപസാധ്യതയും ഭാവി വളർച്ചയും പഠിച്ചു. ഇന്ത്യയുടെ ആരോഗ്യമുന്നേറ്റം അഭിലഷണീയമായ ഉയർച്ച കാണിക്കുന്നില്ല എന്നാണ് 2012ൽ അവർ നൽകിയ റിപ്പോർട്ട്. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവരിൽ ഗണ്യമായ അളവിൽ ഡോക്ടർമാർ ചികിത്സാരംഗത്തു കാണുന്നില്ല. രജിസ്റ്ററിൽ പേരുള്ളവരിൽ 90 ശതമാനം പേരെങ്കിലും പ്രാക്ടീസ് ചെയ്യുമെങ്കിലേ പുരോഗതി കൈവരിക്കാനാകൂ. ഇന്നത്തെ ചുറ്റുപാടിൽ മക്കിൻസി പറയുന്ന പരിഹാരം ആയുഷ്, ഗ്രാമീണ മെഡിക്കൽ പ്രാക്ടിഷനർമാർ എന്നിവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതുമാത്രമാണ്. ഇത് ശരിയായ നയമല്ലെങ്കിൽ കണക്കുകൾ വെച്ച് ബദൽ പദ്ധതി മുന്നോട്ടുവെക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം. മറ്റൊരു മേഖല, ആരോഗ്യരംഗത്തെ ഗുണനിലവാരം ഉറപ്പിക്കലാണ്. രോഗി കേന്ദ്രീകൃത ചികിത്സകൾ, പ്രോട്ടോകോൾ അടിസ്ഥാനപ്പെടുത്തിയ ചികിത്സ, ശീഘ്രം നടക്കുന്ന പരാതി പരിഹാരം, ഫലപ്രദമായ കേസുതീർപ്പാക്കൽ എന്നിവ അതിൽപെടുന്നു.
നാം ദേശീയ മെഡിക്കൽ കമീഷൻ ബിൽ കാണേണ്ടത് ഈ പശ്ചാത്തലത്തിൽ കൂടിയാണ്. ഇന്ന് ഇന്ത്യയാകെ ഡോക്ടർമാരെ അസ്വസ്ഥരാക്കുന്നത് മാനവശേഷി വികസനവുമായി ബന്ധപ്പെട്ട് ബില്ലിൽ ചേർത്തിട്ടുള്ള 32ാം വകുപ്പാണ്. ഇതു ആധുനിക വൈദ്യശാസ്ത്ര ബിരുദമില്ലാത്തവർക്കും പരിമിതമായ തോതിൽ ചികിത്സിക്കാൻ അവസരമുണ്ടാക്കുന്നു. പിൻവാതിലിൽ കൂടി അവശ്യം വേണ്ട യോഗ്യതയില്ലാത്തവരെ വൈദ്യശാസ്ത്രത്തിലേക്ക് കടത്തിവിടാനാണിതെന്ന സംശയം ശക്തമാണ്. എന്നാൽ, 32ാം വകുപ്പ് ചില കർശന ഉപാധികൾ ഇതോടൊത്തു വെച്ചിട്ടുണ്ട്. സാമൂഹികാരോഗ്യ സേവനദാതാവ് എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരക്കാർ മധ്യതല ചികിത്സകരായിരിക്കും. ഒരു മേഖലയിലെ മൊത്തം ചികിത്സകരുടെ മൂന്നിലൊന്നു സംഖ്യക്ക് താഴെയായി ഇത്തരം രജിസ്ട്രേഷൻ പരിമിതപ്പെടുത്തും. പ്രാക്ടിസ് ചെയ്യാനുള്ള അനുവാദം എത്രകാലത്തേക്ക്, എന്ത് സാഹചര്യത്തിൽ നൽകുന്നുവെന്നും എത്രയളവിൽ ചികിത്സ നൽകാമെന്നും ലൈസൻസിൽ വ്യക്തമായി പറയേണ്ടതുണ്ട്. മാത്രമല്ല, പ്രതിരോധചികിത്സയിലും പ്രാഥമിക ചികിത്സയിലും മാത്രമേ അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാകൂ.
നിയമം ഇങ്ങനെയൊക്കെയാണെങ്കിലും ബിൽ പാസായി സംസ്ഥാനതലത്തിൽ ചട്ടങ്ങൾ രൂപപ്പെടുമ്പോൾ ഇതെല്ലാം നേർത്തുവരുമെന്ന സംശയം അസ്ഥാനത്തല്ല. മൂന്നിലൊന്നിൽ അവിദഗ്ധ ചികിത്സകരെ നിയന്ത്രിക്കാനാകുമോ, ലൈസൻസ് റദ്ദാക്കുന്ന മുറക്ക് അവർ പ്രാക്ടീസ് നിർത്തുമോ എന്നൊന്നും ആർക്കും പറയാനാവില്ല. ആരോഗ്യരംഗത്തു പൊതുവെ മുമ്പന്തിയിലുള്ള കേരളത്തിൽപോലും ‘നിപ’ പനി ചൂടുവെള്ളവും എനിമയും കൊണ്ട് ചികിത്സിച്ചാൽ മതിയെന്ന് പ്രഖ്യാപിക്കാൻ വ്യാജചികിത്സകർക്കാകുന്നു. നിയമം കാരാഗൃഹത്തിൽ കണ്ണടച്ച് നിൽക്കുകയും ചെയ്യുന്നു. കാൻസറിനും പ്രമേഹത്തിനും ഒറ്റമൂലിയുമായി വരുന്നവരെ തടയുന്നില്ലെന്നതു പോട്ടെ, പലർക്കും വ്യാപകമായ മാധ്യമശ്രദ്ധയും നിയമവിരുദ്ധ പരസ്യങ്ങളും നിർബാധം ലഭ്യവുമാണ്.
ഇതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റു ചില സമാന്തര ഇടപെടലുകൾ ഉണ്ട്. ആയുഷ് പ്രകാരം തദ്ദേശീയ ചികിത്സകൾക്കും ഹോമിയോപ്പതിക്കും നിയമസാധുതയുണ്ട്. അടുത്തകാലത്തായി തിബത്തൻ ആരോഗ്യവിദ്യ, അക്യൂപങ്ചർ എന്നിവയും നിയമസാധുതയുള്ള ചികിത്സ പദ്ധതിയായി കേന്ദ്രം അംഗീകരിച്ചുകഴിഞ്ഞു. ലോക വ്യാപകമായതോടെ യോഗചികിത്സ എന്നൊരു പുതിയ സമ്പ്രദായം കൂടി വരുന്നു. സ്പോർട്സിൽ സാക്ഷ്യപത്രം ഉള്ളവർക്ക് യോഗ പ്രാക്ടിസ് ചെയ്യാമെന്ന നിലയുണ്ടായിവരുന്നു. ഇങ്ങനെയൊക്കെ നടക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കമീഷൻ ബില്ലിലെ 32ാം വകുപ്പ് ശ്രദ്ധയോടെ നടപ്പാക്കുമെന്ന് എന്താണുറപ്പ്?
കൂടുതൽ ഡോക്ടർമാരെ സൃഷ്ടിക്കുന്നതിന് പകരം അവിദഗ്ധരായ അസംഖ്യം ആൾക്കാരെ ഡോക്ടർ വേഷത്തിൽ ഗ്രാമങ്ങളിലേക്കയക്കുന്നത് ഗ്രാമജീവിതം രണ്ടാംകിടയായതു കൊണ്ടാകുമോ? ഗ്രാമത്തിലെത്തിയവർ ലൈസൻസുമായി പട്ടണത്തിലേക്കു ചേക്കേറിയാൽ ആരാണ് തടുക്കുക? നമ്മെ ചികിത്സിക്കുന്നവരുടെ ലൈസൻസ് പരിശോധിക്കാനാണോ നാം ചികിത്സക്ക് വിധേയരാകുന്നത്? ഡോക്ടർമാരുടെ എണ്ണം വർധിക്കുന്ന മുറക്ക് ഗ്രാമചികിത്സകരുടെ ലൈസൻസ് റദ്ദുചെയ്യാനാകും എന്നുകരുതാൻ എന്തായാലും സാധ്യമല്ല. പ്രായോഗികമല്ലാത്ത കുരുക്കുകളിലേക്ക് നാം സ്വയം നയിക്കപ്പെടുന്നു എന്നുമാത്രം.
ഇന്ന് ഇന്ത്യയിൽ ആറുലക്ഷം ഡോക്ടർമാരുടെയും 12 ലക്ഷം നഴ്സുമാരുടെയും കുറവുണ്ട്. ഇത് നികത്തണമെങ്കിൽ ആവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുവരണം. പുതിയ ആശുപത്രികളും. ഉള്ളവയിൽ കൂടുതൽ തസ്തികകളുണ്ടാകണം. പ്രതിവർഷം 2.6 കോടി ജനസംഖ്യാ വർധനവുണ്ടാകുന്ന ഇന്ത്യയിൽ ഡോക്ടർമാരുടെ എണ്ണം താൽക്കാലികമായി വർധിപ്പിക്കുന്നത് ഫലം ചെയ്യില്ല. അതായത്, ഇപ്രകാരം ആരോഗ്യരംഗം വികസിക്കണമെങ്കിൽ ഉയർന്ന നിക്ഷേപം അടിയന്തരമായി ഉറപ്പാക്കേണ്ടതുണ്ട്. നിതി ആയോഗിെൻറ പുതിയ കണക്കനുസരിച്ചു കേന്ദ്രം ഇപ്പോൾ ചിലവിടുന്നത് ജി.ഡി.പിയുടെ ഒരു ശതമാനം മാത്രമാണ്. ഇത് അടിയന്തരമായി മൂന്ന് ശതമാനം ആക്കിയേതീരൂ എന്നാണ് നിതി ആയോഗ് അഭിപ്രായപ്പെടുന്നത്. നമുക്കുചുറ്റുമുള്ള വികസ്വര രാജ്യങ്ങളും എല്ലാ വികസിത രാജ്യങ്ങളും ആരോഗ്യത്തിന് െചലവാക്കുന്നത് 3.5 മുതൽ 10 ശതമാനം വരെയാണ്. തൊട്ടടുത്ത് ശ്രീലങ്ക ഇതിനകം മാതൃമരണനിരക്ക് നമ്മളേക്കാൾ മെച്ചപ്പെടുത്തി. മലേറിയയും അഞ്ചാംപനിയും നിർമാർജനം ചെയ്തു. നിസ്സാരമല്ല, ഈ നേട്ടങ്ങൾ. പത്തു വർഷം മുമ്പ് ആഭ്യന്തര യുദ്ധത്തെ തുടർന്ന് തകർന്ന സമ്പദ്ഘടനയിൽനിന്നാണ് ഇൗ ഉയിർത്തെഴുന്നേൽപ് എന്നത് ശ്രദ്ധേയം.
ആരോഗ്യരംഗത്തെ പോരായ്മകൾക്ക് അയോഗ്യരെ നിയമംമൂലം യോഗ്യരാക്കുന്ന പദ്ധതി ഗുണമേന്മ ഉയർത്തുകയില്ല എന്ന് നിശ്ചയം. ഓരോ പകർച്ചവ്യാധി വരുമ്പോഴും ഓരോ പ്രതിരോധ പദ്ധതി ആവിഷ്കരിക്കുമ്പോഴും ഇവർക്ക് ഫലപ്രദമായ പരിശീലനം നൽകണം. അതിെൻറ സന്നാഹങ്ങളും ചെലവുകളും ബിൽ പരിഗണിക്കുന്നില്ല. അയോഗ്യരായ ഇവർ പ്രതിരോധ ചികിത്സ, വാക്സിനേഷൻ, പോഷകാഹാരം, വ്യായാമം എന്നിവയിലൊക്കെ അന്ധമായ വിശ്വാസങ്ങൾ പിന്തുടരുന്നവരാകാൻ ഇടയുണ്ട്. എത്രതന്നെ പഠിപ്പിച്ചാലും വാക്സിനേഷൻ വേണ്ടെന്നും പ്രമേഹത്തിന് അന്നജം ഉത്തമമെന്നു പറയുന്നവരും ധാരാളമായി നിലനിൽക്കും. ഇതെല്ലാം ആരോഗ്യമേഖലയിൽ പുതിയ സംഘർഷത്തിന് കാരണമാകും.
മെഡിക്കൽ കമീഷൻ ബിൽ പരിഗണിക്കുമ്പോൾ പാർലമെൻറ് ഇത് ഡോക്ടർമാരുടെ വിഷയമായല്ല, പാവപ്പെട്ട ഗ്രാമീണ ജനതയുടെ കാതലായ പ്രശ്നമായി പഠിക്കുമെന്ന് കരുതുന്നു. ഇതേക്കുറിച്ചുള്ള ആശങ്കകൾ ഈ മേഖലയിൽ പരിചയമുള്ളവർ പറയുന്നു എന്നുമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.