അസഹിഷ്ണുതയുടെ മൂന്ന് ഉന്മാദ വർഷങ്ങൾ
text_fieldsഉത്തർപ്രദേശിലെ സഹാരൺപൂർ കർഫ്യൂവിലാണ്. ഛത്തിസ്ഗഢിലെ സുഖ്മയിൽ മനുഷ്യക്കുരുതിയുടെ ചോരമണം തങ്ങിനിൽക്കുന്നു. നിരപരാധിയായൊരു മനുഷ്യനെ പട്ടാളവണ്ടിയിൽ കെട്ടിവെച്ച് കല്ലേറുകാരെ നേരിട്ടതിെൻറ വിവാദം എരിയുകയാണ് അശാന്തമായ കശ്മീരിൽ. ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷത്തിെൻറ വെടിയും പുകയുമാണ്. പാകിസ്താനും ചൈനക്കും ഇന്ത്യയോടുള്ള ശത്രുതയും രോഷവും വർധിച്ചിരിക്കുന്നു. പശുക്കടത്തിെൻറയും കശാപ്പിെൻറയും പേരിലുള്ള അസഹിഷ്ണുതാ രാഷ്ട്രീയത്തിൽ പുകഞ്ഞുനിൽക്കുകയാണ് പല സംസ്ഥാനങ്ങളും. മനുഷ്യനും മനുഷ്യനുമായുള്ള ബന്ധങ്ങളിൽ ചോര ഇറ്റുവീഴുന്ന ചുറ്റുപാടുകൾ.
ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും, ദലിതനും സവർണനും, ഭൂരിപക്ഷവും ന്യൂനപക്ഷവും, പട്ടാളവും ജനവും, രാജ്യവും അയൽക്കാരുമെല്ലാം ‘ഞങ്ങളും അവരു’മായി മാനസികമായി വേർതിരിഞ്ഞു നിൽക്കുന്ന ‘മതേതര ജനാധിപത്യ’ രാജ്യമായി ഇന്ത്യ മാറിപ്പോയിരിക്കുന്നു. ഇതെല്ലാം സുഖാനുഭൂതികളായി ചിത്രീകരിച്ചാണ് മോദിസർക്കാർ നാലാം വർഷത്തിലേക്ക് കടക്കുന്നത്. യഥാർഥത്തിൽ ഇൗ മുറിവുകൾക്കിടയിലാണ്, അസഹിഷ്ണുതയുടെ ഉന്മാദത്തിനിടയിലാണ് സർക്കാർ കൊട്ടിഘോഷിക്കുന്ന സുഖാനുഭൂതി തെരയേണ്ടത്.
ഇന്ദിരയെന്നാൽ ഇന്ത്യ, ഇന്ത്യയെന്നാൽ ഇന്ദിര എന്നൊരു കാലം ഇന്ത്യക്കുണ്ടായിരുന്നു. മോദിയെന്നാൽ ഇന്ത്യ, ഇന്ത്യയെന്നാൽ മോദി എന്നൊരു കാലം പരുവപ്പെടുത്തിയെടുത്താണ് ഇന്ന് ഭരണം മുന്നോട്ടുപോകുന്നത്. ഇൗ വിഗ്രഹസൃഷ്ടിക്ക് പറ്റിയതാണ് അന്തരീക്ഷം. പ്രതിപക്ഷം പലവഴി ചിതറി അങ്ങേയറ്റം ദുർബലമായി നിൽക്കുന്നു. രാജ്യത്തിന് അടിത്തറ പാകിയ സങ്കൽപങ്ങളെ വർഗീയതയുടെ കച്ചയിൽ പുതപ്പിച്ചു കിടത്തിയിരിക്കുന്നു. കപടമായ ദേശീയതയും ദേശസ്നേഹവും എളുപ്പത്തിൽ വിറ്റഴിക്കപ്പെടുന്നു. ഇന്ത്യയുടെ സ്പന്ദനം തിരിയാത്ത യുവതലമുറയെ മായിക വികസന സങ്കൽപങ്ങളിലേക്ക് ആട്ടിത്തെളിക്കാൻ സാധിക്കുന്നു. ഭരണേനട്ടങ്ങളുടെ അവാസ്തവ വായ്ത്താരികൾ പൊതുേബാധത്തെ അട്ടിമറിക്കുന്നു.
എല്ലാം മോദിമയമാക്കുന്ന വിഗ്രഹസൃഷ്ടിയും വർഗീയതയിൽ കുതിർന്നു വീർക്കുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷവുമല്ലാതെ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ബി.ജെപി ഭരണത്തിെൻറ സംഭാവനകൾ എന്തൊക്കെയാണ്? സ്വച്ഛ്ഭാരതിൽ തുടങ്ങി മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ, ബേഠി ബചാവോ ബേഠി പഠാവോ എന്നിങ്ങനെ പല പല പുതിയ പേരുകളിൽ ഒേട്ടറെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണരംഗത്ത് നിരവധി പുതിയ മുദ്രാവാക്യങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്. ചരിത്രത്തിൽ ഇടംപിടിച്ച പഴയ പേരുകളും കറൻസിയും വരെ അസാധുവാക്കി പദ്ധതികളിലും ഭരണത്തിലും പുതുമയും അജണ്ടയും ചാലിച്ചുചേർത്തിട്ടുണ്ട്. എന്നാൽ, അതുവഴിയെല്ലാം സമൂഹത്തിലുണ്ടായ പുരോഗമനപരമായ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് വായ്ത്താരി കൊണ്ടല്ലാതെ, വസ്തുതാപരമായി വിശദീകരിക്കുക പ്രയാസം.
സമ്പദ്രംഗം, കൃഷി, തൊഴിൽ, ആഭ്യന്തര സുരക്ഷ, അതിർത്തി വിഷയങ്ങൾ, നയതന്ത്രം, വികസനം തുടങ്ങി പ്രധാന രംഗങ്ങളിലെല്ലാം സർക്കാറിന് പിഴക്കുകയാണ്. ഇന്ത്യയിലേക്ക് നിക്ഷേപം ആകർഷിക്കാൻ തുടങ്ങിയതാണ് മേക്ക് ഇൻ ഇന്ത്യ പരിപാടി. ഉദാരീകരണത്തിെൻറ വഴിയിൽ വിവിധ മേഖലകൾ വിദേശ നിക്ഷേപത്തിന് പൂർണമായും തുറന്നിട്ടു. എന്നാൽ, പുതിയ നിക്ഷേപങ്ങൾ വരുന്നില്ല. ആഭ്യന്തര, അതിർത്തി സാഹചര്യങ്ങൾ വെച്ചുനോക്കിയാൽ ഇന്ത്യയിൽ നിേക്ഷപം നടത്തുന്നതിൽ ജാഗ്രത പാലിക്കാനാണ് കഴിഞ്ഞദിവസം അന്താരാഷ്ട്ര ഏജൻസികൾ നൽകിയിരിക്കുന്ന നിർദേശം.
നോട്ട് അസാധുവാക്കൽ സാധാരണക്കാർക്കും വ്യവസായിക്കും ദോഷം ചെയ്തുവെന്നതാണ് എല്ലാവരുടെയും നേരനുഭവം. എന്നാൽ, വർഗീയ രാഷ്ട്രീയം അനായാസ വിജയം യു.പിയിൽ നേടിക്കൊടുത്തപ്പോൾ, അസാധുവാക്കലും സർക്കാറിെൻറ നേട്ടപ്പട്ടികയിൽ സ്ഥാനമുറപ്പിച്ചു. ബി.ജെ.പി ഭരിക്കുന്ന യു.പിയിലും മഹാരാഷ്ട്രയിലുമൊക്കെ കാർഷിക പ്രതിസന്ധി മൂത്ത് ആത്മഹത്യകൾ തുടരുന്നുണ്ട്. പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തതല്ലാതെ എത്ര പേർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിച്ചു?
മോദിയുടെ സത്യപ്രതിജ്ഞക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കം അയൽപക്ക നേതാക്കൾ എത്തിയത് വലിയ നയതന്ത്ര വിജയമായിരുന്നു. എന്നാൽ, മൂന്നു വർഷം പിന്നിട്ടപ്പോൾ ഇന്ത്യയും പാകിസ്താനും യുദ്ധജ്വരത്തിലാണ്. ഇന്ത്യയോടുള്ള വിരോധം മുതലാക്കി ചൈന പാകിസ്താനുമേൽ കൂടുതൽ സ്വാധീനം നേടിയിരിക്കുന്നു. അമേരിക്കയുടെയോ ഇസ്രായേലിെൻറയോ ചങ്ങാത്തം പുതുതായൊന്നും നേടിത്തന്നില്ല. അമേരിക്കയിലെ ഇന്ത്യൻ പ്രഫഷനലുകളും അവിടം സ്വപ്നം കാണുന്ന ടെക്കികളുമെല്ലാം കടുത്ത ആശങ്കയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യക്കു പ്രത്യേകമായ പരിഗണന നൽകാൻ സ്വയംസംരക്ഷണത്തിലേക്ക് തിരിഞ്ഞ അമേരിക്ക അടക്കം വികസിത രാജ്യങ്ങൾക്ക് താൽപര്യമില്ല. അത്തരമൊരു നയതന്ത്ര വിജയം നേടാൻ മോദിയുടെ ചായസൽക്കാരങ്ങൾക്കോ തൊട്ടിലാട്ടങ്ങൾക്കോ കഴിഞ്ഞില്ല.
എന്നാൽ, സ്വദേശത്തെ ബന്ധങ്ങളോ? ആസൂത്രണ കമീഷൻ പൊളിച്ചടുക്കി നിതി ആയോഗ് രൂപപ്പെടുത്തിയത് ഫെഡറൽ തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ച് കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ ശക്തമാക്കാനാണ്. കേന്ദ്രവും ബി.ജെ.പിയിതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാറുകളുമായുള്ള ബന്ധം ഒട്ടും നല്ല നിലയിലല്ല. അർഹതപ്പെട്ട വിഹിതവും പരിഗണനകളും കിട്ടുന്നില്ലെന്ന പരാതികൾക്കൊപ്പം, സംസ്ഥാന വിഷയങ്ങളിൽ കൈകടത്തുന്നുവെന്ന പരാതികളും ശക്തമാണ്. നിതി ആയോഗോ? കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഇൗ ആസൂത്രക വേദിക്ക് ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഭാഗ്യക്കുറി നറുക്കെടുപ്പും മറ്റുമാണ് ഇന്നത്തെ പ്രധാന പണി. സംസ്ഥാനങ്ങളുടെ പരിദേവനങ്ങൾ കേൾക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്നുപോലും കേന്ദ്രം മുഖംതിരിക്കുന്നതിന് കേരളവും ഇരയായി. സംസ്ഥാന ഭരണം പിടിച്ചടക്കാൻ നടത്തുന്ന പിന്നാമ്പുറ നീക്കങ്ങൾക്ക് അരുണാചൽ പ്രദേശ് മുതൽ ഗോവ വരെ ഉദാഹരണങ്ങൾ പലതുണ്ട്. പല പ്രതിപക്ഷ നേതാക്കളുടെയും കൈകൾ ശുദ്ധമല്ലെന്നിരിക്കേ, വേട്ടയാടൽ രാഷ്ട്രീയവും തകർക്കുന്നു.
ഹിന്ദുക്കളിലെ ജാതി വിഭാഗങ്ങളെ ഒരു ചരടിൽ കോർത്തെടുക്കാനുള്ള വർഗീയ രാഷ്ട്രീയം ഫലപ്രദമായി നടത്തി വിജയിപ്പിച്ചതിന് ഉദാഹരണമാണ് യു.പി. തീവ്രഹിന്ദുത്വ നേതാവ് മുഖ്യമന്ത്രിയായി. തീവ്രഹിന്ദുത്വം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ഹിന്ദുവോട്ടിെൻറ ഏകീകരണത്തിന് പ്രയോജനപ്പെടുത്തുമെന്ന സന്ദേശമാണ് യോഗി ആദിത്യനാഥ്. എന്നാൽ, ഹിന്ദുക്കളിലെ പിന്നാക്കക്കാർ സംഘ്പരിവാർ അജണ്ടകൾക്ക് മുന്നിൽ വെറും ഒാട്ടക്കാലണകൾ മാത്രമാണെന്ന് വീണ്ടും ഒാർമപ്പെടുത്തുകയാണ് സഹാരൺപൂർ. സവർണരായ ഠാക്കുർമാരും ദലിതുകളുമായുള്ള ഏറ്റുമുട്ടലാണ് അവിടെ നടക്കുന്നത്. ഉനയിലെ ദലിത് പീഡനം, രോഹിത് വെമുലയുടെ ആത്മഹത്യ, ജെ.എൻ.യുവിലെ കുഴപ്പങ്ങൾ എന്നിവയും ബി.ജെ.പിയുടെ ദലിത് പ്രണയത്തിെൻറ മറുപുറങ്ങൾ. ഘർവാപസിയും ദാദ്രിയും മേവാത്തും ആൾവാറുമെല്ലാം ന്യൂനപക്ഷ വിരുദ്ധതയുടെ മുഖങ്ങൾ. ഇതിനെല്ലാമിടയിലും മൂന്നു വർഷത്തെ മോദിഭരണത്തിെൻറ സുഖാനുഭൂതി അനുഭവിക്കുന്നവർ മേൽക്കൈ നേടുന്നുവെന്നതാണ് വൈപരീത്യം. ‘കപട മതേതരത്വ’ത്തെ അപഹസിച്ചുവന്ന ബി.ജെ.പി കപടമായ ഹൈന്ദവതയിലൂടെ വലിയൊരു വിഭാഗം ജനത്തെ ആട്ടിത്തെളിക്കുന്നു.
പ്രസിഡൻഷ്യൽ ഭരണരീതിയിലേക്ക് ഇന്ത്യയെ കൂട്ടിക്കൊണ്ടു പോകുന്നതിെൻറ നാലാം വാർഷികത്തിലേക്കു കൂടിയാണ് ജനം ചുവടുവെക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും മന്ത്രിമാർ പ്രസക്തമല്ല. മുഖ്യമന്ത്രിമാരും പിന്നെ, പ്രധാനമന്ത്രിയും മാത്രമാണുള്ളത്. അത്തരത്തിൽ അധികാര കേന്ദ്രീകരണം നടക്കുന്നു. പാർലമെൻറും മറ്റു ഭരണഘടനാ സ്ഥാപനങ്ങളും നോക്കുകുത്തിയായി മാറുന്നു. സർക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയെ ഉൗടുവഴികളിലൂടെ മറികടക്കുന്നു. പാർട്ടിയും അധികാരവും രാജ്യവും ഭരണഘടനാ സ്ഥാപനങ്ങളുമെല്ലാം ഒരാളിലേക്ക് കേന്ദ്രീകരിക്കാൻ ഉപാധിയാക്കുന്ന കപട ഹൈന്ദവതയുടെയും അതുണ്ടാക്കുന്ന അസഹിഷ്ണുതയുടെയും കൂടുതൽ കെടുതികളിലേക്കാണ് രാജ്യം ചുവടുവെക്കുന്നത് എന്നതാണ് മൂന്നാം വാർഷിക വേളയിലെ നേര്. ഇന്ത്യയെന്നാൽ ഇന്ദിരയെന്ന് പറഞ്ഞ നേതാവ് പക്ഷേ, ജനത്തിെൻറ ഇച്ഛാശക്തിയിൽ മുട്ടുകുത്തിയ ചരിത്രവും ഇന്ത്യക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.