എം.ആർ വാക്സിൻ ചിന്തകൾ
text_fieldsനാട്ടിലിപ്പോൾ എം.ആർ വാക്സിൻ പ്രോഗ്രാം നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഏതാനും ദിവസത്തിനുള്ളിൽ പ്രോഗ്രാം സമാപിക്കും. ഒരു സൂക്ഷ്മാന്വേഷണം നടത്തിയാൽ ഇതനവധി ഉൾക്കാഴ്ചകൾ നമുക്കു തരും. ഇതോടൊപ്പം മുൻകാലങ്ങളിലെ വാക്സിൻ അനുഭവങ്ങൾ ചേർത്തുവായിച്ചുവേണം നാം പൊതുധാരണകളിൽ എത്തേണ്ടത്. മറ്റു കാലങ്ങളിൽ ഇല്ലാത്തവിധം വാക്സിൻ ഫോബിയ പടർന്നുപിടിച്ചതിെൻറയും പശ്ചാത്തലം ഈ ഘട്ടത്തിൽ അന്വേഷണവിധേയമാക്കേണ്ടതാണ്. ശ്രദ്ധാപൂർവം നടപ്പാക്കാൻ ഉദ്യമിച്ച പ്രോഗാം എന്നനിലക്ക് നല്ലനിലവാരത്തിൽ ഫീൽഡ് ഡാറ്റ ശേഖരണം നടന്നിട്ടുണ്ടാവും. സാമൂഹികാടിസ്ഥാനത്തിലുള്ള വിശകലനങ്ങൾക്ക് ഇതവസരമൊരുക്കും എന്നതിലും സംശയം വേണ്ട.
പ്രോഗ്രാം അന്തിമഘട്ടത്തിൽ നിൽക്കെ, നാമാഗ്രഹിക്കുന്നവിധം വാക്സിനേഷൻ നടത്താനായില്ല എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ചു പത്തനംതിട്ടയിൽ 72.15 ശതമാനം വാക്സിനേഷൻ നടന്നു. കോട്ടയം, തിരുവനന്തപുരം ജില്ലകൾ വലിയ വ്യത്യാസമില്ലാതെ പിന്നിലുണ്ട്. ആശങ്കയുയർത്തുന്നത് ചില വടക്കൻ ജില്ലകളാണ്. ഒക്ടോബർ 21ലെ റിപ്പോർട്ടനുസരിച്ച് 37.16 ശതമാനം വാക്സിൻ പ്രയോഗമാണ് കണ്ണൂരിൽ നടപ്പായത്. അവിടെത്തന്നെ പെരിങ്ങോം പ്രദേശത്ത് 68 ശതമാനം വാക്സിനേഷൻ നടന്നപ്പോൾ പഴയങ്ങാടിയിൽ 28 ശതമാനം മാത്രമേ ലക്ഷ്യം നിറവേറ്റാനായുള്ളൂ. ഇതേദിവസം മലപ്പുറത്തു സഫലമായത് 24.11 ശതമാനം വാക്സിനേഷനാണ്. 25ാം തീയതിയായപ്പോൾ ഇത് മെല്ലെ 34 ശതമാനമായി ഉയർന്നെങ്കിലും 60 ശതമാനം സ്പർശിക്കുമെന്നു കരുതാനാവില്ല. 27ാം തീയതി വരെ കോഴിക്കോട് 40 ശതമാനം കടന്നിട്ടില്ല; വളയം ബ്ലോക്കിൽ 21 ശതമാനം മാത്രമാണ് വാക്സിനേഷൻ സാധിച്ചത്. എത്ര ശുഭാപ്തിവിശ്വാസമുണ്ടെങ്കിലും വാക്സിൻ വ്യാപനം മുൻനിര ജില്ലകളിൽ 75 ശതമാനത്തിൽ താഴെയും മറ്റിടങ്ങളിൽ 50 ശതമാനത്തിൽ താഴെയും ആകാനിടയുണ്ട്. അതായത്, കേരളത്തിലെ വാക്സിൻ വ്യാപനം ശരാശരി 70 ശതമാനം ആകാനിടയുണ്ട് എന്നർഥം.
ആരോഗ്യനിലയിലും കാഴ്ചപ്പാടുകളിലും നമ്മെക്കാൾ പിന്നിലെന്നു നാം കരുതുന്ന ഇടങ്ങളിൽ വാക്സിൻ പ്രോഗ്രാം എങ്ങനെയെന്ന് നോക്കാം. ഒന്നാംഘട്ട വാക്സിൻ പ്രോഗാം നടന്നത് തമിഴ്നാട്, കർണാടക, ഗോവ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ്. കേന്ദ്ര കുടുംബക്ഷേമ വകുപ്പ് ആഗസ്റ്റ് എട്ടിന് പുറത്തുവിട്ട പത്രക്കുറിപ്പനുസരിച്ച് ഒന്നാംഘട്ടത്തിൽ വാക്സിൻ വ്യാപനം 97 ശതമാനം സഫലമായി. 3.3 കോടി കുട്ടികളിൽ വാക്സിൻ എത്തിക്കാൻ സാധിച്ചുവെന്നത് നിസ്സാരമായ കാര്യമല്ല. വാക്സിൻ വിരുദ്ധ പ്രചാരണം ശക്തമായിരുന്ന തമിഴ്നാട്ടിൽ തുടക്കത്തിൽ മന്ദഗതിയിലായിരുന്ന പ്രോഗ്രാം അവസാനഘട്ടത്തിൽ ഊർജസ്വലമായി. അവിടെയും 97 ശതമാനം എത്തിക്കാൻ സാധിച്ചു. മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ട്, 1939 പ്രകാരം തമിഴ്നാട്ടിലിപ്പോൾ സ്കൂൾ പ്രവേശനത്തിനു വാക്സിൻ നിർബന്ധമാണ്. മുൻവർഷങ്ങളിലെ (2011) കണക്കനുസരിച്ചു മറ്റു വാക്സിൻ വ്യാപനത്തിലും തമിഴ്നാട് മുന്നിൽ തന്നെയാണ്: പോളിയോ വാക്സിൻ 88 ശതമാനം പേരിൽ എത്തിക്കാനും കഴിഞ്ഞ പന്ത്രണ്ടുവർഷമായി പോളിയോമുക്ത സംസ്ഥാനമാക്കാനും കഴിഞ്ഞിട്ടുണ്ട്. ലക്ഷദ്വീപിനും വാക്സിൻ പ്രോഗ്രാം വിജയമാക്കാൻ കഴിഞ്ഞെന്നുവേണം കരുതാൻ; അല്ലെങ്കിൽ 97 ശതമാനം ശരാശരിയിലെത്താനാവില്ലല്ലോ. നിലവിലെ വാക്സിൻ പ്രോഗ്രാം കണക്കുകൾ ലഭ്യമായിട്ടില്ലെങ്കിലും ദ്വീപിലെ വാക്സിൻ പ്രോഗ്രാം പൊതുവിൽ ശക്തമാണ്. ഏതാനും വർഷമായി പോളിയോ വാക്സിനേഷൻ 100 ശതമാനം തന്നെയാണ്. കഴിഞ്ഞ ആറുവർഷമായി ദ്വീപ് പോളിയോമുക്തമാണ്.
മുൻകാല വാക്സിനേഷൻ അനുഭവങ്ങൾ പഠിച്ചാൽ മാത്രമേ ഈ പദ്ധതിയുടെ ശക്തിയും ദൗർബല്യവും കണ്ടെത്താനാകൂ. എന്തുകൊണ്ടാണ് അതിപ്രാധാന്യമുള്ള ആരോഗ്യപരിപാടി അതിെൻറ ഉദ്ദിഷ്ടലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനാകാതെ പോകുന്നത് എന്ന് കണ്ടെത്തേണ്ടതല്ലേ? സാമ്പത്തിക വളർച്ച ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹിയിലെ സുരേഷ് ശർമ നടത്തിയ പഠനം ശ്രദ്ധേയമാണ്. ‘ഇന്ത്യയിലെ ഇമ്യൂണൈസേഷൻ വ്യാപനം, (2007), ഒരു കർമരേഖ’ എന്ന പ്രസ്തുത പ്രബന്ധം ഇതിെൻറ വിവിധ വശങ്ങൾ പരിഗണിക്കുന്നു. അക്കാലത്തെ സൂചികകൾ പ്രകാരം 91 ശതമാനം വാക്സിനേഷൻ സാധ്യമാക്കിയ തമിഴ്നാടാണ് ഏറ്റവും മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള കേരളവും ഹിമാചൽപ്രദേശും 79 ശതമാനവുമായി വളരെ പിന്നിലാണ്. നൂറു ശതമാനം വാക്സിനേഷൻ ലഭിച്ച കുട്ടികളിലെ കണക്കാണിത്. തമിഴ്നാടുമായുള്ള 12 ശതമാനം വിടവ് അതിഗൗരവമുള്ള കാര്യമാണ്; അവർക്കുപോലും ഇനിയും നേടേണ്ടതായും ഉണ്ട്. പഠനം കണ്ടെത്തിയ മറ്റൊരു കാര്യം ഒരു വാക്സിനും ലഭിക്കാത്ത കുട്ടികൾ പരിമിതമായെങ്കിലും കേരളത്തിലുമുണ്ട് എന്നാണ്. അപൂർണമായി വാക്സിൻ ലഭിച്ച കുട്ടികൾ കേരളത്തിൽ 95 ശതമാനമാണ്.
സാമൂഹിക സാമ്പത്തിക ഘടനകൾ വാക്സിൻ സ്വീകരണത്തെ സ്വാധീനിക്കുന്നതായി ശർമ (2007) കണ്ടെത്തുന്നു. ഇന്ത്യയിൽ പൊതുവായി നോക്കുമ്പോൾ കാണുന്നത്, ഒന്നാമത്തെ കുട്ടിക്ക് 55.5 ശതമാനം, രണ്ടാമത്തെ കുട്ടിക്ക് 53.3 ശതമാനം, മൂന്നാമത്തെ കുട്ടിക്ക് 43.6 ശതമാനം, നാലാമത്തെ കുട്ടി മുതൽക്ക് 26.1 ശതമാനം എന്നിങ്ങനെയാണ് വാക്സിൻ ലഭിക്കുന്നത്. അപ്പോൾ മറ്റു ഘടകങ്ങളൊന്നും പ്രവർത്തിക്കുന്നില്ലെങ്കിൽ മൂന്നാമത്തെ കുട്ടിക്ക് വാക്സിൻ ലഭ്യത പരിമിതപ്പെടും എന്നർഥം. മൂന്നു കുട്ടികളുള്ള കുടുംബം കേരളത്തിൽ ഇപ്പോഴും ഉണ്ടെന്നതിനാൽ മൂന്നാം കുട്ടിക്ക് ആരോഗ്യപരിരക്ഷയിൽ പരിമിതികൾ ഉണ്ടായിട്ടുണ്ടോ എന്നത് നമ്മുടെ വിദഗ്ധർ പഠിച്ചിട്ടില്ലെങ്കിൽ എന്തുകൊണ്ട് എന്നുനാം അന്വേഷിക്കാം. ഇന്ത്യയാകെ പരിഗണിക്കുമ്പോൾ ഹിന്ദു, മുസ്ലിം വിഭാഗങ്ങളിൽ വാക്സിൻ സ്വീകരണം യഥാക്രമം 46.5 ശതമാനം, 36.1 ശതമാനം ആകുന്നു. ഈ വ്യത്യാസത്തിെൻറയും പൊരുൾ തേടേണ്ടതുണ്ട്.
എന്തുകൊണ്ടാണ് എം.ആർ വാക്സിൻ വളരെ പ്രധാനമായി പൊതുജനാരോഗ്യ പ്രവർത്തകർ കാണുന്നത്? ലോകാരോഗ്യ സംഘടന 2020 ആകുമ്പോഴേക്കും ലോകത്തിെൻറ ആറിൽ അഞ്ചു ഭാഗങ്ങളിൽനിന്നും മീസിൽസ് അഥവാ അഞ്ചാംപനി തുടച്ചുമാറ്റണമെന്നു വിചാരിക്കുന്നു. മീസിൽസ് രോഗത്തിന് പ്രത്യേക പരിഗണന കൊടുക്കാൻ കാരണങ്ങൾ അനേകമാണ്. ഒന്ന്, ഈ രോഗം വളരെ പെട്ടെന്ന് പകരുന്നതായതിനാൽ സമൂഹത്തെ വേഗത്തിൽ ബാധിക്കാനിടയുണ്ട്. രണ്ട്, രോഗം ബാധിച്ചയാളിൽനിന്ന് വാക്സിൻ ഇനിയും എടുക്കാൻപറ്റാത്ത കുഞ്ഞുങ്ങളിലേക്ക് പകരാനുള്ള സാധ്യത വലുതാണ്. മൂന്ന്, കുട്ടികളിൽ രോഗം നിസ്സാരമാവണമെന്നില്ല, 2016ൽ മാത്രം ഏകദേശം 90,000 കുട്ടികൾ മരിച്ചു. വാക്സിൻകൊണ്ടു തടയാവുന്ന മരണങ്ങളായിരുന്നു ഇവ. നാല്, ഗർഭിണികളെ രോഗം ബാധിച്ചാൽ ശിശുവിന് ജനിതകവൈകല്യം ബാധിക്കാനുള്ള സാധ്യത വലുതാണ്. അഞ്ച്, ഒരു സമൂഹത്തിലെ വാക്സിൻ വ്യാപനത്തിെൻറ സൂചകമാണ് മീസിൽസ്. വാക്സിൻ വ്യാപനം കുറഞ്ഞുവരുമ്പോൾ ആദ്യം പൊട്ടിവരുന്ന പകർച്ചവ്യാധി മീസിൽസ് ആണ്. ആറ്, വാക്സിൻ ലഭ്യത, സ്വീകാര്യത എന്നിവ സമൂഹത്തിെൻറ ആരോഗ്യ പരിരക്ഷ, ദാരിദ്ര്യത്തിൽനിന്നുള്ള സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ വികസനവുമായി പരോക്ഷബന്ധം വാക്സിനുകൾക്കുണ്ട്. വാക്സിൻ സ്വീകരിക്കാത്തത് സങ്കീർണങ്ങളായ നിരവധി കാരണങ്ങൾ കൊണ്ടാണ്; ചിലത് നേരത്തേ പ്രസ്താവിച്ചിട്ടുമുണ്ട്. ഇതിൽ പലതും സാമൂഹിക മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ വികസന പ്രത്യയശാസ്ത്രം എന്ന ബോധത്തെത്തന്നെ സ്വാധീനിക്കുന്നു.
വാക്സിൻ സ്വീകരിക്കുന്നത് ഏതെങ്കിലും പ്രവചനത്തിനു വഴങ്ങുമോ എന്നന്വേഷിക്കുന്ന പഠനമാണ്, അമേരിക്കൻ ജേണൽ ഓഫ് പ്രിവൻറിവ് മെഡിസിനിൽ (2015) ശ്രീവാസ്തവ, ഗില്ലസ്പി മുതൽ പേര് എഴുതിയ പ്രബന്ധം. ജാതി, മത, ഉപജാതി, പിന്നാക്കാവസ്ഥ എന്നിവ വാക്സിൻ സ്വീകാര്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്. മറ്റു ഘടകങ്ങൾ നിസ്സാരമല്ല. ജനനസമയത്തു നൽകുന്ന ബി.സി.ജി വാക്സിൻ 85 ശതമാനത്തിലധികം കുട്ടികൾക്ക് ലഭിച്ചുവെന്നത് ഗർഭകാല പരിരക്ഷ ഏതെങ്കിലും ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടതിനാലാണ്. തുടർന്നുള്ള വാക്സിൻ സ്വീകരണം ക്രമമായി കുറയുന്നുമുണ്ട്. പോളിയോ, ട്രിപ്ൾ ആൻറിജൻ എന്നിവയിലാണ് കുറവുണ്ടാകുന്നത്. അതിനുശേഷംവരുന്ന മീസിൽസ് വാക്സിനേഷനിൽ വൻ കുറവ് കാണപ്പെടുന്നു. ഇതിനു അവർ പറയുന്ന കാരണങ്ങൾ ഇവയാണ്. ഒന്ന്, വാക്സിൻ സേവനങ്ങൾ പ്രാപിക്കാൻ വർധിച്ചുവരുന്ന പ്രയാസം. രണ്ട്, വാക്സിനുകളുടെ ആവശ്യത്തെക്കുറിച്ചുള്ള ധാരണക്കുറവ്. മൂന്ന്, ആന്തരിക പ്രചോദനത്തിെൻറ അഭാവം. നാല്, സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ, വിവേചനങ്ങൾ, സാമൂഹിക സമ്മർദം എന്നിവ. ഈ പഠനത്തിലെ മറ്റു കാര്യങ്ങളും ശ്രദ്ധയാകർഷിക്കുന്നു. ദാരിദ്ര്യം, സ്ത്രീ വിദ്യാഭ്യാസം, ജീവിതപരിസരം എന്നിവ ആരോഗ്യരംഗത്തെ അസമത്വം സൃഷ്ടിക്കുകവഴി വാക്സിനേഷൻ സ്വീകാര്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്. അതുപോലെ മുസ്ലിം, ദലിത്, ആദിവാസി കുടുംബങ്ങളിൽ വാക്സിൻ സ്വീകാര്യത അപൂർണമായിരിക്കുമ്പോൾ, സിഖ്, ജൈന, പാർസി വിഭാഗങ്ങളിൽ വാക്സിനേഷൻ തോത് ഇതര വിഭാഗങ്ങളിൽനിന്ന് മെച്ചമായിരുന്നു.
കേരളത്തിലെ വാക്സിൻ സ്വീകരണം, പൂർണവാക്സിനേഷൻ ഉറപ്പാക്കാനുള്ള സന്നദ്ധത എന്നിവ മറ്റു പഠനങ്ങളുടെ വെളിച്ചത്തിൽ പുനരവലോകനം ചെയ്യേണ്ടതുണ്ട്. ഇപ്പോഴത്തെ വാക്സിൻ പ്രോഗ്രാമിൽനിന്ന് ലഭിക്കുന്ന വിശാലമായ അനുഭവവും ഡാറ്റയും തുടർപഠനങ്ങൾക്കായി തീർച്ചയായും ഉപയോഗിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.