ഇനിയും വ്യക്തതയില്ലാതെ ദേശീയ മെഡിക്കൽ കമീഷൻ
text_fieldsദേശീയ മെഡിക്കൽ കമീഷൻ ബിൽ (2016) യാഥാർഥ്യമാകുമെന്നുറപ്പായി. കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയതോടെ ബിൽ പാർലമെൻറിൽ എത്താനുള്ള വഴിതുറന്നിരിക്കുന്നു. ഇനി അറിയാനുള്ളത് സഭയുടെ മിച്ചം കാലാവധിക്കുള്ളിൽ ബിൽ പാസാക്കിയെടുക്കാൻ സർക്കാറിന് താൽപര്യം ഉണ്ടാകുമോ എന്നുമാത്രം. നിലവിലെ ദേശീയ മെഡിക്കൽ കൗൺസിൽ വേണ്ടെന്നുവെച്ചു പുതിയ മെഡിക്കൽ കമീഷൻ സൃഷ്ടിക്കുന്നത് ദൂരവ്യാപകഫലങ്ങൾ ഉളവാക്കും എന്നതിനാൽ സജീവ ചർച്ച നടക്കേണ്ടതുണ്ട്. സാധാരണക്കാർക്ക് നീതിപൂർവമായ ചികിത്സ ലഭ്യമാക്കുക, അതിനു വേണ്ട വിദ്യാഭ്യാസ കേന്ദ്രങ്ങളും തുടർവിദ്യാഭ്യാസ സംവിധാനങ്ങളും സ്ഥാപിക്കുക, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സുതാര്യതയും ഗുണമേന്മയും ഉറപ്പാക്കുക, സ്വകാര്യമേഖലക്കുമേൽ ഫലപ്രദമായ സാമൂഹികനിയന്ത്രണം ഏർപ്പെടുത്തുക, ഗവേഷണം, രോഗപ്രതിരോധം എന്നിവയിലൂന്നിയ പദ്ധതികൾ ഫലവത്താക്കുക, മെഡിക്കൽ-ഇതര പ്രഫഷനലുകളുമായുള്ള ബന്ധത്തിന് വ്യക്തതയുണ്ടാകുക എന്നിവ അടിസ്ഥാനചർച്ചകളിൽ ഇടംപിടിക്കേണ്ടവയാണ്. എന്നാൽ, ചില സംഘടനകൾ ഉയർത്തുന്ന പ്രതിഷേധ ശബ്ദങ്ങളല്ലാതെ കൃത്യമായ ഇടപെടലുകളോ സംവാദങ്ങളോ നടക്കുന്നില്ല. ഇതൊരു പോരായ്മതന്നെയാണ്.
ജനപക്ഷ ഇടപെടലുകൾ
നമ്മുടെ നാട്ടിൽ പൊതുജനാരോഗ്യ സേവനങ്ങളും മെഡിക്കൽ ചികിത്സയും ഒന്നിച്ചാണ് നടപ്പാക്കിയിരിക്കുന്നത്. മെഡിക്കൽ സാങ്കേതികവിദ്യ അതിവേഗം വികസിക്കുകയും സങ്കീർണമാകുകയും ചെയ്യുന്ന ഇക്കാലത്ത് ജനപക്ഷത്തുനിന്നുള്ള ഇടപെടലുകൾ ദുർബലപ്പെട്ടാൽ ചികിത്സാ ചെലവിൽ വൻ വർധനയുണ്ടാകും; ആൻജിയോപ്ലാസ്റ്റി, തിമിര ശസ്ത്രക്രിയ, സിസേറിയൻ എന്നിവയുടെ വിലനിലവാരം പരിശോധിച്ചാൽ ഇതു വ്യക്തമാകും. സാധാരണക്കാരനു താങ്ങാവുന്നതിലുമപ്പുറത്തേക്കു ചികിത്സച്ചെലവ് വർധിക്കുമ്പോൾ സ്റ്റേറ്റ് നോക്കിനിൽക്കാൻ പാടില്ല. ജീവിതശൈലീരോഗങ്ങൾ എന്നറിയപ്പെടുന്ന ചില രോഗങ്ങളിലെങ്കിലും സ്റ്റേറ്റിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനുമാവില്ല.
തീവണ്ടിയപകടം, കൂപ്പുകുത്തുന്ന കെട്ടിടങ്ങൾ, പുറ്റിങ്ങലിൽ നടന്നതുപോലുള്ള അപകടങ്ങൾ, പശ്ചാത്തല അണുവികിരണം, കാലാവസ്ഥ വ്യതിയാനം, പകർച്ചവ്യാധികൾ എന്നിങ്ങനെ അനേകം പ്രശ്നങ്ങളിൽനിന്നുളവാകുന്ന രോഗങ്ങളിൽ വ്യക്തികൾക്കോ കുടുംബങ്ങൾക്കോ എന്തുചെയ്യാനാകും? ഇവിടെ ജനപക്ഷ നിലപാടുകൾ കൈക്കൊള്ളുന്ന സർക്കാറിനുമാത്രമേ ഫലപ്രദമായി എന്തെങ്കിലും ചെയ്യാനാകൂ. സമൂഹത്തിെൻറ രോഗാതുരത ഭേദമാക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന് സ്റ്റ് പിന്മാറുന്നത് വികസനത്തെ ബാധിക്കും എന്നതിലും സംശയം വേണ്ട. നിലവിലുള്ള മെഡിക്കൽ കൗൺസിൽ പിരിച്ചുവിട്ട് ദേശീയ മെഡിക്കൽ കമീഷൻ സ്ഥാപിക്കാനുള്ള സർക്കാർ നീക്കം ഈ പശ്ചാത്തലത്തിലൂടെയും കാണേണ്ടിയിരിക്കുന്നു.
മെഡിക്കൽ കൗൺസിലിെൻറ കെടുകാര്യസ്ഥതയും അഴിമതിയും വാർത്തകളായിട്ട് വർഷങ്ങളായി. പരാതികളും കോടതിവിധികളും ഒക്കെ ഉണ്ടായപ്പോഴും കൗൺസിൽ മെച്ചപ്പെട്ടില്ല. സ്വയം തിരുത്തൽ നടപ്പാക്കാൻ അവസരങ്ങളും ലഭിച്ചതാണ്. അങ്ങനെയാണ് രാംഗോപാൽ യാദവ് ചെയർപേഴ്സണായ പാർലമെൻറിെൻറ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി മെഡിക്കൽ കൗൺസിൽ പ്രശ്നം പഠിച്ചു 2016 മാർച്ചിൽ റിപ്പോർട്ട് സമർപ്പിച്ചത്. കമ്മിറ്റിയുടെ നിർദേശങ്ങളിൽ പ്രധാനപ്പെട്ടത് ഇവയാണ്:
1. അഴിമതി- കേന്ദ്രസർക്കാർ നൽകുന്ന പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് മെഡിക്കൽ കൗൺസിൽ. അതിൽ അഴിമതിയുണ്ടായാൽ സർക്കാറിന് ഇടപെടാൻ പാകത്തിന് നിയമഭേദഗതി വേണം. മാത്രമല്ല, കൗൺസിലിെൻറ അധികാരങ്ങൾക്ക് ചേരുംവിധം ഉത്തരവാദിത്തം കൂടി ഏറ്റെടുക്കാൻ നിയമം മൂലം നിർബന്ധിക്കണം.
2. ഘടന- ഇപ്പോൾ കൗൺസിൽ പ്രാതിനിധ്യം തെരഞ്ഞെടുപ്പ് വഴിയാണ്. സ്വകാര്യ ഡോക്ടർമാർ മേൽക്കോയ്‌മ ഉണ്ടാകും വിധമാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. പതിറ്റാണ്ടുകളോളം കൗൺസിൽ അംഗത്വം നിലനിർത്തുന്ന പലരുമുണ്ട്. കെടുകാര്യസ്ഥതയും അഴിമതിയും തെരഞ്ഞെടുപ്പുരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പാർലമെൻററി കമ്മിറ്റി കരുതുന്നു. കൗൺസിലിെൻറ തിരഞ്ഞെടുപ്പ് മാറ്റി അംഗത്വം രണ്ടു ടേം ആയി പരിമിതപ്പെടുത്തിയ നോമിനേറ്റഡ് അംഗങ്ങളുടെ സഭയാക്കി മാറ്റേണ്ടതുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വിദഗ്‌ധർ കൂടാതെ ആരോഗ്യരംഗത്തെ ആക്ടിവിസ്റ്റുകൾ, പൊതുജനാരോഗ്യ വിദഗ്‌ധർ, സാമൂഹികശാസ്ത്രജ്ഞർ തുടങ്ങിയവർ കൂടി കൗൺസിലിൽ വേണം.
3. കോളജുകൾ സ്ഥാപിക്കൽ- കൗൺസിലിെൻറ ഇന്നത്തെ താൽപര്യം കോളജു സ്ഥാപിക്കുക എന്നതുമാത്രമായി ചുരുങ്ങിയിരിക്കുന്നു. കോളജിെൻറ ഗുണനിലവാരത്തെപ്പറ്റി കൗൺസിലിനു ചിന്തയില്ല; അവിടത്തെ കെട്ടിടങ്ങൾ, ജംഗമവസ്തുക്കൾ, അധ്യാപകരുടെ എണ്ണം എന്നിവയിൽമാത്രം ഊന്നിയാണ് പരിശോധനകൾ നടക്കുന്നത്. പുതുതായി ആരംഭിക്കുന്ന കോളജിന് അമിതവിസ്തീർണത്തിൽ ഭൂമി വേണമെന്നു നിർബന്ധിക്കുന്നതുകൊണ്ട് വിദ്യാഭ്യാസത്തിൽ പരിചയമുള്ള പലർക്കും കോളജ് തുടങ്ങാൻ സാമ്പത്തികബാധ്യത അനുവദിക്കുന്നില്ല.
4. മറ്റു ഘടകങ്ങൾ - ഡോക്ടർമാർ അംഗങ്ങളായുള്ള സഭതന്നെ സമ്മതപത്രം നൽകുകയും കോഴ്സ് അക്രഡിറ്റ് ചെയ്യുകയും ചെയ്യുന്നത് സ്ഥാപിതതാൽപര്യങ്ങൾ വിളിച്ചുവരുത്തുന്നു. അതിനാൽ അക്രഡിറ്റേഷനു മറ്റൊരു കൗൺസിൽ ആണ് അഭികാമ്യം. കോളജ് സ്ഥാപിക്കലിൽ മുഴുകിയ കൗൺസിലിന് പെരുമാറ്റ ദൂഷ്യം, അഴിമതി, ധർമനിഷ്ഠ വ്യതിയാനം എന്നിവയിൽപെട്ട ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാൻ സാധിക്കുന്നില്ല. മെഡിക്കൽ രജിസ്റ്റർ പോലും കാലോചിതമായി പുതുക്കാനോ ആരോഗ്യാസൂത്രണത്തിന് സഹായിക്കും വിധം വിവരങ്ങൾ ശേഖരിക്കാനോ കൗൺസിലിന് കഴിഞ്ഞിട്ടില്ല.
തെരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് അംഗങ്ങളുടെ സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഉന്നതാധികാര മെഡിക്കൽ കൗൺസിലിൽ തിരഞ്ഞെടുപ്പ് പാടില്ലെന്നു റിപ്പോർട്ടെഴുതിയത്. കമ്മിറ്റിയുമായി ചർച്ച നടത്തിയ മെഡിക്കൽ കൗൺസിലിനോ ഡോക്ടർമാരുടെ സംഘടനകൾക്കോ തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ കാര്യക്ഷമത ഉറപ്പുകൊടുക്കാൻ കഴിഞ്ഞില്ലെന്നു വേണം കരുതാൻ. മൂക്കറ്റം അഴിമതിയിലും അധികാരധാർഷ്ട്യത്തിലും ആഴ്ന്നുകിടക്കുന്ന മെഡിക്കൽ കൗൺസിലിന് സ്വയം അഴിച്ചുപണിനടത്താനുള്ള ആർജവം ഉണ്ടെന്നും ഒരു പക്ഷേ, കമ്മിറ്റിക്കു ബോധ്യപ്പെട്ടുകാണില്ല.
ആശങ്കകൾ
സാധാരണക്കാർക്ക് ആശങ്കയുളവാക്കുന്ന ചില പ്രശ്നങ്ങൾ ബില്ലിൽ ഉണ്ടെന്ന കാര്യവും വ്യക്തമാണ്.
1. സ്വകാര്യ മെഡിക്കൽ കോളജുകളിൽ 40 ശതമാനം സീറ്റ് സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവേശനം നടത്തണം എന്നതാണ് അതിലൊന്ന്. സൂചന വ്യക്തമാണ്- ഭൂരിപക്ഷം സീറ്റുകളിൽ സ്വകാര്യ മാനേജ്മെൻറിനു സ്വന്തം ഇഷ്ടപ്രകാരം ഫീസ് ഈടാക്കാം. 60 ശതമാനം സീറ്റിൽ ഒരു നിയന്ത്രണവും കമീഷന് ഉണ്ടാവാനിടയില്ല. മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ കലുഷമാക്കാൻ ഇടയുള്ള പരിഷ്കരണമായി ഇതു മാറാൻ സാധ്യതയുണ്ട്.
2. ഒരിക്കൽ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ സീറ്റുകൂട്ടുന്നതിനോ പി.ജി കോഴ്സ് തുടങ്ങുന്നതിനോ വീണ്ടും കമീഷൻ അനുമതി ആവശ്യമില്ല. യൂനിവേഴ്സിറ്റി അഫിലിയേഷൻമാത്രം മതിയാകും. അഴിമതി യൂനിവേഴ്സിറ്റി തലത്തിലേക്ക് മാറുകയോ കൽപിത സർവകലാശാലകൾ തുറക്കാനുള്ള ഡിമാൻഡ് വർധിക്കുകയോ ചെയ്യാം. എന്തായാലും മെഡിക്കൽ വിദ്യാഭ്യാസരംഗം അടുത്ത ദശകത്തിൽ അതിവേഗം വാണിജ്യവത്കരിക്കപ്പെടും. മെഡിക്കൽ ഫീസ് വർധിക്കുന്ന മുറക്ക് സ്വകാര്യമേഖലയിൽ ചികിത്സച്ചെലവും വർധിക്കും എന്നുറപ്പാണ്. ഇപ്പോൾത്തന്നെ സ്വകാര്യ ആശുപത്രികളിലെ ബില്ലിങ് പലേടത്തും സംഘർഷമുണ്ടാക്കുന്നുണ്ട്. മെഡിക്കൽ ബില്ലിങ്, ഇൻഷുറൻസ്, ആശുപത്രി മാനേജ്മെൻറ് എന്നിവർ ഒന്നിച്ചാൽ സ്വകാര്യമേഖല പ്രാപ്യമല്ലാതാകും.
3. എല്ലാ വിദ്യാർഥികളും കുറഞ്ഞത് രണ്ടു പരീക്ഷകൾ എഴുതേണ്ടതായുണ്ട്: പ്രവേശന പരീക്ഷയും (NEET) നിർഗമന പരീക്ഷയും (Exit). വിദ്യാർഥികൾക്ക് പൊതു നിലവാരം ഉറപ്പാക്കാനും പ്രാക്ടീസിനുള്ള ലൈസൻസ് നൽകാനുമാണ് പരീക്ഷകൾ. വിവിധോത്തരി (MCQ) പരീക്ഷകൾ നാനൂറിലധികം കോളജുകളിൽ നടത്താനുള്ള പ്രയാസമോ, ചോദ്യങ്ങൾ നിർമിക്കുന്നതിന് വൈഷമ്യമോ പരിഗണിച്ചിരിക്കാൻ ഇടയില്ലെന്നു കരുതേണ്ടിയിരിക്കുന്നു.
4. മെഡിക്കൽ കൗൺസിലിനെ പുറത്താക്കുന്നത് ആവശ്യമെന്ന് സങ്കൽപിച്ചാൽപോലും അതിനുപകരം കാര്യമായ മാനേജ്മെൻറ് ഉപാധികളൊന്നുമില്ലാത്ത മറ്റൊരു സ്ഥാപനം എത്ര ഫലവത്താകും എന്നറിയില്ല. ഇപ്പോഴത്തെ ബിൽ 1956ലെ മെഡിക്കൽ കൗൺസിൽ ബിൽ വ്യാപരിച്ചിരുന്ന ഇടം തന്നെയാണ് കുടിയേറിയിട്ടുള്ളത്. ആദ്യമെഡിക്കൽ കൗൺസിൽ ബിൽ നിയമമാകുമ്പോൾ ഡോക്ടർമാർ ഒറ്റക്കോ കൂട്ടായോ പ്രാക്ടീസ് ചെയ്യുന്നവരായിരുന്നു. അല്ലെങ്കിൽ സർക്കാർ ആശുപത്രികളിൽ സേവനം ചെയ്യുന്നവർ. നഴ്സിങ്, ഫാർമസി, ലാബ് ടെക്നോളജി തുടങ്ങിയ മേഖലകൾ വികസിച്ചുവരുന്നതേയുള്ളൂ. ഈ വിഷയങ്ങളിൽ ഡിഗ്രിതല വിദ്യാഭ്യാസം അപൂർവവും പരിമിതവുമായിരുന്നു. അതിനാൽ മെഡിക്കൽ പ്രാക്ടിസ് എന്നാൽ, ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധമായാണ് അർഥമാക്കുന്നത്. ഇന്നങ്ങനെയല്ല. ഡോക്ടറെ കൂടാതെ മറ്റനേക തൊഴിൽമേഖലയിലുള്ളവർ വ്യത്യസ്തങ്ങളായ പെരുമാറ്റച്ചട്ടങ്ങൾക്ക് അനുസൃതമായി തൊഴിൽ ചെയ്യുന്നു. ഇതുകൂടി പരിഗണിച്ചു ഡോക്ടർ - രോഗി എന്ന അച്ചുതണ്ടുവിട്ടു അനേകപടലങ്ങളുള്ള പ്രവർത്തനകളരിയായി പരിഗണിക്കേണ്ടിയിരുന്നു.
5. സ്വകാര്യ മാനേജ്മെൻറ്, ഇൻഷുറൻസ് എന്നിവരും ഇക്കാലത്തു ഡോക്ടർ - രോഗി ബന്ധങ്ങളിലെ അദൃശ്യ സാന്നിധ്യമാണ്. ഇവർക്ക് എന്തളവുവരെ ഡോക്ടറെയോ രോഗിയെയോ സ്വാധീനിക്കാം എന്നതിലും വ്യക്തത വരുത്താൻ മെഡിക്കൽ കമീഷൻ ബിൽ ശ്രമിച്ചതായി കാണുന്നില്ല. ദേശീയ മെഡിക്കൽ കമീഷൻ വരുമെന്നുറപ്പായി; ചർച്ചകൾ അപര്യാപ്തമായി തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.