നിപയും സാമൂഹിക വൈറസുകളും
text_fieldsനിപ രോഗബാധ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. കോഴിക്കോട് മെല്ലെ സാധാരണഗതി പ്രാപിച്ചുവരുന്നു. രണ്ടു നൂറ്റാണ്ടിലധികമായി വന്യമായി നിലനിൽക്കുന്ന വൈറസ് പെട്ടെന്നാണ് 1998ൽ പ്രകൃതിയൊരുക്കിയ വേലികൾ തകർത്ത് മനുഷ്യരിൽ പടർന്നു പിടിച്ചത്. നാളിതുവരെ വൈറസിന് കാഠിന്യമോ തീക്ഷ്ണതയോ വർധിച്ച തെളിവുകൾ ലഭിച്ചിട്ടില്ല. അതായത്, മലേഷ്യയിൽ കണ്ട വൈറസിനും ബംഗ്ലാദേശ്, ബംഗാൾ, കേരളം എന്നിവിടങ്ങളിലെ വൈറസിനും മരണമുണ്ടാക്കാനുള്ള കഴിവ് സമമാണെന്ന് വിദഗ്ധർ കരുതുന്നു. കേരളത്തിൽ കണ്ടതിന് ജനിതകമായി ബംഗ്ലാദേശ്, ബംഗാൾ പ്രദേശങ്ങളിൽ കണ്ട വൈറസുമായാണ് അടുത്തബന്ധം.
മലേഷ്യയിലും ബംഗാളിലും വവ്വാലിൽനിന്ന് മനുഷ്യരിലെത്തിയ വഴി നേരത്തേതന്നെ നിർണയിക്കാൻ സാധിച്ചു. അതിനാൽ, തുടർനടപടികൾ സ്വീകരിക്കുന്നത് എളുപ്പമായി. ബംഗാളിൽ 2001, 2007 വർഷങ്ങളിലാണ് നിപ അണുബാധ രേഖപ്പെടുത്തിയത്. രണ്ടവസരങ്ങളിലും വവ്വാൽസ്രവം കൊണ്ട് മലീമസമാക്കപ്പെട്ട പഴച്ചാറുകളായിരുന്നു വൈറസിെൻറ ഉത്ഭവകേന്ദ്രം. കേരളത്തിലെ അണുബാധയുടെ പ്രഭവകേന്ദ്രം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതറിയുന്നത് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാൻ സഹായിക്കും. മലേഷ്യയിൽ രോഗം പൊട്ടിപ്പടർന്നത് അനിയന്ത്രിതമായ വികസനവും നഗരവത്കരണവും മൂലമായിരുന്നു. ഇത് ഏതുരാജ്യത്തിനും ബാധകമാണെന്ന് കരുതണം. തൊണ്ണൂറുകളിൽ നടന്ന വ്യാപക വനനശീകരണവും വൻകിട പന്നിഫാമുകളും നിപ വൈറസ് മനുഷ്യരിലെത്താൻ കാരണമായി. സഞ്ജന സിങ് എന്ന ഗവേഷക പാരിസ്ഥിതിക മാറ്റങ്ങളും നിപ വൈറസ് യാത്രാവഴികളും തമ്മിലുള്ള ബന്ധം പഠിക്കുകയാണ്. മറ്റു ഏജൻസികളും ഈ മേഖലയിൽ ഗവേഷണം ചെയ്യുന്നു. ഇക്കോ ഹെൽത്ത് അലയൻസ് നിപ വൈറസിെൻറ യാത്രാസാധ്യത പഠിച്ച് ഇന്ത്യയിൽനിന്നു പോയാൽ എന്താവും അതിെൻറ പര്യടനവഴികൾ എന്ന് പ്രോജക്ട് ചെയ്തുകഴിഞ്ഞു. അവരുടെ അഭിപ്രായത്തിൽ, വൈറസ് പുറംരാജ്യങ്ങളിലേക്ക് പോയാൽ ആദ്യമെത്തുന്നത് ദുൈബയിലാവും; അമേരിക്കയിൽ എത്തുന്നത് ജോൺ എഫ്. കെന്നഡി വിമാനത്താവളം വഴിയും.
നിപ വൈറസ് മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരുന്നതിൽ വർധിച്ച കെൽപു നേടിക്കഴിഞ്ഞതായി അലയൻസ് പഠനങ്ങൾ സൂചിപ്പിക്കുന്നു. വൈറസിനെ നശിപ്പിക്കാൻ ഫലപ്രദമായ മാർഗങ്ങളുടെ അഭാവത്തിൽ മുൻകരുതലുകളാണ് നിപ വ്യാപനത്തെ ചെറുക്കുന്നത്. പകർച്ചവ്യാധി തയാറെടുപ്പു നിയന്ത്രണ സംഘടനകളുടെ കൂട്ടായ്മ ഇതിനകം പ്രൊഫെക്ടസ് ബയോസയൻസസ്, എമർജൻറ് ബയോ സൊലൂഷൻസ് എന്നീ ഗവേഷണ സ്ഥാപനങ്ങൾക്ക് 2.5 കോടി ഡോളർ വാക്സിൻ ഉൽപാദിപ്പിക്കാനായി വാഗ്ദാനം ചെയ്തുകഴിഞ്ഞു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ നിപ വാക്സിൻ മാർക്കറ്റിലെത്തും എന്നുകരുതാം. ഏഷ്യയിൽ പരിമിതമായി ഇടക്കിടെ കാണപ്പെടുന്ന അണുബാധയാണെങ്കിലും ലോകശ്രദ്ധ ഇതിനകം നേടിക്കഴിഞ്ഞിരിക്കുന്നു എന്നതിെൻറ സൂചനയാണിത്. ലോകാരോഗ്യ സംഘടന നിപ ഗവേഷണം അടിയന്തരശ്രദ്ധ പതിയേണ്ട വിഷയമായി വർഗീകരിച്ചിട്ടുണ്ട്.
ഇന്നത്തെ ധാരണകൾ വെച്ചുനോക്കിയാൽ ഭാവിയിലും നിപ അണുബാധ പരിമിതപ്പെടുത്താനാകും. കേരളത്തിൽ വവ്വാലിൽനിന്ന് മനുഷ്യനിലേക്ക് പകർന്നത് ആദ്യത്തെ ഏതാനും പേരിൽ മാത്രം. രോഗികളിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം വ്യാപിച്ചത്. സമൂഹത്തിെൻറ ഉത്തരവാദിത്തം പരീക്ഷിക്കപ്പെടുന്ന അവസ്ഥയാണിത്. ആരോഗ്യകരമായ സാമൂഹിക നിലപാടുകളുണ്ടെങ്കിൽ മാത്രമേ ഒരു രോഗിയിൽനിന്ന് അപരരിലേക്കു വ്യാപിക്കുന്നത് തടയാനാകൂ. ആരോഗ്യകേന്ദ്രങ്ങളിൽ ആൾക്കൂട്ട നിയന്ത്രണം, ആശുപത്രിക്കിടക്കകൾ തമ്മിൽ ആവശ്യം വേണ്ട അകലം, രോഗാണുക്കളെ തടഞ്ഞുനിർത്തി ആശുപത്രി കേന്ദ്രീകൃത പ്രതിരോധ രീതികൾ എന്നിവയിൽ ശ്രദ്ധിക്കേണ്ട തത്ത്വങ്ങൾ നാം നേരനുഭവത്തിൽ കണ്ടതാണ്. ഇനി ആശുപത്രി കേന്ദ്രീകൃത അണുവ്യാപനം തടയാനുള്ള മാർഗങ്ങൾ സ്ഥിരംസംവിധാനമാക്കാനുള്ള നടപടികൾ ഘട്ടംഘട്ടമായി മുേന്നാട്ടുകൊണ്ടുപോകുകയേ വേണ്ടൂ. അതിനുള്ള പദ്ധതികളാണ് അടിയന്തരമായി ചെയ്യാനുള്ളത്. നിപ ഒറ്റപ്പെട്ട വൈറസാണെന്നു കരുതാനാവില്ല; അതിനു ജനിതകമാറ്റം സംഭവിക്കാം. മറ്റു വൈറസുകൾ തക്കം പാർത്തിരിപ്പുണ്ടാവാം. കാലാവസ്ഥവ്യതിയാനം, ആഗോളതാപനം, പരിസ്ഥിതിമാറ്റങ്ങൾ, നഗരവത്കരണം, യാത്ര എന്നിവയിൽ സർക്കാറിനും സമൂഹത്തിനും ഫലപ്രദമായി ഇടപെടുന്നതിന് ഇടം കുറവാണ് എന്നതിനാൽ ആരോഗ്യകേന്ദ്രങ്ങൾ സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം സർക്കാറിനും സമൂഹത്തിനും തീർച്ചയായുമുണ്ട്.
സമൂഹം രോഗത്തോട് പ്രതികരിച്ചത് ആരോഗ്യകരമായല്ല. വളരെ പെട്ടെന്ന് രോഗികളെ പരിചരിച്ചവരെയും ആരോഗ്യപ്രവർത്തകരെയും അവർ ഒറ്റപ്പെടുത്തി. രോഗിയിൽനിന്ന് രോഗിയിലേക്കു വ്യാപനം തടയാൻ ശക്തമായ ഇടപെടൽ നടന്നുകൊണ്ടിരിക്കുമ്പോഴും രോഗികളല്ലാത്ത അനേകം പേരെ ഒറ്റപ്പെടുത്തുന്നത് സാമൂഹികരീതിയായി. വിവാഹം, മരണം, മറ്റു സാമൂഹിക ഒത്തുചേരൽ എന്നിവയെല്ലാം ഫലത്തിൽ ചുരുങ്ങുകയും ഭയത്തിെൻറ നിഴലിലാകുകയും ചെയ്തു. എന്തുകൊണ്ടാണിങ്ങനെ? രോഗം പകരുമെന്നറിഞ്ഞിട്ടും രോഗികളോട് അടുത്തിടപഴകുന്നത് ശരിയല്ല. അത് ശാസ്ത്രബോധമില്ലായ്മയാണ്. അതിരുകടന്ന അന്ധവിശ്വാസമാണ് രോഗികളല്ലാത്തവരെ ഒറ്റപ്പെടുത്തുന്നത്. രോഗാണുവിനെ ഭയപ്പെടണം; രോഗവ്യാപനത്തെ ഭയപ്പെടണം. രോഗാണു അദൃശ്യമാണെന്നതിനാൽ കാണുന്നതെന്തിനെയും ഒറ്റപ്പെടുത്തുന്നത് അന്ധവിശ്വാസമല്ലാതെ മറ്റെന്താണ്? നിപ വൈറസിനോളം ശക്തമായ വിശ്വാസവൈറസാണിത്. ഇത് നിയന്ത്രിക്കേണ്ടിയിരിക്കുന്നു.
നമുക്ക് തോപ്പിൽ ഭാസിയെ ഒരുനിമിഷം ഓർക്കാം. പണ്ടുകാലത്തു കുഷ്ഠരോഗികളെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തിയിരുന്നു. ഒരാൾക്ക് കുഷ്ഠരോഗം ബാധിച്ചാൽ അതയാളെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തും. പിന്നീട് സംഭവിക്കുന്നത് തികച്ചും ദാരുണമാണ്. അയാളെ വീട്ടിൽനിന്നും സമൂഹത്തിൽനിന്നും പുറത്താക്കുകയും ജീവിതകാലം മുഴുവൻ സാനറ്റോറിയത്തിൽ കഴിയേണ്ടിവരുകയും ചെയ്യും. രോഗം ചികിത്സിച്ചു ഭേദമായാലും വ്യക്തിയുടെ അവസ്ഥക്കു മാറ്റമില്ല. ജയിൽവാസികൾക്ക് അവകാശപ്പെട്ട പരോൾപോലും ഇവർക്ക് ലഭ്യമല്ല. കുഷ്ഠരോഗികൾ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാൻ പാടില്ല; അങ്ങനെവന്നാൽ അവരെ അറസ്റ്റുചെയ്തു സാനറ്റോറിയത്തിലടക്കാൻ നിയമനിർമാണത്തിനുവരെ സമ്മർദമുണ്ടായി. അന്നത്തെ ആരോഗ്യമന്ത്രി എ.ആർ. മേനോൻ ഇതിനുവേണ്ട ബിൽ നിയമസഭയിൽ അവതരിപ്പിക്കുകപോലും ചെയ്തു. അന്ന് സഭാംഗമായിരുന്ന തോപ്പിൽ ഭാസി ബില്ലിനെ ശക്തമായി എതിർത്ത് ‘രോഗം ഒരു കുറ്റമാണോ മന്ത്രി?’ എന്ന് ചോദിച്ചതായി ചരിത്രമുണ്ട്. തോപ്പിൽ ഭാസിയുടെ ‘അശ്വമേധം’ കേരളത്തിൽ നിലനിന്ന ഒറ്റപ്പെടുത്തലിനെയും പാർശ്വവത്കരണത്തെയും പ്രതിപാദിക്കുന്ന ശക്തമായ നാടകമാണ്.
കുഷ്ഠരോഗത്തോട് നാം പ്രതികരിച്ച രീതി മാറിയിരിക്കുന്നു. നിപ രോഗത്തോട് പണ്ട് കുഷ്ഠരോഗിയോട് എന്നതു പോലുള്ള പ്രതികരണമാണ് നമ്മുടേത്. കഴിഞ്ഞ 70 വർഷങ്ങൾക്ക് അതിൽ മാറ്റംവരുത്താനായില്ല. നിപയെക്കാൾ ശക്തമായ വൈറസ് ഇതാണ്. ഇത്തരം പിന്തിരിപ്പൻ സാമൂഹിക മനസ്ഥിതി മറ്റു പ്രതിലോമ ശക്തികൾക്ക് വളമാകുന്നു. പ്രതിരോധ മരുന്നുമായി വന്ന ഹോമിയോ പ്രചാരകർ, സന്യാസവേഷധാരികളായ ഒറ്റമൂലിക്കാർ, രോഗങ്ങളെക്കുറിച്ചു തികഞ്ഞ അജ്ഞതയുള്ള പ്രകൃതിജീവനക്കാർ എന്നിവർ ഉദാഹരണമാണ്. ഇവർ വ്യാജപ്രസ്താവങ്ങളുമായി അരങ്ങുകീഴടക്കാൻ ശ്രമിക്കുന്നത് സമൂഹമനസ്സ് സങ്കുചിതമായി നിലനിൽക്കുന്നതിനാൽ തന്നെ. ഒരു ഗ്രന്ഥത്തിലും വൈറസ് വിരുദ്ധ ഔഷധമായി രേഖപ്പെടുത്തിയിട്ടില്ലാത്ത പവിഴമല്ലി ഇല പെട്ടെന്ന് നമ്മുടെ മനസ്സു കീഴ്പ്പെടുത്തുന്നു. രോഗകാരണം അണുക്കളാണെന്ന് വിശ്വസിക്കാത്ത ഹോമിയോ പ്രചാരകർ പ്രതിരോധമരുന്നുമായി രംഗത്തെത്തുന്നു. ഹോമിയോ പദ്ധതിയിൽ രോഗാണുക്കളില്ല; ജീവശക്തിയാണ് ആരോഗ്യം നിലനിർത്തുന്നത്. വാക്സിനുകളെ അപ്പാടെ തള്ളിക്കളയുന്ന ജീവശക്തി പ്രയോക്താക്കൾ പൊടുന്നനെ അവതരിക്കുന്നു; ഇരുനൂറാവൃത്തി സാന്ദ്രത നേർപ്പിച്ച തുള്ളികളുമായി. ഇത് കഴിക്കയേ വേണ്ടൂ, നിപ ബാധിക്കില്ല. ഇരുനൂറാവൃത്തി പോകട്ടെ; അതിെൻറ നാലിലൊന്നു നേർപ്പിച്ചാൽ പോലും ലായനിയിൽ രാസവസ്തുവിെൻറ ഒറ്റ തന്മാത്രപോലും കാണില്ല എന്ന ലളിതമായ സത്യം നമ്മെ അലോസരപ്പെടുത്തുന്നില്ല. ചുരുക്കത്തിൽ, ഹോമിയോ പ്രതിരോധത്തിൽ ഔഷധത്തിെൻറ ഒരു കണികപോലുമില്ലാത്ത വെറും ജലം മാത്രമാണ്. ഇത് ഔഷധമായി പരസ്യപ്പെടുത്തുകയും നിർമാണത്തിന് ലൈസൻസ് നൽകുകയും ചെയ്യുന്നത് തികച്ചും ആരോഗ്യത്തോടെ ജീവിക്കാനുള്ള പൗരാവകാശത്തിനു ചേർന്നതല്ല.
വൈറസ് എന്നൊന്നില്ല എന്ന് കരുതുന്ന പ്രകൃതിജീവന പ്രചാരകർ ചെയ്യുന്നതും ഇതുപോലെ അപഹാസ്യമാണ്. ചികിത്സയെക്കാൾ പ്രതിരോധത്തിൽ അവർ ഊന്നൽ കൊടുക്കുന്നതിലും ഗൂഢതാൽപര്യങ്ങളുണ്ട്. ഒരു സമൂഹത്തിൽ പകർച്ചവ്യാധിയുണ്ടായാൽ അത് എല്ലാവരെയും ബാധിക്കാറില്ല. രോഗസാധ്യതയുള്ളവരിൽ ചിലരിൽ മാത്രമാണ് രോഗം പ്രത്യക്ഷപ്പെടുക. അതിനാലാണ് കഴിഞ്ഞ ആയിരം വർഷങ്ങളിൽ പലവട്ടം നാശംവിതച്ച വസൂരി, കോളറ, പ്ലേഗ് എന്നിവയിൽനിന്നൊക്കെ അതിജീവിക്കാൻ സമൂഹത്തിന് കഴിഞ്ഞത്. ഭൂരിപക്ഷം പേർ എന്തായാലും രോഗബാധിതരാകാറില്ല. കാട്ടുചേമ്പ് കഷായമോ പവിഴമല്ലിച്ചാറോ ഹോമിയോ തുള്ളികളോ കഴിച്ചവരിലും കഴിക്കാത്തവരിലും രോഗം വരാനുള്ള സാധ്യത വരാതിരിക്കാനുള്ള സാധ്യതയെക്കാൾ വളരെ കുറവാണ്. ഇതാണ് വ്യാജചികിത്സകർ സൃഷ്ടിക്കുന്ന സാമൂഹിക വൈറസ്. നിപയെക്കാൾ അപകടകാരിയായതിനാൽ കപടശാസ്ത്രത്തെ നിയന്ത്രിക്കേണ്ടത് സാമൂഹിക പുരോഗതിക്ക് അനിവാര്യമാണ്.
നിപ കാലഘട്ടത്തിലെ അബദ്ധവ്യാഖ്യാനങ്ങളും വ്യാജപ്രചാരണങ്ങളും വിശേഷപഠനം അർഹിക്കുന്നവയാണ്. സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച അബദ്ധങ്ങൾ മാത്രമെടുത്താൽ സമൂഹമനസ്സിനെ മനസ്സിലാക്കാനാകും. രോഗവ്യാപനം ഇരുപതിൽ താഴെയായി പരിമിതപ്പെടുത്തുകയും 2500 ലധികം പേരെ തുടർച്ചയായി നിരീക്ഷണം ചെയ്യുകയും അനേകം പ്രഫഷനൽ ഇടപെടലുകൾ നടക്കുകയും ചെയ്ത അവസരമായിരുന്നു അത്. സമൂഹ മാധ്യമങ്ങൾ വേണ്ടരീതിയിൽ ശ്രദ്ധിച്ചില്ല; മുഖ്യധാരാ മാധ്യമങ്ങളും പ്രത്യഭിജ്ഞാനപരമായ ഇടപെടലുകളിൽ പിന്നിലായിരുന്നു. വിദേശ മാധ്യമങ്ങൾ റിപ്പോർട്ടുകളിൽ മികച്ചുനിന്നു. നിപ രോഗബാധയോടൊപ്പം ഇത്തരം മറ്റു വൈറസുകളെ കാണാതെപോകരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.