ഊരാക്കുരുക്കാവുന്ന കപട സ്വാശ്രയത്വങ്ങള്
text_fieldsഇന്ത്യ അഭൂതപൂർവമായ സാമ്പത്തികക്കുഴപ്പത്തിെൻറ പിടിയില്‍പ്പെട്ട് ഉഴലുന്ന സമയത്താണ് ആഗോളതലത്തില്‍ രാഷ്ട്രങ്ങളെ ഫലത്തില്‍ നിശ്ചലമാക്കിയ കൊറോണ വൈറസിെൻറ ആക്രമണവും കോവിഡ്19-െൻറ ഏതാണ്ട് അനിയന്ത്രിതമെന്നു പറയാവുന്ന വ്യാപനവും സംഭവിക്കുന്നത്. ലോകമുതലാളിത്തം മറ്റൊരു സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുകയും ഇന്ത്യയിലെ സാമ്പത്തികനയങ്ങള്‍ ആ മാന്ദ്യത്തെ അധികരിപ്പിക്കുന്നവയാണെന്നു ലോകബാങ്ക് തന്നെ വ്യക്തമാക്കുകയും ചെയ്ത ആപത്കരമായ ഘട്ടമായിരുന്നു അത്. ഈ പംക്തിയില്‍ ഞാന്‍ മുന്‍പ് പലതവണ ചൂണ്ടിക്കാട്ടിയപോലെ നോട്ടുറദ്ദാക്കലില്‍ തുടങ്ങി ജി.എസ്.ടിയുടെയും മറ്റനേകം ചെറുതും വലുതുമായ സാമ്പത്തിക ഇടപെടലുകളുടെയും സഞ്ചിത പ്രത്യാഘാതം കൂടിയായിരുന്നു ഇന്ത്യയില്‍ രൂപപ്പെട്ട രൂക്ഷമായ സാമ്പത്തികപ്രതിസന്ധി. ഓരോ പാദത്തിലും സാമ്പത്തിക വളർച്ചയുടെ നിരക്ക് കുറഞ്ഞുവരുകയും ഉൽപാദനമേഖലയില് പരക്കെ മ്ലാനത പടരുകയും അതു നിക്ഷേപത്തെയും തൊഴില്‍ സാധ്യതകളെയും ബാധിക്കുകയും ചെയ്ത നിർണായകഘട്ടത്തിലാണ് കോവിഡ്-19 സംഭവിക്കുന്നത്. തകരുന്ന സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ഫലപ്രദമായ ഒരു നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്ന മുറവിളികള്‍ ഉയരുന്ന ആ സമയത്താണ് സാധാരണക്കാരെയും പാര്‍ശ്വവത്കരിക്കപ്പെട്ട അസംഘടിതമേഖലയിലെ തൊഴിലാളികളെയും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ പൂർണമായും അടച്ചുകളയുന്ന ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നത്.
അതിെൻറ അനിവാര്യതയെ ചോദ്യം ചെയ്യാന്‍ കഴിയില്ല. ആ ഘട്ടത്തില്‍ അന്താരാഷ്ട്രതലത്തില്‍ ഉണ്ടായ ചില നടപടികളുടെ ചുവടുപിടിച്ചായിരുന്നു ഇന്ത്യയിലും ഈ നീക്കം ഉണ്ടായത്.
എന്നാല്‍, ഇന്ത്യ അകപ്പെട്ടിരുന്ന സാമ്പത്തികപ്രതിസന്ധിയെ ഇതു കൂടുതല്‍ ഗുരുതരമാക്കും എന്ന സാമാന്യബോധം സര്‍ക്കാറിന് ഇല്ലാതെപോയി എന്ന വിമര്‍ശനത്തിനു സാംഗത്യം നല്‍കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങള്‍. തൊഴിലില്ലായ്മയും ഉൽപാദനമേഖലയിലെ പിന്നോട്ടടികളും കൊണ്ട് തകര്‍ന്നു തരിപ്പണമായ ഗ്രാമങ്ങളും ചെറുനഗരങ്ങളും ലോക്ഡൗണിെൻറ ആഘാതത്തില്‍ മരവിച്ചുപോവുകയായിരുന്നു. വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ പല വിധത്തില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാറില്‍നിന്ന് ഉണ്ടാകേണ്ട സാമ്പത്തികപിന്തുണ വേണ്ടത്ര ഉണ്ടായില്ലെന്ന് മാത്രമല്ല, അത്തരം ആവശ്യങ്ങളോട് അേങ്ങയറ്റം തണുത്ത മാനോഭാവമായിരുന്നു കേന്ദ്രത്തിന്. വിവിധതലങ്ങളില്‍നിന്നുള്ള സമ്മർദങ്ങള്‍ ശക്തമായപ്പോഴാണ് പരിമിതമായെങ്കിലും പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറായത്. എന്നാല്‍, അർധമനസ്സോടെയും കാര്യത്തിെൻറ ഗൗരവം പൂർണമായും ഉള്ക്കൊള്ളാതെയുമായിരുന്നു ആ പ്രതികരണം എന്ന വസ്തുതക്ക് അടിവരയിടുന്നതായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുെവച്ച നടപടികള്‍ പലതും.
രാജ്യത്തെ ആഭ്യന്തര ഉൽപാദനത്തിെൻറ പത്തുശതമാനമായ 20 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാല്‍, ഈ 20 ലക്ഷം കോടി പദ്ധതിയുടെ വിശദാംശങ്ങൾ അഞ്ച് ഘട്ടങ്ങളിലായി രാജ്യത്തെ അറിയിക്കുന്നതിെൻറ മുന്നോടിയായി വന്ന ധനകാര്യമന്ത്രിയുടെ വിശദീകരണങ്ങള്‍ ഇതിെൻറ സമ്പൂർണ പൊള്ളത്തരം വെളിവാക്കി. ആദ്യമായി ധനകാര്യമന്ത്രി പറഞ്ഞത് 18,000 കോടി രൂപയുടെ ടാക്സ് റീഫണ്ട് ത്വരിതപ്പെടുത്തും എന്നാണ്. അർഹമായ റീഫണ്ട് ദുരിതാശ്വാസമായി നൽകും എന്ന് അറിയിക്കുന്നതിലെ യുക്തിരാഹിത്യം പരക്കെ ചോദ്യംചെയ്യപ്പെട്ടു എങ്കിലും തുടർന്ന് മുന്നോട്ടുവെക്കപ്പെട്ട നിർദേശങ്ങൾ എല്ലാം ഇതേ യുക്തിരാഹിത്യത്തിെൻറ തുടർച്ചയായിരുന്നു എന്നു വേണം കരുതാൻ. കർഷകർക്കും ദേശാന്തര തൊഴിലാളികൾക്കും എന്ന് ഘോഷിക്കപ്പെട്ട ആദ്യ രണ്ടുദിവസത്തെ പദ്ധതികൾ കൂടുതലും വായ്പകൾ മാത്രമായിരുന്നെങ്കില്‍ മൂന്നാമത്തെയും നാലാമത്തെയും ഗഡുക്കളായി അവതരിപ്പിച്ച പദ്ധതികളിലെ ഭാവനാശൂന്യത ഹിന്ദുത്വ ട്രേഡ് യൂനിയനായ ബി.എം.എസിനുപോലും വിമര്‍ശിക്കേണ്ടി വന്നു. കൽക്കരി ഖനനം, അണുശക്തി, പ്രതിരോധം, പരിസ്ഥിതി, ഊർജവിതരണം, എയർപോർട്ട് എന്നിങ്ങനെ പല മേഖലകളും സ്വകാര്യവത്കരണത്തിനു തുറന്നുകൊടുക്കുന്നത് എങ്ങനെയാണ് തൊഴിലാളികൾക്ക് ഉപകാരപ്പെടുക എന്ന് ബി.എം.എസ് അവരുടെ വാർത്തക്കുറിപ്പിൽ ചോദിക്കുന്നുണ്ട്.
ചെറുകിട ബിസിനസുകൾക്കായി വായ്പകളും മാസ ശമ്പളക്കാര്‍ക്ക് െപ്രാവിഡൻഡ് ഫണ്ട് അടക്കലും, സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വിതരണഫണ്ടിൽ മൊറേട്ടാറിയം പ്രഖ്യാപിക്കലും ഒക്കെയായിരുന്നു ആദ്യഗഡുവിലെ പ്രഖ്യാപനങ്ങൾ. സ്രോതസ്സിെൻറ ഉറവിടത്തില്‍നിന്ന് പിടിക്കുന്ന നികുതിയില്‍ 20 ശതമാനം കിഴിവടക്കം ഉള്ള ഈ പ്രഖ്യാപനങ്ങൾ ഒന്നും രാഷ്ട്രം നേരിടുന്ന ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയെക്കുറിച്ചും അതിെൻറ ഫലമായുണ്ടായ ദുരവസ്ഥയെക്കുറിച്ചും സാമാന്യബോധംപോലും പ്രകടിപ്പിക്കുന്നതായിരുന്നില്ല. ദുരിതശമനങ്ങളെ സഹായിക്കാനുതകുന്നില്ല ഈ നടപടികള്‍ എന്ന വിമര്‍ശനം ഉയര്‍ന്നിട്ടും രണ്ടാംഗഡുവിലെ നിർദേശങ്ങള്‍ കേവലം ജലരേഖകള്‍ തന്നെയായി മാറി. ദേശാന്തര തൊഴിലാളികളെയും കർഷകരെയും നാഷനൽ ഫുഡ് സെക്യൂരിറ്റി രേഖകൾ പോലും ഇല്ലാത്തവരെയും ഉദ്ദേശിച്ചുള്ള ഭക്ഷ്യസുരക്ഷാ സംബന്ധിയായ ചില പ്രഖ്യാപനങ്ങള്‍ നേരിയ പ്രതീക്ഷ ഉളവാക്കിയെങ്കിലും എട്ടുകോടിയോളം ജനങ്ങൾക്കു സംസ്ഥാന സർക്കാറുകൾ വഴി 3,500 കോടിയുടെ അരിയും ഗോതമ്പും എത്തിക്കും എന്ന വാഗ്ദാനമൊഴിച്ചാൽ മറ്റുള്ളവയൊക്കെയും വായ്പ പദ്ധതികളായാണ് പ്രഖ്യാപിക്കപ്പെട്ടത്.
തൊഴിലും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് ആവശ്യമുള്ള പണം അല്ലെങ്കിൽ അർഹമായ ഭക്ഷണവും പാർപ്പിടവും നൽകുന്നതിനു പകരം വായ്പ നൽകുകയും അവരെ ഒരു കപട സ്വയംപര്യാപ്തതയുടെ മാർഗത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്ന നടപടികള്‍ ആയിരുന്നു ഇവയെല്ലാം. ഈ വായ്പകൾ തിരിച്ചടക്കേണ്ടവയാണ് എന്നും ഇതു നേരിട്ടുള്ള ധനസഹായം ആകുന്നില്ല എന്നും ആർക്കും വ്യക്തമാണല്ലോ! ഇത് സ്വീകരിക്കാനുള്ള സാമ്പത്തികമായ ആത്മവിശ്വാസവും സര്‍ക്കാറില്‍ തന്നെയുള്ള വിശ്വാസവും നഷ്ടപ്പെട്ട ഒരു ജനതയുടെ മുന്നിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത് എന്നോര്‍ക്കണം. അതിലുപരി ദയാവായ്പിെൻറയും രക്ഷാകർതൃത്വത്തിെൻറയും ഒരു പുകമറ സൃഷ്ടിച്ച് ജനങ്ങളെ കൂടുതല്‍ കടുത്ത വായ്പ ചങ്ങലക്കുരുക്കുകൾ അണിയിക്കാന്‍ ശ്രമിക്കുന്ന പദ്ധതികളാണ് ഈ സാമ്പത്തിക സ്വാശ്രയത്വ പദ്ധതികളായി അവതരിപ്പിക്കപ്പെട്ടത്.
സ്വാശ്രയത്തിെൻറ മേലങ്കി അണിയിച്ച് നവലിബറലിസത്തിെൻറ കൊടിയ ചൂഷണങ്ങളെയാണ് ഏതാണ്ട് എല്ലാ പദ്ധതികളും പുനരവതരിപ്പിക്കുന്നത്. ഉദാഹരണത്തിനു ആദിവാസി മേഖലയിലേക്കുള്ള CAMPA (Compensatory Afforestation Fund Management and Planning Authority) ഫണ്ട് നിലവിലുള്ള പദ്ധതിയാണെന്നു മാത്രമല്ല കാലങ്ങളായി ആദിവാസികളുടെ വിഭവാവകാശങ്ങളെ നിഷേധിക്കുന്നതു കൂടിയാണ്. അതിലേക്ക് 6000 കോടി കൂടുതൽ അനുവദിക്കുന്നതുകൊണ്ട് തങ്ങളെ വിഡ്ഢികളാക്കാൻ കഴിയില്ലെന്ന് ആദിവാസി നേതൃത്വങ്ങൾ വ്യക്തമാക്കുന്നുണ്ട്. പൊതുവില്‍ അടിസ്ഥാന വര്‍ഗങ്ങൾക്കോ ചെറുകിടക്കാര്‍ക്കോ ജാതി/വർണ മേൽക്കോയ്മകളില് പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കോ ആശ്വസിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല പാക്കേജ് എന്നത് ശ്രദ്ധേയമാണ്. ഇതിനുള്ള കാരണങ്ങള്‍ ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്- അതായത് ജി.ഡി.പിയുടെ പത്തു ശതമാനമാണ് പ്രഖ്യാപിക്കപ്പെട്ട തുകയെങ്കിലും കേവലം രണ്ടു ശതമാനത്തിലും താഴ്ന്ന ഒരു തുക മാത്രമാണ് സർക്കാർ നേരിട്ടു ചെലവഴിക്കുന്നത്. ജനസാമാന്യത്തെ കടക്കെണിയിലേക്ക് തള്ളിയിടുന്ന ഊരാക്കുരുക്കുകളുടെ കഥയാണ് ബാക്കിയാവുന്നത് എന്നർഥം. ഈ വർധിക്കുന്ന പരാശ്രയത്തെയാണ് യഥാർഥത്തില്‍ പ്രധാനമന്ത്രി അങ്ങേയറ്റത്തെ കാപട്യത്തോടെ സ്വാശ്രയത്വം എന്ന് വിളിക്കുന്നത്.
ആ പരാശ്രയ സീരീസില്‍ ഏറ്റവും വലിയ പ്രഖ്യാപനം അവസാനഗഡുവായി വന്ന സാമ്പത്തിക ഉത്തേജനങ്ങളായിരുന്നു. കൽക്കരി, അണുശക്തി, പ്രതിരോധം, പരിസ്ഥിതി, ഊർജവിതരണം, എയർപോർട്ട് എന്നിങ്ങനെ കൂടുതല്‍ സ്വകാര്യവത്കരണത്തിന് ആഗോള മുതലാളിത്ത താൽപര്യങ്ങളുടെ സമ്മർദങ്ങള്‍ ഏറെയുണ്ടായിരുന്ന മേഖലകള്‍ കോവിഡിെൻറ മറവില്‍ വിദേശ പങ്കാളിത്തത്തിന് തുറന്നു കൊടുക്കുന്ന നടപടിയായിരുന്നു അത്. എണ്‍പതുകള്‍ മുതല്‍ ആരംഭിച്ച നിക്ഷേപ മേഖലയിലെ സ്വകാര്യവത്കരണത്തിനുള്ള ആഗോളസമ്മർദം അതിെൻറ വിജയകരമായ പരിസമാപ്തിയില്‍ എത്തിയിരിക്കുന്നു. ബൗദ്ധിക സ്വത്തവകാശ പ്രശ്നങ്ങളുടെ കുരുക്കുകള്‍ ഇല്ലാതെ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ വിദേശമൂലധനത്തിന് കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇവക്ക് സത്യത്തില്‍ കോവിഡ് പ്രതിരോധവുമായി ബന്ധമൊന്നുമില്ല. ദേശീയ- അന്തര്‍ദേശീയ മൂലധനങ്ങളെ തൃപ്തിപ്പെടുത്തുന്നതും സാമ്പത്തിക സ്വാശ്രയത്വത്തെ അപകടപ്പെടുത്തുന്നതും ദൂരവ്യാപകമായ നിഷേധാത്മക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമായ സാമ്പത്തികനയ പരിപ്രേക്ഷ്യം അകത്തടച്ചിരിക്കാന് നിര്‍ബന്ധിതരായ ഒരു ജനതക്കുമേല്‍ അടിച്ചേൽപിക്കുന്ന കുറ്റകൃത്യമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനകംതന്നെ രൂക്ഷമായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഈ പാക്കേജുകള്‍ മതിയാവില്ല എന്ന് മാത്രമല്ല, ഇവയെല്ലാം ചേര്‍ന്ന് സമ്പദ്വ്യവസ്ഥയുടെ അവശേഷിക്കുന്ന സന്തുലനങ്ങളുംകൂടി അട്ടിമറിക്കുമെന്ന ഭീതിക്ക് ആക്കം കൂടിയിരിക്കുകയുമാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.