പൗരത്വരാഹിത്യത്തിെൻറ വിവക്ഷകള്‍
text_fieldsപൗരത്വം എന്നത് അങ്ങേയറ്റം സങ്കീർണമായ ഒരു സങ്കൽപമാണ്. കാട്ടിൽ താമസിക്കുകയും നാടിെൻറ നിയമങ്ങളെ നിസ്സംഗതയോടെ തള്ളിക്കളയുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട മധു. സാമൂഹികജീവിതത്തിെൻറ സന്ദര്‍ഭത്തില്‍നിന്ന് ഒഴിഞ്ഞുനില്ക്കാനുള്ള അവകാശം പൗരസമൂഹം ആര്‍ക്കും നല്‍കുന്നില്ല എന്നത് ആധുനിക രാഷ്ട്രീയയുക്തിയുടെ ഒരു സവിശേഷതയാണ്. നാം ഭരണകൂടത്തിനു കീഴിലാവുന്നത് ആ രാഷ്ട്രീയയുക്തിയിലാണ്. അതാരുടെയും വ്യക്തിപരമായ തെരഞ്ഞെടുപ്പല്ല. എന്നാൽ, അതുകൊണ്ടുമാത്രം ഒരാളോ ഒരു സമൂഹമോ സമ്പൂര്‍ണമായ പൗരത്വാവകാശങ്ങൾ ലഭിക്കുന്നവർ ആകുന്നുമില്ല എന്നതും യാഥാർഥ്യമാണ്. ജീവിതം കൊണ്ട്, അതിെൻറ പ്രായോഗിക മാനകങ്ങള്കൊണ്ട്, മധു ഒരു രാജ്യത്തിെൻറയും പൗരനായിരുന്നില്ല. ആ മനുഷ്യന് പൗരൻ അല്ലാതായത് വ്യക്തിപരമായ ഒരു തീരുമാനംപോലും അല്ലായിരുന്നു. മധു കൂടി അടങ്ങുന്ന ആദിവാസിസമുദായങ്ങൾ പൗരത്വത്തെ സംബന്ധിച്ച ഒരു സന്ദിഗ്ധത നേരിട്ടുകൊണ്ടാണ് ആധുനിക ദേശരാഷ്ട്രത്തിൽ ജീവിക്കുന്നത്. പൗരത്വം അവര്‍ക്കുണ്ട് എന്നത് ഒരു സാങ്കേതികതയാണ്. ആധുനിക ദേശരാഷ്ട്രത്തിെൻറ രാഷ്ട്രീയമായ അതിരുകള്‍ക്കുള്ളിൽ കഴിയുന്നവരെല്ലാം സാങ്കേതികമായ അർഥത്തിൽ പൗരന്മാരും പൗരികളും ആണ്. എന്നാൽ, ശ്രദ്ധേയമായ ഒരു കാര്യം, ജാതിവിഭജിതമായ ഹിന്ദുസമൂഹത്തിൽ വർണാശ്രമ വ്യവസ്ഥക്ക് പുറത്തു തള്ളപ്പെട്ടവർ ആ വ്യവസ്ഥയുമായി പുലര്‍ത്താൻ നിര്‍ബന്ധിതരാവുന്ന സന്ദിഗ്ധബന്ധംപോലെയാണ് ആധുനികസമൂഹത്തിൽ പാര്‍ശ്വവത്കൃതര്‍ക്ക് പലപ്പോഴും ഭരണകൂടവുമായും ദേശരാഷ്ട്രവുമായുമുള്ള ബന്ധം എന്നതാണ്. അവർ ഒരേസമയം അതിെൻറ പുറത്തും അകത്തുമാണ്. വർണാശ്രമ നിയമങ്ങളനുസരിക്കാൻ അതിെൻറ അധികാരശ്രേണിയിൽ കയറാൻ അവകാശമില്ലാത്തവരും നിര്‍ബന്ധിതരാവുന്നു എന്നതുപോലെ, അങ്ങനെ അവർ ആ വ്യവസ്ഥയുടെ ഭാഗമല്ലാത്തപ്പോള്പോലും അതിെൻറ പരമാധികാരത്തിനും അധീശത്വത്തിനും കീഴിലാവുന്നു എന്നതുപോലെ, ആധുനിക ദേശരാഷ്ട്രങ്ങളിൽ അപരവത്കരിക്കപ്പെട്ടവർ ഒരേസമയം പൗരത്വരാഹിത്യത്തിനും പൗരത്വത്തിനും ഇടയിലാണ് ജീവിക്കുന്നത്.
അവരുടെ കേവലമായ ജൈവസ്വത്വത്തിനപ്പുറം ഒരു അസ്തിത്വം രാഷ്ട്രീയമായി നേടിയെടുക്കാൻ കഴിയാത്തത്ര അന്യവത്കരണം അവര്‍ക്ക് ദേശരാഷ്ട്രവുമായുണ്ട് എന്നതാണ് യാഥാർഥ്യം. ഈ അവസ്ഥ ബോധപൂര്‍വമായ ഒരു അധികാരപ്രയോഗംതന്നെയായി ഭരണകൂടം നിലനിര്‍ത്തുന്നതാണ്. അത് രാഷ്ട്രത്തിനുള്ളിൽ സ്വയം അടയാളപ്പെടുത്താൻ അവസരം നിഷേധിക്കുന്ന, പുറത്താക്കപ്പെട്ടവർ എന്ന സ്ഥാനം നിരന്തരമായി സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന രാഷ്ട്രീയതന്ത്രംതന്നെയാണ്. ഒരു വിഭാഗത്തെ ഇത്തരത്തിൽ സ്ഥിരമായി ഭരണകൂടനീതിക്ക് പുറത്തുനിര്‍ത്തുക എന്നത് ഭൂരിപക്ഷ സ്വത്വനിർമിതിയുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടതുമാണ്. ദേശരാഷ്ട്രത്തിനുള്ളിൽ ദേശരഹിതരായി കഴിയുകയും എന്നാൽ ആ രാഷ്ട്രീയാധീശത്വത്തിെൻറ എല്ലാ നിയമങ്ങളും അംഗീകരിക്കാൻ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുക എന്ന ഇരട്ട പ്രഹരത്തിനാണ് പാര്‍ശ്വവത്കൃതർ വിധേയരാവുന്നത്. ഇത്, അമൂര്‍ത്തമായി ഭരണഘടനയുടെ ഏതെങ്കിലും സവിശേഷാധികാരത്തിലൂടെ നിര്‍ണയിക്കപ്പെടുന്നതല്ല. ഇത് പൊതുസമൂഹം നല്കുന്ന സമ്മതികളിലൂടെ, അനുബന്ധ നിയമനിർമിതികളിലൂടെ, നൈതികവ്യവഹാരങ്ങളിലൂടെ, മൂല്യവ്യവസ്ഥയിലൂടെ ഉരുത്തിരിയുന്നതാണ്.
കേരളത്തിലെ ആദിവാസിസമൂഹം1960-കളിലാണ് ഭരണകൂടത്തിെൻറ സവിശേഷമായ നോട്ടത്തിനു വിധേയമാവുന്നത്. 1961ൽ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ കോൺഗ്രസിെൻറ മുന്നണി, ആദിവാസിഭൂപ്രശ്നത്തിെൻറ കാര്യം ഗൗരവമായി കണ്ടുകൊണ്ട് കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കെ. വിശ്വനാഥനെ അധ്യക്ഷനാക്കി ഒരു കമീഷനെ പരിഹാരനിർദേശങ്ങള്ക്കായി നിയമിക്കുകയുണ്ടായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍മൂലം സ്വന്തം ഭൂമി പാട്ടത്തിനു കൊടുക്കാനോ പണയംവെക്കാനോ ആദിവാസികൾ നിർബന്ധിതരാകുന്നുവെന്നും പിന്നീട് അവര്‍ക്ക് ആ ഭൂമി നഷ്ടമാകുന്നു എന്നും കമീഷൻ കണ്ടെത്തുന്നു. ഇതുമൂലം കൃഷി മുഖ്യ ഉപജീവനമായ ആദിവാസികൾ അതീവ ദാരിദ്ര്യത്തിലേക്കും ദുരിതത്തിലേക്കും വീണുപോകുന്ന സ്ഥിതി സംജാതമായിക്കൊണ്ടിരിക്കുന്നു എന്നാണ് കമീഷൻ നിരീക്ഷിച്ചത്. ഇതില്‍നിന്ന് വ്യക്തമാവുന്ന കാര്യം ഒരു വലിയവിഭാഗം ആദിവാസികൾ ഭൂരഹിതരായിരുന്നില്ല എന്നാണ്. അവർ കര്ഷകത്തൊഴിലാളികളുമായിരുന്നില്ല. കൂടുതലും കൃഷിക്കാരായിരുന്നു. ജില്ല കലക്ടർമാർ നേരിട്ടോ, ദുരിതം നേരിട്ടവരുടെ പരാതിയിന്മേലോ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി, ഈ കര്‍ഷകരില്‍നിന്ന് ഭൂമി വാങ്ങിയവർക്ക് നഷ്ടപരിഹാരം നൽകിയോ നൽകാതെയോ, നഷ്ടപ്പെട്ട ഭൂമിയിൽ ആദിവാസികള്‍ക്കുള്ള അവകാശം പുനഃസ്ഥാപിച്ചുകൊടുക്കണം എന്നും കമീഷൻ ആവശ്യപ്പെട്ടിരുന്നു. ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇനി കൃഷിഭൂമിയില്ല, വീട് വെക്കാനുള്ള സ്ഥലം കൊടുക്കാം എന്ന ചിലരുടെ വിഡ്ഢിത്ത ജൽപനം എത്രമാത്രം അപഹാസ്യമാണ് എന്ന് ഈ ചരിത്രം ബോധ്യപ്പെടുത്തും.
1975ൽ അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ് ഇതുസംബന്ധിച്ച ഒരു നിയമം നിയമസഭ പാസാക്കുന്നതും അതിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതും. പിന്നീടുവന്ന നായനാർ മന്ത്രിസഭ ഇക്കാര്യത്തിൽ കാര്യമായി ഒന്നും ചെയ്തില്ല. 1986ൽ കെ. കരുണാകരൻ മന്ത്രിസഭയാണ് ഈ നിയമം നടപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങളും ചട്ടങ്ങളും നിർമിക്കുന്നതും പ്രാരംഭനടപടികൾ തുടങ്ങിെവക്കുന്നതും. എന്നാല്‍, 1987ൽ നായനാർ വീണ്ടും അധികാരത്തിൽ വന്നതിനുശേഷം നടപടികൾ മുന്നോട്ടുപോയതായി കാണുന്നില്ല. മാത്രമല്ല, അപ്പോഴേക്ക് എൽ.ഡി.എഫ്, -യു.ഡി.എഫ് നേതൃത്വങ്ങൾ ഇൗ നിയമം നടപ്പാക്കേണ്ടതില്ല എന്ന ഒരു സമവായത്തിലേക്ക് എത്തിച്ചേരുന്നതായി മനസ്സിലാക്കാൻ കഴിയും.
തൊണ്ണൂറുകളുടെ തുടക്കമായപ്പോഴേക്ക് ആദിവാസി ഊരുകളിൽ പട്ടിണിമരണം വ്യാപകമായി. ഏതാണ്ട് മുപ്പതോളം ആദിവാസികൾ ആ കാലത്ത് വിശപ്പുമൂലം മരിച്ചു. ആദ്യം യു.ഡി.എഫും പിന്നീട് വന്ന എൽ.ഡി.എഫും ഈ മരണങ്ങൾ പട്ടിണിമരണങ്ങളാണ് എന്ന് അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ടിരുന്നു. അക്കാലത്തെ മാധ്യമങ്ങളെ കുറ്റംപറയാൻ കഴിയില്ല. വാര്‍ത്തകളിലും ലേഖനങ്ങളിലും ‘വയനാട് ഇത്യോപ്യ ആകുമോ’ എന്നുവരെ നെടുങ്കൻ തലക്കെട്ടുകൾ ഉണ്ടായി. പക്ഷേ, ഭരണാധികാരികൾ ഗൗനിച്ചില്ല. തുടര്‍ന്നാണ് ഡോ. നല്ലതമ്പി തേര ആദിവാസികള്‍ക്കുവേണ്ടി 1975ലെ നിയമം നടപ്പാക്കിക്കിട്ടാൻ കോടതിയിൽ പോയത്. കോടതി ഉത്തരവുകൾ എല്ലാം അനുകൂലമായിരുന്നു. എന്നാൽ, അന്നത്തെ യു.ഡി.എഫ് സര്‍ക്കാർ ഇൗ നിയമത്തെ ലഘൂകരിക്കാൻ ശ്രമിക്കുന്ന ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. അത് ഗവർണർ നിരാകരിച്ചു. പിന്നീട് അവര്‍1960 മുതൽ 1986 ജനുവരി വരെയുള്ള എല്ലാ ഭൂമി കൈമാറ്റങ്ങളും നിയമാനുസൃതമാക്കുന്ന ഒരു ഭേദഗതി 1975ലെ നിയമത്തിൽ കൊണ്ടുവന്നു. എന്നാൽ, അതിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചില്ല. ദീര്‍ഘദര്‍ശനത്തോടെ ഈ നിയമം അച്യുതമേനോന് സര്‍ക്കാർ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉള്‍പ്പെടുത്തിയിരുന്നു. അങ്ങനെ ഉള്‍പ്പെടുത്തിയ ഒരു നിയമത്തിൽ നിയമസഭക്കു ഭേദഗതി കൊണ്ടുവരാൻ കഴിയുമായിരുന്നില്ല. പിന്നീട് വീണ്ടും അധികാരത്തില്‍വന്ന നായനാർ അതിനും പോംവഴി കണ്ടെത്തി. ‘The Kerala Restriction on Transfer by and Restoration of Lands to Scheduled Tribes Bill, 1999’ എന്ന പുതിയൊരു ബിൽ ആ മന്ത്രിസഭ അസംബ്ലിയിൽ പാസാക്കി. പ്രസിഡൻറിെൻറ അനുമതി ആവശ്യമില്ലാത്ത, സംസ്ഥാനങ്ങളുടെ പട്ടികയില്‍പെട്ട ‘കൃഷിഭൂമി’ വിഷയത്തിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ നിയമം പാസാക്കിയത്. ആദിവാസികളെ ദ്രോഹിക്കാൻ എന്തൊരു കാഞ്ഞ ബുദ്ധിയാണ് വംശീയ ഭരണകൂടം അന്ന് പ്രയോഗിച്ചത്!
ഇതേത്തുടര്‍ന്ന് അന്യാധീനപ്പെട്ട ഭൂമി ഇനി ഒരിക്കലും ആദിവാസികള്‍ക്ക് തിരിച്ചുകിട്ടില്ല എന്ന സ്ഥിതിവിശേഷം സംജാതമായി. ഒരു രാജ്യം അതിലെ പൗരജനങ്ങളെ ഇങ്ങനെ പാപ്പരീകരിക്കുന്ന നിയമം മനഃപൂർവം കൊണ്ടുവരുമോ? ഈ നിയമമാണ് കവി കടമ്മനിട്ട അനുകൂലമായും കെ.ആര്. ഗൗരിയമ്മ എതിര്‍ത്തും വോട്ടു ചെയ്തതിെൻറ പേരിൽ ശ്രദ്ധേയമായത്. ഇത്തരത്തിൽ നിയമപരമായി പലപ്പോഴും പൗരത്വരാഹിത്യംകൂടി വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും സമ്മാനിച്ചുകൊണ്ടാണ് ആധുനിക ഭരണകൂടം നിലനില്‍ക്കുന്നതെന്ന് ഹന്ന ആരെന്ദ് പറഞ്ഞിട്ടുണ്ട്. വ്യക്തികളുടെ ദേശരാഹിത്യം, പൗരത്വരാഹിത്യം, ഭരണകൂടങ്ങളുടെ, ദേശരാഷ്ട്രങ്ങളുടെ സൃഷ്ടികൂടിയാണ്. ഭരണകൂടങ്ങൾ ആര്‍ക്കെങ്കിലും സ്വാതന്ത്ര്യം നിഷേധിക്കുകയല്ല ചെയ്യുന്നത്, ചിലരെ കൂടുതൽ സ്വാതന്ത്ര്യം ഉള്ളവരായി കാണുകയാണ്. അവര്‍ക്കുള്ള സവിശേഷാധികാരങ്ങൾ അപരവത്കരിക്കപ്പെടുന്നവര്ക്ക് ഉണ്ടായിരിക്കുകയില്ല. അവർ തങ്ങള്‍ക്കു ചുറ്റുമുള്ള അധികാരിസമൂഹത്താൽ നിരന്തരം പാപ്പരീകരിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും നിസ്സാരമായി കൊലചെയ്യപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ- ദലിത് രാഷ്ട്രീയത്തിെൻറ പുതിയ കൈവഴികള്‍ ഇൗ ഭീതിജനകമായ അവസ്ഥാവിശേഷത്തിെൻറ മുന്നിലാണ് ഇപ്പോൾ തടഞ്ഞുനില്ക്കുന്നത് എന്നത് കാണാതിരുന്നുകൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.