അതിജീവനത്തിന്റെ സമരമുഖം
text_fieldsഅവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം അതിദുഷ്കരമായിത്തീരുന്ന സാഹചര്യമാണ് കേരളത്തിലെ വലിയൊരു വിഭാഗം തൊഴിലാളി വിഭാഗങ്ങളും പാര്‍ശ്വവത്കൃതരും ഇന്ന് നേരിടുന്നത്. അതിജീവനത്തിെൻറ പുതിയ സമരങ്ങളിൽ ഏറിയ പങ്കും കേരളത്തിലെ അത്യന്തം പരിതാപകരമായ തൊഴില്വ്യവസ്ഥകളിൽ പണിയെടുക്കേണ്ടിവരുന്ന സ്വകാര്യ മേഖലകളിലെ സ്ത്രീകളുടേതാണ് എന്നത് കൂടുതൽ ശ്രദ്ധേയമാണ്. ടെക്സ്റ്റൈല്‍ കടകളിലെ ജീവനക്കാരായ സ്ത്രീകള്‍ക്ക് പല ഘട്ടങ്ങളിലായി നിരവധി സമരങ്ങൾ നടത്തേണ്ടിവന്നിട്ടുണ്ട്. ജോലിസമയത്ത് ഒന്ന് ഇരിക്കാന്‍പോലും അനുവദിക്കാത്ത ക്രൂരമായ തൊഴില്സാഹചര്യങ്ങളാണ് അവിടെ നിലനില്ക്കുന്നതെന്ന സത്യത്തിലേക്ക് പൊതുസമൂഹത്തിനു മുന്നിൽ വാതിൽ തുറന്നിട്ട സമരങ്ങളായിരുന്നു ആ മേഖലയിലെ സ്ത്രീകൾ നടത്തിയത്. അവയില്‍ ചിലത് ഭാഗികമായി ജയം കണ്ടു, ചിലത് സാമൂഹിക പിന്തുണ ലഭിക്കാതെ അവസാനിപ്പിക്കേണ്ടിവന്നു.
പല ഘട്ടങ്ങളിലായി കേരളത്തിലെ ആതുരശുശ്രൂഷ രംഗത്തെ പ്രമുഖ പ്രഫഷനൽ വിഭാഗമായ നഴ്സുമാർ ഇൗ അടുത്ത കാലത്ത് നിരവധി സമരങ്ങൾ നടത്തിയിരുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. ഇതിലെ മുന്‍കാല അനുഭവം പൊതുസമൂഹത്തിെൻറ പിന്തുണ വലിയ തോതിൽ ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവസരവാദപരമായ നിലപാടാണ് പൊതുവെ ഇത്തരം സമരങ്ങളോട് കൈക്കൊള്ളുന്നത് എന്നത് എടുത്തുപറയേണ്ട കാര്യമില്ല. ഇന്നിപ്പോള്‍ കേരളത്തിൽ ശക്തമായ ഒരു അവകാശസമരം നടക്കുന്നത് വേതന വർധനക്കുവേണ്ടി നഴ്സുമാർ നടത്തുന്ന സമരമാണ്. ഇതിെൻറ സമീപകാല ചരിത്രം പരിശോധിച്ചാൽ അങ്ങേയറ്റത്തെ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും നേരിട്ടാണ് ഈ സമരം മുന്നോട്ടുപോയിട്ടുള്ളത് എന്നു കാണാം.
കേരളം രൂപവത്കരിക്കപ്പെട്ടശേഷം സംഘടിത തൊഴിലാളി വിഭാഗങ്ങൾ അതിശക്തമായ സമരങ്ങൾ നടത്തിയത് എഴുപതുകളിലായിരുന്നു. സി.പി.എം പ്രതിപക്ഷത്തുണ്ടായിരുന്ന ആ ദശാബ്ദത്തിൽ സ്വാഭാവികമായും ആ പാര്‍ട്ടിയോട് ബന്ധമുള്ള ബഹുജന പ്രസ്ഥാനങ്ങൾ തന്നെയായിരുന്നു സമരങ്ങള്‍ക്ക് കൂടുതലും നേതൃത്വം നല്‍കിയത്. സി.പി.എം^സി.പി.ഐ ശത്രുത അതിെൻറ പാരമ്യത്തിലെത്തിയ അക്കാലത്ത് സേവന മേഖലകളിൽ നിരന്തരമെന്നോണം സമരങ്ങൾ നടന്നിരുന്നു. വ്യവസായമേഖലകളിലെ സമരങ്ങള്‍ക്കു പുറമെയായിരുന്നു ഇത്. യഥാർഥത്തില്‍ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കാണാവുന്നത് സേവനമേഖലകളിൽ നടന്ന സമരങ്ങളുടെ സാമ്പത്തികവും ഘടനാപരവുമായ പ്രത്യാഘാതങ്ങൾ വേണ്ടവിധത്തിൽ വിലയിരുത്തപ്പെട്ടിട്ടില്ല എന്നാണ്. വ്യവസായികമായി അധികം മുന്നോട്ടുപോയിട്ടില്ലായിരുന്ന കേരളത്തിൽ അക്കാലത്തെ തൊഴില്‍സമരങ്ങൾ പ്രധാനമായും കൂലിവർധനക്കു വേണ്ടിയുള്ളതായിരുന്നു. കൂടാതെ അന്യായമായതോ ന്യായമായതോ ആയ പിരിച്ചുവിടലുകള്‍ക്കും മറ്റ് ശിക്ഷണനടപടികള്‍ക്കും എതിരെയും പെട്ടെന്ന് പണിമുടക്കുകൾ പ്രഖ്യാപിക്കപ്പെടാറുണ്ടായിരുന്നു. മിന്നല്പണിമുടക്കുകള്, ഘെരാവോ, യന്ത്രസാമഗ്രികൾ നശിപ്പിക്കൽ തുടങ്ങിയ നിയമവിരുദ്ധ മാർഗങ്ങൾ അന്ന് ധാരാളമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരും നിരന്തര സമരത്തിൽ ഏര്‍പ്പെട്ടിരുന്നു. കെ.എസ്.ആർ.ടി.സി സമരങ്ങൾ ബസുകൾ നശിപ്പിക്കുന്നതിലേക്കും കെ.എസ്.ഇ.ബി സമരങ്ങൾ കെ.വി ലൈനുകളും ട്രാൻസ്ഫോര്‍മറുകളും തകര്‍ക്കുന്നതിലേക്കും ചെന്നെത്തിയിരുന്നു. പി.കെ. വാസുദേവൻ നായർ വ്യവസായ മന്ത്രി ആയിരുന്ന കാലത്ത് നടന്ന വൈദ്യുതി ജീവനക്കാരുടെ സമരത്തിൽ ഇത്തരം സംഭവങ്ങൾ ആവര്‍ത്തിച്ചപ്പോൾ അദ്ദേഹം കര്‍ശനനടപടി സ്വീകരിച്ചതിനെക്കുറിച്ച് വന്ന ഒരു കാര്‍ട്ടൂൺ തകര്‍ന്നുകിടക്കുന്ന അനവധി കെ.വി ലൈനുകള്‍ക്കിടയില്‍ ‘പി.കെ.വി’ തലയുയര്‍ത്തി നില്‍ക്കുന്നതായിരുന്നു. അതിനു ചുറ്റും സി.ഐ.ടി.യുക്കാർ നിരാശരായിനില്ക്കുന്നു. ആ കാര്‍ട്ടൂൺ മറ്റൊരു ചിത്രംകൂടി ഓർമിപ്പിക്കുന്നു. സേവന മേഖലയിലെ സമരങ്ങളെ കര്‍ശനമായി നേരിട്ട് അടിച്ചമര്‍ത്തുകയായിരുന്നു അന്നത്തെ രീതി എന്നതാണത്. ഇത് തുടങ്ങിയത് 1967ലെ ഇ.എം.എസ് സര്‍ക്കാര്‍തന്നെ ആയിരുന്നു.
അന്ന് നടന്ന എൻജിനീയര്‍മാരുടെ സമരത്തിനെതിരെ കേരളത്തിൽ എസ്മ പ്രയോഗിച്ചത് ഇ.എം.എസായിരുന്നു. എന്‍.ജി.ഒ യൂനിയെൻറ നേതൃത്വത്തിൽ എഴുപതുകളിൽ നടന്ന സമരങ്ങൾ വിജയം കാണാതിരുന്നത് സി.പി.ഐ^കോണ്‍ഗ്രസ് സര്‍ക്കാർ സമരങ്ങളോട് കര്‍ക്കശ സമീപനം സ്വീകരിച്ചതുകൊണ്ടായിരുന്നു. ആഴ്ചകളോളം സമരം ചെയ്താലും ചര്‍ച്ചക്കുപോലും തയാറാവില്ല എന്ന നിലപാടായിരുന്നു പലപ്പോഴും സര്‍ക്കാർ കൈക്കൊണ്ടത്. ഇതിനു പിന്നിലെ രാഷ്ട്രീയം സി.പി.ഐ^സി.പി.എം ശത്രുതയായിരുന്നു. തൊഴിലാളി വിരുദ്ധനയങ്ങൾ ഉപയോഗിച്ചായിരുന്നു സമരങ്ങള്‍ അടിച്ചമര്‍ത്തിയിരുന്നത്. എെൻറ ഓർമ ശരിയാണെങ്കിൽ രണ്ടു മാസക്കാലത്തിലധികം എന്‍.ജി.ഒ യൂനിയൻ സമരം ചെയ്തിട്ടും ചര്‍ച്ചക്കുപോലും സര്‍ക്കാർ തയാറാവാഞ്ഞതിനെ തുടര്‍ന്ന് അവര്‍ക്ക് സമരം പിന്‍വലിക്കേണ്ടിവന്നിട്ടുണ്ട്.
ആ കാലഘട്ടത്തില്‍നിന്ന് കേരളം വളരെയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു. സംഘടിത തൊഴിലാളി വിഭാഗങ്ങളും സര്‍ക്കാറുകളും പില്ക്കാലത്ത് ഇതേ നിലപാടുകള്‍തന്നെ തുടർന്നെങ്കിലും ഡൈസ്നോൺ പോലുള്ള തൊഴിലാളിവിരുദ്ധ നിയമങ്ങൾ പിന്‍വലിക്കാൻ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍പോലും തയാറാവാഞ്ഞതോടെ ദീര്‍ഘകാല സമരങ്ങൾ സര്‍ക്കാർ മേഖലയിലെങ്കിലും ഏതാണ്ട് അപ്രത്യക്ഷമാവുകയായിരുന്നു. എൺപതുകള്‍ മുതൽ അതിശക്തമായ സിവില്‍സമൂഹ സമരങ്ങൾ -പരിസ്ഥിതി, മനുഷ്യാവകാശ സമരങ്ങളും സ്ത്രീസമരങ്ങളും ദലിത്, ആദിവാസി ഭൂസമരങ്ങളും മത്സ്യത്തൊഴിലാളി സമരങ്ങളും- ^കേരള രാഷ്ട്രീയത്തിൽ സജീവമായപ്പോൾ അവക്കെതിരെ ജനവിരുദ്ധ നിയമങ്ങളുമായി വിവിധ സര്‍ക്കാറുകൾ മുന്നോട്ടുവരുന്നതിനും കേരളം സാക്ഷ്യംവഹിച്ചു. തൊണ്ണൂറുകൾ മുതൽ നവഉദാരവാദം ദേശീയതലത്തില്‍തന്നെ ശക്തിപ്പെട്ടതോടെ തൊഴില്‍സമര വിരുദ്ധ മനോഭാവം പൊതുസമൂഹത്തിൽ ശക്തമായിത്തീര്‍ന്നു എന്നതും പ്രധാനമാണ്. ഈ കാലഘട്ടം മുതലാണ് കോടതിവിധികൾ കൂടുതലും തൊഴിലാളികൾക്കെതിരായി മാറിയതെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിയമം മാറാതിരിക്കുമ്പോള്‍ പോലും അവയുടെ വ്യാഖ്യാനങ്ങളെ സ്വാധീനിക്കാന്‍ അധീശമൂല്യങ്ങള്ക്കും പ്രത്യയശാസ്ത്രത്തിനും കഴിയും എന്നതിെൻറ തെളിവുകൂടിയാണിത്. മാത്രമല്ല, ഈ പുതിയ അധീശവ്യവസ്ഥക്ക് അനുരൂപമായ നിയമഭേദഗതികൾ കേന്ദ്ര സര്ക്കാൻ നടപ്പാക്കാൻ പോവുകയാണ്.
എന്നാല്‍, കേരളത്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. സംഘടിത മേഖലയിലെ സമരങ്ങളെ അസഹിഷ്ണുതയോടെ കാണുമ്പോഴും അസംഘടിത മേഖലകളിലെ പരിതാപകരമായ ജോലിസാഹചര്യങ്ങളോട് പ്രതികരിക്കാൻ തയാറാവുന്നവരോട് പൊതുസമൂഹം അനുഭാവം കാട്ടിയിട്ടുണ്ട്. എന്നാൽ, വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാത്ത സമരങ്ങള്‍ക്ക്, കക്ഷിരാഷ്ട്രീയം രൂക്ഷമായ വിഭാഗീയ സംസ്കാരം സൃഷ്ടിച്ചിട്ടുള്ളതിനാല്‍, ഇവിടെ പലപ്പോഴും പരാജയപ്പെടേണ്ടിവരാറുണ്ട്. അത്തരത്തില്‍ പരാജയപ്പെടാൻ കേരളത്തിലെ പൊതുസമൂഹം അനുവദിക്കാൻ പാടില്ലാത്ത ഒരു അതിജീവനസമരമാണ് നഴ്സിങ് മേഖലയിൽ ഇപ്പോൾ നടക്കുന്നത്.
തികച്ചും ന്യായമായ വേതനവർധനക്കാണ് ഈ സമരം എന്നത് എല്ലാവർക്കും അറിവുള്ളതാണ്. മാത്രമല്ല, ഈ മേഖലയിൽ നിലനില്‍ക്കുന്ന ഫ്യൂഡൽ മനോഭാവത്തിനെതിരെ കൂടിയാണത്. എന്നാൽ, കേന്ദ്രനയത്തിനു സമാനമായും സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ചുമുള്ള ആനുകൂല്യങ്ങള്‍ക്കുവേണ്ടി നടക്കുന്ന സമരത്തെ പിന്നില്‍നിന്ന് കുത്തുന്ന ഒരു സമീപനം കേരള സര്‍ക്കാറിെൻറ ഭാഗത്തുനിന്നുണ്ടായി. അത് ഏകപക്ഷീയമായി സമരത്തിെൻറ ആവശ്യങ്ങൾ സമഗ്രമായി കണക്കിലെടുക്കാതെ, ചര്‍ച്ചകള്‍ കൂടാതെ, കേവലം നാമമാത്രമായ ഒരു വര്‍ധന പ്രഖ്യാപിച്ച് ഉത്തരവിറക്കിയതായിരുന്നു. അതിെൻറ മറപിടിച്ചു തങ്ങൾ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാം എന്ന പ്രസ്താവനയുമായി നല്ലപിള്ള ചമയാൻ സ്വകാര്യ ആശുപത്രി മാനേജ്മെൻറുകള്‍ക്ക് അത് അവസരമുണ്ടാക്കി. വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയിൽ ഇൗ തീരുമാനത്തില്‍നിന്ന് പിന്മാറി സര്‍ക്കാർ യാഥാർഥ്യബോധമുള്ള നിലപാട് കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുകയാണ്. ഇല്ലെങ്കില്‍ കേരളത്തിലെ സിവില്‍സമൂഹത്തിന് ഈ സമരം ഏറ്റെടുക്കാനുള്ള ധാർമികബാധ്യതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.