സാമ്പത്തിക ബാധ്യത: വയോജനനയം അപര്യാപ്തം
text_fieldsലോകത്തെമ്പാടും ജനങ്ങളുടെ ശരാശരി പ്രായം വർധിച്ചുവരുന്നതായി കാണാം. രണ്ടാം ലോകയുദ്ധത്തിലെ കെടുതികളും ജനനഷ്ടവുമാണ് യൂറോപ്പിലും അമേരിക്കയിലും അമ്പതുകളിലുണ്ടായ ശിശുജനന വിസ്ഫോടനത്തിനു കാരണമായി പറയുന്നത്. സ്വാതന്ത്ര്യലബ്ധി നൽകിയ ഉത്സാഹവും ആവേശവും ഇന്ത്യയിലും ജനസംഖ്യാവിസ്ഫോടനത്തിനു കാരണമായിട്ടുണ്ട്. നമ്മുടെ ജനസംഖ്യയിൽ വളർച്ചയുണ്ടാകുന്നത് ഏറെയും 1947 ന് ശേഷമാണ്. വളർച്ചനിരക്കിൽ എന്തെങ്കിലും നിയന്ത്രണം സാധ്യമായത് 1981 മുതൽ മാത്രമാണ്. അപ്പോൾ 1947 നും 57നും ഇടയിൽ ജനിച്ചവർ വാർധക്യത്തിലേക്കു കടന്നിരിക്കുന്നു എന്നർഥം.
ഇന്ത്യയിലെ മുതിർന്നവരെക്കുറിച്ചുള്ള പഠനം 2016ൽ കേന്ദ്ര സർക്കാറിെൻറ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗാം ഇംപ്ലിമെേൻറഷൻ മന്ത്രാലയം 2016ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ 60 കഴിഞ്ഞവരെ മുതിർന്ന പൗരരായി കണക്കാക്കുന്നു. ലോകാരോഗ്യ സംഘടന 65 കഴിഞ്ഞവരെയാണ് മുതിർന്നവരായി പരിഗണിക്കുന്നത്. പഠനം നടക്കുമ്പോൾ ഇന്ത്യയുടെ ജനസംഖ്യ 121 കോടിയായിരുന്നു. അതിൽ 10.4 കോടിയാണ് വാർധക്യത്തിലെത്തിയവർ. ഇത് 8.6 ശതമാനം വരും. ഇതിൽ 41ശതമാനം പേർ എന്തെങ്കിലും ജോലിയിൽ വ്യാപൃതരാണ്. വയോജനങ്ങളിൽ ആറു കോടിയിൽ താഴെ മാത്രമാണ് ആരെയെങ്കിലും ആശ്രയിച്ചു ജീവിക്കുന്നെതന്ന് അനുമാനിക്കാം. എങ്കിലും, പഠന റിപ്പോർട്ട് വയോജനങ്ങളെക്കുറിച്ച് വരച്ചുകാട്ടുന്ന ചിത്രം മറ്റൊന്നാണ്. അതിൽ ചിലത് ഇവയാണ്:
ഒന്ന്, വർധിച്ചുവരുന്ന വയോജനസംഖ്യ രാജ്യത്തെ ആരോഗ്യ, സാമൂഹിക, സേവന സംവിധാനങ്ങളിൽ പ്രതികൂലമായ സമ്മർദമേൽപിക്കും. വാർധക്യം പലവിധ പരാശ്രയാവസ്ഥകളും രോഗങ്ങളും സൃഷ്ടിക്കുന്നതിനാൽ കൂടുതൽ ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രികൾ എന്നിവയും കൂടുതൽ സാമ്പത്തിക നീക്കിയിരിപ്പും ആവശ്യമാകും.
രണ്ട്, പ്രായാധിക്യം ചലനവൈകല്യങ്ങളും തീവ്ര പരാധീനതകളുണ്ടാക്കുന്ന അംഗപരിമിതികളും സൃഷ്ടിക്കുന്നു. അത് ദൈനംദിന ജീവിതത്തിൽ പരാശ്രയം അനിവാര്യമാക്കും. അണുകുടുംബങ്ങൾ ഏറിവരുന്നതിനാൽ അംഗപരിമിതി ഉള്ളവർക്ക് സഹായം ലഭിക്കുക അത്ര എളുപ്പമല്ല. അതിനാൽ, വാർധക്യരോഗങ്ങൾ പരിചരിക്കാൻ നൈപുണ്യമുള്ള നഴ്സിങ് പ്രഫഷനലുകൾ ആവശ്യമായിവരുന്നു. മറ്റ് ആരോഗ്യ സേവന സംവിധാനങ്ങളും രാജ്യം ഒരുക്കേണ്ടതുണ്ട്.
മൂന്ന്, ആരോഗ്യത്തിൽ എന്നപോലെ സാമൂഹിക സുരക്ഷാമേഖലയിലും സർക്കാറിന് കൂടുതൽ മുതൽമുടക്ക് ആവശ്യമാകും. പെൻഷനിലുണ്ടാകുന്ന അധികബാധ്യതയും വയോജനങ്ങൾ സമ്പത്ത് ആർജിക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാകുന്നതിനാൽ മറ്റുള്ളവരുടെ അധ്വാനഫലം അവർക്കുകൂടി പങ്കിട്ടുനൽകേണ്ടി വരുന്നതും സാമൂഹികസമ്മർദങ്ങൾക്ക് കാരണമാണ്.
നാല്, അംഗപരിമിതി വാർധക്യകാലത്തെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ചലനശേഷിയിലും കാഴ്ചയിലുമാണ് ഏറ്റവും കൂടുതൽ ൈവകല്യം അനുഭവപ്പെടുക. സംസാരിക്കാനുള്ള കഴിവിലും കേൾവിയിലും പോരായ്മകൾ ഉണ്ടാകാറുണ്ട്.
സർക്കാർ റിപ്പോർട്ട് ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും 2017ലെ ആരോഗ്യ നയരേഖയിൽ വാർധക്യത്തിലെ അംഗപരിമിതി കാര്യമായി പരാമർശിക്കുന്നില്ല. വാർധക്യത്തിലെ ഒറ്റപ്പെടൽ, മാനസിക അനാരോഗ്യം, അർബുദം ഉൾെപ്പടെയുള്ള ദീർഘകാല രോഗങ്ങൾ, കുടുംബത്തിെൻറ സുരക്ഷ നഷ്ടപ്പെടുന്നവർക്കുവേണ്ടുന്ന സുരക്ഷാപദ്ധതി എന്നിവ ഗൗരവതരമാണെങ്കിലും ശ്രദ്ധയിൽ വന്നിട്ടില്ല. സ്വാതന്ത്ര്യലബ്ധി മുതൽ നോക്കിയാൽ ആയുർദൈർഘ്യം ഏതാണ്ട് ഇരട്ടിയായിട്ടുണ്ടിപ്പോൾ. എന്നാൽ, അധികം ലഭിച്ച ജീവിതവർഷങ്ങൾ ആരോഗ്യമുള്ളതാണോ എന്നതിൽ പഠനങ്ങൾ പോരാ. അതുപോലെ യുവാക്കളിലും മധ്യവയസ്കരിലും ജീവിതശൈലീരോഗങ്ങൾ പ്രതിരോധിച്ചാൽ ലഭിക്കുന്ന അംഗപരിമിതിമുക്ത വർഷങ്ങൾ (DALY: Disability Adjusted Life Years) കൃത്യമായി കണക്കാക്കിയതായും തോന്നുന്നില്ല.
സാമ്പത്തികഭാരം
സർക്കാർ റിപ്പോർട്ടുകളും നമ്മുടെ നയനിർമാണ സമിതിയുടെയും പൊതുധാരണ വാർധക്യം വലിയ അളവിൽ സ്റ്റേറ്റിെൻറയും മേൽ സാമ്പത്തികഭാരം ഏൽപിക്കുന്നു എന്നാണ്. കൂടുതൽ കാലം ജീവിക്കുന്നവർ കൂടുതൽ വൈദ്യസഹായവും സാമൂഹിക സുരക്ഷയും ഉപയോഗിക്കുമെന്ന ലളിതമായ കണക്കുകൂട്ടലാണ് ഇതിനു പിന്നിൽ. ഒരു വ്യക്തിയുടെ അനാരോഗ്യകാലത്തു സ്റ്റേറ്റ് നൽകുന്ന എല്ലാ സഹായവും തിരിച്ചുകിട്ടാത്ത നിക്ഷേപമായി പരിഗണിച്ചാൽ ആയുർദൈർഘ്യം ഭാരമായി കരുതപ്പെടും.
ജനങ്ങളുടെ പ്രവർത്തനക്ഷമതയും സമ്പത്ത് സൃഷ്ടിക്കാനുള്ള കഴിവുംകൂടി സാമ്പത്തിക മാതൃകയിൽ ഉൾപ്പെടുത്തിയാൽ വാർധക്യകാലത്തെ െചലവുകൾ പാഴ് നിക്ഷേപങ്ങളായി തള്ളിക്കളയാനാവില്ല. സ്വാതന്ത്ര്യം കിട്ടുമ്പോൾ നമ്മുടെ ആയുർദൈർഘ്യം 32 വയസ്സുമാത്രമായിരുന്നു. സർക്കാറിനെയും സമൂഹത്തിനെയും ചലിപ്പിക്കാൻ വിദ്യാഭ്യാസം സിദ്ധിച്ചയാളുകൾ ലഭ്യമല്ല എന്നർഥം. വിജ്ഞാനം, ടെക്നോളജി, സമ്പത്ത് എന്നിങ്ങനെ സമസ്ത വിഭവങ്ങളും ഉൽപാദിപ്പിക്കാനായത് സാവധാനമെങ്കിലും ആയുർദൈർഘ്യം കൂടിവന്നതിനാലാണ്. ശരാശരി ആയുസ്സ് 60 ൽ എത്തിയത് 1992 കഴിഞ്ഞാണ്. ഇന്ന്, 60 കഴിഞ്ഞവരിൽപോലും 40 ശതമാനം പേർ എന്തെങ്കിലും തൊഴിലിൽ വ്യാപൃതരാണ്. ഈ വർധിച്ച ഉൽപാദന പ്രക്രിയക്കുവേണ്ടിയാണ് നിക്ഷേപം നടന്നെതന്ന് കരുതിയാൽ ആരോഗ്യനിക്ഷേപത്തോളം ലാഭകരമായ മറ്റൊരു മേഖല ഇല്ലെന്നു പറയാനാകും.
രാജ്യത്തിെൻറ ജി.ഡി.പിയും ആയുർദൈർഘ്യവും തമ്മിൽ ബന്ധമുണ്ട്. ശരാശരി ആയുസ്സ് കൂടുതലുള്ള രാജ്യങ്ങളിൽ ജി.ഡി.പിയും മുന്നിലായിരിക്കും. ഒരിക്കൽ ജി.ഡി.പി വർധിച്ചാൽ, നിശ്ചിത വരുമാനത്തിൽ നിൽക്കുമ്പോൾതന്നെ ആയുസ്സ് കുറച്ചുകൂടി മുന്നോട്ടുപോകുന്നു. ഇന്ത്യയിൽ 2030 വരെയുള്ള കാലഘട്ടത്തിൽ ജീവിതശൈലീ രോഗങ്ങളിൽ നിക്ഷേപം നടന്നില്ലെങ്കിൽ ഭാരിച്ച സാമ്പത്തിക നഷ്ടവും ജി.ഡി.പിയിൽ വൻ ഇടിവും സംഭവിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഈ നിക്ഷേപം തീർത്തും വയോജനക്ഷേമത്തിനാണെന്നു പറയാനാവില്ല. ഇപ്പോഴും 68 വയസ്സുമാത്രം ആയുർദൈർഘ്യമുള്ള ഇന്ത്യയിൽ ജീവിതശൈലീ രോഗങ്ങൾ ബാധിക്കുന്നത് 50 വയസ്സിൽ താഴെയുള്ളവരിലാണ്. കുട്ടികളിലെ ദുർമേദസ്സ്, 40 വയസ്സു മുതലുള്ളവരിലെ അമിതഭാരം, രക്തസമ്മർദം, പ്രമേഹം, ധമനീരോഗങ്ങൾ എന്നിവ അവരിലാണല്ലോ അധികവും.
മാത്രമല്ല, പ്രതിരോധിക്കാവുന്ന അനേകം രോഗങ്ങൾക്ക് (റോഡപകടം, പ്രമേഹം, രക്തസമ്മർദം മുതലായവക്ക്) സമൂഹ ഇടപെടലുകളുണ്ടാവണം. ഇവ ഫലപ്രദമാകണമെങ്കിൽ 60 വയസ്സിന് താഴെയുള്ളവരുടെ ആരോഗ്യത്തിൽ നിക്ഷേപിക്കണം. അതിെൻറ ഗുണഫലങ്ങൾ രോഗമുക്ത വർഷങ്ങളായി 60നു ശേഷമുള്ളവർക്ക് ലഭിച്ചോളും, കൂടുതൽ െചലവില്ലാതെ.
മെഡികെയർ സിസ്റ്റം
രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കയിലും യൂറോപ്പിലും ശിശുജനനങ്ങളിൽ വൻ വർധനയുണ്ടായി. ആ കാലഘട്ടത്തിലെ കുട്ടികൾ ഇപ്പോൾ വാർധക്യത്തിലാണ്. വാർധക്യത്തിലെത്തിയ ഇവരുടെ ചികിത്സ ഏറ്റെടുക്കേണ്ടിവരുമ്പോൾ അമേരിക്കയുടെ മെഡികെയർ സിസ്റ്റം തകർന്നുവീഴും എന്ന വാദം അവർ ശക്തിയായി ഉന്നയിച്ചിരുന്നു. ഏകദേശം 2029 ആകുമ്പോൾ മെഡികെയർ പൊളിയും എന്ന പ്രവചനത്തിെൻറ പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാരുടെ ആരോഗ്യപരിരക്ഷ, അതിനു വേണ്ടിവരുന്ന നിക്ഷേപം, ലാഭനഷ്ടങ്ങൾ എന്നിവയെ സംബന്ധിച്ച നിരവധി പഠനങ്ങൾ നടന്നുവരുന്നു. ലൂബിറ്റ്സ് മുതൽ പേർ (2003) പ്രസിദ്ധീകരിച്ച ‘വയോജനങ്ങളിലെ ആയുസ്സ്, ആരോഗ്യം, ചികിത്സച്ചെലവ്’ എന്ന പ്രബന്ധം അനുസരിച്ച് ആരോഗ്യമുള്ള വാർധക്യം ചികിത്സച്ചെലവുകളെ നല്ലരീതിയിൽ നിയന്ത്രിക്കും. ആരോഗ്യമുള്ള 70കാരൻ കൂടുതൽ വർഷം ജീവിച്ചിരിക്കും, ചികിത്സച്ചെലവ് നിയന്ത്രിതവും. എന്നാൽ, അനാരോഗ്യം ആയുസ്സിനെ ബാധിക്കുകയും ചികിത്സക്കായി കൂടുതൽ പണം ഉപയോഗിക്കുകയും ചെയ്യും. ആരോഗ്യമുള്ള വാർധക്യം ഉറപ്പാക്കിയാൽ മെഡികെയർ ഫണ്ടിൽ വലിയ ചോർച്ചയുണ്ടാവുകയുമില്ല. കേരളപശ്ചാത്തലത്തിൽ ഈ ഘടകങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ട്.
നമ്മുടെ നാട്ടിലെ 65 വയസ്സ് കഴിഞ്ഞവരിൽ കാണുന്ന ഭൂരിപക്ഷം രോഗങ്ങളും തടയാവുന്നതോ മാറ്റിവെക്കപ്പെടാവുന്നതോ ആണ്. പരിസ്ഥിതി സംരക്ഷണം, മാലിന്യമുക്ത ജലവും വായുവും, പോഷകയോഗ്യമായ ഭക്ഷണം, വ്യായാമം, വാക്സിനേഷൻ, പുകയില നിർമാർജനം എന്നിങ്ങനെ എല്ലാവർക്കും പ്രയോജനപ്പെടുന്ന അനവധി നടപടികളിലൂടെയാണ് സാധ്യമാകുന്നത്. ചെറുപ്പത്തിൽതന്നെ ആരംഭിക്കേണ്ട ജീവിതശൈലീമാറ്റങ്ങളാണ് പിൽക്കാലജീവിതത്തിനു മൂലധനമാകുന്നത്.
മേൽ ഉദ്ധരിച്ച പ്രബന്ധത്തിൽ അനാരോഗ്യം അളക്കുന്നത് ലേബാറട്ടറി പരിശോധനകളിലൂടെ അല്ല. അംഗപരിമിതിയോ പ്രവർത്തന പരിമിതിയോ ഉണ്ടോ എന്ന് നോക്കിയാണ് വയോജനങ്ങളിൽ ആരോഗ്യനില നിർണയിക്കുന്നത്. ജീവിതചര്യ പ്രവർത്തനങ്ങൾ ( ADL: Activities of Daily Living ), പ്രായോഗിക ജീവിതചര്യ പ്രവൃത്തികൾ (IADL: Instrumental Activities of Daily Living), എന്നിവ കണ്ടെത്തിയാണ് തീരുമാനത്തിലെത്തുന്നത്. ഈ സ്കെയിലുകൾ പുനരധിവാസ ചികിത്സയിൽ ഉപയോഗിക്കുന്ന അടിസ്ഥാന തത്ത്വമാണ്. അതിനർഥം, വാർധക്യത്തിൽ ആരോഗ്യനിക്ഷേപം പരിഗണിക്കുമ്പോൾ നയരൂപവത്കരണത്തിനു ഉതകുന്നത് പുനരധിവാസ സ്കെയിലുകളാണ്. അല്ലാതെ, രോഗസംബന്ധിയായ പരിഗണനകളല്ല. ഇവിടെയാണ് നമ്മുടെ നയകാര്യസമിതികൾ പരാജയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.