അസഹനീയ വേദനയുമായി കഴിയുന്നവർ
text_fieldsഅർബുദവുമായി ജീവിക്കുന്നവരുടെ പേടിസ്വപ്നമാണ് അസഹ്യ വേദന. ശിഷ്ടജീവിതം സമാധാനമാ യി നയിക്കാമെന്ന ആഗ്രഹത്തെ വേദന തകിടംമറിക്കുന്നു. അർബുദം ശരീരത്തിെൻറ മറ്റിടങ്ങളിലേ ക്കു വ്യാപിക്കുകയും നാഡീഞരമ്പുകൾ, അവയവങ്ങൾ എന്നിവയെ ബാധിക്കുകയും ചെയ്യുമ്പോഴാണ ് വേദന ആരംഭിക്കുക. ക്രമേണ അത് മണിക്കൂറുകളോളം നീളുന്നു. ദിവസത്തിൽ ഏതാണ്ടെപ്പോഴും വേ ദനയുമായി കഴിയേണ്ടിവരുന്നവർ ഒട്ടും വിരളമല്ല എന്നും നാം മനസ്സിലാക്കുന്നു. ഇന്ത്യയി ൽ ലഭ്യമായ കണക്കുകൾ നോക്കിയാൽ അർബുദ രോഗത്തിലെ തുടർപരിചരണം, വേദന ചികിത്സ എന്നിവയി ൽ ഇനിയും വേണ്ടത്ര ശ്രദ്ധപതിഞ്ഞിട്ടില്ല എന്ന് കരുതണം. വേദനയില്ലാതെ ജീവിക്കുക എന്നത് ചികിത്സലക്ഷ്യം മാത്രമല്ല, വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിെൻറ ഭാഗംകൂടിയായി ന ാം കാണേണ്ടതുണ്ട്.
ദീർഘമായ വേദന രോഗം മൂർച്ഛിക്കുന്നതിെൻറ അടയാളമായി രോഗികൾ കാ ണുന്നു. എത്ര അർബുദ രോഗികൾക്ക് അമിത വേദനയുണ്ടാകുമെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും വിവിധ പഠനങ്ങൾ കാണിക്കുന്നത് 50-90 ശതമാനം വരെ രോഗികൾ വേദന സഹിച്ചു ജീവിക്കുന്നുവെന്നാണ്. അർബുദം ചികിത്സിക്കുകയും വ്യാപനം തടയുകയും ചെയ്തവരിലും ചിലപ്പോൾ വേദന കാണപ്പെടാം. ഇതു രോഗികളിൽ ആശങ്കയുളവാക്കുകയും തുടർചികിത്സയിൽ ഭംഗം വരുത്തുകയും ചെയ്യും. അമിതമായ വേദന പലതരം മാനസിക പ്രത്യാഘാതങ്ങൾക്കും വഴിയൊരുക്കുന്നു. ഭാവിയെപ്പറ്റി ദുഃഖിക്കുന്നതും ജീവിത ഗുണമേന്മ നഷ്ടപ്പെടുന്നതും ജീവിക്കാനുള്ള ആഗ്രഹം തന്നെ പ്രകടിപ്പിക്കാതിരിക്കലും കാണാറുണ്ട്. പലപ്പോഴും ഉത്കണ്ഠ, ഭയം, വിഷാദം എന്നീ രോഗാവസ്ഥകൾ അസഹ്യ വേദനയോടൊപ്പം നിൽക്കുന്നു. അതിനാൽ അർബുദം സംബന്ധിച്ച വേദന പ്രേത്യക രോഗാവസ്ഥയായി തന്നെ കാണണം.
അമേരിക്കൻ അർബുദ ചികിത്സകരുടെ വാർഷിക സമ്മേളനം (2015) റിപ്പോർട്ട് ചെയ്ത സൂസൻ സ്പിനാസൻറ്റ ഏഷ്യൻ രോഗികൾക്ക് ലഭിക്കുന്ന വേദന ചികിത്സയുടെ നിലവിലുള്ള അവസ്ഥ പരാമർശിക്കുകയുണ്ടായി. 10 രാജ്യങ്ങളിലെ രോഗികളാണ് പഠനവിധേയരായത്. പ്രധാന കണ്ടെത്തലുകൾ ഇവയാണ്: വേദന റിപ്പോർട്ട്ചെയ്ത 90 ശതമാനം രോഗികൾക്കും ചികിത്സ ലഭിക്കുകയുണ്ടായി. എന്നാൽ, അവരിൽ 86 ശതമാനം പേർക്കും മിതമായോ തീക്ഷ്ണമായോ വേദന തുടർന്നും അനുഭവപ്പെട്ടിരുന്നു. വേദന അനുഭവിച്ചിരുന്ന 86 ശതമാനം പേരും തങ്ങളുടെ ജീവിതനിലവാരത്തെ അത് ബാധിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. മിക്കവാറും എല്ലാവരുടെയും ഉറക്കത്തെ വേദന പ്രതികൂലമായി ബാധിച്ചിരുന്നു. ഉണർന്നിരിക്കുമ്പോൾ വേണ്ട ഉന്മേഷം, ശ്രദ്ധ, സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവ് എന്നിവയിലും കാതലായ കുറവുണ്ടാകുന്നു. സ്വസ്ഥമായി തൊഴിൽ ചെയ്തു ജീവിക്കുന്നവരെയും വേദന പ്രതികൂലമായി ബാധിക്കുന്നു. ജോലിക്കെത്താനാവാത്തവരും ജോലിതന്നെ ഉപേക്ഷിച്ചവരും ഇതിൽപെടും. സുപ്രധാനമായ മറ്റൊരു കണ്ടെത്തൽ വേദനയുമായി ജീവിക്കുന്നവർക്ക് അവശ്യം വേണ്ടതായ ഒപിയോയിഡ് മരുന്നുകൾ ദുർലഭമാണ് എന്നതുതന്നെ. വേണ്ടത്ര ഒപിയോയിഡ് മരുന്നുകൾ ലഭ്യമല്ലെങ്കിൽ അർബുദ രോഗികൾ വേദനയുമായി ജീവിക്കേണ്ടിവരും എന്നതാണ് സത്യം.
രസകരമായ മറ്റൊരു കണ്ടെത്തൽകൂടി ഓർക്കേണ്ടതുണ്ട്. ഗൗതിയെ, ഡ്വാർകിൻ എന്നിവർ (2018) പ്രസിദ്ധീകരിച്ച പഠനത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ കൂടുകയും പ്രവർത്തനക്ഷമത കുറയുകയും ചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് വേദനയുണ്ടാകുമ്പോൾ ഒപിയോയിഡ് വിഭാഗത്തിലെ മരുന്നുകൾ ലഭിക്കാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ വളരെ കുറവാണ്. മറ്റു തെളിയിക്കപ്പെട്ട ചികിത്സമാർഗങ്ങൾ ഇല്ലെങ്കിൽ ഒപിയോയിഡ് മരുന്നുകൾ ഇവർക്കും ലഭ്യമാക്കേണ്ടതാണ്.
ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ മറ്റു പ്രശ്നങ്ങൾ കൂടിയുണ്ട്. സൈനി, ഭട്ട്നാഗർ (2016) എന്നിവരുടെ പ്രബന്ധത്തിൽ ഇക്കാര്യം പഠനവിധേയമാക്കുന്നു. അർബുദ വേദനയിൽനിന്ന് മുക്തി എന്നത് മനുഷ്യാവകാശമായി കാണണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകൾക്കും ഏകാഭിപ്രായമാണ്. എന്നാൽ, ഇതിനാവശ്യമായ മോർഫിൻ, മറ്റു ഒപിയോയിഡുകൾ എന്നിവ ഇന്ത്യയിൽ ശക്തമായി നിയന്ത്രിച്ചിരിക്കുന്നു. ഇത്തരം തന്മാത്രകൾ ഇന്ത്യ വ്യാപകമായി ഉൽപാദിപ്പിക്കുന്നുണ്ട്; അതെല്ലാം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയാണ് എന്നതാണ് ദുഃഖകരം. വിദേശ രാജ്യങ്ങളിലെ അർബുദ രോഗികൾക്ക് ഇന്ത്യൻ ഒപിയോയിഡുകൾ ലഭ്യമാണെന്നിരിക്കെ നമ്മുടെ രാജ്യത്തിലെ അർബുദ രോഗികൾക്ക് തീക്ഷ്ണ വേദനക്കാലത്തുപോലും ലഭിക്കാഞ്ഞാൽ അതിൽ അനീതിയുണ്ട്. ആഗോളതലത്തിൽ രോഗികൾക്ക് ലഭ്യമാകുന്ന ഒപിയോയിഡുകളിൽ 80 ശതമാനം ലഭിക്കുന്നത് വെറും ആറു വികസിത രാജ്യങ്ങളിലാണ്. എല്ലാ വികസ്വര രാജ്യങ്ങളും ചേർന്ന് വെറും ആറു ശതമാനം ഒപിയോയിഡുകളാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദശകങ്ങളിൽ ഇവിടത്തെ ആരോഗ്യരംഗം വികസിച്ചിട്ടുണ്ട് എന്ന പശ്ചാത്തലത്തിൽ വേണം ഇത് കാണാൻ.
ഇന്ത്യയിൽ ഇപ്പോഴും അർബുദം കണ്ടെത്തുന്നത് വളരെ വൈകിയാണ്. നേരത്തേ കണ്ടെത്തിയാൽ ഫലപ്രദമായി ചികിത്സിക്കാവുന്ന അർബുദംപോലും കാലവിളംബംമൂലം ചികിത്സിക്കാൻ കഴിയാതെ വരുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം പുതുതായി രോഗനിർണയം നടത്തപ്പെടുന്ന രോഗികളിൽ 70 ശതമാനം പേരും ഒരു വർഷത്തിനുള്ളിൽ മരിക്കുന്നു. കൃത്യമായ ചികിത്സകൾ നൽകി ആയുർദൈർഘ്യം മെച്ചപ്പെടുത്താനുള്ള അവസരംപോലും ലഭിക്കുന്നില്ല എന്നർഥം. അപ്പോൾ, ഈ രോഗികൾക്ക് തങ്ങളുടെ മിച്ചമുള്ള ജീവിതം സുഖകരവും വേദനരഹിതവുമായി കഴിയാനെങ്കിലും നാം അവസരമൊരുക്കേണ്ടതല്ലേ? ലക്ഷങ്ങൾ വരുന്ന ആസന്നമരണാവസ്ഥയിലുള്ള രോഗികൾക്ക് സാന്ത്വന ചികിത്സ മാത്രമാണ് പോംവഴി. സാന്ത്വന ചികിത്സയുടെ പ്രധാന കണ്ണി ഒപിയോയിഡുകൾ തന്നെ. അത് ലഭ്യമാകുന്നില്ലെങ്കിൽ ഇങ്ങനെ വലിയൊരു വിഭാഗം രോഗികളുടെ അന്ത്യനാളുകൾ തികച്ചും ദുഃഖകരമാകും. അർബുദം കണ്ടെത്തുന്നതോടൊപ്പം തന്നെ സാന്ത്വന ചികിത്സയുടെ സന്ദേശവും സമൂഹത്തിലെത്തേണ്ടതിെൻറ ആവശ്യകത ഇതു സൂചിപ്പിക്കുന്നു.
ഒപിയോയിഡുകളുടെ ലഭ്യത കുറയാൻ തുടങ്ങിയത് 1985ലെ നാർകോട്ടിക്സ് ആക്ട് നിലവിൽ വന്നതിനുശേഷമാണ്. അഡിക്ഷൻ സാധ്യത പരിഗണിച്ചാവണം ഈ തന്മാത്രകളിന്മേൽ അതിശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഒരു വലിയ വിഭാഗം ജനങ്ങൾക്ക് കാരുണ്യത്തോടെ ജീവിക്കാനുള്ള അവസരവും അതോടെ അപ്രത്യക്ഷമായി. അർബുദ രോഗികൾ സാന്ത്വന ചികിത്സവേളയിലെത്തിക്കഴിഞ്ഞാൽ ക്രമേണ ജീവിതാന്ത്യത്തിലേക്കു പോകുന്നതിനാൽ അവർ ഒരിക്കലും ശക്തമായ നിലപാടുകളുമായി വരാൻ സാധ്യതയില്ലല്ലോ. ആക്ട് നടപ്പായപ്പോൾ 600 കിലോഗ്രാം ഉപഭോഗമുണ്ടായിരുന്ന ഒപിയോയിഡുകൾ 13 വർഷംകൊണ്ട് 48 കിലോഗ്രാമിലേക്ക് കുറഞ്ഞു; അതായത് 92 ശതമാനം ഇടിവ്. ഒരു രാജ്യത്തിലെ ഒപിയോയിഡുകളുടെ ലഭ്യത, അർബുദ ചികിത്സയുടെയും സാന്ത്വന പരിചരണത്തിെൻറയും അളവുകോലാണ്; അതുവഴി നാടിെൻറ വികസനത്തിെൻറ സൂചികയുമായി കാണാൻ പറ്റും.
ഇന്ത്യയിലെ സാന്ത്വന ചികിത്സയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ഡോ. രാജഗോപാൽ ഒപിയോയിഡുകൾ രോഗിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. രാഷ്ട്രീയ നിലപാടുകൾ, നയരൂപവത്കരണം, നിയമഭേദഗതി പരിശീലനം, ആക്ടിവിസം എന്നിങ്ങനെ പലതലത്തിലും അദ്ദേഹത്തിെൻറ ഇടപെടലുകൾ ഈ മേഖലയിൽ പുരോഗതിയുണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ 2018ലെ പ്രബന്ധത്തിൽ മെഥഡോൺ ഇന്ത്യയിൽ ഉപയോഗത്തിൽ വരുന്നതെങ്ങനെ എന്ന് പരിഗണിക്കുന്നു. വർഷങ്ങൾ നീണ്ടുനിന്ന പ്രവർത്തനത്തിനൊടുവിലാണ് മെഥഡോൺ നമ്മുടെ കമ്പോളത്തിൽ എത്തുന്നത്. സ്വതന്ത്ര കമ്പോളത്തിലെത്താതെ നിയന്ത്രണത്തോടെ സാന്ത്വന പരിചരണ പരിശീലനം ലഭിച്ച ഡോക്ടർമാരിലൂടെ മരുന്ന് വേദനയനുഭവിക്കുന്നവരിൽ എത്തിക്കുന്ന പദ്ധതിയാണ് അദ്ദേഹം വിവരിക്കുന്നത്. അദ്ദേഹത്തിെൻറ അഭിപ്രായത്തിൽ അഡിക്ഷൻ അർബുദ വേദനയുടെ ചികിത്സയിൽ കാണാറുള്ള പ്രശ്നമല്ല. അങ്ങനെയുള്ള ഭയങ്ങൾ സാന്ത്വന ചികിത്സയിൽ പ്രസക്തവുമല്ല.
ഡോയൽ, നക്കിബ്, രാജഗോപാൽ തുടങ്ങിയവരുടെ (2017) പ്രബന്ധത്തിൽ അർബുദ വേദനയുടെ ഇപ്പോഴത്തെ സ്ഥിതി കണ്ടെത്താൻ ശ്രമിക്കുന്നു. 88 ശതമാനം രോഗികൾക്ക് വേദനയുണ്ടാകുന്നു; 60 ശതമാനം പേർക്ക് തീക്ഷ്ണമായ വേദനയാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, 67 ശതമാനം പേർക്കും വേണ്ടത്ര ചികിത്സ ലഭ്യമാകുന്നില്ല. ഒപിയോയിഡുകൾ ഉൾെപ്പടെയുള്ള വേദനസംഹാര ചികിത്സകൾ പരിമിതമായ ചെലവിൽ നൽകാനാവും. ഒപിയോയിഡുകൾ സാർവത്രികമായി ലഭിച്ചുതുടങ്ങുമ്പോൾ കൂടുതൽ സങ്കീർണമായ നടപടിക്രമങ്ങൾ വേണ്ടെന്നുെവക്കാനാകും.
പത്തുലക്ഷത്തിലേറെ പുതിയ രോഗികൾ പ്രതിവർഷം നമ്മുടെ അർബുദ ജനസംഖ്യയിൽ കടന്നുവരുന്നു. മുൻവർഷങ്ങളിലെ രോഗികളും പുതിയ രോഗികളും ചേരുമ്പോൾ അർബുദവുമായി ബന്ധപ്പെട്ട വേദനയുമായി ജീവിക്കുന്നവർ വലിയൊരു വിഭാഗമാണ്. അതിൽ 67 ശതമാനം പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. ആ നിലക്ക് ഫലപ്രദവും സാമ്പത്തിക പരാധീനതകൾ ഉണ്ടാക്കാത്തതുമായ സാന്ത്വന പരിചരണം വ്യാപിപ്പിക്കുകയും പ്രാപ്യത ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.